UPDATES

കേരളം

നമ്മുടെ ആനവണ്ടികള്‍; അവരുടെ ശത്രുക്കള്‍

ഗ്രഹാതുര  ഗ്രാമീണ ഓര്‍മകളില്‍ ഒന്നാണ് ആന വണ്ടി. പിന്നെ പിന്നെ ആന വണ്ടിയെ വെള്ളാനയായി കാണിക്കാന്‍ മുതലാളിപത്രങ്ങള്‍ കുറെ സ്ഥലം ചിലവഴിച്ചു. ആന വണ്ടിയെ അഴിമതിക്കുള്ള, സ്വജനപക്ഷപാതത്തിനുള്ള ഉപകരണമായി, ഭരണ ഉദ്യോഗസ്ഥ വര്‍ഗം മാറ്റി. ചില തൊഴിലാളികളും ആലസ്യത്തിലേക്കും കൃത്യവിലോപത്തിലെക്കും വഴി പിഴച്ചു, അപ്പോള്‍ ചില വണ്ടികള്‍ സ്‌റ്റോപ്പില്‍ നിര്‍ത്താതിരിക്കുന്നതടക്കമുള്ള മര്യാദയില്ലാത്ത പെരുമാറ്റങ്ങളും ഉണ്ടായി. ഒരു വശത്ത് സ്വകാര്യ ബസ് മുതലാളിമാര്‍ കൊഴുത്തപ്പോള്‍ ആന വണ്ടി കഴിവുകേടിന്റെയും കെടുകാര്യസ്ഥതയുടെയും ഉദാഹരണമെന്ന ആക്ഷേപം സഹിച്ചു. ദേശസാല്‍കൃത റൂട്ടുകളില്‍ ബസുകള്‍ കുറച്ചു, അവിടെയൊക്കെ പ്രൈവറ്റ് ബസുകളെ ജനങ്ങളെ കൊണ്ട് തന്നെ സ്വാഗതം ചെയ്യിച്ചു. വരുമാനമുള്ള റൂട്ടുകളില്‍ നിന്ന് ആനവണ്ടികള്‍ അപ്രത്യക്ഷമായിത്തുടങ്ങി. പുതിയ റൂട്ടുകളിലാകട്ടെ വണ്ടി വന്നതും ഇല്ല. അധികൃതര്‍ കണ്ണടച്ചപ്പോള്‍സമാന്തര സര്‍വീസുകളും തഴച്ചു. പെന്‍ഷന്‍ മുടങ്ങി, ശമ്പളം വര്‍ധനവ് വൈകി, കടം പെരുകി. മുതലാളി പത്രങ്ങളാകട്ടെ നഷ്ടം; ഉടന്‍ പൂട്ടണം എന്ന് മുറവിളിയും തുടങ്ങി.   
 
മറുവശത്ത് ഭൂരിഭാഗം പ്രൈവറ്റ് ബസുകള്‍ (ചില നല്ല ഉദാഹരണങ്ങളെ മറക്കുന്നില്ല) മല്‍സര ഓട്ടം നടത്തിയും, കണ്‍സെഷന്‍ കൊടുക്കാതെയും, കാത്തുനില്ക്കുന്ന വിദ്യാര്‍ഥികളെ കയറ്റാതെയും, പ്രായമുള്ളവരെയും സ്ത്രീകളെയും സാവകാശം കയറാനും ഇറങ്ങാനും സമ്മതിക്കാതെയും, ഞായര്‍, രാത്രി സമയങ്ങളില്‍ തോന്നിയ പോലെ സര്‍വീസ് മുടക്കിയും, ടിക്കറ്റ് വിലകൂട്ടാന്‍ നിരന്തരം സമരം ചെയ്തും, നിരവധി മരണങ്ങള്‍ ഉണ്ടാക്കിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചു; ബുദ്ധിമുട്ടിച്ചുകൊണ്ടേയിരിക്കുന്നു. മാന്യമായ കൂലിക്ക് വേണ്ടി തൊഴിലാളികള്‍ക്കും       പലതവണ പണിമുടക്കേണ്ടി വന്നു. സ്പെയര്‍ പാര്‍ട്ടുകളുടെ വിലവര്‍ധനയും, ജനങ്ങള്‍ സ്വകാര്യ വാഹനങ്ങളിലേക്ക് തിരിഞ്ഞതും ഒക്കെ പ്രൈവറ്റ് ബസുകളെയും പ്രതിസന്ധിയിലാക്കി. പല ബസുകളും ഓട്ടം നിര്‍ത്തി. പക്ഷെ ഓടുന്ന ഒട്ടുമുക്കാല്‍ ബസുകളും ആളുകളെ കുത്തി നിറച്ചാണ് ഓടിക്കുന്നത്.
 
ഇപ്പോള്‍ ഏകദേശം 15,000 പ്രൈവറ്റ് ബസുകളും 5,000 കെ എസ് ആര്‍ ടി സി വണ്ടികളുമാണ് കേരളത്തിലെ ബസ് ഉപയോഗിച്ചുള്ള പോതുഗതാഗതത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഈ മോശമല്ലാത്ത കെ എസ് ആര്‍ ടി സി എണ്ണം കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ‘ഒരു വര്‍ഷം ആയിരം ബസുകള്‍’ എന്ന തീരുമാനം ഉണ്ടാക്കിയ മാറ്റം പലരും ബോധപൂര്‍വ്വം മറക്കുകയാണ്.
 
 
എന്നിട്ടും പൊതുഗതാഗതത്തില്‍ 26 ശതമാനം പങ്കാളിത്തമേ ആനവണ്ടിക്ക് ഉള്ളൂ. അയല്‍ സംസ്ഥാനങ്ങളില്‍ 90-ന് മുകളിലാണിത്. കേരളത്തിലെ ഇപ്പോഴത്തെ ‘അതിവേഗ സര്‍ക്കാര്‍’ ഒരു പുതിയ ബസുപോലും കെ എസ് ആര്‍ ടി സി ക്ക് കൊടുത്തില്ല. കഴിഞ്ഞ സര്‍ക്കാര്‍ വാങ്ങിച്ച ചേസിസുകള്‍ തുരുമ്പിപ്പിക്കല്‍ എന്ന സത്കര്മം ചെയ്തതും; പ്രതിഷേധിച്ച തൊഴിലാളികള്‍ ശമ്പളം വാങ്ങാതെ ഒരു ബസ് നിര്‍മിച്ചിറക്കി മാതൃക കാണിച്ചതും ഓര്‍മ്മകളായി നിറയുന്നു.   
 
എന്താണ് യഥാര്‍ത്ഥത്തില്‍ ആന വണ്ടിയുടെ പ്രശ്‌നം? വരുമാനമുള്ള റൂട്ടുകളില്‍ കാര്യക്ഷമമായി ഓടാത്തത് തന്നെ! കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണം സംബന്ധിച്ച ഒരു വാര്‍ത്ത ഈയിടെ കണ്ടു; ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങും, അന്തര്‍സംസ്ഥാന സര്‍വീസുകള്‍ തുടങ്ങും മുതലായ സ്ഥിരം വാചകമടി. മിക്ക അന്തര്‍സംസ്ഥാന സര്‍വീസുകളിലും വാരാന്ത്യം, കൂടാതെ അവധി സമയം എന്നീ സമയത്ത് മാത്രമാണ് ആളുകള്‍ നിറയുന്നത്. സംസ്ഥാനത്തിനുള്ളില്‍ നിരവധി മേഖലകള്‍ ബസ് സൌകര്യം ഇല്ലാതെയും, ഭയാനക തിരക്ക് മൂലവും കഷ്ടപ്പെടുന്നു. പുതിയ ഹ്രസ്വദൂര സര്‍വീസുകള്‍ എന്ന ആവശ്യവും അവഗണിക്കപ്പെട്ടു. 
 
പിന്നെ കണ്ടത് കെ എസ് ആര്‍ ടി സി ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ പോകുന്നു എന്നാണ്. പുനരുദ്ധാരണ പാക്കേജില്‍ ഒരു നിര്‍ദേശം അതാണ്. ഓര്‍ഡിനറി നഷ്ടത്തില്‍ ആകുന്നത് ആളില്ലാതെ/ ആളില്ലാത്ത റൂട്ടുകളില്‍ ഓടിക്കുന്നത് കൊണ്ടാണ്. സാമൂഹ്യബാധ്യത കൊണ്ടാണ് വരുമാനം കുറഞ്ഞ സര്‍വീസ് നടത്തുന്നത് എങ്കില്‍ സര്‍വീസ് നിര്‍ത്തിക്കഴിഞ്ഞാല്‍ അവിടുത്തെ ജനങ്ങള്‍ പിന്നെ എന്ത് ചെയ്യും? സ്വകാര്യ വാഹനങ്ങളിലേക്ക് തിരിയുക, സമാന്തര സര്‍വീസുകളെ ആശ്രയിക്കുക എന്നീ മാര്‍ഗങ്ങളിലേക്ക് ജനങ്ങളെ തള്ളിവിടാതെ ആ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുത്ത് എല്ലാ മാസവും പണം കൊടുക്കുകയാണ് വേണ്ടത്. 
 
ആളില്ലാതെ ഓടുന്ന സര്‍വീസുകള്‍ മന്ത്രിമാരുടെയോ എം എല്‍ എ മാരുടെയോ നിര്‍ദേശം മൂലമാണെങ്കില്‍ ആ നഷ്ടം നികത്താന്‍ അവര്‍ തന്നെ തയാറാകണം. അശാസ്ത്രീയ ഷെഡ്യൂള്‍ നിമിത്തം നഷ്ടം ആയാല്‍ ആ വണ്ടി പുനര്‍വിന്യസിക്കുകയാണ് വേണ്ടത്. വരുമാനം ഉള്ള റൂട്ടുകളില്‍ പുതിയ സര്‍വിസുകള്‍ നടത്തുക, തിരക്കുള്ള റൂട്ടുകളില്‍, ജോലി സമയത്ത് കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ഏര്‍പ്പെടുത്തുക, പുതിയ റൂട്ടുകള്‍ കണ്ടുപിടിച്ചു സര്‍വീസ് തുടങ്ങുക  മുതലായവ അവശ്യം ചെയ്യേണ്ടതാണ്.
 
11 മണിക്കും മൂന്നു മണിക്കും ഇടയ്ക്കു തിരക്കില്ലാത്തതിനാല്‍ വണ്ടികള്‍ കുറയ്ക്കുക മുതലായ കാര്യങ്ങളും പരിഗണന അര്‍ഹിക്കുന്നു. എല്ലാവര്‍ക്കും ഓരോ 30 മിനുട്ട് കൂടുമ്പോഴും ഇരുന്നുള്ള യാത്രാസൌകര്യം ഉറപ്പാക്കാനായാല്‍ അതൊരു വലിയ കേരള മോഡല്‍ മുന്നേറ്റമാകും. സുഖപ്രദമായ ബസ് സൌകര്യത്തിന്റെ അഭാവവും തിരക്കുമാണ് ജനങ്ങളെ സ്വകാര്യ വാഹനങ്ങളിലേക്ക് തിരിക്കുന്നത് എന്ന ബോധം വച്ചുകൊണ്ടു വേണം ഇത്.  കേരളത്തില്‍ അധ്വാനിക്കുന്ന ജനവിഭാഗത്തിന് വേണ്ടി ആന വണ്ടി പുനര്‍ക്രമീകരണം നടത്തിയാല്‍ തന്നെ ലാഭം ഉറപ്പാകും. കെ എസ് ആര്‍ ടി സി ഓര്‍ഡിനറി എന്നാല്‍ അധ്വാനിക്കുന്നവരുടെ, വരുമാനം കുറഞ്ഞവരുടെ, ബഹുജനങ്ങളുടെ മാന്യമായ സഞ്ചാര മാര്‍ഗം ആണ്, അതില്ലാതാക്കരുത്.     
 
എം സി റോഡിലെ മരം ബോംബ്.                                   
കൊട്ടാരക്കര – പെരുമ്പാവൂര്‍ എം സി റോഡിലെ ഒരു സ്ഥിരം വൈകുന്നേരക്കാഴ്ചയാണ് മരം കയറ്റിയ കൂറ്റന്‍ ലോറികള്‍. വലിയ മരങ്ങളും, ചെറു തടിക്കഷണങ്ങളുമെല്ലാം കുത്തി നിറച്ചു പോകുന്ന ലോറികള്‍ സൃഷ്ടിക്കുന്ന ഗതാഗത സുരക്ഷാ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. മരങ്ങള്‍ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള മരവ്യവസായ കേന്ദ്രങ്ങളിലേക്കാണ്. വനനശീകരണത്തിന്റെ ‘സത്ഫലങ്ങളാ’ണ് മൂല്യവര്‍ധിതമാകാന്‍ ഇങ്ങനെ യാത്ര ചെയ്യുന്നത്
 
എത്ര പൊക്കം, എത്ര തൂക്കം, എത്ര വീതി എന്ന നിര്‍ദേശങ്ങളൊന്നും പാലിക്കാതെ കേറുന്ന അത്രയും തടി എന്ന രീതിയിലാണ് കൊണ്ട്‌പോകുന്നത്. ലോറിയുടെ ഇരുവശത്തും അപായ സൂചനാബള്‍ബുകളോ ഒന്നും കാണാറില്ല. പതുക്കെ പോകുന്നു എന്നത് സൂചിപ്പിക്കുന്ന ത്രികോണ സ്തംഭവും ഉണ്ടാവാറില്ല. ചെങ്ങന്നൂര്‍, കോട്ടയം എന്ന, എം സി റോഡിന്റെ ഹൃദയഭാഗത്തെ, ഒരു വണ്ടിക്കു മാത്രം പോകാന്‍ സ്ഥലമുള്ള പാലങ്ങളും ചെറു കലുങ്കുകളും ഉള്ള സ്ഥലങ്ങളിലും വൈകുന്നേരം ഈ ലോറികള്‍ ഉണ്ടാക്കുന്ന ഗതാഗത കുരുക്ക് ചിലപ്പോള്‍ മണിക്കൂറുകളോളം നീളും.
 
ഒന്നോ രണ്ടോ കയറിന്റെ ബലത്തില്‍ കൊണ്ടുപോകുന്ന തടികള്‍ സുരക്ഷിതമാണോ? ഒരു ചെറിയ ഉലച്ചില്‍ മതി വണ്ടി മറിയാന്‍, അപ്പോള്‍ ചുറ്റും പോകുന്ന വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും എന്ത് സംഭവിക്കും? കയര്‍ ഒന്ന് പൊട്ടിയാല്‍ തടികള്‍ വീണു ജീവനുകള്‍ പൊലിയില്ലേ? ദുരന്തം വന്നാല്‍ ഓടി വരുന്ന രാഷ്ട്രീയക്കാരും മറ്റും ഈ ദുരന്ത സാധ്യത കാണുന്നുണ്ടോ?
 
 
നിര്‍ദേശങ്ങള്‍
 
1) നാലു വശവും അടച്ച ബോഡി കെട്ടിയ ലോറികളില്‍ മാത്രം ഈ തടികള്‍ കൊണ്ടുപോയാല്‍ അപകട സാധ്യത കുറയും.
 
2) എത്ര ഭാരം റോഡിലൂടെ കൊണ്ടുപോകാം എന്ന മാനദണ്ഡം കൃത്യമായി നടപ്പിലാക്കപ്പെടണം.
 
3) രാത്രി ഒമ്പത് മണിക്ക് ശേഷം മാത്രമേ ഈ ലോറികള്‍ക്ക് സഞ്ചരിക്കാന്‍ അനുമതി കൊടുക്കാവൂ.
 
4) കൃത്യമായ സൂചകങ്ങള്‍ വയ്ക്കാതെ പോകുന്ന ലോറികളെ വളരെ വലിയ പിഴ ചുമത്തി നിയമങ്ങള്‍ അനുസരിപ്പിക്കുക. 
 
ഭൂരഹിത രഹിത കേരളം യാഥാര്‍ഥ്യമോ? 
 
കേരളത്തിലെ കണ്ണൂര്‍ ജില്ല രാജ്യത്തെ ആദ്യത്തെ ഭൂരഹിത ജില്ലയായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചു. വലിയ പൊടിപ്പും തൊങ്ങലും ആരവവുമായി പരിപാടികള്‍ നടന്നു, പക്ഷേ ഇനി ഇങ്ങനത്തെ ഒരു പരിപാടി കണ്ണൂര്‍ ജില്ലക്ക് വേണ്ടി വരുമോ? ‘ഇല്ല’ എന്നാണ് ഉത്തരം എങ്കില്‍ ഈ പരിപാടി ഒരു വിജയം എന്ന് നമുക്ക് നിസംശയം പറയാം. ‘വന്നേക്കാം’ എന്നാണ് ഉത്തരം എങ്കില്‍ വീണ്ടും ചോദ്യങ്ങള്‍ ഉയരും? എങ്ങനെ എന്നെന്നേക്കുമായി ഭൂരഹിതര്‍ ഇല്ലാതാകും? ഒരു മൂന്നു സെന്റും വീടും ഓരോ പൌരനും ഉറപ്പാക്കിയാല്‍ ഈ ഭൂരഹിതര്‍ ഇല്ലാതാകുമോ? ഇല്ല എന്നു തന്നെ പറയേണ്ടി വരും. 
 
സാമ്പത്തികമായി വലിയ ഭാരം വരുന്ന ചികിത്സാ ആവശ്യങ്ങള്‍ ഉണ്ടായാല്‍ ഇന്ന് ഉള്ളതെല്ലാം വിറ്റു പെറുക്കി കൊടുക്കേണ്ട സ്ഥിതിയാണ് സാധാരണക്കാരുടേത്ള്ള. ഭീമമായ ചികിത്സ ചിലവാണ് ആളുകളെ ഭൂരഹിതരാക്കുന്നതില്‍ പ്രധാനി. പിന്നെ സ്വാശ്രയ വിദ്യാഭ്യാസം, ആഡംബരം, ധൂര്‍ത്ത് കൂടാതെ
സ്ത്രീധനം എന്ന ഒഴിയാബാധ. ഭൂസഹിതനില്‍ നിന്ന് ഭൂരഹിതന്‍ ആയി മാറാന്‍ നിമിഷങ്ങള്‍ മതി എന്നതാണ് ഇന്നത്തെ സ്ഥിതി.
 
എങ്ങനെ ഈ അവസ്ഥക്ക് മാറ്റം വരുത്താം? ഗവണ്മെന്റ് വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഒക്കെ സജീവമായി ഇടപെടണം, അതില്‍ നിന്ന് പിന്നോക്കം പോകാന്‍ ഒരു ഭരണകൂടത്തെയും നാം അനുവദിച്ചു കൂടാ. പക്ഷേ ഭൂപ്രശ്‌നം ഒരു പ്രശ്‌നമായി തന്നെ തുടരുന്നു.
 
 
ഒരു വ്യക്തിക്ക് വില്‍ക്കാന്‍ കഴിയാത്ത കുറച്ചു സ്ഥലവും ഒരു വീടും ഉണ്ടാകുക എന്നതാണ് ഈ പ്രശ്‌നത്തിന്റെ പരിഹാരമായ ആശയം. സ്ഥലം എത്ര വേണം? വീട് എത്ര വലുതാകണം? എവിടെ വീട് വേണം? എന്നിങ്ങനെ നൂറായിരം ചോദ്യങ്ങള്‍ പിന്നാലെ വരുമെന്നറിയാം. ഒരാള്‍ക്ക് സ്വയമോ മറ്റുള്ളവരാലോ അന്യാധീനപ്പെടുത്താന്‍ കഴിയാത്ത, നിയമപരമായ അവകാശിക്ക് വേറെ സ്വത്തില്ലാത്തപക്ഷം മാത്രം കൈമാറാന്‍ കഴിയുന്ന, അല്ലെങ്കില്‍ തിരിച്ചു സര്‍ക്കാരിലേക്ക് പോകുന്ന, വില്‍ക്കാന്‍ കഴിയാത്ത, ദാനം ചെയ്യാന്‍ കഴിയാത്ത പട്ടയങ്ങള്‍ ഉണ്ടാവുക എന്നതാണ് ഇതിന്റെ പരിഹാരം. അത് ഒരു വ്യക്തിയുടെ അവകാശം ആയിത്തീരണം, എന്നാല്‍ മാത്രമേ വ്യാജ പട്ടയങ്ങള്‍ ഉണ്ടാക്കി ഭൂമി കവരുന്ന ഗൂഡ സംഘങ്ങളും , സ്വന്തം ഭൂമി വിറ്റ പണം ബാങ്കിലിട്ടു പുറമ്പോക്കിലെ കുടിലില്‍ അടുത്ത ഭൂമിക്കു അപേക്ഷ നല്കിക്കഴിയുന്ന കള്ളനാണയങ്ങളും ഇല്ലാതാവൂ. ഭൂമിയും വാസസ്ഥലവും അന്യധീനപ്പെടാതിരുന്നാല്‍, അവര്‍ക്ക് തൊഴില്‍, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ ഈ ഭൂരഹിത കേരളം ദരിദ്രരഹിത കേരളമായി മാറും. അതാവട്ടെ നമ്മുടെ ലക്ഷ്യം
 
അതിവേഗ റെയില്‍ ഇടനാഴി ഒരു ചോദ്യചിഹ്നമാകുമ്പോള്‍
കേരളത്തിന്റെ ഗതാഗത പ്രശ്‌നങ്ങളെ ഒരു വലിയ അളവ് വരെ പരിഹരിക്കുമായിരുന്ന ഒരു പദ്ധതിയാണ് ഇപ്പോള്‍ ഉപേക്ഷിതം എന്ന ചിഹ്നം പേറുന്നത്. ഇതുവരെ ചിലവിട്ട കോടികള്‍ ജലരേഖയായി മാറി. ഇ. ശ്രീധരന്‍ ഇതിനോട് പ്രതികരിച്ചത് ‘വലിയ മണ്ടത്തരം’ എന്നാണ്.
 
കേരളത്തില്‍ ദിവസവും പെരുകുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് ആനുപാതികമായി റോഡുകള്‍ ഉണ്ടാവുക അസാധ്യമാണ്. അങ്ങനെയെങ്കില്‍ കേരളം മുഴവനും റോഡ് ആക്കേണ്ടി വരും. 
 
വളരെ വേഗത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ (തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ) എത്താന്‍ കഴിഞ്ഞാല്‍ ഈ അനാവശ്യ റോഡ് വികസനത്തിന്റെയും അഴിമതിയുടെയും സ്ഥലമെടുപ്പിന്റെയും അറ്റകുറ്റപണിയുടെയും ഇന്ധനത്തിന്റെയും ബി ഒ ടി കൊള്ളകളുടെയും ആവശ്യം കുറയും. വേണമെങ്കില്‍ സ്വന്തം വാഹനം ട്രെയിനില്‍ കൊണ്ടുപോകാനും കഴിയും. പരിസ്ഥിതി, ഇന്ധന, അധ്വാന ലാഭങ്ങള്‍ ആലോചിച്ചു നോക്കിയാല്‍ തന്നെ ഭാവിയുടെ പദ്ധതി എന്ന് നിസംശയം പറയാം.
 
സ്ഥലം ഏറ്റെടുക്കല്‍ വലിയ ഒരു പ്രഹേളിക ആയതു കൊണ്ടാവണം, ജനങ്ങള്‍ ഇതിനെതിരെ രംഗത്ത് വന്നത്. എന്നാല്‍ വളരെ ചുരുക്കം സ്ഥലം വേണ്ടി വരുന്ന ഈ ഇടനാഴി വരുന്നത് കേരളത്തിന് പൊതുവില്‍ ഗുണകരം തന്നെയാണ്. ഗവണ്മെന്റ് ഉദാസീനത ഉപേക്ഷിച്ച് ഈ പദ്ധതിയുടെ ഗുണഗണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി, വിശ്വാസത്തിലെടുത്തു നടപ്പിലാക്കാന്‍ ഉത്സാഹിക്കണം. 
 
പൊതുഗതാഗതം വേണ്ടെന്ന് പറയുമ്പോള്‍
2014 ഫെബ്രുവരി 17-ന് അവതരിപ്പിച്ച യു പി എ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് കാര്‍ വില്‍പ്പന കുറഞ്ഞിരിക്കുന്നു എന്ന വ്യവസായികളുടെ മുറവിളിക്ക് പരിഹാരമുണ്ടാക്കിയിരിക്കുന്നു. ആഡംബര എസ് യു വികളുടെ നികുതി അടക്കം കുറച്ചു. 30-ല്‍ നിന്ന് 24-ലേക്കാണ് കുറച്ചത്. ഇടത്തരവും ചെറുതുമായ എല്ലാ വാഹനങ്ങളുടെയും നികുതി നിരക്കും കുറച്ചു. അധികം  ഡീസല്‍ കുടിക്കുന്ന എസ് യു വി കള്‍ക്ക് കൂടുതല്‍ നികുതിവേണം എന്ന ആവശ്യം ഉയരുമ്പോള്‍ ആണ് ഈ ‘ഉത്തമ’ നിലപാട് എന്നോര്‍ക്കണം. ഇനി ഡീസല്‍ സബ്‌സിഡി കുറയ്ക്കാന്‍ മുറവിളിയും കൂട്ടണം, എന്തൊരു ഇരട്ടത്താപ്പ്! ‘കാടിന്റെ മുന്‍പില്‍ ‘അറക്കവാള്‍ വില്പ്പനയും, മരസംരക്ഷണ വാരാചരണവും’ എന്ന ബോര്‍ഡ് വച്ച പോലെ ഉണ്ട്.  
 
നമ്മുടെ നഗരങ്ങളെ മലിനീകരണത്തില്‍ നിന്നും ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷിക്കാന്‍ പോതുഗതാഗതത്തിനു മാത്രമേ കഴിയൂ എന്ന് മനസിലാക്കാന്‍ വിദേശ ബിരുദം ഒന്നും വേണ്ട. സാധാരണക്കാര്‍ യാത്ര ചെയ്യുന്ന പൊതുഗതാഗതത്തിനു ഡീസല്‍ സബ്‌സിഡി ഇല്ല. അവര്‍ ഉയര്‍ന്ന വിലക്കു യാത്ര ചെയ്യണം. മൈലേജ് 10-ല്‍ താഴെയുള്ള എസ് യു വി കള്‍ക്ക് വിലക്കുറവും. ഇങ്ങനത്തെ തലതിരിഞ്ഞ നയങ്ങള്‍ തുറന്നു കാണിക്കാന്‍ ആര്‍ക്കും താല്പര്യമില്ല. കാരണം, ജോലിയെടുക്കുന്നവരുടെ ശബ്ദം ചാനല്‍ സ്റ്റുഡിയോകളുടെ വളരെ ദൂരെയാണ്. പൊതുഗതാഗതത്തില്‍ യാത്ര ചെയ്യുന്നവരുടെ റെയില്‍വേ സീസണ്‍ ടിക്കറ്റിനും, ബസ് പാസുകള്‍ക്കും, കമ്പനികള്‍ ജീവനക്കാര്‍ക്ക് കൊടുക്കുന്ന യാത്രാ സൌകര്യങ്ങള്‍ക്കും അടിയന്തരമായി നികുതി ഇളവുകള്‍ പ്രഖ്യാപിക്കണം. പൊതുഗതാഗത്തിന് കുറഞ്ഞ നിരക്കില്‍ ഡീസല്‍ നേരിട്ട് എണ്ണ കമ്പനികള്‍ കൊടുക്കാനുള്ള സംവിധാനം പഴുതുകള്‍ അടച്ചു നടപ്പിലാക്കണം.
 
കാര്‍ പൂളിംഗ് – ഒരു അനിവാര്യത
കാര്‍ പൂളിംഗ് എന്നാല്‍ സ്വന്തമായി വാഹനമുള്ള പല ആളുകള്‍ സ്ഥിരം യാത്ര ഒരുമിച്ച് ഒരു കാറിലാക്കുന്ന അനൌപചാരിക സംവിധാനമാണ്. ചിലപ്പോള്‍ കാര്‍ ഉടമസ്ഥന്‍ കൂടെയുള്ളവരുടെ കൈയില്‍ നിന്നു കൂടി ഇന്ധനവില ഷെയര്‍ ചെയ്യുന്ന രീതിയും ഉണ്ട്. പൊതുഗതാഗതം താറുമാറായി ഇരിക്കുന്ന നമ്മുടെ നാട്ടില്‍ ഈ സംവിധാനം കുറെ പ്രയോജനങ്ങള്‍ നല്‍കുന്നു. ഇന്ധന ലാഭം, മലിനീകരണ നിയന്ത്രണം എന്നിങ്ങനെ സാമ്പത്തിക നേട്ടങ്ങളും പരിസ്ഥിതി നേട്ടങ്ങളും ഉണ്ട്. നാലു കാറുകള്‍ക്ക് പകരം ഒരു കാര്‍; ഇന്ധന ലാഭം, മനുഷ്യാധ്വാനം ലാഭം, മലിനീകരണം കുറവ്, അറ്റകുറ്റപ്പണി കുറവ്, പാര്‍ക്കിംഗ് സ്ഥലം ലാഭം, ഗതാഗത കുരുക്ക് കുറവ് അങ്ങനെ നിരവധി നല്ല കാര്യങ്ങള്‍.  
 
യുവ തലമുറ, പ്രത്യേകിച്ചും ടെക്കികള്‍ ഈ സംവിധാനത്തില്‍ തല്‍പ്പരരാണ്. ഒരു വാഹനം തനിച്ചോടിച്ചു പോകുമ്പോള്‍ ഉണ്ടാകുന്ന വിരസത കുറയ്ക്കാം, കുറച്ച് സുഹൃത്തുക്കളുമായി വിശേഷങ്ങളും വിവരങ്ങളും പങ്കുവെക്കാം, സംവാദങ്ങള്‍ നടത്താം, ഒരേ സമയം പാലിക്കുന്നവര്‍ക്ക് എല്ലാം കൊണ്ടും ലാഭം. മറ്റുള്ളവരോട് പരിഗണന, മറ്റുള്ളവരുടെ സമയത്തിന് വില, കുറച്ചു ക്ഷമ എന്നീ ഗുണഗണങ്ങള്‍ ഉണ്ടെങ്കില്‍ ദിവസവും കാര്‍ പൂള്‍ ഒരു ഹൃദ്യമായ അനുഭവമാകും. ഈ സംവിധാനം നിയമവിധേയം ആക്കിയിട്ടില്ലെങ്കിലും സര്‍ക്കാരിന്റെ എണ്ണ സംരക്ഷണ സന്ദേശങ്ങളില്‍ ഈ ആശയം ഇടം പിടിക്കാറുണ്ട്. നിരവധി കമ്പനികളും കാര്‍ പൂളിംഗിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.  
 
ഭക്ഷണം, ലഘുവിശ്രമം, വിനോദം, ചര്‍ച്ചകള്‍ ഇതെല്ലാം ഈ യാത്രയില്‍ ഉള്‍ക്കൊള്ളിക്കാം. ഈ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, കമ്പനി ഫോറങ്ങള്‍ എന്നിവ ഉണ്ട്. കാര്‍ പൂളുകള്‍ക്ക് പാര്‍ക്കിങ്ങിനും യാത്രയില്‍ തിരക്കുള്ള സ്ഥലങ്ങളില്‍ മുന്‍ഗണന ഉള്ള ലേനുകളും ഒക്കെ നിലവില്‍ വരേണ്ടത് ആവശ്യമാണ്. പൊതുഗതാഗതത്തിനു നല്ലൊരു പൂരകമാണ് കാര്‍ പൂളിംഗ്, പക്ഷെ ഒരിക്കലും പകരം വെക്കലല്ല. നല്ല പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് വേണ്ടി നാം ശബ്ദം ഉയര്‍ത്തുക തന്നെ വേണം.  
 
 
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍