UPDATES

ഓഫ് ബീറ്റ്

മണ്ണപ്പം ചുട്ടുകളിക്കുമ്പോള്‍

തോമസ്‌ സദന്‍ഡോര്‍ഫ് (സ്ലേറ്റ്)

മനുഷ്യരെ മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത് “സംസാരം, തീ, കൃഷി, എഴുത്ത്, ഉപകരണങ്ങള്‍, സഹകരണം” എന്നിവയാണെന്ന് ബെര്‍ട്രാന്റ്റ് റസ്സല്‍ പറയുന്നുണ്ട്. എന്നാല്‍ ഒന്നാലോചിച്ചാല്‍ തത്തകളും സംസാരിക്കുമെന്നും ഉറുമ്പുകള്‍ വീടുകെട്ടുമെന്നും കാക്കകള്‍ക്ക് പണിയായുധങ്ങള്‍ ഉണ്ടെന്നും തേനീച്ചകള്‍ സഹകരിച്ചുജോലി ചെയ്യുന്നുവെന്നും പറയാം. നമ്മുടെ വിജയത്തിന്റെ കാരണം കാണണമെങ്കില്‍ കുറച്ചുകൂടി ആഴത്തില്‍ നോക്കണം. ഭാഷയിലും ചിന്തയിലും ബുദ്ധിയിലും സംസ്കാരത്തിലും സദാചാരബോധത്തിലും മനുഷ്യനോളം എത്തുന്ന പല മൃഗങ്ങളും കണ്ടേക്കും. എന്നാല്‍ ഇവയിലെല്ലാം മനുഷ്യര്‍ മാത്രം മികച്ചുനില്‍ക്കുന്നതിനു കാരണമുണ്ടാകും.

സങ്കല്‍പ്പിക്കാനുള്ള കഴിവാണ് മനുഷ്യനെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഒരു പ്രധാനഘടകം. ഈ കഴിവാണ് നമ്മുടെ പൂര്‍വികരെ മനുഷ്യരാക്കിയത്. ഇതുകൊണ്ടാണ് മൃഗഭാഷ മനുഷ്യഭാഷയായത്, ഓര്‍മ്മകള്‍ സമയത്തിനു കുറുകെയുള്ള യാത്രകളായത്, സാമൂഹിക അറിവുകള്‍ ചിന്തയായത്, പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് യുക്തിചിന്തയായത്, ആചാരങ്ങള്‍ സംസ്കാരമായത്, അനുകമ്പയില്‍ നിന്ന് സദാചാരബോധമുണ്ടായതും.
 

സീനുണ്ടാക്കാന്‍ മിടുക്കരാണ് മനുഷ്യര്‍. നമുക്ക് കഥകള്‍ പറയാനറിയാം, ഭാവിയെപ്പറ്റി സ്വപ്നം കാണാനറിയാം, മറ്റുള്ളവരുടെ അനുഭവങ്ങള്‍ ചിന്തിച്ചറിയാനറിയാം, വിശദീകരണങ്ങള്‍ ആലോചിച്ചെടുക്കാനറിയാം, പഠിപ്പിക്കാനറിയാം, സദാചാരസംഘര്‍ഷങ്ങളെപ്പറ്റി വേവലാതിപ്പെടാനുമറിയാം. ഇങ്ങനെ സീനുകള്‍ ചിന്തിച്ചുകോര്‍ത്തെടുക്കല്‍ ഒരു ചെറിയ കാര്യമല്ല. വളരെ സങ്കീര്‍ണ്ണമായ ഒരു കഴിവാണത്.

ചില മൃഗങ്ങള്‍ക്കും ഈ ചിന്താശേഷി അല്‍പ്പമൊക്കെ കാണാം. പരിചയിച്ചുപഴകിയ ഒരു കുരുക്ക് വഴിയില്‍ ഓര്‍മ്മയുപയോഗിച്ച് എലികള്‍ ശരിയായ വഴി തെരഞ്ഞെടുക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. കുരങ്ങുവര്‍ഗത്തിലുള്ള പല മൃഗങ്ങളും ഇത്തരം കഴിവുകള്‍ കാണിക്കാറുണ്ട്. ചിലവ കണ്മുന്നില്‍ കാണാത്ത ചലനങ്ങളെയും മനസിലാക്കുന്നു, മനുഷ്യരുടെ ചിഹ്നങ്ങള്‍ പഠിക്കുന്നു, ചിന്തിച്ച് ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നു, സങ്കീര്‍ണ്ണസാമൂഹികബന്ധങ്ങള്‍ ആചരിക്കുന്നു, പരസ്പരം ആശ്വസിപ്പിക്കുന്നു, കണ്ണാടിയില്‍ തങ്ങളെ തിരിച്ചറിയുന്നു, കള്ളത്തരങ്ങള്‍ തിരിച്ചറിയുന്നു. ചില വാനരന്മാര്‍ രണ്ടുവയസുള്ള ഒരു കുഞ്ഞിനുള്ള ബുദ്ധി പ്രദര്‍ശിപ്പിക്കാറുണ്ട്.
 

മനുഷ്യരില്‍ സങ്കല്‍പ്പശേഷി വളരുന്നത് രണ്ടുവയസോടെയാണ്. കുട്ടികള്‍ തങ്ങളുടെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ഒരു സാങ്കല്‍പ്പികലോകത്തിലാണ് ജീവിക്കുന്നത്. പാവകളും മറ്റുമുപയോഗിച്ച് അവര്‍ കഥകള്‍ മെനഞ്ഞുകൊണ്ടേയിരിക്കുന്നു. കളികള്‍ക്കിടെ കുട്ടികള്‍ ഹൈപ്പോത്തിസിസുകള്‍ പരീക്ഷിക്കുകയും സാധ്യതകള്‍ ആരായുകയും ഒക്കെ ചെയ്യുന്നത് ശാസ്ത്രജ്ഞര്‍ ചെയ്യുന്നത് പോലെ തന്നെയാണ്. കളികള്‍ കുട്ടികള്‍ക്ക് പ്രാക്ടീസ് ചെയ്യാനുള്ള അവസരങ്ങള്‍ കൊടുക്കുന്നു. കുട്ടികള്‍ ഓരോരുത്തരായി സ്വയം സങ്കല്‍പ്പിച്ച് ഓരോരോ സന്ദര്‍ഭങ്ങളില്‍ എന്തുണ്ടാകും എന്ന് അഭിനയിച്ചുനോക്കുന്നു. പതിയെപ്പതിയെ അഭിനയിച്ചുനോക്കാതെ തന്നെ പല രംഗങ്ങള്‍ സങ്കല്‍പ്പിക്കാന്‍ കുട്ടികള്‍ പഠിക്കുന്നു. അവര്‍ ചിന്തിക്കാന്‍ തുടങ്ങുന്നു.

കുറെക്കഴിയുമ്പോള്‍ കുട്ടികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിധിയില്ലാതാകുന്നു. എന്തുസംഭവിച്ചു എന്നും എന്തുസംഭവിച്ചില്ല എന്നും അവര്‍ മനസിലാക്കുന്നു. ഭാവിയില്‍ എന്തുണ്ടാകും എന്ന് അവര്‍ ചിന്തിച്ചുതുടങ്ങുന്നു. ചിന്തയുടെ വാതില്‍ തുറക്കുകയാണിവിടെ. ആളുകളും വസ്തുക്കളും പ്രവര്‍ത്തികളും ഒക്കെയെടുത്ത് പുതിയ സാഹചര്യങ്ങള്‍ ആലോചിച്ചുണ്ടാക്കുന്നത് ഇങ്ങനെയാണ്. ഇതേസമയത്താണ് നമ്മള്‍ ചിന്തിക്കുന്നതിനെപ്പറ്റിയും നാം ചിന്തിച്ചുതുടങ്ങുന്നത്.

പല സാഹചര്യങ്ങള്‍ കൂട്ടിയിണക്കി വലിയ കഥാഗതികള്‍ നമുക്ക് ചിന്തിച്ചെടുക്കാനാക്കും. എന്തുകൊണ്ട് ചില കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നും എന്തൊക്കെ സംഭവിക്കാമെന്ന് പ്രവചിക്കാനും ഒക്കെ ഇത്തരം കഥാഗതികള്‍ സഹായിക്കും. ഭാവിയെപ്പറ്റിയുള്ള പല വഴികള്‍ ചിന്തിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനും നമുക്ക് കഴിയുന്നു. സ്വന്തം തീരുമാനങ്ങളിലുള്ള ഈ അധികാരമാണ് മറ്റുജീവികളില്‍ നിന്ന് നമ്മെ വ്യത്യസ്തരാക്കുന്ന ഒരു ഘടകം. എന്തുംസംഭവിച്ചെക്കും എന്ന് ആലോചിച്ച് ഏറ്റവും മികച്ച വഴി മാത്രം തെരഞ്ഞെടുക്കാന്‍ നമുക്ക് കഴിയുന്നു. ഈ കഴിവ് ഉള്ളതുകൊണ്ട് തന്നെ ഭാവി നന്നാക്കാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്.
 

ആലോചനകളും തീരുമാനങ്ങളും ഒരേപോലെ ശക്തവും എന്നാല്‍ റിസ്ക്കുള്ളതുമാണ്. ഉദാഹരണത്തിന് നല്ല ചൂടില്‍ നിങ്ങള്‍ക്ക് പുഴയിലിറങ്ങി നീന്തണമെന്നുതോന്നും. എന്നാല്‍ മുതലയുണ്ടെന്ന് ബോര്‍ഡ് കാണുമ്പോള്‍ മറിച്ചും. ഒരു കാര്യം മാത്രം ചിന്തിച്ചാല്‍ നമുക്ക് തീരുമാനങ്ങളില്‍ തെറ്റുപറ്റും. എന്നാല്‍ പല കാര്യങ്ങളെ കൂട്ടിയിണക്കി ആലോചിക്കുമ്പോഴാണ് ചിന്ത വിജയിക്കുക.

മറ്റുള്ളവരുടെ ചിന്തകളുമായി കൂട്ടിയിണക്കിയാല്‍ തങ്ങളുടെ ചിന്തകള്‍ക്ക് മൂര്‍ച്ച കൂട്ടാം എന്ന് നമ്മുടെ പൂര്‍വികര്‍ പണ്ടേ കണ്ടെത്തിയിരുന്നു. നമ്മള്‍ പരസ്പരം ഉപദേശങ്ങള്‍ നല്‍കും- മുതലയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് പോലും ഒരു ഉപദേശമാണ്. നമ്മുടെ ആശയങ്ങള്‍ നമ്മള്‍ ചര്‍ച്ച ചെയ്യുകയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യാറുണ്ട്. ചില സാഹചര്യങ്ങളില്‍ മറ്റുള്ളവര്‍ എന്തുചെയ്തു എന്ന് നമ്മള്‍ തിരക്കുകയും നമ്മുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. നമുക്ക് പ്രയോജനമുള്ള കാര്യമല്ലെങ്കിലും പല കാര്യങ്ങളും നമ്മള്‍ കേള്‍ക്കും. പല കാര്യത്തിലും പലര്‍ കാണിക്കുന്ന താല്‍പ്പര്യത്തില്‍ വ്യത്യാസങ്ങളുണ്ട്.

ജോലികള്‍ വിഭജിക്കാനും സഹകരണം വാഗ്ദാനം ചെയ്യാനും നമുക്ക് കഴിയുന്നതും ഈ ചിന്ത കാരണമാണ്. നമ്മുടെ വിജയങ്ങള്‍ ചേര്‍ത്തുവെച്ച് നമുക്ക് വരും തലമുറകള്‍ക്ക് കൈമാറാം. മനസുകളെ ഒരുമിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഇത് സാധ്യമാകുന്നത്.
 

നമ്മള്‍ സാമൂഹികജീവികളാണ്. സാമൂഹികസമ്മര്‍ദ്ദങ്ങളാണ് നമ്മുടെ ബുദ്ധിയുടെ വളര്‍ച്ചയ്ക്ക് ഒരു കാരണം. മറ്റു പ്രൈമേറ്റുകളില്‍ നിന്ന് വ്യത്യസ്തരായി മനുഷ്യക്കുഞ്ഞുങ്ങള്‍ സഹാനുഭൂതിയും ശ്രദ്ധയും കിട്ടാനായി കരയുന്നു. എന്താണ് പറ്റിയതെന്നു നമ്മള്‍ തിരക്കുകയും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നമ്മള്‍ കണ്ണില്‍ കണ്ണില്‍ നോക്കുന്നു, മനസിലുള്ള വിചാരങ്ങള്‍ പങ്കിടുന്നു, മറ്റുള്ളവരുടെ വിചാരങ്ങള്‍ മനസിലാക്കുന്നു. ആളുകളോട് ഇടപെടാനുള്ള ഈ ആഗ്രഹം മറ്റുള്ളവരുടെ മനസുവായിക്കാനും നമ്മെ പ്രാപ്തരാക്കുന്നു.

നമ്മള്‍ ഭൂതകാലത്തെപ്പറ്റി സംസാരിക്കുന്നു, ഭാവിപദ്ധതികളിടുന്നു. നമ്മള്‍ കൂട്ടായി പ്രശ്നങ്ങള്‍ പരിഹരിക്കുന്നു. ചുറ്റുമുള്ള ലോകത്തെ വിവരിക്കാന്‍ നമ്മള്‍ കഥകള്‍ ഉണ്ടാക്കുന്നു. നമ്മള്‍ പഠിപ്പിക്കുന്നു, പഠിക്കുന്നു. ശരിതെറ്റുകളെപ്പറ്റി നമ്മള്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നു.

നിങ്ങള്‍ ആളുകളുടെ ഉപദേശം കേള്‍ക്കുക മാത്രമല്ല ആളുകള്‍ എന്തുപദേശിക്കും എന്ന് സങ്കല്‍പ്പിക്കുകയും ചെയ്യും. കാര്യങ്ങളെ ബന്ധിപ്പിച്ചു മനസിലാക്കാനുള്ള ഈ പ്രത്യേക കഴിവുകൊണ്ടാണ് ഇത് സാധിക്കുന്നത്. ഓരോ കാര്യം ചെയ്യുമ്പോഴും നമുക്ക് പ്രിയപ്പെട്ടവര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് നമ്മള്‍ സങ്കല്‍പ്പിക്കുന്നു. പ്രചോദനമാകാന്‍ കഴിയുന്ന ചിന്തകളാണ് ഇവ.
 

ഇത്തരം ചിന്തകളാണ് നിസ്വാര്‍ത്ഥ സേവനങ്ങള്‍ ചെയ്യാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. ഒരു കാര്യത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കുമ്പോള്‍ അതുകൊണ്ടു ഉണ്ടാകുന്ന വലിയ മാറ്റങ്ങളെപ്പറ്റി ചിന്തിക്കാന്‍ മനുഷ്യന് കഴിയുന്നത് ഇതുകൊണ്ടാണ്. എന്തെങ്കിലും ഒരു മാറ്റമുണ്ടാക്കാന്‍ വേണ്ടി അങ്ങേയറ്റം പരിശ്രമിക്കുക എന്നതൊക്കെ മനുഷ്യന്റെ വലിയ പ്രത്യേകതകളാണ്. കരുതിക്കൂട്ടിത്തന്നെ നമ്മള്‍ നന്മ പ്രവര്‍ത്തിക്കും, അടുത്ത തലമുറയെ പഠിപ്പിക്കും, അനീതിയെ ചെറുക്കും, അല്ലെങ്കില്‍ വിപ്ലവം തുടങ്ങും. മനസുകളെ തമ്മില്‍ ചേര്‍ത്തുവയ്ക്കാന്‍ തോന്നിയിരുന്നില്ലെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. മൃഗങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത ഇടങ്ങളില്‍ നമ്മള്‍ എത്തിയത് അങ്ങനെയാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍