UPDATES

സിനിമ

ഹോളിവുഡ് ലുപിത ന്യോന്ഗോയോട് ചെയ്യുന്നത്

സ്റ്റാസ്യ എല്‍ ബ്രൌണ്‍ (സ്ലേറ്റ്)

ലുപിത ന്യോന്ഗോയുടെ കഥ സൂക്ഷ്മമായി വളര്‍ത്തിക്കൊണ്ടുവന്ന വിജയത്തിന്റെ കഥയാണ്. പട്ടുതുണികളിലേയ്ക്ക് അവള്‍ പെട്ടെന്ന് കയറിവന്നതല്ല. ദുഃഖദുരിതങ്ങളില്‍ നിന്ന് പെട്ടെന്ന് വെള്ളിവെളിച്ചത്തില്‍ എത്തിയതല്ല ലുപിത. ഒരുപാട് വെളുത്തവര്‍ഗനടികള്‍ പലരും അനുഭവിച്ചിട്ടുള്ള ഒരു പ്രത്യേകാനുകൂല്യത്തിന്റെ കൂടി കഥയാണ് ലുപിതയുടെ ജീവിതം. കാവ്യനീതി എന്നൊക്കെ ഇതിനെ പറയാം. ഒരു കെനിയന്‍ രാഷ്ട്രീയനേതാവ് മകളെ മെഡിസിനോ നിയമമോ ഫിനാന്‍സോ പഠിക്കാന്‍ വിടുന്നതിനുപകരം യേല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ വിടുമ്പോള്‍ സംഭവിക്കുന്നതാണിത്. നിറയെ പ്രൊഫസര്‍മാരും ഡോക്ടര്‍മാരും രാഷ്രീയക്കാരും ഉള്ള ഒരു കുടുംബത്തില്‍ നിന്നും ഒരു കുട്ടി സിനിമയിലെ ജീവിതം ജീവിക്കാന്‍ ധൈര്യം കാണിക്കുമ്പോള്‍ സംഭവിക്കുന്നതാണ് അക്കാദമി അവാര്‍ഡ്.

അമേരിക്കന്‍ കറുത്തവര്‍ഗക്കാരി പെണ്‍കുട്ടികള്‍ക്ക് പരിചയമുള്ള ഒരു യഥാര്‍ഥ്യമല്ല ഇത്. സ്വന്തം ശരീരമുള്‍പ്പെടെ കാഴ്ചവെച്ച് വര്‍ഷങ്ങള്‍ കാത്തിരുന്നാലാണ് ഇവര്‍ക്ക് ഒരു ഗേള്‍ഫ്രണ്ടിന്റെ റോളോ ഒക്കെ കിട്ടുക. ഇവര്‍ക്കൊന്നും ഒരിക്കലും ഓസ്കാര്‍ കിട്ടില്ല. കറുത്തവര്‍ഗക്കാരികള്‍ക്ക് ഓസ്കാര്‍ കിട്ടണമെങ്കില്‍ അവര്‍ കോമഡിക്കാരികളാവണമെന്നാണ് രീതി. അവര്‍ ജയിക്കുമ്പോള്‍ അവരുടെ ജയത്തില്‍ ഹോളിവുഡ് പുളകമണിയുന്നു.
 

ഓസ്കാര്‍ കിട്ടാന്‍ അവര്‍ എത്ര കഷ്ടപ്പെട്ടുവെന്ന് കറുത്തവര്‍ഗക്കാരിസ്ത്രീകള്‍ക്ക് അറിയാം. അഭിനയം തുടരാനായി അവര്‍ അസംഖ്യം ലോ ബജറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടാകും. ഒരു റോള്‍ കിട്ടാനായി അവര്‍ എന്തൊക്കെ അനുഭവിച്ചിരിക്കും? മുഖ്യധാരാനായികമാര്‍ ചെയ്ത ഏത് റോളും ഒരു കറുത്തവര്‍ഗക്കാരി ചെയ്താലും പ്രശ്നമുണ്ടാകില്ലായിരുന്നു, എന്നാല്‍ സിനിമയ്ക്ക് അധികം കാഴ്ചക്കാരുണ്ടാകില്ലെന്ന് മാത്രം.

ഇതുകൊണ്ടാണ് നമ്മള്‍ ലുപിതയുടെ വിജയത്തില്‍ ഉന്മത്തരാകുന്നത്. ഈ അവാര്‍ഡ് കാലത്ത് ലുപിത ഓരോ കറുത്തവര്‍ഗപെണ്‍കുട്ടിയുടെയും സ്വപ്നത്തിന്റെ ചിഹ്നമായിത്തീര്‍ന്നു. അവളുടെ ഇരുണ്ട തൊലിയില്‍ ഞങ്ങളുടെ സ്വപ്‌നങ്ങള്‍ വിടര്‍ന്നു. തൊലിയുടെ നിറം വിവേചനം സൃഷ്ടിക്കുന്ന ഒരു ദേശത്ത് ഇത് രാഷ്ട്രീയവല്‍ക്കരിക്കപ്പെടുക സ്വാഭാവികം മാത്രം. തന്നെപ്പോലെയുള്ള സ്ത്രീകള്‍ ഉയര്‍ന്നുവരുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ലുപിത തന്നെ പറയുന്നുണ്ട്. കാഴ്ചക്കാരുടെ ആഗ്രഹങ്ങളും ചരിത്രവും ആവശ്യങ്ങളും സമ്മേളിക്കുന്ന ഒരിടമായിരിക്കുക എന്നാല്‍ എന്താണെന്ന് ലുപിതക്ക് നല്ല ബോധ്യമുണ്ട്.

എന്നാല്‍ ലുപിതയുടെ വിജയകഥ ലുപിതയുടേത് മാത്രമാണ്. അമേരിക്കന്‍ അടിമത്തത്തെപ്പറ്റിയുള്ള മനോഹരമായ ഒരു ബ്രിട്ടിഷ് ചിത്രത്തിലാണ് അവര്‍ അഭിനയിച്ചത്. അമേരിക്കന്‍ കറുത്തവര്‍ഗക്കാരന്റെ ചരിത്രമാണത്. ലുപിതയുടെ കുടുംബത്തിന് ഈ ചരിത്രം പരിചയമുണ്ടാകില്ല.

ഒരു അടിമയായി അഭിനയിച്ചതുകൊണ്ടാണ് അവാര്‍ഡ് കിട്ടിയത് എന്നൊക്കെ പറഞ്ഞാല്‍ ഒരു അമേരിക്കന്‍ കറുത്തവര്‍ഗ്ഗക്കാരി നടിക്ക് ഉണ്ടാവുന്നത്ര മനോവിഷമം ലുപിതയ്ക്ക് ഉണ്ടാകാനിടയില്ല. നൂറ്റാണ്ടുകള്‍ നീണ്ട ദാരിദ്ര്യം അനുഭവിച്ചിട്ടുള്ള ഒരാളല്ല ലുപിത.

മികച്ച ജീവിതസാഹചര്യങ്ങളില്‍ നിന്നുവരുന്ന ഒരു കറുത്തവര്‍ഗകാരി നടി ഒരു ഐവിലീഗ് നാടകവിദ്യാഭ്യാസത്തിന്റെ പിന്‍ബലത്തോടെ അഭിനയിച്ച് ആദ്യചിത്രത്തില്‍ തന്നെ ഓസ്കാര്‍ നേടിയാല്‍ എന്തുണ്ടാവുമെന്ന് കാത്തിരുന്നുകാണാം.
 

എനിക്കിത് പറയാനാകും. എനിക്ക് അമേരിക്കയെ അറിയാം, അത് എന്റെ നാടാണ്. ലുപിതയുടെ നാടല്ല. ഹോളിവുഡിലേയ്ക്ക് അവര്‍ വരുന്നത് ചിമമാണ്ട അടിചിയെയുടെ അമേരിക്കാന എന്ന നോവലിലെ കഥാപാത്രമായ ഇഫെമെലു അമേരിക്കയില്‍ വന്നതുപോലെ വംശീയതയെപ്പറ്റിയുള്ള മുന്‍വിധികള്‍ ഇല്ലാതെയാണ്. അടിചിയെ പറയുന്നത് ശ്രദ്ധിക്കുക: “നൈജീരിയയില്‍ ഞാന്‍ എന്നെ കറുത്തവളായല്ല കാണുന്നത്. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഇപ്പോഴും നൈജീരിയയില്‍ പോകുമ്പോള്‍ എനിക്കങ്ങനെ തോന്നാറില്ല. എന്നാല്‍ അമേരിക്കയില്‍ ആളുകള്‍ പഠിക്കേണ്ട ഒന്നാണ് വര്‍ഗം. കറുത്തയാളാവുക എന്നാല്‍ എന്താണെന്ന് എനിക്ക് പഠിക്കേണ്ടിവന്നു…. നിങ്ങള്‍ നൈജീരിയയില്‍ നിന്നുവരുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാകില്ല. അമേരിക്കയില്‍ വന്നപ്പോള്‍ ഞാന്‍ അധികകാലം ഇവിടെ ജീവിച്ചില്ലെങ്കിലും കറുത്തവര്‍ഗം എന്നത് ഒരു നല്ല കാര്യമായല്ല ഇവിടെ ആളുകള്‍ കാണുന്നത് എന്ന് ഞാന്‍ മനസിലാക്കിയിരുന്നു. അതുകൊണ്ട് എനിക്ക് “കറുത്തവര്‍ഗക്കാരി”യാകാന്‍ തോന്നിയില്ല.”

അടിചിയെയ്ക്ക് ആദ്യമുണ്ടായിരുന്ന ഈ ധാരണ കഴിഞ്ഞ രണ്ടു വര്‍ഷം അമേരിക്കന്‍ അടിമയുടെ അനുഭവം സിനിമയില്‍ അവതരിപ്പിക്കാന്‍ ചെലവഴിച്ച ലുപിതയ്ക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. അവര്‍ക്ക് വെളുത്തവര്‍ഗചൂഷണങ്ങള്‍ക്കിടയിലെ ഒരു കറുത്തവര്‍ഗക്കാരിയാവുക എന്നത് ഒരു റോള്‍ ആണ്. അത് അവരുടെ സ്വത്വത്തിന്റെ ഭാഗമാകണമെന്നില്ല. അവര്‍ മറ്റുപല റോളുകളും ചെയ്തേക്കാം. എന്നാല്‍ അവര്‍ക്കൊരിക്കലും മറ്റു കറുത്തവര്‍ഗ അമേരിക്കന്‍ നടിമാര്‍ ചെയ്യുന്ന തരം ക്ലിഷേ റോളുകള്‍ ചെയ്യേണ്ടിവരില്ല.
 

അവര്‍ക്ക് ക്ലിഷേ റോളുകള്‍ കിട്ടില്ല എന്നല്ല. ഹോളിവുഡ് അവരോടു എങ്ങനെ പെരുമാറുമെന്നു എനിക്കറിയാം. പലതരം കറുത്തവര്‍ഗ റോളുകള്‍ ഹോളിവുഡ് അവരെ പഠിപ്പിക്കും. അവര്‍ എങ്ങനെ ഇതിനെ പ്രതിരോധിക്കും എന്നുമാത്രമാണ് എനിക്ക് അറിയേണ്ടത്. അവര്‍ എന്തൊക്കെ പഠിക്കും എന്നും എനിക്കറിയില്ല. എന്നാല്‍ ആവശ്യത്തിനു ആത്മവിശ്വാസവും മികച്ച ജീവിത സാഹചര്യങ്ങളും കൈമുതലാക്കി അഭിനയിക്കാനെത്തിയതുകൊണ്ട് തന്നെ അവര്‍ വെറുതെ കിട്ടുന്ന റോളുകള്‍ സ്വീകരിക്കുന്നതിനെക്കാള്‍ ഹോളിവുഡിനെ ചിലത് പഠിപ്പിക്കുകകൂടിയായിരിക്കും ചെയ്യുക. വെളുത്ത ഡയരക്ടര്‍മാരില്‍ നിന്ന് പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ക്ക് കറുത്ത നടീനടന്മാരില്‍ നിന്ന് പഠിക്കാനാകും.

കാത്തിരുന്നുകാണാം.

Stacia L. Brown is a writer, mother, and adjunct professor in Baltimore. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍