UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കേരളം

സു(സ)വര്‍ണ്ണ അദ്ധ്യാപക ലോകമേ, നിങ്ങളോ മാതൃക?

ശ്രീലത കൃഷ്ണന്‍
 
ഫേസ്ബുക്കില്‍ നേരം കളയുന്നതിനിടെയാണ് അഴിമുഖത്തില്‍ വന്ന രൂപേഷ്‌കുമാറിന്റെ “പയ്യന്നൂര്‍ കോളേജ് അനുഭവങ്ങള്‍”  വായിക്കുന്നത്. ഒരു ദളിത് ആയിരുന്നിട്ടു പോലും ആദ്യം അമ്പരപ്പാണ് തോന്നിയത്. ഇത്രത്തിലുള്ള ഒരനുഭവം എനിക്കു അദ്ധ്യാപകരില്‍ നിന്നോ വിദ്യാര്‍ത്ഥികള്‍ നിന്നോ കൂട്ടുകാരില്‍ നിന്നോ സമൂഹത്തില്‍ നിന്നോ നേരിടേണ്ടി വന്നിട്ടില്ലല്ലോ എന്ന അമ്പരപ്പ്. അതിനു ഞാന്‍ കണ്ടെത്തിയ കാരണങ്ങള്‍ – ഞാന്‍ ജനിച്ചു വളര്‍ന്നത് എറണാകുളം ജില്ലയിലാണ്. പൊതുവേ തിരക്കു പിടിച്ച ജീവിതം – പിന്നെ ഇത്തരം കാര്യങ്ങളില്‍ കുറച്ച് പുരോഗമനം ഇവിടുത്തുകാര്‍ക്ക് ഉണ്ടെന്ന് തോന്നുന്നു. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. എന്റെ അച്ഛന്‍, അമ്മ മറ്റ് ബന്ധുക്കള്‍ എല്ലാവരും തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. കൂടുതല്‍ പേരും അദ്ധ്യാപകര്‍. തൃശൂര്‍ മുതല്‍ തെക്കോട്ട് ഇത്തരക്കാര്‍ക്ക് സമൂഹത്തില്‍ ഒരു പ്രത്യേക പരിഗണനയുണ്ട്. അതുകൊണ്ട് തന്നെ പഠനകാലത്തൊക്കെ ക്രീമിലെയര്‍ പരിവേഷമാണ് എനിക്ക് ലഭിച്ചിട്ടുള്ളതും. പക്വതയില്ലാത്ത കാലങ്ങളില്‍ അതില്‍ ഞാന്‍ അഹങ്കരിക്കുകയും ഒരു ദളിതന്റെ എല്ലാ പരിമിതികളും വെളിവാക്കപ്പെടുന്ന കുട്ടികളെ ഞാന്‍ അവഗണിക്കുകയും ചെയ്തിട്ടുണ്ടെന്നത് എന്നെ ഇപ്പോള്‍ അസ്വസ്ഥയാക്കുന്നുണ്ട്. സമൂഹം ഒരു ദളിതന് കല്‍പിച്ചു നല്‍കിയിട്ടുള്ള അടയാളങ്ങള്‍ – നിറം, രൂപം, വേഷം, ഭാഷ, ഭക്ഷണരീതി, സാമ്പത്തികാവസ്ഥ ഇവയുടെയൊക്കെ അഭാവമായിരിക്കാം ഇത്തരം തീഷ്ണമായ അനുഭവങ്ങളില്‍ നിന്നും എന്നെ ‘രക്ഷിച്ചെടുത്തത്’.
 
 
അത്ര തീഷ്ണമല്ലെങ്കിലും ഇങ്ങനെയൊന്നെഴുതാന്‍ കാരണമായ കുറച്ചനുഭവങ്ങള്‍ എനിക്കുമുണ്ട്. അവ എനിക്കു നല്‍കിയതും ഒരു വിദ്യാലയമാണ് – 2011- ലാണ് എച്ച്.എസ്.എസ്.റ്റി ഇംഗ്ലീഷായി ഞാന്‍ മലപ്പുറത്തെ ഒരു സ്‌കൂളില്‍ ചേരുന്നത്. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (എസ്.സി./എസ്.റ്റി) നിയമനമായിരുന്നു. ഒട്ടും സൗഹാര്‍ദ്ദപരമായിരുന്നില്ല സ്‌കൂളിലെ അന്തരീക്ഷം. ഭൂമിയിലെ രാജക്കന്മാര്‍ എന്നാല്‍ സീനിയര്‍ അദ്ധ്യപകരാണെന്ന ഭാവം; അങ്ങനെ പലതും – അതൊന്നും എന്റെ മാത്രം അനുഭവമായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിച്ചതേയില്ല. ഇതിനിടയില്‍ ഒരു സ്റ്റാഫ് മീറ്റിംഗില്‍ എസ്.സി/എസ്.റ്റി കുട്ടികള്‍ കുറവായതു കൊണ്ട് ഇപ്രാവശ്യം നമുക്ക് റിസള്‍ട്ട് നന്നാക്കാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സ്‌കൂള്‍ പ്രിന്‍സിപ്പളാണ് എന്നെ ആദ്യം അമ്പരപ്പിച്ചത്. ഇരുപത്തിമൂന്നോളം വരുന്ന സ്റ്റാഫിന്റെ കൂടെ ഒരു എസ്.സി വിഭാഗം അദ്ധ്യാപകനെപ്പോലും അദ്ദേഹം പ്രതീക്ഷിച്ചു കാണില്ല – അതുകൊണ്ടാവാം അദ്ദേഹം അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത്. 
 
പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ട ഒരു പ്രണയകഥയിലെ നായികയാക്കപ്പെട്ടപ്പോള്‍, റാങ്ക് നേടി പി.ജി പാസായ സഹപ്രവര്‍ത്തകന്റെ “അല്ലെങ്കിലും എസ്.സി പെണ്ണുങ്ങള്‍ എല്ലാവരും ഇങ്ങനെയാണെന്ന” അഭിപ്രായം വീണ്ടും അമ്പരപ്പിച്ചു. എന്റെ അഭാവത്തില്‍ ഒരു ബ്രേക്കിങ്ങ് ന്യൂസ് പോലെ, ഞാന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമിക്കപ്പെട്ടതാണെന്ന് അറിയിച്ചു കൊണ്ടും ഈ സ്‌കൂളിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നപ്പോള്‍ എല്ലാ അദ്ധ്യാപകരുടെയും ജാതി അന്വേഷിച്ചറിഞ്ഞുകൊണ്ട് സംവരണത്തില്‍ ജോലി നേടുന്നവരോട് വെറുപ്പാണെന്ന്‍ അഭിമാനത്തോടെ പ്രഖ്യാപിച്ചു കൊണ്ടും എന്റെ സഹപ്രവര്‍ത്തകര്‍ എന്നെ വീണ്ടും വീണ്ടും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നു.
 
 
ഇപ്പോള്‍ ഞാന്‍ ചിന്തിച്ചുപോകുന്നത് ഇത്തരം അദ്ധ്യാപകരുടെ ക്ലാസില്‍ പഠിക്കുന്ന ദളിത് (അല്ലെങ്കില്‍ പിന്നോക്കാവസ്ഥയില്‍ ഉള്ള) കുട്ടികളുടെ അവസ്ഥയെ പറ്റിയാണ്. ഈ അദ്ധ്യാപകകര്‍ക്ക് എങ്ങനെയാണ് അവരോട് നിഷ്പക്ഷമായി പെരുമാറാന്‍ കഴിയുക. സമൂഹത്തിന്റെ മുഖ്യധാരയിലേക്കു എത്തിപ്പെടാന്‍ പാകത്തില്‍ ഇവര്‍ക്കു മാനസികമായും വിദ്യഭ്യാസപരമായും കരുത്തു നല്‍കാന്‍ ഇത്തരം അദ്ധ്യാപകര്‍ക്കു കഴിയുമോ? ഭൂരിഭാഗം ദളിത് വിദ്യാര്‍ത്ഥികളും വേര്‍പിരിയലിന്റെയും അവഗണനയുടെയും പാഠങ്ങള്‍ മാത്രമാകും വിദ്യഭ്യാസ കാലത്തു പഠിച്ചിട്ടുണ്ടാകുക. സ്വാതന്ത്ര്യം നേടി ഇത്രവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സു(സ)വര്‍ണ്ണ ഭാരതമായി നമ്മുടെ രാജ്യം നിലനില്‍ക്കുന്നതിനു അദ്ധ്യാപക ലോകത്തിന്റെ സംഭാവന എത്രവലുതാണ് എന്ന് ഇത്തരം അനുഭവങ്ങള്‍ നമ്മെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍