UPDATES

വിജയാ… ഈ ബുദ്ധിയെന്താ നമുക്ക് നേരത്തെ തോന്നാത്തത്…?

സാജു കൊമ്പന്‍

സി പി ഐ എമ്മിന്‍റെ ബുദ്ധി അങ്ങിനെയാ..കുറച്ച് പതുക്കെയാ ഇപ്പോള്‍ അല്ലെങ്കില്‍ ഈ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ വച്ച് ആ ഭൂതത്തെ വീണ്ടും തുറന്നു വിടുമോ? പൊതുജനങ്ങളുടെയും പര്‍ടി സഖാക്കളുടെയും പര്‍ടി വിരുദ്ധരുടെയും കൂലംകുത്തികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും എല്ലാം ഞരമ്പ്കളില്‍ ചന്ദ്രശേഖരനെന്ന ലഹരി മരുന്ന് വീണ്ടും കുത്തിവെക്കുമോ? എന്താണ് ഈ പാര്‍ടിക്ക് സംഭവിക്കുന്നത്? ഭയത്തില്‍ നിന്ന് ജനിക്കുന്ന വകതിരിവില്ലാത്ത വേവലാതിയാണോ ഇവരെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്? പാര്‍ടി ചെന്നു പെടുന്ന ചക്രവ്യൂഹങ്ങളില്‍ നിന്ന് അതിനെ പുഷ്പം പോലെ പുറത്ത് കടത്തുന്ന ഇ എം എസിന്‍റെ കുശാഗ്ര ബുദ്ധിയുടെ പരമ്പര്യം കാത്തു സൂക്ഷിക്കാന്‍ ആരുമില്ലേ ഈ കൂട്ടത്തില്‍? ഇതൊക്കെയായിരുന്നു കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവും ടി പി ചന്ദ്രശേഖരന്‍ വധ കേസില്‍ എട്ടാം പ്രതിയുമായ കെ.സി.രാമചന്ദ്രനാണ് ടി.പി.ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ എന്ന പാര്‍ടി കണ്ടെത്തല്‍ പുറത്തുവന്നപ്പോള്‍ എന്‍റെയുള്ളില്‍ ഉയര്ന്ന ചോദ്യങ്ങള്‍.

രാമചന്ദ്രന്റെ വ്യക്തിവിരോധമാണ് കൊലയിലേക്ക് നയിച്ചത്. പാര്‍ട്ടിക്ക് ഇതില്‍ യാതൊരു പങ്കുമില്ല. രാമചന്ദ്രനെ കൊല ആസുത്രണം നടത്തുന്നതിലേക്ക് നയിച്ചതാകട്ടെ അദ്ദേഹത്തിന്റെ കരാര്‍ ജോലികള്‍ക്ക് ടിപി.തടസ്സം നിന്നതും. പാര്‍ടി അന്വേഷണത്തിലെ കണ്ടത്തലുകള്‍ ഇങ്ങനെ പോകുന്നു. 
 


2012 മേയ് നാലിന് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ കോലാഹലങ്ങളില്‍ നിന്ന് തടി ഊരാനാണ് അന്ന് പോളിറ്റ്ബ്യൂറോ പാര്‍ട്ടി തലത്തിലൊരന്വേഷണം പ്രഖ്യാപിച്ചത്. അത്തരമൊരന്വേഷണം സിപിഎം പാര്‍ട്ടിക്കുള്ളില്‍ പ്രഖ്യാപിക്കുമ്പോള്‍ അതിലൂടെ പുറത്തുവരുന്നതാവും സത്യമെന്ന് പാര്‍ട്ടിക്കാര്‍പോലും വിശ്വസിച്ചിരുന്നില്ല. കേസന്വഷണത്തിന്റെ ഘട്ടങ്ങളിലും വിധിവന്നപ്പോഴും പിന്നെ പ്രകാശ്കാരാട്ട് കേരളത്തില്‍ വരുമ്പോഴും വിഎസിനെ കാണുമ്പഴുമെല്ലാം ചോദിക്കാന്‍ പ്രത്യേകിച്ച് ചോദ്യങ്ങളൊന്നുമില്ലാത്തിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ വെറുതേ ചോദിക്കും. ടിപി കേസിലെ പാര്‍ട്ടി അന്വേഷണം എന്തായി എന്ന്. അത് അറിഞ്ഞിട്ട് കേരളത്തിലെ ജനതയ്ക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ലെന്നറിഞ്ഞുകൊണ്ടായിരുന്നു അത്തരം ചോദ്യങ്ങള്‍. ഒരുപക്ഷെ ചോദിച്ച് ചോദിച്ച് മടുത്തതിനാലാവണം ഇക്കഴിഞ്ഞ ദിവസം കാരാട്ട് കേരളത്തിലെത്തിയപ്പോള്‍  അത്തരമൊരു ചോദ്യം ചോദിക്കാന്‍ ആരും മുതിര്‍ന്നുമില്ല. മീഡിയയും ജനവുമെല്ലാം സിപിഎമ്മിന്റെ പാര്‍ട്ടി തല അന്വേഷണത്തെ ഏതാണ്ട് മറന്നു തുടങ്ങിയിരുന്നു. അപ്പഴാണ് വീണ്ടും എല്ലാം ഓര്‍മിപ്പിച്ചുകൊണ്ട് സിപിഎം രാമചന്ദ്രനെ പുറത്താക്കിയിരിക്കുന്നത്.

കേസില്‍ രാമചന്ദ്രനൊപ്പം അകത്തുള്ള കുഞ്ഞനന്തന്‍, ട്രൗസര്‍മനോജ് എന്നിവര്‍ക്കൊന്നും ടി.പിയുമായി വ്യക്തിവിരോധമൊന്നുമില്ല. അവര്‍ക്കെല്ലാം ക്ലീന്‍ ചീറ്റ്. മറിച്ച് കുഞ്ഞനന്തന്‍റെ വീട്ടിലെത്തി അദ്ദേഹവുമായി ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട രാമചന്ദ്രന് മാത്രം ടി.പിയോട് വ്യക്തിവിരോധം. അപ്പോള്‍ കുഞ്ഞനന്തന്‍റെയും മനോജിന്‍റെയും പങ്കെന്തെന്ന് വ്യക്തമാക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലേ? അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ടില്‍ അങ്ങനെയെന്തെങ്കിലും ഉണ്ടോ എന്ന് എന്തായാലും പുറത്തു വന്നിട്ടില്ല. അപ്പോള്‍ ഇങ്ങനെയൊരു റിപ്പോര്‍ട് ഇപ്പോള്‍ പുറത്തു വിടാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്താണ്? ഇങ്ങനെയൊരു അന്വേഷണവും പുറത്താക്കലും കൊണ്ട് ടിപിയുടെ കൊലപാതകത്തിന്റെ ഉത്തരവാദത്തില്‍ നിന്ന് തങ്ങള്‍ക്ക് കൈകഴുകാനാവും എന്ന ലളിത യുക്തിയാണോ ഇതിന് പിന്നില്‍? യഥാര്‍ഥത്തില്‍ ഇത്തരമൊരു പുറത്താക്കലിലൂടെ ടി.പിയെ കൊന്നതിന് പിന്നില്‍ പാര്‍ട്ടിക്ക് ബന്ധമുണ്ടായിരുന്നു എന്ന് ഒന്നുകൂടി ഉറപ്പിക്കുകയല്ലേ ഇപ്പോള്‍ സിപിഎം ചെയ്തിരിക്കുന്നത്.
 


തന്‍റെ ഭര്‍ത്താവിന്‍റെ യഥാര്‍ത്ഥ ഘാതകരെ കണ്ടെത്താന്‍ സി ബി ഐ അന്വേഷണം വേണമെന്നാവിശ്യപ്പെട്ടു കെ കെ രമ തിരുവനന്തപുരത്ത് നിരാഹാരം കിടക്കുമ്പോള്‍ ആണ് പോളിറ്റ് ബ്യൂറോ മെമ്പറായ കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള സി പി ഐ എം നേതാക്കള്‍ വിയ്യൂര്‍ ജയിലില്‍ എത്തി കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നത്തില്‍ ഇടപെട്ടത്. ഇടപെടുക മാത്രമല്ല ടി പി കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ബന്ധു ജനങ്ങളെ സംഘടിപ്പിച്ച് വിയ്യൂര്‍ ജയിലിന് മുന്‍പില്‍ നിരാഹാര സമരവും സംഘടിപ്പിക്കുകയുണ്ടായി. അന്നും കേരളത്തിലെ ബഹു ഭൂരിപക്ഷം പാര്‍ടി പ്രവര്‍ത്തകരും ചാനല്‍ ചര്‍ച്ചകളിലൂടെ പ്രബുദ്ധരായ ജനതയും അത്ഭുതം കൂറി. ഇവരെന്ത് മണ്ടത്തരമാണ് കാണിക്കുന്നത്? കൊലപാതകത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ല എന്ന് പറയുക. അതേ സമയം കൊലപാതകികളെയും കൂട്ട് നിന്നവരെയും സന്ദര്‍ശിക്കാന്‍ ജയിലിലേക്ക് പോവുകയും അവര്‍ക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുക.

എന്നാല്‍ യഥാര്‍ഥത്തില്‍ അത്രത്തോളം ലളിതമല്ല കാര്യങ്ങള്‍. പാര്‍ടി ബ്യൂറോക്രാറ്റിക് സംവിധാനത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫയല്‍ ക്ലോസ് ചെയ്യുന്ന പരിപാടിയാണ് പാര്‍ടി അന്വേഷണ റിപ്പോര്‍ടും അതിലെടുത്ത തീരുമാനവും എന്ന് അല്പമൊന്നു മാറി ചിന്തിച്ചാല്‍ മനസിലാവും. സി ബി ഐ  അന്വേഷണമെന്നും പര്‍ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്നും ഒക്കെ ആവിശ്യപ്പെട്ടു വരുന്ന വി എസിന്‍റെ കുത്തിത്തിരുപ്പുകളെ തടയിടാനുള്ള തടയണയാണ് കെ സി രാമചന്ദ്രന്‍. തിരഞ്ഞെടുപ്പിന് ശേഷം ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചയില്‍ പാര്‍ടി അന്വേഷണം എന്ന മാന്ത്രിക വടികാട്ടി എതിര്‍ ശബ്ദങ്ങളെ അടക്കിയിരുത്താമെന്ന് തന്നെയാണ് കേരള നേതൃത്വത്തെ പിന്തുണക്കുന്ന പി ബി യിലെ ബുദ്ധി കേന്ദ്രങ്ങള്‍ കരുതുന്നത്. ഈ അന്വേഷണത്തിന്‍റെ ആധികാരികതയെയും ശാസ്ത്രീയാതെയുമൊക്കെ ചോദ്യം ചെയ്തു ഇനി ആരെങ്കിലും പുനരന്വേഷണം ആവിശ്യപ്പെടുമെന്ന് തോന്നുന്നില്ല. വി എസ് പോലും. പാര്‍ടി രീതികള്‍ ആരെക്കാളും നന്നായി അറിയുന്നയാളാണല്ലോ വി എസ്.
 


യഥാര്‍ഥത്തില്‍ സി പി ഐ എം നേതൃത്വം കാണിച്ച അതിബുദ്ധിയാണ് ഈ തീരുമാനം എന്ന് പറയേണ്ടി വരും. പാര്‍ടിക്കുള്ളില്‍ ഇതുമായി നടക്കാവുന്ന ചര്‍ച്ചകളുടെ അവസാനത്തെ സാധ്യതകളും അടച്ചുകളയുക എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി അവര്‍ മുന്നോട്ട് വച്ചിരിക്കുന്നു. ടി പി വധം പൊതു സമൂഹത്തിന്‍റെ പ്രശ്നത്തില്‍ നിന്നും രമയുടെയും ആര്‍ എം പിയുടെയും പ്രശ്നമായി മാത്രം അത് മാറിയിരിക്കുന്നു എന്ന കാര്യം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതു സമൂഹം വര്‍ത്തകളും ചര്‍ച്ചകളും ചവച്ചു തിന്നുന്ന ജീവികള്‍ മാത്രമാണെന്നും എപ്പോഴും ഒരേ ഭക്ഷണം കഴിച്ചാല്‍ അവര്‍ക്ക് മടുക്കുമെന്നും റേറ്റിംഗിന്‍റെ പിന്നാലെ പോകുന്ന മാധ്യമലോകം പുതിയ വിഷയങ്ങള്‍ തേടിപ്പോകുമെന്നും മനസിലാക്കാന്‍ വലിയ ബുദ്ധിയുടെ ആവിശ്യമൊന്നുമില്ല. പ്രത്യേകിച്ചും കോണ്‍ഗ്രസ് പാര്‍ടിയും മാധ്യമങ്ങളുമ്മൊക്കെ കസ്തൂരി രംഗനിലും കേരള കോണ്‍ഗ്രസിലും സീറ്റ് ചര്‍ച്ചകളിലും മുഴുകിയിരിക്കുന്ന സാഹചര്യത്തില്‍ ഈ വാര്‍ത്തയ്ക്ക് കുറച്ച് മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും സി പി ഐ എമ്മിന് നന്നായി അറിയാം. അതുകൊണ്ടു ഈ അന്വേഷണ റിപോര്‍ടിന്‍റെ സംഗത്യത്തെക്കുറിച്ച് പൊതുസമൂഹം എന്തെങ്കിലും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നില്ല. കാരണം ഇത് സി പി ഐ എം എന്ന പാര്‍ടിക്ക് വേണ്ടി മാത്രം തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്.

പിന്നില്‍ കേട്ടത്: ദാസനും വിജയനും പണ്ടത്തെ പോലെ തിരുമണ്ടന്‍മാരല്ലെന്ന് മനസിലാക്കുക. അവര്‍ പശുവിനെ പോറ്റുകയും ലിറ്റര്‍ കണക്കിനു പാല്‍ അളക്കുകയും വലിയ പണക്കാരാകുകയും ചെയ്യും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍