UPDATES

ഓഫ് ബീറ്റ്

വീല്‍ചെയറില്‍ ജീവിക്കുന്നവരുടെ ഉളിലിരിപ്പ് എന്താണ്?

കിമ്പര്‍ലി ഡോമാംഗ് (സ്ലേറ്റ്) 

വീല്‍ചെയറില്‍ ജീവിക്കുന്നവര്‍ക്ക് എന്താവും തോന്നുക? വിവരിക്കാന്‍ പാടാണ്.

ഒരാളെ വീല്‍ചെയറില്‍ കാണുമ്പോള്‍ ആളുകളുടെ സ്വഭാവം മാറും. ആളുകള്‍ക്ക് സഹായിക്കണമെന്നും ഇടം കൊടുക്കണമെന്നുമൊക്കെ തോന്നും. എന്നാല്‍ ഇത് എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല, ഇങ്ങനെയൊരാളെ അടുത്തുകാണുമ്പോള്‍ മാത്രമാണ് പലര്‍ക്കും സഹാനുഭൂതി തോന്നുക. ഞാന്‍ ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്നു. അപരിചിതര്‍ പോലും എന്റെ അടുത്തുവന്ന് എന്നെ അഭിനന്ദിച്ചിട്ടുണ്ട്. അപരിചിതര്‍ എനിക്ക് സമ്മാനങ്ങള്‍ തന്നിട്ടുണ്ട്.

ഞാന്‍ ഓര്‍ക്കുന്നതിലും കൂടുതലാളുകള്‍ എന്നെ ഓര്‍ക്കുന്നു. പ്രത്യേകതരം ഒരു പ്രശസ്തിയാണത്. അത് നിങ്ങളെ നിര്‍ണ്ണയിക്കുന്ന ഘടകവുമായിത്തീരും.

“കിമ്പര്‍ലിയെ അറിയുമോ?”
“അറിയില്ലല്ലോ.”
“ആ വീല്‍ചെയറില്‍ വരുന്ന…”
“ഇപ്പൊ പിടികിട്ടി!”
 

ചെറിയ കുട്ടികളെ നിങ്ങളുടെ വീല്‍ചെയര്‍ വല്ലാതെ ആകര്‍ഷിക്കും. കുട്ടികളോടുള്ള സ്നേഹം കൊണ്ട് ഇത് നിങ്ങളെയും സന്തോഷിപ്പിക്കും.

വീല്‍ചെയര്‍ ഉപയോഗിച്ചുതുടങ്ങുന്നതിനുമുന്‍പ് ഞാന്‍ പലയിടത്തും മുടന്തിനടന്നുപോകാറുണ്ടായിരുന്നു. (സ്പൈന ബൈഫിഡ എന്ന അസുഖമാണ് എനിക്ക്.) ഞാന്‍ ഹൈസ്കൂളില്‍ വെച്ച് വീല്‍ചെയര്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ അമ്മ എന്നോട് ദെഷ്യപ്പെട്ടു. ഞാന്‍ എന്റെ പരിശ്രമം അവസാനിപ്പിച്ചുവെന്നായിരുന്നു അമ്മയുടെ പക്ഷം. എന്നാല്‍ എനിക്ക് പോകാന്‍ ആഗ്രഹം തോന്നുന്നിടത്തെല്ലാം പോകാന്‍ കഴിയുന്നതിന്റെ സന്തോഷമായിരുന്നു എനിക്ക്. വീഴുമെന്ന് പേടിക്കേണ്ട, ആയാസം വേണ്ട, തളര്‍ച്ച വേണ്ട. എവിടെ പോകണം എന്നത് മാത്രമായി എന്റെ ചിന്ത.

ഒരു മുതിര്‍ന്നയാള്‍ വീല്‍ചെയറില്‍ ഇരിക്കുമ്പോള്‍, പ്രത്യേകിച്ച് കോളേജ് പഠനകാലത്തും ജോലി അന്വേഷിക്കുന്ന സമയത്തുമൊക്കെ നിങ്ങള്‍ക്ക് മറ്റുചില വേവലാതികള്‍ ഉണ്ടാകും. പ്രേമബന്ധങ്ങള്‍ ഉണ്ടാകാന്‍ വലിയ ബുദ്ധിമുട്ടാണ്. സുഹൃത്തുക്കളുമായി നിങ്ങള്‍ നല്ല സൌഹൃദങ്ങള്‍ നിലനിര്‍ത്തുമെങ്കിലും അവര്‍ നിങ്ങള്‍ക്കുമുന്നില്‍ ഇരുന്ന് യാത്രകള്‍ പ്ലാന്‍ ചെയ്യുകയും നിങ്ങളെ കൂടെ വരാന്‍ ക്ഷണിക്കാതിരിക്കുകയും ചെയ്യും.

ആളുകള്‍ നിങ്ങളെ ഒരു അസൌകര്യമായാണോ കാണുന്നത് എന്ന് നിങ്ങള്‍ സന്ദേഹിക്കും. അടുത്ത സൌഹൃദങ്ങള്‍ സൂക്ഷിക്കുന്നതിന് ആളുകള്‍ മടിക്കുന്നത് എന്തിനാണ് എന്ന് നിങ്ങള്‍ അമ്പരക്കും. നിങ്ങള്‍ കാടുകയറി ചിന്തിക്കുന്നതാണോ എന്നും വേവലാതിപ്പെടും.

എന്നാല്‍ വീല്‍ചെയറില്‍ ജീവിക്കേണ്ടിവരിക എന്നാല്‍ എന്താണ് എന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. നിങ്ങള്‍ക്ക് ആലോചിക്കുകയും ചെയ്യുകയും ചെയേണ്ടിവരുന്ന കാര്യങ്ങളെപ്പറ്റി പൊതുവേ ആളുകള്‍ക്ക് ധാരണയുണ്ടാകില്ല.
 

വിരാലി മോഡി നല്കിയ ഉത്തരങ്ങള്‍

കയ്പ്പും മധുരവുമാണ് അത്.

നല്ല കാര്യങ്ങള്‍ ആദ്യം പറയാം.
 

  • ബൈക്കുകളില്‍ ആളുകള്‍ ചെയ്യുന്ന തരം അഭ്യാസങ്ങള്‍ ചെയ്യാം.
  • ആളുകളെ “അബദ്ധത്തില്‍” ചെന്നിടിക്കാം.
  • മുന്നോട്ട് നീങ്ങുന്നത് തന്നെ നല്ലൊരു വ്യായാമമാണ്.
  • ക്യൂ നില്‍ക്കേണ്ട.

ഇനി മോശം കാര്യങ്ങള്‍

  • ഇന്ത്യയില്‍ പ്രത്യേകിച്ച് ആളുകള്‍ കരുതും എന്നെ വീഴ്ത്താന്‍ എളുപ്പമാണെന്ന്. “പാവം വിരാലി, വീല്‍ചെയറിലായത് കൊണ്ട് വേഗം വളയും” എന്നാണ് പൊതുവേ ആളുകളുടെ ധാരണ. അങ്ങനെ എന്നോട് ഫ്ലര്‍ട്ട് ചെയ്തുതുടങ്ങിയ ഒരുപാട് പുരുഷന്മാരുണ്ട്. തെറ്റിദ്ധരിക്കേണ്ട, എനിക്ക് ഫ്ലെര്‍ട്ടിംഗ് ഒക്കെ ഇഷ്ടമാണ്. എന്നാല്‍ കുറച്ചുസമയം കഴിയുമ്പോള്‍ തന്നെ അവര്‍ സെക്സിനെപ്പറ്റിയും എന്നോടൊപ്പം ചെയ്യാനാഗ്രഹിക്കുന്ന വൈകൃതങ്ങളെപ്പറ്റിയും സംസാരിച്ചുതുടങ്ങും. എന്തിനാണിങ്ങനെ ചെയ്യുന്നത്? വരൂ, സെക്സ് ആവാം, ഞാന്‍ ഇവിടെ തളര്‍ന്നുകിടക്കുന്നതുകൊണ്ട് എളുപ്പമാണ് എന്ന് ഞാന്‍ വല്ല ബോര്‍ഡും വെച്ചിട്ടുണ്ടോ?
  • വൈകാരികതലത്തില്‍ എന്നോട് ഒരുത്തരും ഇഷ്ടം പ്രകടിപ്പിച്ചിട്ടില്ല. എന്നെ പ്രേമിക്കാന്‍ ആരും തുനിഞ്ഞിട്ടില്ല. വീല്‍ചെയറില്‍ ഉള്ള ഒരാളെ പ്രേമിക്കുന്നത് ദുരിതമായിരിക്കും എന്ന് ആളുകള്‍ കരുതുന്നു. എന്തിനാണ് വീല്‍ചെയറില്‍ ഉള്ള ഒരു ആണിനെയോ പെണ്ണിനെയോ പ്രേമിക്കുന്നത് എന്നാണ് ആളുകള്‍ ചോദിക്കുക. എന്നാല്‍ സത്യത്തില്‍ അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.
  • എനിക്ക് നടക്കാന്‍ പറ്റാത്തതുകൊണ്ട് ആളുകള്‍ എന്നെ അവഗണിച്ച് ഡാന്‍സ് കളിക്കാനും എന്തിന് കാപ്പികുടിക്കാന്‍ പോലും പോയിട്ടുണ്ട്. ഇവര്‍ പോകുന്ന സ്ഥലത്ത് വീല്‍ചെയറില്‍ ഉള്ള ഒരാളിനുള്ള സൌകര്യങ്ങള്‍ ഇല്ല എന്നാവും അവര്‍ ചിന്തിക്കുന്നത്. നമ്മള്‍ ഡാന്‍സ് കളിക്കാന്‍ ക്ലബ്ബില്‍ പോകുമ്പോള്‍ നടക്കാന്‍ വയ്യാത്ത ഒരു പെണ്ണ് എന്തുചെയ്യാനാണ്? എന്നാവും ചിന്ത. സത്യം പറയാമല്ലോ, ഞാന്‍ എന്റെ ശരീരത്തിന്റെ മേല്‍ഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കില്‍ കൂടി നിങ്ങളെക്കാള്‍ നന്നായി ഞാന്‍ ഡാന്‍സ് ചെയ്യും.
  • ഇന്ത്യയിലെ പല സ്ഥലങ്ങളിലും വീല്‍ചെയറില്‍ ഉള്ള ആളുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന സൌകര്യങ്ങളില്ല. വികലാംഗരുടെ അവകാശങ്ങളെപ്പറ്റി രാഷ്ട്രീയക്കാര്‍ എന്തെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇല്ല. ലോക്കല്‍ ട്രെയിനുകളില്‍ വികലാംഗര്‍ക്കായി പ്രത്യേകകമ്പാര്‍ട്ട്മെന്റ് ഉണ്ട്. എന്നാല്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ കംപാര്‍ട്ട്മെന്റില്‍ കയറാന്‍ യാതൊരു സംവിധാനവുമില്ല.
  • ഇന്ത്യയില്‍ മനുഷ്യര്‍ വികലാംഗരെ തുറിച്ചുനോക്കും. ഞങ്ങള്‍ എന്താ സര്‍ക്കസോ മറ്റോ ആണോ? ഞങ്ങള്‍ കുറച്ചുപേര്‍ ഒരുമിച്ച് ഒരു ഷോപ്പിംഗ്‌മോളില്‍ പോകുന്നത് കുറ്റമാണോ? ഇതിനു അപവാദമായ നല്ല മനുഷ്യരും ഉണ്ട്.
  • വീല്‍ചെയറിലായതുകൊണ്ട് ഭംഗിയുള്ള ഒരു മുഖം സൂക്ഷിക്കുകയല്ലാതെ വേറെയൊന്നും എനിക്ക് ചെയ്യാനാകില്ല എന്ന് പൊതുവേ ഒരു ധാരണയുണ്ട്. ഒരു കസേരയില്‍ തന്നെ എട്ടു വര്‍ഷം ഇരുന്ന് നിങ്ങള്‍ ഇന്നുവരെ നേടിയ വിജയങ്ങളെക്കാള്‍ വലിയ വിജയങ്ങള്‍ ഞാന്‍ നേടിയിട്ടുണ്ട്.
  • ചെളിയിലും മഞ്ഞിലും ഒക്കെ വീല്‍ചെയര്‍ ഉപയോഗിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.
     


 

വീല്‍ചെയര്‍ ഉപയോഗിക്കുക എന്നത് തീര്‍ച്ചയായും ഒരു വെല്ലുവിളിയാണ്. എന്നാല്‍ അത് നേരിട്ടേ പറ്റൂ. എന്നാല്‍ സ്വന്തം അവസ്ഥയെ കണ്ണുമടച്ച് സ്വീകരിക്കുക എന്നല്ല ഇതിനര്‍ത്ഥം. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഇത് ടൈപ് ചെയ്യില്ല. ഈ കഴിഞ്ഞ എട്ടു വര്‍ഷം സന്തോഷവതിയായി ജീവിക്കില്ല.

വീല്‍ചെയറിലുള്ള ജീവിതം ബുദ്ധിമുട്ടാനെങ്കിലും അത് അസാധ്യമല്ല. പോസ്റീവ് ചിന്തകളും പുഞ്ചിരിയും വളരെയധികം ഗുണം ചെയ്യും.

വീല്‍ചെയറില്‍ ഇരിക്കുമ്പോള്‍ എനിക്കെന്താണ് തോന്നുകയെന്നോ? എളുപ്പമാണ് എന്നും ഒരു വെല്ലുവിളിയാണെന്നും തൊന്നും. അടുത്ത വര്‍ഷം ഈ സമയമാകുമ്പോള്‍ വീല്‍ചെയര്‍ ഉപേക്ഷിച്ചതിനെപ്പറ്റി എഴുതാന്‍ കഴിയുമെന്നാണ് കരുതുന്നത്.

കൂടുതല്‍ സമയം ഇരിക്കുന്നതുകൊണ്ട് വീല്‍ചെയര്‍ ഉപയോഗിക്കുന്നത് തങ്ങളുടെ തൊലി, പ്രത്യേകിച്ച് പിന്‍ഭാഗത്തുള്ള തൊലി പൊട്ടലുകള്‍ ഒന്നുമുണ്ടാകാതെ സംരക്ഷിക്കേണ്ടതാണ്. ചുഴലി പോലെയുള്ള അസുഖങ്ങള്‍ ഉള്ളയാളുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണം. കാത്സ്യം കുറഞ്ഞാല്‍ എല്ലുകള്‍ക്ക് പോട്ടലുണ്ടാകും.  

വേറൊന്നുകൂടി എനിക്ക് പറയാനുണ്ട്. എനിക്ക് ഇന്ത്യയില്‍ ധാരാളം സുഹൃത്തുക്കളുണ്ട്, വീല്‍ചെയറില്‍ ഉള്ളവര്‍. അവര്‍ മാനസികമായി വളരെ ദുര്‍ബലരാന്. ഒരു വീല്‍ചെയറില്‍ നിന്ന് പുറത്തുവരാന്‍ ശ്രമിക്കാനുള്ള ധൈര്യമോ മനസോ അവര്‍ക്കില്ല. എനിക്കും ഇടയ്ക്കൊക്കെ സങ്കടങ്ങള്‍ ഉണ്ടാകാറുണ്ട്. ആളുകള്‍ നിങ്ങളെ കാണാതെ നിങ്ങളുടെ വീല്‍ചെയര്‍ മാത്രം കാണുന്നത് സങ്കടകരമാണ്.

വ്യത്യസ്തയായിരിക്കുന്നതില്‍ എനിക്ക് വിഷമമില്ല. എങ്കിലും ചിലപ്പോഴൊക്കെ മറ്റുള്ളവരെപ്പോലെ തന്നെയായിരുന്നെങ്കില്‍ എന്ന് എനിക്കും തോന്നാറുണ്ട്. ഒരു സാധാരണ ആരോഗ്യമുള്ള വ്യക്തി ചെയ്യുന്ന എല്ലാ കാര്യങ്ങളും എനിക്ക് ചെയ്യാന്‍ കഴിയും. നിങ്ങള്‍ നട കയറുമ്പോള്‍ എനിക്ക് ലിഫ്റ്റോ റാമ്പോ ഉപയോഗിക്കേണ്ടി വരുന്നുവെന്ന് മാത്രം.
 

ഉദാഹരണം പറയാം. ഞാന്‍ തനിച്ചു മുംബൈ മുഴുവന്‍ ഓട്ടോയില്‍ സഞ്ചരികാറുണ്ട്. വീല്‍ചെയറിലുള്ള വേറെ ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടോ എന്നെനിക്കറിയില്ല. മുംബൈയില്‍ നല്ല ചൂടാണ്. എന്‍റെ വീട്ടില്‍ നിന്ന് തെറാപ്പി നടത്തുന്ന സ്ഥലത്തേയ്ക്ക് ട്രാഫിക്ക് ഉള്ളപ്പോള്‍ ഒന്നരമണിക്കൂര്‍ യാത്രയുണ്ട്. ട്രാഫിക് ഇല്ലെങ്കില്‍ പതിനഞ്ചുമിനുറ്റ് ദൂരമേ വരൂ. ഞാന്‍ തനിച്ചു പോകും, പച്ചക്കറി വാങ്ങും, വ്യായാമം ചെയ്യും, സുഹൃത്തുക്കളെ കാണും, പുറത്തുപോയി ഭക്ഷണം കഴിക്കും, ജോലി ചെയ്യും. ആരോഗ്യം സംരക്ഷിക്കാനോ വ്യായാമം ചെയ്യാനോ സമയമില്ല എന്ന് പരാതി പറയുന്ന മനുഷ്യരെ എനിക്ക് മനസിലാക്കാന്‍ പറ്റുന്നില്ല.

ഞാന്‍ പറഞ്ഞല്ലോ, വീല്‍ചെയറില്‍ ജീവിക്കുക ബുദ്ധിമുട്ടാണ്, എന്നാല്‍ അത് അസാധ്യമല്ല. ചില രോഗങ്ങള്‍ നമ്മെ  തളര്‍ത്തും. എന്നാല്‍ ഏറ്റവും നന്നായി അത്തരം സാഹചര്യങ്ങളില്‍ ചെയ്യാന്‍ കഴിയുക സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാക്കുക എന്നതാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍