UPDATES

എഡിറ്റേഴ്സ് പിക്ക്

ഷീലാ ദീക്ഷിതില്‍ നിന്ന് മലയാളി പഠിക്കേണ്ട കാര്യങ്ങള്‍

ടീം അഴിമുഖം

വിനീത വിധേയനായ രാഷ്ട്രീയ നേതാവിനെയോ പെന്‍ഷന്‍ പറ്റിയ ഉദ്യോഗസ്ഥനെയോ എന്തെങ്കിലും സംസ്ഥാനത്തിലേക്കൊ കേന്ദ്ര ഭരണ പ്രദേശത്തിലേക്കൊ ഗവര്‍ണറായോ ലെഫ്ട്നന്‍റ് ഗവര്‍ണ്ണറായോ അയക്കുക എന്നത് തികച്ചും കൊളോണിയലായ ഒരു രീതിയാണ്. ഇത് വളരെ ജനാധിപത്യ വിരുദ്ധമായ ഒരു നടപടികൂടിയാണ്. ഇത്തരത്തില്‍ ഗവര്‍ണ്ണര്‍മാരെ നിയമിക്കുന്ന രീതിയെക്കുറിച്ച് ഒരു പുനരാലോചന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തെ സരക്ഷിക്കുന്നതും കാലഘട്ടത്തിനനുയോജ്യവുമായ ഒരു സംവിധാനം പഴയതിന് പകരമായി നടപ്പില്‍ വരുത്തേണ്ടിയിരിക്കുന്നു. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെ തന്നെ പുതിയതായി നിയമിക്കപ്പെട്ട കേരളത്തിന്‍റെ ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിതിനെക്കുറിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ കൂടുതല്‍ അറിയാണ്‍ ശ്രമിക്കുന്നത് അത്ര മോശം കാര്യമല്ല. എന്തായാലും ഔദ്യോഗിക ആചാരപരിപാടികളിലും കല്ലിടല്‍ കര്‍മ്മങ്ങള്‍ നിലവിളക്ക് തെളിയിക്കല്‍ തുടങ്ങി അര്‍ഥശൂന്യമായ പരിപാടികളിലും ഷീല ദീക്ഷിതിനൊപ്പം പങ്കെടുക്കാന്‍ നമ്മുടെ നേതാക്കന്‍മാര്‍ക്ക് കൂടുതല്‍ സമയം കിട്ടുക തന്നെ ചെയ്യും.  പക്ഷേ ഇത്തരം സ്ഥിരം കലാപരിപാടികള്‍ മാത്രമല്ല നമ്മുടെ ഗവര്‍ണ്ണര്‍മാര്‍ ചെയ്യാറ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മൂന്ന് സ്ത്രീകളോടൊന്നിച്ച് ആന്ധ്ര ഗവര്‍ണ്ണറായിരുന്ന എന്‍ ഡി തിവാരി ക്യാമറയ്ക്ക് മുന്പില്‍ പെട്ടത്.  

ഗവര്‍ണ്ണര്‍മാര്‍ എന്താണ് യഥാര്‍ഥത്തില്‍ ചെയ്യേണ്ടത് എന്നതില്‍ ചില മാന്യമായ അപവാദങ്ങളും ഇല്ലാതില്ല.  അതിലൊന്ന് നമ്മുടെ സ്വന്തം കെ ശങ്കര നാരായണന്‍ ആദര്ശ് കുംഭകോണ കേസില്‍ അശോക് ചവാനെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ അനുമതി കൊടുക്കാതിരുന്നതാണ്. ഇത്തരം അസംബന്ധ തീരുമാനങ്ങളാണ് വിനീത വിധേയനായ ഒരു ഗവര്‍ണറില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഈ കാരണങ്ങള്‍ക്കൊണ്ടുതന്നെയാണ് ആര്‍ക്ക് വേണം ഈ ഗവര്‍ണ്ണറെ എന്ന ചോദ്യം ഉച്ചത്തില്‍ ചോദിക്കാന്‍ നമ്മള്‍ പ്രേരിപ്പിക്കപ്പെടുന്നതും. എന്തായാലും വിഷയത്തില്‍ നിന്ന് നമ്മള്‍ വ്യതിചലിക്കേണ്ടതില്ല. ആം ആദ്മി പാര്‍ടി തൂത്തെറിയുന്നതിന് മുന്‍പ് 1998 മുതല്‍ 2013 വരെ ഡെല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെക്കുറിച്ചാണ് നമ്മുടെ ചര്‍ച്ച. കോണ്‍ഗ്രസിന്റെ ഏറ്റവും കഴിവുറ്റ മുഖ്യമന്ത്രിമാരില്‍ ഒരാളെയാണ് അരവിന്ദ് കേജീരിവാള്‍ തോല്‍പ്പിച്ചിരിക്കുന്നത്. ഈ രീതിയില്‍ പടിയിറങ്ങേണ്ട ഒരാളായിരുന്നില്ല ദീക്ഷിത്. 
 


ദീര്‍ഘകാലമായി ഡല്‍ഹിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് എന്താണ് ഉമാ ശങ്കര്‍ ദീക്ഷിതിന്റെ ഈ മരുമകള്‍ രാജ്യ തലസ്ഥാനത്തിന് വേണ്ടി ചെയ്തത് എന്നതിനെക്കുറിച്ച് പറയാനേറെയുണ്ടാകും. കച്ചവടക്കാരുടെ നഗരം എന്ന സങ്കല്‍പ്പത്തില്‍നിന്ന് ഡല്‍ഹിയെ മാറ്റി പകരം അതിന്‍റെ വോട്ടര്‍ സമൂഹത്തിന് മധ്യവര്‍ഗത്തിന്റെയും പ്രൊഫഷണലുകളുടെയും നിറം കൊടുത്തു എന്നതാണ് ഏറ്റവും ആദ്യം എടുത്തുകാണിക്കേണ്ടത്. ക്രമ സമാധാന പാലനത്തിലൊഴികെ ഭരണതലത്തില്‍ കൊണ്ടു വന്ന പരിഷ്കാരങ്ങളിലൂടെ ഡെല്‍ഹിയെ ലോകത്തിലെ ഏതൊരു വലിയ നഗരത്തിന്റെയും നിലവാരത്തിലേക്ക് അതിനെ എത്തിച്ചു എന്നതാണ് അടുത്തത്.

1990കളില്‍ ഡെല്‍ഹിയിലെ റോഡുകളിലൂടെ ഒരു സ്കൂട്ടറില്‍ നിങ്ങള്‍ യാത്ര ചെയ്യുകയാണെങ്കില്‍ ലക്ഷ്യത്തിലെത്തുമ്പോഴേക്കും നിങ്ങളുടെ മുഖം ഡീസല്‍ പുകകൊണ്ട് കരിപ്പിടിച്ചിട്ടുണ്ടാവും. ഒരു കല്‍ക്കരി ഖനിയില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയെപ്പോലിരിക്കും നിങ്ങളെ കാണുമ്പോള്‍. ആ ദിവസങ്ങള്‍ ഇപ്പോള്‍ അകന്നു പോയിരിക്കുന്നു. ഡെല്‍ഹിയുടെ അന്തരീക്ഷത്തിന് വളരെ നാടകീയമായ മാറ്റം തന്നെ ഈ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരിക്കുന്നു. പൊതു ഗതാഗത സംവിധാനം ആശ്രയിച്ച് യാത്ര ചെയ്യുന്നത് ഭീകരമായ അനുഭവമായിരുന്ന കാലത്തില്‍ നിന്ന് വിഭിന്നമായി വളരെ മെച്ചപ്പെട്ട മെട്രോ സംവിധാനവും പബ്ലിക് ബസ് സംവിധാനവും ഇന്ന് ഡെല്‍ഹിയിലുണ്ട്.
 


എപ്പോഴും ട്രാഫിക്ക് കുരുക്കില്‍ ശ്വാസം മുട്ടിയിരുന്ന ഡല്‍ഹി റോഡുകളെ വമ്പിച്ച അടിസ്ഥാന സൌകര്യം ഒരുക്കിക്കൊണ്ട് മെച്ചപ്പെടുത്താന്‍ ദീക്ഷിതിന് കഴിഞ്ഞിട്ടുണ്ട്. 1990കളില്‍ ധോല ക്വാന്‍ റൌണ്ടില്‍ എത്തിപ്പെട്ടാല്‍ യാത്രതടസവും നിരന്തരമായ അപകടങ്ങളും നിങ്ങള്ക്ക് നേരിടേണ്ടിവരുമായിരുന്നു.ആ കാലത്ത് എല്ലാ സ്കൂട്ടറുകളിലും കാറുകളിലും തട്ടിയും മുട്ടിയും ഉരഞ്ഞതിന്റെ പാടുകള്‍ നിങ്ങള്ക്ക് കാണാന്‍ കഴിയുമായിരുന്നു.  ഇന്ന് ആ റൌണ്ട് ആധുനികമായ ഫ്ലൈ ഓവര്‍ സംവിധാനത്തിലൂടെ പുതുക്കി പണിതിരിക്കുന്നു. ഈ നഗരം ഇത്ര നാടകീയമായി രൂപാന്തരം പ്രാപിച്ചതിന് നമുക്ക് ഷീല ദീക്ഷിത്തിനോട് നന്ദി പറയാം. അതുകൊണ്ടു തന്നെ കേരളത്തിലെ രാഷ്ട്രിയക്കാര്‍ ഷീല ദീക്ഷിതിനെ കാണുന്ന സമയത്ത് മെച്ചപ്പെട്ട ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട പൊടിക്കൈകള്‍ ചോദിച്ചറിയുന്നത് എന്തുകൊണ്ടും നന്നായിരിക്കും. പലരും ഇപ്പൊഴും ഇവിടെ വാദിക്കുന്നത് പോലെ ഒരു നെടുങ്കന്‍ എക്സ്പ്രെസ് ഹൈവേ ഒരിയ്ക്കലും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന് ഷീല ദീക്ഷിത് നിങ്ങളോട് പറയില്ല. പകരം അത് ഇപ്പോള്‍ നിലവിലുള്ള റോഡപകടങ്ങളുടെ തോത് വളരെ വലിയ രീതിയില്‍ കുറക്കുമെന്നും സംസ്ഥാനത്തിന്‍റെ ഒരറ്റത്ത് നിന്നും മറ്റൊരു അറ്റത്തെക്കു ചലിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുമെന്നും അത് വഴി നാടിന്‍റെ സാമ്പത്തിക നിലയില്‍ വലിയ മാറ്റമുണ്ടാകുമെന്നും അവര്‍ പറയും. ലോകത്ത് ഒരു രാജ്യമോ സംസ്ഥാനമോ എക്സ്പ്രെസ് ഹൈവേ കൊണ്ട് രണ്ടായി വിഭജിക്കപ്പെട്ടിട്ടില്ല എന്നതാണ് യഥാര്‍ഥ്യം. 
 


അതുപോലെ തന്നെ പടര്‍ന്ന് പിടിക്കുന്ന പനിയും മറ്റ് പകര്‍ച്ചവ്യാധികളും തടയാന്‍ നമ്മുടെ പരമ്പരാഗത നീര്‍ച്ചാലുകളും പുഴകളും കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ നീക്കി വൃത്തിയാക്കേണ്ടതിന്റെയും മികച്ച ഡ്രയിനേജ് സംവിധാനം കൊണ്ട് വരേണ്ടതിന്‍റെയും ആവിശ്യകതയെ കുറിച്ച് അവര്‍ നിങ്ങളോട് പറഞ്ഞേക്കാം. കൂടാതെ കേരളത്തിലെ സമൃദ്ധമായ നദികളും കായലുകളും ജല ഗതാഗത്തിന് വേണ്ടി തിരിച്ചു കൊണ്ട് വരേണ്ടതിനെക്കുറിച്ച് അവര്‍ക്ക് ചില നിര്‍ദേശങ്ങള്‍ കേരളത്തിലെ നേതാക്കളുടെ മുന്‍പില്‍ വയ്ക്കാനുണ്ടാകും.  ഇത് മലിനീകരണവും ട്രാഫിക് തിരക്കും മാത്രമല്ല നമ്മുടെ ഇന്ധനോപയോഗ തോതും ഗണ്യമായ രീതിയില്‍ കുറക്കും. 

ഇവിടത്തെ പിന്നില്‍ കുത്തുകാരും അല്‍പമനസ്കരും വിടുവായക്കാരുമായ രാഷ്ട്രിയക്കാര്‍ക്കു പറഞ്ഞു കൊടുക്കാന്‍ ഇതുപോലെ ലക്ഷക്കണക്കിനു പൊടിക്കൈകള്‍ അവരുടെടെ കയ്യിലുണ്ടാവും എന്നത് തീര്‍ച്ചയാണ്. ഇതിനുമപ്പുറം അഴിമതികളും ലൈംഗികാരോപണങ്ങളും ഇല്ലാത്ത അഴിമതിക്കാരായ ബിസിനസ് കാരെയും വര്‍ഗീയ നേതാക്കളെയും പ്രീണിപ്പിക്കാത്ത വളരെ മാന്യമായ പൊതുജീവിതം നയിക്കുന്നതിനെക്കുറിച്ചായിരിക്കും ഷീലാ ദീക്ഷിതിന് കൂടുതല്‍ ഉപദേശങ്ങള്‍ തരാനുണ്ടാവുക. 
 


ഗവര്‍ണ്ണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ദേശീയ ഗാനം പാടുമ്പോള്‍ വടി പോലെ എഴുന്നേറ്റ് നിന്ന് അതിനൊപ്പം ചുണ്ടനക്കുന്ന ബോറന്‍ ചടങ്ങുകളെക്കാള്‍- ഇത് നമ്മുടെ നേതാക്കള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ക്കൂടി- തീര്‍ച്ചയായും മേല്‍പ്പറഞ്ഞ ഇടപെടലുകളായിരിക്കും ഒരു സംസ്ഥാനത്തിന് ഏറ്റവും ഗുണപരമായ മാറ്റം കൊണ്ടുവരിക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍