UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

അല്ല, ആരാ ഈ ബോബ് മാര്‍ലി?

കഞ്ചാവിന്റെ പ്രചാരണത്തിന് ബോബ് മാര്‍ലിയുടെ ചിത്രം ഉപയോഗിക്കുന്നുവെന്ന് യുവജനക്കമ്മീഷന്‍ സര്‍ക്കാരിന് പരാതികൊടുത്തതായിരുന്നു ഇന്നലത്തെ ഒരു പ്രധാനവാര്‍ത്ത. യുവാക്കള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ബോബ് മാര്‍ലിയെ അധിക്ഷേപിക്കുന്നത് കഷ്ടമാണ്. അതിലും കഷ്ടമാണ് ബോബ് മാര്‍ലി ആരാണെന്നുപോലും അറിയാതെ ബോബ് മാര്‍ലിയുടെ ചിത്രം നെഞ്ചില്‍ ഒട്ടിച്ചുകൊണ്ട് നടക്കുന്നത്. അറിവില്ലായ്മ ഒരു തെറ്റല്ല. ബോബ് മാര്‍ലിയുടെ പടവും ചെഗുവേരയുടെ പടവും ഒക്കെ ഇട്ടുനടക്കുന്ന പലര്‍ക്കും ഈ മച്ചാന്മാര്‍ ഭീകരന്‍മാരാണ്, കലിപ്പ് ലുക്ക് കണ്ടില്ലേ എന്ന് മാത്രമേ അറിയൂ. ബോബ് മാര്‍ലിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ഇടുന്നവരും ഇടുന്നവരെ വിമര്‍ശിക്കുന്നവരും ഒരേപോലെ ഈ മച്ചാന്‍ ആരാണെന്ന് അറിയുന്നത് നല്ലതാണ്. നിങ്ങള്‍ ടീഷര്‍ട്ടില്‍ ഇട്ടുകൊണ്ട് നടക്കുന്നയാളിന് ഒരു ചരിത്രമുണ്ട്. നിങ്ങള്‍ വെറും കഞ്ചാവ് പ്രചാരകനായി കാണുന്നത് റെഗ്ഗെ സംഗീതത്തിന്റെ ആത്മാവിനെയാണ്.   

 

ഞാന്‍ ബോബ് മാര്‍ലിയുടെ സംഗീതത്തിന്റെ കടുത്ത ആരാധികയാണ്. ജീവിതത്തിലിന്നുവരെ കഞ്ചാവ് ഉപയോഗിച്ചിട്ടില്ല. എനിക്ക് ബോബ് മാര്‍ലിയുടെ പടമുള്ള ഉടുപ്പില്ല. അയാളുടെ പാട്ടുകള്‍ ഒരുപാട് കയ്യിലുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്നവരോട് പ്രത്യേകിച്ച് എതിര്‍പ്പൊന്നുമില്ല. എന്നാല്‍ ബോബ് മാര്‍ലിയെ വെറും കഞ്ചാവ് പ്രചാരകന്‍ മാത്രമായി ചിത്രീകരിക്കുന്നതിനോട് വലിയ എതിര്‍പ്പുണ്ട്.

 

 

അറുപതുകളില്‍ റെഗ്ഗെ സംഗീതത്തിലൂടെ പ്രശസ്തനായ ജമൈക്കന്‍ സംഗീതജ്ഞനാണ് ബോബ് മാര്‍ലി. പ്രതിഷേധസ്വരങ്ങളെ വെറും മുദ്രാവാക്യങ്ങളാക്കാതെ മാസ്മരികസംഗീതമാക്കി ലോകത്തെ ഒന്നടങ്കം ത്രസിപ്പിച്ചയാളാണ് ബോബ് മാര്‍ലി. റെഗ്ഗെ സംഗീതത്തെ ലോകപ്രശസ്തമാക്കിയത് മാര്‍ലി ഒറ്റയൊരാളാണെന്ന് പറയാം. ക്രിസ്തുമതമുപേക്ഷിച്ച് റസ്തഫാരിയന്‍ മതം സ്വീകരിച്ചയാളാണ് മാര്‍ലി. ഇപ്പോള്‍ കേരളത്തില്‍ നിരോധിക്കപ്പെട്ട മഞ്ഞ, പച്ച, കറുപ്പ്, ചുവപ്പ് നിറങ്ങള്‍ സത്യത്തില്‍ റസ്തഫാരിയന്‍ മതവിശ്വാസപ്രകാരമുള്ള നിറങ്ങളാണ്. ജമൈക്കന്‍ – എത്യോപ്യന്‍ പതാകകളിലാണ് ഈ നിറങ്ങള്‍ കാണാന്‍ കഴിയുക. ഇതിലെ പച്ച ആഫ്രിക്കയുടെ ഹരിതസമൃദ്ധിയെയും ചുവപ്പ് രക്തസാക്ഷികളുടെ രക്തത്തെയും മഞ്ഞ ആഫ്രിക്കയുടെ വിഭവല്‍സമ്പത്തിനെയുമാണ്‌ സൂചിപ്പിക്കുന്നത്. ജഡ കെട്ടിയ മുടിയും പാട്ടും കഞ്ചാവും ഒക്കെ ഒരു സ്റ്റൈലിനേക്കാള്‍ റസ്തഫാരിയന്‍ മതവിശ്വാസത്തിന്റെ ഭാഗവുമാണ്. അതെന്തൊരു മതമെടാ എന്നൊക്കെ നെറ്റിചുളിക്കുന്നതിനുമുന്‍പ് വേറെ എവിടെയാണ് മതവിശ്വാസവുമായി ബന്ധപ്പെടുത്തി നമ്മള്‍ ജഡയും കഞ്ചാവും പാട്ടും തുള്ളലും ഒക്കെ കണ്ടിട്ടുള്ളത് എന്ന് ആലോചിച്ചുനോക്കുക. ഒരു ജമൈക്കക്കാരന്‍ കറുത്തവര്‍ഗക്കാരന്‍ നമ്മുടെ പയ്യന്മാരെ കഞ്ചാവുകാണിച്ചു വഴിതെറ്റിക്കുന്നു എന്ന ചിന്തയുടെ ചൊറിച്ചില്‍ മാറിക്കിട്ടും.

 

ബോബ് മാര്‍ലി തന്റെ സംഗീതത്തിലൂടെ വരുവിന്‍, കഞ്ചാവ് വലിക്കുവിന്‍, കിളിപോകട്ടെ എന്നൊന്നുമല്ല പാടുന്നത്. സമാധാനത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് പല പാട്ടുകളിലും ഉള്ളത്. വംശീയ അടിമത്തത്തോടുള്ള പ്രതിഷേധത്തിന്റെ സ്വരവും മാര്‍ലിയുടെ സംഗീതത്തിലുണ്ട്. ബോബ് മാര്‍ലിയുടെ മരണശേഷമാണ് അമേരിക്കയിലെ യുവാക്കള്‍ കഞ്ചാവിലയില്‍ മാര്‍ലിയുടെ തലയും ചുറ്റും റസ്തഫാരിയന്‍ നിറങ്ങളുമായി ചിത്രങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയത്. ടീഷര്‍ട്ട് ഡിസൈനില്‍ ബോബ് മാര്‍ലിക്ക് വലിയ പങ്കൊന്നുമില്ല.

 

 

എനിക്ക് ഏറെ പ്രിയപ്പെട്ട രണ്ടു പാട്ടുകളെപ്പറ്റി കൂടി പറയട്ടെ.

 

നോ വുമണ്‍ നോ ക്രൈ

 

 

ഈ പാട്ട് കേട്ടിട്ട് പെണ്ണുങ്ങള്‍ ഇല്ലെങ്കില്‍ ദുഃഖങ്ങള്‍ ഇല്ല എന്നാണ് ബോബ് മാര്‍ലി പാടിയിരിക്കുന്നത് എന്ന് വിശ്വസിച്ചുനടക്കുന്നവരെ എനിക്ക് നേരിട്ടറിയാം. ജമൈക്കന്‍ ഇംഗ്ലീഷ് ഉപയോഗത്തിന്റെ പ്രത്യേകത കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. സത്യത്തില്‍ “അരുതേ സ്ത്രീയേ, കരയരുതേ” എന്നാണ് കവി ഉദ്ദേശിച്ചത്. ഭാര്യമാര്‍ക്കും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി മാര്‍ലി സ്നേഹത്തോടെ പാടിയ പാട്ടാണിത്. ഈ പാട്ടില്‍ തന്നെയാണ് മാര്‍ലിയുടെ പ്രശസ്തമായ ഈ വരികള്‍ ഉള്ളത്. My feet is my only carriage, So I’ve got to push on through, But while I’m gone I say… Everything’s gonna be all right.

 

ബഫല്ലോ സോള്‍ജ്യര്‍

 

 

ബഫല്ലോ സോള്‍ജ്യര്‍ എന്ന ഈ പാട്ടില്‍ മാര്‍ലിയുടെ വരികള്‍ വിപ്ലവകരമാകുന്നുണ്ട്. അമേരിക്കന്‍ സേനയിലെ പത്താം റെജിമെന്റിനെപ്പറ്റിയാണ് ഈ പാട്ട്. കറുത്തവര്‍ഗകാരുടെ ഈ റെജിമെന്റ് നീഗ്രോ കവല്‍റി എന്നാണ് അറിയപ്പെട്ടിരുന്നത്. അവരെയാണ് അമേരിക്കക്കാര്‍ ബഫല്ലോ സോള്‍ജ്യര്‍ എന്ന് വിളിച്ചത്. ആഫ്രിക്കയില്‍ നിന്ന് അടിമക്കച്ചവടത്തിലൂടെ അമേരിക്കയിലെത്തിയ കറുത്തവര്‍ഗ്ഗക്കാരെയും മാര്‍ലി ഈ പാട്ടില്‍ ഓര്‍മ്മിക്കുന്നുണ്ട്.

I’m just a buffalo soldier in the heart of America, 
Stolen from Africa, brought to America, 
Said he was fighting on arrival, fighting for survival; 
Said he was a buffalo soldier win the war for America. 

 

ബോബ് മാര്‍ലി വെറും കഞ്ചാവ് പ്രചാരകനല്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍