UPDATES

സയന്‍സ്/ടെക്നോളജി

കുട്ടികളോട് ശാസ്ത്രസത്യങ്ങള്‍ പറയുമ്പോള്‍ ഗലീലിയോയും വെള്ളം കുടിച്ചുകാണുമോ?

ഡാലിയ ലിത്വിക്ക് (സ്ലേറ്റ്)

ആറുമാസം മുന്‍പ് എന്റെ എട്ടുവയസുകാരി ചോദിച്ചു, തീ ഖരമാണോ ദ്രാവകമാണോ അതോ വാതകമാണോ എന്ന്. ഞാന്‍ പറഞ്ഞ മറുപടി ഏതാണ്ട് ഇങ്ങനെയായിരുന്നു: വാതകം… അല്ല ഖരം… അല്ല വാതകം…അത് മാറിക്കൊണ്ടിരിക്കും, നമുക്ക് ഗൂഗിളില്‍ നോക്കാം. ദേ! ഒരു കാക്ക!”

നടന്‍ അലന്‍ ആള്‍ഡയ്ക്ക് പതിനൊന്നുവയസായിരുന്നപ്പോള്‍ അയാളും തീ എന്താണെന്ന് ടീച്ചറോട് ചോദിച്ചു. ഓക്സിഡേഷന്‍ എന്ന് അവര്‍ ഒറ്റവാക്കില്‍ മറുപടി പറഞ്ഞു. എന്റെ ഉത്തരത്തെക്കാള്‍ വലിയ മെച്ചമൊന്നുമായിരുന്നില്ല അത്. അങ്ങനെ 2011ല്‍ ഫ്ലേം ചലഞ്ച് എന്ന ഒരു മത്സരം ആള്‍ഡ സംഘടിപ്പിച്ചു. സങ്കീര്‍ണ്ണമായ ഒരു ശാസ്ത്രവിഷയം ആയിരക്കണക്കിന് പതിനൊന്നു വയസുകാര്‍ക്ക് തൃപ്തികരമായി പറഞ്ഞുകൊടുക്കാന്‍ ശാസ്ത്രജ്ഞരെക്കൊണ്ട് കഴിയുമോ എന്നതാണ് മത്സരം.

2012ല്‍ തീജ്വാല എന്താണ് എന്നതായിരുന്നു ചോദ്യം. കഴിഞ്ഞ വര്ഷം എന്താണ് സമയം എന്നായിരുന്നു. ഈ വര്ഷം നിറം എന്താണ് എന്നതാണ് ചോദ്യം. ഒരുപാട് കുട്ടികള്‍ ചോദിച്ച ചോദ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തതാണ് ഈ ചോദ്യം. ഇനി മാര്‍ച്ച് ഒന്നിന് മുന്പായി ശാസ്ത്രജ്ഞര്‍ക്ക് തങ്ങളുടെ ഉത്തരങ്ങള്‍ എഴുതിയോ വീഡിയോ ആയോ സമര്‍പ്പിക്കാം. കഴിഞ്ഞവര്ഷം വിധി പറയാന്‍ ഇരുപതിനായിരം കുട്ടികളാണ് എത്തിയത്.
 

കുട്ടികളെ സയന്‍സ് മനസിലാക്കിക്കലാണോ അതോ ശാസ്ത്രജ്ഞന്‍മാരെക്കൊണ്ട് ലളിതമായി അത് വിശദീകരിപ്പിക്കലാണോ ലക്‌ഷ്യം എന്ന് ഞാന്‍ ആള്‍ഡയോട് ചോദിച്ചു. “വളരെ സങ്കീര്‍ണമായ ഒരു കാര്യം ലളിതമായി ഒരു കുട്ടിക്ക് പറഞ്ഞുകൊടുക്കുന്നത് എത്ര ബുദ്ധിമുട്ടാണ് എന്ന് ശാസ്ത്രജ്ഞരെ മനസിലാക്കിക്കുകയായിരുന്നു ആദ്യം ലക്‌ഷ്യം. എന്നാല്‍ കുട്ടികള്‍ കൂടുതല്‍ ശാസ്ത്രത്തോട് താല്‍പ്പര്യം കാണിക്കുന്നതും കാണാന്‍ കഴിഞ്ഞു. കുട്ടികള്‍ക്ക് ശാസ്ത്രതാല്‍പ്പര്യം ഉണ്ടാകാനായി സയന്‍സ് അധ്യാപകര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമാണിത്”, ആള്‍ഡ പറയുന്നു. സാധാരണമനുഷ്യരോടും പോളിസി നിര്‍മ്മാതാക്കളോടും ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരോടും ശാസ്ത്രവിഷയങ്ങള്‍ ലളിതമായി വിശദീകരിക്കാന്‍ ശാസ്ത്രജ്ഞരെ പഠിപ്പിക്കുകയാണ് ഫ്ലേം ചലഞ്ചിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം.

പതിനൊന്നു വയസുള്ള വിധികര്‍ത്താക്കളാണോ അതോ വിശദീകരിക്കാന്‍ കഷ്ടപ്പെടുന്ന ശാസ്ത്രജ്ഞരാണോ അത്ഭുതപ്പെടുത്തുന്നത് എന്ന് ചോദിച്ചപ്പോള്‍ ആള്‍ഡ പറയുന്നത് ഇങ്ങനെയാണ്. “ബെന്‍ ആമേയുടെ വിജയിച്ച വീഡിയോ കണ്ടു ഞാന്‍ അമ്പരന്നു. അത് വളരെ വിശദവും അറിവു തരുന്നതും ഒപ്പം രസകരവുമായിരുന്നു. എങ്കിലും കുട്ടികള്‍ ചോദിക്കുന്ന ചോദ്യങ്ങളാണ് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ചോദ്യം സമയം എന്നാല്‍ എന്താണ് എന്നാണ്. കുട്ടികള്‍ എത്ര അബ്സ്ട്രാക്റ്റും ഫിലോസഫിക്കലും ആണെന്ന് നോക്കൂ. എന്നാല്‍ വളരെ ലളിതമെന്നു തോന്നുന്ന കാര്യങ്ങള്‍ പോലും ശാസ്ത്രീയമായി ചര്‍ച്ച ചെയ്യാം എന്നതാണ് സത്യം. എന്നാല്‍ വിദഗ്ധര്‍ പോലും ഈ ഉത്തരങ്ങളോട് യോജിക്കാറില്ല. അതിനര്‍ത്ഥം ശാസ്ത്രം ഇപ്പോഴും പുരോഗമിക്കുകയാണ് എന്നാണ്.”
 

ശാസ്ത്രം എപ്പോഴും ഇത്ര വിഷമം പിടിച്ച പ്രശ്നമായിരുന്നോ? ഗലീലിയോയും ഒരു കുട്ടിയോട് ശാസ്ത്ര സത്യങ്ങള്‍ വിശദീകരിക്കാന്‍ വിഷമിച്ചിരിക്കും അല്ലേ? അതോ കാലം കടന്നുപോകുമ്പോള്‍ ശാസ്ത്രം ബുദ്ധിമുട്ടുള്ളതായതാണോ? “സ്പെഷ്യലൈസെക്ഷന്‍ ഉണ്ടായതാണ് ഒരു പ്രശ്നം. ഒരു സ്പെഷ്യാലിറ്റിക്ക് വെളിയില്‍ ചില വാക്കുകള്‍ക്ക് വേറെ അര്‍ത്ഥമായിരിക്കും. ഒരു ഉദാഹരണം പറയാം. കഴിഞ്ഞ വര്ഷം ന്യൂറോസയന്റിസ്റ്റുകളും നാനോസയന്റിസ്റ്റ്കളും പങ്കെടുത്ത ഒരു മീറ്റിംഗ് ഉണ്ടായി. രണ്ടുകൂട്ടരും ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രോബ് എന്ന വാക്കിന്‍റെ അര്‍ത്ഥത്തെച്ചൊല്ലി വാദിച്ചു അവര്‍ മണിക്കൂറുകളാണ് പാഴാക്കിയത്.

എങ്കിലും ശാസ്ത്രജ്ഞര്‍ക്ക് സാധാരണക്കാരോട് സംസാരിക്കാന്‍ കഴിയുക എന്നത് പ്രധാനമാണ്. മേരി ക്യൂറി റേഡിയോആക്റ്റിവിറ്റിയെപ്പറ്റി തന്റെ പ്രബന്ധം തയ്യാറാക്കിയപ്പോള്‍ ഏതൊരു സാധാരണമനുഷ്യനും അത് വായിച്ചു മനസിലാക്കാന്‍ പറ്റുമായിരുന്നു എന്നതാണ് രസകരം. സാധാരണക്കാരോട് സംസാരിക്കുമ്പോള്‍ ശാസ്ത്രജ്ഞര്‍ വലിയ വാക്കുകള്‍ ഉപയോഗിക്കും എന്ന് മാത്രമല്ല പലപ്പോഴും ചില വാക്കുകള്‍ അവര്‍ കൃത്യതയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെങ്കിലും അത് കൂടുതല്‍ ആശയകുഴപ്പം ഉണ്ടാക്കുകയാണ് ചെയ്യുക.

അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സിന്‍റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കാന്‍ ഒരുങ്ങുകയാണ് ആള്‍ഡ. അവിടെയെത്തുന്ന ശാസ്ത്രജ്ഞരോട് എന്താണ് സംസാരിക്കാന്‍ പോകുന്നത് എന്ന് ഞാന്‍ ആള്‍ഡയോട് ചോദിച്ചു. സാധാരണക്കാരോട് സംസാരിക്കുന്നതിലെ കുറുക്കുവഴികളല്ല പ്രധാനവിഷയം. ശാസ്ത്രജ്ഞര്‍ ഇത് നന്നായി ചെയ്യേണ്ടത് തന്നെയാണ്. ശാസ്ത്രവിദ്യാര്‍ഥികളും സീനിയര്‍ ശാസ്ത്രജ്ഞരും ഒരേ പോലെ ഇത് മനസിലാക്കുന്നുണ്ട്‌. ഞാന്‍ സംസാരിക്കുമ്പോള്‍ അത് കുറച്ചു പൊടിക്കൈകള്‍ പറഞ്ഞുകൊടുക്കാനല്ല. പല പുസ്തകങ്ങളും പരിപാടികളും ചെയ്യുന്നത് ഈ പൊടിക്കൈ വിതരണമാണ്. എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ പഠിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. എന്തുപറയണം എന്നതിനെപ്പറ്റി നമ്മള്‍ ഒരുപാട് ചിന്തിക്കാറുണ്ട്, എന്നാല്‍ ശരിക്ക് ചിന്തിക്കേണ്ടത് നമ്മള്‍ പറയുന്നതിനെ ആളുകള്‍ എങ്ങനെ മനസിലാക്കുന്നു എന്നതാണ്. സംസാരിക്കുന്നത് ആരോടാണ് എന്ന് മനസിലാക്കാനാണ് ആദ്യം ശാസ്ത്രജ്ഞര്‍ പഠിക്കേണ്ടത്. ആളുകളുടെ തലച്ചോറില്‍ എന്താണ് നടക്കുന്നത്? ഒന്നോ രണ്ടോ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ കഴിഞ്ഞതുകൊണ്ട് കാര്യമില്ല, അവര്‍ക്ക് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ തോന്നണം. അങ്ങനെയാണ് അവരുമായി ഒരു ബന്ധമുണ്ടാക്കാന്‍ കഴിയുക.”

രാഷ്ട്രീയവും പൌരബോധവും ഒക്കെ പഠിപ്പിക്കാനും ഇതേ മാര്‍ഗമുപയോഗിക്കണമെന്ന് ഞാന്‍ പറഞ്ഞു. “ഞങ്ങള്‍ ആളുകളോട് സംസാരിക്കുമ്പോഴെല്ലാം ആളുകള്‍ പറയും, “ഇത് എക്കണോമിക്സ്‌ പഠിപ്പിക്കാന്‍ ഉപയോഗിച്ചുകൂടെ, വേറെ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ഉപയോഗിച്ചുകൂടെ?”…. പക്ഷെ എനിക്ക് ലോകം മാറ്റാന്‍ കഴിയില്ലല്ലോ.”
 

പതിനൊന്നുവയസിന്റെ പ്രത്യേകതയെന്താനെന്നു ഞാന്‍ ചോദിച്ചു. “ആ പ്രായത്തിലാണ് തീ എന്താണെന്നു ഞാന്‍ ചോദിച്ചത്. പതിനൊന്നുവയസില്‍ കൌതുകം മാത്രമല്ല ഉള്ളത്. ചിന്താശേഷിയും ഉണ്ടാകുന്നു. ഒപ്പം ആത്മാഭിമാനവും. കുട്ടികള്‍ ചര്‍ച്ച ചെയ്യുന്നതിന്റെയും വോട്ട്‌ ചെയ്യുന്നതിന്റെയും ഒക്കെ വീഡിയോ ഞങ്ങളുടെ പക്കലുണ്ട്. ചില കുട്ടികളുടെ പക്വത അത്ഭുതപ്പെടുത്തും. പതിനൊന്നുവയസുകാരെ ചെറിയവരായി കാണുന്നത് അവര്‍ക്ക് സഹിക്കാനാകില്ല. ഒരു കുട്ടി പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. “തമാശകള്‍ കൊള്ളാം, പക്ഷെ മണ്ടത്തരം പറ്റില്ല. ഞങ്ങള്‍ ഏഴുവയസുകാരല്ല, പതിനൊന്നുവയസുകാരാണ്.” അയാള്‍ ചിരിച്ചു. അവര്‍ക്ക് അറിവ് വേണം. ആവശ്യത്തിനു അറിവ് തരാത്തതുകൊണ്ട് ചില ആളുകളെ കുട്ടികള്‍ തോല്‍പ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ഒരു മുറി നിറയെ ശാസ്ത്രജ്ഞര്‍ ഇരിക്കുമ്പോള്‍ അവരോടു സംസാരിക്കുന്നത് എങ്ങനെയാണെന്ന് ഞാന്‍ ചോദിച്ചു. ആള്‍ഡയുടെ മറുപടി ഇങ്ങനെയാണ്: “എനിക്ക് ശാസ്ത്രം ഇഷ്ടമാണ്. എന്നാല്‍ ഞാന്‍ ഒരു ശാസ്ത്രജ്ഞനല്ല എന്നെനിക്ക് അറിയാം. ചോദ്യങ്ങള്‍ ചോദിക്കുകയാണ് എന്റെ ജോലിയെന്നു ഞാന്‍ ഉറപ്പുവരുത്തും. വിവര്‍ത്തനം ചെയ്യല്‍ ഞാന്‍ ചെയ്യാറില്ല. ആരും വിശദീകരിച്ചു കൊടുക്കാനില്ലാതെ തന്നെ ലളിതമായി പറയാനുള്ള കാര്യം അവതരിപ്പിക്കാനാണ് ശാസ്ത്രജ്ഞരെ പഠിപ്പിക്കുന്നത്. എനിക്ക് അറിയാവുന്നത് ആശയവിനിമയത്തെപ്പറ്റിയാണ്. എന്റെ ജീവിതം മുഴുവന്‍ ഞാന്‍ ആശയവിനിമയം നടത്തുകയായിരുന്നു. ഇതാണ് ഞങ്ങള്‍ ചെയ്യുന്നത്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍