UPDATES

കേരളം

കോഴിക്കോട്ടുകാരുടെ മുഹമ്മദ് റഫി; അഹമ്മദ്ബായിയുടെയും

കെ.പി.എസ് കല്ലേരി
 
 
ഇക്കഴിഞ്ഞ മാസം മുബൈയില്‍ നിന്നും ഒരു യുവതി ഒറ്റയ്ക്ക് യാത്ര ചെയ്ത് കോഴിക്കോട്ടെത്തി. പേര് ഹേമ സര്‍വര്‍ക്കര്‍. ലക്ഷ്യം സംഗീതമായിരുന്നു. സംഗീതത്തെക്കുറിച്ചറിയാന്‍ കോഴിക്കോട്ടെത്തുകയെന്നു കേള്‍ക്കുമ്പോള്‍ ഹിന്ദുസ്ഥാനിയെ മലയാളിക്കു പരിചയപ്പെടുത്തിയ ശരചന്ദ്ര മറാഠെയുടെ കുടുംബം, അല്ലങ്കില്‍ ഹിന്ദുസ്ഥാനിയില്‍ മാന്ത്രികസ്പര്‍ശമുള്ള ഈണങ്ങള്‍ തീര്‍ത്ത എം.എസ് ബാബുരാജിന്റെ വീട്… ഇങ്ങനെയാവാം ലക്ഷ്യമെന്ന്  നിങ്ങള്‍ കരുതിയോ. എങ്കില്‍ തെറ്റി. മുംബൈയുടെ ഈണവും താളവും ലയവുമായ സാക്ഷാല്‍ മുഹമ്മദ് റഫി. അതായിരുന്നു ഹേമയുടെ ലക്ഷ്യം.
 
റഫിയുടെ ജീവിതവും സംഗീതവുമറിയാന്‍ അദ്ദേഹത്തിന് ജന്മം നല്‍കിയ പഞ്ചാബിലും സംഗീതത്തില്‍ ജീവിച്ചു മരിച്ച മുംബൈയിലും അവരൊരുപാടലഞ്ഞു. വീട്ടുകാരും റഫിയെ അറിയാവുന്നവരും കൂടെ പാടിയവരുമൊക്കെ പറഞ്ഞുകൊടുത്തിട്ടും ഹേമയ്ക്ക് മതിയായില്ലേ. അങ്ങനെ അവിടുള്ള ഒരു സുഹൃത്ത് പറഞ്ഞതിനെ തുടര്‍ന്നാണ് കാതങ്ങള്‍ താണ്ടി അവര്‍ കോഴിക്കോട്ടെത്തിയയത്. റെയില്‍വേസ്റ്റേഷനില്‍ നിന്നും കൃത്യമായ മേല്‍വിലാസത്തിന്റെ പുറകെ ചക്കോരത്തുകുളം അങ്ങാടിയില്‍ നിന്നും ഈസ്റ്റ് ഹില്ലിലേക്കുള്ള റോഡില്‍ നൂര്‍മഹലില്‍ അവരെത്തുമ്പോള്‍ മുന്‍കൂട്ടിവിളിച്ചു പറഞ്ഞതിനാല്‍ ആതിഥേയന്‍ അവരെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. 
 
 
അദ്ദേഹമാണ് അഹമ്മദ്ബായ്. കോഴിക്കോട്ടേയും തലശേരിയിലേയും സുഹൃത്തുക്കള്‍ സ്നേഹത്തോടെ വിളിക്കുന്നത് ബോംബെ അഹമ്മദ് ബായ്. പറഞ്ഞുകേട്ടതിനേക്കാല്‍ വലിയ അനുഭവമാണ് ഹേമയ്ക്ക് അഹമ്മദ്ബായിയുടെ നൂര്‍മഹലിലെത്തിലപ്പോള്‍ ഉണ്ടായത്. സ്വീകരണമുറിയില്‍ നിറയെ റഫിയുടെ പാട്ടുജീവിതത്തിലെ അപൂര്‍വനിമിഷങ്ങള്‍. ഹിറ്റു ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് വേളകള്‍. രാവിലെ എത്തിയ ശേഷം ബായിയുടെ ചൂടുകട്ടന്‍കാപ്പി കഴിച്ച് ഒന്നു ദീര്‍ഘ നിശ്വാസം വിട്ടശേഷം മുകളിലത്തെ നിലയിലെ പാട്ടുമുറിയിലേക്ക് ആനയിക്കപ്പെട്ടപ്പോള്‍ മുംബൈയില്‍ റഫിക്ക് ഏറ്റവും പ്രയപ്പെട്ട മെഹ്ബൂബ് സ്റ്റുഡിയോയില്‍ അദ്ദേഹത്തിന്റെ റിക്കോര്‍ഡിംഗിന് സാക്ഷിയായ അനുഭവം.
 
‘ബഹാരോം ഫൂല്‍ ബര്‍സാഓ… മെരാ മെഹബൂബ് ആയാഹേ…’ മുറിക്ക് ഒത്തനടുവിലായി റഫിയെ ആത്മാവിലേക്ക് ആവാഹിച്ചുകൊണ്ട് പാട്ട് കേള്‍ക്കാന്‍ പാകത്തില്‍ അഹമ്മദ്ബായ് പ്രത്യേകം തയാറാക്കിയ ഇരിപ്പിടത്തിലിരുന്ന് എല്‍പി റെക്കോര്‍ഡില്‍ പാട്ട് കേള്‍ക്കുമ്പോള്‍ ജീവിതത്തില്‍ ഇങ്ങനെയൊരു നിമിഷം വേറെ ഉണ്ടായിട്ടില്ലെന്ന് ഹേമ തുറന്നു പറഞ്ഞു. ഒരു പകല്‍ നീണ്ട പ്രോഗ്രാം തയ്യാറാക്കിവന്ന അവര്‍ അഹമ്മദ് ബായിയോട് അപേക്ഷാ സ്വരത്തില്‍ ചോദിച്ചു. ‘ബായ് ഒരു ദിവസം ഇവിടെ റഫി സാബിനൊപ്പം കഴിഞ്ഞോട്ടെ ഞാന്‍…’ സ്വതസിദ്ധമായ ശൈലിയില്‍ ബായ് ചിരിച്ചു. ‘അതിനെന്താ മോളെ ഇത് അദ്ദേഹത്തിന്റേയും വീടല്ലേ…’ ഒരു രാവും പകലും മുഴുവന്‍ റഫിയുടെ ലോകത്തില്‍ ലയിച്ച് ഹേമ മടങ്ങുമ്പോള്‍ തന്റെ കുടുംബവുമായി ഇനിയും ഞാനിവിടെ വരുമെന്നു പറയാതിരിക്കാന്‍ അവര്‍ക്കായില്ല.
 
 
ഇങ്ങനെ എത്രയോ പേരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംസ്ഥാനത്തിനു പുറത്തുനിന്നുമായി ഇവിടെ വന്നുപോകുന്നതെന്ന് അഹമ്മദ് ബായ് പറയുമ്പോള്‍ അവിടെ ചെല്ലുന്ന ആര്‍ക്കും അത് സത്യമല്ലെന്ന് പറയാനാവില്ല. റഫിയുമായി ബന്ധപ്പെട്ട ആല്‍ബങ്ങള്‍, 2500- ഓളം സിഡികള്‍, മൂവായിരം 78 ആര്‍പി റെക്കോര്‍ഡുകള്‍, 1200 എല്‍പി റെക്കോര്‍ഡ്, 400 ഇപി റെക്കോര്‍ഡുകള്‍ ഇങ്ങനെ റഫിയുടെ അത്യപൂര്‍വങ്ങളായ പാട്ടുകളുടെ നിധി ശേഖരം തന്നെയാണ് അഹമ്മദ്ബായ്. റഫിയെ കണ്ടു മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്ന് ഓര്‍ത്തു നടന്ന കുട്ടിക്കാലമായിരുന്നു അഹമ്മദ്ബായിയുടേത്. അങ്ങനെയിരിക്കെ ഒരു നിയോഗം പോലെ 1953-ല്‍ മലഞ്ചരക്കു വ്യാപാരിയായ പിതാവിനൊപ്പം അഹമ്മദ് മുംബൈയിലെത്തുന്നു. ക്രോഫോര്‍ഡ് മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു താമസം. തൊട്ടുത്ത മുറിയില്‍ താമസിച്ചിരുന്നത് റഫിയുടെ സഹോദരന്‍ ഹമീദ്ബായ്. പിന്നെത്തെ കാര്യം എന്തു പറയണം. സഹോദരനെക്കാണാന്‍ ഇടയ്ക്ക് ഫ്‌ളാറ്റിലെത്താറുള്ള റഫിയെ ആദ്യമായി കാണുന്നത് 1952ല്‍. പിന്നീടങ്ങോട്ട് അതൊരാത്മ ബന്ധത്തിന്റെ തുടക്കമായി. 1980 ജൂലായ് 31ന് റഫി മരിക്കും വരെ ഉറ്റ ചങ്ങാതിമാരായി. കുടുംബമുഹൂര്‍ത്തങ്ങളിലും റെക്കോര്‍ഡിംഗ് സ്റ്റുഡിയോകളിലുമെല്ലാം അനുവാദമില്ലാതെ കടന്നു ചെല്ലുന്നിടത്തേക്ക് ആ ബന്ധം വളര്‍ന്നു.
 
അതിനിടെ മൂന്നുവട്ടം കേരളത്തില്‍ റഫിയെ കൊണ്ടുവരാനും ബായിക്ക് കഴിഞ്ഞു. ആ യാത്ര മറക്കാനാവുമോ – 1973ലെ ഒരു പകല്‍. ബാംഗളൂരില്‍ നിന്നും ഒരു ടാക്‌സി കാര്‍ കോഴിക്കോടിനെ ലക്ഷ്യമാക്കി ചീറിവരുകയാണ്. വൈകുന്നേരം അഞ്ചുമണിക്കുമുമ്പായി കോഴിക്കോടെത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതിനാല്‍ ഡ്രൈവര്‍ പരിഭ്രാന്തിയോടെയാണ് വാഹനമോടിക്കുന്നത്. അടുത്തിരിക്കുന്ന ആളുടെ വലുപ്പമൊന്നുമറിയില്ലെങ്കിലും കുറേ ദിവസത്തിനുശേഷം ഒരു ലോംഗ് യാത്ര കിട്ടിയതിന്റെ ആവേശവും കൃത്യനിഷ്ടത പാലിക്കേണ്ടതിന്റെ അങ്കലാപ്പുമായിരുന്നു അയാളുടെ മുഖത്ത്. എന്നാല്‍ ആഗതന്റെ മുഖത്ത് അത്തരം അസ്വസ്ഥതകളൊന്നുമില്ല. പൊതുവെ സൗമ്യനും സരസനുമായ അദ്ദേഹം പതിവിലേറെ പ്രസന്നവദനനാണ്. ചുണ്ടില്‍ നിന്നും അദ്ദേഹത്തിന് പ്രിയപ്പെട്ടൊരു ഗാനം സംഗീതധാരയായി കാറിനകം നിറഞ്ഞു. ‘സുഹാനി രാത് ദല്‍ ചുകി…’ അന്നത്തെ മെഗാഹിറ്റ് ചിത്രമായ ദുലാരിക്കുവേണ്ടി മുഹമ്മദ് റഫി പാടിയ ഗാനം.  ഇടയ്ക്ക് നിര്‍ത്തിയപ്പോള്‍ പിന്നില്‍ നിന്നും സുഹൃത്തുക്കളുടെ അപേക്ഷ ‘റഫി സാബ്, പ്ലീസ് 
ഒന്നുകൂടി ആ ഗാനം…’ പൊടുന്നനെ ഡ്രൈവര്‍ വണ്ടി സഡന്‍ബ്രെയ്ക്കിട്ടു. കാര്യമറിയാതെ എല്ലാവരും അന്ധാളിച്ചു നിന്നപ്പോള്‍ വണ്ടി സൈഡാക്കി ഡ്രൈവര്‍ ചാടിയിറങ്ങി. ‘അയ്യോ ഞാനെന്താണീ കാണുന്നത്. എന്റെ റഫി സാബാണോ കണ്‍മുന്നില്‍… സാബ് ഇനി എനിക്കീ വണ്ടി ഓടിക്കാനാവില്ല’ സാക്ഷാല്‍ മുഹമ്മദ് റഫിയുടെ കൈകവര്‍ന്ന് പേര് ഓര്‍മയിലില്ലാത്ത ആ മലയാളി ഡ്രൈവര്‍ പറഞ്ഞത് അഹമ്മദ്ബായിക്ക് ഇപ്പഴും മറക്കാന്‍ കഴിയുന്നില്ല. 
 
 
അന്ന് അഹമ്മദ്ബായിക്കൊപ്പം കാറില്‍ ഒരാള്‍കൂടെ ഉണ്ടായിരുന്നു. മിമിക്രി ജോണി. കോഴിക്കോട്ടെ മുസ്‌ലീം എഡ്യൂക്കേഷണല്‍ സൊസൈറ്റി സംഘടിപ്പിച്ച സംഗീതവിരുന്നിലേക്ക് ബാംഗളൂരില്‍ നിന്നും എട്ടുമണിക്കൂറോളം മുഹമ്മദ് റഫിക്കൊപ്പം സഞ്ചരിച്ച ആ യാത്രയെ അനര്‍ഘ നിമിഷം എന്നാണ് അഹമ്മദ് ബായ് വിശേഷിപ്പിക്കുന്നത്. അന്നത്തെ ആ ഡ്രൈവറുടെ മലയാളം റഫിസാബിന് മനസിലായില്ലെങ്കിലും അദ്ദേഹം വണ്ടിയില്‍ നിന്നിറങ്ങി അവന്റെ തോളില്‍ കൈയിട്ട് വീണ്ടും കാറിലേക്ക് പിടിച്ചിരിത്തിയത്, തുടര്‍ന്ന് ഞങ്ങള്‍ മൂവരുടേയും ആവശ്യപ്രകാരം ദീദാറിലെ ‘മേരി കഹാനി ബൂല്‍ നവാലെ…’ ബൈജുബാബ്‌രയിലെ  ‘ദുനിയാകെ രഖ് വാലേ…’ , ‘തൂ ഗംഗാകി മോജ് മെ ജമുനാ ധാരാ…’ പ്യാര്‍ കി ജീത്തിലെ ‘ഏക് ദില്‍ കെ തുക്ടാ…’ തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹം പാടിയത് ഇപ്പോവും ഇങ്ങനെ കാതില്‍ വന്നലയ്ക്കുകയാണ്. 
 
കോഴിക്കോട്ടെ നൂര്‍മഹലിലെ പാട്ടുമുറിയിലിരുന്ന് റഫിയെക്കുറിച്ച് പറയുമ്പോള്‍ അഹമ്മദ് ബായ് വാചാലനാകുന്നു. അതിനുമുമ്പ് 1966ല്‍ കോഴിക്കോട്ട് ആദ്യമായിട്ടും 1959ല്‍ കേരളത്തില്‍ ആദ്യമായി തലശേരിയിലും റഫിയെ കൊണ്ടുവന്നത് അഹമ്മദ്ബായ് തന്നെയായിരുന്നു. 66-ല്‍ കോഴിക്കോട് മാനാഞ്ചിറയില്‍ റഫിയുടെ ഗാനസന്ധ്യയ്ക്ക് കൂട്ടായ് തലത്ത് മഹ്മൂദുമുണ്ടായിരുന്നു. മലയാളി ആരാധനയോടെ നോക്കിക്കണ്ട മുഹമ്മദ് റഫിയെ 59-ല്‍ തലശേരി മുബാറക്ക് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കണ്‍മുമ്പില്‍ കൊണ്ടുനിര്‍ത്തിക്കൊടുത്തപ്പോള്‍ തന്റെ സഹോദരനെന്നാണ് എന്നെ അദ്ദേഹം പരിചയപ്പെടുത്തിയത്. ഓര്‍ക്കുമ്പോള്‍ ശരീരം ഇപ്പഴും കുളിരു കോരുന്നതായി അഹമ്മദ്ബായ്. അന്നത്തെ സന്ദര്‍ശനത്തില്‍ മാഹിയിലെ തന്റെ ഭാര്യവീട്ടിലും റഫി വന്നിരുന്നതായി അദ്ദേഹം പറഞ്ഞു. 
 
 
റഫിയുമായുള്ള അടുപ്പം ഒന്നുകൊണ്ടുമാത്രം സംഗീത ആസ്വാദകനായ തനിക്ക് തലത്ത് മഹ്മൂദ്, മുകേഷ്, മന്നാഡെ, ലതാമങ്കേഷ്‌കര്‍, ഹേമന്ത്കുമാര്‍, കുഷോര്‍ കുമാര്‍, ഷംഷാദ് ബീഗം, ആശാ ബോസ്‌ലെ തുടങ്ങിയവരുമായും സൗഹൃദം സൂക്ഷിക്കാനായതും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി അഹമ്മദ്ഹായ് സൂക്ഷിക്കുന്നു. ഒരുപക്ഷെ അഹമ്മദ്ബായിയുടെ സാന്നിദ്ധ്യം ഒന്നു കൊണ്ടുമാത്രമാവാം രാജ്യത്തെവിടേയും ഇല്ലാത്തത്രയും ആരാധക വൃന്ദം റഫിയ്ക്ക് കോഴിക്കോട്ടുണ്ടായത്. റഫിയുടെ ജന്മദിനവും ചരമദിനവുമെല്ലാം ആവേശത്തോടെയാണ് കോഴിക്കോട്ടുകാര്‍ ആഘോഷിക്കുന്നത്.
 
രജിസ്ട്രേഡ്  സംഘടനയായ കേരളത്തിലെ റഫി ഫൗണ്ടേഷന്റെ ആസ്ഥാനം അഹമ്മദ്ബായിടെ നൂര്‍മഹലാണ്. പിതാവായ പി.പി ഉമ്മര്‍കുട്ടിയുടെ ഓര്‍മ നിലനിര്‍ത്താന്‍ സംസ്ഥാനതലത്തില്‍ നടത്തുന്ന റഫി ഗാനാലാപന മത്സരത്തിലെ വിജയിക്ക് അവാര്‍ഡും നല്‍കുന്നുണ്ട് അഹമ്മദ്ബായ്. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍