UPDATES

ഓഫ് ബീറ്റ്

ഡാവിഞ്ചിയുടെ വിരൂവിയന്‍ മനുഷ്യന് ഹെര്‍ണിയയുണ്ടോ?

ലോറ ക്രോതേര്‍സ്
(സ്ലേറ്റ്)

 

1487-ലാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആ ചിത്രം ഡാവിഞ്ചി വരച്ചത്. കണിശതയോടെ വരച്ച ഒരു വൃത്തത്തിനു മുകളില്‍ ഒരു ചതുരം. അതിനുള്ളില്‍ കയ്യും കാലും വിടര്‍ത്തി നില്‍ക്കുന്ന ചുരുണ്ട മുടിയുള്ള നഗ്നമനുഷ്യന്‍. ഇയാളെ ഇപ്പോള്‍ ലോകം വിരൂവിയന്‍ മനുഷ്യന്‍ എന്ന് വിളിക്കുന്നു.

 

മനുഷ്യശരീരത്തിന്റെ ഭംഗി ഇത്രത്തോളം വെളിവാക്കുന്ന മറ്റൊരു ചിത്രമുണ്ടാകില്ല. മനുഷ്യശരീരത്തിന്റെ അളവുകളുടെ കണിശതയില്‍ ഡാവിഞ്ചി പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. റോമന്‍ ആര്‍ക്കിട്ടെക്ക്റ്റ് ആയ വിരൂവിയസിന്റെ കണക്കുകൂട്ടലുകള്‍ പ്രകാരമാണ് ഡാവിഞ്ചി ചിത്രരചന നടത്തിയത്. വിരൂവിയസ് തന്റെ ട്രീറ്റിസ് ദേ ആര്‍ക്കിട്ടെക്ചര്‍ എന്ന പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെയാണ്.

 

ഒരു മനുഷ്യന്‍ മലര്‍ന്നു കിടന്ന് കയ്യും കാലും വിരിച്ചു പിടിക്കുമ്പോള്‍ ഒരു കോമ്പസ് അയാളുടെ പൊക്കിളില്‍ വെച്ചാല്‍ കൈകാല്‍ വിരലുകള്‍ ഒരു വൃത്തത്തിന്റെ ചുറ്റളവിലായിരിക്കണം. മനുഷ്യശരീരത്തെ അടിസ്ഥാനമാക്കി ഇതേ രീതിയില്‍ ഒരു ചതുരവും കാണാനാകും.

 

പ്രപഞ്ചത്തിന്റെതന്നെ ഒരു പതിപ്പായാണ്‌ മനുഷ്യന്‍ എന്ന ഡാവിഞ്ചിയുടെ വിശ്വാസത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ചിത്രമാണിത്. ഒരു വൃത്തത്തിനുള്ളില്‍ ഒതുങ്ങുമ്പോള്‍ മനുഷ്യന്‍ പ്രപഞ്ചത്തിന്റെ പ്രതിഫലനമായി മാറുന്നു. ഒരു ചതുരത്തിനുള്ളില്‍ ഒതുങ്ങുമ്പോള്‍ ഭൂമിയുടെയും. ഈ രണ്ടുരൂപങ്ങളും ഒരുമിച്ചു വരുമ്പോള്‍ പ്രപഞ്ചത്തിന്റെ വിവിധ വശങ്ങളെയാണ് ചിത്രീകരിക്കുന്നത്. മനുഷ്യന്‍ ഭൌതികവും അഭൌമവും തമ്മില്‍ ചേര്‍ക്കുന്ന പാലമായി മാറുന്നു. ഡാവിഞ്ചി 1492ല്‍ തന്റെ നോട്ട്ബുക്കില്‍ എഴുതിയത് ഇങ്ങനെയാണ്.

 

മനുഷ്യനെ ലോകത്തിന്റെ പതിപ്പായാണ്‌ പ്രാചീനമനുഷ്യര്‍ കണ്ടിരുന്നത്. അത് ശരിയുമാണ്. മനുഷ്യന്‍ ഭൂമി, ജലം, വായു, അഗ്നി എന്നിവയാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെങ്കിലും ഭൂമിയോടാണ് ഏറെ സാദൃശ്യമുള്ളത്.

 

എന്നാല്‍ കഥയില്‍ പുതിയൊരു കണ്ടെത്തലുണ്ട്. 2011ല്‍ ലണ്ടനിലെ ഇമ്പീരിയല്‍ കോളേജിലെ സര്‍ജറി ലെക്ചററായ ഹുഡന്‍ അഷരഫിയന്‍ വിരൂവിയന്‍ മനുഷ്യനില്‍ അസ്വാഭാവികമായ ഒന്ന് കണ്ടെത്തി. നിങ്ങള്‍ക്ക് ഒരുപക്ഷെ വിരൂവിയന്‍ മനുഷ്യന്റെ ഗുഹ്യഭാഗത്തെയ്ക്ക് അധികനേരം നോക്കിയിരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ എല്ലാവരും അത്ര നാണക്കാരല്ല. വിരൂവിയന്‍ മനുഷ്യന്റെ ലിംഗത്തിന്റെ അടുത്ത് അസ്വാഭാവികമായ ഒരു മുഴ ആഷരഫിയന്‍ കണ്ടെത്തി. മുപ്പതുശതമാനം പുരുഷന്മാരെയും മൂന്നുശതമാനം സ്ത്രീകളെയും അലട്ടുന്ന ഹെര്‍ണിയയായിരുന്നു അത്.

 

 

ചരിത്രത്തിലുടനീളം അനാട്ടമി ചിത്രങ്ങള്‍ മരിച്ചവരെ മോഡലുകളാക്കിയാണ് വരച്ചിട്ടുള്ളത്. ഡാവിഞ്ചിയുടെ ചിത്രങ്ങളും ഇതേപോലെ തന്നെ. ഏറ്റവും പെര്‍ഫക്റ്റ് മനുഷ്യനാകാന്‍ ഡാവിഞ്ചിയുടെ മോഡലായ മനുഷ്യന് ഒരുപക്ഷെ ഹെര്‍ണിയ ഉണ്ടായിരുന്നിരിക്കണമെന്നാണ് ആഷരഫിയന്‍ പറയുന്നത്. മോഡല്‍ ഒരു മൃതശരീരമായിരുന്നെങ്കില്‍ ഹെര്‍ണിയയാവണം അയാളുടെ മരണകാരണം. അയാള്‍ ജീവനുള്ളയാളായിരുന്നെങ്കില്‍ ഹെര്‍ണിയയുടെ പ്രശ്നങ്ങള്‍ കൊണ്ട് മരിക്കേണ്ടിവരുമായിരുന്നു. മറ്റു സര്‍വകലാശാലകളിലെ വിദഗ്ദ്ധരും  ആഷരഫിയന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു. വിര്‍ജീനിയ സര്‍വകലാശാലയിലെ ഹെര്‍ണിയ സെന്ററിലെ മൈക്കിള്‍ റോസന്‍ പറയുന്നത് അത് ഹെര്‍ണിയ തന്നെയാണെന്നാണ്.

 

വിരൂവിയന്‍ മനുഷ്യനു ഹെര്‍ണിയയാണ് എന്നത് വല്ലാത്ത ഒരു സാധ്യതയാണ്. “എല്ലാം കാഴ്ചക്കാരന്റെ കണ്ണിലാണ്.”, ബാരിയാട്രിക്ക് സര്‍ജറിയുടെ ഡയറക്റ്റരായ പീറ്റര്‍ ഹാലോവേല്‍ പറയുന്നു. നിങ്ങള്‍ തല ചെരിച്ചു പിടിച്ചു സൂക്ഷിച്ച് വിരൂവിയന്‍ മനുഷ്യന്റെ രഹസ്യഭാഗത്ത് നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. വിരൂവിയന്‍ മനുഷ്യന്റെ പ്രാധാന്യം ഇപ്പോള്‍ കൂടിയിരിക്കുകയാണെന്ന് ഞാന്‍ പറയും. പ്രപഞ്ചത്തിലെ മനുഷ്യന്റെ സ്ഥാനത്തെപ്പറ്റി മാത്രമല്ല മനുഷ്യപരിണാമത്തെപ്പറ്റിയും വിരൂവിയന്‍ മനുഷ്യന്‍ പലതും പറയുന്നുണ്ട്.

 

മനുഷ്യരും തിമിംഗലങ്ങളും മാനുകളും എല്ലാം സസ്തനികളാണ്. 225 മില്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നമ്മുടെ ഉരഗപൂര്‍വികരില്‍ നിന്ന് നമ്മള്‍ ഉണ്ടാകുന്നത്. എന്തുകാരണം കൊണ്ടാണെന്നറിയില്ല, പുരുഷ സസ്തനികളുടെ ലൈംഗികാവയവം ശരീരത്തിനുള്ളിലല്ല, പുറത്ത് കാറ്റൊക്കെക്കൊണ്ട് രസിക്കുന്ന നിലയിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.  

 

ഒരു പുരുഷഭ്രൂണം വളരുമ്പോള്‍ അവന്റെ വൃഷണങ്ങള്‍ കിഡ്നിയുടെ അടുത്ത് ഉണ്ടാവുകയും കുറച്ച് ആഴ്ച കൊണ്ട് ഇന്‍ഗ്വിനല്‍ കനാലിലൂടെ സഞ്ചരിച്ച് ഒടുവില്‍ പുറത്തെത്തി അതിന്റെ സ്ഥാനത്ത് സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകളുടെ ലൈംഗികാവയവങ്ങളുടെ വളര്‍ച്ച കുറച്ചുകൂടി ലളിതമാണ്.

 

ഈ പ്രവര്‍ത്തി കാരണം ശരീരത്തില്‍ ഈ അവയവത്തെ ഉറപ്പിച്ചുനിറുത്തുന്ന വളരെ ചെറിയ ഒരു ടിഷ്യു മാത്രമേ ഉള്ളൂ. ഇത് മറ്റു സസ്തനികള്‍ക്ക് വലിയ പ്രശ്നമല്ല. അവര്‍ നാലുകാലില്‍ നടക്കുന്നത് കൊണ്ട് കുടലിന്റെ ഭാരം വയറിലെ മസിലുകലാണ് താങ്ങുന്നത്.

 

എന്നാല്‍ നാലുമില്യന്‍ വര്‍ഷങ്ങളായി നേരെ നടക്കുന്ന മനുഷ്യര്‍ക്ക് മാത്രം കുടലിന്റെ ഭാരവും അടിവയറ്റിലെ ടിഷ്യുവാണ് താങ്ങുന്നത്. അടിവയറ്റിലെ ടിഷ്യുവിന്റെ ഇടയിലൂടെ കുടലിന്റെ ഒരു ഭാഗം തള്ളിവരുമ്പോഴാണ് ഹെര്‍ണിയയുണ്ടാകുന്നത്.

 

ജീവജാലങ്ങളുടെ ഉത്പത്തിയെപ്പറ്റിയും മറ്റും മനുഷ്യര്‍ നൂറ്റാണ്ടുകളായി ചര്‍ച്ച ചെയ്യുന്നതാണ്. എന്നാല്‍ പരിണാമത്തെപ്പറ്റി ഡാര്‍വിന്‍ പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നത്. നാച്ചുറല്‍ സെലക്ഷന്‍ പ്രകാരം ഉള്ള സംഗതികള്‍ എടുത്ത് ഏറ്റവും മികച്ച ഫലം ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

 

നമ്മുടെ ശരീരത്തിന്റെ പല സവിശേഷത്തകളും അങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ടതാണ്. നാച്ചുറല്‍ സെലക്ഷനാണ് നമ്മുടെ നാലുകാല്‍ സഞ്ചാരം രണ്ടുകാലില്‍ ആക്കി മാറ്റിയത്. നമുക്ക് നൃത്തം ചെയ്യാനും കയ്യടിക്കാനും ഒക്കെ പറ്റുന്നത് അങ്ങനെയാണ്. എന്നാല്‍ അതിന്റെ ചെറിയ ഒരു ദോഷവശമാണ് ഹെര്‍ണിയ.

 

മുഴുവന്‍ സമയവും രണ്ടുകാലില്‍ നടന്ന് നമുക്ക് അടിമുടി അസ്ഥിക്കും മാറ്റങ്ങളുണ്ടായിട്ടുണ്ട്. നമ്മുടെ നാലുകാല്‍ ബന്ധുക്കളുടെ നട്ടെല്ല് വളഞ്ഞതാണ്. എന്നാല്‍ നമ്മുടെ നട്ടെല്ലാണ് നമ്മുടെ ഭാരം മുഴുവന്‍ താങ്ങുന്നത്. അതുകൊണ്ട് അവയ്ക്ക് ഒരു എസ് ആകൃതിയാണ്. നമ്മുടെ കാലുകള്‍ക്ക് ഒരു വളവുണ്ട്. നമ്മുടെ അരക്കെട്ടിനു വീതി കൂടുതലാണ്.

 

ഈ മാറ്റങ്ങള്‍ നമ്മുടെ നട്ടെല്ലിന്റെ താഴെയും ഇടുപ്പിലും കാലിലുമുള്ള ചെറിയ ജോയിന്റുകള്‍ക്ക് സമ്മര്‍ദ്ദം കൊടുക്കുന്നു. അതുകൊണ്ടാണ് നമുക്ക് പലതരം നടുവ്, പുറം, കഴുത്തുവേദനകള്‍ ഉണ്ടാകുന്നത്. ഇടുപ്പിനുവന്ന മാറ്റമാണ് പ്രസവം അപകടകരമാക്കുന്നതും ധാരാളം സഹായികളെ വേണ്ടിവരുന്നതും.

 

വിരൂവിയന്‍ മനുഷ്യനെ വരച്ചപ്പോള്‍ ഡാവിഞ്ചി പ്രതീക്ഷിച്ചതിലും മികച്ച ഒരു രചനയാണുണ്ടായത്. ഡാവിഞ്ചിയുടെ കാലം കഴിഞ്ഞപ്പോള്‍ മനുഷ്യന്‍ സത്യത്തില്‍ ഭൌതികവും അല്ലാത്തതും തമ്മില്‍ ചേര്‍ക്കുന്നുണ്ടെന്നു നമ്മള്‍ മനസിലാക്കി. നമ്മുടെ ശരീരത്തിലുള്ള ആറ്റങ്ങള്‍ എല്ലാം പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ മുന്‍പേ ഉള്ളതാണ്. ഈ ആറ്റങ്ങള്‍ പ്രപഞ്ചത്തില്‍ മുന്‍പു മരിച്ചുപോയ നക്ഷത്രങ്ങളില്‍ നിന്നുണ്ടായതാവാം.

 

മനുഷ്യന്റെ പെര്‍ഫക്ഷന്‍ വരയ്ക്കാന്‍ ശ്രമിച്ചതിനിടെ ഡാവിഞ്ചി പറഞ്ഞുവയ്ക്കുന്നത് സൂക്ഷിച്ചുനോക്കിയാല്‍ അതൊന്നും അത്ര പെര്‍ഫക്റ്റ് അല്ല എന്ന് മനസിലാകും. മാനുഷികപൂര്‍ണ്ണതയുടെ ഉദാഹരണമായി ഒരാളെ ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ എന്ന ഒരു ചോദ്യവും ഉയരുന്നുണ്ട്. വിരൂവിയന്‍ മനുഷ്യന്‍ ഒരേ സമയം മനുഷ്യന്റെ പൂര്‍ണ്ണതകളും അപൂര്‍ണ്ണതകളും കാണിക്കുന്നുണ്ട്. ഈ ചിത്രത്തിലൂടെ നമുക്ക് മനുഷ്യപരിണാമത്തിന്റെയും പ്രപഞ്ചപരിണാമത്തിന്റെയും കഥ പറയാനാകും. പ്രപഞ്ചനിയമങ്ങളെ പറ്റി സംശയിക്കുന്ന ബുദ്ധിമാനായ ഒരു മനുഷ്യന്‍ ഉണ്ടായതില്‍ അത്ഭുതപ്പെടാന്‍ വിരൂവിയന്‍ മനുഷ്യന്‍ നമ്മെ അനുവദിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ വയലന്റ് ആവുകയും ചിലപ്പോഴൊക്കെ സമാധാനപ്രിയനാവുകയും ചെയ്യുന്ന ഈ മനുഷ്യന്‍ ഇടയ്ക്ക് ആകാശത്തെയ്ക്ക് നോക്കി ചോദിക്കും: ആരാണ് ഞാന്‍? എന്തിനാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍