UPDATES

കേരളം

പിണറായി എന്ന മുരടന്‍

ജോസഫ് വര്‍ഗീസ്
 
കേരള രാഷ്ട്രീയത്തില്‍ ആരാണ് പിണറായി വിജയന്‍? സാധാരണ ഗതിയില്‍ കേരള രാഷ്ട്രീയം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത് എങ്ങനെയാണ് ? പലപ്പോഴും ആരോപണങ്ങളുടെ പ്രതിപ്പട്ടികയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. കീഴ്‌ക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും രാഷ്ട്രീയ ജീവിതത്തില്‍ ഇനിയും ഏറെക്കാലം ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നിലനിന്നേക്കാവുന്ന എസ്.എന്‍.സി ലാവ്ലിന്‍ കേസിലെ പ്രതി; സി പി എം നടപ്പാക്കിയെന്ന് ആരോപിക്കപ്പെടുന്ന ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ ഉത്തരവാദി; 
സര്‍വോപരി വി. എസ്  അച്യുതാനന്ദനെന്ന ജനകീയ കമ്മ്യുണിസ്റ്റ് നേതാവിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അഭിനവ കമ്മ്യുണിസ്റ്റ്! വിശേഷണങ്ങള്‍ ഒരുപാടുണ്ട് പിണറായിക്ക്. 
 
സാധാരണക്കാരന്‍ മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്ന പിണറായി ഇതൊക്കെയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തില്‍ നടക്കുന്ന ഒരു വിവാദത്തിന്റെ കാര്യമെടുക്കുക. അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ വച്ച് തനിക്കു നേരിട്ട ദുരനുഭവങ്ങള്‍ 20 വര്‍ഷക്കാലം അവരുടെ സഹായിയായിരുന്ന ഒരു വിദേശ വനിത വെളിപ്പെടുത്തിയപ്പോള്‍ കുറ്റകരമായ മൌനം പുലര്‍ത്താതിരുന്ന കേരളത്തിലെ ഏക രാഷ്ട്രീയ നേതാവ് പിണറായി വിജയന്‍  മാത്രമായിരുന്നു.
 
ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നു മാത്രമല്ല, വിദേശ ഫണ്ട് സ്വീകരിക്കുന്ന മുഴുവന്‍ ആത്മീയ, വ്യപാരസ്ഥാപനങ്ങളും അന്വേഷണ പരിധിയില്‍ വരണമെന്നും ആവശ്യപ്പെടാനുള്ള ചങ്കുറപ്പ് പിണറായിക്ക് മാത്രമേ  ഉള്ളുവെന്ന് സാരം. എന്നുവച്ചാല്‍ വി.എസ്സിനും കോണ്‍ഗ്രസിന്റെ വി.എം.എസ്സിനും ആയില്ല; മനുഷ്യന് മനസ്സിലാവുന്ന ഭാഷയില്‍ മറുപടി പറയാന്‍. 
 
 
ഇത് ഒരു ഒറ്റപ്പെട്ട സംഭവവുമല്ല, തിരുവമ്പാടി എം.എല്‍.എ ആയിരുന്ന മത്തായി ചാക്കോ ബോധാവസ്ഥയില്‍ത്തന്നെ ‘രോഗീലേപന’മെന്ന കൂദാശ സ്വീകരിച്ചുവെന്നും മക്കളെ മാമോദീസ മുക്കിയെന്നുമുള്ള താമരശ്ശേരി ബിഷപ്പിന്റെ നുണയ്ക്ക് ‘നുണ പറയുന്ന നികൃഷ്ട ജീവികളെ’ന്ന് മറുപടി പറയാനും, കാന്തപുരത്തിന്റെ തിരുകേശ വിവാദത്തില്‍ തിരുകേശത്തെ ‘ബോഡി വേസ്റ്റ് ‘ എന്ന് വിശേഷിപ്പിക്കാനും ഈ സി.പി.എം സംസ്ഥാന സെക്രട്ടറിക്കേ ധൈര്യമുണ്ടായിരുന്നുള്ളൂ.
 
ഈ ധൈര്യം പാര്‍ട്ടി സെക്രട്ടറി ആയപ്പോള്‍ ഉണ്ടായതല്ല. കമ്മ്യുണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ട പിണറായിയിലെ പാറപ്പുറത്തുനിന്ന് സ്വന്തം വീട്ടിലേക്ക് 20 മിനിറ്റ് മാത്രമുള്ള നടപ്പ്ദൂരം സമ്മാനിച്ചതുമാവില്ല. കുട്ടിക്കാലത്ത് തന്നെ പോറ്റി വളര്‍ത്തിയ, നെയ്ത്ത്‌തൊഴിലാളിയായ ജ്യേഷ്ഠന്‍ കുമാരന്റെ ഹൃദയത്തില്‍ നിന്ന് പകര്‍ന്നു കിട്ടിയതാവണം ആ ധൈര്യവും പാര്‍ട്ടി കൂറും.
 
അടിയുറച്ച പാര്‍ട്ടി കേഡറായിരുന്നു പിണറായി വിജയന്‍ എന്നും. സ്റ്റുഡന്റ്‌റ് ഫെഡറെഷന്റെ സെക്രട്ടറി ഫിലിപ് എം പ്രസാദും ജോയിന്റ് സെക്രട്ടറി പിണറായിയുമായിരുന്ന കാലത്ത് നക്‌സലിസത്തിന്റെ ഭൂതം വേട്ടയാടി തുടങ്ങിയിരുന്ന ഫിലിപ്പിന്റെ കയ്യില്‍ നിന്ന് സമ്മേളന വേദിയില്‍ വച്ച് പ്രവര്‍ത്തന റിപ്പോര്‍ട്ട് തട്ടിപ്പറിച്ചെടുത്ത് അവതരിപ്പിക്കാന്‍ പിണറായിയെ നിര്‍ബന്ധിതനാക്കിയതും അടിയുറച്ച ഈ പാര്‍ട്ടി വിശ്വാസം തന്നെയാണ്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു തലശ്ശേരി പാര്‍ട്ടി സെക്രട്ടറി ആവുന്നത് സഖാവ് സി എച്ച് കണാരന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ്. കാരണം തലശ്ശേരി, കൊളശ്ശേരി പ്രദേശത്തെ ആര്‍ എസ് എസ് അക്രമം. കൊലക്കേസടക്കം രണ്ടു കേസുകളില്‍ പ്രതിയാകുന്നത് ഇക്കാലത്താണ്. ഇതിനു ശേഷം രണ്ടുതവണ കൂത്തുപറമ്പ് എം എല്‍ എ. അതിനു മുന്‍പ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കെ കെ അബു ആയിരുന്നു കൂത്തുപറമ്പ് എം എല്‍ എ.
 
പിണറായിക്ക് ഒരു രൗദ്രഭാവമുണ്ട്. കണ്ണൂരുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മൊരടന്‍. പക്ഷെ, ആ മൊരടനെ പാര്‍ട്ടിക്കാര്‍ക്ക് ജീവനാണ്. കാരണം പാര്‍ട്ടി ആപ്പീസിലിരുന്നു കല്‍പ്പനകള്‍ നല്കുന്ന നേതാവല്ല, എന്തിനും ഇറങ്ങി ചെല്ലുന്നയാളാണ് അവരുടെ വിജയേട്ടന്‍. ചെറുവാഞ്ചേരി ചന്ദ്രനെന്ന പാര്‍ട്ടിക്കാരന്‍ കൊല്ലപ്പെട്ട ദിവസം. ചന്ദ്രന്‍ കൊല്ലപ്പെട്ട പ്രദേശത്ത്, പ്രത്യേകിച്ച് ആ രണ്ടു വാര്‍ഡുകളില്‍ സി പി എമ്മുകാര്‍ക്ക് പോകാനാവില്ല. പക്ഷെ കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ വിവരങ്ങള്‍ ലഭ്യമായ രാത്രി രണ്ടു മണിക്ക് തന്നെ അങ്ങോട്ട് പോകാന്‍ പിണറായി തയ്യാറായി. അന്ന് പാര്‍ട്ടി വിട്ടുപോയിട്ടില്ലാത്ത പാട്യം രാജനാണ് ഏറെ തടസ്സം നിന്ന് ആ യാത്ര വെളുപ്പിന് അഞ്ചു മണിക്കാക്കിയത്.
 
ഇതൊക്കെയാണ് ഒരു നേതാവ് എന്ന് പറഞ്ഞു വയ്ക്കുകയല്ല. പിണറായി എന്തുകൊണ്ടൊരു മൊരടനായി എന്ന് തേടുകയാണ്. എങ്ങനെയാണു നമുക്കിദ്ദേഹത്തെ വിശേഷിപ്പിക്കാനാവുക. മനുഷ്യസ്‌നേഹി എന്നോ പാര്‍ട്ടി സ്‌നേഹി എന്നോ? കണ്ണൂരിന്റെ ചരിത്രഭൂമികയില്‍ നിന്ന് പാര്‍ട്ടിയാണ് ശരിയെന്നു വിശ്വസിക്കുന്ന ഒരു മനുഷ്യന്‍; ഒരു പരിധി വരെ അതാണ് പിണറായി. എല്ലാവരും അവനവനെക്കുറിച്ച് മാത്രം ചിന്തിക്കുകയും സ്വപ്‌നങ്ങള്‍ കാണുകയും ചെയ്യുന്ന കാലത്ത് ‘നിങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍ കാണാന്‍ വിലക്കുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു’ എന്ന് വൃഥാ ഓര്‍മ്മപ്പെടുത്തുന്നൊരാള്‍.
 
 
ഒരു നേതാവിന്റെ കൌശലങ്ങളും എതിരാളിയോടുപോലും സന്ധിചെയ്യുന്ന രാഷ്ട്രീയ പ്രായോഗികതകളും വശമില്ലാത്തത്‌കൊണ്ടാവും കണ്ണൂരിന്റെ മൊരടന്‍ കേരളത്തിന്റെ ധാര്‍ഷ്ട്യക്കാരനായ നേതാവായിപ്പോയത്. പാര്‍ട്ടി ഏറ്റവും കടുത്ത ആക്രമണം നേരിട്ടപ്പോള്‍ ഏറ്റെടുത്ത തലശ്ശേരി മണ്ഡലം സെക്രട്ടറി സ്ഥാനം, പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള വൈകാരിക ബന്ധം ഏറ്റവും സമര്‍ത്ഥമായി ഉപയോഗിക്കാനറിയുന്ന എം വി രാഘവന്‍ പാര്‍ട്ടി വിട്ടു പോകുമ്പോള്‍ ഏറ്റെടുത്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം, സി ഐ ടി യു വിനെ മുന്നില്‍ നിറുത്തി രവീന്ദ്രനാഥ് ഗ്രൂപ്പ് കളിച്ചപ്പോള്‍ വി എസ്സിന്റെ പിന്തുണയോടെ പിടിച്ചെടുത്ത സംസ്ഥാന സെക്രട്ടറി സ്ഥാനം…. ഒന്നും ഒരിക്കലും എളുപ്പമായിരുന്നില്ല, പിണറായിക്ക്.
 
മലപ്പുറം സമ്മേളനത്തില്‍ വാര്‍ത്ത ചോര്‍ത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ എ കെ ജി സെന്റര്‍ ജീവനക്കാരന്‍ കൊല്ലം സ്വദേശി രാധാകൃഷ്ണനെ ഇടതു മന്ത്രിസഭയില്‍ പി കെ ഗുരുദാസന്റെ സ്റ്റാഫായി  നിയമിച്ചതിനെതിരെ പ്രതികരിച്ചവരോട് പിണറായി പറഞ്ഞത്രേ; അവര് ഒരു കാലഘട്ടത്തില്‍ പാര്‍ട്ടിക്കുവേണ്ടി സേവനം ചെയ്തവരാണ്. കയ്യില്‍  കിട്ടിയത് പുറത്തു കൊടുത്ത തെറ്റേ അവര്‍ ചെയ്തുള്ളൂ. അവരുടെ കയ്യില്‍ എത്തിച്ചവര്‍  ഈപ്പോഴും അകത്തു തന്നെയല്ലേ?
 
പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്നില്ലെങ്കില്‍ പാര്‍ട്ടി പിളരുമായിരുന്നെന്നു  വിശ്വസിക്കുന്ന പാര്‍ട്ടിക്കാര്‍ ഏറെയുണ്ട്. വിഭാഗീയതകളൊന്നും ആശയപരമല്ലെന്നും അവര്‍ വിശ്വസിക്കുന്നു. പാര്‍ട്ടിയിലെ തന്റെ എതിരാളി വി എസ് പക്ഷത്തെങ്കില്‍ താന്‍ പിണറായി പക്ഷത്ത്, അത്രേയുള്ളൂ. ഉറച്ച പാര്‍ട്ടി സ്‌നേഹികളുടെ ഒരു മൃദുല വാദമായെങ്കിലും തത്ക്കാലം നമുക്കിത് അംഗീകരിക്കാം.
 
തന്റെ നിലപാട് ശരിയോ തെറ്റോ ആകട്ടെ, തനിക്കൊരു നിലപാട് ഉണ്ട് എന്നതും എടുത്ത നിലപാടില്‍ ഉറച്ചു നില്ക്കുന്നു എന്നതുമാണ് പിണറായിയുടെ വ്യക്തിത്വം. ആര്‍ക്കും എതിരഭിപ്രായമില്ലാത്ത സ്ത്രീ, ദളിത്, ഭൂമിയുടെ രാഷ്ട്രീയമൊന്നും പറഞ്ഞല്ല പിണറായി കേരള രാഷ്ട്രീയത്തില്‍ നിലനില്ക്കുന്നത്. സ്വന്തം പാര്‍ട്ടിക്കാരാല്‍ കൊല ചെയ്യപ്പെട്ട ടി പിയുടെ വധമുണ്ടാക്കിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളെ  നേരിട്ടും, കീഴ്‌ക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും അത്ര പെട്ടെന്നൊന്നും രക്ഷപെട്ടെക്കാന്‍ ഇടയില്ലാത്ത ലാവ്ലിലിനെ നേരിട്ടും ഒക്കെയാണ് പിണറായി മുന്നോട്ടുപോകുന്നത്. അത് പലപ്പോഴും ആള്‍ക്കൂട്ടത്തിന്റെ മന:ശാസ്ത്രം ഉള്‍ക്കൊണ്ടോ, ജനപ്രിയതയുടെ സൂത്രവാക്യങ്ങളിലൂടെയോ അല്ല, മറിച്ച് നിലപാടുകളില്‍ ഉറച്ചു നിന്ന് പൊരുതാമെന്നുള്ള ആത്മവിശ്വാസത്തോടെ. അത് നമുക്ക് ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍