UPDATES

അവര്‍ ഒന്നിരുന്നോട്ടെ

ഇന്ന് മെയ് ദിനം. നമ്മള്‍ ദിവസവും കാണുകയും എന്നാല്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യര്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി ഇന്ന് കോഴിക്കോട് നഗരത്തില്‍ സമരം ചെയ്യുന്നുണ്ട്. ഇരിക്കാനുള്ള അവകാശത്തിന് വേണ്ടി സെയില്‍സ് ഗേള്‍സ് ഇന്ന് 'ഇരുന്ന്' സമരം ചെയ്യുന്നു. എല്ലാ വായനക്കാര്‍ക്കും അഴിമുഖത്തിന്റെ മെയ് ദിനാശംസകള്‍.  
 
പി ജയകുമാര്‍
 
അഞ്ചടി നാലിഞ്ചില്‍ കടഞ്ഞെടുത്ത പോലുള്ള ഉടലഴകില്‍ ഒന്നര ലക്ഷത്തിന്റെ പട്ടുടുപ്പിക്കുമ്പോള്‍ അന്നാ മരിയക്കു ചൊറിഞ്ഞു കേറി. എന്നും രാവിലെ ഇതൊരു മെനക്കേടു പിടിച്ച പണിയാ, ഈ സാധനത്തിനെ ഇങ്ങനെ ഉടുത്തൊരുക്കുന്നത്. സാരിയുടെ ഞൊറികള്‍ വലിച്ചിട്ടു നിവരുന്നതിനിടെ അവളതിന്റെ താടിക്കിട്ടൊരു തട്ടു കൊടുത്തു. എന്നാലുമിതൊരു വല്ലാത്ത യോഗം തന്നെ, രാവിലെ നാലു മണിക്കെഴുന്നേല്‍ക്കേണ്ട. സകലമാന പണിയും തീര്‍ത്തിട്ട് ഇന്നലെ രാത്രി പറിച്ചു വെച്ച പുഞ്ചിരിയെടുത്തൊട്ടിച്ച് ഏഴരേടെ ബോട്ട് പിടിക്കാന്‍ ഓടണ്ട. ഒമ്പതേകാലിന്റെ പഞ്ചിംഗ് തെറ്റിയാ സൂപ്പര്‍വൈസറുടെ തെറീം കേക്കണ്ട. നോക്കി നോക്കി നില്‍ക്കേ അന്നാ മരിയക്കും ജീവനില്ലാത്ത ഒരു പെണ്ണുടലായി മാറാന്‍ വല്ലാതെ കൊതി തോന്നിപ്പോയി.
 
അന്നാ മരിയ ഒരു സെയില്‍സ് ഗേളാകുന്നു, ദുരിതങ്ങള്‍ക്കും ജീവിതത്തിനുമിടയില്‍ സ്‌റ്റോപ്പില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഒരു തീവണ്ടി. വിശ്രമിക്കാനോ സ്വപ്‌നം കാണാനോ ഒരു സ്‌റ്റേഷനിലും കാത്തു നില്‍ക്കാതെ ഓടുന്ന ഒരു വണ്ടിയാണ് അവള്‍ എന്ന ജീവിതം. പകല്‍ ജോലിയിലേക്കു വീഴാന്‍ വേണ്ടി മാത്രം ഉണര്‍ന്നിട്ടു വൈകിട്ട് തളര്‍ന്നു വീണുറങ്ങിപ്പോകുന്നു ഒരു ശരാശരി സെയില്‍സ് ഗേള്‍. എന്നാല്‍ അന്നാ മരിയ ഒരാളല്ല, ഒരുപാടു പേരുണ്ട്. കടകളില്‍ ചെന്നിട്ട് ദേ, ദത്, ദദിന്റെ അപ്പുറത്ത് എന്നൊക്കെ പറയുമ്പോള്‍ അലമാരയിലുള്ളതെല്ലാം വാരിവലിച്ചിട്ട് നിറവും മണവും ഗുണവും എണ്ണിയെണ്ണിപ്പറഞ്ഞിട്ടൊടുവില്‍ ഇതൊന്നും കൊള്ളുകേലന്നു പറഞ്ഞ് എഴുന്നേറ്റു പോകുന്നവരോട് ഒരാത്മഗതത്തിനു പോലും അവകാശമില്ലാത്തവര്‍. വലിച്ചു വാരിയിട്ടതെല്ലാം പകിട്ടൊന്നു ചോര്‍ന്നു പോകാതെ തിരികെ അലമാരയിലടുക്കുമ്പോള്‍ അവരുടെ മനസില്‍ നടു തളര്‍ന്നു കിടക്കുന്ന അമ്മയ്‌ക്കോ അച്ഛനോ മരുന്നു വാങ്ങുന്ന കാര്യവും കുടിശിക പെരുക്കുന്ന സഹകരണ ബാങ്കിലെ ലോണിന്റെ കാര്യവുമോ ഒക്കെയാവും. ആ ഓര്‍മകളിലാണ് ഒന്നിരിക്കാന്‍ പോലുമാകാതെ നട്ടെല്ലൊടിക്കുന്ന വേദനകള്‍ വരെ അവര്‍ മറന്നു പോകുന്നത്. നിരന്നിരിക്കുന്നവരുടെ മുന്നില്‍ നിറങ്ങളൊന്നായി നിവര്‍ത്തിക്കാണിക്കുന്ന അവരുടെ ജീവിതത്തില്‍ മഴവില്ലു പോയിട്ട് ഇട്ടിരിക്കാന്‍ ഒരു തടുക്കു പായ പോലമില്ലന്നതാണു യാഥാര്‍ഥ്യം. 
 
 
ഏറ്റവും ചുരുങ്ങിയ പ്രതിഫലം പറ്റി വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സെയില്‍സ് ഗേള്‍ എന്നൊരു വര്‍ഗം തൊഴിലാളി എന്ന സാര്‍വലൗകിക സംജ്ഞക്കുള്ളില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇനിയും സംശയമുണ്ട്. തൊഴില്‍പരമായി ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന വിഭാഗമാണ് സെയില്‍സ് ഗേള്‍സ് എന്നാണ് ഇവരെക്കുറിച്ചു പഠനം നടത്തിയ കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റ് സ്റ്റഡീസിലെ ഡോ. മാര്‍ട്ടിന്‍ പറയുന്നത്. സെയിസല്‍സ് ഗേള്‍സിനെ തെരഞ്ഞെടുക്കുമ്പോള്‍ ജാതി, മതം, പ്രായം എന്നീ ഘടകങ്ങള്‍ക്കു വലിയ സ്വാധീനമുണ്ട്. പ്രായം കുറഞ്ഞവര്‍ക്കും അവിവാഹിതര്‍ക്കുമാണ് മുന്‍ഗണന. 15നും 30നുമിടയില്‍ പ്രായമുള്ളവരാണ് വില്‍പനക്കാരായി ജോലി ചെയ്യുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും. ഇവരില്‍ 80 ശതമാനവും അവിവാഹിതരാണ്. ജോലിയില്‍ തുടരുന്നതിന് വിവാഹം പലപ്പോഴും തടസമാകുന്നതായും പഠനത്തില്‍ വെളിപ്പെട്ടു. ശമ്പളത്തിന്റെ കാര്യത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുകളാണുള്ളത്. ലേഡീസ് സ്‌റോറുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്നത്. വസ്ത്ര വ്യാപാരശാലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഭേദപ്പെട്ട ശമ്പളം നേടാനാകുന്നുണ്ട്. 10 വര്‍ഷത്തിലധികമായി ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരുമുണ്ട്. പ്രമോഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും ഇവര്‍ക്ക് അര്‍ഹതയില്ല. വീടുകളില്‍ സാധനം കൊണ്ടു നടന്നു വില്‍ക്കുന്നവരുടെ സ്ഥിതി ഇതിലും ശോചനീയമാണ്. ഇവരുടെ ജോലിക്ക് നിശ്ചിത സമയമില്ല. വിശ്രമത്തിനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ സൗകര്യവും തൊഴിലുടമകള്‍ ചെയ്തു കൊടുക്കാറില്ല. അവധി ലഭിക്കില്ലെന്നതിന് പുറമെ ചെറിയ കുറ്റങ്ങള്‍ക്ക് പീഡനവും ഇവര്‍ നേരിടേണ്ടി വരുന്നു. വിശേഷാവസരങ്ങളില്‍ ബോണസ് ലഭിക്കാറുണ്ടെങ്കിലും പ്രോവിഡന്റ് ഫണ്ട്, മെഡിക്കല്‍ അലവന്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ നിഷേധിച്ചിരിക്കുകയാണ്. 
 
പത്തു മണിക്കൂറില്‍ കുറഞ്ഞ് തൊഴിലെടുക്കുന്ന സെയില്‍സ് ഗേള്‍സ് കുറവാണ്. വര്‍ഷങ്ങളായി ഈ തൊഴില്‍ രംഗത്തുള്ള പലരും പത്ത് മണിക്കൂറും അതിലധികവും നില്‍ക്കുന്നതുകൊണ്ട് സ്ഥിരമായി നടുവേദനയും കാലുവേദനയും അനുഭവിക്കുന്നവരാണ്. ക്യാമറയുടെ നിരീക്ഷണത്തിലായതു കൊണ്ട് എവിടെയെങ്കിലും ചാരി നിന്നാല്‍ പോലും എക്‌സറ്റന്‍ഷന്‍ ഫോണില്‍ വിളിവരികയും നടപടികള്‍ ഉണ്ടാവുകയും ചെയ്യുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പരസ്യങ്ങളുടെ പൊലിമയില്‍ കുളിച്ചു നില്‍ക്കുന്ന സ്ഥാപനങ്ങളില്‍ വരെ സ്ഥിതി ഇതാണ്. രാവിലെ കടയിലെത്തിയാല്‍ രാത്രി ഇറങ്ങുന്നതുവരെ ഒന്നിരിക്കാനോ മൂത്രമൊഴിക്കാനോ പോലും കഴിയാത്തവരാണ് സെയില്‍സ് ഗേള്‍സ് എന്നു വിളിക്കപ്പെടുന്ന വിഭാഗം. എന്നാല്‍ ഇനിയും ഈ അവസ്ഥ തുടരാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് കോഴിക്കോട്ട് നിന്നാണ് ഇരിക്കാനുള്ള സമരത്തിന്റെ കാഹളം മുഴങ്ങുന്നത്. 
 
 
സമരങ്ങളുടെ നാടായ നമ്മുടെ നാട്ടില്‍ ഈ സമരം അലമാരിയില്‍ വച്ചു പൂട്ടാനുള്ളതല്ല. ലോകത്തിനു മുന്നിലേക്കു മടക്കുകള്‍ നിവര്‍ത്തി വിരിച്ചു കാട്ടാനുള്ളതാണ്. സത്യം പറഞ്ഞാല്‍ ഇപ്പോഴാണ് അതെക്കുറിച്ച് ഓര്‍മിക്കുന്നത്, ഇരിക്കുന്ന ഒരു സെയില്‍സ് ഗേളിനെ ഇതു വരെ പടത്തില്‍ പോലും കണ്ടിട്ടില്ല. തൊഴില്‍ സ്ഥലത്തെ നിത്യദുരിതങ്ങളില്‍ ഏറ്റവും ദാരുണമായതും ഇതു തന്നെ. ഈ സമരത്തെ അങ്ങനെ ഇരുത്താന്‍ നോക്കേണ്ടെന്ന് ഉച്ചത്തില്‍ വിളിച്ചു പറയേണ്ടതുണ്ട്. ഏതെങ്കിലും ഒരു ഉത്പന്നം വിറ്റു പോയാല്‍ അത് സാധനത്തിന്റെ മെച്ചം കൊണ്ടും വില്‍ക്കാതിരുന്നാല്‍ അതു സെയില്‍സ് ഗേളിന്റെ കുറ്റം കൊണ്ടും മാത്രം എന്നു വിധിക്കുന്ന വ്യാപാരി വ്യവസായികളും ഈ സമരത്തെ തിരിച്ചറിയേണ്ടതുണ്ട്. കൊടുക്കണേ അവര്‍ക്കും ഇരിക്കാനൊരിടം.
 
പ്രതികരണങ്ങളില്ലാത്ത, ചിരിക്കാന്‍ മാത്രം അറിയാവുന്ന ഒരു യന്ത്രമല്ല സെയില്‍സ് ഗേള്‍ എന്നു തെളിയിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എറണാകുളത്ത് സെറീന എന്ന യുവതിയാണ്. പട്ടാപ്പകല്‍ നടുറോഡില്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചയാളെ അവര്‍ കൈ കൊണ്ടു തന്നെ നല്ല മറുപടി കൊടുത്തു. ധൈര്യം തിരിച്ചറിഞ്ഞ ഏതാനും പേരെങ്കിലും അനുമോദനങ്ങളുമായി അവരോടൊപ്പം ചേര്‍ന്നിരുന്നു. മറ്റൊരു സെയില്‍സ് ഗേള്‍ ഇന്നും മുറിവേറ്റ നാടിന്റെ വേദനയാണ്, സൗമ്യ. ഗോവിന്ദച്ചാമി എന്നാ നരാധമന്‍ പിച്ചിക്കീറിയ, പ്രതീക്ഷകളൊടുങ്ങിപ്പോയ ഒരു ജീവിതം. ഒരമ്മയുടെ തോരാത്താ കണ്ണുനീരായിമാറിയ അവളെ ഈ കുറിപ്പില്‍ മറക്കാനാവില്ല. കത്തിത്തീര്‍ന്ന പകലുകളുടെ ദു:ഖസ്മൃതികളില്‍ നിന്നാവട്ടെ ഈ സമരവും കരുത്താര്‍ജിക്കുന്നത്. 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍