UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കേരളം

രാഷ്ട്രീയം ചര്‍ച്ച ചെയ്യാത്ത കേരളം

ഏപ്രില്‍ 10-ന് വോട്ടെടുപ്പ് കഴിഞ്ഞതോടുകൂടി പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആരവം കേരളത്തില്‍ തത്കാലത്തേക്കെങ്കിലും നിലച്ചിരിക്കുന്നു. 
 
ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ സംവാദങ്ങള്‍ പിന്‍വലിയുകയും തല്‍സ്ഥാനത്ത് രാഷ്ട്രീയ ബാഹ്യമായ ഘടകങ്ങള്‍ മേല്‍ക്കൈ നേടുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. രാജ്യവും സംസ്ഥാനവും നേരിടുന്ന മര്‍മ്മപ്രധാനമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ക്കു പകരം സങ്കുചിതവും അരാഷ്ട്രീയവുമായ പ്രശ്‌നങ്ങളും കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് പ്രാമുഖ്യം നേടുന്നില്ലേ എന്നെഴുതി തുടങ്ങുമ്പോഴാണ് ഗുജറാത്തില്‍ നിന്ന് നരേന്ദ്രമോദിയുടെ ‘വിവാഹവാര്‍ത്ത’ പുറത്തുവന്നത്. യശോദാ ബെന്നുമായുള്ള വിവാഹബന്ധം മോദി മറച്ചുവച്ചതിനെ കോണ്‍ഗ്രസ് നേതാക്കള്‍ അപലപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിനു പകരമായി ജവഹര്‍ലാല്‍ നെഹ്രു മുതല്‍ രാഹുല്‍ഗാന്ധി വരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ‘പരസ്ത്രീ’ ബന്ധം തുറന്നു കാട്ടുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിടത്തു വരെ എത്തി നില്‍ക്കുകയാണ് ദേശീയ രാഷ്ട്രീയം.   
 
കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സരിത മുതല്‍ സുനന്ദ വരെയുള്ളവരെ മുന്‍നിറുത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കുറ്റവിചാരണയ്ക്കു വിധേയരായപ്പോള്‍ കണ്ണൂര്‍, എറണാകുളം സിപിഎം ജില്ലാ സെക്രട്ടറിമാരേ സ്ത്രീ വിഷയത്തിന്റെ പേരില്‍ പുറത്താക്കേണ്ടി വന്നതു ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫിനെ അവര്‍ നേരിട്ടത്. ഇതിനിടെ അബ്ദുള്ളക്കുട്ടിയെ അരങ്ങത്തു നിന്ന് അപ്രത്യക്ഷനാക്കുന്നതിന് സരിതയ്ക്ക് കഴിഞ്ഞത് എല്‍ഡിഎഫ് ന് നേട്ടമാവുകയും ചെയ്തു. 
 

സരിത എസ് നായര്‍
 
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ പ്രതിഷേധം കത്തി നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഏപ്രില്‍ അഞ്ചാം തീയതി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഉണ്ടായത്. ആ റിപ്പോര്‍ട്ടിന്റെ പേരില്‍ മലയോര കര്‍ഷകരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായി അണിനിരത്തുന്നതിന് എല്‍ഡിഎഫിനും കത്തോലിക്കാസഭയ്ക്കും കഴിയുകയും ചെയ്തിരുന്നു.  പരിസ്ഥിതി ലോല പ്രദേശങ്ങളെ പുനര്‍ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു കരടു വിജ്ഞാപനം കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞതോടുകൂടി യുഡിഎഫ് സര്‍ക്കാരിന് പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന സ്ഥിതിയും വന്നു.  മലയോര കര്‍ഷകരെ രക്ഷിക്കുന്നതിന് കോണ്‍ഗ്രസ് മുന്നണിയും ഇടതു മുന്നണിയും കത്തോലിക്കാ സഭയും പരസ്പരം മത്സരിക്കുന്ന കാഴ്ച കേരളീയരെ കോരിത്തരിപ്പിക്കുന്നതായിരുന്നു. കരടു വിജ്ഞാപനത്തിന്റെ പാളിച്ചകള്‍ എന്തൊക്കെയാണെങ്കിലും മലയോര കര്‍ഷകരുടെ രോഷം ശമിപ്പിക്കാന്‍ വലിയൊരളവില്‍ അതിനു കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം.  കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കവും ലക്ഷ്യവും എന്തുതന്നെ ആയിരുന്നാലും അതിനെതിരായ പ്രക്ഷോഭത്തിന് മലയോര മേഖലകളിലെ ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിഞ്ഞിരുന്നുവെന്നത് സത്യമാണ്.  കരടുവിജ്ഞാപനത്തെ തുടര്‍ന്ന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യധാരയില്‍ നിന്ന് ക്രമേണ പിന്‍വാങ്ങുന്നതാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളം കണ്ടത്.  പ്രാദേശിക, സങ്കുചിത, വൈയ്യക്തിക പ്രശ്‌നങ്ങള്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു തുടങ്ങുകയും ചെയ്തു. 
 
ടി.പിചന്ദ്രശേഖരന്‍, ഫസല്‍, നവാസ്, (പെരിഞ്ഞനം, തൃശ്ശൂര്‍ ജില്ല) വധങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് സിപിഎമ്മിന്റെ ‘കൊലപാതക’ രാഷ്ട്രീയത്തിനെതിരായി ഐക്യജനാധിപത്യമുന്നണിയും സരിത മുതല്‍ സലിംരാജ് വരെയുള്ളവരുടെ തട്ടിപ്പ് കേസുകളില്‍ കേന്ദ്രീകരിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായി ഇടതു മുന്നണിയും പട നയിക്കുന്നതാണ് പിന്നീട് കണ്ടത്. കോഴിക്കോടു മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങളില്‍ ടി.പി. ചന്ദ്രശേഖരന്‍ വധവും തെക്കോട്ടുള്ള പ്രദേശങ്ങളില്‍ സരിത-സലിംരാജ് തട്ടിപ്പുകേസുകളും കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടു.  വരാനിരിയ്ക്കുന്ന മോദിയുഗത്തില്‍ നടക്കാന്‍ പോകുന്ന ‘വികസന വിസ്‌ഫോടന’ത്തിലാണ് ബിജെപി പ്രചാരണം ശ്രദ്ധ കേന്ദ്രീകരിച്ചത്. വിജയ സാദ്ധ്യത ഇല്ലാതിരുന്നതുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥികളെ ഇടതു-വലതു മുന്നണികള്‍ ‘ടാര്‍ജറ്റു’ ചെയ്തില്ല.
 

പി.സി ചാക്കോ
 
ചെറിയ കക്ഷികളില്‍ ആം ആദ്മി പാര്‍ട്ടിക്ക് തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ പ്രചാരണ രംഗത്ത് ശ്രദ്ധേയമായ സാന്നിദ്ധ്യമാകാന്‍ കഴിഞ്ഞു. അഴിമതിക്കെതിരെ ‘ചൂല്‍’ ഉയര്‍ത്തുന്ന വിദ്യാസമ്പന്നരായ മധ്യവര്‍ഗ്ഗക്കാരുടെ ഒരു ചെറിയ കൂട്ടായ്മ മാത്രമാണ് എഎപി എന്ന വിമര്‍ശനമാണ് മുഖ്യധാരാ പാര്‍ട്ടികള്‍ ആംആദ്മി പാര്‍ട്ടിക്കെതിരെ ഉന്നയിച്ചത്. ആര്‍എംപിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഐക്യമുന്നണി ശ്രദ്ധ കേന്ദ്രീകരിച്ചത് സ്വാഭാവികമായും ഉത്തര കേരളത്തിലായിരുന്നു. എസ്.ഡി.പി.ഐ യും, വെല്‍ഫയര്‍ പാര്‍ട്ടിയും വരവറിയിക്കുന്നതിനുള്ള ഇടം ഈ തെരഞ്ഞെടുപ്പില്‍ കണ്ടെത്തി.  
 
ദേശീയ ഭരണകൂടത്തെ നിര്‍ണ്ണയിക്കുന്ന ഒരു തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായും ഉണ്ടാകേണ്ടിയിരുന്ന രാഷ്ട്രീയ സംവാദങ്ങള്‍ 2014ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇല്ലാതെ പോവുകയാണുണ്ടായത്. വിലക്കയറ്റം, വികസനം, അഴിമതി തുടങ്ങിയവയെപ്പറ്റിയുള്ള അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചകള്‍ക്കു പകരം സങ്കുചിതവും വ്യക്തിനിഷ്ഠവും അരാഷ്ട്രീയവുമായ പ്രശ്‌നങ്ങളില്‍ കുരുങ്ങിയും കുടുങ്ങിയുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുഖ്യധാര മുമ്പോട്ടു പോയത്. പത്തനംതിട്ട മണ്ഡലത്തില്‍ ആറന്മുള വിമാനത്താവളം പ്രധാന തെരഞ്ഞെടുപ്പു വിഷയമായത് പരിസ്ഥിതി – വികസന ബന്ധം ചര്‍ച്ച ചെയ്യാന്‍ വഴിയൊരുക്കിയെന്നതു കാണാതെയല്ല ഇപ്പറഞ്ഞത്. 
 

യശോദാബെന്‍ മോദി
 
സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വവും പ്രാദേശിക പ്രശ്‌നങ്ങളും തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ ഒഴിവാക്കാനാവാത്ത ഘടകങ്ങള്‍ തന്നെയാണ്. പക്ഷേ ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാം അതിനപ്പുറവും പോകേണ്ടതല്ലേ? ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ ‘2 ജി’ സ്‌പെക്ട്രം അഴിമതി കേസ് കേരളത്തില്‍ പ്രധാന ചര്‍ച്ചയാകാതെ പോയത് വീഴ്ചയല്ലേ? ഇത് അന്വേഷിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അദ്ധ്യക്ഷനായ പി.സി. ചാക്കോ മത്സരിച്ച ചാലക്കുടി മണ്ഡലത്തില്‍പോലും 2ജി സ്‌പെക്ട്രം കേസ് കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും ധനമന്ത്രി ചിദംബരത്തേയും സംരക്ഷിച്ചുകൊണ്ടും അന്നത്തെ ടെലികോം മന്ത്രി എ. രാജയുടെ ചുമലില്‍ മാത്രമായി അഴിമതിയുടെ ഉത്തരവാദിത്വം ഒതുക്കി തീര്‍ത്തുകൊണ്ടുള്ളതുമായ റിപ്പോര്‍ട്ട് ഇന്ത്യയൊട്ടാകെ വിമര്‍ശനം ക്ഷണിച്ചു വരുത്തിയതാണ്. മുപ്പതംഗ സമിതിയിലെ പതിനഞ്ചു പേരും പി.സി ചാക്കോയില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് സ്പീക്കര്‍ക്ക് കത്തെഴുതിയത്  ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട സംഭവങ്ങളില്‍ ഒന്നാണ്. ഇതെല്ലാമായിട്ടും ജനങ്ങളുടെ കോടതിയില്‍ പി.സി. ചാക്കോയെ വിചാരണചെയ്യാനുള്ള അവസരം കേരളം ഉപയോഗപ്പെടുത്തിയില്ല. തൃശ്ശൂരിലെ സിറ്റിങ്ങ് എം.പി. ആയ ചാക്കോ എന്തുകൊണ്ട് മത്സരിക്കാന്‍ ചാലക്കുടി തെരഞ്ഞെടുത്തു എന്നതാണ് അദ്ദേഹം നേരിടേണ്ടി വന്ന പ്രധാന ചോദ്യം. വര്‍ഷങ്ങള്‍ക്കു മുമ്പ് ബോഫോഴ്സ് അഴിമതി ആരോപണം ഉണ്ടായപ്പോള്‍ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും അതു ചര്‍ച്ചചെയ്യപ്പെട്ടത് മറക്കാനായിട്ടില്ല. റയില്‍വേ ബജറ്റിലും പൊതുബജറ്റിലും കേരളം നേരിടുന്ന നിരന്തരമായ അവഗണനയും വേണ്ടവിധം ചര്‍ച്ചചെയ്യപ്പെട്ടില്ല.
 
ഗൗരവമേറിയ രാഷ്ട്രീയസംവാദങ്ങള്‍ക്ക് കളമൊരുക്കേണ്ട ചുമതല മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ജനങ്ങള്‍ക്കു രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാനുള്ള അവസരമാണ് അവര്‍ നഷ്ടപ്പെടുത്തിയത്. വ്യക്തികള്‍ക്കപ്പുറം ഓരോ സ്ഥാനാര്‍ത്ഥിയെയും പിന്തുണയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സഖ്യങ്ങളുടെയും അജന്‍ഡയാണ് മുഖ്യമായും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ജനങ്ങള്‍ക്ക് രാഷ്ട്രീയ പ്രബുദ്ധതയുണ്ടാക്കുന്നതില്‍ ഇത്തരം സംവാദങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ശശി തരൂരോ, രാജഗോപാലോ, ബെനറ്റോ എന്നതിലുപരി യുപിഎ, എന്‍.ഡി.എ., ഇടതുപക്ഷം എന്ന നിലയിലല്ലേ തെരഞ്ഞെടുപ്പു ചിന്തകള്‍ പോകേണ്ടത്? ശശി തരൂരിനുപകരം എ.കെ. ആന്റണിയും ഓ. രാജഗോപാലിനു പകരം സുരേഷ് ഗോപിയും ബെനറ്റിനു പകരം പന്ന്യന്‍ രവീന്ദ്രനും വന്നാല്‍ കേരളത്തിന്റെയും ഇന്ത്യയുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകുമോ?
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍