UPDATES

കേരളം

ബാര്‍ ലൈസന്‍സ്: ആരുടെ പോക്കറ്റാണ് ഇനിയും നിറയാനുള്ളത്?

പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനില്‍ക്കുന്ന തര്‍ക്കം ഓരോ ദിവസവും രൂക്ഷമായി വരികയാണ്. സര്‍ക്കാരും കെ.പി.സി.സിയും തമ്മിലുള്ള തര്‍ക്കമായും അത് മാറിയിരിക്കുന്നു. ബാര്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളിലെ പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണ്, ആരാണ് ഒളിച്ചു കളിക്കുന്നത് – രാകേഷ് നായര്‍ എഴുതുന്നു
 
ഇത്തവണത്തെ മദ്യനയത്തിലെ പ്രധാന തീരുമാനം നിലവാരമില്ലെന്നു കണ്ടെത്തിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ട എതായിരുന്നു. ഇതനുസരിച്ച് കേരളത്തില്‍ ആകെ പ്രവര്‍ത്തിക്കുന്ന 731 ബാറുകളില്‍ ലൈസന്‍സ് പുതുക്കി കിട്ടി പ്രവര്‍ത്തനാനുമതി ലഭിക്കുക വെറും 313 ബാറുകള്‍ക്ക് മാത്രം. കെ.ടി.ഡി.സിയുടെ പ്രമുഖ ഹോട്ടലുകളിലെ ഉള്‍പ്പെടെ പകുതിയിലേറെ ബാറുകളിലേയും ഇരുണ്ട വെളിച്ചം ഇതോടെ കൂരിരുട്ടായി മാറി. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതയില്‍ നല്‍കിയ പട്ടികയിലെ ബാറുകളാണ് നിലവാരമില്ലാത്തവയായി കണക്കാക്കിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ സര്‍ക്കാറിന്റെ ഈ തീരുമാനം കൈയടി കിട്ടുന്ന ഒന്നുതന്നെയാണ്. എന്നാല്‍ ഇവിടെ വിലപേശലിന്റെ മറ്റൊരു നയം കൂടി ഉണ്ടാക്കിയിട്ടില്ലേ എന്നും ചില സംശയങ്ങള്‍.
 
2013 ലെ കേന്ദ്ര ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ സംബന്ധിച്ചുള്ള ഉത്തരവിലെ നിബന്ധനകളാണ് നിലവാരമുള്ള ബാറുകളെ നിശ്ചയിക്കാനുള്ള മാനദണ്ഡമായി സര്‍ക്കാര്‍ കണക്കാക്കിയത്. ഈ നിബന്ധനകള്‍ അനുസരിച്ച് ടൂ സ്റ്റാര്‍ ബാറുകള്‍ പോലും ഉന്നത നിലവാരം പുലര്‍ത്തണം. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്തെ പകുതിയിലേറെ ബാറുകള്‍ പ്രവര്‍ത്തിക്കുകയായിരുന്നു. സ്വകാര്യബാറുകള്‍ മാത്രമല്ല, സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലെ ബാറുകള്‍പോലും നിലവാരമില്ലാത്ത നിലയിലാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഇത്രയും ബാറുകള്‍ ഇക്കാലമത്രയും എങ്ങനെ പ്രവര്‍ത്തിച്ചു? ഉത്തരം ലളിതമാണ് – ബാറുടമകള്‍ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് അനുവദനീയമായ നിലവാരമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്നു നേടിയെടുത്തു. ഈ അഴിമതിക്കെതിരായും ശക്തമായ നടപടി കൈക്കൊള്ളുമൊന്നൊരു തമാശ കൂടി ഇപ്പോള്‍ പരക്കുന്നുണ്ട്.
 
 
ആരോഗ്യകരമായ ഒരു മദ്യനയം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഈ വ്യഗ്രതതയ്ക്ക് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അകമഴിഞ്ഞ പിന്തുണയാണ് കിട്ടിയിരിക്കുന്നത്. ഏപ്രില്‍ 10ന് ജനം പോളിംഗ് ബൂത്തില്‍ പോകാന്‍ ഇരിക്കുന്നതിനിടയിലായിരുന്നു ഇത്തരമൊരു നടപടി സര്‍ക്കാര്‍ എടുത്തതെന്നതും ശ്രദ്ധിക്കണം. എന്നാല്‍ പിന്നീട് ഇതേ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായ ചില നീക്കങ്ങള്‍ അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാന്‍ ഉതകുന്നതായിരുന്നു.  തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ, റദ്ദാക്കിയ ലൈസന്‍സ് പുതുക്കി നല്‍കാനും എക്‌സൈസ് വകുപ്പ് ശ്രമിച്ചു. അന്ന് അതിന് പാരയായത് കെ പി സി സി പ്രസിഡന്റ് വി എം സുധീരനാണ്. സുധീരന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് ലൈസന്‍സ് പുതുക്കി നല്‍കാമെന്ന മന്ത്രിസഭാതീരുമാനം പിന്‍വലിക്കേണ്ടി വന്നത്.  ഇല്ലാത്ത നിലവാരം ഇത്രയും ദിവസത്തിനുള്ളില്‍ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാന്‍ ബാറുകള്‍ക്ക് കഴിയുമെന്ന് ഇവര്‍ എങ്ങനെ വിശ്വസിച്ചു? അപ്പോള്‍ ഇതിന്റെ പിന്നില്‍ നടന്നത് വിലപേശല്‍ രാഷ്ട്രീയമോ? ഇവിടെയാണ് പ്രതിപക്ഷത്തിന്റെ അരോപണം ഉയര്‍ന്നുവന്നത്. 
 
യുഡിഫ് സര്‍ക്കാറിന്റെ മദ്യനിലപാടുകളില്‍ അഴിമതി ഉണ്ടെന്നാണ് പ്രതിപക്ഷാരോപണം. ഈ ആരോപണത്തെ എക്‌സൈസ് മന്ത്രി കെ ബാബു  നേരിടുന്നത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നടപടിക്രമങ്ങള്‍ പിന്തുടരുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന വ്യാഖ്യാനവുമായാണ്. നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന തീരുമാനം ആദ്യമെടുത്തത് താനല്ലെന്നും പി കെ ഗുരുദാസന്‍ ഈ വകുപ്പ് ഭരിച്ചിരു കാലത്തെടുത്ത തീരുമാനം മുന്നോട്ടുകൊണ്ടുപോവുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നുമാണ് ബാബുവിന്റെ മറുപടി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്റ്റാര്‍ ക്ലാസിഫിക്കേഷന് വിധേയമാകാത്ത ബാറുകളുടെ ലൈസന്‍സുകള്‍ റദ്ദ് ചെയ്തിരുന്നു. ഈ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ തങ്ങള്‍ തയ്യാറായിട്ടില്ലെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മൊത്തം 60 ബാര്‍ ലൈസന്‍സുകളെ അനുവദിച്ചിട്ടുള്ളുവെന്നും അതില്‍ 38 എണ്ണം കോടതി വിധിയുടടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി വ്യക്തമാക്കുന്നു. ലൈസന്‍സ് പുതുക്കി നല്‍കാത്ത 418 ബാറുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തതും കഴിഞ്ഞ സര്‍ക്കാരാണ്. അതിനാല്‍ ഈ തീരുമാനത്തില്‍ അഴിമതി ആരോപിക്കുന്നതില്‍ അടിസ്ഥാനമില്ലെന്നാണ് മന്ത്രി പറയുന്നത്.  കൂടുതല്‍ നിവര്‍ന്നാല്‍ തല മുട്ടും എന്ന അവസ്ഥയിലായി അതോടെ പ്രതിപക്ഷം. തങ്ങളുടെ കാലത്തെ പ്രവര്‍ത്തനങ്ങളെ അത്രയധികമൊന്നും ന്യായീകരിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നതു തന്നെ കാരണം. അതിനാല്‍ ഇവര്‍ ചെയ്യുന്നത് ഇവര്‍ ചെയ്‌തോട്ടെ, വഴിപാടുകഴിക്കല്‍ പോലെ തങ്ങള്‍ ചില അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചേക്കാം എന്ന നിലപാടിലേക്ക് പ്രതിപക്ഷം പിന്‍വലിഞ്ഞു.
 
 
418 എന്ന കണക്ക്
നിലവരമില്ലെന്ന് കണ്ടെത്തിയത് 418 ബാറുകള്‍. എന്നാല്‍ ഈ ബാറുകള്‍ ഏതൊക്കെ? ഈ കാര്യത്തില്‍ കൃത്യമായ യാതൊരു വിശദീകരണവും സര്‍ക്കാര്‍ നല്‍കുന്നില്ല. ഈ ബാറുകളുടെ പേരുകള്‍, സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍; ഇവയിലൊന്നും വ്യക്തതയില്ല. എന്തിന് 418 എന്ന കണക്കുപോലും  സാങ്കല്‍പ്പികമാണെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്. അപ്പോള്‍ നിലാവരമില്ലാത്ത ബാറുകള്‍ എന്നു കണ്ടെത്തിയവയെല്ലാം തന്നെ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ യോഗ്യത നേടാത്തവ തന്നെയാണോ? ആണെന്നു തന്നെ വിശ്വസിക്കാം. പക്ഷെ ഈ കണക്ക് എങ്ങിനെ ഒപ്പിച്ചു? എന്തുകൊണ്ട് അവയുടെ കൃത്യമായ വിവരങ്ങള്‍ പുറത്തു പറയാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. അവിടെയാണ് വിലപേശലിന്റെയോ അഴിമതിയുടെയോ മണം പരക്കുന്നത്.
 
നിലവാരമില്ലെന്ന കാരണത്താല്‍ ബാറുകളുടെ ലൈസന്‍സ് എന്നന്നേക്കുമായി റദ്ദ് ചെയ്യുകയല്ല പതിവ്. നിയമാനുസൃതമായ നിലാവരത്തിലേക്ക് എത്താന്‍ ഇത്തരത്തില്‍ ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ട ബാറുകള്‍ക്ക് സമയം നല്‍കാറുണ്ട്. ഈ കാലയളവില്‍ തങ്ങള്‍ യോഗ്യരാണെന്ന് തെളിയിച്ചാല്‍ റദ്ദ് ചെയ്യപ്പെട്ട ലൈസന്‍സ് പുതുക്കി കിട്ടാന്‍ ബാറുകള്‍ അര്‍ഹരാകുന്നു. ഇവിടെയാണ് ചില കള്ളത്തരങ്ങള്‍ സംഭവിക്കാന്‍ സാധ്യത. ബാറുകളുടെ നിലവാരം നിശ്ചയിക്കാന്‍ നിയുക്തമാകുന്ന സമിതിയുടെ കൈയിലാണ് കാര്യങ്ങള്‍. ഒരു മദ്യപനും സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബാറാണോ എന്നുനോക്കിയില്ല രണ്ടെണ്ണം വീശാന്‍ അകത്തു കേറുന്നത്. ഈ മാനദണ്ഡങ്ങളുടെ നിജസ്ഥിതി അതുമായി ബന്ധപ്പെട്ടവര്‍ക്കു മാത്രം അറിയാവുന്ന കാര്യം. പണമൊഴുകുന്ന അബ്കാരി വ്യവസായത്തില്‍ ഏതു പരുന്താണ് പൊങ്ങിപ്പറക്കാന്‍ തയ്യാറാവുക? അങ്ങിനെ വരുമ്പോള്‍ ഈ 418 ബാറുകളില്‍ എത്രയെണ്ണം പൂട്ടിത്തന്നെ കിടക്കുമെന്നു കണ്ടറിയണം. പണം കൊയ്യുന്ന ഈ ബിസിനസ്സ് വേണ്ടെന്നു വയ്ക്കാന്‍ ആരാണ് തയ്യാറാകുന്നത്. അവര്‍ കളത്തിലിറങ്ങും, കാണേണ്ടവരെ കാണും. നിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു രണ്ടാഴ്ച്ച മുമ്പ് അടഞ്ഞു കിടന്ന പലബാറുകളും ഇപ്പോള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുമുണ്ട്.
 
 
ബാറുകള്‍ പൂട്ടിയാല്‍ മദ്യദുരന്തമോ?
പൂട്ടാന്‍ കാണിച്ച അതേ ആവേശം തന്നെയാണ് പൂട്ടിയതൊക്കെ തുറപ്പിക്കാനും നമ്മുടെ എക്‌സൈസ് വകുപ്പ് കാണിക്കുന്നത്. ആഴ്ച്ചകള്‍ക്ക് മുമ്പേ അവര്‍ അതു നടപ്പാക്കുകയും ചെയ്യുമായിരുന്നു; സുധീരന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍. കെ പി സി സി – സര്‍ക്കാര്‍ ഏകോപനസമിതിയില്‍ ചര്‍ച്ച ചെയ്തശേഷം ഉചിതമായ നടപടി കൈക്കൊണ്ടാല്‍ മതിയെന്നായിരുന്നു സുധീരന്റെ നിലപാട്. അതിനായി ചേര്‍ന്ന എകോപനസമിതി യോഗത്തിലാകട്ടെ ഈ കാര്യത്തില്‍ കൃത്യമായൊരു തീരുമാനത്തിലേക്ക് എത്താനും കഴിഞ്ഞില്ല. ബാറുകകള്‍ അടഞ്ഞു കിടക്കുന്നതുകൊണ്ട് ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ ദിവസങ്ങളായി നീണ്ട ക്യൂ ആണെന്നും മദ്യം കിട്ടാതെ വരുന്നവഴി വ്യാജമദ്യം വിപണയില്‍ സുലഭമാവുകയും അതുവഴി സംസ്ഥാനത്ത്  മദ്യദുരന്തം ഉണ്ടാകാനുള്ള സാധ്യത കാണുന്നുവെന്നുമായിരുന്നു എക്‌സൈസ് മന്ത്രിക്ക് പറയാനുണ്ടായിരുന്നത്.
 
കേരളത്തില്‍ ആവശ്യമായ ബാറുകള്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത മദ്യദുരന്തങ്ങള്‍ ഇല്ലാതാക്കുക എന്നതു കൂടിയാണെന്ന് ബഹുമാനപ്പെട്ട മിനിസ്റ്റര്‍ ഇതുവഴി ജനങ്ങളെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്നു നടന്ന യുഡിഎഫ് യോഗത്തിലും ഭൂരിപക്ഷത്തിനും ഒരു ബാറും പൂട്ടിക്കിടക്കേണ്ടതില്ലെന്ന നിലപാടു തന്നെയായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് നല്ല മദ്യം കൊടുക്കുണം കുടിക്കാന്‍ എന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും അരുതെന്നും അവര്‍ ആവശ്യപ്പെട്ടു. അപ്പോള്‍ പിന്നെ എന്തിനായിരുന്നു ഒരു നോട്ടീസുപോലും നല്‍കാതെ പെട്ടെന്ന് ഈ ബാറുകളൊക്കെ പൂട്ടിച്ചത്? ഒരു തരത്തില്‍ ബാറുടമകള്‍ക്ക് സര്‍ക്കാര്‍ ചെയ്തുകൊടുത്ത ഫേവര്‍ ആയിരുന്നു അത്. മുന്നറിയിപ്പില്ലാതെയുള്ള ഈ പൂട്ടല്‍ തന്നെയാകും അബ്കാരികള്‍ കോടതിയില്‍ ഉന്നയിക്കുന്നതും അവര്‍ക്കനുകൂലമായ വിധി നേടിയെടുക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നതും.
 
 
എക്‌സൈസ് വകുപ്പ് ഇപ്പോള്‍ പറയുന്ന ന്യായങ്ങളിലെ മറ്റൊരു പ്രധാന കാരണം തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ്. ഇരുപത്തോരായിരത്തോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് പട്ടിണിയിലാകുന്നത്. അത് സങ്കടകരമാണത്രെ. തൊഴിലാളി ക്ഷേമം സര്‍ക്കാരിന്റെ കടമയാണ്. പക്ഷെ ഈ സ്‌നേഹം പുറത്തുവരാന്‍ രണ്ടു തൊഴിലാളികളുടെ ആത്മാഹൂതി വരെ കാത്തിരിക്കണമായിരുന്നോ? നിലവാരമില്ലെന്നു കണ്ടെത്തിയ ബാറുകള്‍ക്കെല്ലാം നോട്ടീസ് നല്‍കി ആറുമാസത്തിനകം പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ ഉറപ്പിക്കണമെന്ന് ആവശ്യപ്പെടാമായിരുന്നില്ലേ? എന്തുകൊണ്ട് അങ്ങനൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോയില്ല. ഇപ്പോള്‍ പറയുന്ന ന്യായങ്ങളൊന്നും ആ സമയത്ത് കണ്ണില്‍പ്പെട്ടില്ലായിരുന്നോ? അവിടെയാണ് സര്‍ക്കാരിന്റെ കച്ചവടതന്ത്രങ്ങള്‍.
 
മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഈ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താത്ത ബാറുകളുടെ ലൈസന്‍സ് ചെറിയ കാലയളവിലേക്ക് നിഷ്‌ക്രിയമാക്കി പിന്നീട് അധികാരികളുടെ സര്‍ട്ടിഫിക്കറ്റ് നേടുന്ന മുറയ്ക്ക് വീണ്ടും നല്‍കാമെന്നാണ്.  ഈ റിപ്പോര്‍ട്ടും, പൂട്ടിയ ബാറുകളുടെ കാര്യത്തില്‍ അനന്തരമായി എന്തു ചെയ്യാനാകുമെന്ന് ശുപാര്‍ശ നല്‍കാനായി എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തതിന്റെ റിപ്പോര്‍ട്ടും പരിശോധിച്ചാണ് സര്‍ക്കാര്‍ ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ തയ്യാറാകുന്നത്. മാത്രമല്ല, മൂന്നുവര്‍ഷത്തിനകം ഈ ബാറുകളൊക്കെ ടൂ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ നേടിയിരിക്കണം. ഇല്ലെങ്കില്‍ സ്ഥിരമായി ഇവയുടെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകും. ആറുമാസത്തിനകം ഈ ബാറുകള്‍ ടൂസ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ കൈവരിച്ചോ എന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതി പരിശോധിക്കും. ഇവിടെയാണു മറ്റൊരു പ്രശ്‌നം. സര്‍ക്കാര്‍ ഇതുവരെ ഈ സമിതിയുടെ ഘടനയുടെ കാര്യത്തില്‍ വാ തുറന്ന് ഒന്നും മിണ്ടിയിട്ടില്ല. അതിന് ഇനിയും സമയം എടുക്കുമായിരിക്കും .സമിതിയെ എങ്ങിനെ രൂപപ്പെടുത്തണമെന്നും ആരൊക്കെ അതിലുണ്ടായിരിക്കണമെന്നതുമൊക്കെ പലതിന്റെയും അടിസ്ഥാനത്തില്‍ വേണമല്ലോ നിശ്ചയിക്കാന്‍.
 
 
ഇനിയുമുണ്ട്  ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. 418 ബാറുകള്‍ വീണ്ടും തുറക്കണമെന്ന് എക്‌സൈസ് വകുപ്പ് ശാഠ്യം പിടിക്കുമ്പോള്‍ ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ഇവ തുറക്കാന്‍ അനുവദിക്കരുതെന്നാണ്. നിശ്ചയിക്കപ്പെട്ട നിലാവരത്തിലേക്ക് എത്തിക്കഴിഞ്ഞുവെന്നു ബോധ്യപ്പെട്ടാല്‍മാത്രമെ ഇവ വീണ്ടും തുറക്കുന്ന കാര്യത്തില്‍ പുന:പരിശോധന നടത്താവൂ എന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിനോട് എന്തുകൊണ്ട് സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല? ഈ ബാറുകളുടെ കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്താന്‍ തയ്യാറാണെന്നും കമ്മീഷന്‍ അറിയിച്ചിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് മിണ്ടുന്നില്ല. അതൊരു ഊരാക്കുടുക്കായിരിക്കുമെന്നും ചക്കരക്കുടങ്ങള്‍ തല്ലിപ്പൊട്ടിച്ചു കളയുന്നതിനു തുല്യമായിരിക്കുമതെന്നും ചിലര്‍ ഭയപ്പെടുന്നുണ്ടാകാം.
 
ഇനിയുമുണ്ട് മറ്റൊരു ചോദ്യം- നിലവാരമുണ്ടെന്ന് കണ്ടെത്തി ലൈസന്‍സ് പുതുക്കി നല്‍കിയ 313 ബാറുകളില്‍ എല്ലാം സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ അംഗീകാരം ഉള്ളതു തന്നെയോ? ഇവയുടെ കാര്യത്തില്‍ വീണ്ടുമൊരു പരിശോധനയ്ക്ക് തയ്യാറാണോ? ഉത്തരമില്ലാത്ത ഇത്തരം ചോദ്യങ്ങളാണ്  സംശമുണ്ടാക്കുന്നത്.
 
കെസിബിസി ഉള്‍പ്പെടെ പലരും ബാര്‍ ലൈസന്‍സ് റദ്ദാക്കി ബാറുകള്‍ പൂട്ടിയ നടപടിയെ ശ്ലാഘിക്കുന്നത് ഇത് സമൂഹത്തിലെ മ്ദ്യപാനത്തിന്റെ തോത് കുറയ്ക്കുമെന്ന രീതിയിലാണ്. എന്നാല്‍ വ്യക്തമായി പറയട്ടെ സര്‍ക്കാരിന്റെ നിലപാടുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും മറ്റുള്ളവര്‍ കരുതുന്നതുപോലെയുള്ള നീക്കങ്ങളല്ല അധികൃതരുടെ ഭാഗത്ത് നിന്ന്‍ ഉണ്ടായിട്ടുള്ളതെന്ന്. ഇതൊരു കച്ചവടതന്ത്രമാണ്. വിലപേശല്‍ എന്ന് വിളിക്കാം സ്പഷ്ടമായി. ചാരായം നിരോധിച്ചതുകൊണ്ട് നമ്മുടെ മദ്യപാനാസക്തി കുറഞ്ഞോ? ബാറുകള്‍ പൂട്ടിയതുകൊണ്ട് കേരളത്തിലെ കുടിയന്മാര്‍ ഇല്ലാതാവുകയൊന്നുമില്ലെന്ന് ഗവണ്‍മെന്റിനറിയാം. നഷ്ടം സര്‍ക്കാരിന് മാത്രമാണ്. മദ്യവ്യവസായത്തിലെ നികുതിയിനത്തിലൂടെ കിട്ടുന്ന കോടികള്‍ നമ്മുടെ സമ്പദ്ഘടനയെ നല്ല രീതിയില്‍ താങ്ങിനിര്‍ത്തുന്നുണ്ട്. ആ വരുമാനം ഇല്ലാതാക്കുക എന്നത് ചിന്താധീതം. അതുകൊണ്ട് ഈ പൂട്ടിയ ബാറുകള്‍ എല്ലാം തന്നെ തുറക്കും. കുപ്പികള്‍ മാറുമെന്നുമാത്രം; വീഞ്ഞ് അതുപോലെ തന്നെയായിരിക്കും.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍