വസീം മുഹമ്മദ്
I

ഈസ്റ്റ് ഹാം ശരിക്കും ഒരു മിനി ഇന്ത്യ തന്നെയാണ്. മിക്കവാറും ട്യൂബ് സ്‌റ്റേഷനില്‍ നിന്നും ‘അണ്ണാ സൌഖ്യമ… വേലയെല്ലാം എപ്പടിയിരുക്ക് എന്നു കേള്‍ക്കാം! ലണ്ടനില്‍ പഠിക്കാന്‍ വന്നിട്ട് എത്തിയത് തമിഴ്നാട്ടിലാണോ എന്നു തോന്നും. ട്രെയിന്‍ അങ്ങനെ നീങ്ങി തുടങ്ങിയാല്‍ അപ്റ്റണ്‍ പാര്‍ക്ക്. അതാണ് മക്കളെ പാകിസ്ഥാന്റെ ബോര്‍ഡര്‍. ഇവിടെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വല്ല്യ പ്രശ്‌നങ്ങോളുന്നുമില്ലാതെ കഴിഞ്ഞു പോകുന്നു. വൈറ്റ് ചാപ്പല്‍ എത്തിയാല്‍ ബംഗ്ലാദേശ്. എല്ലാവരും കൂടി ബസ് നമ്പര്‍ 25യില്‍ പോകുമ്പോള്‍ പെട്ടെന്നൊരാള്‍ ചോദിച്ചു. Hello mate, Is it going to oxford circus? എല്ലാവരും ആ വെളുത്ത മനുഷ്യന്റെ മുഖത്തേക്ക് നോക്കി. അയാള്‍ ചോദ്യം ആവര്‍ത്തിച്ചു. ഒരക്ഷരം മിണ്ടിയില്ല ആരും. പെട്ടെന്നൊരാള്‍ പറഞ്ഞു ‘yep’; അയാള്‍ പറയുവാ.. Carry on guys… only one person know English.
ഈസ്റ്റ് ലണ്ടന്‍. ഏഷ്യയാണ് ഈസ്റ്റ് ലണ്ടന്‍. ഇന്ത്യക്കാരന്‍ അവന്റെ ഇംഗ്ലീഷും ബംഗാളിയും പാകിസ്ഥാനി അവരുടെ ഭാഷയും ഒക്കെ ഇംഗ്ലീഷില്‍ കൂട്ടിക്കലര്‍ത്തി പാവം ബ്രിട്ടിഷുകാരന് അവന്റെ ഭാഷ അന്യമായിരിക്കുന്നു. ഉപ്പ പഠിപ്പിച്ച ഇംഗ്ലീഷുകാരിങ്ങനെ ആയിരുന്നില്ലല്ലോ പടച്ചോനെ? ഇന്ത്യ ഭരിച്ചിരുന്നത് അവരല്ലേ?എന്നിട്ടെന്താ അവരുടെ വല്ല്യ ഓഫീസിലേക്ക് ഇന്ത്യക്കാരനും പാക്കിസ്ഥാനിയുമൊക്കെ കോട്ട് ഇട്ടു പോകുന്നത്… ഇതെന്തു കഥ? അങ്ങനെ ആ വല്ല്യ ബസ് മെല്ലെ കോളേജിനടുത്തെത്തി. അപ്പോഴേക്കും ബസ് കാലിയായിരുന്നു. മക്കളെ ഇതാണ് ലണ്ടന്‍. ബ്രിട്ടീഷുകാരന്‍ തിരക്കിട്ട് നടക്കുന്നു… അല്ല… ഓടുന്നു. കയ്യില്‍ ഒരു ബുക്കും McDonaldsന്റെ പൊതിയും. വഴിയില്‍ കെട്ടിപ്പിടിച്ചു ശ്വാസം വിടാതെ നില്‍ക്കുന്ന കാമുകീ കാമുകന്മാരും. ഒരു പെണ്ണ് മക്കനെ ഇടാതെ നടന്നാല്‍, പടച്ചോനെ എന്റെ നാട്ടില്‍ നാട്ടാര് ശ്വാസം മുട്ടി മരിക്കും. ഇവിടെ ശ്വാസം വിടാന്‍ പോലും ആരും നില്‍ക്കുന്നില്ല. ഞാന്‍ അപ്പോഴും എന്റെ സെക്കന്റ് ഹാന്‍ഡ് ഐ പോഡിലെ ലാലേട്ടന്റെ ഏതെങ്കിലും പാട്ട് മെല്ലെ മൂളുവായിരിക്കും. കോളേജ് എത്തിയാല്‍ അതേ ആഫ്രിക്കന്‍ ചോദിക്കും. സുഖമല്ലേ? ഞാന്‍ പറയും ഗുഡ്. അവനോടു യാത്ര പറഞ്ഞു കോണി കയറി ക്ലാസ്സില്‍ എത്തുമ്പോഴേക്കും വിശക്കും. ക്ലാസ്സു തുടങ്ങിയിട്ട് അര മണിക്കൂര്‍ ആയിട്ടുണ്ടാകും; പിന്നിലെ ബെഞ്ചില്‍ തന്നെ നമ്മുടെ സ്ഥാനം!
എന്നും രാവിലെ ‘തമിഴ്‌നാട്’ നിന്നും ലണ്ടന്‍ വരെ ഞാന്‍ യാത്ര ചെയ്യുന്നു. ഞാന്‍ തന്നെയല്ല, മിക്ക ലണ്ടന്‍ മലയാളികളും. ആരും അഹങ്കരിക്കുന്നില്ല എന്ന് മാത്രം.

(മലപ്പുറം തിരൂര്‍ സ്വദേശിയാണ് ലേഖകന്‍. ലണ്ടന്‍ ആസ്ഥാനമായ യൂണിവേഴ്സിറ്റിക്ക് കീഴില്‍ ഇപ്പോള്‍ മലേഷ്യയില്‍ മാനേജ്മെന്‍റ് പഠനം)