UPDATES

സിനിമ

സുരാജ് വെഞ്ഞാറമൂടിന് ഇനി നായികമാരെ കിട്ടുമോ?

റിബിന്‍ കരീം 
 
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മലയാളം സിനിമ മാഗസിനില്‍ ഒരു പ്രത്യേക കോളം വായിക്കുകയുണ്ടായി. പൈങ്കിളിവത്ക്കരണത്തിന്റെ പീക്ക് സ്റ്റേജില്‍ ആണ് വിവരണങ്ങളത്രയും. വിഷയം മലയാള സിനിമയിലെ പിണക്കങ്ങള്‍. അതില്‍ വളരെ രസകരം ആയി തോന്നിയ ഒരു സന്ദര്‍ഭമാണ് നസീര്‍ – ഷീല എന്നിവരുടെ പിണക്കത്തെ കുറിച്ചുള്ളത്. മലയാളത്തില്‍ ഒരുപക്ഷെ ഏറ്റവുമധികം ചിത്രങ്ങളില്‍ നായികാ നായകന്മാരായി അഭിനയിച്ച രണ്ടു പേര്‍ തമ്മില്‍ ഒരു ചെറിയ പിണക്കം. അത് കേവലം മനുഷ്യ സഹജമായ ചില ഈഗോ കോംപ്ളക്‌സിന്റെ പേരില്‍ മാത്രം ആയിരുന്നു എന്നത് ശ്രദ്ധേയമാണ് .
 
സിനിമ ഒരു കലാസൃഷ്ടി എന്നതിനപ്പുറം എക്കാലത്തും ഒരു വ്യവസായം കൂടി ആയിരുന്നെങ്കിലും ചലചിത്ര വിപണി വികസിച്ചതോടെ ഇവിടെ ഗ്രൂപ്പുകളും സംഘടനകളും പെരുകി തുടങ്ങി. ഒട്ടും ജനാധിപത്യപരമല്ലാത്ത സമീപനം വെച്ചു പുലര്‍ത്തുന്നു എന്നതാണ് ഈ സംഘടനകളെ ഒട്ടും പ്രിയങ്കരമല്ലാതാക്കുന്നത്.
 
ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു; ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് സുരാജ് വെഞ്ഞാറമൂടിനു മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു എന്ന അവാര്‍ഡ് പ്രഖ്യാപനം കേട്ടതും എനിക്ക് ആദ്യം ഓര്‍മ്മ വന്നത് സുരാജിന്റെ തന്നെ ഒരു അഭിമുഖം ആണ്. 
 
നായിക – ‘കഥയൊക്കെ ഇഷ്ടപ്പെട്ടു , ഡേറ്റും പ്രശ്‌നമല്ല, ശരി; നായകാനാരാ’? 
സംവിധായകന്‍ – ‘സുരാജ് വെഞ്ഞാറമമൂട്’.
നായിക – ‘ഓഹോ ഡേറ്റ് ഒന്ന് കൂടി കണ്‍ഫേം ചെയ്യേണ്ടി വരും; നാളെ അറിയിക്കാം’.
 
ഇത് ഒരു സിനിമ സീന്‍ അല്ല, സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി വിളിച്ചപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരുടെ ഒരു സാമ്പിള്‍ പ്രതികരണമായിരുന്നു ഇത്. “ഞാന്‍ മൂന്നു സിനിമകളില്‍ നായകന്‍ ആയി അഭിനയിച്ചു. പക്ഷെ എന്റെ നായികയാവാന്‍ മലയാളത്തിലെ മുന്‍നിര നടിമാര്‍ ആരും തയ്യാറായില്ല- സുരാജ് ആ അഭിമുഖത്തില്‍ പറഞ്ഞു. 
 
 
ഇനി ആമുഖത്തിലേക്ക് വരാം; നസീര്‍ – ഷീല എന്നിവര്‍ക്കിടയില്‍ സംഭവിച്ചത് പോലെയുള്ള ഒരു ചെറിയ സൌന്ദര്യ പിണക്കം അല്ല ഈ വിഷയം. അഭിനയിക്കാതിരിക്കാന്‍ നടിമാര്‍ക്ക് വ്യക്തിപരമായി സ്വാതന്ത്ര്യം ഉള്ളപ്പോള്‍ തന്നെ ഒരു നടന്റെ ദയനീയ അവസ്ഥ തന്നെയാണ് സുരാജ് ഇവിടെ പ്രകടിപ്പിച്ചതും. ‘കരുമാടിക്കുട്ടന്‍’ എന്ന സിനിമക്ക് വേണ്ടി നായികയെ അന്വേഷിക്കുന്ന സമയത്ത് ആണെന്ന് തോന്നുന്നു, മലയാളത്തിലെ അന്നത്തെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്ന ദിവ്യ ഉണ്ണി നായകന്‍ കലാഭവന്‍ മണി ആണെന്നറിഞ്ഞതോടു കൂടി സിനിമയില്‍ നിന്നും പിന്‍വലിഞ്ഞത്. കലാഭവന്‍ മണി പിന്നീട് അത് നിഷേധിച്ചിട്ടുണ്ടെങ്കില്‍ പോലും അത് അയാളുടെ നിലനില്പ്പിന്റെ ഭാഗം മാത്രമായി കാണാനാവൂ. ചിലരെ പിണക്കിയാല്‍ ഇവിടെ നിലനില്ക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ പലരും ഇത്തരത്തില്‍ പുറത്തു പറയാത്ത കാര്യങ്ങളുണ്ട്. ഹരിശ്രീ അശോകന്റെ ‘കുസൃതി’ എന്ന സിനിമക്കും നായികാ ക്ഷാമം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത ഈ സമീപനം ഒരു സുപ്രഭാതത്തില്‍ അവസാനിക്കുകയുമില്ല. 
 
മലയാള സിനിമകളിലെ സ്ത്രീ വിരുദ്ധതയും സവര്‍ണ്ണ ബോധത്തിന്റെ ഊട്ടിയുറപ്പിക്കല്‍ പ്രക്രിയകളും മാത്രം കണ്ടെത്തുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ പാലിക്കുന്ന മൌനം കുറ്റകരം തന്നെയാണ്. പതിവ് ക്ലീഷേകള്‍ ആയ മനകളില്‍ നിന്നും, അമാനുഷിക നായകന്മാരില്‍ നിന്നുമെല്ലാം മുക്തമായി മലയാള സിനിമ ഒരു പുതിയ തിരിച്ചറിവിന്റെ പാതയില്‍ ആണ്. ഒരുപിടി നല്ല കലാകാരന്മാരുടെ സാന്നിധ്യവും മുതല്‍ക്കൂട്ടാണ്.
 
 
ഇമേജ് മാര്‍ക്കറ്റിനപ്പുറത്തേക്ക് ചിന്തിക്കാന്‍ താരങ്ങള്‍ ഒരുപോലെ തയ്യാറാകാത്തതിന്റെ പരിണത ഫലമാണ് പലപ്പോഴും വമ്പന്‍ ഫ്‌ലോപ്പുകള്‍ സംഭവിക്കുന്നതിന് പല കാരണങ്ങളുമുണ്ടാകാം. എന്നാല്‍ സുരാജിന്റെയും ഇന്ദ്രന്‍സിന്റെയും നായികമാര്‍ ആവാന്‍ വിസ്സമ്മതിക്കുന്ന നായികമാര്‍ തെരഞ്ഞെടുക്കുന്നത് ക്ളാസ്സിക്കുകള്‍ മാത്രമാണെങ്കില്‍ ഇതെല്ലാം കണ്ടില്ലെന്നു വെക്കാം. ബോബനും മോളിയും കാര്‍ട്ടൂണിലെ പട്ടിക്കുഞ്ഞിനെ പോലെ സീനില്‍ അങ്ങിങ്ങു പ്രത്യക്ഷപ്പെടുന്നു, നായകന്റെ ക്ലീഷേകള്‍ക്ക് കുട പിടിക്കുന്നു, നൃത്തം ചെയ്യുന്നു; ഇതിനപ്പുറം എന്തെങ്കിലും ഒരു നായികയ്ക്ക് ചെയ്യാനാകുന്ന അപൂര്‍വ്വം സിനിമകള്‍ മാത്രമേ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ളൂ. ‘ഉദയനാണ് താര’ത്തില്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നുണ്ട്; തന്റെ വില്ലന്‍ ആവാന്‍ ബോളിവുഡില്‍ നിന്ന് അമരീഷ് പുരി തന്നെ വരണമെന്ന്. അതുപോലെ അമിതാഭ് ബച്ചനെ കാത്തിരിക്കുന്ന മലയാളത്തിലെ സകല മുന്‍നിര നായികമാര്‍ക്കും ഒരു പാഠം തന്നെയാണ് സുരാജിന്റെ അവാര്‍ഡ് നേട്ടം. 
 
 

 
(ലേഖകന്‍ ദോഹയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍