UPDATES

വായന/സംസ്കാരം

മാര്‍ക്വേസിനെ വിവര്‍ത്തനം ചെയ്യുമ്പോള്‍

കാര്‍ലോസ് ലൊസാദ (വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരു വിവര്‍ത്തക എന്ന നിലയില്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസിന്റെ കൃതികളെ പുതിയ വായനക്കാരിലെത്തിക്കുക എന്നതിനേക്കാള്‍ ഒരേസമയം മികച്ചതും എന്നാല്‍ പേടിപ്പെടുത്തുന്നതുമായ മറ്റൊരു ജോലിയില്ല. 1985ല്‍ ‘കോളറക്കാലത്തെ പ്രണയം’ എന്ന നോവല്‍ മുതല്‍  മാര്‍ക്വേസ് കൃതികള്‍ ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യുകയാണ് എഡിത്ത് ഗ്രോസ്മാന്‍. മാര്‍ക്വേസിന്റെ മരണത്തോടനുബന്ധിച്ചു നടത്തിയ ഇമെയില്‍ സംഭാഷണത്തില്‍ ഗ്രോസ്മാന്‍ വിവര്‍ത്തനം എന്ന കലയെപ്പറ്റിയും മാര്‍ക്വേസിന്റെ ശാഠൃങ്ങളെപ്പറ്റിയും മാര്‍ക്വേസ് നോവലുകളില്‍ ഏറ്റവും പ്രിയപ്പെട്ടതിനെപ്പറ്റിയും സംസാരിക്കുന്നു.

കാര്‍ലോസ് ലൊസാദ: എപ്പോഴാണ് സ്പാനിഷ് പഠിച്ചത്?
എഡിത്ത് ഗ്രോസ്മാന്‍: സ്പാനിഷ് പഠിച്ചു തുടങ്ങിയത് ഫിലാഡല്‍ഫിയയിലെ ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ്. എന്റെ കുടുംബം സ്പാനിഷ് സംസാരിക്കുന്നവരായിരുന്നില്ല.

കാര്‍ലോസ്: എങ്ങനെയാണ് വിവര്‍ത്തകയായത്?
എഡിത്ത്: ഒരു മാസിക എഡിറ്റ്‌ ചെയ്തിരുന്ന ഒരു സുഹൃത്ത് എന്നോട് മാസിഡോറിയൊ ഫെര്‍ണാണ്ടസ് എഴുതിയ ഒരു ലേഖനം വിവര്‍ത്തനം ചെയ്യാമോ എന്ന് ചോദിച്ചു. ഞാന്‍ ഒരു വിമര്‍ശകയാണ്, വിവര്‍ത്തകയല്ല എന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, “നിങ്ങള്‍ക്ക് സ്വയം എന്തുവേണമെങ്കിലും വിളിക്കാം; അതൊന്നു വിവര്‍ത്തനം ചെയ്തേക്കൂ.” ഞാന്‍ അത് വിവര്‍ത്തനം ചെയ്തു. ബാക്കി കഥ ചരിത്രമാണ്.
 

കാര്‍ലോസ്: വിവര്‍ത്തനത്തില്‍ മാര്‍ക്വേസ് ഇടപെട്ടിരുന്നോ?
എഡിത്ത്: കാര്യമായ ഇടപെടലുകള്‍ ഒന്നുമുണ്ടായില്ല. മറുവശത്ത്, വിവര്‍ത്തനം പൂര്‍ത്തിയാക്കിയാലല്ലാതെ സാധാരണ ഞാന്‍ ഒരു എഴുത്തുകാരനുമായി ചര്‍ച്ച ചെയ്യാറില്ല. ഒരു നോവല്‍ വിവര്‍ത്തനം ചെയ്യാന്‍, അതിന്റെ വലിപ്പവും ബുദ്ധിമുട്ടും ഒക്കെ പരിഗണിച്ച ശേഷം ഞാന്‍ ഏതാണ്ട് ആറുമാസമാണ് എടുക്കുക.

കാര്‍ലോസ്: സ്വന്തം കൃതികള്‍ വിവര്‍ത്തനം ചെയ്യുന്നതിനെപ്പറ്റി അദ്ദേഹം നിബന്ധനകള്‍ വെച്ചിരുന്നോ?
എഡിത്ത്: സ്പാനിഷില്‍ മെന്റെ എന്ന് അവസാനിക്കുന്ന ക്രിയാവിശേഷണങ്ങള്‍ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അതിനു തുല്യമായ ഇംഗ്ലീഷ് വാക്ക് –ly ആണ്. ചിലപ്പോഴൊക്കെ അതിനുപകരം വാക്കുകള്‍ ആലോചിച്ച് ഞാന്‍ വല്ലാതെ വളച്ചൊടിക്കുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്.

കാര്‍ലോസ്: വിവര്‍ത്തനം ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കൃതി ഏതായിരുന്നു?
എഡിത്ത്: അദ്ദേഹം എഴുതിയതെല്ലാം തനിത്തങ്കമാണ്. അവയെല്ലാം വിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞതും അതുപോലെ അത്ഭുതമാണ്; ഏറ്റവും ബുദ്ധിമുട്ട് ഏതാണെന്ന് പറയാനാകില്ല.
 

കാര്‍ലോസ്: ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ വിവര്‍ത്തനം ചെയ്തിരിക്കുന്നത് കണ്ട്  ഖേദം തോന്നിയിട്ടുണ്ടോ?
എഡിത്ത്: തീര്‍ച്ചയായും, ‘നൂറുവര്‍ഷങ്ങള്‍’ ഞാന്‍ വിവര്‍ത്തനം ചെയ്തിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹം എഴുതിയതെല്ലാം വിവര്‍ത്തനം ചെയ്തത് ഞാനായിരുന്നെങ്കില്‍ എന്നും തോന്നിയിട്ടുണ്ട്‌.

കാര്‍ലോസ്: ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേയ്ക്ക് ഒരു കൃതിയെ മൊഴിമാറ്റം ചെയ്യുകയല്ല, മറിച്ച് “ആദ്യകൃതിയെ പുനരെഴുത്ത് നടത്തുകയാണ്” വിവര്‍ത്തനമെന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്?
എഡിത്ത്: ഓരോ ഭാഷയ്ക്കും വ്യത്യസ്ത സംവിധാനങ്ങളാണ് ഉള്ളത്. വിവര്‍ത്തനം ചെയ്യുക എന്നാല്‍ ഒരാശയത്തെ മൂലകൃതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയില്‍ മറ്റൊരുഭാഷയില്‍ അവതരിപ്പിക്കുക എന്നതാണ്. അതായത് ഞാന്‍ ഒരു സ്പാനിഷ് പുസ്തകം ഇംഗ്ലീഷിലാക്കുമ്പോള്‍ ഞാന്‍ ഇംഗ്ലീഷ് ഭാഷയില്‍ മറ്റൊരു പുസ്തകം എഴുതുകയാണ്.

കാര്‍ലോസ്: മാര്‍ക്വേസ് പറയാനുദ്ദേശിച്ച കാര്യം മനസിലാക്കാനായി അദ്ദേഹത്തിന്റെ തലയ്ക്കുള്ളില്‍ കയറിച്ചെല്ലണമെന്ന് തോന്നിയിട്ടുണ്ടോ?എഡിത്ത്: ഒരു എഴുത്തുകാരന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ നിങ്ങള്‍ അയാളുടെ തലയ്ക്കുള്ളില്‍ കടന്നുചെന്ന് അയാളുടെ കണ്ണുകൊണ്ട് ലോകത്തെ കാണാന്‍ തുടങ്ങുമെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ഒരു എഴുത്തുകാര(രി)നെപ്പറ്റി നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ആ എഴുത്തിലുണ്ട്.

കാര്‍ലോസ്: ഒരു വായനക്കാരിയെന്ന നിലയില്‍ താങ്കള്‍ക്ക് പ്രിയപ്പെട്ട മാര്‍ക്വേസ് നോവല്‍ ഏതാണ്?
എഡിത്ത്: എന്റെ പ്രിയപ്പെട്ട കൃതി ‘കോളറക്കാലത്തെ പ്രണയ’മാണ്.
 

കാര്‍ലോസ്: താങ്കള്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പായ “ലിവിംഗ് ടു ടെല്‍ ദി ടെയ്ല്‍” വിവര്‍ത്തനം ചെയ്തത്. നോവലും ഓര്‍മ്മക്കുറിപ്പും വിവര്‍ത്തനം ചെയ്യുന്നതില്‍ എന്താണ് വ്യത്യാസം?
എഡിത്ത്: നോവല്‍ പോലെ തന്നെയാണ് ഞാന്‍ ഓര്‍മ്മക്കുറിപ്പും വിവര്‍ത്തനം ചെയ്തത്. പത്രപ്രവര്‍ത്തനത്തിലെ എഴുത്തും നോവലെഴുത്തും തുടര്‍ച്ചകളാണ് എന്ന് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിന് ഇവ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടായിരുന്നില്ല.

കാര്‍ലോസ്: മാജിക്കല്‍ റിയലിസം എന്ന ലേബല്‍ കൊണ്ട് താങ്കള്‍ എന്താണ് മനസിലാക്കുന്നത്? മാര്‍ക്വേസിന്റെ കൃതികളെ മനസിലാക്കാന്‍ പറ്റുന്ന ഒരു രീതിയാണോ അത്?
എഡിത്ത്: മാജിക്കല്‍ റിയലിസം എന്ന പേര് കാര്യമായി ഉപകാരപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാ കഥകളും കഥാകൃത്തിന്‍റെ സര്‍ഗ്ഗശേഷിയില്‍ നിന്നുണ്ടാകുന്നതാണ്. കഥാലോകങ്ങള്‍ യഥാര്‍ഥ്യത്തില്‍ നിന്നുള്ള ചിലതൊക്കെ ഉപയോഗപ്പെടുത്തിയെന്നുവരാം, പക്ഷെ അവയെല്ലാം ഒരു മനസിന്‍റെ മാത്രം സൃഷ്ടികളാണ്.

കാര്‍ലോസ്: താങ്കള്‍ സെര്‍വന്റിസിന്റെ ഡോണ്‍ ക്വിക്ക്സോട്ടും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
എഡിത്ത്: ഞാന്‍ ഡോണ്‍ ക്വിക്ക്സോട്ട് വിവര്‍ത്തനം ചെയ്യാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ മാര്‍ക്വേസ് പറഞ്ഞു, “നിങ്ങള്‍ക്ക് എന്നെക്കൂടാതെ സെര്‍വാന്റിസുമായും ബന്ധമുണ്ടെന്ന് കേട്ടല്ലോ” എന്ന് അതിവിശേഷം!
 

കാര്‍ലോസ്: താങ്കള്‍ക്ക് ഇഷ്ടമുള്ള പുതുതലമുറ സ്പാനിഷ് എഴുത്തുകാര്‍ ആരൊക്കെയാണ്?
എഡിത്ത്: സാന്റിയാഗോ റോണ്‍കഗ്ലിയൊളോ എന്ന പെറുവിയന്‍ എഴുത്തുകാരന്റെ കൃതികള്‍ എനിക്ക് വളരെ ഇഷ്ടമാണ്.

കാര്‍ലോസ്: ഇംഗ്ലീഷ് വായനക്കാര്‍ക്ക് മാര്‍ക്വേസ് കൃതികളില്‍ നഷ്ടപ്പെടുന്നതെന്താണ്? എന്താണ് വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നത്?
എഡിത്ത്: എന്തുനഷ്ടപ്പെട്ടു എന്നതിനേക്കാള്‍ എന്തുനേടി എന്ന് ചിന്തിക്കാനാണ് ഞാന്‍ ശ്രമിക്കാറ്. സ്പാനിഷ് അറിയാത്ത ഒരു വായനക്കാരന് അപ്രാപ്യമായ പുസ്തകങ്ങളാണ് വിവര്‍ത്തനത്തിലൂടെ വായിക്കാന്‍ കിട്ടുന്നത്. ഇംഗ്ലീഷില്‍ ഉണ്ടാകില്ലായിരുന്ന എഴുത്തുരീതികള്‍ കൂടി വിവര്‍ത്തനത്തിലൂടെ ആ ഭാഷയിലേയ്ക്ക് എത്തുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍