UPDATES

ഇന്ത്യ

മോദി തരംഗമല്ല, ഇത് ലാലു തരംഗം

ബിഹാറും യു.പിയുമാണ് ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ തീരുമാനിക്കുക. ഈ തെരഞ്ഞെടുപ്പിനെ ഒരു ഹിന്ദു- മുസ്ലീം തെരഞ്ഞെടുപ്പായി മാറ്റുന്നതിന് ബി.ജെ.പി പരീക്ഷണ ശാലയായി തെരഞ്ഞെടുത്തിട്ടുള്ളതും ഈ രണ്ടു സംസ്ഥാനങ്ങളാണ്. അഭിപ്രായ സര്‍വെകള്‍ ഈ രണ്ടിടത്തും ബി.ജെ.പിക്ക് വന്‍ നേട്ടം പ്രവചിക്കുന്നു. എന്നാല്‍ ബിഹാറിലെ യാഥാര്‍ഥ്യം കുറച്ച് വ്യത്യസ്തമാണ്. വിവിധ സംസ്ഥാനങ്ങളിലൂടെ അഴിമുഖം പ്രതിനിധികള്‍ നടത്തിയ യാത്രയില്‍ ബിഹാറില്‍ കണ്ട കാര്യങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ അച്ചടിച്ചു വരുന്നതിനേക്കാള്‍ വ്യത്യസ്തമാണ്. അത്തരം ചില കാര്യങ്ങള്‍.

ടീം അഴിമുഖം

രണ്ടാഴ്ച മുമ്പ് പാറ്റ്‌നയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ സൂര്യന്‍ തൊട്ടുതലയ്ക്കു മുകളിലുണ്ട്. നഗരത്തില്‍ നിന്ന് 30 കിലോ മീറ്റര്‍ ദൂരെയുള്ള സ്ഥലത്ത് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് റാലിയില്‍ പങ്കെടുക്കുന്നു എന്നറിഞ്ഞു അവിടേക്കുള്ള യാത്രയാണ്. ഉച്ച കഴിഞ്ഞ് മൂന്നു മണിക്കുള്ള പരിപാടിയായതിനാല്‍ 30 കിലോ മീറ്റര്‍ ഒരു മണിക്കൂര്‍ കൊണ്ട് പിന്നിടാമല്ലോ എന്ന ധാരണയിലാണ് ഒരു മണിയോടെ ടാക്‌സിയില്‍ കയറിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങളും അതിന്റെ പൊടിയും ചൂടും ട്രാഫിക് ബ്ളോക്കുമൊക്കെ നിറഞ്ഞ പാറ്റ്‌നാ നഗരം പിന്നിടുമ്പോള്‍ തന്നെ മണിക്കുര്‍ ഒന്നു കഴിഞ്ഞു. ടൗണിന് തൊട്ടുപുറത്തുള്ള കന്‍റോണ്‍മെന്റ് ഏരിയയിലൂടെ അനുവദിച്ച സ്പീഡ് ആകട്ടെ മണിക്കൂറില്‍ 20 കിലോ മീറ്റര്‍. സ്പീഡ് കൂടിയാല്‍ പട്ടാളക്കാര്‍ മര്‍ദ്ദിക്കുമെന്ന് ഡ്രൈവറുടെ സാക്ഷ്യം. രണ്ടരയോടെ ഗ്രാമങ്ങള്‍ തുടങ്ങുന്ന മേഖലയായി. വഴിയില്‍ കണ്ട ഒരു ആര്‍.ജെ.ഡി ഓഫീസില്‍ കയറി ലാലു പ്രസംഗിക്കുന്ന മൈതാനത്തേക്കുള്ള വഴി ചോദിച്ചു. അടുത്തു തന്നെ എന്ന് പറഞ്ഞ് അവിടെ നിന്ന ഒരാളും കാറില്‍ കയറി. ഹൈവേയില്‍ നിന്ന് ചെറിയൊരു വഴി അയാള്‍ ചൂണ്ടിക്കാട്ടി. പിന്നീട് അതിലേ ആയി യാത്ര. ഇടുങ്ങിയ വഴി കുണ്ടും കുഴിയും പിന്നിട്ട് അര മണിക്കുര്‍ ഓടിക്കഴിഞ്ഞപ്പോള്‍ മറ്റൊരു ചെമ്മണ്‍പാതയിലെത്തി. വിളഞ്ഞു കിടക്കുന്ന ഗോതമ്പ് പാടങ്ങള്‍ക്കിടയിലൂടെ നീണ്ടു കിടക്കുന്ന വഴി ട്രാക്ടറുകള്‍ക്ക് പോകാനുള്ളതാണ്. തെരഞ്ഞെടുപ്പ് ആയതിനാല്‍ എസ്.യു.വികള്‍ ധാരാളമായി ഓടുന്നതു കൊണ്ട് വഴി തിങ്ങിനിറഞ്ഞ് പൊടി. ഒടുവില്‍ പാടത്തിനു നടുക്കുള്ള മൈതാനത്ത് എത്തിയപ്പോള്‍ സമയം നാലുമണി. ലാലുവിന്റെ ഹെലികോപ്റ്റര്‍ വരുന്നു എന്നതിന്റെ സൂചനകള്‍ അന്തരീക്ഷത്തില്‍ കേട്ടു തുടങ്ങി. സിഗ്‌നലിനു വേണ്ടി പോലീസുകാര്‍ പുകയിട്ടു. മൈതാനത്ത് വലിയ തിരക്കൊട്ടുമില്ല. ഹെലികോപ്റ്ററിന്റെ ആരവം കൂടിവന്നതോടെ എങ്ങുനിന്നറിയാതെ നൂറുകണക്കിന് പേര്‍ മൈതാനത്തേക്ക് ഒഴുകിത്തുടങ്ങി. ലാലു വരികയാണ്. ബിഹാറില്‍ ലാലുവാണ് താരം. അവിടുത്തേത് ലാലു തരംഗവും.
 

ലാലുവിനെ മാത്രം പ്രതീക്ഷിച്ച ജനക്കൂട്ടത്തിന് ബോണസായി ഭാര്യ റാബ്രിയും മകന്‍ തേജ് പ്രതാപും അവിടെയെത്തി. ചാപ്രയില്‍ മത്സരിക്കുന്ന റാബ്രി അവിടെ പത്രിക സമര്‍പ്പിച്ച ശേഷം അവിടെ എത്തിയിരിക്കുകയാണ്. പാടലീപുത്രയില്‍ മത്സരിക്കുന്ന മകള്‍ മിസാ ഭാരതിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയാണിത്. മിസാ ഭാരതിയുടെ ഭര്‍തൃഗൃഹം ആ ഗ്രാമത്തിന് അടുത്തു തന്നെയാണ്. നേതാക്കള്‍ എത്തിയതോടെ യോഗം ആരംഭിച്ചു. പ്രസംഗിച്ചു തുടങ്ങിയത് റാബ്രി ദേവി. മകള്‍ക്കു മിസ എന്നു പേരിട്ടത് എങ്ങനെയെന്ന് വിശദീകരിച്ചുകൊണ്ടാണ് തുടക്കം. അവള്‍ നിങ്ങളുടെ മകളാണ്, മരുമകളാണ്, വിദ്യാസമ്പന്നയാണ്, ഡോക്ടറാണ്, നിങ്ങളെ നല്ലവണ്ണം നോക്കും, വിജയിപ്പിച്ചയയ്ക്കണം- നാട്ടുകാരോട് സ്വന്തം മകള്‍ക്കു വേണ്ടി റാബ്രി ഇങ്ങനെ വോട്ടു ചോദിച്ചു. റാബ്രി പ്രസംഗിക്കുമ്പോള്‍ പിന്‍നിരയില്‍ ഉള്ളവരോട് കുശലം പറയുകയായിരുന്നു ലാലു. വിഷയമാകട്ടെ, റാബ്രിയുടെ പ്രസംഗത്തിലെ കുറ്റവും കുറവുകളും. റാബ്രി കത്തിക്കയറുമ്പോള്‍ ലാലുവിന്റെ വക ഉച്ചത്തിലുള്ള കമന്റുകള്‍. അതുകേട്ട് പൊട്ടിച്ചിരിക്കുന്ന ജനക്കൂട്ടം. ഒരുദാഹരണം: തങ്ങളെ പിന്തുണയ്ക്കുവര്‍ കൈ ഉയര്‍ത്താന്‍ റാബ്രിയുടെ ആഹ്വാനം. പിന്‍നിരയില്‍ നിന്ന് ലാലുവിന്റെ വക കമന്റ്: ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്. വോട്ടു ചെയ്യേണ്ടവര്‍ വന്ന് ചെയ്‌തോളും. കൈപൊക്കിയാലൊന്നും ജനം വോട്ടു തരില്ല.

പ്രവചനങ്ങള്‍ക്ക് അപ്പുറത്ത് ബിഹാറില്‍ ലാലു നിറഞ്ഞു കളിക്കുകയാണ്. ബിഹാറിലെ രാഷ്ട്രീയ കാറ്റ് എങ്ങോട്ട് വീശുന്നുവെന്നത് ലാലുവിന്റെ ശരീരഭാഷയില്‍ നിന്ന് അറിയാമെന്നാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കിടയിലെ പറച്ചില്‍. ബിഹാറിലെ ഓരോ ചലനവും മറ്റാരേക്കാളും നന്നായി ലാലുവിന് അറിയാം. തനിക്ക് മുകളില്‍ തോല്‍വിയാണെന്ന് മനസിലാകുമെങ്കില്‍ അദ്ദേഹം വളരെ വേഗം അസ്വസ്ഥനാകും, ശുണ്ഠിയെടുക്കും. മറിച്ച് ജയമാണ് തന്നെ കാത്തിരിക്കുന്നത് എങ്കില്‍ ലാലു മുകളില്‍ പറഞ്ഞ പോലെ  ഫോമിലായിരിക്കും. തമാശയുടെ നീണ്ട നിര തന്നെയായിരിക്കും പ്രസംഗത്തിലുടനീളം. ആര്‍ത്തു ചിരിക്കുന്നതിനിടയില്‍ പലരും പ്രസംഗം മുഴുവന്‍ കേള്‍ക്കുക പോലുമില്ല. ഇവിടെയും അങ്ങനെ തന്നെയായിരുന്നു. തന്റെ കാലം കഴിഞ്ഞു എന്ന്‍ പറയുന്നവരോട് ലാലുവിന്റെ മറുപടി ഇതായിരുന്നു: ഞാനൊരു ബുള്‍ഡോസറാണ്. രാഷ്ട്രീയ പ്രതിയോഗികളെ വലിച്ചു ദുരെക്കളയും ഞാന്‍. പ്രസംഗത്തിന്റെ ഭൂരിഭാഗവു ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി തുടങ്ങിയവര്‍ക്കെതിരെയാണ്. അദ്വാനിയേയും അശോക് സിംഗാളിനേയും അറസ്റ്റ് ചെയ്ത തനിക്ക് മോദി ഒരു എതിരാളിയല്ലെന്നും ബി.ജെ.പിക്കുള്ള ഓരോ വോട്ടും രാജ്യത്തെ വിഭജിക്കാനുള്ളതാണെന്നും ലാലു പ്രസംഗത്തില്‍ പറയും. ഇടയ്ക്ക് യാദവന്മാരുടെ വീര്യം കൂട്ടാന്‍  അല്‍പ്പം ജാതിയും.  മിസയ്‌ക്കെതിരെ മത്സരിക്കുന്നത് തന്റെ പഴയ ശിഷ്യന്‍ രാം കൃപാല്‍ യാദവാണ്. അവനിപ്പോള്‍ സി.പി താക്കൂറി (ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്)ന്റെ കാല്‍ക്കീഴിലാണ്. താക്കൂറിന്റെ കാല്‍ക്കലിരിക്കാനാണോ യാദവരെ ഞാന്‍ പഠിപ്പിച്ചത്?? ലാലു പൊട്ടിത്തെറിക്കുന്നു.
 

ബിഹാര്‍ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകള്‍ ലാലുവിന്റെ ഈ വാക്കുകളില്‍ നിന്നും മനസിലാക്കാവുന്നതേയുള്ളൂ. മുസ്ലീം – യാദവ് എന്ന പഴയ  ഡ്രീം കോമ്പിനേഷന്‍ ലാലു പൊടിതട്ടിയെടുത്തു കഴിഞ്ഞു. ബി.ജെ.പി കണ്ണുനട്ടിരിക്കുന്ന ഏതാനും യാദവ വോട്ടുകള്‍ ഇക്കുറി മറ്റെങ്ങും പോകാതിരിക്കാനാണ് താക്കുര്‍-യാദവ് ജാതിക്കാര്‍ഡ് ലാലു ഇറക്കിയത്. മേല്‍ജാതിക്കാരാണ് ബി.ജെ.പിയുടെ വോട്ട് ബാങ്ക്. എന്നാല്‍ ബ്രാഹ്മണരും ക്ഷത്രിയരും രജപുത്രരും ഭൂമിഹാറുകളും കായസ്ഥരും അടങ്ങുന്ന 14 ശതമാനം മേല്‍ജാതിക്കാര്‍ എല്ലാവരും വോട്ടു ചെയ്താലും ബി.ജെ.പിക്ക് 40-ല്‍ 20 എന്ന എണ്ണം തികയ്ക്കാന്‍ കഴിയില്ല. അതിന് ലാലുവിന്റെ കൈയിലുള്ള യാദവ വോട്ടുകളും നിതീഷ് കുമാറിന്റെ കൈയിലുള്ള അതി-പിന്നോക്ക, മഹാദളിത് വോട്ടുകളും ബി.ജെ.പിക്ക് ആവശ്യമാണ്. രണ്ടു കാര്യങ്ങള്‍ ഇവിടെ ബി.ജെ.പിയെ കുഴയ്ക്കുന്നുണ്ട്. ഒന്ന് മേല്‍ജാതിക്കാര്‍ക്ക് വോട്ടു ചെയ്യാനുള്ള യാദവരുടെ വൈമുഖ്യം. യാദവരെ നിര്‍ത്തിയ ഏതാനും ചില മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് കുറച്ചു മെച്ചം കിട്ടും. പക്ഷേ ഹിന്ദു എന്ന വികാരമുണര്‍ത്തി യാദവ വോട്ട് പെട്ടിയിലാക്കാമെന്ന ബി.ജെ.പി തന്ത്രം ബിഹാറില്‍ പൊളിയുന്ന കാഴ്ചയാണ് കാണുന്നത്. മഹാദളിതുകളുടെ കാര്യത്തിലും കാര്യം വ്യത്യസ്തമല്ല.
 

ബിഹാറിലെ 15 ശതമാനം വരുന്ന യാദവ വോട്ടുകളും 20 ശതമാനം വരുന്ന മുസ്ലീം വോട്ടുകളുമാണ് ഇത്തവണയും ലാലുവിനെ തുണയ്ക്കാനാണ് പോകുന്നത്. 2009-ലൊഴികെ 1989-നു ശേഷമുള്ള എല്ലാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഈ സമവാക്യം ലാലുവിനെ സഹായിച്ചിട്ടുണ്ട്. 2009-ല്‍ നിതീഷ് കുമാറിന്റെ പ്രതിച്ഛായ മുന്‍നിര്‍ത്തി നല്ലൊരു വിഭാഗം യാദവ വോട്ടുകള്‍, പ്രത്യേകിച്ച് സ്ത്രീകളുടെ,  ജെ.ഡി-യു – ബി.ജെ.പി സഖ്യത്തിന് ലഭിച്ചതാണ് ലാലുവിന്റെ പരാജയത്തിനു കാരണമായത്. പക്ഷേ ഇത്തവണ ബിഹാറില്‍ കേള്‍ക്കുന്നത് ലാലുവും നിതീഷുമായി ബി.ജെ.പിക്കെതിരെ രഹസ്യ ധാരണയുണ്ട് എന്നാണ്. ഇരുവരും മത്സരിക്കുന്നത് ബി.ജെ.പിയെ ചെറുക്കാനും. കൂടാതെ കഴിഞ്ഞ അഞ്ചു വര്‍ഷം തങ്ങള്‍ക്ക് യാതൊരു മെച്ചവുമുണ്ടായിട്ടില്ലെന്നും ലാലുവിന് വോട്ട് ചെയ്യാതിരുന്നത് വലിയ വിനയായെന്നും യാദവരിലെ ഭൂരിഭാഗവും ചിന്തിക്കുന്നു. അതിനൊപ്പം, മോഡിക്കെതിരെയുള്ള മുസ്ലീം വോട്ടുകളുടെ ഏകോപനവും ലാലുവിനെ തുണയ്ക്കാനാണ് സാധ്യത. അതുകൊണ്ടു തന്നെ 20 സീറ്റുകളോളം ലാലുവും കോണ്‍ഗ്രസും ചേര്‍ന്ന് പിടിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. 272 പ്ലസ് എന്ന മോഹ സംഖ്യയിലേക്ക് ബിഹാറിനെ കണക്കിലെടുത്തിട്ടുണ്ടെങ്കില്‍ ആ കണക്ക് ബി.ജെ.പിക്ക് തിരുത്തേണ്ടി വരും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍