UPDATES

അഴിമുഖം ക്ലാസിക്സ്

ഞാന്‍ ഒരു മനുഷ്യന്‍ അല്ല, ദളിതന്‍ ആണ്

പയ്യന്നൂര്‍ കോളേജിലെ ആ ജാതിക്കാറ്റിനെ കുറിച്ച്

പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പയ്യന്നൂര്‍ കോളേജിലേക്ക് പോകുന്നത്. പൊതുവെ അവനവന്‍ പഠിച്ച കോളേജില്‍ വീണ്ടും ഒരു അതിഥിയായി ക്ഷണിക്കപ്പെടുമ്പോള്‍ നല്ല രോമാഞ്ചം ഉണ്ടാകേണ്ടതാണ്. രണ്ടു വര്‍ഷം പ്രീ ഡിഗ്രിക്കും പിന്നെ മൂന്ന് വര്‍ഷം ഡിഗ്രിക്കും ഒക്കെ പഠിച്ച്, പിന്നീട് കുറെ കാലത്തിനു ശേഷം അവിടത്തെ പുതിയ തലമുറ വീണ്ടും അങ്ങോട്ട് ക്ഷണിച്ചാല്‍ ശരിക്കും നൊസ്റ്റാല്‍ജിയ കൊണ്ടൊക്കെ കുളിര് കോരി പുളയേണ്ടതാണ്. ഞാന്‍ എന്റെ ഒരു സുഹൃത്ത് സുനിലേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. ‘സുനിലേട്ട, പയ്യന്നൂര്‍ കോളേജ്, അവിടത്തെ ഒരു ഫിലിം സൊസൈറ്റി നമ്മുടെ ഡോക്യുമെന്ററി കാണിക്കാന്‍ വിളിച്ചിരിക്കുന്നു’. അങ്ങനെ ഞാനും സുനിലേട്ടനും കൂടി പോകാന്‍ തീരുമാനിച്ചു. സുനിലേട്ടന്‍ 1980-കളുടെ അവസാനങ്ങളില്‍ പയ്യന്നൂര്‍ കോളേജില്‍ പഠിച്ച ആളായിരുന്നു. സുനിലേട്ടനും എനിക്കും ഒന്നും തന്നെ പയ്യന്നൂര്‍ കോളേജ് ഇഷ്ടമേ ആയിരുന്നില്ല. അവിടത്തെ ജാതീയമായ അനുഭവങ്ങള്‍ തന്നെ ആയിരുന്നു കാരണം.

സുനിലേട്ടന്‍ പയ്യന്നൂര്‍ കോളേജിനെക്കുറിച്ച് പറയുമ്പോള്‍ പഴയ ഒരു കഥ പറയും. അദ്ദേഹം പഠിക്കുമ്പോള്‍ അന്നത്തെ ഫുട്‌ബോള്‍ ടീമില്‍ കുറെ കറുത്തവര്‍ ഉണ്ടായിരുന്നു. മിക്കവാറും ദളിതര്‍. ആ ടീമിനെ അന്നത്തെ ആള്‍ക്കാര്‍ വിളിച്ചത് ‘കാമറൂണ്‍’ ടീം എന്നായിരുന്നു. ഏകദേശം ഒരു വര്‍ഷം മുമ്പ് ഫേസ്ബൂക്കിലും പിന്നീട് അഴിമുഖത്തിലുമായി ഞാന്‍ എഴുതിയ പയ്യന്നൂര്‍ കോളേജിലെ വരാന്തയിലെ ജാതിക്കാറ്റ് എന്നത് ഞങ്ങളെപ്പോലെയുള്ള ദളിത് വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ട ജാതിയനുഭവം ആയിരുന്നു. അതില്‍ എഴുതാന്‍ വിട്ടു പോയ പല അനുഭവങ്ങളില്‍ ഒന്നായിരുന്നു ഒരു ഷേക്സ്പിയര്‍ ക്ലാസ്. അന്ന് തുപ്പല്‍ ഒക്കെ തെറിപ്പിച്ചു ടീച്ചര്‍ ‘ആന്റണി ആന്‍ഡ് ക്ലിയോപാട്ര’ പഠിപ്പിക്കുമ്പോള്‍ ഒരു ‘തേങ്ങയും മനസ്സിലാകാത്തത് കൊണ്ട് ബാക്ക് ബെഞ്ചില്‍ ഇരുന്ന ഞങ്ങള്‍ സ്വാഭാവികമായും വര്‍ത്താനം പറഞ്ഞു. അതിനു ടീച്ചര്‍ ഇങ്ങനെ ആണ് ശിക്ഷിച്ചത്. വെറും കുറച്ച് വാക്കുകള്‍: ‘നീ ഒക്കെ എവിടെ വരെ എത്തും എന്ന് എനിക്കൊക്കെ അറിയാം’. പിന്നീട് വേറൊരു ഇംഗ്ളീഷ് ക്രിറ്റിസിസം ക്ലാസ്സില്‍ സൂചി മുന വീണാല്‍ കേക്കാവുന്ന നിശബ്ദതതയില്‍ ഒരു അദ്ധ്യാപകന്‍ ഒരു ചോദ്യം ചോദിച്ചു. അതിന്റെ ഉത്തരം ബാക് ബെഞ്ചില്‍ ഇരിക്കുന്ന എനിക്ക് അറിയാമായിരുന്നുവെങ്കിലും പറയാനുള്ള ധൈര്യം ഇല്ല. തൊട്ടടുത്ത് തൂണ് പോലെ പേടിച്ചിരിക്കുന്ന കൂട്ടുകാരന്റെ ചെവിയില്‍ ഇതന്നെ ഉത്തരം എന്ന് പറഞ്ഞു. മാഷ്  അപ്പൊ തന്നെ ഗെറ്റ് ഔട്ട് അടിച്ചു. ഞാന്‍ കുറെ വാദിച്ചു നോക്കി. ഞാന്‍ ഉത്തരം പറഞ്ഞതാണെന്ന്. മാഷ് വിടുന്നില്ല. ഒന്നുകില്‍ ഈ ക്ലാസ്സില്‍ നീ, അല്ലെങ്കില് ഞാന്‍ എന്നായി. ഞാന്‍ ബാഗും തൂക്കി ഇറങ്ങി. പിന്നെ ആ മൂന്നു വര്‍ഷവും പിന്നീടൊരിക്കലും ആ മാഷുടെ ക്ളാസ്സില്‍ ഞാന്‍ കയറിയിട്ടില്ല.

പുറത്താക്കിയ ഇടങ്ങളിലേക്ക് തിരിച്ചു വിളിക്കപ്പെടുമ്പോള്‍ മലയാള സിനിമയിലെ തിരക്കഥയിലൊക്കെ ഉള്ള പോലെ അത് ഒരു മധുര പ്രതികാരമായൊക്കെ വായിച്ചെടുത്തു കുളിര് കോരാം. പക്ഷെ സുനിലേട്ടന്‍ എന്നോട് പറഞ്ഞത് ‘ഇതൊരു മധുര പ്രതികാരമായല്ല കാണേണ്ടത്. രാഷ്ട്രീയ വിജയം ആയി ആണ് കാണേണ്ടത്. നിന്നേക്കാള്‍ ഭീകരമായി ജാതി വിവേചനം നേരിട്ട ഒരുപാട് ദളിത് വിദ്യാര്‍ഥിള്‍ അവിടെ ഉണ്ടായിട്ടുണ്ടാകണം. ഇപ്പൊ എവിടെ എന്ന് അറിയാത്തവര്‍. ഒരു ആലൂമ്‌നിയിലും അംഗങ്ങള്‍ അല്ലാത്തവര്‍, അവര്‍ക്ക് വേണ്ടി നീ പോണം. അതൊരു രാഷ്ട്രീയം ആണ്.’ എന്റെ ബള്‍ബ് കത്തി. അങ്ങനെ ഞാനും സുനിലേട്ടനും കൂടി പയ്യന്നൂര് കോളേജിലേക്ക് പോയി.

കോളേജിനു വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. കാമ്പസില്‍ വീണ്ടും കാലു കുത്തുമ്പോ കുളിര് കോരിയിട്ടുമില്ല. വളരെ കുറച്ചു കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശനിയാഴ്ചയാണ്. കാമ്പസിന്റെ ഒത്ത നടുക്ക് ഒരു കുളം നിര്‍മിച്ചിട്ടുണ്ട്. പണ്ട് എന്നെ ‘ഗൈഡ്’ എന്ന നോവല്‍ പഠിപ്പിച്ച മുരളി മാഷ് ഇപ്പൊ ഇംഗ്ളീഷിന്റെ ഹെഡ് ആണ്. പുള്ളി ചായ കുടിക്കാന്‍ പോകാം എന്ന് പറഞ്ഞു. പഴയ ഒരു ചായയുടെ ഓര്‍മയാണ് അപ്പോള്‍ വന്നത്. പണ്ട് മുരളി മാഷ് ഗൈഡ് എന്ന നോവല്‍ പഠിപ്പിക്കുമ്പോള്‍ നല്ല രസായിരുന്നു. വളരെ സ്മൂത്ത് ആയി അദ്ദേഹം പഠിപ്പിച്ചു പോകും. ഒരു നാട്ടില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ വന്നാല്‍ ചിലരുടെ വ്യക്തി, സാമൂഹിക ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞതാണ് ഓര്‍മയില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു പാഠം.

ഒരിക്കല്‍ ഒരു ശനിയാഴ്ചയിലെ സ്‌പെഷ്യല്‍ ക്ലാസ്സിനു പോയപ്പോ അദ്ദേഹം എന്നേം കൂട്ടിക്കൊണ്ട് പോയി ഒരു ചായ വാങ്ങിച്ചു തന്നു. ഒരു പക്ഷെ അദ്ദേഹത്തിന്റെ പാഠങ്ങളേക്കാളും അദ്ദേഹം വാങ്ങിച്ചു തന്ന ആ ചായയായിരുന്നു ആ മനുഷ്യനെ എനിക്ക് ഇഷ്ടപ്പെടുത്തിയത്. പുറത്താക്കപ്പെടുന്ന ഒരു ബാക്ക് ബെഞ്ച് വിദ്യാര്‍ഥിക്ക്, മാഷമ്മാരാല്‍ ശ്രദ്ധിക്കപ്പെടാത്ത ഒരാള്‍ക്ക് ഒരു മാഷുടെ വക ഒരു ചായ എന്നത് വല്യ കാര്യം തന്നെയായിരുന്നു. ചില ചായകള്‍ക്ക് രുചിയേക്കാള്‍ വലുതായി തിളയ്ക്കുന്ന ചിലതുണ്ടെന്നു അപ്പോഴൊക്കെയാണ് തിരിച്ചറിഞ്ഞത്. അത് ഞാന്‍ അവിടെ പറഞ്ഞപ്പോള്‍ ‘ഒരു ചായയില്‍ ഇത്ര ഒക്കെ ഉണ്ടോ’ എന്ന രീതിയില്‍ മുരളി മാഷ് കേട്ടിരുന്നു. പിന്നെ ശ്രീഹരി മാഷും ഷൈമയും എന്റെ കൂടെ പഠിച്ച് ഇപ്പോള്‍ പയ്യന്നൂര്‍ കോളേജില്‍ അദ്ധ്യാപക ജോലി ചെയ്യുന്ന പദ്മനാഭന്‍ കാവുമ്പായിയും ഒക്കെ ഉണ്ടായിരുന്നു. കോളേജ് ഗ്രൗണ്ടില്‍ നോട്ട് കൊണ്ട് തന്ന്, ഒന്ന് പഠിച്ച് പാസാകൂ എന്ന് പറഞ്ഞ എലിസബത്ത് ടീച്ചര്‍, ഒരിക്കല്‍ മാജിക്കല്‍ റിയലിസം എന്നതിന് ഒരു ഉദാഹരണം എന്തെന്ന് ചോദിച്ചപ്പോ ‘വണ്‍ ഹണ്‍ഡ്രഡ് ഇയെര്‍സ് ഓഫ് സോളിറ്റ്യൂഡ് ‘ എന്ന് എനിക്ക് ഉത്തരം പറയാന്‍ കഴിഞ്ഞപ്പോള്‍, ‘ഓനൊക്കെ വല്ലപ്പോഴുമേ ക്ലാസ്സില്‍ വരൂ. ബാക്ക് ബെഞ്ചിലേ ഇരിക്കൂ… എന്നാലും ഓനെ എല്ലാം കണ്ടു പഠിക്ക്’ എന്ന് മുമ്പിലെ സുന്ദരികളോട് പറഞ്ഞ ബാലകൃഷ്ണന്‍ മാഷ്, ആദ്യമായി ഒരു സെമിനാര്‍ എടുക്കാന്‍ പഠിപ്പിച്ച സന്തോഷ് മാഷ് ഒക്കെ അവിടത്തെ ചില മിന്നാമിനുങ്ങുകള്‍ ആയിരുന്നു. പണ്ട് എന്താകണം എന്ന് ഏതോ ഒരു പുസ്തകത്തില്‍ ചോദിച്ചപ്പോള്‍ ‘സിനിമ സംവിധായകന്‍’ ആകണം എന്ന് എഴുതി വെച്ചപ്പോള്‍, ക്ലാസിലെ ഒരു പെണ്‍കുട്ടി ‘ഫി….’ എന്ന് കളിയാക്കി ചിരിച്ചതും. ചോറ് പങ്കു വെച്ചു കഴിച്ച സീമ എന്ന പെണ്‍കുട്ടി മരിച്ച ചിത്രം പത്രത്തില്‍ കണ്ടതും, മറ്റു ചില ഓര്‍മകളും.

ഞങ്ങളുടെ ഡോക്യുമെന്ററികളുടെ പ്രദര്‍ശനങ്ങളുമായി ഞങ്ങള്‍ പലയിടത്തും സഞ്ചരിച്ചിട്ടുണ്ട്. അവിടെ ഒക്കെ ഞങ്ങള്‍ ചിലപ്പോള്‍ നിശിതമായ വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്. രാഷ്ട്രീയമായും അല്ലാതെയും. ചില സവര്‍ണ ഇടങ്ങളില്‍ നിന്ന് വരുന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഞങ്ങള്‍ വളരെ കൂള്‍ ആയി നേരിട്ടിട്ടുമുണ്ട്, തിരിച്ച് അടിച്ചിട്ടുമുണ്ട്. അല്പം നട്ടെല്ലും ദളിത് രാഷ്ട്രീയത്തിന്റെ വൈവിധ്യങ്ങളുടെ രാഷ്ട്രീയം തിരിച്ചറിയുകയും ചെയ്താല്‍ അതിനെ ഒക്കെ നേരിടാവുന്നതേ ഉള്ളു. പക്ഷെ പലപ്പോഴും സിനിമ ഒരു ടെക്സ്റ്റ് എന്ന രീതിയില്‍ വരുമ്പോള്‍ അതില്‍  തന്നെ വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്, ഒരു ഫിലിം മേക്കര്‍ എന്ന രീതിയില്‍ സ്വയം നവീകരിക്കാനാകുന്ന ചില ചോദ്യങ്ങളും തിരുത്തലുകളും ഞങ്ങള്‍ പ്രതീക്ഷിക്കാറുമുണ്ട്. വളരെ ചുരുക്കം ഇടങ്ങളില്‍ നിന്നും പ്രദര്‍ശനങ്ങളില്‍ നിന്നും ഫേസ്ബുക് ചര്‍ച്ചകളില്‍ നിന്നുമൊക്കെ ആണ് അവ കിട്ടാറു പതിവ്. ഒരു പക്ഷെ അത് മിക്കവാറും ദളിത് ഇടങ്ങളില്‍ നിന്നുമാണ് ലഭിക്കാറും.

പക്ഷെ ഞങ്ങളുടെ ‘സബിത: എ വുമന്‍ ആന്‍ഡ് എ ഡേ’ എന്ന സിനിമ പയ്യന്നൂര്‍  കോളേജിലെ ഒരു അമ്പത് കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡോക്യുമെന്ററിയുടെ ടെക്സ്റ്റിനെ ആ കുട്ടികള്‍ കീറി മുറിച്ചു. ഇത് വലിയ ഒരു പ്രതീക്ഷയാണ് ഞങ്ങള്‍ക്ക് തന്നത്. സബിതയുടെ ഇരിപ്പ്, നടപ്പ്, അവരുടെ കയ്യില്‍ കെട്ടിയ ചരട്, അവര്‍ ചൂലുണ്ടാക്കുന്നത്, ചൂല് കൊണ്ട് കരയുമ്പോള്‍ മുഖം മറയ്ക്കുന്നത്, എഡിറ്റിംഗ് എന്നത് ഞാന്‍ ചെയ്ത ഒരു ‘റേപ്പ്’ ആണ് എന്ന തരത്തില്‍ വരെ വളരെ ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ മുന്നോട്ടു വന്നു. അവരുടെ മുന്നില്‍ പിടിച്ചു നിന്ന് മറുപടി പറഞ്ഞുവെങ്കിലും ഫിലിം മേക്കിങ്ങിന്റെ ശക്തമായ ചില പാഠങ്ങള്‍ എനിക്ക് അവിടെ വെച്ചു പഠിക്കേണ്ടി വന്നു. പുറത്തിറങ്ങി, പ്രശസ്ത കവിയും എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും എന്റെ മാഷ് ആയ ശ്രീഹരി മാഷോട് പറഞ്ഞു ‘ഇങ്ങളെ പിള്ളേര് കൊള്ളാട്ട… പൊരിച്ചു കളഞ്ഞു. ജെ എന്‍ യുവില്‍ അടക്കം ഇത്ര ശക്തമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍ പോവാട്ട…’ ശ്രീഹരി മാഷ് പൊട്ടിച്ചിരിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ ഡിഗ്രീ ഇംഗ്ലീഷിന്റെ സിലബസ്സില്‍ ക്രിറ്റിക്കല്‍ അപ്പ്രെസിയഷന്‍ എന്നോ മറ്റോ പുതിയ ഒരു സിലബസ് ഉണ്ടെന്നും അതില്‍ ഫിലിം സ്റ്റഡീസും ദളിത് പൊളിറ്റിക്‌സും ഒക്കെ ഉണ്ടെന്നും അതില്‍ തല്പരരായ കുട്ടികള്‍ ആണ് ഇതെന്നും പറഞ്ഞു. ഇപ്പൊ ക്ലാസ് റൂമുകളില്‍ കുട്ടികള്‍ നിരന്തരം ഇടപെടുന്നതും ചോദ്യം ചോദിക്കുന്നതു കൊണ്ടും അധ്യാപകര്‍ ആകെ വെകിളി പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ ദളിത് വിഷയങ്ങളും ഒക്കെ വരുന്നത് കൊണ്ട് തന്നെ, ആ സിലബസ് രാഷ്ട്രീയവല്‍കരിക്കപ്പെട്ടതാണെന്ന് പറഞ്ഞ്, അതില്ലാതാക്കാന്‍ പല ഭാഗത്ത് നിന്ന് ശ്രമം തുടങ്ങിക്കഴിഞ്ഞു എന്നും പറഞ്ഞു. ഞാന്‍ അവിടെ ശ്രദ്ധിച്ച ഒരു കാര്യം, ചിലര്‍ സംസാരിക്കുമ്പോള്‍ പോലും കുട്ടികള്‍ ഇടക്കിടക്ക്, ‘ഹരിജന്‍’ എന്നല്ല ‘ദളിത്’ എന്നാണ് പറയേണ്ടതെന്നും ‘ഇവിടെ ഇപ്പോള്‍ അങ്ങനെ ജാതി ഇല്ല’ എന്ന് പറഞ്ഞപ്പോള്‍ ജാതി ഉണ്ടെന്നും കുട്ടികള്‍ വിളിച്ചു പറയുന്നതും ഒക്കെ ആയിരുന്നു.

സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം വാങ്ങിക്കണം എന്ന് ആഗ്രഹം ഉള്ള ജോബിന്‍, മറ്റൊരു കോളേജില്‍ എഞ്ചിനിയറിങ്ങിനു പഠിക്കുന്ന, സിനിമയോടുള്ള താല്പര്യം കൊണ്ട് അന്ന് അവിടെ എത്തിയ ജിതിന്‍, സിനിമയെയും ഫിലിം സൊസൈറ്റിയെയും സ്‌നേഹിക്കുന്ന വീണ, കിം കി ദുക്കിനെ കാണാന്‍ വേണ്ടി, ഒന്ന് തൊടാന്‍ വേണ്ടി തിരുവനന്തപുരത്ത്  പോയ പെണ്‍കുട്ടി രാഖി, കണ്ണൂരിലെ സമുദായത്തെ അഡ്രസ് ചെയ്യുമ്പോള്‍ ഈഴവ എന്ന് പറയാതെ തീയ്യ എന്ന് പറയണം എന്ന് എന്നെ തിരുത്തിയ ശ്രീരാഗ്, നിങ്ങളുടെ വീഡിയോ എഡിറ്റിംഗ് എന്നത് ഒരു റേപ്പ് ആണെന്ന് അക്രമിച്ച മാഗസിന്‍ എഡിറ്റര്‍ നിധിന്‍, അങ്ങനെ എങ്കില്‍ നിധിന്റെ മാഗസിനും ഒരു റേപ്പ് ആണെന്ന് വിമര്‍ശിച്ച ശോഭിത എന്ന പെണ്‍കുട്ടി, പച്ചക്കറി ഭക്ഷണത്തിന്റെ ബ്രാഹ്മണിക് പൊളിട്ടിക്‌സിനെ പൊളിച്ചെഴുതിയ, പേര് മറന്നു പോയ, സ്വന്തം വീട്ടിലേക്ക് മറ്റുള്ള സമുദായക്കാരെ കൊണ്ട് വന്നതിന്, പൂജാ മുറി കാണിച്ചു കൊടുത്തതിന് ആത്മഹത്യ ചെയ്ത ബന്ധുവിന്റെ കഥ പറയേണ്ടി വന്ന നമ്പൂതിരി സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടി, ഇപ്പോഴും ഞാന്‍ അച്ഛന്റെയും അച്ചാച്ചന്റെയും കഥ പറയുമ്പോള്‍, എന്തേ നിങ്ങള്‍ അച്ചമ്മയെയും അമ്മയെയും വിട്ടു പോകുന്നു എന്ന് എന്നോട് ചോദ്യം ചോദിച്ച നിപിന്‍ അങ്ങനെ മറ്റുള്ളവരും വലിയ പ്രതീക്ഷ നല്കി. അതേ സമയം പല ചര്‍ച്ചകളും ഒരു ലിബറല്‍, സെക്യുലര്‍, ഇടതുപക്ഷ വായനയില്‍ നിന്നും മാത്രം ഉയര്‍ന്നു വരുന്നതാണ് എന്നത് നിരാശയും ഉണ്ടാക്കി.

ഡോണ്ട് ബി ഔര്‍ ഫാദേര്‍സ് എന്ന ഡോക്യുമെന്ററിയില്‍ പെരിങ്ങീലെ പെണ്ണുങ്ങള്‍ വെള്ളം എടുക്കാന്‍ പോകുമ്പോള്‍ അവരുടെ കഷ്ടപ്പാട് എന്താ കാണിക്കാത്തെ? അവര്‍ യാതന അനുഭവിക്കുമ്പോള്‍ വെസ്‌റ്റേണ്‍ മ്യൂസിക് ഇട്ടതെന്തേ? ഞങ്ങള്‍ ‘അവരെ’ മുന്നോട്ടു കൊണ്ട് വരാന്‍ ശ്രമിക്കാറുണ്ട്, ഞങ്ങളുടെ ഇടയില്‍ ഒന്നും ജാതി ഇല്ല, ഹരിജനങ്ങള്‍ ആയ വിദ്യാര്‍ഥികള്‍, രൂപേഷ് ഡോക്യുമെന്ററി എടുക്കുമ്പോള്‍ ജാനുവിന്റെ ഭൂമിയുടെ രാഷ്ട്രീയം കൊണ്ട് വരണമായിരുന്നു, സാമുദായിക സംഘടനകള്‍ ഒക്കെ ആവശ്യമുണ്ടോ? ഉപദേശങ്ങള്‍ എന്നതൊക്കെ ഒരു അധികാര പ്രകടനമായി എടുക്കേണ്ടതുണ്ടോ? ഹിജാബിനെതിരെ ഒക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്, ഹിജാബ് എന്നത് ഒരു ആണധികാരത്തിന്റെ ചിഹ്നം ആണെന്നതും തലയില്‍ സിന്ദൂരം ഇടുന്നത് വളരെ സ്വാഭാവികം ആണെന്നുമുള്ള വിലയിരുത്തലുകള്‍, എന്നിങ്ങനെ വളരെ ലിബറല്‍ സെക്യുലര്‍ ഇടങ്ങളില്‍ നിന്നും ഉള്ള സംവാദങ്ങള്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പക്കലില്‍ നിന്നും ഉയരുമ്പോള്‍ അത് വളരെ അപ്രത്യക്ഷമായി ജാതിയെ ഉല്പാദിപ്പിക്കുന്നു എന്നത് എന്നെ ഭീതിപ്പെടുത്തി. ഒരു പക്ഷെ, പ്രത്യക്ഷമായി ജാതി പറയുന്നതിനേക്കാള്‍ ഭയാനകമാണ് ഇത്തരം സെക്യുലര്‍ സംവാദങ്ങള്‍.

എനിക്കും മുമ്പേ അമുദന്റെ ‘ഷിറ്റ്’ എന്നൊരു ഡോക്യുമെന്ററി അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു എന്ന് മുരളി മാഷ് പറഞ്ഞു. അത് പ്രദര്‍ശിപ്പിച്ചു വെറും അഞ്ചോ പത്തോ മിനിട്ടിനു ശേഷം ഇറങ്ങിപ്പോയി, ഇതൊക്കെ ഇവിടെ പ്രദര്‍ശിപ്പിക്കേണ്ടതിന്റെ ആവശ്യമെന്ത് എന്ന് ചോദിച്ച അധ്യാപകര്‍ അവിടെ ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. പയ്യന്നൂര്‍ കോളേജില്‍, എന്റെ അറിവ് ശരിയാണെങ്കില്‍ ഇന്നും ഒരു ദളിത് വ്യക്തിത്വം അദ്ധ്യാപകന്‍ / അധ്യാപികയായി ഇല്ല എന്നതാണ് മറ്റൊരു കാര്യം. ഉത്തര മലബാര്‍ സാംസ്‌കാരികമായി വളരെ മുന്നോക്കം ആണെന്ന് ഒക്കെ കൊട്ടിഘോഷിച്ച് മുകളിലേക്ക് ഏമ്പക്കവും വിട്ടു കിടക്കുന്ന ഒരു കാലഘട്ടത്തില്‍ ആണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്. അത് പോലെ അവിടെ നില്‍ക്കുന്ന ലിബറല്‍ ഇടതു പക്ഷ ഇടങ്ങള്‍ ഒക്കെ ഇപ്പോഴും ജാതി ഉല്പാദിപ്പിക്കുന്നു, അതിന്റെ വംശീയത ഉല്പാദിപ്പിക്കുന്നു എന്നത് പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷവും ശേഷവും ആ കോളേജിനെ ഒട്ടും മുന്നോട്ടു കൊണ്ട് പോയിട്ടില്ല എന്നത് തന്നെയാണ്.

കോളേജിന്റെ അധികാരം, അധ്യാപകര്‍, ക്ലാസ് റൂമുകള്‍, സുഹൃത്ത് ബന്ധങ്ങള്‍ ഭക്ഷണം എന്നിവയിലൊക്കെ ജാതി കിടന്നു തിളക്കുന്നുണ്ട്. അതിന്റെ ഇടയിലെ ചില മിന്നാമിന്നി വെളിച്ചം പോലെ ആണ് എന്റെ അറിവില്‍ ചില ദളിത് ഡോക്യുമെന്ടറികള്‍ ചര്‍ച്ച ചെയ്യപ്പെട്ടതും കോളേജ് മാഗസിനില്‍ വന്ന വന്ന ‘ഞാന്‍ ഒരു മനുഷ്യന്‍ (മനുഷ്യന്‍ എന്നത് വെട്ടിക്കളഞ്ഞു) ദളിതന്‍ ആണ് എന്ന ഒരു കുറിപ്പും പ്രതീക്ഷ നല്കിയത്. ആ കുറിപ്പ് മാഗസിന്‍ സൃഷ്ടികള്‍ ക്ഷണിച്ചു കൊണ്ടുള്ള ഒരു പെട്ടിയില്‍ നിന്നും കിട്ടിയതാണ്. പയ്യന്നൂര്‍ കോളേജിലെ ഏതു വിദ്യാര്‍ഥി ആണിത് എഴുതിയതെന്നും ഇപ്പോഴും ആര്‍ക്കും അറിയില്ല. ആ കുറിപ്പിന്റെ ഫോട്ടോയും എനിക്ക് സ്ട്രൈക്കിംഗ് ആയ ചില വാചകങ്ങളും ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

പുറമേ ചിരിക്കുമെങ്കിലും കറുത്തവര്‍ക്ക് ഈ രാജകീയ കലാലയം അത്രയൊന്നും നല്ല അനുഭവം അല്ല.

പുരോഗമന മനസ്സുള്ള ഒരു പാട് നല്ല സഖാക്കളുടെ ഒരു കാമ്പസ്സില്‍ ആണ് ജാതി ചിന്തയുടെ എച്ചില്‍ക്കൂന എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

ഞാന്‍ ജനിച്ച ജാതി എനിക്കെതിരെ തെറി ആയി ഉപയോഗിക്കുമ്പോള്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?

നിനക്കൊന്നും പഠിച്ചില്ലെങ്കിലും ജോലി കിട്ടില്ലേ?

ആദ്യമൊക്കെ ഞാന്‍ കോളേജില്‍ ഉച്ചയൂണ് കൊണ്ട് വരുമായിരുന്നു. പിന്നെ എന്റെ പൊതിച്ചോറു ഷെയര്‍ ചെയ്യാനുള്ള എന്റെ കൂട്ടുകാരുടെ ബുദ്ധിമുട്ടു കാരണം ഞാന്‍ അത് നിര്‍ത്തി. ചിലപ്പോള്‍ കൊണ്ട് വന്നാലും ഞാന്‍ മെയിന്‍ ബ്ലോക്കിന് അപ്പുറത്തുള്ള മതിലിനു അടുത്തിരുന്നു കഴിക്കും.

എന്റെ തൊലിയുടെ കറുപ്പിനെ പ്രണയിച്ച പെണ്‍കുട്ടിക്ക് എന്റെ ഐഡന്റിറ്റി കാര്‍ഡിന് പുറകെ ഉള്ള എസ് ടി എന്ന എന്റെ ഐഡന്റിറ്റിയെ പ്രണയിക്കാന്‍ കഴിഞ്ഞില്ല. (ഇനിയും എനിക്കെഴുതാന്‍ കഴിയില്ല, ബാക്കിയുള്ളത് നിങ്ങള്‍ക്ക് സ്വയം വായിക്കാം).

പ്രദര്‍ശനവും ചര്‍ച്ചയും ഒക്കെ തീരാന്‍ വൈകുന്നേരമായി. ഒടുവില്‍ പിരിയുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി ആരും കാണാതെ കോളേജിലേക്ക് തിരിഞ്ഞു നോക്കി. അവിടെ പണ്ട് മാഷ് ‘നീ സംവരണത്തില്‍ കയറി വന്നതല്ലേടാ…’ എന്ന് ചോദിച്ചു പണ്ട് ക്ലാസ്സില്‍ നിന്നു പുറത്താക്കപ്പെട്ട, എന്റെ കൂടെ പഠിച്ച വിനോദും, അങ്ങനെ നൂറുകണക്കിനു വിനോദുമാരും സ്ലോ മോഷനില്‍ നടന്നു വന്ന് എന്നോട് കൈവീശി, ‘നന്നായി’ എന്ന് പറയുന്നത് ഞാന്‍ എന്റെ കണ്ണ് കൊണ്ട് കണ്ടു. ആ മാഗസിനിലെ എഴുത്തിന്റെ ടൈറ്റില്‍ പയ്യന്നൂര്‍ ശാന്തി ടാക്കീസില്‍ സെക്കണ്ട് ഷോ സിനിമക്ക് മുമ്പ്, സുനിലേട്ടന്റെ ബൈക്കിന്റെ പുറകിലിരുന്ന് ഉറക്കെ മനസ്സില് ഒരായിരം തവണ വിളിച്ചു പറഞ്ഞു. ‘ഞാന്‍ ഒരു മനുഷ്യന്‍ അല്ല, ദളിതന്‍ ആണ് എന്ന്’. അപ്പനപ്പൂപ്പന്മാര്‍ മുകളില്‍ ഇരുന്നു ഇങ്ങനെ പറഞ്ഞു; ‘നീ പൊളിച്ചെടാ… പോടാ… പോയി പടം കാണ്… പോടാ, പോയി പടം പിടിക്ക്…’ അപ്പോഴും പയ്യന്നൂര്‍ കോളേജിലെ വരാന്തകളില്‍ ആ പഴയ ജാതിക്കാറ്റു വീശുന്നുണ്ട്.

(ഈ ലേഖനത്തിന്റെ തലക്കെട്ടിനും ആ പേരിലുള്ള ലേഖനത്തിനും പയ്യന്നൂര്‍ കോളേജ് മാഗസിന്‍ എഡിറ്റര്‍ നിധിന് കടപ്പാട്)

രൂപേഷ് കുമാര്‍

രൂപേഷ് കുമാര്‍

പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. Documentaries Don’t be our fathers Don’t be our fathers Music video Black Board Twinkle Twinkle Little Caste Crime and Punishment 3D Stereo Caste All Indians are… Sabitha: A Woman and a Day By the side of a River Love stories In Black letters Underworld Memories of Untouchables ബ്ളാക്ക് ലെറ്റേഴ്‌സ് 1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്‌സ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍