UPDATES

അഴിമുഖം ക്ലാസിക്സ്

ഒരു ഖദീജയാകാന്‍ ഇനിയും നമ്മള്‍ എത്ര വളരേണ്ടിയിരിക്കുന്നു

സീരിയലുകാര്‍ക്ക് അറിയാത്ത ഖദീജമാരുടെ ലോകം

രാവിലെ കതകു തുറന്നു മുറ്റത്തേക്കിറങ്ങുമ്പോള്‍ അപ്പുറത്തെ മാമാ വൈത്താരയെ കണ്ടു. രാവിലെ ജോലിക്ക് പോകാനായി വണ്ടി കാത്തു നില്കുകയായിരുന്നു അവര്‍. സ്ത്രീകളെ ബഹുമാനപൂര്‍വം വിളിക്കുന്ന പദമാണ് ‘മാമാ’. അമ്മ എന്നര്‍ഥം. ഹബാരി അ സുബിഹി (സുപ്രഭാതം) പറഞ്ഞപ്പോ സാഫി (സുഖം) എന്ന് കുശലാന്വേഷണം.’ ‘മംബോ’ (സുഖമാണോ), പോവ (സുഖം) എന്നുത്തരം. ഈ സുഖാന്വേഷണങ്ങള്‍ ഈ സംസ്‌കാരത്തിന്റെ ഭാഗമാണ്.

രാവിലെ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോ ഇല്ല, ജോലി സ്ഥലത്ത് സ്ഥലത്ത് നിന്നും കഴിക്കുമെന്ന് പറഞ്ഞു. അപ്പൊ കാക്ക (പുരുഷന്മാരെ സംബോധന ചെയ്യുന്ന പദം – ചേട്ടന്‍) ഭക്ഷണം ഉണ്ടാക്കി കഴിക്കുമോ?മാമയുടെ മറുപടി കാക്കയുടെ മറ്റൊരു ഭാര്യ അപ്പുറത്ത് താമസിക്കുന്നുണ്ട്. അവിടെ നിന്നും കഴിക്കും, വൈകുന്നേരം എനിക്കും മക്കള്‍ക്കും ഉള്ള ഭക്ഷണം അവിടെ നിന്നും വരും. വണ്ടി വന്നു. മാമാ വൈത്താര കയറിപ്പോയി…

രാവിലെ എന്ത് സുന്ദരമായ അനുഭവം… കാക്കയുടെ ക്രിസ്ത്യാനിയായ ഭാര്യയും മക്കളും ഇവിടെ, മുസ്ലിങ്ങളായ കുടുംബം അപ്പുറത്ത്… ഒരുമിച്ചു ഭക്ഷണം… സന്തുഷ്ടമായ കുടുംബജീവിതം.

ഖദീജ… ദാര്‍ എസ്സ് സലാമിലെ എന്റെ കൂട്ടുകാരി. ചെമ്പരത്തി പൂവും പിച്ചിപൂവും, നിറഞ്ഞ മുറ്റവുമുള്ള വീട്ടിലേക്കു ആദ്യമായിട്ട് ചെല്ലുമ്പോള്‍ വരാന്ത നിറയെ ചെരുപ്പുകള്‍. ഓറഞ്ച്, പച്ച, മഞ്ഞ, ചുവപ്പ് പല നിറത്തിലുള്ള ചെരുപ്പുകള്‍, തോള്‍ ചെരുപ്പുകള്‍, ടയര്‍ കൊണ്ടുണ്ടാകിയ ചെരുപ്പുകള്‍, പാവക്കുട്ടിയെ പോലെയുള്ള ചെരുപ്പുകള്‍, പല തരത്തിലുള്ള, പല പ്രായക്കാരുടെ ചെരുപ്പുകള്‍. ഈ ചെരുപ്പുകളുടെ ലോകം മുതല്ക്കങ്ങോട്ടു കാണാന്‍ സുഖമുള്ള കാഴ്ചകളും കേള്‍ക്കാന്‍ കൊതിക്കുന്ന യാഥാര്‍ഥ്യങ്ങളുടെയും ലോകം എനിക്ക് മുന്നില്‍ തുറക്കുകയായിരുന്നു.

കേറിചെല്ലുമ്പോഴേ കേറിപ്പുണര്‍ന്നു ‘കരിബു’ (സ്വാഗതം) എന്ന് പറയും. അസ്സാന്റെ (നന്ദി) എന്നുത്തരം. ഹബാരി, മുസ്സുരി, മാമ്പോ, പോവ എന്നീ കുശലാന്വേഷണം ഈ നാടിന്റെ പ്രത്യേകതയാണ്. ഏതു സംഭാഷണം തുടങ്ങുന്നതിനു മുന്പും എവിടെ ആയാലും എപ്പോഴായാലും ആരോടായാലും സുഖാന്വേഷണത്തിലാണ് സംസാരം തുടങ്ങുക. മരുന്ന് വാങ്ങാനായാലും മദ്യം വാങ്ങാനായാലും വഴി ചോദിക്കാനായാലും ഈ കുശലാന്വേഷണം അനിവാര്യം. അപരിചിതത്വം ഇല്ലാതാകുന്നതിവിടെയാണ്. ഖദീജയുടെ വീട്ടിലെ കതകു തുറന്നു അകത്തേക്ക് കയറിയപ്പോള്‍ നിറയെ മനുഷ്യര്‍. കരിബു പറഞ്ഞു സ്വീകരിച്ചു. അസ്സാന്റെ പറഞ്ഞു അകത്തേക്ക് കയറിയപ്പോള്‍ എല്ലാവരും എന്നെ പോലെ അതിഥികള്‍ ആകുമെന്ന് കരുതി.

ഖദീജ ഓരോരുത്തരെയായി പരിചയപ്പെടുത്തി. ഇത് മാമാ ബാര്‍ക്കെ, ഖദീജയുടെ ഏറ്റവും മുതിര്‍ന്ന സഹോദരിയാണ്. പട്ടാളത്തില്‍ നേഴ്‌സ് ആയിരുന്നു. ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നു. ഇത് ലത്തീഫ, ഖദീജയുടെ രണ്ടാമത്തെ ചേച്ചിയുടെ മകള്‍. ചേച്ചി സ്‌കൂളില്‍ പഠിക്കുമ്പോ കൂട്ട ബലാത്സംഗത്തിന് ഇരയായി. ലത്തീഫയെ പ്രസവിച്ച ശേഷം മരിച്ചു. ഇപ്പോള്‍ ലത്തീഫയ്ക്ക് പതിനേഴു വയസ്സ്, പഠിച്ചു കൊണ്ടിരിക്കുന്നു.

മാമാ ബാര്‍ക്കെ, ചുനി,ലത്തീഫ

ഇത് ചുനി, ഖദീജയുടെ വാപ്പ ഒമാന്‍കാരനാണ്. ഉമ്മ ടാന്‍സാനിയക്കാരി. വാപ്പയുടെ ഒമാന്‍കാരിയായ ഭാര്യയില്‍ ഉണ്ടായതാണ് ചുനി. വര്‍ഷങ്ങളായി ചുനി ഖദീജയോടൊപ്പമാണ് താമസവും ജോലിയും. ഇത് ലുജൈന, ഖദീജയുടെ മുതിര്‍ന്ന സഹോദരന്‍ കാന്‍സര്‍ ബാധിച്ചു മരിച്ചു. ഭാര്യ വേറെ വിവാഹം കഴിച്ചു. ലുജൈന ഖദീജയോടൊപ്പമാണ്. ഇപ്പൊ വയസ്സ് ആറ്. ഖദീജയാണ് ലുജൈനയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത്.

ഹസ്സന്‍ ഖദീജയുടെ ഇളയ സഹോദരന്‍. കോളേജ് ജീവിതം കഴിഞ്ഞു ജോലി അന്വേഷിക്കുന്നു. പചേക്കോ ഖദീജയുടെ അകന്ന ബന്ധുവിന്റെ മകന്‍. ജോലി തേടി വന്നതാണ്. ഈ കുടുംബത്തോടോപ്പം കഴിയുന്നു.

ഖദീജയ്ക്കു ഇപ്പോള്‍ 33 വയസ്സുണ്ടാകും. ഈ കുടുംബത്തിന്റെ നട്ടെല്ല് ആണവള്‍. ഇത് സന്തോഷം മാത്രം നിലനില്‍ക്കുന്ന ഒരു കുടുംബം. പരസ്പരം സ്‌നേഹിക്കുകയും സഹായിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മനുഷ്യര്‍. ബന്ധങ്ങള്‍ക്ക് സദാചാര പൂട്ടില്ല. പ്രണയത്തിനു അതിര്‍ വരമ്പുകളില്ല. കുടുംബം എന്നാല്‍ ഞാനും എന്റെ അമ്മയും എന്റെ വീടുമല്ല. അവിഹിതങ്ങള്‍ മരിച്ചു വീഴുന്നത് ഇവിടെയാണ്.

വളര്‍ത്തി വലുതാക്കിയതിന്റെ കണക്കുകള്‍ ഇവര്‍ സൂക്ഷിക്കാറില്ല. ഉണ്ട ചോറിന്റെ നന്ദിയ്ക്കു വേണ്ടി ഇവര്‍ കാത്തിരിക്കാറില്ല. ബന്ധങ്ങള്‍ക്ക് മനുഷ്യത്വത്തിന്റെ നിറമാണ്. അല്ലാതെ നാട്ടുകാര്‍ എന്ത് വിചാരിക്കും, സമുഹത്തില്‍ ജീവിക്കണ്ടേ, കുടുംബത്തിന്റെ പാരമ്പര്യം, സമുഹത്തിലെ നില, വില തുടങ്ങിയ പൊയ്മുഖങ്ങള്‍ ഒന്നുമില്ല.

കുടുബം എന്ന് പറയുന്നത് നാല് മതില്‍കെട്ടിനുള്ളില്‍ സമൂഹകാഴ്ചപ്പാടിന് അനുസരിച്ചുള്ള പാവക്കൂത്തല്ല. നമ്മുടെ നാട്ടില്‍ വിവാഹത്തിന് മുന്‍പുള്ള പ്രണയത്തില്‍ ജനിച്ച കുഞ്ഞിന്റെ പേര് പറയാന്‍ മാത്രമായി ഒരു സീരിയല്‍ വര്‍ഷങ്ങളോളം തുടരും. കാരണം ഇക്കിളിപ്പെടുത്തുന്ന, തൊട്ടാല്‍ പൊട്ടിപ്പോകുന്ന, ബന്ധങ്ങളെ അംഗീകരിക്കാന്‍ സമുഹത്തെ ഭയക്കുന്ന, യാഥാര്‍ഥ്യത്തില്‍ നിന്നും ഒളിച്ചോടുന്ന അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്ന സംസ്‌കാരമാആണ് നമുക്കുള്ളത്.

എന്റെ ജീവിതം എന്റെ തീരുമാനമാണ്. എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമാണ്. എന്റെ ഉത്തരവാദിത്തങ്ങള്‍ അത് മനുഷ്യത്വപരമാണ്. അത് നാട്ടാചാരപ്രകാരമുള്ള, സമുഹത്തെ ബോധിപ്പിക്കലല്ല. ബന്ധുത്വം സാമുഹ്യാനാചാരങ്ങള്‍ നടപ്പിലാക്കാനുള്ള സ്ഥാനമാനങ്ങള്‍ അല്ല.

ഒരുപാടു ഖദീജമാരുള്ള നാടാണിത്. ഒരു ഖദീജയാകാന്‍ ഇനിയും നമ്മള്‍ എത്ര വളരേണ്ടിയിരിക്കുന്നു.

സോമി സോളമന്‍

സോമി സോളമന്‍

എഴുത്തുകാരി, വിദ്യാഭ്യാസ പ്രവര്‍ത്തക, ഇപ്പോള്‍ ടാന്‍സാനിയയിലെ ദാര്‍-എസ്-സലാമില്‍ താമസം. അഴിമുഖത്തില്‍ My Africa എന്ന കോളം ചെയ്യുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍