UPDATES

ഓഫ് ബീറ്റ്

പാടാതെ പറ്റില്ല ഈ കോഴിക്കോടിന്‍റെ പാട്ടുകാരിക്ക്/അഴിമുഖം ക്ലാസിക്

‘മണിമാരന്‍ തന്നത് പണമല്ല പൊല്ലാ..
മധുരക്കിനാവിന്റെ കരിമ്പു തോട്ടം..’  ഓളവും തീരവും എന്ന ചിത്രത്തില്‍ ഗാനഗന്ധര്‍വന്‍ യേശുദാസിനൊപ്പം ബാബുരാജിന്റെ സംഗീതത്തില്‍ പാടിയ ഈ പാട്ടുമതി മച്ചാട് വാസന്തിയെന്ന ഗായികയെ എക്കാലവും ഓര്‍ത്തിരിക്കാന്‍.

മലയാളിയുടെ പച്ചപനന്തത്തയ്ക്ക് പാട്ടുപാടി കൊതി തീര്‍ന്നിട്ടില്ല. മാറാരോഗം വന്ന് തൊണ്ടയില്‍ കുരുക്കിടുമ്പോഴും മച്ചാടു വാസന്തിയെന്ന പഴയ തലമുറയിലെ ആ പാട്ടുകാരി പറയുന്നു,  ‘എനിക്കിനിയും പാടണം. പാടിയേ മതിയാവൂ. ഇടക്കെപ്പഴോ തൊണ്ടയില്‍ കുടുങ്ങിയതാണീ രോഗം. അതെന്നെ കൊണ്ടുപോകും വരെ എനിക്ക് പാടണം…’ ഒമ്പതാം വയസു മുതല്‍ തുടങ്ങിയ പാട്ട് എഴുപതിനടുത്ത് വന്നുനില്‍ക്കുമ്പോഴും കോഴിക്കോട്ടെ പാട്ടുവേദികളില്‍ സജീവമായിരുന്ന വാസന്തിക്ക് പണ്ട് പത്തുപാട്ടു പാടിയ സ്ഥാനത്ത്  ഇപ്പോള്‍ രോഗം കാരണം ഒന്നോ രണ്ടോ മാത്രമേ പാടാന്‍ കഴിയുന്നുള്ളൂവെങ്കിലും പാട്ടു മറന്നൊരു ലോകം അവര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയുന്നില്ല.

പാടിയ പാട്ടുകളുടെ എണ്ണം നോക്കിയാല്‍ നാടകവും സിനിമയും ആകാശവാണിയുമൊക്കെയായി പതിനായിരത്തിലേറെ വരും. പക്ഷെ എന്തിനാണ് ഒരുപാട് പാട്ട്.
‘മണിമാരന്‍ തന്നത് പണമല്ല പൊല്ലാ..
മധുരക്കിനാവിന്റെ കരിമ്പു തോട്ടം..’  ഓളവും തീരവും എന്ന ചിത്രത്തില്‍ ഗാനഗന്ധര്‍വന്‍ യേശുദാസിനൊപ്പം ബാബുരാജിന്റെ സംഗീതത്തില്‍ പാടിയ ഈ പാട്ടുമതി മച്ചാട് വാസന്തിയെന്ന ഗായികയെ എക്കാലവും ഓര്‍ത്തിരിക്കാന്‍. നാടകത്തിലാണെങ്കില്‍ പൊന്‍കുന്നം ദാമോദരനെഴുതി ബാബുരാജ് ഈണമിട്ട നമ്മളൊന്നിലെ ‘പച്ചപ്പനംതത്തേ, പുന്നാര പൂമുത്തെ പുന്നെല്ലിന്‍ പൊന്‍കതിരേ…’ എന്ന ഗാനം. ഈ ഗാനം പിന്നീട് നോട്ടമെന്ന സിനിമിലേക്ക് എം.ജയചന്ദ്രന്‍ പുതിയ ഗായികയെ വെച്ച് പരീക്ഷിച്ചപ്പോള്‍ വാസന്തിയെ മറന്നുപോയെങ്കിലും പച്ചപ്പനന്തത്തയെ ഇപ്പോഴും മലയാളികളോര്‍ക്കുന്നത് വാസന്തിയുടെ ശബ്ദത്തില്‍ തന്നെ.

ഇപ്പോള്‍ ഈ ദുരിത വഴിയില്‍ നാടകവും സിനിമയുമൊന്നുമില്ലെങ്കിലും കോഴിക്കോട്ടൊരു ഗാനമേളയുണ്ടെങ്കില്‍ അതിലൊരു പാട്ടെങ്കിലും വാസന്തിക്കുവേണ്ടി സംഘാടകര്‍ ഇപ്പോഴും നീക്കിവെക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പിടിപെട്ട തൊണ്ടയിലെ മുഴയാണിപ്പോള്‍ പ്രശ്‌നം. പറ്റാവുന്ന രീതിയിലൊക്കെ ചികിത്സ ചെയ്തു നോക്കി. പക്ഷെ മുഴ ഓപ്പറേഷന്‍ ചെയ്തുനീക്കിയാല്‍ പിന്നെ പാടാന്‍ കഴിയുമോയെന്നകാര്യത്തില്‍ തീര്‍പ്പില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അതുകേട്ടപ്പോള്‍ വാസന്തി ഒന്നു തീരുമാനിച്ചു. ‘ ജീവിക്കുന്നതു തന്നെ പാടാനാണ്..അപ്പോ പിന്നെ മുഴനീക്കിയാല്‍ പാടാനാവുന്നില്ലെങ്കില്‍ പിന്നെന്തിനതു നീക്കണം…അതവിടെ കിടക്കട്ടെ, പാടിപ്പാടി ഒരു ദിവസം അതുപൊട്ടുമ്പോള്‍ ഞാനും തീരട്ടെ.. അങ്ങിനെയാ മുഴയും..’

കണ്ണൂര്‍ കക്കാട് സ്പിന്നിംഗ്ഗ് മില്ലിനടുത്ത് ഗായകനും റേഡിയോ ആര്‍ടിസ്റ്റുമായ മച്ചാട് കൃഷ്ണന്റേയും കല്യാണിയുടേയും മകളായിട്ട് ജനിച്ച വാസന്തി ഒമ്പതാംവയസില്‍ കമ്യൂണിസ്റ്റ് പാര്‍ടി വേദിയില്‍ വിപ്ലവഗാനം പാടിക്കൊണ്ടാണ് രംഗപ്രവേശനം നടത്തുന്നത്. നായനാര്‍ പ്രസംഗിക്കുന്ന വേദിയില്‍ ‘പൊട്ടിക്കും പാശം സമരാവേശം..’ എന്ന വിപ്ലവഗാനം പാടിയ കൊച്ചുപാട്ടുകാരിയെ സദസ്സിലുണ്ടായിരുന്ന എം.എസ് ബാബുരാജാണ് കണ്ടെത്തി പാട്ടിന്റെ വഴികളിലേക്ക് കൊണ്ടുവന്നത്. ബാബുരാജുമായി ഏറെ അടുപ്പമുണ്ടായിരുന്ന മച്ചാട് കൃഷ്ണന്‍ മകളുടെ സംഗീതപഠനത്തിനായി കോഴിക്കോട് ഫ്രാന്‍സിസ് റോഡിലേക്ക് വാടക വീടെടുത്തു മാറി.  അങ്ങനെ കല്ലായില്‍ ബാബുരാജിന്റെ താമസസ്ഥലത്ത് ദിവസവും രാവിലെയെത്തി വാസന്തി പാട്ടില്‍ പിച്ചവെച്ചു.

ബാബുരാജ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ‘തിരമാല’ യായിരുന്നു വാസന്തിയുടേയും ആദ്യ സിനിമ. പക്ഷെ ആ പടം വെളിച്ചം കണ്ടില്ല. പിന്നീട് അതേവര്‍ഷം തന്നെ രാമുകര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങില്‍ രണ്ടു പാട്ടുപാടിക്കൊണ്ട് വാസന്തി സിനിമയില്‍ നല്ല തുടക്കം കുറിച്ചു. പി.ഭാസ്‌കരന്‍ മാഷുടെ രചനയില്‍ ബാബുരാജ് ഈണം പകര്‍ന്ന ‘ തത്തമ്മേ തത്തമ്മേ നീപാടിയാല്‍ അത്തിപ്പഴം തന്നിടും..’, ‘ആരു ചൊല്ലിടും ആരു ചൊല്ലിടും..’ എന്നിങ്ങനെയായിരുന്നു പാട്ടുകള്‍. ഈ രണ്ടുപാട്ടുകള്‍ കഴിഞ്ഞാല്‍ ചിത്രത്തിലെ മറ്റുപാട്ടുകള്‍ കോഴിക്കോട്  അബ്ദുള്‍ഖാദറും ശാന്താ പി നായരും ചേര്‍ന്നായിരുന്നു പാടിയത്. തുടര്ന്ന് സിനിമയില്‍ നിന്ന് കുറേ അവസരങ്ങള്‍ വന്നെങ്കിലും ആകാശവാണിയിലെ തിരക്കുകള്‍ക്കിടയില്‍ മകളേയും കൊണ്ട് മദ്രാസിലേക്ക് പോയി നില്‍ക്കാന്‍ പിതാവിന് കഴിയാത്തിനാല്‍ കോഴിക്കോട് നാടകത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഹരിനാരായണന്‍, നജ്മല്‍ ബാബു എന്നിവരോടൊപ്പം

അന്ന് നാടകമെന്ന് പറയുമ്പോള്‍ ഇന്നത്തെ ശോചനീയാവസ്ഥയല്ല. ഭാസ്‌കരന്‍മാഷും ഒഎന്‍വിയും വയലാറുമെല്ലാം കൂടുതലും നാടകത്തിനുവേണ്ടി എഴുതുകയും ബാബുരാജും രാഘവന്‍മാസ്റ്ററുമെല്ലാം നാടകത്തിന് ഈണ മിടുകയും ചെയ്ത നാടകത്തിന്റെ സുവര്‍ണകാലം. സിനിമയേക്കാളും ജനം നാടകത്തെ സ്വീകരിച്ചിരുന്ന അക്കാലത്ത് പതിമൂന്നാം വയസിലാണ് നമ്മളൊന്നിനുവേണ്ടി വാസന്തി ‘പച്ചപ്പനംതത്തെ..’ പാടുന്നത്. ആ പാട്ട് പിന്നീട് എത്ര വേദികളില്‍ പാടിയെന്ന് വാസന്തിക്കുപോലും ഓര്‍മയില്ല. ഒരായിരമോ പതിനായിരമോ വരുമെന്ന് അവര്‍. നാടകം പാട്ടിനപ്പുറത്ത് അഭിനയത്തിന്റെ കൂടി വേദിയായി വാസന്തിക്ക്. നെല്ലിക്കോട് ഭാസ്‌കരന്റെ തിളയ്ക്കുന്ന കടല്‍, ദേശപോഷണിയുടെ ഈഡിപ്പസ്, ബഹുദൂര്‍ സംവിധാനം ചെയ്ത വല്ലാത്ത പഹയന്‍, പി.ജെ ആന്റണിയുടെ ഉഴുവുചാല്‍, കുതിരവട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്‌സിന്റെ കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെ ന്നെ കമ്യൂണിസ്റ്റാക്കി, തിക്കോടിയന്റെ നിരവധി നാടകങ്ങള്‍…ഇതെല്ലാം വാസന്തി നായികയും ഗായികയുമായ നാടകങ്ങളില്‍ ചിലതുമാത്രം.

അതിനിടെ വാസന്തിയുടെ രണ്ടാമത്തെ സിനിമ പുറത്തിറങ്ങി. എംടി യുടെ അമ്മു.  ബാബുരാജ് സംഗീതം നിര്‍വഹിച്ച സിനിമയില്‍ എല്‍.ആര്‍.ഈശ്വരിക്കൊപ്പം പാടിയ ‘കുഞ്ഞിപെണ്ണിനു കണ്ണെഴുതാന്‍..’ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. തുടര്ന്ന് എം.ടി ചെയ്ത കുട്ട്യേടത്തിയിലും ഒരു പാട്ട് വാസന്തിക്കു കിട്ടി. അതിനുശേഷമാണ് വാസന്തിയുടെ എക്കാലത്തേയും മികച്ച ഗാനമായ ഓളവും തീരത്തിലെ ‘മണിമാരന്‍ തന്നത് …’ പിറക്കുന്നത്.  യേശുദാസിനൊപ്പം ആദ്യമായിട്ടും അവസാനമായിട്ടും പാടിയ ആ പാട്ട് ഇതുവരെ ആയിരക്കണക്കിന്  വേദികളില്‍ പാടിയതായി വാസന്തി പറയുന്നു. ഉണ്ണിമേനോന്‍, ബിജു നാരായണന്‍, വി.ടി. മരുളി, കല്ലറ ഗോപന്‍, സി.ഒ.ആന്റോ ഇങ്ങനെ ഗാനഗന്ധര്‍വനു താഴെ പ്രശ്‌സ്തരായ ഒട്ടനവധി ഗായകര്‍ക്കൊപ്പം പാടിയ ആ പാട്ട് വാസന്തിക്ക് ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്. ദിവസം ഒരു നേരമെങ്കിലും ആ പാട്ട് പാടാത്ത ദിവസം തനിക്കുണ്ടായിട്ടില്ലെന്ന് അവര്‍ പറയുമ്പോള്‍ പിന്നീട് സിനിമയില്‍ തുടരാനാവാത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിവാഹത്തിന് മുമ്പ് അച്ഛനൊപ്പം നാടാകെ ചുറ്റി പാടിയെങ്കിലും വിവാഹത്തിനുശേഷം മദ്രാസിലും മറ്റും പോയി പാടാന്‍ ഭര്‍ത്താവ് അനുവാദം തന്നില്ല. കോഴിക്കോട് കുടുംബത്തിനൊപ്പം നിന്ന് കിട്ടാവുന്ന നാടകങ്ങളില്‍ പാടിക്കൊള്ളാനാണ് ഭര്‍ത്താവ് ബാലകൃഷ്ണന്‍ നല്‍കിയ അനുമതി. കുടുംബം വിട്ട് ദൂരെ പോകേണ്ടിവരുന്നതുകൊണ്ടല്ലാതെ അദ്ദേഹം പാട്ടിന് എതിരൊന്നുമായിരുന്നില്ല. പാടാനൊന്നുമറിയില്ലെങ്കിലും സിനിമയുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു ബാലകൃഷ്ണന്‍. സിനിമാ പ്രൊജെക്ടര്‍ കേരളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയത് ബാലകൃഷ്ണനായിരുന്നുവെന്ന് വാസന്തി പറയുന്നു. സ്വന്തമായി ചെറുവണ്ണൂരില്‍ ഒരു ഫാക്ടറി തുടങ്ങി സിനിമാ പ്രൊജക്ടറുകളുണ്ടാക്കിയ അദ്ദേഹം ധാരളിയായി ജീവിച്ചു. അമിതമായ മദ്യപാനം കാരണം ഒടുക്കം 48-ആം വയസില്‍ ഭര്‍ത്താവ് മരിക്കുമ്പോള്‍ വാസന്തിക്കു മിച്ചം കിട്ടിയത് അദ്ദേഹം ബാക്കിവെച്ച എട്ടുലക്ഷം രൂപയുടെ കടമായിരുന്നു. പിന്നീടിങ്ങോട്ടാണ് ജീവിക്കാന്‍വേണ്ടി വാസന്തി പാടിത്തുടങ്ങിയത്. കിട്ടുന്ന നാടകങ്ങളിലും ഗാനമേളകളിലുമെല്ലാം  ഓടി നടന്ന് വാസന്തി പാടി. അതിനിടെ കുറച്ച് സിനിമകളില്‍ മുഖം കാണിച്ചെങ്കിലും പാടൊനൊന്നും അവസരം ചോദിച്ച് പോയില്ല. പിന്നെ ഇങ്ങോട്ട് വിളിച്ച് അവസരം തരാന്‍ ബാബുക്കയെപ്പോലെ അടുപ്പമുള്ളവര്‍ ആരും ഉണ്ടായിരുന്നില്ലെന്നും വേദനയോടെ വാസന്തി ഓര്‍ക്കുന്നു.

ഒരു മകനാണ് വാസന്തിയ്ക്ക്.  അവന്‍ ഫറോക്കില്‍ ബെല്‍ഡിംഗ് ജോലിചെയ്യുന്നു. അമ്മയെ സഹായിക്കാമെന്നുവെച്ചാല്‍ അവനും കുടുംബവും പ്രാരാബ്ദവുമായി. അപ്പോള്‍ സ്വന്തം കാര്യത്തിന് ഇനിയും പാടിയേ മതിയാവൂ. ഭര്‍ത്താവ് ബാക്കിവെച്ച കടത്തില്‍ കുറച്ചു കൂടിയുണ്ട്. അതുവീട്ടുന്ന വരെയെങ്കിലും തൊണ്ടയില്‍ നിന്ന് ശബ്ദം അറ്റുപോകാതിരുന്നാല്‍ മതിയായിരുന്നു…

വാസന്തിയുടെ പാട്ടിനും ശബ്ദത്തിനുമെല്ലാം ഇപ്പോള്‍ വിഷാദ ഭാവം.

(അഴിമുഖത്തില്‍ നേരത്തെ പ്രസിദ്ധീകരിക്കുകയും വായനക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്ത ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പുതിയ വായനക്കാര്‍ക്ക് വേണ്ടി പുനഃപ്രസിദ്ധീകരിക്കുകയാണ് ‘അഴിമുഖം ക്ലാസ്സിക്കി’ല്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍