UPDATES

അഴിമുഖം ക്ലാസിക്സ്

ബിനേഷ് ലണ്ടനിലേക്ക് പറന്നു; പക്ഷേ, ദളിതനും ആദിവാസിക്കും ഇത്ര മതിയെന്ന് പറയുന്ന സമൂഹം മാറുമോ?

വിദ്യാഭ്യാസം സൗജന്യമാക്കിയതുകൊണ്ട് കാര്യമില്ല, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കാന്‍ ഇങ്ങനെയുള്ളവരെ പ്രാപ്തരാക്കുകയും സര്‍ക്കാരിന്റെ ചുമതലയാണ്

ഏറനാട് എക്‌സ്പ്രസ് കണ്ണൂര്‍ സ്റ്റേഷന്‍ വിടുമ്പോള്‍ സമയം രണ്ടര കഴിഞ്ഞിരുന്നു. കണ്ണൂരില്‍ നിന്നും താനും കയറിയിട്ടുണ്ടെന്നും ജനറലിലായതുകൊണ്ട് കാഞ്ഞങ്ങാട് എത്തുമ്പോള്‍ കാണാമെന്നും ഫോണ്‍ ചെയ്തപ്പോള്‍ ബിനേഷ് പറഞ്ഞു.

കാഞ്ഞങ്ങാട് സ്റ്റേഷനില്‍ ഇറങ്ങി മേല്‍പ്പാലത്തിന്റെ പടിക്കെട്ടുകള്‍ക്കടുത്തായി അല്‍പ്പം സമയം കാത്തു നിന്നപ്പോഴേക്കും ബിനേഷ് എത്തി. കണ്ണൂരില്‍ ഒരു അഭിനനന്ദന ചടങ്ങ് ഉണ്ടായിരുന്നു, ഇതിപ്പോള്‍ കുറച്ചായി; പതിഞ്ഞ ശബ്ദത്തില്‍ ബിനേഷ് പറഞ്ഞു.

സ്റ്റേഷനില്‍ നിന്നും കുറച്ചു ദൂരമേയുള്ളു കാഞ്ഞങ്ങാട് ടൗണിലേക്ക്. കോളിച്ചാലിലേക്കുള്ള ബസിനായി ബിനേഷിനൊപ്പം നടന്നു.

ബിനേഷ് ബാലന്‍ എന്ന പേര് സാമൂഹിക വാര്‍ത്താ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്കെല്ലാം പരിചിതമായിരിക്കും. പ്രശസ്തമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ അഡ്മിഷന്‍ കിട്ടിയ, കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ആദിവാസി ബാലന്‍. ഈ വിശേഷണമൊക്കെയുണ്ടായിട്ടും തന്റെ ഐഡന്റിറ്റിയുടെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന മാനസിക പീഡനങ്ങളായിരുന്നു ബിനേഷിനെ ‘വാര്‍ത്ത’യാക്കിയത് – ഇനിയും മുടക്കരുത്; ബിനേഷ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിക്കട്ടെ.

ഒടുവില്‍ പട്ടികജാതിപട്ടിക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്റെ ഇടപെടലാണ് ബിനേഷിനു തുണയായത്. മന്ത്രിയുടെ നിര്‍ദേശപ്രകാരം ചെന്നൈയില്‍ ഐഇഎല്‍ടിഎസ് കോഴ്‌സിന് വേണ്ട ഫീസും ചെലവും സഹിതം 26,500 രൂപയും ബിനേഷിന് അനുവദിച്ചു. ലണ്ടനിലേക്ക് പോകാനുള്ള യാത്രാ ചെലവ് സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി ലഭിക്കുന്നില്ലെങ്കില്‍ അതും സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ സന്നദ്ധമാണെന്നും മന്ത്രി ബിനേഷിനെ അറിയിച്ചിട്ടുണ്ട്.

പ്രതിസന്ധികള്‍ പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല, എങ്കിലും പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങള്‍ നടന്നാല്‍ വരുന്ന ജനുവരിയില്‍ ബിനേഷ് ലണ്ടനിലേക്ക് പറക്കും. നമ്മള്‍ നേടേണ്ടത് ഉന്നത വിദ്യാഭ്യാസമാണെന്ന് പറഞ്ഞ ഡോ. ബിആര്‍ അംബേദ്ക്കര്‍ പഠിച്ച അതേ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ബിനേഷും പഠിക്കും.

വിസ ശരിയാവുകയാണെങ്കില്‍ ജനുവരിയില്‍ തന്നെ യാത്ര നടക്കും, അല്ലെങ്കില്‍ സെപ്തംബറില്‍. യൂണിവേഴ്‌സിറ്റിയില്‍ നിന്നും അനുകൂലമായ മറുപടിയാണ് കിട്ടിയത്. കോളിച്ചാലിലേക്കുള്ള ബസില്‍ കയറുമ്പോള്‍ ബിനേഷ് പറഞ്ഞു. ഒരു മണിക്കൂറിനടുത്ത് യാത്രയുണ്ട്. ഉച്ചതിരിഞ്ഞുള്ള വെയിലിനു ചൂടുകൂടുതല്‍. വിന്‍ഡോ ഷട്ടര്‍ താഴ്ത്തിയശേഷം ബിനേഷിനെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ആഗ്രഹം പറഞ്ഞു.

കൊട്ടമെടയല്‍ തുടങ്ങിയ കുടില്‍ വ്യവസായങ്ങളും കൃഷിയുമൊക്കെയായിരുന്നു ഞങ്ങളുടെ സമുദായത്തിന്റെ പരമ്പരാഗത തൊഴില്‍. പിന്നീടത് പലതായി മാറി. കുലത്തൊഴിലുകള്‍ കുറഞ്ഞു. സാമ്പത്തികമായി മെച്ചമില്ലാതായി. കുട്ടമെടഞ്ഞാല്‍ എന്തുകിട്ടുമെന്ന് ചോദിച്ചവര്‍ ക്വാറികളില്‍ കല്ലു ചുമക്കാന്‍ പോയി. സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായിരുന്നു ഞങ്ങള്‍ക്കിടയില്‍. അമ്മയും അച്ഛനും ക്വാറിയിലാണ് പണി. മക്കളായി ഞാനും ചേട്ടനും ചേച്ചിയും. ദാരിദ്ര്യത്തില്‍ നിന്നും ഒട്ടും മുക്തമായിരുന്നില്ല ഞങ്ങളും.

പ്രാന്തക്കാവ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അവിടെ നിന്നും ബളാംതോട് ഹൈസ്‌കൂളില്‍. ആദ്യമായി ഞാനൊരു പരീക്ഷയ്ക്ക് വിജയിക്കുന്നത് ഏഴാം ക്ലാസിലെ ക്രിസ്തുമസ് പരീക്ഷയ്ക്കാണ്. മലയാളം സെക്കന്‍ഡിന്. ശരാശരിയിലും താഴ്ന്ന വിദ്യാര്‍ത്ഥിയായിരുന്നു ഞാനന്ന്. മക്കളെ പഠിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു അച്ഛനും അമ്മയ്ക്കും. കാശായിരുന്നു തടസം. ഹയര്‍ സെക്കന്‍ഡറിക്ക് ചേരുമ്പോഴാണ് അമ്മ ആദ്യമായൊരു പുതിയ ഉടുപ്പ് വാങ്ങി തരുന്നത്. അതുവരെ ആരുടെയെങ്കിലുമൊക്കെ തരുന്ന പഴയ കുപ്പായമാണുണ്ടായിരുന്നത്.

ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴേ പണിക്കു പോകാന്‍ തുടങ്ങി. അടയ്ക്കാ തോട്ടത്തിലും കശുമാവിന്‍ തോട്ടത്തിലും പോകും. അവിടെ നിന്നു കിട്ടുന്ന പൈസ വീട്ടിലും കൊടുക്കും, എന്റെതായ ചെറിയ കാര്യങ്ങള്‍ക്കും എടുക്കും. ഏഴാം ക്ലാസിലെ വിജയത്തിനുശേഷമാണ് ആത്മവിശ്വാസം തോന്നിത്തുടങ്ങിയത്. ശ്രമിച്ചാല്‍ കഴിയും എന്നു മനസിലായി. ഇംഗ്ലീഷും ഹിന്ദിയുമൊക്കെ വല്ലാത്ത പാടായിരുന്നു. തുളു പ്രദേശമാണ് കാസര്‍ഗോഡ്. ഇവിടെ ഭൂരിഭാഗവും തുളുവാണ്, തുളുവിന്റെ ആദിരൂപമെന്നു പറയാം. മര്‍ക്കോളി എന്നാണു പറയുക. ഇപ്പോളുള്ളവര്‍ തുളുവും മലയാളവും കലര്‍ത്തിയാണ് സംസാരിക്കുന്നത്. കര്‍ണാടകത്തിന്റെ അതിര്‍ത്തിയാണെങ്കിലും കന്നഡയല്ല.

ഇതിനിടയിലും പിന്നോട്ടടിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നടന്നൊരു കാര്യമുണ്ട്, അതിപ്പോഴും മനസില്‍ കിടക്കുകയാണ്. പിടി ടൈം ആയിരുന്നു. കുട്ടികളെ ഓരോ ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഗ്രൗണ്ടില്‍ കൊണ്ടുവരുന്നത്. കാലുവേദനയായിരുന്നതിനാല്‍ കുറച്ചു താമസിച്ചായിരുന്നു ഞാന്‍ ഗ്രൗണ്ടിലേക്ക് നടന്നത്. എതിരേ ഒരു അധ്യാപകന്‍ വന്നു.

എവിടെ പോകുന്നുവെന്ന് തിരക്കി, ഞാന്‍ കാര്യം പറഞ്ഞു. ഏതാ നിന്റെ ഗ്രൂപ്പ്? ബ്ലൂ, ഓ… ബ്ലൂ എന്നാല്‍ ഏതാ നിറം? നീല…, അടുത്ത ചോദ്യം ഒരു ചിരിയോടെയായിരുന്നു; നീലയാണോ കറുപ്പാണോ? എന്റെ ശരീരത്തിലായിരുന്നു സാറിന്റെ കണ്ണുകള്‍… ഇന്നു മാത്രമല്ല, അന്നും എന്നും കറുപ്പ് പരിഹാസമേറ്റു വാങ്ങുന്നുണ്ട്.

പത്താം ക്ലാസില്‍ പഠിക്കുന്ന, ശരാശരിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ സമയം കഴിഞ്ഞ് സ്‌പെഷ്യല്‍ ക്ലാസ് അറേഞ്ച് ചെയ്തിരുന്നു. ഞാനെന്തോ അതില്‍ ചേര്‍ന്നില്ല. അല്ലാതെ പഠിക്കാന്‍ കഴിയുമെന്നൊരു വിശ്വാസം. അതൊരു ഇന്റന്‍ഷന്റെ തന്നെയായിരുന്നു. ഇന്നും അതേ ഇന്റന്‍ഷന്‍ ഉള്ളിലുണ്ട്.

പത്താംക്ലാസിലെ വിജയം എന്നെ സംബന്ധിച്ച് വലിയൊരു നേട്ടമായിരുന്നു. വലിയ മാര്‍ക്കോടെയൊന്നും ആയിരുന്നില്ലെങ്കിലും. ഇതിനിടയില്‍ ഇംഗ്ലീഷിനോട്, വളരെയേറെ ബുദ്ധമുട്ടിയിട്ടാണെങ്കിലും ഒരടുപ്പം സ്ഥാപിച്ചു. ഹിന്ദി അപ്പോഴും, ഇപ്പോഴും കുറച്ച് അകലത്തില്‍ തന്നെയാണ്. വിദ്യാഭ്യാസത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞു എന്നതാണ് എല്ലാത്തിനേക്കാളും വലിയ നേട്ടം. ശരാശരിയിലും താഴ്ന്ന, ക്ലാസുകളിലെ അവസാന ബഞ്ചുകാരനായി, അധ്യാപകരുടെ പ്രത്യേക ശ്രദ്ധയൊന്നും കിട്ടാതെ വന്നൊരു വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. പൊതുവില്‍ എന്നെപ്പോലൊരാള്‍ പത്താം ക്ലാസവുവരെ എത്തുകയെന്നതു തന്നെ അത്ഭുതമാണ്. എത്രയോ പേര്‍ പാതിവഴിയില്‍ നിര്‍ത്തി പോയിരിക്കുന്നു.

ജീവിതത്തിലെ മറ്റൊരു മാറ്റം ഇന്റര്‍നെറ്റിന്റെ ലോകവുമായി പരിചയപ്പെടാന്‍ സാധിച്ചതാണ്. സ്‌കൂളിനടത്തുള്ള ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് ആ ലോകവുമായി പരിചയപ്പെടുന്നത്. വെക്കേഷന്‍ സമയം. ഗെയിം കളിക്കുകയായിരുന്നു ആദ്യത്തെ താത്പര്യം. അതില്‍ നിന്നാണ് കമ്പ്യൂട്ടറിന്റെ മറ്റു സാധ്യതകളിലേക്ക് താത്പര്യം തിരിയുന്നത്. ഒരു ജിമെയില്‍ ഐഡി ഉണ്ടാക്കി. അന്ന് ഫെയ്‌സ്ബുക്കിനേക്കാള്‍ പ്രചാരമുണ്ടായിരുന്ന ഓര്‍ക്കുട്ടിലും ഒരു അക്കൌണ്ട് ഉണ്ടാക്കി.

ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കമ്പ്യൂട്ടറുമായി പരിചയത്തിലായത് പിന്നീടുള്ള യാത്രയ്ക്കു വളരെ സഹായകമായി. ഹയര്‍സെക്കന്‍ഡറിയില്‍ എത്തിയപ്പോള്‍ മറ്റുള്ളവരെപ്പോലെ ആത്മവിശ്വാസത്തോടെ കമ്പ്യൂട്ടറിന്റെ മുന്നിലെത്താന്‍ എനിക്കു സാധിച്ചിരുന്നു. ഇംഗ്ലീഷും കമ്പ്യൂട്ടര്‍ പരിജ്ഞാനവും കൈമുതലായതോടെ കൂടുതല്‍ വളരാന്‍ കഴിയുമെന്ന് എനിക്കുറപ്പായി. ലൈബ്രറിയില്‍ ചെലവിട്ട് കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങിയതോടെ ലോകത്തെക്കുറിച്ചും അതോടൊപ്പം ഇംഗ്ലീഷ് ഭാഷയില്‍ കൂടുതല്‍ അവഗാഹം നേടാനും എനിക്കു സാധിച്ചു.

ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞ് രാജപുരത്ത് സെന്റ് പയസ് ടെന്‍ത് കോളേജില്‍ ഡിഗ്രിക്കു ചേര്‍ന്നു. ഡിഗ്രി കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയുടെ എംബിഎ കോഴ്‌സിനു ചേര്‍ന്നു. അതു കഴിഞ്ഞാണ് ലണ്ടനിലെ സസ്സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ കിട്ടുന്നത്. പോകാന്‍ ആഗ്രഹമുണ്ടായിട്ടും നടന്നില്ല. പിന്നീടാണ് എല്‍എസ്ഇയില്‍ അഡ്മിഷന്‍ ശരിയാകുന്നത്.

ഇതിനിടയിലെല്ലാം എന്റെ ഐഡന്റിറ്റിയുടേതായി നേരിടേണ്ടി വന്ന പല പ്രതിസന്ധികളെയും അവഗണനയെ കുറിച്ചും പറയുന്നില്ലന്നേയുള്ളൂ. എന്നാല്‍ ഒരു ദളിത് – ആദിവാസി വിദ്യാര്‍ത്ഥിക്ക് അവന്റെ യാത്ര സുഗമമല്ലായെന്നു മനസിലാക്കണം. ഡിറ്റര്‍മിനേഷന്‍, കോണ്‍ഫിഡന്റ്, ഇന്റന്‍ഷന്‍; ഇതെല്ലാമുണ്ടെങ്കില്‍ മാത്രമാണ് എന്നെപ്പോലൊരാള്‍ക്ക് അയാള്‍ ആഗ്രഹിക്കുന്നിടംവരെ എത്താന്‍ കഴിയുന്നുള്ളൂ. തിരിച്ചടികളില്‍ തളര്‍ന്നു പോകരുത്. എനിക്കു മുന്നിലുള്ളവര്‍ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും അത്തരം അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇനി വരുന്നവരെങ്കിലും ധൈര്യം കാണിക്കണമെന്നാണു പറയാനുള്ളത്.

ബസ് കോളിച്ചാല്‍ പതിനെട്ടാം മൈലില്‍ എത്തുമ്പോള്‍ ഇരുട്ട് വീഴാന്‍ തുടങ്ങിയിരുന്നു. ബിനേഷിന്റെ സുഹൃത്തുക്കളെ ആരെയെങ്കിലും കാണണമെന്നു പറഞ്ഞതുകൊണ്ട് ഇറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞുള്ള ഒരു ജംഗ്ഷനിലാണ് ഞങ്ങള്‍ ബസിറങ്ങിയത്. സാമാന്യം തിരക്കുള്ള ഒരു ജംഗ്ഷന്‍. ഒരു ചായ കുടിക്കാമെന്ന തീരുമാനത്തില്‍ അടുത്തുകണ്ട കടയിലേക്ക് നീങ്ങുമ്പോള്‍ സുരേഷിനെ പരിചയപ്പെട്ടു. ബിനേഷിന്റെ ബന്ധു കൂടിയാണ്. താത്കാലിക ഗവണ്‍മെന്റ് ജോലിയുണ്ട്.

ഞാന്‍  പ്ലസ് ടു വരെയെ പഠിച്ചിട്ടുള്ളൂ. പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം നടന്നില്ല. എന്നെപ്പോലെ പലരും ആഗ്രഹമുണ്ടായിട്ടും പാതിവഴിയില്‍ പഠനം നിര്‍ത്തുകയാണ്. പിന്നെ ഓട്ടോ ഓടിക്കാനോ കാറോടിക്കാനോ പോകും. ഡ്രൈവിംഗ് മാന്യമായൊരു തൊഴിലായി സ്വീകരിക്കുന്നവരാണ് ഇവിടെ കൂടുതലും. ഇപ്പോളൊരു വ്യത്യാസം വന്നിട്ടുണ്ട്. പത്തുവരെ പഠിച്ചവരെല്ലാം പിഎസ്എസി പരീക്ഷയെഴുതാന്‍ ശ്രമം നടത്തുന്നു. ഒരു സര്‍ക്കാര്‍ ജോലി ലക്ഷ്യമിടുന്നവരുടെ എണ്ണം ഞങ്ങളുടെ സമുദായത്തില്‍ കൂടിവരികയാണ്. ബിനേഷിനെ പോലെ പഠിച്ചു പോകണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അതിനുള്ള കഴിവുള്ളവരുമുണ്ട്. പക്ഷേ, തടസ്സങ്ങളാണ്. ജാതിയില്‍ താഴ്ന്നവരോടുള്ള ഇടപെടലുകളൊക്കെ ഇപ്പോഴും പഴയപോലെയാണ്. ബിനേഷിനു നേരിടേണ്ടി വന്നതൊന്നും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നില്ല. ഈ ജംഗ്ഷനില്‍ ബിനേഷിന്റെ പേരില്‍ രണ്ടു ഫ്ലക്‌സ് ബോര്‍ഡുകളുണ്ട്. അവന് ലണ്ടനില്‍ പഠിക്കാന്‍ പോകാന്‍ അവസരം വന്നശേഷം വച്ചതാണ്. അതിലൊന്ന് ഞങ്ങള്‍ ബന്ധുക്കളും കൂട്ടുകാരും ചേര്‍ന്ന് വച്ചത്, മറ്റൊന്ന് ഡിവൈഎഫ് ഐ വച്ചതും. മറ്റാരും, ഒരു സംഘടനയും ബിനേഷിനെ അഭിനന്ദിച്ച് ഒരു പോസ്റ്റര്‍ പോലും ഒട്ടിച്ചില്ല. അതിന്റെ കാരണമെന്താണെന്ന് ഊഹിക്കാമല്ലോ? ചായ കുടിക്കുന്നതിനിടയില്‍ സുരേഷ് പറയുകയായിരുന്നു. ഇനിയും ബിനേഷുമാര്‍ ഞങ്ങള്‍ക്കിടയില്‍ നിന്നുണ്ടാകും, പക്ഷേ അതിനുള്ള തടസങ്ങള്‍ ആര് ഇല്ലാതാക്കുമെന്ന് അറിയില്ല…

ബിനേഷിന്റെ വീട്ടിലേക്കുള്ള യാത്ര ഓട്ടോയിലായിരുന്നു. പഠനം പാതിയില്‍ നിര്‍ത്തി തൊഴില്‍ സ്വീകരിച്ചവര്‍ പലരുമുണ്ട്, ഇതുപോലെ. അവര്‍ക്ക് പറയാന്‍ പല ന്യായങ്ങളുമുണ്ട്. നമുക്ക് എതിര്‍ക്കാന്‍ കഴിയാത്തവ; ബിനേഷ് പറഞ്ഞു.

ബിനേഷിന്റെ വീടിരിക്കുന്നത് ഒരു കോളനിയിലാണ്. എന്നാലവിടെ മാവില സമുദായക്കാര്‍ മാത്രമല്ല. മറ്റു പലവിഭാഗത്തില്‍പ്പെട്ടവരുമുണ്ട്. വീടുകളാണ് അവിടെ ഇല്ലാത്തവനെയും ഉള്ളവനെയും മനസിലാക്കിത്തരുന്നത്. റോഡിനോട് ചേര്‍ന്ന് ഒരു ചെറിയ വീടാണ് ബിനേഷിന്റേത്. ചായം പൂശിയിട്ടുണ്ടെന്നതാണ് അതിന്റെ ആഢംബരം. തൊട്ടടുത്തായി ബന്ധുക്കളുടെ വീടുകളുണ്ട്. പലതും സിമന്റ് തേയ്ക്കാത്തവ. ഒന്നുരണ്ടെണ്ണം പുതുതായി പണിതു തീര്‍ക്കുന്നതേയുള്ളു.

അച്ഛന് ബാലന്‍, അമ്മ ഗിരിജ, ചേച്ചി, ചേച്ചിയുടെ ഭര്‍ത്താവ്, ചേട്ടന്റെ ഭാര്യ, ബന്ധു സുകുമാരന്‍, തോമസേട്ടന്‍, ബാലന്റെ സഹോദരന്‍, അമ്മ കുമ്പ, ബിനേഷിന്റെ കസിന്‍ ഗോകുല്‍; അങ്ങനെ ചെറിയൊരു ആള്‍ക്കൂട്ടം വീട്ടില്‍ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.

അസുഖങ്ങളുടെ ക്ഷീണം ബാലന്റെ മുഖത്തുണ്ട്. ജീവിതത്തിന്റെ കഷ്ടപ്പാടെല്ലാം ഒളിപ്പിക്കാനാവണം ഗിരിജയുടെ മുഖത്ത് ഒഴിയാത്തൊരു ചിരിയുണ്ടായിരുന്നു. പക്ഷേ അവര്‍ പരാജയപ്പെട്ടുപോയത് ബിനേഷിനെ കുറിച്ച് പറയുമ്പോഴായിരുന്നു.

കുടുംബാംഗങ്ങള്‍ക്കൊപ്പം ബിനേഷ്‌

പഠിക്കണമെന്നുള്ള ആഗ്രഹം പറയുമ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷായിരുന്നു. ചെറിയ കൊച്ചായിരിക്കുമ്പോള്‍ തന്നെ തോട്ടത്തില്‍ പണിക്കു പോകുമായിരുന്നു. വിടാന്‍ മനസില്ലായിരുന്നു, പക്ഷേ… അവന്റെ കാര്യമെങ്കിലും നടന്നുപോകാന്‍ അതുകൊണ്ട് കഴിയുമല്ലോ. അവന്‍ പഠിച്ചത് അവന്‍ പണിയെടുത്തുണ്ടാക്കിയ കാശുകൊണ്ടു തന്നെയാണെന്നു പറയാം. അതിനെന്തങ്കിലും സഹായം ചെയ്യാനേ എനിക്കും അവന്റെ അച്ഛനും കഴിഞ്ഞിട്ടുള്ളൂ. അവസ്ഥ അതായിപ്പോയതുകൊണ്ടാണ്; ഗിരിജയുടെ നോവടങ്ങിയ വാക്കുകള്‍.

കൂടുതല്‍ കൂടുതല്‍ പഠിച്ചു പോകാന്‍ ആഗ്രഹിക്കുമ്പോള്‍ കഴിവതും വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പോകാനായിരുന്നു എനിക്കും ആഗ്രഹം. ഒട്ടുമിക്ക വീടുകളിലെയും അവസ്ഥ അതാണ്. വീട്ടിലെ സ്ഥിതി അറിയാവുന്നതുകൊണ്ടാണ് പലരും പഠിക്കാന്‍ താത്പര്യപ്പെടാത്തത്. പഠിത്തമല്ല, ജീവിതമാണ് വലുതെന്ന് അവര്‍ വിശ്വസിക്കുന്നു. വീട്ടില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്റെ പഠന കാര്യങ്ങള്‍ അറിയുമ്പോള്‍ അവര്‍ക്കുണ്ടാകുന്നൊരു സമ്മര്‍ദ്ദമുണ്ട്. അതൊഴിവാക്കണമെന്നാഗ്രഹിച്ചു. സത്യത്തില്‍ ലണ്ടന്‍ സ്‌കൂളില്‍ എനിക്ക് അഡ്മിഷന്‍ കിട്ടുന്ന കാര്യമൊക്കെ ഇവര്‍ അറിയുന്നത് വൈകിയാണ്. സെക്രട്ടേറിയേറ്റില്‍ നിന്നും ഉണ്ടായ അനുഭവങ്ങളും പൂര്‍ണമായി ഇവര്‍ക്ക് അറിയില്ല. എന്തൊക്കെയോ അറിയാമെന്നുമാത്രം. പക്ഷെ എല്ലാവരും ഇപ്പോള്‍ ചോദിക്കുന്നത് ഞാനെപ്പോള്‍ ലണ്ടനില്‍ പോകുമെന്നാണ്; ബിനേഷ് ഇതു പറയുമ്പോള്‍ സുകുമാരന്റെ ശബ്ദം: ബിനേഷ് ലണ്ടന്ക് പഠിപ്പിയ പൊകണ്. ഏന് പൊക്കണ കോളേജ് നമ്മന എല്ലാര്ണല്ല തൊണ്ടമ്മെ ആക്ണ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ പഠിത്ത്കന കോളേജ്. നമ്മക് എല്ലറക്ല തൊണ്ടമ്മന അനുഗ്രഹം ഉണ്ടാവെട്ടും. ബിനേഷ് പഠിത്ത് വിജയിത്ത് പരിയ എക്കഌ എല്ലാറ പ്രാര്‍ത്ഥിപിക്ണ് (മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്‍ പഠിച്ച ലണ്ടനിലെ സ്‌കൂളില്‍ പഠിക്കാന്‍ ബിനേഷും പോവുകയാണ്. അവിടെ പഠിച്ച് വലിയ ആളാകാന്‍ ബിനേഷ് കഴിയട്ടെ എന്നു ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹം ബിനേഷിനുണ്ടെന്നുമാണ് മലയാളം പരിഭാഷ).

സുകുമാരന്റെ അടുത്തിരുന്ന തോമസ് കോട്ടയം സ്വദേശിയാണ്. പക്ഷെ വര്‍ഷങ്ങളായി ഇവിടെയാണ് താമസം. ബിനേഷിന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത വ്യക്തി. എന്റെ കൂടെ വാര്‍ക്കപ്പണിക്കു വരുമായിരുന്നു. അന്നവന്‍ ഇതിലും കൊച്ചാണ്. പഠിക്കാന്‍ വലിയ ആഗ്രഹമാണ്. അതുകൊണ്ട് എന്നാല്‍ കഴിയുന്ന സഹായം ചെയ്യണമെന്നു ഞാനും ആഗ്രഹിച്ചു. കഴിവതും ഭാരം കുറഞ്ഞ പണികളാണ് ഏല്‍പ്പിച്ചിരുന്നത്. പണം അനാവശ്യമായി ചെലവഴിക്കില്ലായിരുന്നു. പഠിക്കണം എന്നതുമാത്രമായിരുന്നു അവന്റെ ലക്ഷ്യം. ഇപ്പോള്‍ ഇവിടെ വരെ എത്തുമ്പോള്‍ അവനോളം തന്നെ സന്തോഷം ഞങ്ങള്‍ക്കുമുണ്ട്; തോമസ് പറയുന്നു.

മടക്ക സമയത്ത് ബിനേഷ് അടുത്തു തന്നെ താമസിക്കുന്ന മറ്റൊരു ബന്ധുവിന്റെ വീട്ടിലും കൊണ്ടുപോയി. ഒരമ്മയും രണ്ടു പെണ്‍മക്കളുമാണ്. മൂത്തമകള്‍ക്ക് രണ്ടു ചെറിയ കുട്ടികളുണ്ട്. അവരുടെ അച്ഛന്‍ ജീവിച്ചിരിപ്പില്ല. രണ്ടാമത്തെ മകളുടെ പേര് സന്ധ്യ. ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തി. തോട്ടത്തില്‍ പണിക്കു പോകുന്നു. ആഗ്രമുണ്ടായിട്ടും പഠനം തുടരാന്‍ കഴിയാതെ പോകുന്നവരുടെ മറ്റൊരുദാഹരണം. സന്ധ്യക്ക് ഇനിയും പഠിക്കണമെന്നുണ്ട്. ആഗ്രഹം മനസില്‍ നിന്നും പോയിട്ടില്ല, പക്ഷേ ഒന്നും എളുപ്പമാകില്ല, പത്ത് ജയിച്ചിരുന്നെങ്കില്‍ പിഎസ്‌സി ടെസ്റ്റ് എങ്കിലും എഴുതാമായിരുന്നു; മടിച്ചു മടിച്ചാണ് സന്ധ്യ മനസ് തുറന്നത്.

തോമസിനും സുകുമാരനും ഒപ്പം ബിനേഷ്‌

ഇനിയും ഉണ്ട് ഇതുപോലെ പലരും. അവരില്‍ ഭൂരിഭാഗവും പഠനം ഉപേക്ഷിച്ചത് നിവര്‍ത്തികേടുകൊണ്ടാണ്. ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവരെ കുറിച്ചും എനിക്ക ഇതേ ആശങ്കയാണ്. പത്തുവരെ അല്ലെങ്കില്‍ പ്ലസ് ടു വരെ. പലരുടെയും ലക്ഷ്യം അവിടം കൊണ്ടു തീരും. പിന്നെയൊരു ഭാഗ്യമുള്ളത് പഴയപോലെ തോട്ടത്തിലും ഓട്ടോയോടിക്കാനും എല്ലാവരും പോകുന്നില്ല, പിഎസ്എസിയാണ് ഭൂരിഭാഗം പേരുടേയും ലക്ഷ്യം. ആദിവാസി -ദളിത് വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് എണ്ണത്തില്‍ കുറഞ്ഞുപോകുന്നതിനു കാരണം ഇതാണ്. അവരില്‍ ആത്മവിശ്വാസമില്ല. കുറെ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതല്ലാതെ സര്‍ക്കാര്‍ തലത്തില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ സംബന്ധിച്ച് ഒരു ബോധവത്കരണവും നടക്കുന്നില്ല. വേണമെങ്കില്‍ പഠിച്ചോ എന്ന ഭാവമാണ് ഭരണകൂടം എപ്പോഴും ഞങ്ങളെപ്പോലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയോട് കാണിക്കുന്നത്. വിദ്യാഭ്യാസമാണ് സര്‍വധനാല്‍ പ്രധാനം. ഒരു ആദിവാസിയുടെ ഉയര്‍ന്ന ലക്ഷ്യം സര്‍ക്കാര്‍ ഗുമസ്തനില്‍ ചെന്നു നില്‍ക്കരുത്. അവന്റെ ആകാശം വിശാലമാണെന്ന ബോധം ഉണ്ടാവണം. അതിനു സഹായിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്യേണ്ടത്. മാവിലന്മാര്‍ക്കിടയില്‍ മാത്രമല്ല, ഓരോ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളിലും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണം നടത്തണം. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി തിരുത്തണം; നടക്കുന്നതിനിടയില്‍ ബിനേഷ് പറഞ്ഞു.

കാഞ്ഞങ്ങാടാണ് സിജെ കൃഷ്ണനെ പരിചയപ്പെടുന്നത്. ബിനേഷിന്റെ ബന്ധുവാണ്. മാവിലന്‍ സമുദായത്തില്‍ നിന്നുള്ള ആദ്യത്തെ എഞ്ചിനീയര്‍…

മാവിലന്‍ സമുദായത്തിന്റെ ചരിത്രം ചെറിയ രീതിയില്ലെങ്കിലും അറിയുന്നത് കൃഷ്ണനിലൂടെയാണ്. കാസര്‍ഗോഡ്, കണ്ണൂരിന്റെ ഒരു ഭാഗം, മംഗലാപുരം, ദക്ഷിണ കാനറ എന്നീ പ്രദേശശങ്ങളിലായി വ്യാപിച്ചു കിടന്നവരാണ് മാവിലന്മാര്‍. മര്‍ക്കോളി എന്ന തുളുവിന്റെ പ്രചീനരൂപമായിരുന്നു ഭാഷ. മാവിലന്‍ ഒരു രാജവംശമായിരുന്നു എന്നാണ് ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ കൃഷ്ണന്‍ ചൂണ്ടി പറയുന്നത്. കാസര്‍ഗോഡ് ബന്ദടുക്കയില്‍ ഉള്‍പ്പെടെ മൂന്നു മാവിലന്‍ കോട്ടകള്‍ ഇപ്പോഴും ഉണ്ടെന്നതും കൃഷ്ണന്‍ തെളിവായി പറയുന്നു. മേറ അഥവ മേറര്‍ എന്നതായിരുന്നു മാവിലന്‍ എന്ന വാക്കിന്റെ പ്രാഗ്‌രൂപം. മേറ എന്നാല്‍ പാലിയില്‍ മയില്‍ എന്നാണ് അര്‍ത്ഥം. മേറ എന്ന വാക്കിന് മൗര്യ എന്നും അര്‍ത്ഥമുണ്ട്. ആയതിനാല്‍ മൗര്യരാജവംശത്തിന്റെ ഭാഗമായിരുന്നു മാവിലന്‍മാരും എന്നാണു കരുതേണ്ടത്. അശോക ചക്രവര്‍ത്തിയുടെ രാജ്യാതിര്‍ത്തി കണ്ണൂര്‍ വടകര വരെ നീണ്ടതായിരുന്നു എന്നതും മാവിലന്‍മാര്‍ മൗര്യരുടെ ഇങ്ങേയറ്റത്തെ കണ്ണികളായിരുന്നു എന്നതിനെ സാധൂകരിക്കുന്നു; കൃഷ്ണന്‍ വിശദീകരിച്ചു.

1971-ല്‍ നിയമിച്ച ചണ്ഡ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് ഭരണഘടന ഭേദഗതിയിലൂടെ മാവിലന്‍ സമുദായത്തെ എസ് സി, എസ് ടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. 1984-ല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി മാവിലന്‍മാര്‍ ഉള്‍പ്പെടെ 19 കമ്യൂണിറ്റികളെ ഷെഡ്യൂള്‍ഡ് ട്രൈബില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു. എന്നാല്‍ ഇതിനുള്ള നടപടിക്രമങ്ങളും മറ്റും വര്‍ഷങ്ങളോളം താമസിച്ചു. മാവിലന്‍ കള്‍ച്ചറല്‍ മൂവ്‌മെന്റ് എന്ന സംഘടനയുടെ നിരന്തരമായ ഇടപെടലുകള്‍ നിമിത്തം 2003-ല്‍ ഷെഡ്യൂള്‍ഡ് ട്രൈബില്‍ മാവിലന്‍മാര്‍ ഉള്‍പ്പെട്ടു.

ബുദ്ധമതാനുയായികളാണ് ഇവരെങ്കിലും കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ ചില ഹൈന്ദവ സാന്നിധ്യം ഉണ്ടായി കാണുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗവും ഇപ്പോഴും ബുദ്ധമതാചാരങ്ങളാണ് പിന്തുടരുന്നത്. ചരിത്രത്തിന്റെ സുന്ദരമായൊരു മുഖം മാവിലന്‍മാര്‍ക്ക് സ്വന്തമായുണ്ടെങ്കിലും വര്‍ത്തമാന സാഹചര്യങ്ങള്‍ സമുദായത്തിനെതിരായിരുന്നു. വിദ്യാഭ്യാസമായിരുന്നു പ്രധാന പ്രശ്‌നം. സാമ്പത്തികാരക്ഷിതാവസ്ഥയായിരുന്നു അതിനുള്ള കാരണം. 2003 വരെയുള്ള കണക്കെടുത്താല്‍ ഏകദേശം 42 ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണുണ്ടായിരുന്നത്. എതാണ്ടു പത്തുവര്‍ഷത്തിനടുത്തായൊരു സംഭവം പറയാം. ഞങ്ങളുടെ സമുദായത്തില്‍പ്പെട്ട രാഘവന്‍ എന്നൊരാള്‍ക്ക് പൈലറ്റ് കോഴ്‌സിന് ചേരാനുള്ള അവസരം കിട്ടി. പക്ഷെ ഫീസിനത്തില്‍ ലക്ഷംരൂപ വരും. പല സര്‍ക്കാര്‍ ഓഫീസുകളിലും സഹായം തേടി നടന്നു. ഒരിടത്തു നിന്നും സഹായം കിട്ടിയില്ല. ഒടുവില്‍ അദ്ദേഹം ആ സ്വപ്‌നം ഉപേക്ഷിച്ചു. ഇപ്പോള്‍ റെയില്‍വേ പൊലീസില്‍ ആണെന്നു തോന്നുന്നു. ഇത്തരം വലിയ തിരിച്ചടികളില്‍ ഉണ്ടായിട്ടും മാവിലന്‍മാര്‍ വേഗത്തില്‍ മുന്നേറുന്നുണ്ട് എന്നാണ് ഇപ്പോള്‍ എനിക്കു തോന്നുന്നത്. ബിനേഷ് അതിനൊരു ഉദാഹരണമാണ്. ഇപ്പോള്‍ ഞങ്ങളുടെ സമുദായത്തില്‍ നിന്നും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉണ്ടാകുന്നു. പൊളിറ്റിക്കല്‍ ഇന്റലകച്വലുകള്‍ ഉണ്ടാകുന്നു. എന്നിരുന്നാലും സര്‍ക്കാര്‍ തലത്തില്‍ ഇപ്പോഴും ഷെഡ്യൂള്‍ വിഭാഗങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിക്ക് ഉണര്‍വുണ്ടാകുന്ന തരത്തിലുള്ള അനുകൂല നടപടികള്‍ അത്രകണ്ട് പ്രയോജനകരമായി ഉണ്ടാകുന്നില്ല. വിദ്യാഭ്യാസം സൗജന്യമാക്കിയതുകൊണ്ട് കാര്യമില്ല, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കാന്‍ ഇങ്ങനെയുള്ളവരെ പ്രാപ്തരാക്കുകയും സര്‍ക്കാരിന്റെ ചുമതലയാണ്; കൃഷ്ണന്റെ വാക്കുകള്‍.

ഇന്ത്യയുടെ ഇന്നത്തെ സാമൂഹികാവസ്ഥകളില്‍ ഇത്തരം ഇടപെടലുകള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായെങ്കില്‍ മാത്രമാണ് ദളിത്-ആദിവാസി കുട്ടികള്‍ വിദ്യാഭ്യാസരംഗത്ത് സജീവമാവുകയുള്ളൂ. അല്ലെങ്കില്‍ അവര്‍ പിന്തള്ളപ്പെടും. ബിനേഷിനു തന്നെ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ അത്തരത്തില്‍ സംഭവിക്കുന്നതാണ്.

സിജെ കൃഷ്ണനെപ്പോലുള്ളവരുടെ വാക്കുകളിലൂടെ പ്രകടമാകുന്നൊരു വസ്തുത മാവിലന്‍ സമുദായം വളര്‍ച്ചയുടെ കൃത്യമായൊരു പാതയിലേക്ക് കടന്നിരിക്കുന്നു എന്നതാണ്. ബിനേഷിനെപോലെ പലരെയും ഈ ആദിവാസി സമുദായത്തിന് രാജ്യത്തിനു സംഭാവന ചെയ്യാന്‍ കഴിയും. പക്ഷേ അവിടെ വേണ്ടത് സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളാണ്. കാരണം ആദിവാസിയോ ദളിതനോ തങ്ങളേക്കാള്‍ മുകളില്‍ എത്തുന്നത് സഹിക്കാന്‍ കഴിയാത്ത വലിയൊരു വിഭാഗം സമൂഹത്തിലുണ്ട്. അവരാണ് ബിനേഷിനെപോലുള്ളവരുടെ വളര്‍ച്ച തടയുന്നത്. വിദ്യാഭ്യാസം തന്നെയാണ് പാര്‍ശ്വവത്കൃത സമൂഹത്തിന്റെ ഉന്നമനത്തിന് പ്രധാന സഹായഘടകം; അതു മനസിലാക്കി ഇടപെടാന്‍ കഴിയുന്നിടത്താണ് യഥാര്‍ത്ഥ ജനാധിപത്യം പുലരുന്നത്.

(2016 ഒക്ടോബര്‍ 21ന് അഴിമുഖം പ്രസിദ്ധീകരിച്ചത്)

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍