UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫേസ്ബുക്കിനെ നാഗമ്പടം സ്റ്റാന്‍ഡാക്കുന്ന സദാചാരക്കാരോട് തന്നെ

Avatar

 അബ്ദുള്‍ റസല്‍

അഴിമുഖത്തിൽ ഒരേ വിഷയത്തിൽ വീണ്ടും എഴുതാൻ ആഗ്രഹമുണ്ടായിട്ടല്ല. നിര്‍ബന്ധിതനാവുകയായിരുന്നു. സദാചാര കടന്നാക്രമണങ്ങൾ മാത്രമല്ല തീവ്ര വർഗീയവുമായിരുന്നു മുൻ ലേഖനത്തിന് പ്രതികരണങ്ങൾ ആയി വന്നത്. ഒരു ലേഖനത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികം. എതിർപ്പുകളെ തിരഞ്ഞു പിടിച്ച് തിരുത്താൻ പോകുന്നതും വിഡ്ഢിത്തമെന്നറിയാം. എങ്കിലും ചില കാര്യങ്ങൾ പറയണമെന്ന് തന്നെ തോന്നി.

കോട്ടയം നാഗമ്പടം ബസ്സ്റ്റാന്റില്‍ കഴിഞ്ഞ ദിവസം ഞങ്ങള്‍ക്ക് നേരിട്ട ദുരവസ്ഥയെ കുറിച്ചായിരുന്നു ലേഖനം.അവധി ദിവസം സുഹൃത്തിന്‍റെ വീട്ടില്‍ പോകാന്‍ വേണ്ടി ബസ് സ്റ്റാന്റില്‍ നിന്ന പെണ്‍കുട്ടികള്‍ അടങ്ങുന്ന ഞങ്ങളുടെ സംഘത്തോട് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി രൂപീകരിച്ച പിങ്ക് പോലിസ് നടത്തിയ സദാചാര പ്രകടനങ്ങളെക്കുറിച്ചും പെണ്‍കുട്ടികളെ അധിക്ഷേപിച്ചതിനെയും കുറിച്ചുമായിരുന്നു ലേഖനം. ആ  ലേഖനം പ്രസിദ്ധീകരിച്ചപ്പോള്‍ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍  വന്നു കൊണ്ടിരിക്കുന്ന പ്രതികരണങ്ങളില്‍ എല്ലാം തന്നെ പ്രകടമായ അവഹേളനങ്ങൾ ആയിരിന്നു. ഞങ്ങൾക്ക് നേരെയുള്ള വിഷം ചീറ്റൽ മൂന്ന് തരത്തിലുള്ളതായിരുന്നു. വ്യത്യസ്തങ്ങൾ ആയ മൂന്ന് തലങ്ങളിലുള്ള വിവേചനങ്ങൾ. 

1. സ്ത്രീ എന്ന നിലയിൽ 
2. മുസ്ലിം എന്ന നിലയിൽ
3. ദളിതൻ എന്ന നിലയിൽ

ഞാൻ സൂചിപ്പിച്ച മൂന്ന്‌ തലങ്ങൾ പരിശോധിക്കുമ്പോൾ മനസ്സിലാക്കാം. മലയാളിയുടെ പൊതുബോധത്തിൽ കാലാകാലങ്ങളായി വിവേചനം നേരിടുന്ന, നാനാഭാഗത്തു നിന്നും ക്രൂശിക്കപ്പെടുന്ന സമൂഹത്തിനു നേരെ തന്നെയാണ് ഇവിടെ കടന്നുകയറ്റം ഉണ്ടായിരിക്കുന്നത്. 

ഒറ്റയ്ക്ക് കാണപ്പെടുന്ന ദളിതനും, പുരുഷന്മാർക്കൊപ്പം കാണപ്പെടുന്ന സ്ത്രീകളും, ഒറ്റയ്‌ക്കോ കൂട്ടത്തോടെയോ കാണപ്പെടുന്ന ഭിന്നലിംഗക്കാരനും കൂട്ടങ്ങളിൽ കാണപ്പെടുന്ന മുസ്ലിം വ്യക്തിത്വവും ചോദ്യം ചെയ്യപ്പെടുകയാണ്. ആര്, എന്ത്, ഏത്, എന്തിന് തുടങ്ങിയ ചോദ്യങ്ങൾ അവർക്ക് നിരന്തരം നേരിടേണ്ടി വരുന്നു. ഈ ചോദ്യം ചെയ്യലിനെ സമൂഹം ന്യായീകരിക്കുകയും ചെയ്യുന്നു എന്നുള്ളതിനെ അടിവരയിടുന്നതാണ് ഈ പ്രതികരണങ്ങൾ.

സ്ത്രീകൾ സംരക്ഷിക്കപ്പെടേണ്ടവരും നിയന്ത്രിക്കപ്പെടേണ്ടവരും സ്വന്തമായി വ്യക്തിത്വവും ബുദ്ധിയും ഇല്ലാത്തവരുമാണെന്നുള്ള പൊതുബോധം കുടുംബം വിട്ടിട്ട്, പൊതു വഴികളെയും, ബസ് സ്റ്റാന്‍ഡുകളെയും, കലാലയങ്ങളെയും മൂടുന്നു. ഇവിടെ സംരക്ഷണം എന്ന വാക്കിന് വേറെയും മാനങ്ങൾ കൈവരുന്നു. പലപ്പോഴും അതിന്റെ പേരിൽ ഒരു നിരീക്ഷണവലയം രൂപംകൊള്ളുന്നു. പരിചിതരോ,അപരിചിതരോ ആയിക്കൊള്ളട്ടെ, സ്ത്രീ ആയാൽ അവിടെ ഈ വലയം തനിയെ രൂപപ്പെടുന്നു.

മേല്പറഞ്ഞ നിരീക്ഷണവലയം ഇന്ന് ചുറ്റുമതിൽ തീർത്തിരിക്കുന്നത് മറ്റൊരു വിഭാഗത്തെയാണ്. മുസ്ലിം സമൂഹം വിവേചനത്തിന്റെ കൊടിയ പാതകൾ താണ്ടുകയാണിന്ന്. മുസ്ലിമായ പുരുഷൻ വ്യവസ്ഥയെ തെറ്റിക്കുന്നവനും, അപരനും, സാമൂഹ്യ വിരുദ്ധനും, തീവ്രവാദിയും ആയി മാറ്റപ്പെടുന്നു. വ്യക്തിപരമായി പറയട്ടെ, മാനസികമായി തകർത്ത് കളയുന്നതായിരുന്നു എന്നെ ആദ്യമായി കാണുന്ന ചിലർ എന്റെ പേരിലുള്ള മുസ്ലിം അടയാളത്തെ കൂട്ടുപിടിച്ച് കൊണ്ട് നടത്തിയ വർഗ്ഗീയ പരാമർശങ്ങൾ. എന്റെ കൂട്ടുകാരോടുള്ള ഉപദേശമായിരുന്നു അതിലൊന്ന്. ലൗ ജിഹാദിന്റെ വക്താവായ എന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യമെന്നായിരുന്നു. പോലീസ് ഇടപെട്ടത് നന്നായത്രെ. ഞാനെഴുതിയ ലേഖനത്തിൽ മലയാളത്തിലെ ഒരുപാട് അക്ഷരങ്ങളും വാക്കുകളും ഉണ്ടായിരുന്നു. പക്ഷെ അതിൽ “അബ്ദുൾ” എന്ന വാക്ക് മാത്രം തിരഞ്ഞ്‍പിടിച്ച് വേട്ടയാടുന്നത് എങ്ങനെയാണ് ഞാൻ ഉൾക്കൊള്ളേണ്ടത്? അതുപോലെ, 5000 പേരെ മതപരിവർത്തനം ചെയ്തതിൽ തെറ്റൊന്നുമില്ലേ? എന്നൊരു ചോദ്യം. ഇവിടെ എന്ത് പ്രസക്തിയാണ് ഈ ചോദ്യത്തിനുള്ളത്? ഞങ്ങൾ എട്ട് പേർ അനുഭവിച്ച ഒരു ദൗർഭാഗ്യകരമായ സംഭവം വിവരിച്ചപ്പോൾ അതിലെ ഒരംഗം മാത്രമായ എന്റെ പേരിലെ ഒരു മതപരമായ ചിഹ്നം മാത്രമെടുത്ത് അതിനെ ഇഴ കീറി പരിശോധിക്കുമ്പോൾ, പ്രബുദ്ധരെന്നവകാശപ്പെടുന്ന മലയാള സമൂഹമേ, അബ്ദുൾ റസൽ എന്ന മുസ്ലിം എന്നതിനപ്പുറം അബ്ദുൾ റസൽ എന്ന മജ്ജയും മാംസവും ഉള്ള മനുഷ്യനായി എന്നാണ് ഇനിയെന്നെ പരിഗണിക്കുക?

ഒരു പ്രതികരണം നിങ്ങൾ കാണാൻ കൊള്ളാത്തവർ ആയതുകൊണ്ടാണ്  ഇത്തരത്തിൽ സംഭവിച്ചത് എന്നാണ്. ഇവിടെ കാണാൻ കൊള്ളാത്തവർ ദളിത് ആവുന്നു.(പൊതുബോധം.) ശരിയാണ്, എന്റെ കൂട്ടുകാരിൽ ദളിതർ ഉണ്ടായിരുന്നു. അവരതിൽ അഭിമാനിക്കുന്നവരാണ്. ദളിതർക്ക് നേരെ എന്തുമാവാം എന്ന ബോധമാണ് അവരെ ഈയൊരു കൃത്യത്തിലേക്ക് നയിച്ചതെന്ന് വായിച്ചാൽ എങ്ങനെയാണ് തെറ്റെന്ന് പറയാൻ കഴിയുക?

ഇവിടെ പോലീസ് ചെയ്തതാണ് ശരി എന്ന് വാദിക്കുന്നവരുണ്ട്. സമൂഹത്തിന്റെ കണ്ണുകൾക്കനുസരിച്ചല്ല ഒരിക്കലും നിയമപാലകർ ഇടപെടേണ്ടത്. ഇന്ന്, പൊതുബോധം ഭരണനിർവഹണ വ്യവസ്ഥയിലെ ഉദ്യോഗസ്ഥരെയും അവരുടെ പ്രവർത്തനങ്ങളെയും സാരമായി നിയന്ത്രിച്ച് പോരുന്നു. പലപ്പോഴും നിയമവും നിയമസംവിധാനങ്ങളും അനുസരിച്ചല്ല അത് മുന്നോട്ട് പോകുന്നത്. ജനസേവനം ജനങ്ങളെ തടസപ്പെടുത്താൻ വേണ്ടിയാകുമ്പോള്‍ ഇടപെടേണ്ടത് ഒരു പൗരന്റെ കടമയാണെന്ന ബോധ്യത്താലാണ് ഞങ്ങൾ പ്രതികരിച്ചത്.

ആണും പെണ്ണും ഒരുമിച്ചു നിന്നുകൂട; കോട്ടയത്ത് പിങ്ക് പോലീസിന്റെ സദാചാരപ്പോലീസിംഗ്

നാഗമ്പടത്തല്ല സാമൂഹ്യ മാധ്യമങ്ങളിലാണ് ഏറ്റവും വലിയ, അപകടകാരികളായ സദാചാരവാദികള്‍ ഉള്ളത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. പെണ്‍കുട്ടികളെ നിങ്ങള്‍ എന്തിനാണ് അവരോടൊപ്പം പോയത്? നിങ്ങള്‍ നിങ്ങളെ തന്നെ സംരക്ഷിക്കണ്ടേ? സൌമ്യയേയും, ജിഷയേയും നിങ്ങള്‍ മറന്നു പോയോ? വീട്ടില്‍ ഇവരെ പറഞ്ഞു മനസിലാക്കാന്‍ ആരുമില്ലേ? എന്തൊക്കെ ഉപദേശങ്ങള്‍ ആയിരുന്നു. ഒരു ഫെയ്ക്ക് ഫോട്ടോയുടെ മറവില്‍ സെക്സ് ചാറ്റിന് മെസ്സേജ് അയക്കുന്ന പകല്‍ മാന്യന്മാരാണ് ഇതെല്ലം ഉപദേശിക്കുന്നത് എന്നോര്‍ക്കുമ്പോഴാണ് ഒരു സമാധാനം! അല്ലാതെ ഞങ്ങള്‍ എന്ത് പറയാനാണ്?

ഞങ്ങളെ ന്യായീകരിച്ചു സംസാരിച്ചവരെയൊക്കെ അവര്‍ തീവ്രവാദികളും, കൂട്ടിക്കൊടുപ്പുകാരുമാക്കി. സംസ്കാരം, സംസ്കാരം എന്നവര്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നു. സുഹൃത്തുക്കളെ നിങ്ങള്‍ പറയുന്ന സംസ്കാരം ഞങ്ങള്‍ക്ക് മനസിലാകുന്നില്ല. അഥവാ മനസ്സിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം ഞങ്ങള്‍ക്ക് രാത്രിയും പകലും, ഫെയ്സ് ബുക്കിലും സമൂഹത്തിലും കുടുംബത്തിലും ഒരു മുഖമേ ഉള്ളു, ഒരു സ്വത്വമേ ഉള്ളു, ഞങ്ങളാരും നിങ്ങളെ പോലെ മാനസിക വൈകൃതങ്ങള്‍ തുറന്നു കാട്ടാന്‍ രായ്ക്കു രാമാനം ഫെയ്സ്ബുക്കില്‍ സ്ത്രീകളെ തിരയാറില്ല. വഴിയെ പോകുന്നവളുടെ നെഞ്ചത്തേക്ക് തുറിച്ച് നോക്കാറുമില്ല. കാരണം നിങ്ങള്‍ക്കില്ലാത്ത മാനവികത എന്നൊരു “വികാരം” ഞങ്ങള്‍ക്കുണ്ട്.

സദാചാര പോലിസിങ്ങിനെ കുറിച്ച് ലേഖനങ്ങള്‍ എഴുതാന്‍ താല്പര്യപ്പെടുന്ന സുഹൃത്തുക്കളോട് ചില കാര്യങ്ങള്‍; ദയവ് ചെയ്തു നിങ്ങള്‍ ഒരു മുസ്ലീം നാമധാരി ആണെങ്കില്‍ നിങ്ങള്‍  ലേഖനം എഴുതരുത്. അതല്ല എഴുതിയെ പറ്റുള്ളൂ എങ്കില്‍ വല്ല നായരോ,പിള്ളയോ എന്നൊക്കെ ചേര്‍ത്ത് ഏതെങ്കിലും ഹിന്ദു നാമത്തില്‍ എഴുതുക. അവര്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും. കറുത്ത നിറമുള്ളതാണ് നിങ്ങളുടെ മുഖമെങ്കില്‍ ദയവു  ചെയ്ത് ആ മുഖമുള്ള ഫോട്ടോ കൊടുക്കാതിരിക്കുക; നല്ല ചന്ദനക്കുറിയിട്ട, വെളുപ്പിച്ച മറ്റേതെങ്കിലും മുഖം നല്‍കുക. അവര്‍ നിങ്ങളുടെ ആശയങ്ങളെ സ്വീകരിച്ചു കൊള്ളും. അതല്ല നിങ്ങള്‍ നിങ്ങളായി തന്നെ എഴുതുന്നു എങ്കില്‍ ഞങ്ങളെ പോലെ ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങി, തീവ്രവാദികള്‍ എന്ന് മുദ്രകുത്തപ്പെടാന്‍ തയ്യാറായി എഴുതുക. 

(എം ജി സര്‍വ്വകലാശാലയില്‍ സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)   

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍