UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാടറിഞ്ഞ അപ്പിച്ചെറുക്കന്‍; അഗസ്ത്യമലയില്‍ നിന്നും ഒരു വ്യത്യസ്ത ജീവിതം

Avatar

വിഷ്ണു ശൈലജ വിജയന്‍
ചിത്രങ്ങള്‍: പ്രണവ് വിപി

അഗസ്ത്യമലനിരകളുടെ  അടിവാരത്തെ കൊണ്ടകെട്ടി മല. മലയുടെ മറുവശത്ത് തമിഴ്നാടാണ്. വരയാടുകള്‍ വിഹരിക്കുന്ന ക്ലാമലയും കുരിശു മലയും അവിടെ നിന്നാല്‍ കാണാന്‍ സാധിക്കും. കൊണ്ടകെട്ടി മലയുടെ നെറുകയില്‍ നിന്നാല്‍ നെയ്യാര്‍ ഡാമിന്‍റെ ഒരു ഭാഗം കാണം. ശാന്തമായി കിടക്കുന്ന ആ ജലാശയം നീന്തിക്കടന്നാണ് പണ്ട് പുരവിമലക്കാരന്‍ അപ്പിച്ചെറുക്കന്‍ നാട്ടിലേക്കിറങ്ങിയത്. ആരാണ് അപ്പിച്ചെറുക്കന്‍? പുരവിമലയിലെ കാണിക്കാരെ മുഴുവന്‍ അടക്കിവാണ മൂപ്പന്‍ ഇരയിമ്മന്‍ കാണിയുടെ എട്ടുമക്കളില്‍ അഞ്ചാമന്‍. അപ്പന്‍ തനിക്ക് പാരമ്പര്യമായി കിട്ടിയ നാട്ടുവൈദ്യം പഠിപ്പിക്കണം എന്നാഗ്രഹിച്ച ഒരേയൊരു മകന്‍, ആ ആഗ്രഹത്തെ തട്ടിത്തെറുപ്പിച്ച് ഇലക്ട്രോണിക്സ് വിദ്യകളുടെ പുറകെ പോയ താന്തോന്നി, ഗവേഷണം നടത്താന്‍ വരുന്നവര്‍ക്ക് വഴികാട്ടിയായി നടന്ന് അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി അഗസ്ത്യകൂടത്തിന്‍റെ വന്യതയിലെ കാണാക്കാഴ്ചകള്‍ കാട്ടി കൊടുത്തുവന്‍, മലയോര കര്‍ഷകരുടെ രക്ഷയ്ക്ക് ഇലക്ട്രിക് ഫെന്‍സിംഗ് സംവിധാനവുമായി നാടും കാടും താണ്ടി നടന്നവന്‍, അമ്പൂരിക്കാരുടെ അപ്പിയണ്ണന്‍.

ദേ അക്കാണുന്ന മലയാണ് പുരവിമല. അവിടെയാണ് ഞാന്‍ ജനിച്ചത്. ആ ജലാശയം കണ്ടോ? നെയ്യാര്‍ഡാമാണ്. അത് നീന്തിക്കടന്നാണ് ഞാന്‍ പഠിക്കാന്‍ വന്നിരുന്നത്. പെരുമഴയായാലും പാതിരാത്രിയായാലും ഞങ്ങളാ ഡാം നീന്തി കടക്കുമായിരുന്നു. വേറെ വഴിയില്ലായിരുന്നല്ലോ…”

കൊണ്ടകെട്ടി മലയില്‍ വീശിയടിക്കുന്ന കാറ്റിനെതിരെ നിന്ന് അപ്പിച്ചെറുക്കന്‍ ഓര്‍മ്മകളുടെ കെട്ടഴിച്ചിടുകയാണ്. പറയാന്‍ ഒരുപാട് കഥകളുണ്ട്; കാടിനെയറിഞ്ഞ, ഇലക്ട്രോണിക്സ്‌ വിദ്യകള്‍ക്ക് പുറകേ ഭ്രാന്തമായി അലഞ്ഞ് ജീവിതം പരീക്ഷണങ്ങള്‍ക്കായി മാറ്റി വെച്ച  ഈ 51-കാരന്. ഇനി നമുക്ക് അപ്പിച്ചെറുക്കനെ അപ്പിയണ്ണന്‍ എന്ന് വിളിക്കാം. കാരണം അമ്പൂരിക്കാരെല്ലാവരും അദ്ദേഹത്തെ അങ്ങനെയാണ് സ്നേഹത്തോടെ  വിളിക്കുന്നത്.

അപ്പന്‍ നാട്ടുവൈദ്യം പഠിക്കാന്‍ പറഞ്ഞു, പഠിച്ചത് റേഡിയോ ഉണ്ടാക്കാന്‍…
ഇരയിമ്മന്‍ കാണിയുടെ നല്ല കാലത്ത് നാട്ടുവൈദ്യത്തില്‍ അദ്ദേഹത്തെ വെല്ലാന്‍ അമ്പൂരിയില്‍ വേറൊരാള്‍ ഇല്ലായിരുന്നു. പ്രകൃതിയെ ജീവന് തുല്യം സ്നേഹിച്ച, സകല കാട്ടുചെടികളിലും ഔഷധ ഗുണം ഉണ്ടെന്നു കണ്ടെത്തിയ മനുഷ്യന്‍. എട്ടു മക്കളില്‍ അഞ്ചാമനായി ജനിച്ച അപ്പിച്ചെറുക്കനെ തന്‍റെ പിന്തുടര്‍ച്ചക്കാരനാക്കണം എന്നായിരുന്നു ഇരയിമ്മന്റെ ആഗ്രഹം. പറയുന്നതെന്തും പെട്ടെന്ന് മനസ്സിലാക്കാന്‍ തന്‍റെ മക്കളില്‍ ഏറ്റവും കഴിവ് കൂടുതല്‍ അപ്പിച്ചെറുക്കനാണ് എന്ന് ഇരയിമ്മന്‍ കാണിക്ക് അറിയാമായിരുന്നു. കാട്ടില്‍ മരുന്ന് ശേഖരിക്കാന്‍ പോകുമ്പോഴും ചികിത്സയ്ക്ക് പോകുമ്പോഴും ഒക്കെ ഇരയിമ്മന്‍ കാണി അപ്പിയേയും കൂടെക്കൂട്ടി. അപ്പി എല്ലാം കണ്ടു പഠിച്ചു, പക്ഷെ അപ്പിച്ചെറുക്കന് ഒരിക്കലും വൈദ്യം പഠിക്കാന്‍ താല്പാര്യം ഉണ്ടായിരുന്നില്ല. ഡാം നീന്തി സ്കൂളില്‍ പോകുമ്പോള്‍ വഴിയരികലെ കടകളില്‍ ഇരുന്നു പാടുന്ന റേഡിയോയും സ്വിച്ചിട്ടാല്‍ തെളിയുന്ന ബള്‍ബുകളും ഒക്കെയായിരുന്നു അപ്പിയുടെ മനസ്സില്‍.

അപ്പന്‍റെ ഇംഗിതത്തിന് നിന്നു കൊടുക്കാതെ മകന്‍ നാട്ടിലേക്ക് കടന്നു. പഠിക്കാന്‍ മിടുക്കനായത് കൊണ്ട് ആദ്യ എഴുത്തില്‍ തന്നെ പത്താം ക്ലാസ് ജയിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പെടുത്ത് പഠിക്കാന്‍ ചേര്‍ന്നു. പക്ഷെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. വീട് കത്തിപ്പോയപ്പോള്‍ കൂടെ കത്തിപ്പോയ പുസ്തകങ്ങള്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കണം എന്ന സ്വപ്നത്തിന് അടിവരയിട്ടു.

 

റേഡിയോ എന്ന അത്ഭുത യന്ത്രം
എന്നാല്‍ തോറ്റുകൊടുക്കാന്‍ അപ്പിച്ചെറുക്കന്‍ തയ്യാറായിരുന്നില്ല. മനസ്സില്‍ തിളച്ചു മറിഞ്ഞു കിടന്നിരുന്ന ഇലക്ട്രോണിക്സ് പൂതി ഇലക്ട്രോണിക്സ്‌ വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന കണിയാപുരത്തെ  എംഎസ് റേഡിയോ സര്‍വ്വീസ് എന്ന സ്ഥാപനത്തില്‍ കറസ്പോണ്ടന്റ് കോഴ്സ് പഠിക്കാനുള്ള തീരുമാനത്തില്‍ കൊണ്ടെത്തിച്ചു. സര്‍ക്കാര്‍ സ്റ്റൈപ്പന്റായി ലഭിച്ചിരുന്ന ചെറിയ തുക കൂട്ടി വെച്ച് ഫീസടച്ചു. രാവും പകലും ഇലക്ട്രോണിക്സ്‌ വിദ്യയില്‍ മുഴുകി നടന്ന സമയമായിരുന്നു അത്. വീടുമായുള്ള ബന്ധം പതിയെ കുറഞ്ഞു വരികയായിരുന്നു. അച്ഛന്‍ അപ്പിച്ചെറുക്കന് പകരം ചേട്ടനെ സിദ്ധ വൈദ്യം പഠിപ്പിച്ചു കൂടെ കൂട്ടി.

കുട്ടിക്കാലം മുതല്‍ കൂടെ കൂടിയതാണ് റേഡിയോ ഉണ്ടാക്കണം എന്നുള്ള ആഗ്രഹം. പാട്ടുപാടുന്ന, വാര്‍ത്ത പറയുന്ന ആ അത്ഭുത യന്ത്രം ഇങ്ങനെ മനസ്സിനെ കൊതിപ്പിച്ചു കൊണ്ടിരുന്നു. പഠിച്ചു കഴിഞ്ഞപ്പോള്‍ റേഡിയോ പൂതി പെരുത്തുപോയി.  അങ്ങനെ സെന്‍ട്രല്‍ റേഡിയോ സര്‍വീസ് എന്നൊരു റേഡിയോ സര്‍വ്വീസ് കടയില്‍ ജോലിക്ക് കയറി. ടെന്നീസ് എന്നായിരുന്നു മുതലാളിയുടെ പേര്. അവിടെ പോയപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് വലിയൊരു ആഗ്രഹമുണ്ട്. റേഡിയോ അസംബിള്‍ ചെയ്യണം എന്ന്. അങ്ങനെ കുറെ ദിവസം കഴിഞ്ഞപ്പോള്‍ പുള്ളി അസംബിള്‍ ചെയ്യാന്‍ സമ്മതിച്ചു. അങ്ങനെ ഞാന്‍ ആദ്യമായി റേഡിയോ ഉണ്ടാക്കി. ആദ്യം ഉണ്ടാക്കിയ റേഡിയോ ശബ്ദം കേട്ടപ്പോള്‍ ചങ്ക് നിറഞ്ഞു.” അപ്പിയണ്ണന്‍ കൊണ്ടകെട്ടി മലയിലെ ഒരു പാറപ്പുറത്തേക്ക് വലിഞ്ഞു കയറുന്നതിനിടയില്‍ പറഞ്ഞു നിര്‍ത്തി.

റേഡിയോ ഉണ്ടാക്കലും ഇലക്ട്രോണിക് കമ്പവും ജീവിതം മുന്നോട്ട് കൊണ്ട് പോകില്ല എന്ന തോന്നല്‍ മനസ്സിനെ അപ്പോഴേക്കും കീഴ്പ്പെടുത്തിയിരുന്നു. പതിയെ മറ്റ് ജോലികള്‍ അന്വേഷിച്ചിറങ്ങി. അങ്ങനെയാണ് ദേശീയ ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായ കെട്ടിടം പണികള്‍ക്ക് പോയി തുടങ്ങുന്നത്. കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ എത്തപ്പെടുന്നത് അങ്ങനെയാണ്.

ഞാന്‍ അവിടുത്തെ ഓള്‍റൌണ്ടര്‍ ആയി. ചെടി നനയ്ക്കുന്നത് മുതല്‍ ഇലക്ട്രോണിക്സ് കൈകാര്യം ചെയ്യുന്നത് വരെ എല്ലാം എന്നെ ഏല്‍പ്പിച്ചു. എനിക്കപ്പോള്‍ വീണ്ടും സന്തോഷമായി. മനസ്സില്‍ കിടന്നിരുന്ന ഇലക്ട്രോണിക്സ് മോഹങ്ങള്‍ എല്ലാം കൂടി വീണ്ടും പൊങ്ങി വന്നു. അവിടത്തേക്ക് ഒരു ക്ലോക്ക് ഒക്കെ ഞാന്‍ ഉണ്ടാക്കി കൊടുത്തു. അച്ഛന്മാര്‍ക്കും ബ്രദര്‍മാര്‍ക്കും ഒക്കെ എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. ടിവി നന്നാക്കാന്‍ പഠിക്കുന്നത് അവിടെവെച്ചാണ്. പള്ളിയില്‍ ഉണ്ടായിരുന്ന ബ്ലാക്ക് ആന്‍റ് വൈറ്റ് ടിവി കുത്തിപ്പൊളിച്ചു. ഭ്യാഗ്യത്തിന് അവരാരും വഴക്ക്  പറഞ്ഞില്ല. എന്‍റെ ആവേശം കണ്ടതു കൊണ്ടാകും. എന്‍റെ ലക്ഷ്യം അന്നും ഇന്നും ഇലക്ട്രോണിക്സില്‍ സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കുക എന്നതാണ്”. അപ്പിയണ്ണന്‍ പറയുന്നു.  

 

നാട്ടിലേക്കുള്ള മടക്കം
1989-ലാണ് ഇരയിമ്മന്‍ കാണി മരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് മകനെ കാണണം എന്നുള്ള ഇരയിമ്മന്‍ കാണിയുടെ ആഗ്രഹം അപ്പിച്ചെറുക്കനെ വീണ്ടും അമ്പൂരിയില്‍ എത്തിച്ചു. പിന്നീട് അമ്പൂരി വിട്ടുപോകാന്‍ തോന്നിയില്ല. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഗൈഡായി പോയി തുടങ്ങുന്നത് അപ്പോള്‍ മുതലാണ്. അന്നത്തെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മേധാവി നാരായണന്‍ ആണ് ആദ്യമായി അപ്പിച്ചെറുക്കനെ ഗൈഡായി ഗവേഷകര്‍ക്കൊപ്പം അയയ്ക്കുന്നത്. കാടറിഞ്ഞ ഇരയിമ്മന്‍ കാണിയുടെ മകനെക്കാള്‍ നന്നായി കാടിനെ അറിയുന്നവര്‍ വേറെ ഉണ്ടാകില്ല എന്നായിരുന്നു നാരായണന്റെ നിഗമനം. ആ കണക്കു കൂട്ടലുകള്‍ തെറ്റിയില്ല. ഓര്‍ക്കിഡുകളുടെ അപൂര്‍വ്വ ശേഖരം കണ്ടു പിടിക്കാനുള്ള യാത്രയായിരുന്നു ആദ്യത്തേത്. അഗസ്ത്യവനത്തിന്‍റെ ഉള്‍ക്കാടുകളില്‍ കിഴക്ക് വശത്തെ മല നിരകളില്‍ പണ്ടെങ്ങോ അത്തരം ചെടികളെ കണ്ട ഓര്‍മ്മയില്‍ അപ്പിച്ചെറുക്കന്‍ ഗവേഷകരെയും കൂട്ടി യാത്ര തിരിച്ചു.

“ലേഡി സ്ലിപ്പര്‍ പൂത്ത് കിടക്കുന്നതിന്‍റെ തൊട്ടുതാഴെ വരെ ഞങ്ങള്‍ എത്തി. കാടല്ലേ എപ്പോഴാണ് മഴ പെയ്യുന്നത് എന്നറിയില്ലല്ലോ. നല്ല മഴയായിരുന്നു. എന്‍റെ കാലൊക്കെ വീണ് ചതവ് പറ്റി. അപ്പോള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന സാറന്മാര് കളിയാക്കി. ഇവനൊന്നും അറിയില്ല തിരികെ പോകാം എന്ന് പറഞ്ഞു, എനിക്കത് ഭയങ്കര വിഷമമായി. അതിന് തൊട്ടു മുകളില്‍ ചെടിയുണ്ടായിരുന്നു. എനിക്കത് നല്ല ഉറപ്പും ആയിടുന്നു. അത് കേള്‍ക്കാന്‍ അവര്‍ സമ്മതിച്ചില്ല. അങ്ങനെ തിരികെ പോന്നു”. പരിഹാസം കാരണം ഉപേക്ഷിക്കേണ്ടി വന്ന ആദ്യ ദൌത്യത്തെ പറ്റി ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വിഷമമുണ്ട് അപ്പിയണ്ണന്.

എന്നാല്‍ തോറ്റ് കൊടുക്കാന്‍ അവിടെയും ഇരയിമ്മന്‍ കാണിയുടെ മകന്‍ തയ്യാറായിരുന്നില്ല. പിന്നീട് നടത്തിയ എല്ലാ യാത്രകളിലും കൂടെ വന്നവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാതെ അഗസ്ത്യമലയില്‍ നിന്നും തിരികെ കാടിറങ്ങിയിട്ടില്ല ഈ മനുഷ്യന്‍. ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി ആ യാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിനിടയില്‍ സസ്യങ്ങളുടെ ശാസ്ത്രീയ നാമങ്ങള്‍ എല്ലാം കാണാപ്പാഠം പഠിച്ചു. പഠിപ്പും വിവരവും ഉണ്ടെന്ന്‍ അഹങ്കരിക്കുന്നവര്‍ പോലും ഒരു നിമിഷം ആലോചിച്ചു നില്‍ക്കുന്ന സസ്യങ്ങളുടെ ശാസ്ത്രീയ നാമങ്ങള്‍ പച്ചവെള്ളം പോലെ പറഞ്ഞു തരും അപ്പിയണ്ണന്‍.

 

ആനേം കടുവയും ഒക്കെയുള്ള കാടാണ്, നിന്നെ നീ തന്നെ കാത്തോണം…
കുട്ടിക്കാലത്ത് തനിക്കൊപ്പം മരുന്നു പറിക്കാന്‍ കാട്  കയറുമ്പോള്‍ അപ്പിച്ചെറുക്കന്  ഇരയിമ്മന്‍ കാണി ചൊല്ലിക്കൊടുത്ത വാക്കുകളാണിത്. കാട്ടുമൃഗങ്ങളെ ബഹുമാനിക്കാനും സ്നേഹിക്കാനും അപ്പന്‍ മകന് പറഞ്ഞു കൊടുത്തു. അതെല്ലാം മകന്‍ അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു.

“ഒരു തവണ ഞങ്ങളിങ്ങനെ ഓര്‍ക്കിഡുകളുടെ വലിയ കൂട്ടങ്ങള്‍ തിരക്കി പോയി. അഞ്ചാറ് പേരുണ്ട് സംഘത്തില്‍. രാത്രി ഏതെങ്കിലും ഗുഹകളില്‍ തങ്ങുകയാണ് പതിവ്. എല്ലാ ഗുഹകളിലും മൃഗങ്ങള്‍ കിടക്കാറില്ല. മനുഷ്യന് താമസിക്കാന്‍ പറ്റണതും ഉണ്ട്. അങ്ങനെ ഒരെണ്ണം കണ്ടെത്തി. അതില്‍ എല്ലാരും കയറി. ക്ഷീണമൊക്കെ ഉള്ളതല്ലേ എല്ലാരും പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി. ഞാനിങ്ങനെ പുറത്തിരിക്കുകയാണ്. അപ്പോഴുണ്ട് വല്ലാത്തൊരു ശബ്ദം കേള്‍ക്കുന്നു. പതിയെ ടോര്‍ച്ചടിച്ചു നോക്കി. താഴെ ചെറിയൊരു കുഴിയുണ്ട്. അതില്‍ നിന്നും ആശാനിങ്ങനെ കയറി വരുകയാണ്. ആരാ?”- കടുവയുടെ കാര്യമാണ് അപ്പിയണ്ണന്‍ പറയുന്നത്.

നല്ല ഒത്ത വണ്ണവും നീളവും ഒക്കെ ഉണ്ട് കേട്ടോ ആശാന്. ഞാന്‍ കരുതി ആറെണ്ണത്തേയും ഒരുമിച്ച് തീര്‍ക്കും എന്ന്. ഞാനിങ്ങനെ മിണ്ടാതെ നിന്നുകൊടുത്തു. തീരുന്നെങ്കില്‍ തീരട്ടെ. പുള്ളിയിങ്ങനെ കുറെ നേരം നോക്കി നിന്നിട്ട് തിരിച്ചിറങ്ങി പോയി. അതയാള് സ്ഥിരം കിടക്കുന്ന സ്ഥലം ആയിരുന്നെന്നേ… പക്ഷെ അങ്ങേര് എന്തേ ഞങ്ങളെ ഒന്നും ചെയ്തില്ല എന്നാലോചിക്കുമ്പോള്‍ ഇപ്പോഴും ഒരു പിടിയും കിട്ടണില്ല…” കടുവയെ കണ്ട കാര്യം ലാഘവത്തോടെ പറഞ്ഞു തീര്‍ത്തു അപ്പിയണ്ണന്‍. “കടുവ മാത്രമല്ല. ആനകളും പെരുമ്പാമ്പുകളും രാജവെമ്പാലയും ഒക്കെ വരും. ഒന്നിനെയും ശല്യം ചെയ്യാന്‍ പോകരുത്. ശല്യം ചെയ്തില്ലേല്‍ നമ്മളെയും അവര്‍ ശല്യം ചെയ്യില്ല.

ഇരയിമ്മന്‍ കാണി കല്ലാനയെ കണ്ടിട്ടുണ്ട് എന്നാണ് അപ്പിയണ്ണന്‍ പറയുന്നത്. എന്നാല്‍ ഇരുപത്തിയഞ്ച് വര്‍ഷം കാട്ടിലൂടെ നടന്നിട്ടും ഒരെണ്ണത്തിനെ പോലും കണ്ടുപിടിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. പകരം ഒറ്റയാന്‍റെ കൊമ്പിന് മുന്നില്‍ ചെന്ന് പെടുകയും ചെയ്തിട്ടുണ്ട്.

ജാതിയുണ്ട് അപ്പീ… എല്ലാത്തിനും ജാതിയുണ്ട്…
അപ്പിച്ചെറുക്കന്‍ എന്ന പേര് കാരണം ഒരുപാട് പരിഹാസങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടിട്ടുണ്ട് അപ്പിയണ്ണന്. “ചെല്ലുന്നിടത്തെല്ലാം പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഒരു വിചിത്ര ജീവിയെ കാണുമ്പോലെ നോക്കുമായിരുന്നു. പിന്നീട് അവര്‍ മാറി നിന്ന് ചിരിക്കും. നിന്‍റെ പേരെന്തെരെടെ ഒരുമാതിരി വൃത്തികെട്ട പേര്… പേര് മാറ്റിക്കൂടെ നിനക്ക്. ഞാന്‍ എന്തിന് പേര് മാറ്റണം? എനിക്കെന്‍റെ അച്ഛന്‍ ഇട്ടു തന്ന പേരല്ലേ? ഞാനത് മാറ്റില്ല.” പേരിനെ ചൊല്ലി കളിയാക്കുന്നവരെ കുറിച്ച് അപ്പിയണ്ണന്‍ പറയുന്നു. പേര് മാത്രമല്ലായിരുന്നു പ്രശ്നം. പ്രധാന പ്രശ്നം ജാതിയായിരുന്നു. ആദിവാസിയാണ്‌, നിനക്ക് വല്ല കാട്ടുമരുന്നും ഉണ്ടാക്കി വിറ്റ് ജീവിച്ചൂടെ? എന്തിനാണ് ഈ ഇലക്ട്രോണിക്സിന്‍റെയൊക്കെ പുറകെ പോകുന്നത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അപ്പിയണ്ണന്‍ തിരിച്ചു പറയും. ഞാന്‍ ആദിവാസിയയത് എന്‍റെ കുറ്റമല്ല. ഞാന്‍ എനിക്ക് ഇഷ്ടമുള്ള തൊഴില്‍ ചെയ്യും എന്ന്.

ആദ്യമൊക്കെ ഭയങ്കര വിഷമം ആയിരുന്നു. പലയിടങ്ങളിലും അവഗണനയും കളിയാക്കലും. പിന്നെ പതിയെ അതിനെയൊക്കെ ചിരിച്ചു കളയാന്‍ പഠിച്ചു. ചിരിച്ചു കളയണം. അതല്ലേ നമ്മളെ കൊണ്ട് പറ്റൂ. ഇപ്പോള്‍ മനസിലാകുന്നുണ്ട്, എല്ലാത്തിനും ജാതിയുണ്ട്…

ഫെന്‍സിംഗ് എന്ന പുതിയ സംരംഭം
അങ്ങനെ അഗസ്ത്യമലയും സസ്യങ്ങളും ഒക്കെയായി നടക്കുമ്പോഴാണ് ഉറങ്ങി കിടന്നിരുന്ന ഇലക്ട്രോണിക്സ്‌ കമ്പം വീണ്ടും തലപൊക്കുന്നത്. മലയോരത്തെ കര്‍ഷകര്‍ എപ്പോഴും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാട്ടു മൃഗങ്ങളുടെ അക്രമമാണ്. ആനയും പന്നിയും കുരങ്ങും എല്ലാം എപ്പോഴും വന്നു പൂണ്ടു വിളയാടിയിട്ടു പോകുന്ന കൃഷിസ്ഥലങ്ങള്‍ കണ്ട് തലയ്ക്ക് കയ്യും കൊടുത്തിരിക്കുന്ന തന്‍റെ നാട്ടുകാരെ കണ്ടപ്പോഴാണ് അപ്പിക്ക് ഇലക്ട്രിക്കല്‍ ഫെന്‍സ് എന്ന സംവിധാനത്തെ കുറിച്ച് ലൈറ്റ് കത്തിയത്. (വേലിയില്‍ വൈദ്യുതി കടത്തി വിട്ട് ചെറിയ ഷോക്ക് അടിപ്പിക്കുന്ന സംവിധാനം) എന്ത് കൊണ്ട് കുറഞ്ഞ ചിലവില്‍ നാട്ടുകാര്‍ക്ക് വേണ്ടി ഫെന്‍സ് ചെയ്തു കൊടുത്തുകൂട എന്നായി അടുത്ത ചിന്ത. പിന്നെ ഒട്ടും അമാന്തിച്ചില്ല; തന്‍റെ ഒറ്റമുറി ലോഡ്ജില്‍ കൂട്ടിയിട്ടിരുന്ന പഴയ ഇലക്ട്രോണിക്സ്‌ സാധനങ്ങള്‍ എല്ലാം പൊടി തട്ടിയെടുത്തു. വേണ്ട സംവിധാനങ്ങളുടെയെല്ലാം രൂപരേഖ ഒറ്റയ്ക്ക് തന്നെ വരച്ചുണ്ടാക്കി. 80-കളില്‍ സങ്കീര്‍ണ്ണമായ സര്‍ക്യൂട്ടുകള്‍ ഉപയോഗിച്ച് റേഡിയോ ഉണ്ടാക്കിയ ആള്‍ക്ക് ഇക്കാര്യങ്ങളിലൊക്കെ സഹായം ആവശ്യമുണ്ടോ? ആദ്യ പരീക്ഷണം തന്നെ വിജയകരമായിരുന്നു. പക്ഷെ അതൊരു പൂര്‍ണ്ണതയില്‍ എത്തിയെന്ന് തോന്നിയില്ല. വീണ്ടും വീണ്ടും പരീക്ഷണങ്ങളുടെ നാളുകള്‍. അവസാനം ശരിയായ രീതിയില്‍ ഉള്ള മള്‍ട്ടി പര്‍പസ് ഇലക്ട്രിക് ഫെന്‍സുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചു. പിന്നെ ചിലവ് കുറഞ്ഞ നിരക്കില്‍ ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും കൃഷിയിടങ്ങളില്‍ ഇലക്ട്രിക് ഫെന്‍സുകള്‍ സ്ഥാപിക്കാനുള്ള ദൌത്യം അപ്പിയണ്ണന്‍ ഏറ്റെടുത്തു.

“ഏറ്റവും കുറഞ്ഞ പൈസയാണ് ഇതിന് വാങ്ങുന്നത്. എന്‍റെ കൂടെ കുറച്ചു പിള്ളേര് ഉണ്ട്. കിട്ടണ പൈസ വീതം വെച്ച് അവന്മാര്‍ക്ക് കൊടുക്കും. ബാക്കിക്ക് പുതിയ സാധനങ്ങള്‍ ഒക്കെ വാങ്ങും. ഇപ്പോള്‍ എനിക്ക് ഒരാഗ്രഹം ഉണ്ട്. ഇത് കുറച്ചുകൂടി വികസിപ്പിക്കണം. നല്ലൊരു ടീം ഉണ്ടാകണം. എന്നിട്ട് കുറഞ്ഞ ചിലവില്‍ നാട്ടുകാര്‍ക്ക് ഈ സംവിധാനം കൊടുക്കണം.” കൊണ്ടകെട്ടി മലയുടെ താഴ്വാരത്തെ കൃഷിയിടത്തില്‍ താന്‍ ഉണ്ടാക്കിയ മള്‍ട്ടി പര്‍പസ് ഫെന്‍സിന് മുന്നില്‍ നില്‍ക്കവേ അപ്പിയണ്ണന്‍ പറഞ്ഞു.

അമ്പൂരിയില്‍ മാത്രമല്ല അണ്ണന്റെ ഫെന്‍സ് പ്രസിദ്ധം. മലയ്ക്ക് അപ്പുറമുള്ള തമിഴ്നാട്ടില്‍ നിന്നും അപ്പിയണ്ണനെ തിരക്കി കര്‍ഷകര്‍ എത്തുന്നുണ്ട്. അവിടങ്ങളിലെ കര്‍ഷകര്‍ക്ക് അണ്ണന്‍ ദൈവത്തിന്‍റെ അവതാരമാണ്‌. കൃത്യസമയത്തെത്തി തങ്ങളുടെ അന്നം മുടക്കാതെ കാത്ത ദൈവത്തിന്‍റെ അവതാരം.

 

 

അപ്പിയണ്ണനും അച്യുത മേനോനും
എനിക്ക് രാഷ്ട്രീയമുണ്ട്. ഇടത് രാഷ്ട്രീയം. അതാണ്‌ ശരി എന്ന് തോന്നി. ഞാന്‍ കണിയാപുരത്ത് പഠിക്കാന്‍ പോയെന്നു പറഞ്ഞില്ലേ? അപ്പോഴാണ് പഴയ, തൊഴില്‍ അല്ലെങ്കില്‍ ജയില്‍ സമരം നടക്കുന്നത്. അതിന് മുന്നേ ഇടതുപക്ഷത്തിനോട് ആയിരുന്നു താത്പ്പര്യം. ആ സമരം ഒക്കെ കണ്ടപ്പോള്‍ പിന്നെ യുവജന ഫെഡറേഷന്റെ കൂടെ കൂടി. പിന്നീടിങ്ങോട്ട് സിപിഐക്കാരുടെ കൂടെ. അച്യുതമേനോന്‍ സഖാവാണ് എന്‍റെ ആരാധാനപാത്രം. കാരണം അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് അമ്പൂരിയില്‍ വികസനം വന്നത്. ഇപ്പോഴുള്ളതെല്ലാം അതിന്‍റെ നിഴല്‍ മാത്രമാണ്. ഇത്രയും നല്ലൊരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സമയത്താണ് ഇവിടെ സ്കൂളും ആശുപത്രിയും ഒക്കെ വന്നത്. കമ്മ്യൂണിസ്റ്റുകാരനായാല്‍ ഇങ്ങനെ ജീവിക്കണം.”മുന്‍ മുഖ്യമന്ത്രി അച്യുതമേനോനെ പറ്റി പറയുമ്പോള്‍ നൂറ് നാവാണ് അപ്പിയണ്ണന്.

നിലവില്‍ സിപിഐ അമ്പൂരി ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി മെമ്പറുമാണ്.

 

ഇനി മലയിറങ്ങാം വൈകുന്നേരം ഒരിടം വരെ പോകാനുണ്ട്. കഥകളില്‍ നിന്നുണര്‍ന്ന് അപ്പിയണ്ണന്‍ പറഞ്ഞു.

 

കൊണ്ടകെട്ടി മലയിറങ്ങുമ്പോള്‍ ചെറിയ മഴ പൊടിഞ്ഞു. “മഴ പെയ്യെട്ടെന്നേ, കാട് നനയട്ടെ, നനഞ്ഞ മണ്ണിന്‍ പുതിയ ഓര്‍ക്കിഡ് ചെടികള്‍ ജനിക്കട്ടെ, കാട് പൂക്കട്ടെ എന്നിട്ട് വേണം പുതിയ ഓര്‍ക്കിഡ് ചെടികള്‍ തിരക്കി മല കയറാന്‍… അപ്പിച്ചെറുക്കന്‍ ചിരിക്കുന്നു. അഗസ്ത്യമല അങ്ങനെയാണ്, ഓരോ പോക്കിലും അപ്പിച്ചെറുക്കന് വേണ്ടി എന്തെങ്കിലും കാത്തു വെച്ചിരിക്കും. കാടറിഞ്ഞ ഇരയിമ്മന്‍ കാണിയുടെ മകനെ വെറും കയ്യോടെ തിരികെ വിടുന്നതെങ്ങനെ…

 

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് വിഷ്ണു) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍