UPDATES

വിദേശം

യുഗാന്ത്യം (നെല്‍സണ്‍ മണ്ടേല: 1918 ജൂലൈ 18 – 2013 ഡിസംബര്‍ 5)

മണ്ടേല അന്തരിച്ചിട്ട് ഡിസംബര്‍ അഞ്ചിന് നാലു വര്‍ഷം തികയുന്നു

വര്‍ണവിവേചനത്തിനും അടിമത്വത്തിനും എതിരെ സ്വന്തം ജീവിതം ഉഴിഞ്ഞു വച്ച മഹാ വിപ്ലവകാരി നെല്‍സണ്‍ മണ്ടേലയെക്കുറിച്ച് നേരത്തെ പ്രസിദ്ധീകരിച്ച ഫോറിന്‍ പോളിസി ലേഖനം ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഇരുപത്തിയേഴിനാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായ നെല്‍സണ്‍ മണ്ടേലയെ ശ്വാസകോശ അണുബാധകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അടുത്തടുത്ത മാസങ്ങളില്‍ മൂന്നാം തവണയായിരുന്നു മണ്ടേല ആശുപത്രിയിലായതും. ഗവണ്മെന്റ് ഇതിനെ ഒരു “ചെക്കപ്പ്‌” എന്നാണ്  വിശദീകരിച്ചത്. ഡിസംബര്‍ മുഴുവനും അദ്ദേഹം ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. അപ്പോള്‍ പിത്താശയകല്ല്‌ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഏതാണ്ട് മൂന്നുവര്‍ഷം മുന്‍പ് ജോഹനാസ്ബര്‍ഗില്‍ വെച്ച് നടന്ന 2010 വേള്‍ഡ് കപ്പിന്റെ സമാപനച്ചടങ്ങായിരുന്നു അദ്ദേഹം പങ്കെടുത്ത അവസാനത്തെ പൊതുപരിപാടി.  

ഓരോ തവണ മണ്ടേല ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യപ്പെടുമ്പോഴും മണ്ടേലയുടെ വക്താക്കളും ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്ഗ്രസും (ANC) തമ്മില്‍ ഒരു വശത്തും ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ തമ്മില്‍ മറ്റൊരു വശത്തും നിശബ്ദതയുടെ ഒരു മതില്‍ ഉയരുമായിരുന്നു. ANCയുടെ ഔദ്യോഗിക അറിയിപ്പ് എപ്പോഴും ഒന്ന് തന്നെയാണ്: “മണ്ടേല ‘ആരോഗ്യവാനായി തുടരുന്നു’, അദ്ദേഹത്തിന്റെ ‘നിലയ്ക്ക് മാറ്റമൊന്നും ഇല്ല’, അദ്ദേഹത്തിന്റെ പരിശോധനകള്‍ ‘പതിവ് നടപടികള്‍’ മാത്രമാണ് — എന്നാല്‍ അനൌദ്യോഗികവിവരങ്ങള്‍ വ്യത്യസ്തമായിരുന്നു. ഇപ്പോള്‍ അതിനെല്ലാം അവസാനമായിരിക്കുന്നു.

മണ്ടേലയുടെ ആരോഗ്യത്തെപ്പറ്റി ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിലും വ്യത്യാസങ്ങള്‍ പ്രകടമായിരുന്നു. വിദേശപത്രങ്ങള്‍ വാര്‍ത്തയില്‍ അഭിരമിക്കുകയാണ് പതിവ് — മണ്ടേലയെ കുറിച്ച് അവര്‍ ഉദാത്തങ്ങളായ വിശേഷണങ്ങള്‍ എഴുതുന്നു—എന്നാല്‍ അവരുടെ വിവരണങ്ങള്‍ അല്‍പ്പം ക്രൂരവുമാണ്. അവര്‍ മണ്ടേലയ്ക്ക് ചുറ്റുമുള്ള പ്രകാശവലയത്തിന് മിനുക്കം കൂട്ടുകയും മരണശയ്യാരംഗം പരിശീലിച്ചുനോക്കുകയും ചെയ്തിരുന്നു. ഓരോ തവണ മണ്ടേല അസുഖബാധിതനാകുമ്പോഴും അവര്‍ ചിന്തിക്കുക, ഈ ആശുപത്രിവാസമായിരിക്കുമോ നിര്‍ണായകമാവുക, ചിന്തിക്കാനാകാത്തത് നടക്കാന്‍ പോവുകയാണോ, ഇപ്പോഴാണോ ആ വലിയ സ്റ്റോറി ഉണ്ടാവുക എന്നൊക്കെയാണ്. 

ദക്ഷിണാഫ്രിക്കന്‍ റിപ്പോര്‍ട്ടര്‍മാര്‍ താരതമ്യേന സാമര്‍ഥ്യവും ധൈര്യവും ഉള്ളവരാണ്, അവര്‍ അതിശയോക്തികള്‍ ഉപയോഗിക്കാറില്ല, പാര്‍ട്ടി വാചകങ്ങളെ വിമര്‍ശിക്കാരുമുണ്ട്. മണ്ടേലയെ ഒരു യഥാര്‍ത്ഥ മനുഷ്യനായി അവതരിപ്പിക്കുന്നതില്‍ അവര്‍ അല്‍പ്പം കൂടി ഭേദപ്പെട്ട ജോലി ചെയ്യാറുണ്ട്. എന്നാല്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും അതിന്റെ സ്വാതന്ത്ര്യങ്ങളെ തടഞ്ഞും അതിനുള്ള ദേശസ്നേഹത്തെ ചോദ്യം ചെയ്തും നില്‍ക്കുന്ന ഒരു ഗവണ്മെന്റിനോട് അച്ചടക്കത്തോടെ വിധേയപ്പെട്ടുകൊണ്ടാണ് അവര്‍ ജീവിക്കുന്നത്.

മണ്ടേലയെപ്പറ്റിയുള്ള പത്രവാര്‍ത്തകള്‍ ഒഴിവാക്കുന്നതിനായി ANC നാണമില്ലാതെ വര്‍ണ്ണവിവേചനകാലത്തെ സുരക്ഷാനിയമങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ദേശീയതാല്പര്യമുള്ള കാര്യങ്ങളില്‍ സുരക്ഷയെ ബാധിക്കുന്ന ഒരു വിഷയത്തെപ്പറ്റിയും വിവരങ്ങള്‍ കൈമാറാന്‍ പാടില്ലെന്നാണ് നിയമം. ഇപ്പോഴത്തെ പ്രസിഡന്റ്റ്‌ ജേക്കബ്‌ സുമയും ഈ സൌകര്യം ഉപയോഗപ്പടുത്തുന്നുണ്ട്; ചെലവുകളിലൂടെയും ഫണ്ടിംഗിലൂടെയും വിവാദങ്ങളില്‍ പെട്ട അദ്ദേഹത്തിന്റെ വീടും ദേശീയതാല്പര്യമുള്ള ഒരിടമായി പ്രഖ്യാപിച്ചിട്ടുണ്ട്. ANCക്ക് വര്‍ണ്ണവിവേചനകാലത്തെ നിയമങ്ങലോടെല്ലാം വെറുപ്പാണ്—എന്നാല്‍ ആ നിയമങ്ങള്‍ തന്നെ അവരുടെ നേതാക്കളുടെ കുറ്റങ്ങള്‍ മറയ്ക്കാന്‍ സഹായിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ ഈ നിയമങ്ങള്‍ സ്വീകാര്യമാണെന്ന് മാത്രമല്ല, അവ വല്ലാതെ സ്നേഹിക്കപ്പെടുക പോലും ചെയ്യുന്നുണ്ട്. സോഷ്യോളജിസ്റ്റ് ആയ റോജര്‍ സൌതാള്‍ പറയുന്നത് ANC “പാര്‍ട്ടിയും രാജ്യവും തമ്മിലുള്ള (നിയമവും നിയമവിരുദ്ധതയും തമ്മിലും) അന്തരങ്ങള്‍ അവ്യക്തമാക്കുന്നു” എന്നാണ്.

മണ്ടേലയുടെ ആശുപത്രിവാസത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി ANC അവതരിപ്പിക്കുന്നത്‌ കണ്ടാല്‍ ഏതു പി ആര്‍ കമ്പനിയും ചിരിച്ചുപോകുമായിരുന്നു. എങ്കിലും ഇത് പലതും വെളിവാക്കുന്നുമുണ്ട്. ഡിസംബര്‍ 2011ല്‍ മണ്ടേല അന്ന് താമസിച്ചിരുന്ന കിഴക്കന്‍ കേപ്പിലെ വീട്ടിലേയ്ക്ക് തിരിച്ചുവച്ചിരുന്ന മൂന്നു സി സി ടി വി ക്യാമറകള്‍ പോലീസ്‌ നീക്കം ചെയ്തു. മണ്ടേലയുടെ മരണം നടക്കുമ്പോള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി റോയിട്ടെഴ്സം അസോസിയേറ്റട് പ്രസും സ്ഥാപിചിരുന്നതാണ് ആ ക്യാമറകള്‍. വലിയ ജനരോഷത്തെ തുടര്‍ന്ന് അതിക്രമിച്ചുകയറിയതിനു അധികൃതര്‍ വാര്‍ത്താമാധ്യമങ്ങളെ വിമര്‍ശിക്കുകയുണ്ടായി. എന്നാല്‍ ഈ അധികൃതര്‍ തന്നെയാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയത് എന്നാണു വാര്‍ത്താമാധ്യമങ്ങള്‍ നല്‍കുന്ന വിവരം.

മണ്ടേലയുടെ മരണം കാത്തിരിക്കല്‍ പോലും വല്ലാതെ വികൃതമായിരുന്നു. ഡിസംബര്‍ 2011ല്‍ ഗാര്‍ഡിയന്‍ പത്രത്തിന്റെ ആഫ്രിക്കന്‍ ലേഖകന്‍ ഡേവിഡ്‌ സ്മിത്ത്‌ എഴുതിയത് ഇങ്ങനെ: “ജോലികള്‍ അതീവരഹസ്യമായാണ് പുരോഗമിക്കുന്നത്. എതിരാളികളുമായി അവ ചര്‍ച്ച ചെയ്യുന്നത് വിവേകമാകില്ല, നല്ല സുഹൃത്തുക്കള്‍ക്കിടയില്‍ അതിന്റെ സാന്നിധ്യം സമ്മതിക്കുന്നത് ഉചിതവുമല്ല. എന്നാല്‍ ഒരു ദിവസം അവ പ്രവര്‍ത്തിച്ചുതുടങ്ങും— അത് എന്നാണ് എന്നത് മാത്രമാണ് ചോദ്യം. ഇതെല്ലാമാണ് ‘M-പ്ലാനുകള്‍’, അഥവാ മണ്ടേലയുടെ മരണം റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമങ്ങള്‍ നടത്തിയിരുന്ന തയ്യാറെടുപ്പുകള്‍. പ്രമുഖ ബ്രോഡ്‌കാസ്റ്റര്‍മാരെല്ലാം വര്‍ഷങ്ങളും പണവും ഒരുപാട് ചെലവാക്കിക്കഴിഞ്ഞിരുന്നു – സ്റ്റുഡിയോകള്‍ നിര്‍മ്മിച്ചും പ്രൈം ലൊക്കേഷനുകളില്‍ സ്ഥലം വാങ്ങിയും ഹോട്ടലുകളും യാത്രാസംവിധാനങ്ങളും മുന്‍കൂട്ടി ബുക്ക്‌ ചെയ്തും ലോക്കല്‍ ഫിക്സര്‍മാരെ വടകയ്ക്കെടുത്തും വിടഗ്ദ്ധന്മാരുമായി ഉടമ്പടികള്‍ ഒപ്പ് വെച്ചുമൊക്കെയായിരുന്നു അത് “- സ്മിത്ത്‌ പറയുന്നു.

ഇതൊരു കുടില്‍ വ്യവസായം പോലെയാണ്. When Mandela Goes എന്ന പേരില്‍ ദക്ഷിണാഫ്രിക്കന്‍ പത്രപ്രവര്‍ത്തകനായ ലെസ്‌റ്റര്‍ വെന്ററുടെ പുസ്തകം പുറത്തിറങ്ങിയത് 1997ലാണ്. അതിനുശേഷം അത്തരം പേരുകളുമായി നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങി. ഇതില്‍ ഏറ്റവും പുതിയത് ഡെയ്ലി ടെലഗ്രാഫിന്റെ മുന്‍ ദക്ഷിണാഫ്രിക്കന്‍ ലേഖകനായ അലക്‌ റസലിന്റെ After Mandela ആണ്. മണ്ടേലയുടെ മരണശേഷം എന്ത് സംഭവിക്കുമെന്ന് ആളുകള്‍ ദശാബ്ദങ്ങളായി ആകുലപ്പെടുന്നതാണ്; ഈ ഉറപ്പു തരുന്ന വ്യക്തിത്വം ഇല്ലെങ്കില്‍ രാജ്യം തകര്‍ന്നുവീഴുമോ എന്നതാണ് മറ്റൊരു പേടി. റസലിന്റെ വാചകത്തില്‍ പറഞ്ഞാല്‍ മണ്ടേല ദക്ഷിണാഫ്രിക്കക്ക് നല്‍കിയ സമ്മാനം അദ്ദേഹത്തിന്റെ ‘അനുരഞ്ജന വൈദഗ്ധ്യമാണ്. അദ്ദേഹം ദക്ഷിണാഫ്രിക്കയെ സ്വാതന്ത്ര്യത്തിലേയ്ക്ക് നയിച്ചുവെന്നു മാത്രമല്ല, ഐക്യം, ക്ഷമ, മാനിഷികതയിലുള്ള വിശ്വാസം എന്നിവ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ഇന്‍ഡിപ്പെന്ടന്റില്‍ എഴുതുന്ന പത്രപ്രവാര്‍ത്തകന്‍ അലക്സ്‌ ഡുവല്‍ സ്മിത്തിന് മണ്ടേല ‘നമ്മുടെ ഗ്രഹത്തിലെ അവസാനത്തെ ജീവിക്കുന്ന ഇതിഹാസമാണ്. ടൈംസിന്റെ ആഫ്രിക്കന്‍ ബ്യൂറോ ചീഫായ അലക്സ്‌ പെരിക്കും മറ്റു കോടിക്കണക്കിന് മനുഷ്യര്‍ക്കും മണ്ടേല ‘ലോകത്തിനുവേണ്ടിയുള്ള സെക്കുലര്‍ പുണ്യവാനാണ്”.

എന്നാല്‍ പല പത്രപ്രവത്തകരും 1949ല്‍ താന്‍ എഴുതിയ ഒരു ഗാന്ധി ജീവചരിത്രത്തിന്റെ റിവ്യൂവില്‍ ജോര്‍ജ്‌ ഓര്‍വല്‍ എഴുതിയ വാചകം മറന്നുവെന്നു തോന്നുന്നു: “നിഷ്കളങ്കരാണെന്നു തെളിയുന്നത് വരെ പുണ്യവാളന്‍മാരെ അപരാധികളായി തന്നെ കരുതേണ്ടതാണ്.” 27 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം 1990ല്‍ മോചിതനായപ്പോള്‍ മണ്ടേല തന്നെ പറഞ്ഞത് ഓര്‍ക്കുക: “ഞാന്‍ ഒരു പ്രവാചകനായല്ല ഇവിടെ നില്‍ക്കുന്നത്, മറിച്ച് നിങ്ങള്‍ ജനങ്ങളുടെ വിനീതനായ ഒരു സേവകനായാണ്…” ഇത് തന്നെയാണ് ഒന്നാലോചിച്ചു നോക്കിയാല്‍ ഒരു പ്രവാചകന്‍ പറയാന്‍ സാധ്യതയുള്ള വാചകങ്ങള്‍.

ഡിസംബറില്‍ മണ്ടേലയുടെ അസുഖത്തെ സംബന്ധിച്ചുണ്ടായ വന്‍ ബഹളങ്ങളെ തുടര്‍ന്ന് കേപ്‌ ടൌണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന AIDS പ്രവര്‍ത്തകന്‍ നാഥാന്‍ ഗെഫ്ഫെന്‍ അയാളുടെ വെബ്സൈറ്റില്‍ എഴുതിയത് ഇങ്ങനെയാണ്. “മണ്ടേലയെപ്പറ്റി കെട്ടുകഥകള്‍ മെനഞ്ഞെടുക്കല്‍, അദ്ദേഹം ഒരിക്കലും തെറ്റ് പറ്റാത്ത അമാനുഷനാണെന്ന തരത്തില്‍ ANC പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍…. അദ്ദേഹത്തിന്റെ ജീവിതകാലത്തെ ആശയങ്ങളും പ്രവര്‍ത്തികളും വിജയങ്ങളും പരാജയങ്ങളും വിമര്‍ശിക്കപ്പെടാത്തത് അദ്ദേഹത്തോട് ചെയ്യുന്ന നീതികെടാണ്. അത് അദ്ദേഹത്തിന്റെ ജീവിതത്തെ കേള്‍ക്കാന്‍ സുഖമുള്ള ഉദ്ധരണികള്‍ മാത്രമായി ചുരുക്കുകയും അദ്ദേഹത്തിന്റെ പേരില്‍ നടക്കുന്ന എല്ലാ മോശം പ്രവര്‍ത്തികളെയും ന്യായീകരിക്കുകയും ചെയ്യുന്നു. ഇത് മണ്ടേലയെ മനുഷ്യനല്ലാതാക്കുന്നു. ഇതിനര്‍ത്ഥം അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ നിന്ന് പഠിക്കുന്നതില്‍ നാം പരാജയപ്പെട്ടു എന്നാണ്.”

ആദര്‍ശവാദികളും അളവില്‍ കവിഞ്ഞ ആവേശം നിറഞ്ഞവരുമായ കുറെ കുട്ടികള്‍ക്കിടയിലെ ഏക മുതിര്‍ന്ന ശബ്ദം ഗെഫ്ഫെന്‍ മാത്രമാണെന്ന് തോന്നുന്നു. എന്തായാലും കൂടുതല്‍ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാര്‍ ഇപ്പൊള്‍ മണ്ടേലയുടെ പൈതൃകത്തെ വിമര്‍ശനാത്മകമായി സമീപിച്ചുതുടങ്ങിയിരിക്കുന്നു. പല യുവാക്കളും മാദിബയെ (മണ്ടേലയെ സ്നേഹത്തോടെ വിളിക്കുന്ന വിളിപ്പേര്) സംശയത്തോടെ നോക്കാനും തുടങ്ങിയിരിക്കുന്നു; പ്രത്യേകിച്ച് സ്വതന്ത്രരായി ജനിച്ച തലമുറ – അവര്‍ ആകെ ജനാധിപത്യം മാത്രമാണ് അറിഞ്ഞിട്ടുള്ളത്. അവര്‍ക്ക് മുന്‍ പ്രസിഡന്റിനോട് പഴയ തലമുറയുടെ നന്ദിയോ സ്നേഹമോ ഇല്ല.

 

സ്വതന്ത്രരായി ജനിച്ചവര്‍ അവരുടെ രാജ്യത്ത്‌ നിലനില്‍ക്കുന്ന അസമത്വത്തില്‍ അസന്തുഷ്ടരാണ്. (അപ്പാര്‍ത്തീഡ് കാലത്തിനു ശേഷം അസമത്വം വര്‍ധിച്ചു എന്ന് മാത്രമല്ല, ഇന്നും ലോകത്തില്‍ ഏറ്റവും മോശമായ രീതിയില്‍ അത് നിലനില്‍ക്കുന്ന സ്ഥലവുമാണ് ദക്ഷിണാഫ്രിക്ക). ഇവിടെ 71 ശതമാനം യുവാക്കള്‍ തൊഴില്‍രഹിതരാണ്, ഇവിടുത്തെ വിദ്യാഭ്യാസസമ്പ്രദായം താറുമാറായിരിക്കുകയാണ്, ഇവിടെ ആവശ്യത്തിന് പാര്‍പ്പിട – ആരോഗ്യ പരിരക്ഷകളില്ല. ദക്ഷിണാഫ്രിക്കയില്‍ ഉയര്‍ന്നു വരുന്ന കുറ്റകൃത്യങ്ങളില്‍ അവര്‍ കുപിതരാണ്. (ലോകത്തിലെ തന്നെ ഏറ്റവും ഹിംസാത്മകമായ രാജ്യങ്ങളിലൊന്നാണ് ഇത്). ദാരിദ്ര്യത്തിനു അവസാനം കാണാത്തതില്‍ അവരുടെ മനസ് മടുത്തിരിക്കുന്നു: ഐക്യരാഷ്ട്രസഭ വികസനപദ്ധതി (UNDP) യുടെ കണക്ക് പ്രകാരം പകുതിയിലധികം ദക്ഷിണാഫ്രിക്കക്കാരും ദാരിദ്ര്യരേഖക്ക് താഴെയാണ് ജീവിക്കുന്നത്. അഴിമതി നിറഞ്ഞ ANCയിലെ ഉന്നതര്‍ സ്വന്തം സ്വത്തു വര്‍ധിപ്പിക്കുന്നതില്‍ മാത്രമേ താല്പര്യം കാണിക്കുന്നുള്ളൂ എന്നതിനാള്‍ അവര്‍ക്ക് തങ്ങള്‍ ചതിക്കപ്പെട്ടതായി തോന്നുന്നു. ഓരോ തെരഞ്ഞെടുപ്പ് വേളയിലും വലിയ വാഗ്ദാനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും നടപ്പിലാകുന്നത് വളരെ കുറച്ചു മാത്രം. ഇതൊന്നും മണ്ടേലയുടെ കുറ്റമല്ല, നേര് തന്നെ. എന്നാല്‍ ഇതൊന്നും ദക്ഷിണാഫ്രിക്കയിലെ യുവാക്കളുടെയും കുറ്റമല്ല. 2012ലെ വിവാദമായ ഒരു ബ്ലോഗ്‌ പോസ്റ്റിന്റെ തലക്കെട്ട്‌ ഇങ്ങനെ: “മണ്ടേല കറുത്തവര്‍ഗ്ഗക്കാരെ വിറ്റത് എങ്ങനെ.”

മണ്ടേല ഒരിക്കലും ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി ഭരിച്ചിട്ടില്ലെന്നതാണ് സത്യം. തന്റെ ഭരണത്തിന്റെ തുടക്കത്തില്‍ 1994ല്‍ തന്നെ എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള അനുമതി തന്റെ ഡെപ്യുട്ടിയും ഭാവി പ്രസിഡന്ടുമായ താബോ എംബെക്കിക്ക് മണ്ടേല നല്‍കുകയോ നല്‍കാന്‍ നിര്‍ബന്ധിതനാവുകയോ ചെയ്തു. അപ്പോള്‍ പോലും മണ്ടേല ഒരു കാഴ്ചവസ്തുവായിരുന്നു. തന്റെ സമയത്തിന്റെ പ്രധാനപങ്കും അമേരിക്കന്‍ പ്രമുഖരുടെ കൂടെ ഫോട്ടോയെടുക്കുന്നതിനായാണ് അദ്ദേഹം ചെലവിട്ടത്. അര്‍ത്ഥമുള്ളതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുകയും എന്നാല്‍ സത്യത്തില്‍ പോള്ളയായതുമായ ഒരുപാട് വാചകങ്ങള്‍ അദ്ദേഹം ഉരുവിട്ടിട്ടുണ്ട്. ഒടുവില്‍ തന്റെ മോണിക്ക ലെവിന്‍സ്കി തലവേദനയില്‍ നിന്ന് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണെ ആശ്വസിപ്പിക്കുക പോലും അദ്ദേഹം ചെയ്തു. (വന്‍ രാഷ്ട്രീയപ്രതിസന്ധികളില്‍ മണ്ടേലയെ എങ്ങനെ ചൂഷണം ചെയ്യാം എന്ന് ക്ലിന്റന്‍ നേരത്തെ തന്നെ മനസിലാക്കിയിരുന്നു. ഭാര്യയെ വഞ്ചിച്ചതിനു രാജ്യം കുറ്റപ്പെടുത്തുന്നുവോ? മണ്ടേലയുടെ ഉപദേശം സ്വീകരിച്ചു എന്ന് പറഞ്ഞുകൊള്ളൂ, നിങ്ങള്‍ക് ക്ഷമ കിട്ടും.)

മണ്ടേലയുടെ ഇടപെടല്‍ അനിവാര്യമായിരുന്നു: വര്‍ണ്ണവെറിയില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള മാറ്റം സംഭവിച്ചു എന്ന് ദക്ഷിണാഫ്രിക്കയെയും ലോകത്തെയും ആശ്വസിപ്പിക്കുക, ടൂറിസവും ആഗോള ഇന്‍വെസ്റ്റ്‌മെന്റും സാധ്യമാക്കുക, ആശങ്കാകുലരായ ഒരു ദേശമന:സാക്ഷിയെ തന്റെ സ്ഥിരതയും ഗുണഗണങ്ങളും നിറഞ്ഞ സാന്നിധ്യത്താല്‍ ആശ്വസിപ്പിക്കുക. മണ്ടേലയുടെ ആദ്യ ഭരണസമയത്ത് പോളിസികളില്‍ പല നേട്ടങ്ങളും ഉണ്ടായി, എന്നാല്‍ അതിലൊക്കെ ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല.

എംബെക്കിയും മറ്റുള്ളവരും നടപ്പിലാക്കിയ പോളിസികളുടെ പ്രശസ്തിയാണ് മണ്ടേല പില്‍ക്കാലത്ത് അനുഭവിച്ചത്. (താരതമ്യേന വിജയകരമായ നിയോലിബറല്‍ ഇക്കോണമി; ദാരിദ്ര്യത്തെ അഭിസംബോധന ചെയ്യുന്ന ആദ്യപടികള്‍, വീടില്ലാത്തവര്‍ക്ക് പാര്‍പ്പിടം നല്‍കുന്ന നടപടികള്‍ എന്നിവ). എംബെക്കി ചെയ്ത തെറ്റുകള്‍ക്ക് ചിലപ്പോഴൊക്കെ അദ്ദേഹം പഴിയും കേട്ടിരുന്നു. (സിംബാബ്‌വെയില്‍ റോബര്‍ട്ട് മുഗാബെയുടെ ഏകാധിപതി ഭരണത്തിനെതിരെ ശക്തമായ നിലപാട് എടുക്കാതിരുന്നത്; ആശയക്കുഴപ്പങ്ങളും തോല്‍വികളും സൃഷ്‌ടിച്ച ഫോറിന്‍ പോളിസി; വളര്‍ന്നു വന്ന അസമത്വങ്ങള്‍ തുടങ്ങിയവ).

ആക്റ്റിവിസ്റ്റുകളുടെ അഭിപ്രായത്തില്‍ മണ്ടേലയുടെ ഏറ്റവും വലിയ പരാജയം AIDSനെതിരെ ശക്തമായി സംസാരിക്കാഞ്ഞതായിരുന്നു. —കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി രാജ്യം അഭിമുഖീകരിക്കുന്ന ഈ രോഗം തടയുന്നതിനും രോഗബാധിതരെ സംരക്ഷിക്കുന്നതിനും സാധ്യമായ നയങ്ങള്‍ നടപ്പില്‍ വരുത്താതിരുന്നത് അദ്ദേഹം വിമര്‍ശിക്കപ്പെട്ടതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇവിടെ മാദിബ ക്ഷമ അര്‍ഹിക്കുന്നുണ്ട്. അന്നത്തെ ആരോഗ്യമന്ത്രിയും ഇപ്പോഴത്തെ പ്രസിഡന്റിന്റെ ഭാര്യയും ഇപ്പോള്‍ ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷന്റെ ചെയര്‍പേര്‍ഴ്സണുമായ കോസസാന ദ്ലാമിനി സുമയുടെ കല്‍പ്പനപ്രകാരമാണ് AIDS തീരുമാനങ്ങള്‍ നടന്നത്. AIDSലേയ്ക്ക് ആളുകളുടെ ശ്രദ്ധ തിരിക്കാനായി ദ്ലാമിനി സുമ നടത്തിയ ഏറെ പണച്ചിലവുള്ള ഒരു പരിപാടി പുതിയ ദക്ഷിണാഫ്രിക്കയുടെ പൊതു നാണക്കേടുകളില്‍ ഒന്നാണ്. മാത്രമല്ല ഗവന്മേന്റ്റ്‌ HIV ബോംബിനെ മോശമായി കൈകാര്യം ചെയ്തതിനെപ്പറ്റി ഇപ്പോള്‍ പറയാന്‍ എളുപ്പവുമാണ്. ജനാധിപത്യത്തിന്റെ ആദ്യകാലത്ത് എംബെക്കി HIV പ്രശ്നത്തെ ഗവന്മേന്റ്റ്‌ പോളിസി ആക്കുന്നതിന് മുന്‍പ് AIDS  ഒരു വലിയ സാമൂഹികപ്രശ്നം മാത്രമായിരുന്നു താനും. 

മണ്ടേലയ്ക്ക് തീര്‍ച്ചയായും രാഷ്ട്രീയ മണ്ടത്തരങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഏറ്റവും പൊതുജനശ്രദ്ധ നേടിയത് ഒരു പക്ഷെ 1993ല്‍ ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി വോട്ടിംഗ് പ്രായം പതിനാലായി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടപ്പോഴാണ്. യുവാക്കളുടെ വോട്ട് ഇല്ലെങ്കിലും തന്റെ പാര്‍ട്ടി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുമെന്ന് അറിയുന്ന ഒരാളില്‍ നിന്ന് അത്തരം ഒരാവശ്യം വിചിത്രമായി തോന്നി. 

മണ്ടേലയെ അറിയുന്ന ആളുകള്‍ ചില അപൂര്‍വ സാഹചര്യങ്ങളില്‍ സ്വകാര്യമായി ചിലത് പറഞ്ഞിട്ടുണ്ട്. അദ്ദേഹം നിസ്സാരമായും ധനാര്‍ത്തിയോടെയും മര്യാദയില്ലാതെയും എന്തിനു ഭീരുത്വത്തോടെപോലും പെരുമാറിയിട്ടുള്ളതായി പറഞ്ഞിട്ടുണ്ട്. മണ്ടേല ഒരു മഹാനായ മനുഷ്യന്‍ അല്ല എന്ന് പറയാനല്ല ഈ കുറിപ്പ് – അദ്ദേഹം തീര്‍ച്ചയായും മഹാനായ മനുഷ്യന്‍ തന്നെ – എന്നാല്‍ അദ്ദേഹം അത് മാത്രമായി ചുരുങ്ങുന്നു: ഒരു മനുഷ്യനായി. ദക്ഷിണാഫ്രിക്കയുടെ അവസാനത്തെ അപ്പാര്‍ത്തീഡ് പ്രസിഡന്റും മണ്ടേലയുടെ സമാധാനത്തിനുള്ള നോബല്‍ പങ്കിട്ടയാളുമായ എഫ് ഡബ്ല്യു ദേ ക്ലെര്‍ക്ക്‌ (അയാള്‍ ഒരു നായകനേയല്ല) ഈയടുത്ത് പറഞ്ഞു, “ഇന്ന് വ്യാപകമായി പ്രചരിപ്പിക്കുന്ന തരം ഒരു വന്ദ്യവയോധിക, വിശുദ്ധ വ്യക്തിത്വം ആയിരുന്നില്ല മണ്ടേല”.

മണ്ടേലയോടുള്ള തന്റെ അസൂയയും വ്യംഗ്യമായ വെറുപ്പും സൂക്ഷിക്കുന്നതില്‍ ദേ ക്ലാര്‍ക്കിന് അസാധാരമായ ഒരു സഹയാത്രികന്‍ ഉള്ളത് താബോ എംബെക്കിയാണ്. താന്‍ എത്ര തന്നെ യോഗ്യനായ ഒരു രാഷ്ട്രീയനേതാവായാലും ഒരിക്കലും തനിക്ക് മണ്ടേലയുടെ പാരമ്പര്യത്തിന് ഒപ്പിച്ചു ഉയരാനാകില്ല എന്ന് എംബെക്കിക്ക് ബോധ്യമുണ്ടായിരുന്നു. (യുവാവായ എംബെകി വിജയിയായ ഒരു ഉപജാപകനും തന്ത്രജ്ഞനും ആയിരുന്നു.) 

പ്രസിഡന്റാകുന്നതിനു വളരെ മുന്‍പ് തന്നെ എംബെക്കി മണ്ടേലയെ നേര്‍ക്കുനേരെയും വ്യംഗ്യമായും പൊതുവിലും സ്വകാര്യത്തിലും ആക്ഷേപിച്ചിട്ടുണ്ട്. പ്രസിഡന്റാകാന്‍ തയ്യാറെടുത്തിരുന്ന എംബെക്കി 1997ല്‍ ANC പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വച്ച് നടത്തിയ പ്രസംഗത്തില്‍ ഏവരും ചോദിച്ചുകൊണ്ടിരുന്ന ആ ചോദ്യത്തിന് ഉത്തരം നല്‍കി, മാദിബയുടെ വലിയ ചെരിപ്പുകള്‍ എങ്ങനെയാണ് ധരിക്കാന്‍ പോകുന്നത് എന്ന്.

“നിങ്ങളുടെ ചെരിപ്പുകളണിഞ്ഞ് ഞാന്‍ മരിച്ചുകിടക്കില്ല,” മണ്ടേലയോട് നേരിട്ടെന്നപോലെ അദേഹം പറഞ്ഞു, “കാരണം നിങ്ങളുടേത് വളരെ വികൃതമായ ചെരിപ്പുകളാണ്.” അതൊരു തമാശയായിരുന്നു, എന്നാല്‍ അതൊരു തമാശ ആയിരുന്നില്ല. എംബെക്കി അതിനു ശേഷം മണ്ടേലയുടെ “പൊട്ട” ഷര്‍ട്ടുകളെ കളിയാക്കി. പ്രസിഡന്റ്റ്‌ ആയതിനു ശേഷം അദേഹം മാദിബയുടെ ഫോണ്‍കോളുകള്‍ എടുക്കാന്‍ വിസമ്മതിച്ചു. തന്റെ പിന്‍ഗാമി തന്റെ വീട്ടില്‍ ഒളിഞ്ഞുകേള്‍ക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ സ്ഥാപിചിട്ടുണ്ടോ എന്ന് മണ്ടേല സംശയിച്ചു— എംബെക്കിയുടെ പ്രശസ്തമായ പേടി ആലോചിച്ചുനോക്കിയാല്‍ അതൊരു സാധ്യത അല്ലാതെയുമില്ല.

മണ്ടേല ഏതൊരു ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയ നേതാവിനും ആലോചിക്കാനാവാത്തത്ര ഉയരത്തില്‍ ആണ് നിലയുറപ്പിച്ചിരിക്കുന്നത് എന്നതാണ് സത്യം. മണ്ടേലയെക്കാള്‍ മികച്ചതാകാന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തിനുശേഷം പ്രസിഡന്റ്റ്‌ ആകുന്നവര്‍ അതിനേക്കാള്‍ മോശമാകാന്‍ ശ്രമിക്കുകയാണെന്ന് തോന്നുക. ഷേക്സ്പിയറും യെറ്റ്സും ലാങ്ങ്സ്ട്ടന്‍ ഹ്യൂവും സദാ എടുത്തുപറയുന്ന എംബെക്കി കൂടുതല്‍ വായിക്കേണ്ടിയിരുന്നത് ഫ്രോയിഡ് ആയിരുന്നു. മണ്ടേലയുടെ പിന്മുറക്കാരന്‍ കൂടുതല്‍ ഏകാധിപതിയാവുകയും മറ്റുള്ളവരില്‍ നിന്ന് അകലുകയും ഒടുവില്‍ ഒരു ഭരണഘടനാവിരുദ്ധമായ മൂന്നാം ടേമിന് ഒരുങ്ങുകയും ചെയ്തപ്പോഴാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്.

ഇപ്പോഴത്തെ പ്രസിഡന്റ്റ്‌ ജേക്കബ്‌ സുമയുടെ ഭരണം ദക്ഷിണാഫ്രിക്കയുടെ ഭരണഘടനയ്ക്കും അവിടുത്തെ മാധ്യമങ്ങള്‍ക്കും നിയമവ്യവസ്ഥക്കും പല ഭീഷണികളും ഉയര്‍ത്തിയിട്ടുണ്ട്. ഈ അടുത്ത കാലത്ത് ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും 28 മില്യന്‍ ചെലവാക്കിയാണ് ഒരു ആഡംബരവീട് തന്റെ കുടുംബത്തിനുവേണ്ടി പണികഴിച്ചത്. ഗാര്‍ഡിയന്റെ മുന്‍ ആഫ്രിക്ക ലേഖകനായ ക്രിസ് മാക്‌ഗ്രില്‍ ഒരിക്കല്‍ സുമയെ വിശേഷിപ്പിച്ചത് “തത്വസംഹിത മുഴുവനായും മുറിച്ചുകളഞ്ഞയാള്‍” എന്നാണ്. എന്നാല്‍ ഇപ്പോള്‍ സുമയുടെ തത്വസംഹിത എന്താണെന്ന് വെളിപ്പെട്ടിരിക്കുന്നു — അത് ധനസമ്പാദനത്തിന്റെ തത്വസംഹിതയാണ്.

ഫെബ്രുവരിയില്‍ ഒരു പുതിയ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടായെങ്കിലും ANCയോട് എതിരിടാന്‍ പറ്റിയ ഒരു പാര്‍ട്ടി ഇതുവരെ ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗക്കാര്‍ക്കില്ല. നല്ലതിനായാലും ചീത്തക്കായാലും കുറെനാളുകളോളം നെല്‍സന്‍ മണ്ടേലയുടെ പാര്‍ട്ടി തന്നെയാവും ദക്ഷിണാഫ്രിക്കയിലെ പ്രമുഖ പാര്‍ട്ടി.

പൊതുകാഴ്ചയില്‍ നിന്നും മണ്ടേല മറയുമ്പോഴും മണ്ടേല വ്യവസായം കൊഴുക്കുകയാണ്. ഇത് വിതരണം ചെയ്യപ്പെട്ട, ആരാധിക്കപെട്ട, അച്ചടിക്കപ്പെട്ട, വാര്‍ക്കപ്പെട്ട, വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെട്ട, അന്തമില്ലാതെ ചൂഷണം ചെയ്യപ്പെട്ട “മണ്ടേല”യാണ് — അതിനു യഥാര്‍ത്ഥ മനുഷ്യനുമായി ബന്ധമൊന്നുമില്ല. ഇതാണ് ലോകത്തിന്റെ മണ്ടേല, പലതരം ആവര്‍ത്തനങ്ങളില്‍ വ്യവസായവല്‍ക്കരിക്കപ്പെട്ടത്‌: പകുതി ചെഗുവേരയും പകുതി മിക്കി മൌസും ആയത്.

മാദിബയുടെ ചിത്രം ടീ ഷര്‍ട്ടുകള്‍ മുതല്‍ കോഫീ മഗ്ഗുകള്‍ വരെയും ദക്ഷിണാഫ്രിക്കയില്‍ പുതുതായി ഇറങ്ങിയ ബാങ്ക് നോട്ടുകളിലും ഉണ്ട്. നിരവധി മണ്ടേല വസ്ത്രക്കമ്പനികളുണ്ട്. ധനികരായ ദക്ഷിണാഫ്രിക്കന്‍ പ്രവാസികള്‍ക്ക് വാങ്ങാനായി മണ്ടേല സ്വര്‍ണ്ണ നാണയശേഖരമുണ്ട്. (ഇത്തരക്കാര്‍ രാജ്യസ്നേഹം കൊട്ടിഘോഷിക്കുമെങ്കിലും അവിടെപ്പോയി ജീവിക്കില്ല.) വിനോദസഞ്ചാരപ്രദേശങ്ങളില്‍ കൌതുകവസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ മണ്ടേല രൂപങ്ങള്‍ വില്‍ക്കുന്നുണ്ട്, ഒപ്പം വിദേശികള്‍ക്കുള്ള അറിയിപ്പുകളും- “ആഫ്രിക്കയുടെ ഒരു ഭാഗം കൂടെ കൊണ്ടുപോകൂ”. അത് ചൈനീസ്‌ നിര്‍മ്മിതമാണെന്നത് സാരമാക്കേണ്ട കാര്യമില്ല.

ഈ പുണ്യവാന്‍ചരിതവര്‍ണ്ണന പണ്ടേ അന്താരാഷ്‌ട്രവല്ക്കരിക്കപ്പെട്ടതാണ്. The Long Walk to Freedom എന്ന മണ്ടേലയുടെ നന്നായി വിലക്കപ്പെട്ട ആത്മകഥയുടെ (യഥാര്‍ഥത്തില്‍ ഇപ്പോള്‍ ടൈമിന്റെ മാനേജിംഗ് എഡിറ്റരായ റിച്ചാര്‍ഡ്‌ സ്റെന്‍ഗാള്‍ എഴുതിയത്) ഹോളിവുഡ്‌ ഭാഷ്യം ഈ വര്‍ഷം പുറത്തിറങ്ങി. ഘാനിയന്‍ – സിയര- ലിയോനിയന്‍ പാരമ്പര്യമുള്ള, എച്ച് ബി ഓയുടെ “The Wire”ലെ അഭിനയത്തിന്റെ പേരില്‍ പ്രശസ്തനായ ഇദ്രിസ് എല്‍ബ എന്നാ ബ്രിട്ടീഷ്‌ നടനാണ് മന്ടെലയായി അഭിനയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ ചില കറുത്ത വര്‍ഗ്ഗക്കാരായ ദക്ഷിണാഫ്രിക്കന്‍ നടന്മാര്‍ അഭിപ്രായവ്യത്യാസം സൂചിപ്പിച്ചിട്ടുണ്ട്. “മണ്ടേലയെ ഇപ്പോള്‍ തന്നെ ഡാനി ഗ്ലോവര്‍, മോര്‍ഗന്‍ ഫ്രീമാന്‍, സിഡ്നി പോട്ടിയര്‍ എന്നിവര്‍ അവതരിപ്പിച്ചിട്ടുണ്ട്”, അഭിനേതാവായ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു. “എന്നാണ് ലോകത്തിലെ ഏറ്റവും പ്രശസ്തനായ ദക്ഷിണാഫ്രിക്കനെ ഒരു ദക്ഷിണാഫ്രിക്കന്‍ തന്നെ അവതരിപ്പിക്കുക?” 

ഇതിനിടെ ANCയും അതിന്റെ ഏറ്റവും പ്രശസ്തമായ കുടുംബവും തമ്മിലുള്ള വിള്ളല്‍ വെളിവാക്കുന്ന ഒരു കത്ത് പത്രങ്ങള്‍ക്കു ചോര്‍ന്നുകിട്ടിയിരുന്നു. ഈ കത്തില്‍ മണ്ടേലയുടെ മുന്‍ഭാര്യയായ വിന്നി മടികിസേല മണ്ടേല പരാതി പറയുന്നത് “ഞങ്ങള്‍ ഒരു കുടുംബം എന്ന നിലയില്‍ എങ്ങനെ നിലനില്‍ക്കുന്നു എന്ന് കാണാന്‍ ആരും താല്പര്യം കാണിക്കുന്നില്ല. ഞങ്ങള്‍ ഒരു പ്രശ്നമല്ല എന്നത് തെളിഞ്ഞതാണ്, എന്തെങ്കിലും അജണ്ട ഉണ്ടെങ്കില്‍ മാത്രമേ ഞങ്ങളെ ആവശ്യം വരൂ.” മണ്ടേല എന്ന പേരിന്റെ ആദ്യകാല ചൂഷകരില്‍ ഒരാളായ മടികിസേല മണ്ടേലയില്‍ നിന്ന് വരുമ്പോള്‍ അത് വലിയ വാര്‍ത്തയാണ്. അവര്‍ മുന്‍പ് തന്റെ ഭര്‍ത്താവിന്റെ സോവേട്ടോയിലെ സ്ഥലത്ത് നിന്നും മണ്ണും മറ്റു വസ്തുവകകളും വന്‍ വിലയ്ക്ക് വിനോദസഞ്ചാരികള്‍ക്ക് വിറ്റിരുന്നു.

എങ്കിലും വിന്നി മണ്ടേല പറയുന്നതില്‍ കാര്യമുണ്ട്. ഇന്നത്തെ ദക്ഷിണാഫ്രിക്കയില്‍ ANCക്കും എതിര്‍ പാര്‍ട്ടികള്‍ക്കും അന്താരാഷ്‌ട്രമാധ്യമങ്ങള്‍ക്കും ഇടയില്‍ തട്ടിക്കളിക്കപ്പെടുന്ന ഒരു പാവ മാത്രമായി മണ്ടേല അവസാന കാലത്ത് മാറിയിരുന്നു. ANC ആ പേര് ഉപയോഗിക്കുന്നത് അതിന്റെ പ്രതാപകാലം ആളുകളെ ഓര്‍മ്മപ്പെടുത്താനും എതിരാളികള്‍ ആ പേരിനെ ഒരായുധമായും മാധ്യമങ്ങള്‍ ആ പേരിനെ രാജ്യം എങ്ങനെ ആ കാഴ്ച്ചപ്പാടുകള്‍ സ്വീകരിക്കാത്തതില്‍ പരാജയപ്പെട്ടു എന്നത് സൂചിപ്പിക്കാനുള്ള ഒരു കുറുക്കുവഴിയായും ആണ് ഉപയോഗിക്കുന്നത്.

ദക്ഷിണാഫ്രിക്ക ഒരു രാജ്യമെന്ന നിലയില്‍ എവിടെ നില്‍ക്കുന്നു എന്നും എവിടെയെത്തിയെന്നും എങ്ങനെ അവിടെ എത്തി എന്നും ചിന്തിക്കാന്‍ അദ്ദേഹത്തിന്റെ വേര്‍പാട് സഹായകമായേക്കും. യുവനേതാക്കള്‍ക്ക് തങ്ങളുടെ വേറിട്ട ശബ്ദം കണ്ടെത്താനായേക്കും എന്നതാണ് മണ്ടേല അനന്തര ദക്ഷിണാഫ്രിക്കയിലെ പ്രതീക്ഷ. അവര്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികളെ ധനസമ്പാദനത്തില്‍ നിന്നും മോചിപ്പിച്ചു ദരിദ്രരായ മനുഷ്യരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒരുവട്ടം കൂടി പൊരുതാന്‍ കഴിഞ്ഞേക്കും. ദക്ഷിണാഫ്രിക്കയ്ക്ക് ഒരിക്കല്‍കൂടി നല്ല ജനാധിപത്യം നല്‍കാന്‍ കഴിഞ്ഞേക്കും. ഇത് സാധ്യമാകാനായി മണ്ടേല മരിക്കേണ്ടി വന്നു എന്നത് പക്ഷെ, ദുഖകരമാണ്.

വിവര്‍ത്തനം : പ്രഭ സക്കറിയാസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍