UPDATES

അഴിമുഖം ക്ലാസിക്സ്

ആര്‍ എസ് എസ് എന്തുകൊണ്ട് കേരളത്തെ വെറുക്കുന്നു? ഓര്‍ഗനൈസര്‍ പറയുന്നത് ഇങ്ങനെയാണ്

നളിനി ജമീലയുടെ ‘ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ’, കുപ്രസിദ്ധ മോഷ്ടാവിന്റെ ജീവിതം (തസ്കരന്‍: മണിയന്‍ പിള്ളയുടെ ആത്മകഥ) പോലുള്ള പുസ്തകങ്ങള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഹൈന്ദവ യോദ്ധാക്കളേയും സന്യാസിമാരേയും സംബന്ധിച്ചുള്ള പഠനങ്ങള്‍ക്ക് മതേരത്വത്തിന്റെ പേരില്‍ കേരളത്തില്‍ ശക്തമായ വിലക്ക്

ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ 2015 നവംബര്‍ ലക്കത്തില്‍ കേരളത്തെ കുറിച്ച് വികല സംഗതികള്‍ എഴുതി പിടിപ്പിച്ച എം സുരേന്ദ്രനാഥന്റേയും അദ്ദേഹം പഠിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന വിദ്യാര്‍ത്ഥികളുടേയും കാര്യമോര്‍ത്ത് സഹതാപമാണ് തോന്നുന്നത്. സുരേന്ദ്രനാഥന്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനും നിയമ അധ്യാപകനുമാണെന്നാണ് ഓര്‍ഗനൈസര്‍ പറയുന്നത്.

എന്നാല്‍ ഇദ്ദേഹം നിയമം, ചരിത്രം, യുക്തി ചിന്ത, കേരളം, അവിടുത്തെ ജനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചൊന്നും അത്ര ബോധവാനല്ല. ഒരു ലേഖനം എങ്ങനെ എഴുതരുത് എന്നു പഠിക്കാന്‍ ഉതകുന്ന ഒരു ലേഖനമാണ് ഇദ്ദേഹം എഴുതിയിരിക്കുന്നത്. തീര്‍ച്ചയായും ഇംഗ്ലീഷില്‍ നന്നായി എഴുതാന്‍ ഒന്നു കൂടി അദ്ദേഹം പഠിക്കേണ്ടതുണ്ട്.

നാഥന്റെ ഈ ക്ലാസിക് ലേഖനത്തില്‍ നിന്ന് ഏതാനും മൊഴിമുത്തുകള്‍ ഇതാ:

നന്നായി മദ്യപിക്കുകയും അനായാസം അത്മഹത്യ ചെയ്യുകയും ചെയ്യുന്ന, മാനസിക രോഗം ബാധിച്ചവരുടെ സംസ്ഥാനമാണ് കേരളം. എന്നാല്‍ അടിസ്ഥാനപരമായ ഒരു വസ്തുത പരിഗണിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. എഫ്‌ഐആറുകള്‍ തൊട്ട് മാനസികാരോഗ്യം വരെ സ്ഥിതിവിവര കണക്കുകളുടെ അളവുകോലുകളെല്ലാം വച്ച് നോക്കിയാല്‍ കേരളം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നതിനു കാരണം ഭ്രാന്തന്മാരുടെ നാടായത് കൊണ്ടല്ല, മറിച്ച് നിയമം അനുസരിക്കുകയും ആധുനിക വൈദ്യശാസ്ത്രത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന സാക്ഷര സമൂഹം ആയതു കൊണ്ടാണ്.

കേരളത്തിലുടനീളം മികച്ച ആശുപത്രികളുടെ വലിയ ശൃംഖലയുള്ളത് കേരളീയരെല്ലാം രോഗികളായതു കൊണ്ടല്ല. ജനങ്ങള്‍ ചികിത്സ തേടാന്‍ തയാറായതു കൊണ്ടും അതിനായി പണം മുടക്കാന്‍ കഴിയുന്നതും കൊണ്ടാണ്. കേളത്തിലെ പൊലീസുകാര്‍ റോഡപകട സംഭവങ്ങളില്‍ പോലും എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നു. കാരണം രാജ്യത്തെ മറ്റിടങ്ങളിലെ പൊലീസിനെ അപേക്ഷിച്ച് കേരളാ പൊലീസിന് ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളത് കൊണ്ടാണിത്.

മദ്യപാന ശീലത്തിന്റെ കാര്യത്തില്‍ സുരേന്ദ്ര നാഥനോട് കൂടുതല്‍ തര്‍ക്കത്തിനില്ല. എങ്കിലും നമ്മുടെ സര്‍ക്കാര്‍ ഇതു കുറച്ചു കൊണ്ടുവരാനും സമ്പന്നര്‍ മാത്രം മദ്യപിച്ചാല്‍ മതിയെന്ന് ഉറപ്പു വരുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. പാവങ്ങള്‍ക്ക് ബിയര്‍ പാര്‍ലറുകളും തിങ്ങിനിറഞ്ഞ മദ്യഷാപ്പുകളും കൊണ്ട് തൃപ്തിപ്പെടണം.

കേരളത്തില്‍ നിന്നു വരുന്ന ഉന്നതര്‍ക്ക് ഡല്‍ഹിയിലെ കേരള ഹൗസ് ബീഫ് വിളമ്പുന്നുവെന്നാണ് നാഥന്റെ മറ്റൊരു വാദം. 50 രൂപ വിലയുള്ള ബീഫ് കറി കഴിക്കാന്‍ വരിനില്‍ക്കുന്ന സാധാരണക്കാര്‍ ഉന്നതരാണെന്നു പോലും ഞങ്ങളറിഞ്ഞില്ല. അതിലെറെ കഷ്ടം ഇദ്ദേഹത്തിന് ബീഫ് എന്ന ഇംഗ്ലീഷ് വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്നു പോലും അറിയില്ലെന്നതാണ്.

സൗദി അറേബ്യയുടേയും പാകിസ്ഥാന്റേയും സാമ്പത്തികം അടക്കമുള്ള എല്ലാ സഹായങ്ങളും ലഭിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ നഴ്‌സറിയാണ് കേരളമെന്നുവരെ ഇയാള്‍ ഏഴുതിയിരിക്കുന്നു. ഒരു ചുക്കുമറിയാത്ത ഈ സുരേന്ദ്രനാഥന് സി എച്ച് മുഹമ്മദ് കോയ ഒരു തീവ്ര മുസ്ലിം മൗലികവാദിയാണ്.

ഹിന്ദു സന്യാസിമാര്‍ പ്രചരിപ്പിച്ച വെജിറ്റേറിയനിസം പൂര്‍ണ്ണമായി നിലവിലുള്ള സംസ്ഥാനത്ത് മുസ്ലിങ്ങളുടെ ഭക്ഷണ രീതികള്‍ക്കാണ് മേല്‍ക്കൈ എന്നതിനു തെളിവാണ് കേരളീയരുടെ ബീഫ് ഉപഭോഗവും മറ്റു യാഥാര്‍ത്ഥ്യങ്ങളുമെന്നാണ് ഓര്‍ഗനൈസറും ലേഖകനും വാസ്തവത്തില്‍ പറയുന്നത്.

നളിനി ജമീലയുടെ ‘ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ’, കുപ്രസിദ്ധ മോഷ്ടാവിന്റെ ജീവിതം (തസ്കരന്‍: മണിയന്‍ പിള്ളയുടെ ആത്മകഥ) പോലുള്ള പുസ്തകങ്ങള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഹൈന്ദവ യോദ്ധാക്കളേയും സന്യാസിമാരേയും സംബന്ധിച്ചുള്ള പഠനങ്ങള്‍ക്ക് മതേരത്വത്തിന്റെ പേരില്‍ കേരളത്തില്‍ ശക്തമായ വിലക്കുണ്ടെന്നും ഇദ്ദേഹം ഏഴുതിയിരിക്കുന്നു. കേരളീയരോ ഭാരതീയരോ ആയ യഥാര്‍ത്ഥ വീരപുരുഷന്‍മാര്‍ കേരളത്തിനില്ലെന്നും ഉള്ളവര്‍ ചൈനയിലേയും റഷ്യയിലേയും മാര്‍ക്‌സിസ്റ്റുകളോ അല്ലെങ്കില്‍ സൗദി അറേബ്യ പോലുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവരോ ആണെന്നു വരെ ഇദ്ദേഹം എഴുതിപ്പിടിപ്പിച്ചിരിക്കുന്നു.

കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അധികാരമേറാന്‍ തുടങ്ങിയതിനു ശേഷം ജനിച്ച യുവജനങ്ങള്‍ക്ക് പൗരാണിക ആത്മീയതയെ കുറിച്ചും വേദങ്ങളിലും പുരാണങ്ങളിലുമുള്ള മാനുഷിക മൂല്യങ്ങളെ കുറിച്ചും ഒന്നുമറിയില്ല. മാറിമാറി വന്ന സര്‍ക്കാരുകളെല്ലാം നന്മകളുടെ ഈ പാഠങ്ങളില്‍ നിന്നെല്ലാം മതേതരത്വത്തിന്റെ പേരില്‍ യുവജനങ്ങളെ അകറ്റി നിര്‍ത്തുകയായിരുന്നെന്നു പോലും ഇദ്ദേഹം വാദിക്കുന്നു.

ഇതെല്ലാം എഴുതിയ ആള്‍ തികഞ്ഞ ഒരു വിഡ്ഢിയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നിരുന്നാലും രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയേതര അംഗീകൃത സംഘടനയായ ആര്‍എസ്എസിന്റെ മുഖപത്രമാണ് ഓര്‍ഗനൈസര്‍. അതു കൊണ്ട് സുരേന്ദ്രനാഥനേയും ഓര്‍ഗനൈസറിനേയും ഇന്നാട്ടിലെ അപകീര്‍ത്തി നിയമങ്ങള്‍ പഠിപ്പിക്കാന്‍ മലയാളി അഭിഭാഷകരിലെ മാര്‍ക്‌സിയന്‍ അല്ലെങ്കില്‍ മുസ്ലിം ശിങ്കിടിമാരായി ആരെങ്കിലുമുണ്ടോ?

(2015 നവംബര്‍ 12നു പ്രസിദ്ധീകരിച്ചത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍