UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ എന്ന തട്ടിപ്പുസംഘം

Avatar

അഴിമുഖം പ്രതിനിധി

ഒളിമ്പിക്‌സ് അംബാസിഡര്‍ വിവാദം കെട്ടടങ്ങിയിരിക്കുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാനൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുര്‍ക്കറും ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്രയും അംബാസിഡര്‍മാരായി എത്തി. ഒളിമ്പിക്‌സിലില്ലാത്ത ക്രിക്കറ്റിന് ഒളിമ്പിക്‌സ് അംബാസിഡര്‍ വിഷയത്തില്‍ എന്താണ് കാര്യമെന്ന് ചോദിക്കരുത്. വിവാദങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യയുടെ ഒളിമ്പിക്‌സ് തയ്യാറെടുപ്പുകളിലേക്ക് ശ്രദ്ധ തിരിയേണ്ട സമയമാണ്. എങ്കിലും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനിലും അസോസിയേഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കായിക സംഘടനകളിലും വേരൂന്നിയിരിക്കുന്ന തമ്മില്‍ തല്ലും ഗ്രൂപ്പ് കളിയും ഒഴിവാക്കാതെ ഇന്ത്യയുടെ കായിക രംഗത്തിന്റെ ഭാവി ശോഭനമാകുകയില്ല.

2012 ഡിസംബറില്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് അസോസിയേഷന്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനെ പുറത്താക്കിയിരുന്നു. കുറ്റാരോപിതരായവരെ അസോസിയേഷന്‍ ഭാരവാഹികളായി തെരഞ്ഞെടുത്തിനെ തുടര്‍ന്നായിരുന്നു ഈ നടപടി. അതു കാരണം അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് ദേശീയ പതാകയുടെ കീഴില്‍ മത്സരിക്കാന്‍ കഴിയാതെയായി. രണ്ടു വര്‍ഷമാണ് ഈ സ്ഥിതി തുടര്‍ന്നത്. ഒടുവില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തി നാരായണ രാമചന്ദ്രനെ പ്രസിഡന്റായി തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് 2014 ഫെബ്രുവരിയിലാണ് ഈ വിലക്ക് നീങ്ങിയത്. സത്യത്തില്‍ രാമചന്ദ്രനും ഹരിശ്ചന്ദ്രനായിരുന്നില്ല. സ്ക്വാഷില്‍ അദ്ദേഹം ഗണനീയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് കായിക മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരം നേടിയത് തിരിച്ചെടുക്കാന്‍ 2015 സെപ്തംബറില്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത് രാമചന്ദ്രന് തിരിച്ചടിയായിരുന്നു.

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനുള്ളില്‍ കടുത്ത ആഭ്യന്തര കലഹം അരങ്ങേറുകയാണ്. അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിരവധി കായിക ഫെഡറേഷനുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി രാമചന്ദ്രനെ പുറത്താക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ലോക സ്‌ക്വാഷ് ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

ദേശീയ ടൂര്‍ണമെന്റുകളുടെ നടത്തിപ്പ് തന്നെ അവതാളത്തിലാണ്. വേണ്ട അടിസ്ഥാന സൗകര്യങ്ങളില്ലാതെ നടത്തുന്നതു കാരണം അത്‌ലറ്റുകള്‍ക്കുണ്ടാകുന്ന നഷ്ടം ചില്ലറയൊന്നുമല്ല. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കഴിഞ്ഞയാഴ്ച നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയിലുണ്ടായ സംഭവം ഒഡീഷയില്‍ നിന്നുള്ള രണ്ട് കായിക താരങ്ങളുടെ കരിയറില്‍ വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയത്. അമിയ കുമാര്‍ മല്ലിക്ക് പുരുഷന്‍മാരുടെ നൂറ് മീറ്റര്‍ ഓട്ടം 10.09 സെക്കന്റുകള്‍ കൊണ്ട് പൂര്‍ത്തിയാക്കി. ശ്രാവണി നന്ദയാകട്ടേ 11.23 സെക്കന്റുകളും എടുത്തു. ഒളിമ്പിക്‌സ് യോഗ്യത മാനദണ്ഡത്തിനും മുകളിലായിരുന്നു ഇവരുടെ പ്രകടനം. പക്ഷേ, സ്റ്റേഡിയത്തില്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ഈ പ്രകടനം രേഖപ്പെടുത്തിയത് കൈകള്‍ കൊണ്ടാണ്. അതിനാല്‍ ഈ ഫലം ചട്ടങ്ങള്‍ പ്രകാരം ഒളിമ്പിക്‌സ് അസോസിയേഷന്‍ അംഗീകരിക്കുകയില്ല. ഈ വലിയ പിഴവു കാരണം രാജ്യത്തെ ഒളിമ്പിക്‌സില്‍ പ്രതിനിധീകരിക്കുകയെന്ന വലിയ അവസരമാണ് ഇരുവര്‍ക്കും നഷ്ടമായത്.

കായിക സംഘടനകളാകട്ടെ പരസ്പരം പഴിചാരുകയാണ്. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡേറഷന്‍ ഡല്‍ഹി സ്‌പോര്‍ട്‌സ് ഫെഡറേഷനെ പഴിചാരുമ്പോള്‍ ഡല്‍ഹിയാകട്ടെ സായിയുടെ മേലാണ് കുറ്റം ചാര്‍ത്തുന്നത്.

രണ്ടു ദിവസത്തിനുശേഷം അതേ വേദിയില്‍ ഒളിമ്പിക്‌സ് അംബാസിഡര്‍ സല്‍മാന്‍ ഖാന്റെ സിനിമ ഷൂട്ടിങ് നടക്കുന്നതിനാല്‍ നാല് അത്‌ലറ്റുകളോട് അവരുടെ ഒളിമ്പിക്‌സ് പരിശീലനം നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടു. സല്‍മാനെ അംബാസിഡറാക്കിയാല്‍ കായിക രംഗത്തേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ കഴിയുമെന്നായിരുന്നു വാദം. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമയ്ക്കുവേണ്ടി ഒളിമ്പിക്‌സ് പരിശീലനം നിര്‍ത്തേണ്ടി വരുന്നുവെന്നതാണ് വൈരുദ്ധ്യം.

2012-ല്‍ ഇന്ത്യയുടെ ബോക്‌സിങ് ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതിനാല്‍ രാജ്യത്തിനിപ്പോള്‍ അംഗീകൃത ഫെഡറേഷന്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. ഈ അവസ്ഥ മറ്റൊരു താരത്തിന്റെ ഒളിമ്പിക്‌സ് പ്രതീക്ഷകളുടെ മേല്‍ ഡെമോക്ലീസിന്റെ വാളായി തൂങ്ങി നില്‍ക്കുകയാണ്. റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയിട്ടുള്ള ഏക ബോക്‌സറായ ശിവ ഥാപ്പയാണ് ഈ ഭീഷണി നേരിടുന്നത്.

ആള്‍ ഇന്ത്യ ടെന്നീസ് ഫെഡറേഷനും ബാസ്‌കറ്റ് ബോള്‍ ഫെഡറേഷനും ജിംനാസ്റ്റിക്‌സ് ഫെഡറേഷനുമൊക്കെ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അംഗീകാരം റദ്ദാക്കപ്പെട്ടവയാണ്. ഈ അസോസിയേഷനുകളുടെയും ഫെഡറേഷനുകളുടേയും തെറ്റായ പോക്കിന്റെ ഇരകള്‍ താരങ്ങളും കായിക രംഗവും മാത്രം. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ ഈ അവസ്ഥയ്ക്ക് പരിഹാരം കാണാതെ മെയ്ക്ക് അപ്പുകള്‍ നടത്തിയതു കൊണ്ട് മാത്രം താരങ്ങളും കായിക രംഗവും രക്ഷപ്പെടുകയില്ല. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍