UPDATES

അഴിമുഖം ക്ലാസിക്സ്

വാര്‍ത്താ മുറിയിലെ അംബാനി എന്ന അപകടം

ഏതാനും കുടുംബങ്ങളുടെയും കോര്‍പ്പറേറ്റുകളുടെയും കൈകളിലേയ്ക്ക് മാധ്യമപ്രവര്‍ത്തനം കൈമാറ്റം ചെയ്യപ്പെടുന്നതാണ് ഏറെ അപകടം.

ഇന്ത്യയിലെ ഏറ്റവും മിടുക്കനായ ജേര്‍ണലിസ്റ്റകളിലൊരാളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ദൃശ്യമാധ്യമങ്ങളില്‍ ഒന്നാമതെന്നു പേരെടുത്ത സി.എന്‍.എന്‍ – ഐ.ബി.എന്‍ ചാനലിലായിരുന്നു അദ്ദേഹം. അദ്ദേഹത്തെപ്പോലൊരാള്‍ ‘ആയിരുന്നു’വെന്നു പറയുമ്പോള്‍ സ്വാഭാവികമായും അദ്ദേഹം മറ്റെവിടേയ്‌ക്കെങ്കിലും കൂടു മാറി പോയെന്നും തോന്നിയേക്കാം. എന്നാല്‍, ഇവിടെ സംഭവിച്ചത് അങ്ങനെയല്ല. അദ്ദേഹത്തെ ഇറക്കി വിടുകയായിരുന്നു. ഇന്ത്യന്‍ മാധ്യമരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുടെ ഏറ്റവും ഒടുവിലത്തെ ഇരയല്ല ആ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ഏറെ ബഹുമാനിക്കപ്പെട്ട ഈ മാധ്യമപ്രവര്‍ത്തകനെ കൂട്ടത്തിലൊരാള്‍ എന്നേ വിശേഷിപ്പിക്കാനാവൂ.

ഒരാഴ്ച മുമ്പായിരുന്നു സംഭവം. അന്ന് രണ്ടു സീനിയര്‍ എഡിറ്റര്‍മാരും എച്ച്.ആര്‍ വിഭാഗം ഉദ്യോഗസ്ഥനുമൊക്കെ ന്യൂസ് റൂമിലുണ്ടായിരുന്നു. കാര്യങ്ങള്‍ അദ്ദേഹത്തിന് നേരത്തെ തന്നെ മനസിലായിരുന്നു. അത് കൊണ്ട് തന്നെ കൂടുതല്‍ വിശദീകരണം കേള്‍ക്കാനൊന്നും നിന്നില്ല. “Let’s come to the point” ഈ വാക്കുകളില്‍ കാര്യങ്ങള്‍ ഒതുക്കിയ ശേഷം തനിക്കുള്ള പിരിച്ചു വിടല്‍ നോട്ടീസുമായി ആ സ്ഥാപനത്തിന്റെ പടിയിറങ്ങി.

മൂന്നു ദശകത്തോളം വിദേശകാര്യവും പ്രതിരോധവുമൊക്കെ പുറം ലോകത്തെ അറിയിച്ച ശേഷമായിരുന്നു ആ പടിയിറക്കം. എന്‍.ഡി.ടി.വിക്കു ശേഷം സി.എന്‍.എന്‍ – ഐ.ബി.എന്നിലെത്തിയ അദ്ദേഹം ആ ചാനലിന്റെ സ്ഥാപക സംഘത്തിലെ ഒരാള്‍ കൂടിയായിരുന്നു. രണ്ടാഴ്ചയിലേറെയായി ഈ ചാനലില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയുടെ ഇര കൂടിയാണ് അദ്ദേഹം. സി.എന്‍.എന്‍ – ഐ.ബി.എന്‍ ചാനല്‍ നടത്തുന്ന നെറ്റ് വര്‍ക്ക്-18 ഗ്രൂപ്പ് സ്ഥിരമായി മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നു. എല്ലാവരും അദ്ദേഹത്തെപ്പോലെ പ്രമുഖരല്ലാത്തതിനാല്‍ മാന്യമായി പടിയിറങ്ങണമെന്നില്ല. ചിലര്‍ ബഹളമുണ്ടാക്കി, ചിലര്‍ വഴക്കുണ്ടാക്കി, ഫര്‍ണ്ണിച്ചറുകള്‍ തല്ലിത്തകര്‍ത്തു, മറ്റു ചിലര്‍ കൂട്ടത്തോടെ പ്രതിഷേധിച്ചു. ഒടുവില്‍, കൂടുതല്‍ സുരക്ഷാജീവനക്കാരെ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരുടെയും കാമറാന്മാരുടെയും പ്രതിഷേധം അതിരു കടക്കാതിരിക്കാന്‍ മാനേജ്‌മെന്റ് പ്രത്യേകം ശ്രദ്ധിച്ചു. ചെറുത്തു നില്‍പ്പുകള്‍ ചുവരുകള്‍ക്കുള്ളിലൊതുക്കാന്‍ മാധ്യമ മാനേജ്‌മെന്റിനായി. നൂറു കണക്കിനു മാധ്യമ പ്രവര്‍ത്തകര്‍ വഴിയാധാരമായി.

സി.എന്‍.എന്‍ – ഐ.ബി.എന്‍, ഐ.ബി.എന്‍ – 7, സി.എന്‍.ബി.സി, മണികണ്‍ട്രോള്‍.കോം, ഐ.ബി.എന്‍ ലൈവ്.കോം, ഫസ്റ്റ് പോസ്റ്റ്.കോം തുടങ്ങിയവയുടെ നടത്തിപ്പുകാരാണ് നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ്. സംയോജിത ന്യൂസ് റൂം സൃഷ്ടിക്കാനും പുന:സംഘാടനം നടത്താനും വേണ്ടിയുള്ളതാണ് ഇപ്പോഴത്തെ കുടിയൊഴിപ്പിക്കലെന്നാണ് ചാനല്‍ അധികൃതരുടെ വിശദീകരണം. പരമാവധി ജീവനക്കാരെ കുറച്ച്, പരമാവധി ആളുകളെ കാണിച്ച് കൂടുതല്‍ ഉല്‍പ്പാദനപരമാവുകയെന്നത് അവരുടെ ലക്ഷ്യമത്രേ. എന്നാല്‍, എന്നു മുതലാണ് ചുവടു തെറ്റിത്തുടങ്ങിയത്? മുകേഷ് അംബാനി ഗ്രൂപ്പ് ഈ സ്ഥാപനത്തില്‍ പിടിമുറുക്കിത്തുടങ്ങിയതു മുതലാണെന്നാണ് ചര്‍ച്ച. ഏതാനും ആയിരം കോടികള്‍ അംബാനി ചാനലിലേയ്ക്കു വഴി തിരിച്ചുവിട്ടു. ഇങ്ങനെ ഇന്ത്യന്‍ മാധ്യമരംഗത്തെ ഏറ്റവും വലിയ ഓഹരിക്കാരിലൊരാളായി മാറി. രാഘവ് ഭല്‍ ഇപ്പോഴും ഔദ്യോഗികമായി ചാനലിനെ നിയന്ത്രിക്കുന്നു. ഓഹരികള്‍ മാത്രമല്ല, വായടച്ചു പണിയെടുക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ മൗനവും അവര്‍ വിലയ്‌ക്കെടുത്തു. മാധ്യമ ഇടത്തില്‍ അംബാനിയുടേത് രണ്ടാമത്തെ ഇടപെടലാണ്. ഏതാനും ദശകങ്ങള്‍ക്കു മുമ്പ് ഒബ്‌സര്‍വ്വര്‍ ഗ്രൂപ്പ് തുടങ്ങിയെങ്കിലും പിന്നീട് അടച്ചുപൂട്ടി. ഇപ്പോള്‍, ഒബ്‌സര്‍വ്വര്‍ റിസര്‍ച്ച് ഫൗണ്ടേഷനായി അതു നിലനില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ പണം ഒഴുകിയെത്തുന്ന സ്ഥാപനം കൂടിയാണിത്. ഇങ്ങനെ, ഇന്ത്യയിലെ ബൗദ്ധികരംഗത്തെയും റിലയന്‍സെന്ന വന്‍കിടഭീമന്‍ വിലയ്ക്കു വാങ്ങി.

മാധ്യമപ്രവര്‍ത്തകരെ പുറത്താക്കല്‍ നടക്കുന്നത് നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പില്‍ മാത്രമല്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി സാമ്പത്തികരംഗം ആടിയുലഞ്ഞതോടെ ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ക്കു ജോലി നഷ്ടമായി. ടൈംസ് ഓഫ് ഇന്ത്യ പോലുള്ള വന്‍കിട പത്രങ്ങള്‍ നിയമനം തല്‍ക്കാലം നിര്‍ത്തിവെച്ചു. അംബാനിയെപ്പോലൊരാള്‍ ഇന്ത്യന്‍ വാര്‍ത്താമുറിയില്‍ വിതയ്ക്കുന്ന അപകടം ചെറുതല്ല. മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുകയെന്നത് അതിന്റെ ഒരു വശം മാത്രമാണ്. സ്വതന്ത്രവും നീതിയുക്തവുമായ മാധ്യമപ്രവര്‍ത്തനം ഇവിടെ അടിച്ചമര്‍ത്തപ്പെടുന്നു. ജനാധിപത്യം വാര്‍ത്തെടുക്കുന്നതില്‍ മികച്ച മാധ്യമപ്രവര്‍ത്തനത്തിനുള്ള ഉത്തരവാദിത്വം ചെറുതല്ല. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനം അതിനു പക്വതയുള്ളതല്ല. ആരോഗ്യകരമായ പങ്കാളിത്തം നിര്‍വ്വഹിക്കുന്നുമില്ല.

എന്താണ് ഇതിനുള്ള കാരണമെന്ന് പരിശോധിക്കാം. മിക്ക മാധ്യമസ്ഥാപനങ്ങളുടെയും ഉടമസ്ഥാവകാശം കുടുംബങ്ങള്‍ക്കാണ്. ഇതില്‍ കുറച്ചു പേര്‍ മാധ്യമപ്രവര്‍ത്തനത്തില്‍ മാത്രമായി ശ്രദ്ധ ചെലുത്തുന്നുണ്ട്. എന്നാല്‍, മിക്കവര്‍ക്കും വിവിധ വ്യവസായ താല്‍പര്യങ്ങളാണ്. ഇത് മാധ്യമമെന്ന ആയുധത്തിന്റെ മുനയൊടിച്ച്, അതിന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. ഉദാഹരണമായി രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ വിജയ് ദര്‍ദയുടേതാണ് മഹാരാഷ്ട്രയിലെ ലോക്മത് ഗ്രൂപ്പ്. അദ്ദേഹത്തിന് കല്‍ക്കരി ഖനനത്തിലും താല്‍പര്യമുണ്ട്. കല്‍ക്കരി അഴിമതിയില്‍ അദ്ദേഹം ആരോപണ വിധേയനുമായി. ഇങ്ങനെയൊരു സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകന് കല്‍ക്കരി അഴിമതിയെക്കുറിച്ച് എങ്ങനെ വാര്‍ത്തയെഴുതാനാവും.? ദൈനിക് ജാഗരണ്‍ എന്ന വന്‍കിട മാധ്യമ ഗ്രൂപ്പ് മുതല്‍ മലയാള മാധ്യമ മേഖലയുള്‍പ്പെടെ ഒട്ടേറെ പ്രാദേശിക മാധ്യമങ്ങളെടുത്താലും സ്ഥിതി വ്യത്യസ്തമല്ല. അവര്‍ക്ക് അവരുടേതായ താല്‍പര്യങ്ങളുണ്ടെന്നും കാണാം.

വാര്‍ത്താശേഖരണത്തിന് കൂടുതല്‍ നിക്ഷേപം നടത്താന്‍ മാധ്യമങ്ങള്‍ക്കു താല്‍പര്യമില്ലെന്നതാണ് മറ്റൊരു അപകടകരമായ സ്ഥിതിവിശേഷം. കുറഞ്ഞ ചെലവില്‍ കാര്യങ്ങള്‍ നടത്താനാണ് അവരുടെ ശ്രമം. ഒരു ചാനലും മറ്റൊന്നില്‍ നിന്നു വ്യത്യസ്തമല്ല. ഒരു നല്ല മാധ്യമവിശകലനം കേട്ടിട്ട് എത്ര കാലമായി? ഒരു അന്വേഷണ വാര്‍ത്തയുണ്ടായിട്ടും നിലവാരമുള്ള ഒരു ടി.വി പരിപാടി കണ്ടിട്ടും കാലമെത്രയായി? ബ്രേയ്ക്കിങ് ന്യൂസ്, സ്റ്റുഡിയോ ചര്‍ച്ച എന്നീ കണ്‍കെട്ടു വിദ്യകള്‍ പ്രയോഗിക്കാത്ത എത്ര ചാനലുകളുണ്ട്?

എന്താണ് ഇതിനൊക്കെയൊരു പരിഹാരം? മാധ്യമവിപണി വളരുകയാണ്. ഇന്ത്യയിലെമ്പാടും അതു വ്യാപിക്കുന്നു. വരുംകാലങ്ങളിലും അത് ഈ രീതിയില്‍ തുടരും. ഏതാനും കുടുംബങ്ങളുടെയും കോര്‍പ്പറേറ്റുകളുടെയും കൈകളിലേയ്ക്ക് മാധ്യമപ്രവര്‍ത്തനം കൈമാറ്റം ചെയ്യപ്പെടുന്നതാണ് ഏറെ അപകടം. ബി.ബി.സിയും ബ്രിട്ടനിലെ ഗാര്‍ഡിയന്‍ ന്യൂസ് പേപ്പറും പോലെ ഇന്ത്യയിലും പൊതു ട്രസ്റ്റുകള്‍ ഉണ്ടാക്കി മാധ്യമപ്രവര്‍ത്തനം നടത്തേണ്ട സമയമായിരിക്കുന്നു. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ശക്തിപ്പെടുത്തലാണ് അടുത്ത പരിഹാരം. ഇത്തരം കൂട്ടായ്മകളിലും വിശ്വാസ്യതയാര്‍ജ്ജിച്ച ട്രസ്റ്റുകളിലുമായിരിക്കും ഇന്ത്യന്‍ മാധ്യമരംഗത്തിന്റെ ഭാവി സുരക്ഷിതമായിരിക്കുക. അല്ലാതെ, കോര്‍പ്പറേറ്റ് കരങ്ങളിലും കുടുംബങ്ങളിലുമല്ല.

ഇതു പറയുമ്പോള്‍ തന്നെ, ഇവിടെ ഇന്ത്യയിലെ തന്നെ ഒരു മാതൃക നമുക്കോര്‍ക്കാം. അഞ്ചു മുതിര്‍ന്ന പൗരന്മാരുള്ള ട്രസ്റ്റാണ് ചണ്ഡീഗഢ് ആസ്ഥാനമായുള്ള ട്രിബ്യൂണ്‍ ദിനപത്രം നടത്തുന്നത്. 1881ല്‍ ലാഹോറില്‍ തുടങ്ങിയതാണ് ഈ പത്രം. സ്വന്തം സമ്പാദ്യം ഉപയോഗിച്ച് സര്‍ദാര്‍ ദയാല്‍ സിങ് മാജിത തുടങ്ങിയതാണ് ട്രിബ്യൂണ്‍. നല്ലൊരു വ്യവസായിയും നരവംശ ശാസ്ത്രജ്ഞനുമായിരുന്നു അദ്ദേഹം. താല്‍പര്യങ്ങള്‍ മറി കടക്കാനായി സ്വന്തം കുടുംബക്കാരെപ്പോലും അദ്ദേഹം ട്രസ്റ്റില്‍ അംഗങ്ങളാക്കിയില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചും അവരെ ബഹുമാനിച്ചും നിഷ്പക്ഷമാധ്യമ പ്രവര്‍ത്തനത്തിന് ഒരു വഴികാട്ടിയായിരുന്നു ട്രിബ്യൂണ്‍ ദിനപത്രം. അത്തരം മാതൃകകള്‍ ഉള്ളിടത്ത് മാത്രമേ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നിലനില്‍പ്പുള്ളു.

(2013 ആഗസ്ത്26നു പ്രസിദ്ധീകരിച്ചത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍