UPDATES

അഴിമുഖം ക്ലാസിക്സ്

ജി.എസ് പ്രദീപ് എന്ന മലയാളി

അല്‍പ്പജ്ഞാനത്തിനും അനൗചിത്യത്തിനും എതിരെ ശബ്ദമുയര്‍ത്തുന്നത് മലയാള സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ കുറേ നാളുകളായി ഇത് സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുത്ത തിരുവനന്തപുരത്തെ പരിപാടിയില്‍ ജി.എസ് പ്രദീപ് നടത്തിയ കോംപയറിംഗും പരിപാടിയുടെ അവസാനം ദേശീയഗാനം പാടിയ നേതാവും നമ്മള്‍ ഏറെക്കാലമായി നിഷേധിച്ചു കൊണ്ടിരിക്കുന്ന ഒരു യാഥാര്‍ഥ്യത്തിന്റെ പരസ്യ പ്രകടനം മാത്രമാണ്. അല്‍പ്പജ്ഞാനത്തിന്റെയും അനൗചിത്യത്തിന്റെയുമൊക്കെ സമൂഹമായി നാം മാറിക്കൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ഥ്യം ഏറെക്കാലമായി അംഗീകരിക്കാതിരിക്കുന്ന ഒരു വസ്തുതയാണ്. ഈ ‘സാമൂഹിക വൈകല്യം’ നമ്മുടെ ദൈനംദിന ജീവിതത്തില്‍ പല വിധത്തില്‍ അരങ്ങേറിക്കൊണ്ടിക്കൊരിക്കുന്നു. ചില നേര്‍ ഉദാഹരണങ്ങളാണ് മുകളില്‍ പറഞ്ഞവ.  
 
ബിവറേജ് കോര്‍പറേഷനും ചില ആരാധനാലയങ്ങള്‍ക്കും മുമ്പിലല്ലാതെ ക്യൂ നില്‍ക്കാനും നിയമം പാലിക്കാനും ഔചിത്യത്തോടെ പെരുമാറാനും മനസില്ലാത്ത ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് നാം. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമെന്നത് റോഡ് അപകടങ്ങള്‍ തന്നെയാണ്. കൊച്ചി – ആലപ്പുഴ റൂട്ടില്‍ ചേര്‍ത്തല പോലീസ് സ്‌റ്റേഷനടുത്ത് ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ 12-ഓളം പേരാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. അതിനടുത്തു താമസിക്കുന്ന ചില കുടുംബങ്ങളിലെ ഒന്നിലേറെ പേര്‍ ഈ അപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിന് അവരല്ല ഉത്തരവാദികള്‍. മറിച്ച്, ഹോണില്‍ കൈയും ഞെക്കി ആക്‌സിലേറ്ററില്‍ കാലമര്‍ത്തി എല്ലായ്‌പ്പോഴും ആദ്യമെത്താന്‍ പാഞ്ഞു പോകുന്നന്ന നമ്മള്‍ തന്നെയാണ്. 
 
വാഹനമോടിക്കുന്നവരുടെ മാത്രം കുറ്റം കൊണ്ട് ഇത്രയേറെ റോഡ് അപകടങ്ങള്‍ നടക്കുന്ന ലോകത്തിലെ തന്നെ അപൂര്‍വ സ്ഥലങ്ങളിലൊന്നായിരിക്കും കേരളം. വാഹനമൊന്ന് പതുക്കെ ഓടിക്കാനോ ലെയ്ന്‍ കാക്കാനോ ഒന്നും നാം തയാറല്ല. ഈയൊരു മര്യാദകെട്ട സമൂഹത്തിന്റെ മറ്റൊരു മുഖം മാത്രമാണ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ ക്ഷണിച്ചു കൊണ്ടുവന്ന് അദ്ദേഹം ‘വിഡ്ഡിദിന’ത്തില്‍ ജനിച്ചതാണെന്ന് ആവര്‍ത്തിച്ചു പറയുകയും ജനഗണമന തെറ്റായി പാടുകയും ചെയ്ത സംഭവം. 
 
ഏപ്രില്‍ ഒന്നിനാണ് ഉപരാഷ്ട്രപതി ജനിച്ചതെങ്കിലും അദ്ദേഹം ബുദ്ധിമാനാണെന്ന് ജി.എസ് പ്രദീപ് എന്നു പറയുന്ന അല്‍പ്പജ്ഞാനി സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ശ്രമിച്ചതായിരിക്കാം. പക്ഷേ, സ്വതന്ത്ര ഇന്ത്യ കണ്ടിരിക്കുന്ന ഏറ്റവും മിടുക്കനായ നയതന്ത്രജ്ഞന്മാരിലൊരാളായ ഹമീദ് അന്‍സാരിക്ക് പ്രദീപിനെപ്പോലൊരു ഊതിവീര്‍പ്പിച്ച അല്‍പ്പജ്ഞാനിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമൊന്നുമില്ല. ഒരുകൂട്ടം നാട്ടിന്‍ പുറത്തുകാരെ വിളിച്ചിരുത്തി ‘അശ്വമേധം’ നടത്തി ലോകത്തുള്ള 600 കോടി ജനങ്ങളുടേയും ജാതകവും അവരുടെ നേട്ടങ്ങളും അറിയാമെന്ന് ഭാവിക്കുന്ന അവിവേകത്തിന് കേരള സമൂഹം കൊടുത്ത അംഗീകാരം നമ്മുടെ തലമുറയ്ക്കുണ്ടായിക്കൊണ്ടിരിക്കുന്ന ബൗദ്ധിക മൗഡ്യത്തിന്റെ തെളിവാണ്. അടിസ്ഥാന വിദ്യാഭ്യാസമെങ്കിലുമുള്ള ഒരു മനുഷ്യന്‍ പ്രകടിപ്പിക്കുന്ന മിനിമം ഔചിത്യം പോലുമില്ലാതെ ‘മലയാളി ഹൗസ്’ എന്ന റിയാലിറ്റി ഷോയില്‍ പെരുമാറിയ ജി.എസ് പ്രദീപ് ഇന്നത്തെ ശരാശരി മലയാളിക്കു ചേര്‍ന്ന റോള്‍ മോഡല്‍ തന്നെയാണ്. ഉളുപ്പില്ലാത്ത പുകഴ്ത്തലും കുശുമ്പും കുന്നായ്മയുമാണ് തന്റെ അടിസ്ഥാന സ്വഭാവമെന്ന് മലയാളി ഹൗസിലൂടെ പരസ്യമായി തെളിച്ച ജി.എസ് പ്രദീപ്, ഹമീദ് അന്‍സാരിയെ അപമാനിച്ചതില്‍ അത്ഭുതപ്പെടാനില്ല.

 

1911 ഡിസംബറില്‍ കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആദ്യമായി പാടിയ രവീന്ദ്രനാഥ ടാഗോറിന്റെ ജനഗണമനയുടെ 100 വര്‍ഷത്തെ ചരിത്രത്തില്‍ ഈ വരികള്‍ ഇത്രയേറെ അപമാനിക്കപ്പെട്ട ദിവസം അധികമുണ്ടാകില്ല. അതിനുത്തരവാദിയായ വിജയ പ്രസാദും കൂട്ടരും ഉപരാഷ്ട്രപതിക്കൊപ്പം സ്‌റ്റേജില്‍ കയറി രണ്ടു മിനിറ്റ് നേരത്തേക്ക് കൈയടി വാങ്ങിക്കാനുള്ള വെപ്രാളത്തിലായിരുന്നു എന്നതിലും സംശയമില്ല. ആ നാട്ടിലെ ഏതെങ്കിലും ഒരു സ്‌കൂള്‍ കുട്ടിയെക്കൊണ്ട് ജനഗണമന പാടിപ്പിച്ചിരുന്നെങ്കില്‍ ഈയൊരു അപമാനം ഒഴിവാക്കാമായിരുന്നു. പക്ഷേ വിജയ പ്രസാദിന് പ്രശസ്തനാകാതെ പറ്റില്ലല്ലോ. 
 
പ്രദീപിലും വിജയ പ്രസാദിലും മാത്രം ഒതുങ്ങുന്നതല്ല ഈ സാമൂഹിക വൈകല്യം. ശ്രീനാരായണ ധര്‍മ സമിതി എന്ന കടലാസ് സംഘടനയുടെ പുറകിലാരാണ്? ഇങ്ങനെയുള്ള കടലാസ് സംഘടനകളുടെ ഒരു ഘോഷയാത്രയായി മാറിക്കൊണ്ടിരിക്കുകയാണ് കേരള സമൂഹം. രാവിലെ എഴുന്നേറ്റാല്‍ എവിടെ നിന്നാണ് രണ്ടു കൈയടി കിട്ടുകയെന്നും ആരെ പിടിച്ചാല്‍ ഒരവാര്‍ഡ് കിട്ടും എന്ന പദ്ധതിയുമായി വീട്ടില്‍ നിന്നിറങ്ങുന്ന മലയാളികളുടെ എണ്ണം കുറവല്ല. ആ കുട്ടത്തിലാണോ യു.എന്‍ ഡിപ്ളോമാറ്റ് എന്ന് പേരെടുത്ത ശശി തരൂരും ഉള്‍പ്പെടുക എന്ന് സംശയിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. അല്ലെങ്കിലെങ്ങനെയാണ് ഇത്തരമൊരു തട്ടിക്കൂട്ട് ചടങ്ങിലേക്ക് ഉപരാഷ്ട്രപതി എത്തുക? ഇത് കടലാസ് സംഘടനയാണെന്നും ഉപരാഷ്ട്രപതി ഇതില്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്നും സംസ്ഥാന ഇന്റലീജന്‍സ് വിവരം നല്‍കിയിട്ടും അതിനെ മറികടന്നത് എന്തായാലും ഉപരാഷ്ട്രപതിയുടെ നിര്‍ബന്ധബുദ്ധിയാകില്ലെന്നുറപ്പ്. ചത്തത് കീചകനെങ്കില്‍ കൊന്നത് ആരെന്ന് വ്യക്തം. 
 
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ജാതി സമവാക്യം തനിക്ക് അനുകൂലമാക്കുന്നതിന് വേണ്ടിയാണോ ഇമ്മാതിരി പരിപാടിക്ക് തരൂര്‍ കൂട്ടുനിന്നതെന്ന ചോദ്യം പ്രസക്തമാണ്. തന്റെ രാജ്യാന്തര പരിചയവും കഴിവും പ്രശസ്തിയും വ്യക്തിത്വവുമൊക്കെ മുന്‍നിര്‍ത്തിയാണ് തരൂര്‍ ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ടത്. തരൂര്‍ ആ വഴിവിട്ട് ഇടുങ്ങിയ ഇന്ത്യന്‍ പരമ്പരാഗത രാഷ്ട്രീയ മാര്‍ഗത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍ അതിന് കുറ്റക്കാര്‍ നമ്മള്‍ കൂടിയാണ്. 
 
അല്‍പ്പജ്ഞാനത്തിനും അനൗചിത്യത്തിനും എതിരെ ശബ്ദമുയര്‍ത്തുന്നത് മലയാള സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ കുറേ നാളുകളായി ഇത് സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിനെതിരെ എന്നും നിലനിന്നിരുന്ന പ്രബുദ്ധമായ ഒരു ധിക്കാരത്തിന്റെ ചരിത്രം മലയാളിക്കുണ്ട്. അത് തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു.

(2013 സെപ്തംബര്‍ 13നു പ്രസിദ്ധീകരിച്ചത്)
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍