UPDATES

അഴിമുഖം ക്ലാസിക്സ്

93 ശതമാനം കള്ളപ്പണം സംരക്ഷിച്ച ശേഷം വെറും ഏഴ് ശതമാനത്തിന്റെ പിന്നാലെ പാഞ്ഞിട്ട് കിട്ടിയതോ?

കള്ളപ്പണം കള്ള ആസ്തികളിലൂടെയാണ് വളരുന്നത്

നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ പൊള്ളത്തരത്തെക്കുറിച്ച് ആഗോള സാമ്പത്തികവിദഗ്ധര്‍ പോലും തുറന്നുകാട്ടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചിരിക്കുകയാണല്ലോ. ഈ ഘട്ടത്തില്‍ ചില കണക്കുകള്‍ മാത്രം മുന്നോട്ടു വച്ചുകൊണ്ട് തീരുമാനത്തിന്റെ സാംഗത്യം ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

കള്ളപ്പണം പണമായി സൂക്ഷിക്കാനുള്ള സാധ്യത എത്ര? എത്രത്തോളം പണം പണമായി സൂക്ഷിക്കാന്‍ കഴിയും? അതിനെ നേരിടാന്‍ നോട്ട് പിന്‍വലിക്കുന്നതിലൂടെ രാജ്യത്തിന് ചിലവാകുന്ന പണം എത്ര?

500/1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന കണക്കുപ്രകാരം ദേശീയവരുമാനത്തിന്റെ 23.2 ശതമാനമാണ് മൊത്തം കള്ളപ്പണം. ഇത് 2007-ലെ ലോക ബാങ്കിന്റെ കണക്കാണ്. ഇപ്പോള്‍, 2016-ല്‍ അത് വര്‍ദ്ധിച്ച് മുപ്പത് ശതമാനം ആയി എന്ന് കരുതുക.

എങ്കില്‍:

1) 2015-16-ലെ ദേശീയവരുമാനം – 122.52 ലക്ഷം കോടി രൂപ
2) ദേശീയവരുമാനത്തിന്റെ 30%- 36. 76 ലക്ഷം കോടി രൂപ
3) 500/1000 നോട്ടുകളുടെ മൂല്യം – 14.18 ലക്ഷം കോടി രൂപ

അതായത്, 36.76 ലക്ഷം കോടി രൂപയാണ് കള്ളപ്പണത്തിന്റെ അളവെങ്കില്‍ അതില്‍ 14.18 ലക്ഷം കോടി രൂപ മാത്രമാണ് നമ്മുടെ രാജ്യത്തെ ആകെയുള്ള 500, 1000 രൂപ നോട്ടുകളുടെ മൂല്യം. ഈ തുകയെന്ന് പറയുന്നത് മൊത്തം കള്ളപ്പണത്തിന്റെ 38.6 ശതമാനം മാത്രമാണ്. നാട്ടില്‍ ആകെയുള്ള 500, 1000 രൂപ നോട്ടുകള്‍ മുഴുവന്‍ കള്ളപ്പണമാണെന്ന് (കള്ളനോട്ടല്ല) കരുതിയാല്‍ പോലും നോട്ട് പിന്‍വലിക്കലിലൂടെ നാം സംരക്ഷിക്കുന്നത് ബാക്കിവരുന്ന 61.4 ശതമാനം പേരെയാണ്.

പണമൊഴികെയുള്ള മറ്റാസ്തികളില്‍ കള്ളപ്പണം സൂക്ഷിക്കാന്‍ സാധ്യതയുള്ളതിന്റെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇന്ത്യയിലെ കള്ളപ്പണത്തെ കുറിച്ച് വളരെ ആഴത്തില്‍ പഠനം നടത്തിയിട്ടുള്ള പ്രൊഫസര്‍ അരുണ്‍കുമാറിന്റെയും എന്‍ഐപിഎഫ്പിയുടെയും ഒക്കെ കണക്കു പരിശോധിച്ചാല്‍ നമ്മള്‍ ഞെട്ടും. മൊത്തം ദേശീയ വരുമാനത്തിന്റെ 62-70 ശതമാനം വരെ കള്ളപ്പണമാണെന്നാണ് പ്രൊഫസര്‍ അരുണ്‍ കുമാര്‍ ചൂണ്ടിക്കാണിക്കുന്നത്. അതായത് ഏകദേശം 90 ലക്ഷം കോടി രൂപ. ഇനി ലോക ബാങ്കിന്റെ 2016 ലെ കണക്കുകള്‍ പരിശോധിച്ചാല്‍ വീണ്ടും ഞെട്ടും. ഏകദേശം 120 ലക്ഷം കോടി രൂപയുടെ കള്ളപ്പണം എന്നാണ് അവരുടെ ഏറ്റവും പുതിയ കണക്ക്. ഇതും ഇപ്പോള്‍ നിരോധിച്ച നോട്ടുകളുടെ അനുപാതവും വച്ച് നോക്കുമ്പോള്‍ തീരുമാനം എടുത്തവരോട് സഹതപിക്കുകയേ തരമുള്ളു.

ഇനി മറ്റൊരു കണക്കിനെക്കുറിച്ച് ആലോചിക്കാം. ഈ നിരോധിക്കപ്പെട്ട 14.18 ലക്ഷം കോടി രൂപയില്‍ 24.7 കോടി ഇന്ത്യന്‍ കുടുംബങ്ങളുടെ ദൈനംദിന ചിലവിനായി ഏത്ര പണം കൈയില്‍ സൂക്ഷിക്കേണ്ടി വരും? നാട്ടിലെ ചെറുകിട, മൊത്ത കച്ചവടക്കാര്‍ക്ക് അവരുടെ കച്ചവട ആവശ്യങ്ങള്‍ക്കായി എത്ര പണം കൈയില്‍ വയ്‌ക്കേണ്ടി വരും? കൂടാതെ ചെറിയ സമ്പാദ്യങ്ങള്‍ക്കായി മാറ്റിവെക്കേണ്ടി വരുന്ന തുക എത്രയായിരിക്കും? 130 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് അല്ലെങ്കില്‍ 25 കോടിയോളം വരുന്ന കുടുംബങ്ങള്‍ക്ക് കൈകാര്യം ചെയ്യാനായി ആകെ നാട്ടില്‍ വിതരണത്തില്‍ ഉണ്ടായിരുന്നത് 14.15 ലക്ഷം കോടിയുടെ 500,1000 രൂപ നോട്ടുകള്‍ മാത്രം. നേരത്തെ കണക്കാക്കിയതുപോലെ 36.76 ലക്ഷം രൂപയുടെ കള്ളപ്പണം എന്ന് കരുതിയാല്‍ പോലും മൊത്തം കള്ളപ്പണത്തിന്റെ വെറും 3.86 ശതമാനം മാത്രമേ നിരോധിത നോട്ടുകളുടെ രൂപത്തില്‍ സൂക്ഷിക്കാന്‍ സാധിക്കൂ എന്ന് സാരം. ഇനി കള്ളപ്പണത്തിന്റെ തോത് 20 ശതമാനമായി കണക്കാക്കിയാല്‍ പോലും അതിന്റെ 7.7 ശതമാനം മാത്രമേ നിരോധിത നോട്ടിന്റെ രൂപത്തില്‍ സൂക്ഷിക്കാന്‍ സാധിക്കൂ.

അപ്പോള്‍ 93 ശതമാനം കള്ളപ്പണവും നോട്ടുകളായല്ല സൂക്ഷിക്കുന്നതെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. ഭൂമി, വിദേശ കറന്‍സി, സ്വര്‍ണം പോലുള്ള മറ്റാസ്തികളായി കള്ളപ്പണം സൂക്ഷിക്കുന്ന (93%) മിടുക്കന്മാര്‍ ഈ നടപടിയിലൂടെ സംരക്ഷിക്കപ്പെടുന്നു. 93 ശതമാനം കള്ളപ്പണം സംരക്ഷിച്ച ശേഷം വെറും ഏഴ് ശതമാനത്തിന്റെ പിന്നാലെ പായുമ്പോള്‍, ഒരു പ്രത്യേക വര്‍ഗ്ഗത്തെ സംരക്ഷിക്കാനുള്ള ഗൂഢനീക്കം തന്നെയാണ് സര്‍ക്കാര്‍ നടത്തുന്നത്.

ഇനി ഏഴ് ശതമാനം കള്ളപ്പണത്തെ നേരിടാന്‍ നാം വഹിക്കേണ്ടി വരുന്ന ചിലവ് എന്തൊക്കെയായിരിക്കും?

1. പുതിയ നോട്ടുകള്‍ അച്ചടിക്കുന്ന ചിലവ്
2. അത് വിതരണകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള ചിലവ്
3. ഒരു ദിവസം ഏകദേശം 75 കോടി എന്ന നിരക്കില്‍ ടോള്‍ ബൂത്തുകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതിന്റെ അധികച്ചിലവ്.
4. ഈ കോലാഹലങ്ങള്‍ക്കിടയില്‍ മരണമടഞ്ഞവര്‍ ഉണ്ടാക്കുന്ന വലിയ മാനസിക ആഘാതം
5. ബാങ്കില്‍ ജനം ക്യൂ നില്‍ക്കുമ്പോള്‍ നഷ്ടമാകുന്ന തൊഴില്‍ദിനങ്ങളുടെ നഷ്ടം
6. കച്ചവടം മുടങ്ങുന്നത് മൂലം വാറ്റ്, വില്‍പന നികുതിയിനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സംഭവിക്കുന്ന നഷ്ടം
7. സഹകരണബാങ്കുകള്‍ പഴയനോട്ടുകള്‍ സ്വീകരിക്കാതിരിക്കുമ്പോള്‍ ലോണ്‍ ഗഡു അടയ്ക്കാന്‍ പറ്റാത്തവര്‍ കൊടുക്കേണ്ടി വരുന്ന അധിക പലിശ

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അധിക ചിലവുകളുടെ ഭാരമാണ് ഈ തുഗ്ലക് നയത്തിലൂടെ രാജ്യം സഹിക്കേണ്ടി വരുന്നത്.

ലഭ്യമായ എല്ല നേട്ട-കോട്ട വിശ്ലഷണ സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് പരിശോധിച്ചിട്ടും മനസിലാക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഒരു രാഷ്ട്രീയ ലക്ഷ്യം ഈ തീരുമാനത്തിന് പിന്നില്‍ ഉണ്ടെന്ന് ചിന്തിച്ചാല്‍ അത്ഭുതത്തിന് അവകാശമില്ല.

ഏതായാലും ശുദ്ധമായ സാമ്പത്തിക ലക്ഷ്യങ്ങളല്ല ഈ തീരുമാനത്തിന് പിന്നിലെന്ന് തിരിച്ചറിയാന്‍ തോമസ് പിക്കറ്റിയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘മൂലധനം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍,’  (Capital in the 21th Century-Thomas Piketty, 2014) എന്ന പുസ്തകം ഒന്ന് പുനര്‍വായന നടത്തുന്നത് നന്നായിരിക്കും. ഇന്ത്യയിലും ലോകത്തെമ്പാടും അസമത്വം ഏറിവരുന്നതായി ഈ പുസ്തകം പറയുന്നു. പണം ഏതെങ്കിലും വ്യക്തികളുടെ കൈയില്‍ കുമിഞ്ഞുകൂടുന്നതല്ല മറിച്ച് സമ്പത്തിന്റെ (Wealth) കേന്ദ്രീകരണമാണ് ഈ അസമത്വവര്‍ദ്ധനയുടെ അടിസ്ഥാന കാരണമെന്ന് പിക്കറ്റി വിശദീകരിക്കുന്നു. ആസ്തികളെയാണ് സമ്പത്ത് എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഭൂമി, കെട്ടിടം, സാമ്പത്തിക ആസ്തികള്‍ എന്നിവ ഉദാഹരണം. പാരമ്പര്യമായി കൈമാറിവരുന്ന സമ്പത്തും അതിന്മേല്‍ പുതുതായി ഉല്‍പാദിപ്പിക്കുന്ന സമ്പത്തുമൊക്കെ ഈ കേന്ദ്രീകരണത്തിന് കാരണമാവുകയും അസമത്വം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു.

ഈ അസമത്വത്തെ മറികടക്കുന്നതിന് യഥാര്‍ത്ഥത്തില്‍ സര്‍ക്കാരുകള്‍ പുനര്‍വിതരണം നടത്തേണ്ടത് ആസ്തികളാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അതായത് കള്ളപ്പണം കള്ള ആസ്തികളിലൂടെയാണ് വളരുന്നതെന്ന് സാരം. ഇതിനെ ചെറുക്കാന്‍ ആസ്തികളുടെ പുന:ര്‍വിതരണ നടപടികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടത്. അതാവും കൂടുതല്‍ ഫലപ്രദവും ആത്മാര്‍ത്ഥവുമായ നടപടി. നോട്ടുകള്‍ പിന്‍വലിക്കുന്നതും ആസ്തികളുടെ യഥാര്‍ത്ഥ പൂഴ്ത്തിവയ്പ്പും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ട് പരിശോധിക്കുമ്പോഴാണ് മോദി സര്‍ക്കാരിന്റെ നടപടിയിലെ ആത്മാര്‍ത്ഥയില്ലായ്മ വ്യക്തമാകുന്നതും.

(2016 നവംബര്‍ 23നു പ്രസിദ്ധീകരിച്ചത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

ഷൈജന്‍ ഡേവിസ്

കാലിക്കറ്റ് സര്‍വകലാശാല ഡോ. ജോണ്‍ മത്തായി സെന്ററില്‍ സാമ്പത്തിക വിഭാഗം അസി. പ്രൊഫസറാണ് ഷൈജന്‍ ഡേവിസ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍