UPDATES

അഴിമുഖം ക്ലാസിക്സ്

ചെന്നൈയില്‍ നിന്നും മുംബൈ പഠിക്കാത്തത്; അരാജക നഗരങ്ങളുടെ നേര്‍ക്കാഴ്ചകള്‍

കോടിക്കണക്കിനാളുകള്‍ നഗരങ്ങളിലേക്ക് ഒഴുകിയെത്തുമ്പോള്‍ ഒരുകാര്യം ഉറപ്പാണ്: നാം നടന്നുപോകുന്നത് ആകെ അലങ്കോലമായ നാളേകളിലേക്കാണ്

ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദേശീയ സുരക്ഷ ഭടന്മാരുടെ കേന്ദ്രത്തിനടുത്ത് അതൊരു പതിവ് പ്രഭാതമായിരുന്നു, ആ വാര്‍ത്ത വരുംവരെ: ഒരുകൂട്ടം ഭീകരവാദികള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ചു. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം മുഴുവനുണ്ടായിരുന്നു അവിടെ. 2001, ഡിസംബര്‍ 13 ന് ആയിരുന്നു അത് നടന്നത്.

നിമിഷങ്ങള്‍ക്കുള്ളില്‍ പാരാ കമാന്‍ഡോ കേണല്‍ ഇര്‍വിന്‍ എക്‌സ്‌ട്രോസ് തന്റെ കമാന്‍ഡോ സംഘവുമായി പാര്‍ലമെന്റിലേക്ക് നീങ്ങി. അവര്‍ ആഭ്യന്തര വിമാനത്താവളം കടന്നു റാവ് തുല റാം മാര്‍ഗില്‍ എത്തിയപ്പോഴേക്കും ഗതാഗതകുരുക്ക് തുടങ്ങി. രാജ്യത്തെ ഏറ്റവും വിദഗ്ദ്ധരായ സൈനികര്‍ ഗതാഗതകുരുക്കില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ സാധാരണ പൊലീസുകാരും അര്‍ദ്ധസൈനിക സേനയും ഭീകരന്മാരെ നേരിട്ടു.

എന്‍ എസ് ജി കമാണ്ടോകള്‍ പാരലമെന്റില്‍ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. രാഷ്ട്രീയ നേതൃത്വം തലനാരിഴക്ക് രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആറു ഡല്‍ഹി പോലീസുകാര്‍, രണ്ട് പാര്‍ലമെന്റ് സുരക്ഷാ ഭടന്മാര്‍, ഒരു തോട്ടക്കാരന്‍, അഞ്ചു ഭീകരവാദികള്‍. ആഴ്ച്ചകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ യുദ്ധാന്തരീക്ഷസമാനമായ സൈനിക വിന്യാസം നടത്തി. തെക്കനേഷ്യ സംഘര്‍ഷാന്തരീക്ഷത്തിലേക്ക് മുഖം നോക്കിനിന്നു. സമ്പദ്‌രംഗത്തെ ആകെയുലച്ചു. തെക്കനേഷ്യ പൊട്ടാന്‍ പാകത്തില്‍ കാത്തിരിക്കുന്ന ഒരു ആണവ ബോംബാണെന്ന ഭീതി ലോകമാകെ പടര്‍ന്നു.

ചെന്നൈ 2015

ഇന്ന്, കേണല്‍ എക്‌സ്‌ട്രോസും സംഘവും ആ നിര്‍ണായകദിനത്തില്‍ പാര്‍ലമെന്റിലേക്ക് തിരിച്ച ആ വഴിയൊന്ന് നോക്കുക. ഒരേയൊരു മാറ്റം ഗതാഗതകുരുക്കുകള്‍ പലമടങ്ങ് വര്‍ധിച്ചു എന്നു മാത്രമാണ്. ഇപ്പോള്‍ എന്‍ എസ് ജി കമാണ്ടോകള്‍ക്ക് പാര്‍ലമെന്റിലെത്താന്‍ അന്നത്തെക്കാളേറെ സമയം വേണ്ടിവരും. വാസ്തവത്തില്‍, ആണവശക്തിയെന്നറിയുന്ന ഈ രാജ്യത്തിന്റെ തലസ്ഥാനത്തിന് നേരെ ഒരു ഭീകരാക്രമണമുണ്ടായാല്‍, ഭീകരന്മാരെ നേരിടുന്നതിനെക്കാള്‍ കൂടുതല്‍ സമയം സൈനികവ്യൂഹം ഗതാഗതസ്തംഭനത്തില്‍പ്പെട്ട് വഴിയില്‍ കാത്തുകെട്ടിക്കിടക്കും എന്നുറപ്പാണ്.

ഇത്തരം നഗര ദുരിതങ്ങള്‍ ഡല്‍ഹിയുടേത് മാത്രമല്ല. ചെന്നൈയില്‍ പെയ്ത കനത്ത മഴ ആ നഗരത്തെ ഒരു ജലസംഭരണിയാക്കി മാറ്റിയിരിക്കുന്നു. കനത്ത മഴ പ്രതീക്ഷിക്കാവുന്ന ഒരു നഗരത്തിലെ ഭാവനാദരിദ്രമായ നഗരാസൂത്രണത്തിന്റെ പൊള്ളത്തരമാണ് ചെന്നൈയിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്. ഈ കഥ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു: മുംബൈയില്‍ എല്ലാ കാലവര്‍ഷക്കാലത്തും ഓടകളും അഴുക്കുചാലുകളും അടഞ്ഞ്, നഗരം വെള്ളക്കെട്ടിന്റെ പിടിയിലാണ്. ഡല്‍ഹിയില്‍ ഏതാനും മിനിറ്റുകള്‍ മഴപെയ്താല്‍ മതി നഗരത്തില്‍ വെള്ളം കെട്ടിക്കിടക്കാന്‍.

വെള്ളപ്പൊക്കത്തിലും ഗതാഗതസ്തംഭനത്തിലും മാത്രമല്ല ഈ പിടിപ്പുകെട്ട നഗരാസൂത്രണം പ്രകടമാകുന്നത്. മഹത്തായ നഗരാസൂത്രണത്തിന് കേള്‍വികേട്ട സിന്ധു നദീതട സംസ്‌കാരത്തിന്റെ നാട്ടില്‍, നഗരകേന്ദ്രങ്ങള്‍ ഇങ്ങനെ ജീര്‍ണിക്കുകയാണെന്നത് പരിതാപകരമാണ്.

മുംബൈ 2017

നഗരങ്ങളിലെല്ലാം അല്പബുദ്ധികളായ ആസൂത്രകരും, അഴിമതി നിറഞ്ഞ നഗരസഭകളും ചേര്‍ന്ന് ഒരു നഗരദുരന്തത്തെയാണ് സൃഷ്ടിക്കുന്നത്. ഭാവിയെക്കുറിച്ച് അല്‍പ്പം പോലും കരുതലോ ആലോചനയോ ഇല്ല. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഒരു ലക്ഷത്തിലേറെ പാര്‍പ്പിടങ്ങളുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നഗരകേന്ദ്രമായ ദ്വാരകയുടെ ഗതി നോക്കൂ. അവിടുത്തെ താമസക്കാര്‍ക്ക് അകത്തേക്കും പുറത്തേക്കും കടക്കണമെങ്കില്‍ ഗതാഗതകുരുക്കൊഴിഞ്ഞു സമയമില്ല. ഒരു ലക്ഷം വീടുകളാണ് അവിടെ പുത്തന്‍ ഭവനനഗരം സൃഷ്ടിക്കാനായി നഗരാസൂത്രകര്‍ പണിതുവെച്ചത്. പക്ഷേ അവിടെക്കുള്ള വഴിയുണ്ടാക്കാന്‍ മറന്നുപോയി!

ഏതാണ്ട് 70% ജനങ്ങളും ഗ്രാമങ്ങളില്‍ താമസിക്കുന്ന മുഖ്യമായും ഗ്രാമങ്ങള്‍ നിറഞ്ഞ രാജ്യമാണ് ഇന്ത്യ ഇപ്പൊഴും. ഇപ്പോള്‍ 30 ശതമാനമുള്ള നഗരജനത 2030ഓടെ 40 ശതമാനമാകും. 2050 ആകുമ്പോഴേക്കും ഇന്ത്യന്‍ ജനതയുടെ ഭൂരിഭാഗവും നഗരങ്ങളിലായിരിക്കും. എന്താണ് ഇതിനര്‍ത്ഥം? ദശലക്ഷക്കണക്കിനാളുകള്‍, ഒട്ടും ആസൂത്രണമില്ലാത്ത, തിക്കിത്തിരക്കുന്ന അതിന്റെ നഗരങ്ങളിലേക്ക് ചേക്കേറുകയാണ്. മുബൈയില്‍ തെരുവുകളില്‍ കഴിയുന്ന അനേകായിരം മനുഷ്യരുടെ ദൃശ്യങ്ങള്‍ നഗരങ്ങള്‍ തോറും കാണാന്‍ പോവുകയാണ്.

കോടിക്കണക്കിനാളുകള്‍ നഗരങ്ങളിലേക്ക് ഒഴുകിയെത്തുമ്പോള്‍ ഒരുകാര്യം ഉറപ്പാണ്: നാം നടന്നുപോകുന്നത് ആകെ അലങ്കോലമായ നാളേകളിലേക്കാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ ഈ നഗരദുരിതം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ പ്രധാന നഗരങ്ങളുടെ ചെറിയൊരു ഭാഗം മാത്രം വരുന്ന സ്മാര്‍ട് സിറ്റികളെക്കുറിച്ചുള്ള വാചകമടി, ദശലക്ഷക്കണക്കിന് നഗരവാസികളെ സംബന്ധിച്ച് വെറും തട്ടിപ്പുവര്‍ത്തമാനം മാത്രമാണ്. അല്ലെങ്കില്‍, ഭീകരവാദികള്‍ നഗരഹൃദയത്തില്‍ നാശം വിതയ്ക്കുമ്പോള്‍ കമാണ്ടോകള്‍ നഗരത്തിന്റെ പുറമ്പോക്കില്‍ ഗതാഗതക്കുരുക്കില്‍ നിസ്സഹായരായിരിക്കും.

(2015 ഡിസംബര്‍ 3നു പ്രസിദ്ധീകരിച്ചത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍