UPDATES

അഴിമുഖം ക്ലാസിക്സ്

മല്ലുപുരുഷനെന്ന തികഞ്ഞ ലൈംഗിക അക്രമി

മിക്കവര്‍ക്കും സാമൂഹ്യമായ ഭയമോ, അധിക്ഷേപമോ ഇല്ലാതെ ഒരു ബന്ധത്തിലേര്‍പ്പെടാനൊ, വിവാഹത്തിലല്ലാതെ ഒരു ലൈംഗികാഭിരുചിയില്‍ ഏര്‍പ്പെടാനോ, കഴിയുന്നത് അവര്‍ ബാംഗ്ലൂരോ ഡല്‍ഹിയോ പോലുള്ള കുറച്ചുകൂടി ഉദാരമായ വന്‍ നഗരങ്ങളില്‍ എത്തുമ്പോഴാണ്

സദാചാര പോലീസ് അതിക്രമത്തിനെതിരെ ഞായറാഴ്ച്ച കൊച്ചിയില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ സംഘടിപ്പിച്ച  ‘കിസ് ഓഫ് ലവ്’ പ്രതിഷേധത്തിന്റെ ഏറ്റവും വലിയ വൈരുദ്ധ്യമെന്നത് പ്രതിഷേധക്കാര്‍ ഇരകളായി മാറി എന്നതാണ്.

അതിരുവിട്ട ആണ്‍ പെണ്‍ സൌഹൃദത്തിന്റെ താവളമാണെന്നാരോപിച്ച് കോഴിക്കോട്ടെ ഒരു ഹോട്ടല്‍ ഒരു വലതുപക്ഷ ഹിന്ദു സംഘടന തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

പക്ഷേ പ്രതിഷേധം തുടങ്ങും മുമ്പേ പോലീസ് അവരെ ക്രമസമാധാന പ്രശ്നങ്ങള്‍ കാണിച്ചു പിടികൂടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ സംഘാടകര്‍ തുടങ്ങിയ പ്രചാരണ പരിപാടിക്ക് ദേശത്തും വിദേശത്തും നിന്നു വലിയ  പിന്തുണയാണ് ലഭിച്ചത്.(സംഘത്തിന്റെ ഫെയ്സ്ബുക് പേജിന് ഞായറാഴ്ച്ച വരെ 66,774 ലൈകുകള്‍ ലഭിച്ചു)

പരിപാടിയില്‍ ഇടപെടാന്‍ കേരള ഹൈക്കോടതിയെ വിസമ്മതിച്ചതോടെ, പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധം നടക്കുമെന്നായിരുന്നു പൊതുവേ തോന്നിയിരുന്നത്. കൂടാതെ ‘നിയമവിരുദ്ധ നടപടികള്‍’ ഉണ്ടായാല്‍ മാത്രമേ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കൂ എന്നു സംസ്ഥാന സര്‍ക്കാരും ഉറപ്പ് നല്കിയിരുന്നു.

എന്നാല്‍, പിതൃ മേധാവിത്ത സ്ഥാപനമായ കുടുംബത്തിനപ്പുറം ആണും പെണ്ണും പൊതുവിടങ്ങളില്‍ ഇടപഴുകുന്നതിനെ ഒരുതരം അത്യധികമായ അമര്‍ഷത്തോടെ വെറുക്കുന്ന ചരിത്രമുള്ള ഒരു സംസ്ഥാനത്ത് ഈ പൊള്ളയായ ഉറപ്പൊക്കെ ഇത്തിരി ഉപ്പ് കൂട്ടിയല്ലാതെ വിഴുങ്ങാന്‍ പാടില്ലായിരുന്നു.

വിവാഹിതരായ ആണും പെണ്ണും പോലും പൊതുസ്ഥലത്ത് ഒരുമിച്ചുനിന്നാല്‍ തികച്ചും അപരിചതരോട് പോലും സാധൂകരണം നല്‍കേണ്ട സ്ഥിതിവിശേഷമുള്ള ഒരു സംസ്ഥാനമാണിത് എന്നോര്‍ക്കണം. (കേരളത്തില്‍ മധുവിധുവിന് പോകാനുള്ള എന്റെ പരിപാടി കേട്ടപ്പോള്‍ എന്റെ അച്ഛന്‍ ആദ്യം തന്ന ഉപദേശം ഒരു വിവാഹ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതിക്കോളാനായിരുന്നു.)

ഇതൊക്കെയാണ് സ്നേഹചുംബനത്തിന്റെ സംഘാടകര്‍ ചെയ്തതിനെ ഒരട്ടിമറിയാക്കുന്നത്. നാട്ടിലെ പുരുഷമേധാവിത്ത ഘടന നിശ്ചയിച്ചതിനപ്പുറമുള്ള കാരണങ്ങളാല്‍ പൊതുവിടം പങ്കുവെക്കാന്‍ ആണും പെണ്ണും തയ്യാറാവുന്നൊരു പ്രതിഷേധസമരം.

പരിപാടി ഉണ്ടാക്കിയ ഈ വിധ്വംസ്വക ആകര്‍ഷണമാണ് ഞായറാഴ്ച പ്രതിഷേധസ്ഥലത്തേക്ക് ഒളിഞ്ഞുനോട്ടക്കാരെപ്പോലെ കാഴ്ചക്കാരായി നൂറുകണക്കിനാളുകള്‍ ഒഴുകിയെത്താന്‍ ഇടയാക്കിയതും.

ഓണ്‍ലൈന്‍ പ്രചാരണ ഘട്ടത്തില്‍ സ്ത്രീകളുടെ അഭൂതപൂര്‍വമായ പിന്തുണ ലഭിച്ചെങ്കിലും പ്രതിഷേധ സ്ഥലത്ത് സ്ത്രീകളുടെ എണ്ണം വളരെ കുറഞ്ഞുപോയതിലും അത്ഭുതമില്ല. സാധാരണഗതിയില്‍ ഏത് സ്ത്രീയാണ് അത്യധികം ആഗ്രഹമുണ്ടെങ്കില്‍ പോലും അത്തരമൊരു ആണുങ്ങള്‍ കയ്യടക്കിയ സ്ഥലത്ത് തുറിച്ചുനോട്ടങ്ങളില്‍ കുരുങ്ങിപ്പോകാന്‍ തയ്യാറാവുക?

സത്യത്തില്‍ തിരക്കുള്ള പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ ലൈംഗികമായി കയ്യേറ്റം നടത്തുന്നതിന് കേരളത്തില്‍ ഒരു ചെല്ലപ്പേരുണ്ട്: ജാക്കിവെപ്പ്.  ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ പിന്‍ഭാഗത്തുനിന്നു ഒരു ആണ് തന്റെ ലിംഗഭാഗം അവരുടെ പൃഷ്ഠത്തില്‍ ഉരക്കുന്ന പരിപാടിയാണത്. ഞാനൊരു സ്ത്രീയാണെങ്കില്‍ അത്തരമൊരു സാഹചര്യത്തില്‍നിന്നും ആദ്യം വിട്ടുനില്‍ക്കുക ഞാനായിരിക്കും.

ഇതിനെ കൂടുതല്‍ ജീര്‍ണമാക്കുന്നത് കേരളത്തിലെ ലിംഗ വിവേചന രീതികളാണ്. അത് കുട്ടിപ്രായത്തില്‍ തന്നെ അടിച്ചേല്‍പ്പിച്ചു തുടങ്ങുന്നു. മലപ്പുറത്തെ ഒരു സര്‍ക്കാര്‍  സ്കൂളില്‍ അധ്യാപക-രക്ഷാകര്‍ത്തൃ സമിതി, നഴ്സറി ക്ലാസില്‍ ആങ്കുട്ടികളും പെങ്കുട്ടികളും അടുത്തിടപഴകുന്നു എന്നുപറഞ്ഞു നഴ്സറി പൂട്ടിച്ചു ! അത് വിദ്യാലയങ്ങളില്‍ തുടങ്ങി, കോളേജുകളിലും പൊതുജീവിതത്തിലും, ബസിലെ വെവ്വേറെ ഇരിപ്പിടങ്ങളിലും, വെവ്വേറെ വരികളിലും, ജിമ്മിലെ വ്യത്യസ്ത സമയങ്ങളിലും  ഒക്കെയായി ആണും പെണ്ണുമായി ഒരു ആരോഗ്യകരമായ ബന്ധത്തിന്റെ എല്ലാ സാധ്യതയേയും അസാധ്യമാക്കുന്നു.

കൊച്ചിയിലെ ഭാരത് മാത കോളേജ് ഒരു പടികൂടി കടന്ന് കോളേജ് ബസില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിക്കാന്‍ ഒരു ഇരുമ്പ് വേലിയാണ് പണിഞ്ഞത്. തിരുവനന്തപുരത്തെ അഭിജാത കോളേജായ മാര്‍ ഇവാനിയോസില്‍ പ്രേമസല്ലാപത്തില്‍ ഏര്‍പ്പെടുന്നു എന്നു തോന്നുന്നവരേയും പ്രേമിക്കാന്‍ സ്വകാര്യ ഇടം തേടുന്നവരെയും ഓടിക്കാന്‍ ‘പ്രേമം കൊല്ലി’ എന്ന കാവല്‍ക്കാരെ വെച്ചുകളഞ്ഞു. വടക്കേ ഇന്ത്യയിലെ കലാലയങ്ങളില്‍ സാധാരണമായ ‘dating’ എന്ന ആശയം കേരളത്തിലെ കൌമാരക്കാര്‍ക്ക് തീര്‍ത്തും അന്യമാണ്. മിക്കവര്‍ക്കും സാമൂഹ്യമായ ഭയമോ, അധിക്ഷേപമോ ഇല്ലാതെ ഒരു ബന്ധത്തിലേര്‍പ്പെടാനൊ, വിവാഹത്തിലല്ലാതെ ഒരു ലൈംഗികാഭിരുചിയില്‍ ഏര്‍പ്പെടാനോ, കഴിയുന്നത് അവര്‍ ബാംഗ്ലൂരോ ഡല്‍ഹിയോ പോലുള്ള കുറച്ചുകൂടി ഉദാരമായ വന്‍ നഗരങ്ങളില്‍ എത്തുമ്പോഴാണ്. എം ടി വാസുദേവന്‍ നായര്‍ പറഞ്ഞപോലെ നാട്ടില്‍ ഒതുങ്ങേണ്ടിവരുന്ന നിര്‍ഭാഗ്യവാന്മാര്‍ തങ്ങളുടെ ലൈംഗികതൃഷ്ണയെ അടക്കാന്‍ ഒരു പ്രതികാരവാഞ്ചയോടെ മദ്യപിക്കുന്നു. രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളോഹരി മദ്യ ഉപഭോഗമുള്ള സംസ്ഥാനം കേരളമായതില്‍ അത്ഭുതമുണ്ടോ!

ഇതൊക്കെ ചേര്‍ത്താല്‍ ഒരു മല്ലു പുരുഷന്‍ തെരുവില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതില്‍ അത്ഭുതമില്ല. കാരണം അവിടെ മാത്രമാണ് പെണ്ണുങ്ങളുമായുള്ള അയാളുടെ ഏക ഇടപെടല്‍  നടക്കുന്നത്.

ഒരു കൂട്ടം ചെറുപ്പക്കാര്‍ക്ക് ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ക്രമസമാധാനത്തിന്റെ പേര് പറഞ്ഞു നിഷേധിക്കുകയും വലതുപക്ഷ ഹിന്ദു, മുസ്ലീം സംഘടനകള്‍ക്ക് അഴിഞ്ഞാടാനും ഭീഷണിക്കും ആക്രമത്തിനും  അവസരം നല്കുകയും ചെയ്തതിലൂടെ കേരളം  അതിന്റെ ലൈംഗിക അടിച്ചമര്‍ത്തല്‍ ഒന്നുകൂടി ശക്തമാക്കുക മാത്രമാണ് ചെയ്തത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സംഗീത് സെബാസ്റ്റ്യന്‍

സംഗീത് സെബാസ്റ്റ്യന്‍

ഡല്‍ഹിയില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ മെയില്‍ ടുഡേ ദിനപത്രത്തില്‍ അസി. എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍