UPDATES

കേരളം

ഇത് ഒരു മനോജിന്റെ മാത്രം കഥയല്ല; അടാട്ട് എന്ന നാട് വിസ്മയമാകുന്നതിനെയും കുറിച്ചാണ്

അവനവന് വേണ്ട ഭക്ഷണം പരമാവധി പ്രാദേശികമായി സ്വന്തം സ്ഥലത്തു തന്നെ ഉത്പാദിപ്പിയ്ക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി കാണുന്ന ആളാണ് മനോജ്.

ജീവ ജയദാസ്

ജീവ ജയദാസ്

ഇത്തവണ കാര്‍ഷികോത്സവമായ വിഷുവിന് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ആശയം ജൈവകൃഷിയാണ്. സിപിഎം പോലുള്ള രാഷ്ട്രീയ കക്ഷികള്‍ മുതല്‍ സംസ്ഥാനമൊട്ടുക്കുള്ള ചെറു സംഘങ്ങളും വീടുകളും വരെ ഈ ആശയം രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. പക്ഷേ വിപണനത്തിന്റെ പ്രായോഗികതയിലേക്കെത്തുമ്പോള്‍ ഇത്തരം പദ്ധതികള്‍ക്ക് ചിലപ്പോഴെങ്കിലും കാലിടറാറുണ്ട്. അവിടേക്കാണ് സൈബര്‍ വിപണിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് തന്റെ ജൈവ അരിയുമായി ചൂരക്കാട്ടുകര പറമ്പത്ത് വീട്ടില്‍ മനോജ് എന്ന ചെറുപ്പക്കാരന്‍ രംഗപ്രവേശം ചെയ്യുന്നത്.

മനോജിനെ ഓര്‍മ്മയില്ലേ? രാസവളവും കീടനാശിനിയും ഇല്ലാതെ ജൈവ രീതിയില്‍ വിളയിപ്പിച്ചെടുത്ത നാടന്‍ കൂര്‍ക്ക കഴിഞ്ഞ നവംബറില്‍ സോഷ്യല്‍ മീഡിയയിലൂടെ വിറ്റഴിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച തൃശ്ശൂരുകാരന്‍. ഒരു സാധാരണ കര്‍ഷകന് വിപണി കണ്ടു പിടിക്കാനുള്ള ബുദ്ധിമുട്ടും ഇടനിലക്കാരുടെ ചൂഷണവുമായിരുന്നു ഈ ഉദ്യമത്തിലേക്ക് മനോജിനെ നയിച്ചത്. തൃശൂര്‍ അടാട്ട് ഒമ്പതുമുറി കോള്‍ പടവില്‍ ഉത്പാദിപ്പിയ്ക്കുന്ന തവിട് നീക്കാത്ത ജൈവ അരിയാണ് ഇത്തവണ ഓണ്‍ലൈനിലൂടെ ആവശ്യക്കാര്‍ക്ക് മനോജ് എത്തിയ്ക്കുന്നത്.

അവനവന് വേണ്ട ഭക്ഷണം പരമാവധി പ്രാദേശികമായി സ്വന്തം സ്ഥലത്തു തന്നെ ഉത്പാദിപ്പിയ്ക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി കാണുന്ന ആളാണ് മനോജ്. മനോജിന്റെ അമ്മ ആനന്ദമാണ് ഈ കുടുംബത്തില്‍ സദാസമയവും കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിയ്ക്കുന്നത്. ഒരു പരമ്പരാഗത കാര്‍ഷിക കുടുംബത്തിലെ അംഗമാണ് ആനന്ദം. മനോജിന്റെ അച്ഛന്‍ മോഹന്‍ദാസ് വാട്ടര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥനായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ചതിനുശേഷം അച്ഛനും പാടത്തെത്താറുണ്ടെങ്കിലും അമ്മ തന്നെയാണ് ഒരു മുഴുവന്‍ സമയ കര്‍ഷക. ചെറുപ്പകാലം മുതല്‍ മനോജ് ഒഴിവുസമയം ചെലവഴിച്ചിരുന്നത് ഈ കോള്‍ പടവില്‍ തന്നെയായിരുന്നു. സദാസമയവും തന്റെ കൈവശമുള്ള കാമറയില്‍ പടവിന്റെ ഓരോ മുക്കും മൂലയും ഒപ്പിയെടുത്ത് സൈബറിടത്തിന്റെ വിശാലമായ ലോകത്തേയ്ക്ക് എത്തിയ്ക്കുമായിരുന്നു. ആ ചിത്രങ്ങള്‍ ആസ്വദിച്ച ഒരു കൂട്ടം ആളുകള്‍ തന്നെയാണ് ഇന്ന് മനോജിന്റെ കാര്‍ഷിക സംരംഭകത്വത്തിന്റെ വിജയത്തിനു പിന്നില്‍.

കാര്‍ഷികോത്പാദനവും സമൂഹത്തിലേക്കുള്ള അതിന്റെ ഒഴുക്കും വളരെക്കാലം മുന്‍പ് തന്നെ മനോജ് നിരീക്ഷണ വിധേയമാക്കിയിരുന്നു. അടാട്ട് കോള്‍ പാടത്ത് കഴിഞ്ഞ വര്‍ഷം കൃഷിവകുപ്പിന്റെ സഹായത്തോടെ ജൈവരീതിയില്‍ കൃഷി ചെയ്തിരുന്നു. സ്വന്തം പാടത്ത് വിളയിച്ച കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നത് സംബന്ധിച്ച് സൈബര്‍ ഇടത്തിലുള്ള വിരവധി സുഹൃത്തുക്കളുടെ സഹായം മനോജിനു ലഭിച്ചിരുന്നു. അങ്ങനെ ഒരു പരീക്ഷണമെന്ന നിലയ്ക്കാണ് കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനിലൂടെ കൂര്‍ക്ക വിപണനം നടത്തിയത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇത്തവണ ബാങ്ക് സംഭരിയ്ക്കുന്ന മനോജിന്റെ പാടത്തെ നെല്ലിന്റെ ഒരു ഭാഗം എടുത്ത് സ്വന്തം ഉത്തരവാദിത്വത്തില്‍ പുഴുങ്ങിക്കുത്തി അരിയാക്കി വിപണനം ചെയ്യാന്‍ സജ്ജമാക്കിയതും. ഒരു വര്‍ഷം 10 ടണ്ണോളം നെല്ല് സപ്ലൈകോക്ക് കൊടുക്കാറുണ്ട്. ഇതില്‍ നിന്നും നാലു ടണ്‍ നെല്ലെടുത്താണ് ഈ പരീക്ഷണത്തിനിറങ്ങിയത്. കൂട്ടായ കൃഷിയായതിനാല്‍ ബാങ്കധികൃതര്‍ ഇതിനു സമ്മതിക്കുമോ എന്നു സംശയമുണ്ടായിരുന്നു. പക്ഷേ വളരെ പോസിറ്റീവായിട്ടാണ് അവര്‍ പ്രതികരിച്ചത്.

 

നെല്ല് പുഴുങ്ങി കൊടുക്കാനുള്ള വഴി തേടിയുള്ള അന്വേഷണം മുമ്പേ തുടങ്ങിയിരുന്നു. പല മില്ലുകളുമായും ബന്ധപ്പെട്ടു. സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് പാലക്കാട്ടുള്ള ശിവദാസന്റെ മില്ലില്‍ നെല്ല് എത്തിച്ചത്. നാടന്‍ രീതിയില്‍ ആവിയില്‍ നെല്ല് പുഴുങ്ങി കളത്തില്‍ ഉണക്കി തവിട് അധികം കളയാതെ കുത്തിയെടുത്ത് 10 കിലോ വീതം തുണി ബാഗിലാക്കിയെടുക്കുകയാണ് ചെയ്തത്. കുറെയധികം അളവ് ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴും നൂതന ടെക്‌നോളജി ഉപയോഗിയ്ക്കുമ്പോഴും ചെലവ് വളരെ കുറയ്ക്കാന്‍ സാധിയ്ക്കും. ചെറുകിട ഉത്പാദകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിയ്ക്കാത്തത് ഇവിടെയാണ്. ഒരു കിലോ നെല്ല് കുത്തി അരിയാക്കുന്നതിന് വലിയ മില്ലുകളില്‍ ചിലവാകുന്നതിനേക്കാള്‍ നാലിരട്ടിയോളം ചെലവുണ്ടായി. ഗതാഗത മാര്‍ഗ്ഗങ്ങള്‍ക്കും ഇതുപോലെ പ്രശ്‌നങ്ങളുണ്ടായി. ‘കൂടുതല്‍ അളവ് ചെയ്‌തെങ്കില്‍ മാത്രമേ ഇവിടെയെല്ലാം വരുന്ന നഷ്ടങ്ങള്‍ നികത്താന്‍ കഴിയൂ. എന്റെ മുഴുവന്‍ നെല്ലും അരിയാക്കാതിരുന്നത് ഇതിന്റെ മാര്‍ക്കറ്റ് കണ്ടുപിടിയ്ക്കാന്‍ ബുദ്ധിമുട്ടേണ്ടി വരുമോ എന്നു പേടിച്ചും, കൂടുതല്‍ അളവില്‍ സൂക്ഷിയ്ക്കാനുള്ള സംവിധാനം ഇല്ലാത്തതും കൊണ്ടാണ്. നിലവിലുള്ള അനുഭവങ്ങളില്‍ നിന്നും ഫീഡ് ബാക്കുകളുമൊക്കെ നോക്കി സാധിയ്ക്കുമെങ്കില്‍ അടുത്ത സീസണില്‍ പാടത്തുവിളയുന്ന മുഴുവന്‍ നെല്ലും പ്രോസസ്സ് ചെയ്യണമെന്നാണ് ആഗ്രഹം,’ മനോജ് പറയുന്നു.

ഉത്പന്നം ഉണ്ടാക്കിയിട്ട് വിപണി അന്വേഷിയ്ക്കുന്നതിന് റിസ്‌ക് കൂടുതലായതിനാല്‍ കൊയ്ത്ത് നടക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ അളവ് വാങ്ങാനുള്ള ഓര്‍ഡര്‍ മുന്‍കൂട്ടി ശേഖരിച്ചു. സോഷ്യല്‍ മീഡിയ, പ്രധാനമായും ഗൂഗിള്‍ പ്ലസ്സും, ഫേസ്ബുക്കുമാണ് ആവശ്യക്കാരെ കണ്ടെത്താന്‍ ഉപയോഗിച്ച പ്ലാറ്റ്‌ഫോം. കിട്ടിയ ഓര്‍ഡറില്‍ പകുതിയിലേറെയും തൃശൂര്‍ നഗരത്തില്‍ നിന്നും ലഭിച്ചതുകൊണ്ട് അനാവശ്യ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവ് ഒഴിവാക്കിക്കിട്ടി. 10 കിലോ ബാഗിന് 700 രൂപയാണ് വില. വിളവെടുപ്പിനു ശേഷമുള്ള കാര്യങ്ങളൊക്കെ കൃത്യമായി ക്രമീകരിച്ചാല്‍ പ്രോസസ്സിംഗും പാക്കിങ്ങും ഓര്‍ഡറിനനുസരിച്ചുള്ള വിതരണവും അധികം ബുദ്ധിമുട്ടില്ലാതെ തന്നെ സാധിയ്ക്കുമെന്ന് മനോജ് പറയുന്നു.

‘ഇങ്ങനെ ചെയ്യാനുള്ള ഒരു പ്രധാന കാരണം നമ്മുടെ ഉത്പന്നങ്ങള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ അതിന്റെ ഗുണനിലവാരവും പ്രാധാന്യവും കണ്ടറിഞ്ഞ് വാങ്ങാന്‍ ആളുകള്‍ തയ്യാറാകുന്നില്ല എന്ന അനുഭവമാണ്. പക്ഷേ സോഷ്യല്‍ മീഡിയയിലൂടെ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ നമ്മുടെ സുഹൃത്തുക്കളോ നമ്മളെ അറിയുന്നവരോ അവരുടെ സുഹൃത്തുക്കളോ ഒക്കെയാണ്. ഉത്പന്നത്തിന്റെ വില തന്നെയാണ് വിപണിയിലേയ്ക്കിറങ്ങുമ്പോള്‍ നേരിടുന്ന ഒരു പ്രശ്‌നം. ഉത്പന്നത്തിന്റെ വില നിര്‍ണ്ണയിയ്ക്കാനുള്ള അവകാശം കര്‍ഷകനു തന്നെയായിരിയ്ക്കണം.’ മനോജ് പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് മനോജ് സസൂക്ഷ്മം ഇടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന രണ്ടു മേഖലകളാണ് ഭാഷാകമ്പ്യൂട്ടിങും വിക്കി പീഡിയ പ്രസ്ഥാനവും. രണ്ടും സാധാരണക്കാരനെ സംബന്ധിച്ച് സാങ്കേതികപരമായും അറിവിന്റെ കാര്യത്തില്‍ സ്വതന്ത്രമാക്കപ്പെടുന്നതുമായ ഘടകങ്ങളാണ്. ഇത് കര്‍ഷകരെപ്പോലെ സമൂഹത്തിന്റെ അടിസ്ഥാന വര്‍ഗ്ഗത്തിലേയ്ക്ക് എത്തപ്പെടുമ്പോഴുള്ള മാറ്റവും അവര്‍ക്ക് സ്വതന്ത്രരായി നില്‍ക്കാനുള്ള വിവരാന്വേഷണത്തിന് തുറക്കുന്ന സാധ്യതകളും കൂട്ടായ്മകള്‍ ഉണ്ടാക്കുന്നതിനും ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിയ്ക്കാനുമുള്ള അവസ്ഥയൊക്കെയാണ് ഉറ്റു നോക്കുന്നത്. അതായത് കര്‍ഷകര്‍ തന്നെ അവരുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വിപണിയില്‍ എത്തിയ്ക്കുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദക്ഷിണ കൊറിയയില്‍ ഇങ്ങനെ കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി നല്ല വിലയില്‍ വില്ക്കുന്ന സംരംഭങ്ങള്‍ നിലനിന്നിരുന്നു. അവിടെ കാര്‍ഷിക സര്‍വ്വകലാശാലയുടെ ഒരു ഇന്റര്‍നെറ്റ് വാന്‍ ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേയ്ക്ക് സഞ്ചരിയ്ക്കും. ഓരോ ഗ്രാമത്തിലും ഒരാഴ്ച വാന്‍ ചെലവിടും. കര്‍ഷകരെ എങ്ങനെ ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കാന്‍ സഹായിയ്ക്കാം തുടങ്ങിയ സംഗതികള്‍ പരിശീലിപ്പിയ്ക്കും. പല കര്‍ഷകരും സ്വന്തം വെബ്‌സൈറ്റ് തുറന്ന് തങ്ങളുടെ പാടത്തിലെ നെല്ലും ഫാമിലെ മുട്ടയുമൊക്കെ ഓണ്‍ലൈനില്‍ ആവശ്യക്കാരെ കണ്ടെത്തി വില്ക്കാന്‍ തുടങ്ങി. അങ്ങനെ ഒരു നിശ്ശബ്ദ വിപ്ലവം ദക്ഷിണ കൊറിയയിലെ കാര്‍ഷിക വിപണന രംഗത്ത് അരങ്ങേറിയതായി ടൈം മാഗസിന്‍ 2001-ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജൈവം അമൃതം ഒരു അടാട്ട് മാതൃക
മനോജിന്റെ കഥയില്‍ നിന്ന് പുറത്തിറങ്ങി നോക്കിയാലും പച്ചപ്പിന്റെ ഒരു തൃശ്ശൂര്‍ പൂരം തന്നെയുണ്ട്. നെല്ലും പച്ചക്കറിയും മീനും താറാവും പൂക്കളും ഒരുമിച്ച് ഒരു പാടത്ത് കൃഷി ചെയ്യുന്ന ഒരു നൂതന ജൈവകൃഷി സംരംഭമാണ് മിഷന്‍ അടാട്ട് ജൈവം അമൃതം പദ്ധതി. അടാട്ട് ഫാമേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെയും സംസ്ഥാന കൃഷിവകുപ്പിന്റെയും ഇസാഫിന്റെയും സംയുക്ത സഹകരണത്തോടെ അടാട്ട് ഒമ്പതുമുറി കോള്‍ പടവില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്.

100 ഏക്കര്‍ വരുന്ന അടാട്ട് ഒമ്പതുമുറി കോള്‍ പടവിനു കീഴിലുള്ള 63 ഉടമകളാണ് ഈ കൃഷിയില്‍ പങ്കാളികളായിരിക്കുന്നത്. രാസവളങ്ങളും കീടനാശിനികളും ഉപയോഗിയ്ക്കാതെ പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷി ചെയ്യുന്നതിനുള്ള തീരുമാനം ഇതാദ്യമായിട്ടായിരുന്നില്ല. 2006-2007ല്‍ അടാട്ട് ഫാമേഴ്‌സ് സഹകരണ ബാങ്ക് കീടനാശിനി തളിക്കാതെ ഈ പ്രദേശത്ത് നെല്‍കൃഷി ചെയ്തിരുന്നു. എന്നാല്‍ രാസവളം അപ്പോഴും ഉപയോഗിച്ചിരുന്നതിനാല്‍ ഈ സമയത്ത് കൊയ്ത്ത് കഴിഞ്ഞ് പാടത്തിറങ്ങിയ താറാവുകള്‍ക്ക് രോഗങ്ങള്‍ പിടിപെട്ടു. ഇതേ തുടര്‍ന്നാണ് സമ്പൂര്‍ണ്ണ ജൈവകൃഷി എന്ന ആശയം ഉടലെടുത്തത്. നെല്ലിനോടൊപ്പം മീനുകളും ഓടി നടക്കുന്ന താറാവുകളും പാടവരമ്പത്തെ പച്ചക്കറികളും ബണ്ടുകളിലെ ചെണ്ടുമല്ലി കൃഷിയും എല്ലാം ചേര്‍ന്ന മനോഹരമായ ഒരു കാഴ്ചയാണ് അവിടുത്തേത്. ബാങ്ക് പ്രസിഡന്റ് എം വി രാജേന്ദ്രന്റെ ആശയമായിരുന്നു ഈ സമ്മിശ്ര ജൈവകൃഷി. നെല്‍കൃഷിയില്‍ പല നൂതന ആശയങ്ങള്‍ കൊണ്ടുവരികയും കൃഷി ഒരാഘോഷമായി കൊണ്ടാടുകയും ചെയ്തിരുന്ന ഒരു പ്രസ്ഥാനമാണ് അടാട്ട് ഫാമേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്ക്. പ്രകൃതിയിലെ വിഭവങ്ങള്‍ തന്നെ ഉപയോഗിച്ച് ജൈവകൃഷി ചെയ്യുമ്പോള്‍ അത് പൂര്‍ണ്ണമായും ജൈവം തന്നെയാണെന്ന് മറ്റു ജീവജാലങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇത് തന്നെയാണ് ഈ സംരംഭത്തിന്റെ വിജയത്തിന് തെളിവെന്ന് ബാങ്ക് പ്രസിഡന്റ് രാജേന്ദ്രന്‍ പറയുന്നു.

പായ്‌കോള്‍, നാലുമുറി, പണ്ടാരകോള്‍, പുത്തന്‍കോള്‍, ഒമ്പതുമുറി എന്നിങ്ങനെ ഉള്‍പ്പെടുന്ന അടാട്ട് കോള്‍ പടവില്‍ നാല്പതിലേറെ വര്‍ഷമായി കൃഷി ചെയ്യുന്ന കര്‍ഷകരാണ് ഉള്ളത്. ചാണകപ്പൊടി, ചാരം, പച്ചിലവളം മുതലായ ജൈവ വസ്തുക്കള്‍ ഉപയോഗിച്ച് കോള്‍ നിലത്ത് കൃഷി ചെയ്തിരുന്ന നിരവധി കര്‍ഷകര്‍ ഇന്നും ഇവിടെയുണ്ട്. അന്നത്തെ കാര്‍ഷിക ചട്ടങ്ങള്‍ അനുസരിച്ച് ജൈവകൃഷി ചെയ്തിരുന്ന പല കര്‍ഷകരും പിന്നീട് രാസവളം ഉപയോഗിച്ചുള്ള കൃഷിയിലേയ്ക്ക് ആകൃഷ്ടരായി. എന്നാല്‍ പില്‍ക്കാലത്ത് രാസവള പ്രയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കി തുടങ്ങിയ കര്‍ഷകര്‍ വീണ്ടും ജൈവകൃഷിയിലേയ്ക്ക് തിരിയുകയായിരുന്നു. രാസവളങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്തിരുന്ന പാടങ്ങളില്‍ ജൈവരീതിയില്‍ കൃഷി ചെയ്യുമ്പോള്‍ വിളവിലുണ്ടാകുന്ന വ്യത്യാസങ്ങളെക്കുറിച്ച് കര്‍ഷകര്‍ ആശങ്കാകുലരായിരുന്നു. അതുകൊണ്ടുതന്നെ ഇതെല്ലാം പരിപാലിച്ചു കൊണ്ടുള്ള ഒരു ജൈവരീതിയാണ് കാര്‍ഷിക സര്‍വ്വകലാശാല നിര്‍ദ്ദേശിച്ചത്.

ഈ സമഗ്രമായ കൃഷിരീതി പാടശേഖരത്തിലെ ജൈവാംശം നിലനിര്‍ത്തുന്നതിനും കളകളും കീടങ്ങളും നിയന്ത്രണവിധേയമാക്കുന്നതിനും വെള്ളത്തിലെ ഓക്‌സിജന്റെ അളവ് നിലനിര്‍ത്തുന്നതിനും ഒക്കെ വളരെയധികം സഹായകമായി. ഇവിടത്തെ കര്‍ഷകരുടെ കൂട്ടായ്മ തന്നെയാണ് ഈ ആശയത്തിന്റെ വന്‍ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകം.

ജൈവരീതിയിലുള്ള ഉത്പന്നങ്ങള്‍ക്ക് അമിതമായ വില നല്‍കി വിപണി പിടിച്ചടക്കുന്നതിനുള്ള ഒരു മത്സരം നിലനില്‍ക്കുന്ന കാലമാണിത്. എന്നാല്‍ ഇവിടത്തെ കര്‍ഷകര്‍ക്ക് ഇതില്‍ ഒട്ടും ആശങ്കപ്പെടേണ്ടി വന്നിട്ടില്ല. കാരണം കര്‍ഷകര്‍ക്ക് ഏക്കറിന് 45,000 രൂപ നല്‍കി ബാങ്ക് അവരുടെ വരുമാനത്തിന് ഉറപ്പ് നല്‍കുന്നു. ഇതിനായി 10 പേര്‍ ഉള്‍പ്പെടുന്ന ഒരു കര്‍ഷക കൂട്ടായ്മ രൂപീകരിച്ച് ഈ പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല അവരെ ഏല്‍പ്പിച്ചു. മാര്‍ച്ച് 11-നു പടവുകളില്‍ വിളവെടുപ്പ് ആരംഭിച്ചു. വിളവെടുപ്പ് കാലം കര്‍ഷകര്‍ക്ക് ആഹ്ലാദത്തിന്റെ ദിനങ്ങളായിരുന്നു. നാല് മാസത്തോളം കഠിനാധ്വാനം ചെയ്ത് വളര്‍ത്തിയെടുത്ത നെല്‍ക്കതിരുകള്‍ നൂറ് മേനി വിളവ് നല്‍കുന്ന ഒരപൂര്‍വ്വ കാഴ്ച. കര്‍ഷകരുടെ സാന്നിധ്യത്തില്‍ കൊയ്ത്തു യന്ത്രം ഉപയോഗിച്ചാണ് പാടം കൊയ്തത്. ഏപ്രില്‍ 31നു കൊയ്ത്തവസാനിച്ചപ്പോള്‍ 200 ടണ്‍ നെല്ലാണ് 83 ഏക്കറില്‍ നിന്നും സംഭരിച്ചത്.

നെല്ലിന്റെ വിളവെടുപ്പിനു സമാന്തരമായി കോള്‍ പാടങ്ങളുടെ വരമ്പില്‍ കൃഷി ചെയ്തിരുന്ന പച്ചക്കറികളും വിളവെടുത്തു തുടങ്ങി. രാസവളങ്ങള്‍ ഉപയോഗിയ്ക്കാതെ കൃഷി ചെയ്തതിനാല്‍ പച്ചക്കറികളുടെ വലുപ്പം ഏറെയൊന്നും ഇല്ലെങ്കില്‍ കൂടി ആരോഗ്യപരമായി അവ മികച്ചതു തന്നെയായിരുന്നു. പയറും, പാവലും, പടവലവുമെല്ലാം ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വിപണനത്തിന് സജീവമായിരുന്നു.

2006-2007 കാലഘട്ടങ്ങളില്‍ ജൈവകൃഷിയുടെ സാധ്യതകള്‍ തുറന്നുവന്ന സമയം യൂറോപ്യന്‍ മാര്‍ക്കറ്റുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഉത്പന്നങ്ങളുടെ വിപണി നിര്‍ണ്ണയിച്ചിരുന്നത്. ഇന്ത്യയില്‍ ജൈവ ഉല്പന്നങ്ങള്‍ക്ക് അതര്‍ഹിയ്ക്കുന്ന രീതിയില്‍ വിപണി കണ്ടെത്താന്‍ അക്കാലത്ത് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന്, ജീവിതശൈലീ രോഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഗുണമേന്മയ്ക്ക് ആളുകള്‍ വളരെയധികം മുന്‍ഗണന നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ ജൈവ ഉത്പന്നങ്ങളുടെ ആവശ്യകതയും കൂടി വരികയാണ്. ജൈവ ഉത്പന്നങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ ആണ് ഈ രംഗത്തെ പ്രധാന ഒരു കടമ്പ. അഗ്രിക്കള്‍ച്ചര്‍ എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് കൗണ്‍സിലാണ് ഇത് വെരിഫൈ ചെയ്യുന്നത്.

ഫലഭൂയിഷ്ഠമായ ഈ കോള്‍ പാടത്ത് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹത്തോടെ ഈ പദ്ധതിയുമായി സഹകരിയ്ക്കാന്‍ കൃത്യമായ പ്രായോഗിക ആശയങ്ങള്‍ തയ്യാറാക്കി വരുന്ന മനോജിനെപ്പോലെയുള്ള യുവതലമുറയെ പ്രോത്സാഹിപ്പിയ്ക്കുന്നതിന് ജൈവം അമൃതമെന്ന ഈ പദ്ധതി വളരെയധികം സഹായകമാണ്. ഒരു സമൂഹത്തെ മുഴുവന്‍ വിശ്വാസമെടുത്ത് നടത്തിയ ഈ കാര്‍ഷിക സംരംഭം നാളിതുവരെ നാം മനസ്സില്‍ കരുതിയ ഒരു സുസ്ഥിര വികസന മാതൃകയ്ക്ക് ഉദാഹരണമായി മാറുകയാണ്.

(2015 ഏപ്രില്‍ 15നു പ്രസിദ്ധീകരിച്ചത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍