UPDATES

അഴിമുഖം ക്ലാസിക്സ്

‘പോണ്‍ ക്വീന’ല്ല; സണ്ണി ലിയോണ്‍ എന്ന റോള്‍മോഡല്‍

സത്യസന്ധമായ മാര്‍ഗങ്ങളിലൂടെ പണമുണ്ടാക്കി, സ്വന്തം വഴിയില്‍ ജീവിച്ച, അതേപ്പറ്റി പരാതിയോ കുറ്റബോധമോ ഇല്ലാത്ത, പിന്നീട് അവിശ്വസനീയമാം വിധം ജീവിതത്തെ മാറ്റിയെടുത്ത യുവതിയാണ് സണ്ണി

സണ്ണി ലിയോണ്‍, തുഷാര്‍ കപൂര്‍, വീര്‍ ദാസ് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹിന്ദി ചലച്ചിത്രം ‘മസ്തിസാദെ’ വെള്ളിയാഴ്ച പുറത്തിറങ്ങുകയാണ്. മറ്റേതൊരു ചിത്രവുമെന്നപോലെ ഈ ചിത്രത്തിലെയും താരങ്ങള്‍ റിലീസിനു മുന്‍പുള്ള ആഴ്ച അഭിമുഖങ്ങള്‍ നല്‍കിയും ബിഗ് ബോസില്‍ പ്രത്യക്ഷപ്പെട്ടും ചിത്രത്തിന്റെ പ്രചാരണത്തിരക്കിലായിരുന്നു.

ചലച്ചിത്രങ്ങളുടെ പ്രമോഷനുകള്‍ സാധാരണ ന്യൂസ് ചാനലുകളുടെ ബോളിവുഡ് ഷോകളിലാണ് പ്രത്യക്ഷപ്പെടുക. എന്നാല്‍ ഇത്തവണ അങ്ങനെയായിരുന്നില്ല. സൂപ്പര്‍ താരങ്ങളൊന്നുമില്ലാത്ത ഈ ചിത്രത്തിനുവേണ്ടി സണ്ണി ലിയോണുമായി അഭിമുഖസംഭാഷണം നടത്തിയത് സിഎന്‍എന്‍-ഐബിഎന്‍, എന്‍ഡിടിവി, 24×7 എന്നിവരാണ്.

‘ദ് ഹോട്ട് സീറ്റ് വിത്ത് ഭൂപേന്ദ്ര ചൗബെ’യില്‍ 30 മിനിറ്റ് പ്രത്യക്ഷപ്പെട്ട സണ്ണിക്ക് എന്‍ഡിടിവിയില്‍ ശേഖര്‍ ഗുപ്തയ്‌ക്കൊപ്പം ‘വാക്ക് ദി ടോക്കി’ലായിരുന്നു അവസരം. സ്ത്രീവിദ്വേഷവും പിന്തിരിപ്പന്‍ ചിന്താഗതിയും അലയടിച്ച ഒന്നായിരുന്നു സിഎന്‍എന്‍-ഐബിഎന്നിലെ ഹോട്ട് സീറ്റ്.

വൈകി വായന തുടങ്ങിയവര്‍ക്കുവേണ്ടി അല്‍പം പിന്നണി വിവരങ്ങള്‍: പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വിദേശ ചലച്ചിത്രവിപണിയിലെ ഇന്ത്യന്‍ വംശജയായ താരമായിരുന്നു സണ്ണി ലിയോണ്‍. യഥാര്‍ത്ഥ പേര് കരന്‍ജിത് കൗര്‍ വോറ.

നാലുവര്‍ഷം മുന്‍പ് ബിഗ് ബോസിലെത്തിയതോടെയാണ് ഇന്ത്യയില്‍ സണ്ണി ജനപ്രീതി നേടിയത്. ഇപ്പോള്‍ ഹിന്ദി ചലച്ചിത്ര താരവും ഇന്ത്യയില്‍ ഏറ്റവുമധികം ഗൂഗിള്‍ ചെയ്യപ്പെടുന്ന വ്യക്തിയുമാണ് ഇവര്‍.

മുഖ്യധാര മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ പ്രധാനപരിപാടികളില്‍ അവരെ ഇന്റര്‍വ്യൂ ചെയ്യുന്നു എന്നതുതന്നെ അവരുടെ വാര്‍ത്താപ്രാധാന്യം വ്യക്തമാക്കുന്നു. സണ്ണിയുടെ അഭിമുഖം സംപ്രേഷണം ചെയ്യുന്നതുവഴി മാധ്യമങ്ങള്‍ കാഴ്ചക്കാരെ ഉറപ്പാക്കുന്നുവെന്നും പറയാം.

കുറ്റവാളിയോ മതഭ്രാന്തനോ അല്ലാത്ത ഒരാളെ അഭിമുഖമെന്ന പേരില്‍ വിളിച്ചുവരുത്തി അപമാനിക്കുന്നതെന്തിന് എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. സിഎന്‍എന്‍ ഐബിഎന്നിലെ ഭൂപേന്ദ്ര ചൗബെ ഉത്തരം പറയാന്‍ ബാധ്യസ്ഥനായ ചോദ്യം.

ചൗബെയുടെ ചോദ്യങ്ങള്‍ ഇങ്ങനെയായിരുന്നു.

*നിങ്ങളെപ്പറ്റിയുള്ള മോശം പരാമര്‍ശങ്ങള്‍ വിഷമിപ്പിക്കാറുണ്ടോ?
*പല താരങ്ങളും നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യാന്‍ മടിക്കുന്നു. ഇതേപ്പറ്റി എന്തുതോന്നുന്നു?
*ആമിര്‍ ഖാനൊപ്പം ജോലി ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യാന്‍ ആമിര്‍ ഖാന് താല്‍പര്യമില്ല. നിങ്ങള്‍ക്ക് എന്തു തോന്നുന്നു.
*പോണ്‍ രാജ്ഞിയെന്ന നിങ്ങളുടെ ഭൂതകാലം നിങ്ങളെ വേട്ടയാടുകയും പിന്നിലേക്കു വലിക്കുകയും ചെയ്യുമെന്നകാര്യത്തില്‍ നിങ്ങള്‍ക്കു വിഷമമില്ലേ?
*സമയത്തെ പിന്നോട്ടാക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ നിങ്ങള്‍ ചെയ്തിരുന്ന കാര്യങ്ങള്‍ വീണ്ടും ചെയ്യുമോ?
*വിഷമിപ്പിക്കുന്നുവെങ്കില്‍ ക്ഷമിക്കുക, പക്ഷേ എത്ര ആളുകള്‍ പോണ്‍ താരമാകണമെന്ന് ആഗ്രഹിക്കും?
*സണ്ണി ലിയോണ്‍ ഒരു ബ്രാന്‍ഡ് അംബാസഡറാകുന്നത് ഇന്ത്യയെ സംബന്ധിച്ച് അപകടകരമാണെന്ന് പലരും കരുതുന്നു.
*സമൂഹമാധ്യമങ്ങളില്‍ വിവാഹിതരായ വനിതകള്‍ സണ്ണിയെ ഭീഷണിയായി കാണുന്നു. ഭര്‍ത്താക്കന്മാരെ നിങ്ങള്‍ അവരില്‍നിന്ന് അകറ്റുമെന്നു കരുതുന്നു. ഇതേപ്പറ്റിയൊന്നും ചിന്തയില്ലേ?

അവസാനത്തെ ആണി ഇതൊന്നുമായിരുന്നില്ല. ‘ നിങ്ങളോടു സംസാരിക്കുന്നതുമൂലം ധാര്‍മികമായി അധപതിക്കുന്നുവോ എന്നു ഞാന്‍ ഭയക്കുന്നു’ എന്ന ചൗബെയുടെ പ്രസ്താവനയാണത്. സണ്ണി ഒരല്‍പം അസഹിഷ്ണുത കാണിച്ചതും ഇതിനോടാണ്. ‘അങ്ങനെ തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്കു പോകാം’ എന്ന് മര്യാദ വിടാതെതന്നെ അവര്‍ പറയുകയും ചെയ്തു.

ചോദ്യങ്ങള്‍ ശ്രദ്ധിക്കണമെങ്കില്‍ ആദ്യം ചൗബെയുടെ ഭാവങ്ങളും ആംഗ്യങ്ങളും കടക്കേണ്ടിയിരുന്നു. എല്ലാ ചോദ്യങ്ങളും അഹങ്കാരവും പുച്ഛവും നിറഞ്ഞ ചിരിയുടെ അകമ്പടിയോടെയായിരുന്നു. മുഖഭാവവം മേല്‍ക്കോയ്മ നിറഞ്ഞതും.

‘മസ്തിസാദ’യുടെ നിര്‍മാതാവ് പ്രിതീഷ് നന്ദിയോടോ ‘ക്യാ കൂള്‍ ഹെ ഹം’ നിര്‍മാതാവ് ഏക്താ കപൂറിനോടോ ചൗബെ ഈ വിധത്തില്‍ സംസാരിക്കുമോ? അതുമല്ലെങ്കില്‍ തബു, കരിഷ്മ കപൂര്‍, മാധുരി ദീക്ഷിത് തുടങ്ങി ആരോടെങ്കിലും ‘ചുംബനങ്ങളും ചടുലനൃത്തങ്ങളും വര്‍ണവസ്ത്രങ്ങളും നിറഞ്ഞ ആദ്യകാല ചിത്രങ്ങളെപ്പറ്റി നാണക്കേട് തോന്നുന്നുണ്ടോ’ എന്നു ചോദിക്കാന്‍ ചൗബെ ധൈര്യപ്പെടുമോ?

ഇല്ല.

എന്തുകൊണ്ട്?

ഇത് അധികാരത്തിന്റെ പ്രകടനമായിരുന്നു. ചൗബെയുടെ മുന്നിലിരിക്കുന്നത് തന്റെ ആദ്യ പ്രധാന ഹിന്ദിസിനിമയെ പ്രമോട്ട് ചെയ്യുക എന്ന ചുമതലയുള്ള ഒരു ചെറുപ്പക്കാരിയാണ്. സ്റ്റുഡിയോയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ അവര്‍ക്കാവില്ലെന്ന് ചൗബെയ്ക്ക് അറിയാം. ഒരു പോണ്‍ സ്റ്റാറിനെക്കാള്‍ മിടുക്കനാണ് താനെന്ന് ചൗബെ കരുതുകയും ചെയ്യുന്നു.

എല്ലാ ചോദ്യങ്ങള്‍ക്കും മര്യാദയോടെയും യുക്തിഭദ്രമായും സണ്ണി നല്‍കിയ മറുപടികള്‍ ചൗബെയുടെ മിക്ക ചോദ്യങ്ങളും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തവയായിരുന്നു എന്നു വ്യക്തമാക്കി. ആമിര്‍ ഖാനെപ്പറ്റിയുള്ള ചോദ്യം ഉള്‍പ്പെടെ പലതും ചോദ്യകര്‍ത്താവിന്റെ സങ്കല്‍പങ്ങളായിരുന്നു എന്നു തെളിയിച്ചത് അഭിനന്ദനം അര്‍ഹിക്കുന്നു.

അഭിമുഖം പാതിവഴി ഉപേക്ഷിക്കുകയോ ചൗബെയുമായി വഴക്കിടുകയോ ചെയ്യാതിരിക്കാന്‍ ചെറുതല്ലാത്ത ആത്മവിശ്വാസവും ക്ഷമയും ഉണ്ടായേ തീരൂ. അവസാനഘട്ടത്തില്‍ മുഖത്ത് അസ്വസ്ഥത പ്രകടമായിരുന്നെങ്കിലും അലോസരമുണ്ടാക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം പുഞ്ചിരിയോടെ ഉത്തരം പറഞ്ഞാണ് സണ്ണി അഭിമുഖം പൂര്‍ത്തിയാക്കിയത്.

സണ്ണിയെ വിശേഷിപ്പിച്ചതുപോലെ ഒരു ‘പോണ്‍ ക്വീനി’നെക്കാള്‍ ധാര്‍മികമായി മുകളിലാണ് താനെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നോ ചൗബെ? അതോ അവരെ അപമാനിക്കാനായിരുന്നോ ശ്രമം?

സണ്ണി വിശദീകരിച്ചതുപോലെ പോണ്‍ മേഖലയില്‍ ജോലി ചെയ്യാന്‍ അവരെ ആരും നിര്‍ബന്ധിച്ചില്ല. പണമുണ്ടാക്കാനും കുടുംബത്തെ താങ്ങിനിര്‍ത്താനും വേണ്ടിയാണ് അവരതു ചെയ്തത്. അനേകം മാധ്യമങ്ങളിലെ മിക്ക ജേണലിസ്റ്റുകളും ജോലി ചെയ്യുന്നത് ഇതിനുവേണ്ടിത്തന്നെ.

നിങ്ങള്‍ പോണ്‍ അനുകൂലിയോ പ്രതികൂലിയോ എന്നതല്ല കാര്യം. സത്യസന്ധമായ മാര്‍ഗങ്ങളിലൂടെ പണമുണ്ടാക്കി, സ്വന്തം വഴിയില്‍ ജീവിച്ച, അതേപ്പറ്റി പരാതിയോ കുറ്റബോധമോ ഇല്ലാത്ത, പിന്നീട് അവിശ്വസനീയമാം വിധം ജീവിതത്തെ മാറ്റിയെടുത്ത യുവതിയാണ് സണ്ണി. കാനഡയില്‍ ജനിച്ചുവളര്‍ന്ന് പോണ്‍ താരമായി ജീവിച്ചു. ഇന്ത്യയിലേക്കു വന്ന് ജനപ്രീതി നേടി. ഹിന്ദി ചലച്ചിത്രങ്ങളില്‍ അഭിനേത്രിയായി. താമസിയാതെ ഗ്രന്ഥകര്‍ത്താവാകും. ഇതെല്ലാം 35 വയസിനുള്ളിലാണ് എന്നും ഓര്‍ക്കുക.

ഗുപ്തയും ചൗബെയും ചൂണ്ടിക്കാണിച്ചതുപോലെ നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സണ്ണി ഏറ്റവുമധികം ഗൂഗിള്‍ ചെയ്യപ്പെടുന്ന വ്യക്തിയാണ്. അങ്ങനെയുള്ള ഒരാളെ അഭിമുഖത്തിനു ക്ഷണിക്കുമ്പോള്‍ മറ്റ് ബോളിവുഡ് അഭിനേതാക്കള്‍ക്കും അഴിമതി നിറഞ്ഞ രാഷ്ട്രീയക്കാര്‍ക്കുപോലും കൊടുക്കുന്ന അതേ ബഹുമാനം കൊടുത്തേ തീരൂ.

സിഎന്‍എന്‍-ഐബിഎന്‍ അഭിമുഖത്തില്‍ പ്രകടമായിരുന്ന വിധിതീര്‍പ്പ് തീര്‍ച്ചയായും ഒഴിവാക്കേണ്ടിയിരുന്നു. അസ്ഥാനത്തുള്ള സദാചാരപ്രസംഗവും കടുത്ത സ്ത്രീവിദ്വേഷവുമാണ് അതില്‍ നിറഞ്ഞുനിന്നത്. അഭിമുഖത്തില്‍ ഉടനീളം അന്തസും ആത്മവിശ്വാസവും നഷ്ടപ്പെടാതെ സൂക്ഷിച്ച സണ്ണി ലിയോണിനെ പ്രശംസിച്ചേ മതിയാകൂ. ലോകത്ത് ലിംഗവിവേചനവും പുരുഷവീരസ്യവും കൊണ്ട് പീഡനം അനുഭവിക്കുന്ന എല്ലാ വനിതകളുടെയും റോള്‍ മോഡലാകാന്‍ ഹോട്ട് സീറ്റിലെ മിന്നുന്ന പ്രകടനം സണ്ണി ലിയോണിനെ യോഗ്യയാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍