പക്ഷേ നല്ല കാലാര്ന്ന്. ഷുഗറൂല്ല്യ. ഈ ഡാക്ടര്‍ മാത്രമല്ല, ആസ്പത്രീളുല്ല്യ. പ്പന്താ കഥ! കലികാലം തന്നെ കലികാലം
എന്റെ സുഹൃത്തിന്റെ വല്ല്യമ്മയെ കാണാന്‍ ഞാനും സുഹൃത്തും പോകുകയാണ്. ഞാന്‍ എം.ബി.ബി.എസിന് പഠിക്കുമ്പോള്‍ മിക്ക ദിവസവും വല്ല്യമ്മയുടെ ഭക്ഷണമാണ് വൈകിട്ട്. വലിയ സ്‌നേഹക്കാരിയാണ്. ഇപ്പോള്‍ തൊണ്ണൂറു വയസ്സായി. പത്തിരുപത് വര്‍ഷമായി നേരില്‍ കണ്ടിട്ട്.
”തൊണ്ണൂറു വയസ്സായിട്ടും ഒരു കുഴപ്പവുമില്ലന്നേ.” എന്റെ ഭാര്യ പറഞ്ഞു. ”പണ്ടൊക്കെ അങ്ങനെയാ. ഈ അസുഖങ്ങളൊന്നുമില്ല. പ്രതിരോധ കുത്തിവയ്പ്പൂല്ല, ഒന്നൂല്ല. എന്നിട്ടും അല്ലേ.”
ഞാന്‍ മിണ്ടിയില്ല. രാവിലെ ജോസഫ് തെക്കുംചേരിയുടെ ‘രോഗമില്ലാത്ത ഇന്നലെകള്‍ – കുത്തിവെയ്പ്പും തട്ടിപ്പും’ എന്ന ലഘുലേഖ അവള്‍ വായിക്കുന്നത് ഞാന്‍ കണ്ടതാണ്.
വല്ല്യമ്മ കാര്യമായി ഞങ്ങളെ സ്വീകരിച്ചിരുത്തി. വലിയ കുഴപ്പമൊന്നുമില്ല. പഴയ തലമുറയുടെ ഒരു ആരോഗ്യമേ! ഞാന്‍ കുറച്ചു കാര്യമായി ചോദ്യങ്ങള്‍ ആകാമെന്നു വച്ചു. ഒരു നൂറ്റാണ്ടോളമുള്ള ഓര്‍മ്മകള്‍ വേസ്റ്റാക്കരതുല്ലോ.
”നല്ല മിടുക്കിയായിരിക്കണ്ട്, വല്ല്യമ്മ” ഞാന്‍ പറഞ്ഞു.
”ക്കെ, ഭഗവാന്റെ അനുഗ്രഹാന്റെ കുട്ട്യേ. ഇന്നുവരെ ഒരു പ്രശ്‌നോണ്ടായിട്ടില്ല്യ.”
”ഞാനീ പഴേ കാലത്തെ ആളാണേ.”
അതുപിന്നെ പറയണ്ടല്ലോ.
വല്ല്യമ്മ തുടര്‍ന്നു: ”എനിക്ക് ഷുഗരൂല്ല്യ. പ്രഷറൂല്ല്യ. അന്നൊന്നും അങ്ങനെത്തെ അസുഖോന്നുല്ല്യ. ഇന്നൊക്കെ എല്ലാര്‍ക്കും അതന്നെ. എന്തോരം മരുന്നാ കഴിക്കണേ. കലികാലം ന്നെ.”
”സമ്മതിച്ചു. വല്ല്യമ്മേ മാത്രല്ല, ഏഴു പിള്ളേരാണ് വളര്‍ത്തിരിക്കുന്നത്.” ഞാന്‍ ഭാര്യയോട് പറഞ്ഞു.
”അല്ല പിന്നെ. കുത്തിവയ്പ്പൂല്ല്യ. ഒരു കുന്തോല്ല്യ. പിന്നെ ഞാന്‍ പതിനൊന്ന് പ്രസവിച്ചിട്ടുണ്ട്ടാ. നാലെണ്ണം ചെറുപ്പത്തിലേ മരിച്ചു.”
”ഓഹോ… എന്തൂട്ടാ പറ്റ്യേ?”
”ഓ… ഓരോ ബാലവ്യാധ്യോള്. തളര്‍ച്ചപ്പനി കാരണം അന്ന് കൊറേണ്ണം പോവും. പിന്നെ അതിസാരോം… അങ്ങനൊക്കെ എന്നാലെന്നാ. ഏഴെണ്ണം നല്ല അടിപൊള്യായിട്ട് വന്നില്ല്യേ?” വല്ല്യമ്മ ചിരിച്ചു.
”ഈ പോളിയോ, ഡിഫ്തീരിയ അതൊക്കെ…?”
”അതൊന്നും അന്നില്ല്യാന്ന് ഈ ചെക്കനോടല്ലേ പറഞ്ഞേ. അല്ലേലും പണ്ടേ നീ ഇങ്ങന്യാ. കേട്ടോ മോളേ. എങ്ങന്യാ.. ഇവനെ സഹിക്കണേ..”
”ഭയങ്കര ബുദ്ധിമുട്ടാ.” ഭാര്യ ചിരിച്ചു. ഞാന്‍ ഒരു മഞ്ഞച്ചിരി വരുത്തി. കുറേനേരം പിന്നൊന്നു മിണ്ടിയില്ല. വല്ല്യമ്മയ്ക്ക് ഉഷാറിന് കുറവൊന്നുമില്ല.
”ഞാന്‍ തന്നെ ഒക്കത്തിനേം വളര്‍ത്ത്യേ. ഭര്‍ത്താവ് നേരത്തെ മരിച്ചേ. വല്ല്യ വക്കീലായ്‌ര്ന്ന്. നാല്‍പതാവുമ്പഴക്കും പോയി. ക്ഷയാരുന്നു, ക്ഷയം. അന്നൊക്കെ കുറേ ആള്‍ക്കാര് ക്ഷയം വന്ന് പടാവ്വാര്‍ന്ന്”
”പടാ?” ഞാന്‍ ചോദിച്ചു.
”ങാ, പടം. പടാവ്വാര്‍ന്നന്ന്. തൃശ്ശൂര്‍ ബാഷക്കെ മറന്ന്വേ മോനേ?” ഞാന്‍ ഇല്ലെന്ന് തലയാട്ടി.
”വല്ല്യമ്മയ്ക്ക് ഈ തൊണ്ണൂറായിട്ടും അസുഖോന്നുണ്ടായിട്ടില്ല്യല്ലോ. ഭയങ്കരം തന്നെ.” ഞാന്‍ പറഞ്ഞു.
”അതേതെ. നാലാളുടെ പണി ചെയ്യ്യേ. ഇന്നത്തെ പെണ്ണുങ്ങളെപ്പോലെ മടിയൊന്നൂല്ല്യേ.”
ഞാന്‍ ഭാര്യയെ നോക്കി. ചിരിച്ചൊന്നുമില്ല. നമുക്കും ജീവിക്കണ്ടേ?
”പിന്നെ, ഞാനൊരു പത്തുമുപ്പത്തഞ്ച് വയസ്സായപ്പോ ഒരു പനിവന്നു. കിടപ്പിലാ ആയി. ചാവേണ്ടതായിര്ന്ന്. ടൈഫോയിഡായ്‌ര്‌ന്നെന്നാ ഡാക്ടര്‍ ശങ്കരമേനോന്‍ പറഞ്ഞേ. ഒരു മാസം കെടന്നു. അന്നൊക്കെ ടൈഫോയിഡായിട്ട് കോറേണ്ണം…”
”പടാവും?” ഞാന്‍ ചോദിച്ചു.
”അതന്നേ.” വല്യമ്മ പറഞ്ഞു. ”എന്റനീത്തി. ടൈഫോയിഡായിട്ടാ പൊയ്യേ. പാവം.”
”പിന്നെന്റെ അമ്മാവന്റെ മോള്. എന്റെ പ്രായാര്ന്ന്. രണ്ടാമത്തെ പ്രസവത്തിലാ പോയി. ബ്ലീഡിംഗാര്ന്ന്.” വല്ല്യമ്മ കൊറച്ചുനേരം മിണ്ടാതിരുന്നു.
”വല്ല്യമ്മേടെ അച്ഛനും ഒക്കെ. കൃഷി മുതലാളികളാര്ന്നല്ലേ?”
”അതെതെ, അച്ഛന്‍ അമ്പതുവയസ്സുവരെ എന്താര്ന്ന് പണി. കെളേം നടീലും തന്നെ. പെട്ടെന്നൊരു നെഞ്ചുവേദന. അപ്പത്തന്നെ മരിച്ചു.”
”ങേ! ആള്‍ക്ക് പ്രഷറോ, പ്രമേഹമോ ണ്ടാര്‍ന്നവോ?”
”അതൊന്നും അന്നില്ലാര്‍ന്നെന്ന് പറഞ്ഞില്ലേ ചെക്കാ. അന്നാരാ ദൊക്കെ നോക്കണേ? നീ എന്തൂട്ട് ഡോക്ടറണ്‍ടാ. മണ്ടന്‍ കൊണാപ്പീ. ഈ വെവരോല്ല്യാത്തോനെ എന്തൂട്ടാ ചെയ്യാ മോളേ?” വല്ല്യമ്മ എന്റെ ഭാര്യയെ നോക്കി.
”പ്രകൃതി ചികിത്സ പഠിക്കാന്‍ പൊവ്വാന്നാ വല്ല്യമ്മേ പറഞ്ഞത്?” ഭാര്യ പറഞ്ഞു. ”കാശു നല്ലോണംണ്ടാക്കാം. റിസ്‌കൂല്ല്യാത്രേ.”
”അത് ശര്യാ.” വല്ല്യമ്മ പറഞ്ഞു. ”ഇതിനാണെങ്കി ഇത്രേം പഠിക്കണ്ടീര്ന്നില്ല്യ. മ്മടെ തെക്കുംചേരീന്റെ ഏഴു ദെവസം പഠനത്തിന് പോയാപ്പോരായിര്ന്നാ?”
”നമുക്ക് പോവാം.” ഞാന്‍ എണീറ്റു.
വല്ല്യമ്മ എണീറ്റു. കൈയില്‍ അങ്ങിങ്ങായി കുറേ പാടുകള്‍. ഊന്നുവടിയെടുക്കാന്‍ കണ്ടതാണ്. ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. ഞാന്‍ പതുക്കെ തൊട്ടുനോക്കി.
”വസൂര്യക്കലേണ്. അതൊക്കെ എന്തോരെണ്ണാ. പടായിര്‌ന്നേന്നറ്യേ? എല്ലാം ഭഗവാന്റെ ലീലാവിലാസം.”
“പക്ഷേ നല്ല കാലാര്ന്ന്. ഷുഗറൂല്ല്യ. ഈ ഡാക്ടര്‍ മാത്രമല്ല, ആസ്പത്രീളുല്ല്യ. പ്പന്താ കഥ! കലികാലം തന്നെ കലികാലം.”
വല്ല്യമ്മ മൂക്കത്തു വിരല്‍ വച്ചു.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)