UPDATES

അഴിമുഖം ക്ലാസിക്സ്

ഹിന്ദു ഐക്യ വേദിക്ക് താല്‍പ്പര്യമില്ലാത്ത മാവേലി; മിത്തുകളെ മാറ്റിമറിക്കുന്ന ഫാഷിസ്റ്റ് രീതികള്‍

തൃക്കാക്കരയപ്പന്‍ സവര്‍ണരുടെ മാത്രം ദൈവമായിരുന്നു

(തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതി മണ്ഡപം സ്ഥാപിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മണ്ഡപ നിര്‍മ്മാണം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ തല്‍ക്കാലം ഇടപ്പെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അസുരഗണത്തില്‍ പെടുന്ന ചക്രവര്‍ത്തി ദേവഗണത്തില്‍ പെടുന്ന വാമനമൂര്‍ത്തിയുടെ ക്ഷേത്രത്തില്‍ പാടില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്. ഈ പശ്ചാത്തലത്തില്‍ 2016 സെപ്തംബര്‍ 18നു അഴിമുഖം പ്രസിദ്ധീകരിച്ച പുതിയ വാമനന്റെ അവതാര ലക്ഷ്യമെന്ത്? എന്ന ലേഖനം അഴിമുഖം ക്ലാസിക്കായി പുനഃപ്രസിദ്ധീകരിക്കുന്നു.)

മിത്തുകളെ സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി രൂപമാറ്റം ചെയ്യുക എന്നത്  അധിനിവേശത്തിന്റെ, ഫാഷിസത്തിന്റെ സ്ഥിരം രീതിയാണ്. ശിവനും കാളിയും കിരാതനും (വേട്ടയ്ക്കൊരു മകൻ) പോലുള്ള ദൈവങ്ങളെയും കൊടുങ്ങല്ലൂര്‍, ശബരിമല, കരുമാടിക്കുട്ടന്‍, കൂടല്‍ മാണിക്യം തുടങ്ങി നിരവധി ആദിദ്രാവിഡ ജൈന ബൌദ്ധ ദേവാലയങ്ങളും ആര്യവല്‍ക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ തട്ടി എടുത്തവയെ ഇവര്‍ ശുദ്ധീകരിക്കുന്നു. മൃഗത്തോൽ ഉടുക്കുന്നവന്‍,  ഡമരു കൊട്ടുന്നവൻ, മാംസം ഭക്ഷിക്കുന്നവൻ, കാളി, കൂളി, വേതാളങ്ങളുടെ തലവൻ. ഇതൊന്നും  ആര്യബ്രാഹ്മണ ദേവന്മാരുടെ രൂപത്തിന് ചേർന്നതല്ല. തൃശൂലം തന്നെ മറ്റൊരു ദേവനും ആയുധമല്ല. കാളിയും ഇങ്ങനെ സ്വീകരിക്കപ്പെട്ടതാണ്. ശ്രീനാരായണഗുരു പ്രതിഷ്ഠിച്ചത് ശിവനെ ആയിരുന്നു എന്നത് ഒരു  ആകസ്മികത ആയിരുന്നില്ല. ആദിമ സമൂഹങ്ങളിൽ ഇവർക്കുള്ള വിശ്വാസം തകർക്കാൻ കഴിയാതെ വന്നപ്പോൾ ആ ദൈവങ്ങളെ ഏറ്റെടുത്തു. കറുത്ത കൃഷ്ണൻ പോലും അങ്ങനെ വന്നതല്ലേ എന്ന് സംശയിക്കണം. വിഷ്ണുവിന്റെ അവതാരങ്ങളാക്കി ഇവരെ പലരെയും  മാറ്റി. ഭാഗവതം അതിനായി രചിക്കപ്പെട്ടതാണ് എന്ന് വ്യക്തം. എല്ലാറ്റിനെയും കൂട്ടി ഇണക്കുന്ന ഒന്ന്. പാലിയിലും മറ്റും ചരിത്ര രേഖകൾ ഉള്ളതിനാൽ ബുദ്ധനെ അവതാരമാക്കാനുള്ള ശ്രമം വേണ്ടത്ര വിജയിച്ചില്ല എന്ന് മാത്രം. തങ്ങള്‍ക്ക് ഒതുക്കാന്‍ കഴിയാത്ത കറുത്ത(വരുടെ) ദൈവങ്ങളെ ഒന്നുകില്‍ നശിപ്പിക്കും. അതിനും കഴിയില്ലെങ്കില്‍ ദുര്‍ദേവതകളാക്കി അകറ്റി നിര്‍ത്തും. നമ്മുടെ കറുത്ത ദൈവങ്ങളെ കൊല്ലുന്ന തമ്പ്രാന്റെ ദൈവത്തെപ്പറ്റി നാടന്‍പാട്ടുകള്‍ തന്നെ ഉണ്ടല്ലോ.

ഇതിനുള്ള നല്ല ഒരു ഉദാഹരണം പറയാം. മധ്യകേരളത്തിൽ ഞാൻ ജനിച്ചുവളർന്ന പ്രദേശത്തെ പ്രസിദ്ധമായ ഒരു അധിനിവേശത്തിന്റെ കഥയാണിത്. തൃശ്ശൂർ ജില്ലയിലാണ് കൊടുങ്ങല്ലൂരും ആറാട്ടുപുഴയും. രണ്ടിടത്തെ ഉത്സവങ്ങളും ഏറെ പ്രസിദ്ധവുമാണ്. ആറാട്ട് പുഴയിലെ പൂരം കേരളത്തിലെ ഏറ്റവും പഴക്കമുള്ള പൂരമാണ്. ഇന്ന് വ്യാപാര സാധ്യത വച്ച് തൃശ്ശൂർ പൂരമാണ് കൂടുതൽ അറിയപ്പെടുന്നത് എങ്കിലും ആറാട്ടുപുഴ പൂരത്തിന് തൃശ്ശൂരിനെ അപേക്ഷിച്ചു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൂരപ്രബന്ധം  എന്ന കൃതി തന്നെ ഈ പൂരത്തെ ആസ്പദമാക്കിയാണ്.

കൊടുങ്ങല്ലൂർ ഭരണിക്കും വ്യക്തമായ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്. ബുദ്ധ സന്യാസിമാരെ വിരട്ടി ഓടിക്കാൻ താഴ്ന്ന ജാതിക്കാരെ കാവ് തീണ്ടാൻ നാടുവാഴി അനുമതി നൽകിയ അശ്വതി നാൾ ഭരണി വേലയുടെ ഭാഗമാണ് എന്ന വാദം ശക്തമാണ്. കോഴിവെട്ടു കൊണ്ട് ബൗദ്ധരെ വെറുപ്പിക്കുന്ന ചടങ്ങു നടക്കുന്നത് അവിടെയാണ്. അതുവഴി ഒരു  ബൗദ്ധ ആശ്രമം ആര്യാധിനിവേശത്തിലാക്കിയ ചരിത്രത്തിന്റെ ഓർമ്മയാണ് കൊടുങ്ങല്ലൂർ ഭരണി വേലയത്രെ. ഈ രണ്ട് ഉത്സവങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന ചില മിത്തുകളെപ്പറ്റിയാണിവിടെ പറയുന്നത്. എന്റെയൊക്കെ ചെറുപ്പത്തിൽ ഏതാണ്ട് സത്യമെന്ന രീതിയിൽ നാട്ടിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നവ.

കൊടുങ്ങല്ലൂർ ഭഗവതി കാളിയാണ്. സംഹാരമൂർത്തി. ചിലപ്പതികാരത്തില്‍ മധുരാനഗരം ചുട്ടെരിച്ച കണ്ണകി വന്നു ദേവിയായി എന്നും വിശ്വസിക്കുന്നു. അതെന്തായാലും എല്ലാ കറുത്ത ദ്രാവിഡ ദൈവങ്ങളുടെയും കേന്ദ്രമായി കൊടുങ്ങല്ലൂരിനെ കരുതിപ്പോരുന്നു. കറുത്തവരുടെ ദൈവങ്ങൾ. കൂളി, വസൂരി മാല,  ചാമുണ്ടി, രക്തചാമുണ്ഡി, ചാത്തൻ,  പൊട്ടൻ, കടുപ്പൊട്ടൻ,  മറുത, മാടന്‍, ഒടിയൻ, യക്ഷി എന്നിങ്ങനെ അനേകായിരങ്ങൾ ഉണ്ട് ദേവിക്കൊപ്പം. ഇവരെ ദേവി സ്വന്തം തട്ടകത്ത് അടക്കി നിർത്തുന്നു. അവരെ പ്രീതിപ്പെടുത്താനെന്ന പേരിലാണ് കോഴിവെട്ടും തെറിപ്പാട്ടും ഒക്കെ നടത്തുന്നത്. ഈ ദുര്‍ദ്ദേവതകൾക്കു പുറത്തു പോകാൻ കൊടുക്കുന്ന ഏക അവസരമാണ് ആറാട്ടുപുഴ  പൂരം. അവിടെ പോയി ഇവർക്ക്  അര്‍മാദിക്കാം. പക്ഷെ അടുത്ത ഭരണിക്ക് മുമ്പ് തിരിച്ചു കാവിൽ എത്തിയിരിക്കണം. ഇവിടെയാണ് പ്രശനം.

കുംഭം, മീനം, മേടം മാസങ്ങൾ തൃശ്ശൂർ ജില്ലയിലെ ഉത്സവകാലമാണ്. ഈ രണ്ട് ഉത്സവങ്ങളും മീനമാസത്തിലാണ് നടക്കുന്നത്. മീനത്തിലെ ഭരണിക്ക് കൊടുങ്ങല്ലൂരും പൂരം നക്ഷത്രത്തിൽ ആറാട്ടുപുഴയിലും ആഘോഷം. മലയാള മാസത്തിൽ ഈ നാളുകൾ വരുന്നതിന്റെ ക്രമം ഓരോ വർഷത്തിലും വ്യത്യസ്തമാണ്. ചില മാസങ്ങളിൽ ആദ്യം പൂരം വരും. ആ വർഷത്തിൽ ഈ കറുത്ത ദൈവങ്ങൾ പുറത്തിറങ്ങിയാൽ 19 ദിവസങ്ങൾ മാത്രമേ പുറത്ത് നിൽക്കാൻ അനുമതിയുള്ളു. അപ്പോഴേക്കും ഭരണി വരും. തിരിച്ചു കാവിൽ എത്തണം. പിന്നെ അടുത്ത വര്‍ഷം പൂരത്തിനെ അവര്‍ക്ക് പരോള്‍ കിട്ടു. എന്നാൽ ഭരണി മീനമാസത്തിന്റെ ആദ്യം വന്നാൽ പിന്നീട് പൂരം വരുമ്പോൾ ഇവർ പുറത്തിറങ്ങും. പിന്നെ അടുത്ത വർഷത്തെ ഭരണിക്ക് മാത്രമേ തിരിച്ചെത്തേണ്ടതുള്ളൂ. അതായതു ഏതാണ്ട് ഒരു വർഷക്കാലം ഇവർ നാട്ടിലാകെ അലഞ്ഞു നടക്കും. അത് വളരെ മോശം വർഷമാണ്. ഇവർ അലഞ്ഞു നടക്കുമ്പോൾ നാട്ടിലാകെ അസ്വസ്ഥത പടരും വസൂരി തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കും. മാടനും ഒടിയനും യക്ഷിയും നാട്ടിലാകെ അലഞ്ഞു നടന്നു ജനങ്ങളെ ഒക്കെ ഉപദ്രവിക്കും. നാട്ടിൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമ്പോൾ കാരണവന്മാർ പറയാറുണ്ട്, ഈ വര്‍ഷം ഭരണി ആദ്യമായിരുന്നല്ലോ, ഇങ്ങനെ പല ദോഷങ്ങളും ഉണ്ടാകും എന്ന്. കറുത്തവരുടെ ദൈവങ്ങളോട് സമൂഹത്തിൽ വെറുപ്പ് വളർത്താനുള്ള ബ്രാഹ്മണാധിപത്യ ശ്രമങ്ങളാണിതെന്നു അന്നൊന്നും തിരിച്ചറിഞ്ഞിരുന്നില്ല. ഇതൊക്കെ വിശ്വസിക്കപ്പെട്ടിരുന്നു.

പൂരപ്പറമ്പില്‍ ഇവര്‍ എത്തുന്നതുമായി ബന്ധപ്പെട്ടു നിരവധി കഥകള്‍ ഉണ്ട്. രാവിലെ മുതൽ ആറാട്ടുപുഴ പൂരം തുടങ്ങുന്നു. കൃത്യമായി പറഞ്ഞാൽ ദിവസങ്ങള്‍ മുമ്പ് തന്നെ. അവസാന ദിവസം രാവിലെ മുതൽ ആറാട്ടുപുഴ പാടത്ത് ജനങ്ങൾ എത്തും. അതേസമയം തന്നെ ഈ കറുത്ത ദൈവങ്ങളും പൂരം കാണാൻ എത്തും. പക്ഷെ ഇവർക്ക് സ്വന്തം രൂപത്തിൽ ഇറങ്ങാൻ കഴിയില്ല. അതുകൊണ്ട് അപ്പോൾ പൂരം കാണാൻ എത്തിയിട്ടുള്ള ഓരോരുത്തരുടെ രൂപം അവർ സ്വീകരിക്കും. അതായതു പൂരപ്പറമ്പിൽ നിൽക്കുന്നവരിൽ പലർക്കും അപരന്മാരോ അപരകളോ അതേ പൂരപ്പറമ്പിൽ തന്നെ ഉണ്ടാകും. ഇത് പലര്‍ക്കും  ആശയക്കുഴപ്പം സൃഷ്ടിച്ച കഥകള്‍ പറയാറുണ്ട്. ഒരു സുഹൃത്തിനെ ഒരു മേളത്തിനടുത്തു വച്ച് നാം കാണുന്നു. ഇക്കാര്യം മറ്റൊരു സുഹൃത്തിനോട് പറയുമ്പോൾ അയാൾ തർക്കിക്കും, നിങ്ങൾ പറഞ്ഞ വ്യക്തിയെ തത്സമയം താൻ ദൂരെ മറ്റൊരിടത്ത് കണ്ടു എന്ന്. ചുരുക്കത്തിൽ യഥാർത്ഥത്തിൽ പൂരത്തിനെത്തുന്നവരുടെ പല മടങ്ങു ആളുകൾ അവിടെ ഉള്ളതായി തോന്നും.

പൂരത്തിൽ അനേക ദേവി ദേവന്മാർ വന്നെത്തും. ആതിഥേയൻ ആറാട്ടുപുഴ ശാസ്താവ് ആണ്. ഇവിടെ വന്നു ചേരുന്നവരിൽ ഒരാളൊഴിച്ചെല്ലാം ശൈവ ദേവന്മാരും ദേവികളുമാണ്. ഇതല്ലാത്ത ഒറ്റയാൻ തൃപ്രയാർ ശ്രീരാമനാണ്. അദ്ദേഹമാണ് ഏറ്റവും ഒടുവിൽ എത്തുക. രണ്ട് മൂന്ന് ദിവസം മുമ്പ് തൃപ്രയാർ നിന്നും പുറപ്പെട്ടു ചിട്ടപ്പടി ചില ഇല്ലങ്ങളിൽ രാത്രി വിശ്രമിച്ച ശേഷമാണ് പൂരപ്പറമ്പിൽ എത്തുന്നത്. അതിനകം മറ്റെല്ലാവരുടെയും ഉത്സവങ്ങൾ തീർന്നിരിക്കും. തദ്ദേശീയരുടെ ഒടുവിലത്തെ ആഘോഷം ശാസ്താവിന്റെതാണ്. അതിന്റെ വെടിക്കെട്ടു തീരുമ്പോൾ ഏതാണ്ട് രാത്രി പത്ത് മണിക്കപ്പുറമാകും. പിന്നെ ശ്രീരാമനെ സ്വീകരിക്കലും അദ്ദേഹത്തെ കേന്ദ്രമാക്കിയുള്ള കൂടി എഴുന്നള്ളിപ്പുമാണ്. അപ്പോഴാണ് നൂറോളം ആനകൾ ഒന്നിച്ചു നിൽക്കുന്ന അത്യപൂർവ അവസരം എത്തുന്നത്.

എന്നാൽ തൃപ്രയാർ തേവര് പൂരപ്പറമ്പിൽ എത്തുമ്പോൾ നമ്മൾ അറിയാത്ത ചില കാര്യങ്ങൾ അവിടെ നടക്കുന്നു. തേവർ എത്തിയാൽ  പിന്നെ നമ്മുടെ കറുത്ത ദൈവങ്ങൾക്ക് അവിടെ തുടരാൻ കഴിയില്ല. ഒറ്റ നിമിഷം കൊണ്ട് അവരെല്ലാം പൂരപ്പറമ്പ് വിടും. പെട്ടന്ന് തിരക്ക് കുറയും. നമ്മുടെ തൊട്ടടുത്തുണ്ടായിരുന്ന പലരെയും ജാലവിദ്യയിലെന്ന പോലെ കാണാതാകും. മുൻപരിചയമില്ലാത്തവരിൽ ഇത് പരിഭ്രമം ഉണ്ടാക്കും. പ്രശ്നം അതല്ല. വൈഷ്ണവനായ ശ്രീരാമനെ കറുത്ത ദൈവങ്ങൾക്ക് ഭയമാണ്, ശ്രീരാമന്‍ കറുത്തവരുടെ ദൈവങ്ങളെക്കാൾ ശക്തനും ആദരണീയനുമാണ് എന്ന് സ്ഥാപിക്കാനാണ് ഇത്തരം മിത്തുകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന തിരിച്ചറിവാണ് പ്രധാനം. ഇതാണ് അധിനിവേശം. പുരാണങ്ങളിലും നാടോടിക്കഥകളിലും മറ്റും കിട്ടുന്ന മിത്തുകളെ പരസ്പരം യോജിപ്പിക്കുന്നതിലൂടെ നിർമ്മിക്കപ്പെടുന്ന ബ്രഹദാഖ്യാനങ്ങൾ സാർവ്വജനീനമായി സ്വീകരിക്കപ്പെടുന്നു. സനാതനമെന്നു വ്യഖ്യാനിക്കപ്പെടുന്നു.

ആര്യന്മാരുടെ അധിനിവേശത്തിന്റെ വിജയകഥകളാണ് വേദങ്ങളും പുരാണങ്ങളും. ആദിമജനതകളായ ദ്രാവിഡരെ അസുരന്മാരും ദൈത്യരും കുരങ്ങന്മാരുമായി വിലകുറച്ചു കാണിക്കുന്ന അനീതികളെ ഇന്ന് നാം തിരിച്ചറിയുന്നുണ്ട്. ജ്ഞാനമെന്നാൽ പടിഞ്ഞാറു നിന്നും വരുന്നതാണെന്ന നമ്മുടെ ഇന്നത്തെ ധാരണ ഇംഗ്ലീഷ് അധിനിവേശത്തിന്റെ ഫലമെന്നത് പോലെ സംസ്കൃതവും വേദങ്ങളും മറ്റുമാണ് അന്തിമ അറിവിന്റെ ഉറവിടമെന്ന ധാരണ നമ്മിൽ സ്ഥാപിച്ചത് ആര്യൻ അധിനിവേശമാണ്. ദുഷ്ടരായ, അഹങ്കാരികളായ, ആര്യഗോത്രത്തലവന്‍ ഇന്ദ്രപദമോഹികളായ അസുരന്മാരെ നിഗ്രഹിക്കാന്‍, ധര്‍മം സ്ഥാപിക്കാന്‍ വിവിധ അവതാരങ്ങളെടുത്ത വിഷ്ണു എന്ന സങ്കല്‍പം തന്നെ ഇങ്ങനെ രൂപപ്പെട്ടതാണെന്നു ചരിത്രകാരന്മാര്‍ പറയുന്നു. ഇത്തരം അവതാര കഥകളെ കൂട്ടി ഇണക്കുന്ന ഒന്നാണ് ഭാഗവതം. ബ്രാഹ്മണമതം ഇവിടെ അധികാരം സ്ഥാപിക്കുകയും ജാതി വ്യവസ്ഥ നിയമമാക്കി തന്നെ  വളര്‍ത്തി എടുക്കുകയും ചെയ്തതിന്റെ ന്യായീകരണങ്ങളാണ് ഈ വ്യാഖ്യാനങ്ങള്‍ എന്നറിയാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും ദൈവികമായി നല്‍കുന്ന ന്യായീകരണം.

മഹാബലി അത്തരത്തിൽ ചവിട്ടിത്തതാഴ്ത്തപ്പെട്ട ഒരു ആദി ദ്രാവിഡ രാജാവായിരുന്നു എന്ന് വിശ്വസിക്കാനാണ് കൂടുതല്‍ യുക്തി. അതുകൊണ്ട് തന്നെ പ്രജാ പ്രിയനായ ഭരണകർത്താവിനെ ചവിട്ടി താഴ്ത്തുക എന്ന അനീതി തന്നെയാണ് വാമനൻ ചെയ്തത്. മറിച്ചു പറയുന്നതും പ്രചരിപ്പിക്കുന്നതും അസത്യമാണ്. സ്ഥാപിത താല്പര്യമാണ്. മഹാബലി ജനവിരുദ്ധനും അഹങ്കാരിയും നീതിബോധമില്ലാത്തവനുമാണെന്ന പ്രചരണം അധിനിവേശക്കാരുടേതാണ്. ജനങ്ങളെ ദുഷ്ടരില്‍ നിന്നും മോചിപ്പിക്കുന്ന അവതാരമായി വാമനനെ ചിത്രീകരിക്കുന്നതിന്റെ ലക്‌ഷ്യം വ്യക്തമാണ്. അമേരിക്കയിലെത്തിയ വെള്ളക്കാര്‍ കറുത്ത നാട്ടുകാരെ പറ്റി പറഞ്ഞ കഥകള്‍ മറ്റൊരു രൂപത്തില്‍ ഇവിടെയും പറയുകയായിരുന്നു.

ഓണം കേരളീയരുടെ, മലയാളികളുടെ ദേശീയ ഉത്സവമാണ്, കാർഷിക ഉത്സവമാണ്, ഒരുമയുടെ ഉത്സവമാണ്. കള്ളവും ചതിയുമില്ലാത്ത, കള്ളപ്പറയില്ലാതെ, എല്ലാ ജനങ്ങളെയും ഒരുപോലെ കണ്ട ഒരു ഭരണാധികാരിയുടെ കാലത്തെ സ്മരിക്കുന്ന ഒരു ഉത്സവം. ഇന്നത്തെ ജാതി മത വ്യത്യാസങ്ങൾ ഉടലെടുക്കുന്നതിനു മുമ്പ് ഉണ്ടായിരുന്നു എന്ന് നാം വിശ്വസിക്കുന്ന അഥവാ വിശ്വസിക്കാൻ കൊതിക്കുന്ന ഒരു ഭരണത്തിന്റെ ഓര്‍മ്മ. അതൊരു മഹത്തായ പ്രതീക്ഷയാണ്. അതല്ലെങ്കിൽ നമ്മുടെ ആഗ്രഹമാണത്. ഇനിയും അതൊക്കെ വരുമെന്ന ആഗ്രഹത്തിൽ ജീവിക്കുന്നവർ ധാരാളമുണ്ട്. അത്തരമൊരാഗ്രഹം നമ്മുടെ ജീവിതത്തിനു ലക്ഷ്യബോധം നൽകുന്നു. സ്വന്തം മണ്ണിനെ, പ്രകൃതിയെ സംരക്ഷിച്ചും ആശ്രയിച്ചുമുള്ള ജീവിതം. ഇന്നത്തെ കമ്പോളാശ്രിത ജീവിതത്തിൽ നിന്നുള്ള മോചനം ആരാണ് ആഗ്രഹിക്കാത്തത്? അത് പച്ചക്കറിയിലെ വിഷം ഉള്ളതുകൊണ്ട് മാത്രമുള്ള പ്രതിസന്ധിയല്ല എന്നറിയണം. മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന ജീവിതം മാത്രമേ ശാശ്വതമാകൂ എന്ന തിരിച്ചറിവിനായി നമുക്കിന്നു ഒരോണം വേണം. മഹാകവി വൈലോപ്പിള്ളി പറയുന്നതുപോലെ “ഉര്‍വിയെ പുഷ്പിപ്പിക്കും കല പോല്‍  നമുക്കത്ര നിർവൃതികരം സർഗവ്യാപാരമുണ്ടോ മണ്ണിൽ” ഏതു കവിത എഴുതുന്നതിനേക്കാളും വലിയ കലയാണ് ഒരു കൈപവല്ലരി നടുന്നത് എന്നർത്ഥം. ഭൂമിയെ സംരക്ഷിക്കുന്ന, നമുക്ക് ഭക്ഷണം തരുന്ന കര്‍ഷകര്‍ കടബാധ്യത കൊണ്ട് ആത്മഹത്യ ചെയ്യാത്ത നാടുണ്ടാകണം. പൊതുസമ്പത്ത് ചിലര്‍ കൊള്ളയടിക്കാത്ത നാടുണ്ടാകണം. പരസ്പരം ചതിക്കാത്ത വഞ്ചിക്കാത്ത ഒരു നാട്. ആ പ്രതീക്ഷയാണ് ഓണം. നമുക്ക് അത്തരത്തിലുള്ള നമ്മുടെ ഓണം വേണം.

പക്ഷെ ആര്യാധിനിവേശത്തിനു ശേഷം അത്തരം ഒരു സമത്വ സുന്ദര സമൂഹമോ ആഘോഷമോ ഇവിടെ ഒരിക്കലും സാധ്യമായിട്ടില്ല. വര്‍ണ്ണ  ജാതി ഘടനയാല്‍ വിഭജിക്കപ്പെട്ട, അധികാരം ജന്മം കൊണ്ട്  നിര്‍വചിക്കപ്പെട്ട ഒരു സമൂഹമായി. അധികാരം ജനങ്ങള്‍ക്ക്‌ മേല്‍ പ്രയോഗിക്കാനുള്ള ഉപാധിയായി വിശ്വാസങ്ങളും ആചാരങ്ങളും. തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍ പെട്ടാല്‍ തന്നെ ദോഷമുള്ളവരുമാക്കപ്പെട്ട ജനതയ്ക്ക് സമത്വം ഒരു സ്വപ്നം പോലുമല്ലാതായി. എല്ലാവരും ഒരുപോലെ ആഘോഷിക്കുന്ന ഒരു ഓണം ഇവിടെ സാധ്യമല്ലായിരുന്നു. വിവിധ പ്രദേശങ്ങളിലെ വിവിധ വിഭാഗം ജനങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ഓണം ആഘോഷിച്ചിരുന്നു എന്ന് പറയുന്നതാകും ശരി. അതുകൊണ്ട് തന്നെ പഴയകാലത്തെ ഓണത്തെ പറ്റി ഇന്ന് ഗൃഹാതുര സ്മരണകള്‍ അയവിറക്കുന്നവര്‍ പലപ്പോഴും നമ്മെ വഞ്ചിക്കുകയാണ്. അതൊരുപക്ഷെ അവരുടെ നാട്ടിലെ, വീട്ടിലെ, അല്ലെങ്കില്‍ ജാതിയിലെ ആഘോഷങ്ങള്‍ മാത്രമാണെന്ന് ഓര്‍ക്കണം.

സമൂഹത്തില്‍ ജനാധിപത്യവല്‍ക്കരണം നടന്നപ്പോള്‍, അതിനെ അംഗീകരിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന അവസ്ഥ വന്നപ്പോള്‍ അടവൊന്നു മാറ്റി. പിന്നീടു നാം കാണുന്നത് ഓണത്തെ  ഒരൊറ്റ രൂപത്തിലേക്ക് മാറ്റി എടുക്കപ്പെടുന്നതാണ്. ഇന്ന് നാം നടത്തുന്ന സര്‍വര്‍ക്കും സ്വീകാര്യമായ ഓണാഘോഷങ്ങള്‍ പഴയകാലത്ത് ആര്‍ ആഘോഷിച്ചിരുന്ന ഓണമായിരുന്നു? ഇന്ന് കേരളീയ വേഷം എന്നത് മുന്‍കാലങ്ങളില്‍ ആര്‍ ധരിച്ചിരുന്നതായിരുന്നു? സ്ത്രീകള്‍ സെറ്റ് മുണ്ട് ഉടുത്തിരുന്നത് ഏതു സമൂഹത്തിലായിരുന്നു? ആണുങ്ങള്‍ വെള്ള ഡബിള്‍ മുണ്ട് എന്നാണ് ഉടുത്തു തുടങ്ങിയത്? ഇത് ഭക്ഷണത്തിന്റെയും ആചാരങ്ങളുടെയും കാര്യങ്ങളില്‍ കൂടുതല്‍ പ്രകടമാണ്. ഇപ്പോള്‍ നാമെല്ലാം ചോദ്യം ചെയ്യാതെ അംഗീകരിക്കുന്ന ഓണസദ്യ ആരുടെ പാരമ്പര്യമാണ്? കാളനും ഓലനും പ്രഥമനും മറ്റും കൂട്ടി തൂശനിലയില്‍ പഴയ കാലത്ത് ആരാണ് ഭക്ഷണം കഴിച്ചിരുന്നത്? ഇതെങ്ങനെ മലയാളിയുടെ സ്വന്തമായി? എനിക്കറിയാവുന്ന ചരിത്രം വച്ചു അടിസ്ഥാനപരമായി ഇത് ബ്രാഹ്മണര്‍ കഴിച്ചിരുന്ന സദ്യ മാത്രം.(അല്പം തമിഴ് സ്വാധീനമുള്ള സാമ്പാറും രസവും മറ്റും ചേര്‍ത്തിട്ടുണ്ടെങ്കിലും)  ഓണത്തിനു എല്ലാവരും ഇങ്ങനെ കഴിക്കുവാന്‍ വേണ്ട കാര്‍ഷിക വിഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും പ്രാദേശികമായി ഇവയൊന്നും ഉല്‍പാദിപ്പിക്കപ്പെട്ടിരുന്നില്ല. ഇന്നത്തേത് പോലെ വ്യാപാരം വളര്‍ന്നിരുന്നില്ല.

ഇതുപോലെ തന്നെയാണ് ആചാരങ്ങളും. തൃക്കാക്കരയപ്പന്‍ എന്നതും സവര്‍ണരുടെ മാത്രം ദൈവമായിരുന്നു. അവരുടെ ആര്യാചാരങ്ങള്‍, അഥവാ ബ്രഹ്മണാചാരങ്ങള്‍ മാത്രമായിരുന്ന ഒന്നിനെ സര്‍വ മലയാളികളുടെയും ആചാരമാക്കി. ഓണത്തിനു ക്ഷേത്രങ്ങളുമായി കാര്യമായ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഗുരുവായൂരും ശബരിമലയിലും ഓണാഘോഷം തുടങ്ങുന്നതും അടുത്ത കാലത്താണ്. അക്ഷയതൃദീയക്കും രാഖി കെട്ടലിനും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കും മറ്റും കേരളത്തില്‍ വ്യാപകമായ പ്രചാരം കിട്ടിയതിന്റെ പിന്നിലെന്ന പോലെ ഇവിടെയും സവര്‍ണ ആര്യവല്‍ക്കരണം കൃത്യമായി നടന്നു. ഇതിനെ വേണ്ട രീതിയില്‍ പ്രതിരോധിക്കാന്‍ പുരോഗമന രാഷ്ട്രീയക്കാര്‍ക്കും കഴിഞ്ഞില്ല. അവരും ആ  ധാരയില്‍ മൃദുവായി അലിഞ്ഞു ചേരുകയായിരുന്നു. വിശ്വാസികളെ പിണക്കാന്‍ കഴിയില്ലല്ലോ.

ഇത്തരം മാറ്റങ്ങള്‍ക്കു ചാലകശക്തിയായി നിന്നത് കമ്പോളവ്യാപനമാണ്. ഓണത്തിന്റെ കമ്പോളത്തിന് പൊതു മാതൃകകളെ സൃഷ്ടിക്കുന്നത് വില്പന സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഇന്ന് ദൃശ്യ പത്ര മാധ്യമങ്ങള്‍ ഈ മാതൃകകളെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. അത് അവരുടെ വ്യാപാരം. യഥാര്‍ഥത്തില്‍ ഇന്ന് പഴയ കാല ഓണത്തെ അനുസ്മരിക്കുന്നതില്‍ തന്നെ എത്ര യുക്തിയുണ്ടെന്നത് മറ്റൊരു കാര്യം.

ഇപ്പോള്‍ വാമന ജയന്തി വാദം കൊണ്ട് വരാന്‍ സമയമായി എന്ന് സവര്‍ണ വാദികള്‍ കരുതുന്നു. ഇതിനെ എങ്ങനെ നേരിടാം?  ഇവര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിലെ ശത്രുപക്ഷം ഇന്ന് മഹാശക്തിയായി വളര്‍ന്നു വരുന്ന ദളിത്‌ മുന്നേറ്റങ്ങളാണ്. അതിനെതിരെ സവര്‍ണമൂല്യങ്ങളെ ഐക്യപ്പെടുത്തുന്ന ആ മൂല്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ടു കൂടി അംഗീകരിപ്പിക്കുന്ന തന്ത്രമാണത്. അത് കൊണ്ടാണ് വാമനനെ പൂജിക്കുന്ന രീതിയെ എതിര്‍ക്കുന്നതും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സി ആര്‍ നീലകണ്ഠന്‍

സി ആര്‍ നീലകണ്ഠന്‍

ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍, സാമൂഹ്യ നിരീക്ഷകന്‍, എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍