UPDATES

അഴിമുഖം ക്ലാസിക്സ്

പ്രിയപ്പെട്ട എം.പി, നിങ്ങളില്ലാതെ എന്താഘോഷം?

ഒരു പാര്‍ലമെന്‍റ് അംഗം എന്തു ചെയ്യണം എന്ന തെറ്റായ ധാരണ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.

ആരാണ് നിങ്ങളുടെ പ്രീയപ്പെട്ട എം പി.? നിങ്ങളുടെ നാട്ടിലെ എം പി എത്ര നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്?

നിങ്ങളുടെ ഉത്തരങ്ങള്‍ പലപ്പോഴും എം പിമാരുടെ യഥാര്‍ത്ഥ ജോലിയുമായി ബന്ധമുണ്ടാവണമെന്നില്ല. സ്വാഭാവികമായും നമ്മള്‍ പ്രതീക്ഷിക്കുന്നത് ഒരു എം പി  അയാളുടെ മണ്ഡലത്തില്‍ എല്ലാവര്‍ക്കും പരിചിതനും എപ്പോഴും പ്രാപ്യവുമായിരിക്കണമെന്നാണ്. ഈ പ്രതീക്ഷകളാണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റും ജനപ്രതിനിധികളും നേരിടുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനം.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു എം പി ആരാണ് എന്ന സങ്കല്‍പ്പത്തെ വളരെ വിജയകരമായി വികലമാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. കല്യാണങ്ങള്‍, പേര് വിളിക്കല്‍, മരണം, ജനനം തുടങ്ങി മറ്റനവധി കുടുംബ ചടങ്ങുകള്‍ക്ക് പങ്കെടുക്കുന്ന ജനപ്രതിനിധിയാണ് ഏറ്റവും മികച്ച എം പി എന്നാണ് നാം കരുതിയിരിക്കുന്നത്. മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഒരു എം പി  എല്ലായ്പ്പോഴും പ്രാപ്യമാണെങ്കില്‍ ആ ഒറ്റക്കാരണം മതി ആ എം പിക്ക് കൂടുതല്‍ ജനപ്രിയത കിട്ടാന്‍. നമുക്ക് നമ്മുടെ എം പി യെ ഫോണില്‍ വിളിക്കാന്‍ കഴിയണം എന്നുമാത്രമല്ല അങ്ങേയറ്റത്ത് എം പിയുണ്ടാകുകയും വേണം. ഇത് പോലുള്ള ചപ്പു ചവറ് പരിപാടികളില്‍ പങ്കെടുത്ത് തങ്ങളുടെ വോട്ടര്‍മാരെ പ്രീതിപ്പെടുത്തുന്നതില്‍ വിദഗ്ദ്ധരാണ് കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍. അവര്‍ അവരുടെ യഥാര്‍ത്ഥ ജോലിയില്‍ താത്പര്യം കാണിക്കുന്നില്ലെങ്കിലും മുകളില്‍ പറഞ്ഞ കാരണങ്ങളാളെല്ലാം കൊണ്ട്തന്നെ  നമ്മള്‍ അതീവ സംതൃപ്തരാണ്.

1993ല്‍  എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും അംഗീകാരത്തോടെ ഗവണ്‍മെന്‍റ് ആരംഭിച്ച എം പിമാരുടെ പ്രാദേശിക വികസന ഫണ്ട് പദ്ധതി എങ്ങനെയാണ് എം പിമാരുടെ ചുമതലയെ കൂടുതല്‍ വികലമാക്കിയത് എന്നു പരിശോധിക്കുന്നതും നന്നായിരിക്കും. ഈ പദ്ധതിയിലൂടെ 5 കോടി രൂപ ഒരു ലോക്സഭ എം പിക്ക് ഓരോ വര്‍ഷവും തന്‍റെ മണ്ഡലത്തില്‍ ചിലവഴിക്കാം. രാജ്യസഭ എം പിമാരെ സംബന്ധിച്ചിടത്തോളം അവര്‍ തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ഈ പണം വിനിയോഗിക്കാം. നാമനിര്‍ദേശം ചെയ്യപ്പെട്ട എം പിമാര്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും ഫണ്ട് വിനിയോഗിക്കാനുള്ള അധികാരമുണ്ട്.

എം പി എല്‍ എ ഡി എസും ആരാണ് എം പി എന്ന കാഴ്ചപ്പാടില്‍ കാര്യമായ അപചയം തന്നെയാണ് ഉണ്ടാക്കിയത്. ഈ പണം നമ്മുടെ പല എം പി മാരെയും കൂടുതല്‍ അഴിമതിക്കാരാക്കി മാറ്റി.

റോഡുകള്‍ക്കും സ്കൂളുകള്‍ക്കും ധനസഹായം, പ്രാദേശിക പരിപാടികളില്‍ പങ്കെടുക്കല്‍ എന്നീ പ്രതീക്ഷകളില്‍ കുടുങ്ങി എം പി മാരുടെ യഥാര്‍ത്ഥ റോള്‍ എന്താണ് എന്നത് പൂര്‍ണ്ണമായും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്.

ഒരു എം പിക്ക് അടിസ്ഥാനപരമായി രണ്ടു കടമകളാണ് നിര്‍വഹിക്കാനുള്ളത്- ഒന്നു നിയമ നിര്‍മ്മാണം. ഗവണ്‍മെന്റിന്റെ സൂക്ഷ്മ പരിശോധകന്‍ എന്ന ഉത്തരവാദിത്തമാണ് രണ്ടാമത്തേത്. ഈ സമീപ കാലത്തായി ഈ കടമകള്‍ വളരെ മോശമായ രീതിയില്‍ വളച്ചൊടിക്കപ്പെടുകയോ വെള്ളം ചെര്‍ക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ട്.

പാര്‍ലമെന്‍റിന്‍റെ തകര്‍ച്ചയില്‍ നിന്നാണ് ഒരു എം പിയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകള്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ഒരു ജനകീയനായ എം പി എങ്ങനെയായിരിക്കണം എന്ന വിലയിരുത്തലിലൂടെ അയാളുടെ/അവളുടെ പ്രാഥമികമായ കര്‍ത്തവ്യങ്ങള്‍ മറന്നു പെരുമാറാനാണ് നമ്മള്‍ പ്രേരിപ്പിക്കുന്നത്. കല്യാണത്തിനും ജന്മദിന പരിപാടികള്‍ക്കും എം പി പങ്കെടുക്കണം എന്നു ആഗ്രഹിക്കുന്നതിലൂടെ നിയമ നിര്‍മ്മാണം സംബന്ധിച്ച് പഠിക്കാനും ഗവണ്‍മെന്‍റിനെ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കാനുമുള്ള ഒരു ജനപ്രതിനിധിയുടെ സമയമാണ് നമ്മള്‍ അപഹരിക്കുന്നത്.

ഈ അപചയം നമ്മളെ അസ്വസ്ഥരാക്കുക തന്നെ വേണം. കൂടാതെ ഈ അപചയത്തിന് വളരെ ഗണ്യവും ശക്തവുമായ ഫലമാണ് പാര്‍ലമെന്‍റിലുള്ളത്. ഇന്ന് പല എം പിമാരും പാര്‍ലമെന്‍റിലേക്ക് വരുന്നത് പുതിയ നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സജീവമായ ചര്‍ച്ചകളില്‍ പങ്കുകൊള്ളാനോ അല്ലെങ്കില്‍ വിവിധ പാര്‍ലമെന്‍ററി കമ്മിറ്റികളില്‍ അംഗങ്ങളായി ഗവണ്‍മെന്‍റിനെ കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കാനോ അല്ല. മറിച്ച് തങ്ങളുടെ മണ്ഡലത്തിന് വേണ്ടി ടെലിവിഷന്‍ ക്യാമറയ്ക്ക് മുന്പില്‍ നാടകം കളിക്കാനാണ്. ചില ഘട്ടങ്ങളില്‍ തങ്ങളുടെ നേതാക്കളെ തൃപ്തരാക്കാനുള്ള കളികളിലും അവര്‍ ഏര്‍പ്പെടാറുണ്ട്.

ഈ ഒരു സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് പാര്‍ലമെന്റില്‍ നടന്ന നിയമനിര്‍മ്മാണ സെഷനുകളെ നമ്മള്‍ വിലയിരുത്തേണ്ടത്. 15-ആം ലോക്സഭയിലെ 36 ശതമാനം ബില്ലും പാസാക്കിയത് 30 മിനുറ്റ് പോലും ചര്ച്ച ചെയ്യാതെയാണ്. ഇതില്‍ 20 ബില്ലുകള്‍ പാസാക്കാനെടുത്തത് 5 മിനുട്ടില്‍ കുറഞ്ഞ സമയവും!

ഏറെ ചര്‍ച്ചകളില്ലാതെ പാസക്കപ്പെടുന്ന അപൂര്‍ണ്ണമായ ഒരു നിയമം സാധാരണക്കാരന്റെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നു പരിശോധിക്കപ്പെടേണ്ടതാണ്. 2012 ഡിസംബറില്‍ ഡെല്‍ഹിയില്‍ വെച്ച് ബലാല്‍സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട നിര്‍ഭയയുടെ കേസിന് ശേഷം പാസാക്കപ്പെട്ട ലൈംഗികാതിക്രമം സംബന്ധിച്ച നിയമത്തിലെ ഭേദഗതി തന്നെ നോക്കാം. അപൂര്‍ണ്ണമായ ഈ ബില്ല് പുരുഷന്‍മാര്‍ക്കെതിരെ കൊടുക്കുന്ന വ്യാജ പീഢന കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2012ല്‍ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് കുറ്റ വിമുക്തമാക്കപ്പെട്ടവരുടെ തോത് 46% ആയിരുന്നു. എന്നാല്‍ 2013ല്‍ ആദ്യത്തെ 8 മാസങ്ങള്‍ക്കൊണ്ട് ഇത് 75%ത്തിലേക്ക് ഉയര്‍ന്നു. ഈ കേസുകളെല്ലാം തന്നെ പരിഗണിച്ചത് ഭേദഗതി വരുത്തിയ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്ന് വരെയുള്ള കണക്ക് നോക്കുമ്പോള്‍ അത് 70 ശതമാനത്തില്‍ തന്നെ നില്ക്കും എന്നാണ് കോടതി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ എം പി മാര്‍ അവരുടെ ജോലി കൃത്യമായി ചെയ്യാത്തതിന്റെ പേരില്‍ നമ്മുടെ ജനങ്ങള്‍ അനുഭവിക്കുന്ന യാതനയുടെ തോത് എത്രമാത്രം ഭീകരമാണ് എന്നു നോക്കുക. പാര്‍ലമെന്റില്‍ നിന്നുള്ള ഈ ദുര്‍ഗന്ധം വികലമായ നിയമങ്ങള്‍ ഉണ്ടാക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. കണക്കുകള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ പാര്‍ലമെന്‍റ് അതിന്റെ സമയത്തെ സൃഷ്ടിപരമായി ഉപയോഗിച്ചത് 61 ശതമാനം മാത്രമാണു. 13, 14 ലോകസഭകളില്‍ 91%, 87% എന്നിങ്ങനെയായിരുന്നു ഈ കണക്ക്.

328 ബില്ലുകളില്‍ 179 ബില്ലുകളാണ് 15-ആം ലോക്സഭ പാസാക്കിയത്. ഒരു ലോകസഭയുടെ 5 വര്‍ഷ കാലയളവിനുള്ളില്‍ പാസാക്കുന്ന ബില്ലുകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ഇത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണ്. 13-ആം ലോക്സഭ 297ഉം 14-ആം ലോക്സഭ 248ഉം ബില്ലുകള്‍ പാസാക്കിയിട്ടുണ്ട്. വനിതാ സംവരണ ബില്ല്, ഡൈറക്റ്റ് ടാക്സ് കോഡ്, മൈക്രോ ഫിനാന്‍സ് ബില്ല്, ജുഡീഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആന്ഡ് അക്കൌണ്ടബിലിറ്റി ബില്ല്‍, ഗുഡ്സ് ആന്ഡ് സെര്‍വീസ് ടാക്സ് പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള ബില്ല് എന്നിവയാണ് ഈ കാലയളവില്‍ ലാപ്സായ 68 ബില്ലുകളില്‍ ചിലത്.

പാര്‍ലമെന്റിലെ ചര്‍ച്ചകളുടെ ഗുണനിലവരം വളരെ ഗണ്യമായ തോതില്‍ നിലവാരം കുറഞ്ഞിരിക്കുന്നു. ചര്‍ച്ചകളില്‍ പങ്കാളികളാകുന്നതിന് പകരം എം പിമാര്‍ പരസ്പരം പോര് വിളിക്കുകയാണ് പതിവ്. അവരെല്ലാവരും തന്നെ തങ്ങളുടെ മണ്ഡലത്തിലേക്ക് തിരിച്ചുചെന്ന് ജന്മദിനങ്ങളിലും കല്യാണങ്ങളിലും മറ്റ് സാമൂഹ്യ പരിപാടികളിലും പങ്കെടുക്കാനുള്ള വേമ്പലിലായിരുന്നു. ചര്‍ച്ച ചെയ്തു നടപ്പിലാക്കേണ്ട ഒരു ബില്ലിന്റെ ഉള്ളിലേക്കിറങ്ങി ചെല്ലുന്നതിനെക്കാള്‍ എത്രയോ എളുപ്പമാണ് അവരെ സംബന്ധിച്ചിടത്തോളം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍.

ഒരു എം പിയുടെ യഥാര്‍ത്ഥ ജോലി എന്താണ് എന്നതിനെക്കുറിച്ച് ആര്‍ക്കും അറിയില്ല എന്നത് തീര്‍ത്തും ദയനീയമായ ഒരു സംഗതിയാണ്. 2009 ജൂണ്‍ 3നു നല്കിയ ഒരു വിവരവകാശ ചോദ്യത്തിന് ലോക്സഭ സെക്രട്ടേറിയേറ്റ് നല്കിയ ഉത്തരത്തിന്റെ കാരണവും ഈ അജ്ഞത തന്നെ. ഇങ്ങനെയാണ് ആ മറുപടി. “ഭരണഘടനയിലോ ലോക്സഭ നടപടി ക്രമങ്ങളിലോ ഒരു പാര്‍ലമെന്‍റ് അംഗത്തിന്റെ കടമയെ കുറിച്ചോ ഉത്തരവാദിത്തത്തെക്കുറിച്ചോ നിര്‍വചിക്കുകയോ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാത്ത എം പിമാരുടെ അക്കൌണ്ടബിലിറ്റി  എങ്ങനെ പരിശോധിക്കാം എന്നതിനെക്കുറിച്ചോ പറയുന്നില്ല.”

ഒരു പാര്‍ലമെന്‍റ് അംഗം എന്തു ചെയ്യണം എന്ന തെറ്റായ ധാരണ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാങ്ങളില്‍ ഒന്നാണ് കേരളം. നമുക്കിത് അവസാനിപ്പിക്കാന്‍ കഴിയുമോ? ഒരു പ്രാദേശിക പഞ്ചായത്തംഗം പെരുമാറുന്നത് പോലെ ഒരു എം പി ഇടപെടണം എന്ന് ആഗ്രഹിക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ നമുക്ക് സാധിക്കുമോ? അവര്‍ പാര്‍ലമെന്റില്‍ എന്തു ചെയ്തു എന്ന ചോദ്യം ചോദിച്ചു തുടങ്ങാന്‍ ചോദിക്കാന്‍ നമുക്ക് കഴിയുമോ? പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നന്നായി ഗൃഹപാഠം ചെയ്തു ഫലപ്രദമായി ഇടപെട്ട് മികച്ച നിയമ നിര്‍മ്മാതാവാകാന്‍ നമ്മുടെ എം പിമാരെ നിര്‍ബന്ധിക്കാന്‍ നമുക്ക് സാധിക്കുമോ? തങ്ങളുടെ കര്‍ത്തവ്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ നമുക്കവരെ നിര്‍ബന്ധിക്കാന്‍ സാധിക്കുമോ? വിവിധ പാര്‍ലമെന്‍റ് കമ്മറ്റികളിലും ഉപദേശക സമിതികളിലും വളരെ ഫലപ്രദമായി ഇടപെടുന്നവരായി മാറാന്‍ നമ്മുടെ എം പി മാരെ പ്രേരിപ്പിക്കാന്‍ ജനതയ്ക്ക് കഴിയുമോ?

നമ്മുടെ കുട്ടികളുടെ ജന്മദിനാഘോഷങ്ങളില്‍ നിന്ന് മാറി നിന്ന് പകരം അവരുടെ ഭാവി സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ സജീവമായ ഇടപെടല്‍ നടത്താന്‍ എം പി മാരെ നമ്മളനുവദിക്കുമോ എന്നതാണ് പരമ പ്രധാനമായ ചോദ്യം.

(2014 മാര്‍ച്ച് 19നു പ്രസിദ്ധീകരിച്ചത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍