UPDATES

അഴിമുഖം ക്ലാസിക്സ്

ഇസ്ലാം അനുവദിച്ച നീതി ഞങ്ങള്‍ക്ക് നിഷേധിക്കുന്നതെന്തിനാണ്? വിപി സുഹറ എഴുതുന്നു

മുസ്ലിം സ്ത്രീകള്‍ക്ക് മാത്രമല്ല മറ്റു മതവിഭാങ്ങള്‍ക്കും വ്യക്തിനിയമത്തിന്റെ ദുരിതങ്ങള്‍ നേരിടേണ്ടി വരുന്നു എന്നുളളതും നാം കാണാതെ പോകരുത്.

വിപി സുഹറ

വിപി സുഹറ

ഏകീകൃത സിവില്‍കോഡിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായ തലങ്ങളുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു എന്നുളളത് തന്നെ ആശ്വാസകരമായ ഒരു കാര്യമാണ്. മുസ്ലിം മത സംഘടനകളും, പേഴ്‌സണല്‍ ലോ ബോര്‍ഡും മുസ്ലിം വ്യക്തി നിയമം ക്രോഡീകരിക്കാനുളള ചര്‍ച്ചക്ക് പോലും തയ്യാറാവാതെ പ്രശ്‌നത്തില്‍ നിന്നും മാറി നിന്നത് എന്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല. പുരുഷകേന്ദ്രീകൃതമായ മത സംഘടനകളില്‍ നിന്നും സ്ത്രീവിരുദ്ധതയല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാനാണ്?

മുസ്ലിം വ്യക്തി നിയമം ഇന്ന് നിലവിലുളള പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ ഭരണാധികാരികള്‍ കൈകാര്യം ചെയ്യുകയാണ്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍, രക്ഷാകര്‍ത്തൃത്വം എന്നീ വിഷയത്തില്‍ ബ്രിട്ടീഷുകാര്‍ സ്വീകരിച്ച രീതി പിന്തുടര്‍ന്നു കൊണ്ട് ശരീഅത്തിന്റെ പേരു പറഞ്ഞ് ഒരു പരിഷ്‌ക്കരണത്തിനും സാദ്ധ്യതയില്ലാത്ത വിധത്തില്‍ എല്ലാ കാലത്തേക്കും രചിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത നിയമങ്ങള്‍ എന്ന നിലക്ക് സ്ത്രീയെ രണ്ടാംകിട പൗരയാക്കി മാറ്റുന്ന മുസ്ലിം വ്യക്തി നിയമം നിലനര്‍ത്താന്‍ പണ്ടെന്ന പോലെ മത നേതൃത്വങ്ങള്‍ കൊണ്ടു പിടിച്ച പ്രചരണം നടത്തുന്നുണ്ട്. മുസ്ലിം സ്ത്രീകളുടെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ക്ക് വിരുദ്ധവും, ഖുര്‍ആ നിന്റെയും ശരീഅത്തിന്റെയും അന്ത:സത്തക്ക് എതിരാണെന്നുമുളള യാഥാര്‍ത്ഥ്യം ഒട്ടുമിക്ക മുസ്ലിംകളും, മുസ്ലിം മതസംഘടനകളും സമ്മതിക്കുന്നുമുണ്ട്. മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളെ കുറിച്ച് അജ്ഞരായവര്‍ പടച്ചുണ്ടാക്കിയ വ്യക്തി നിയമമാണ് ഇസ്ലാം അനുവദിക്കപ്പെട്ട നീതിയും മനുഷ്യാവകാശവും നിഷേധിക്കപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉപകരണമായി മാറിയിട്ടുളളത്. സാമൂഹ്യതുല്യത ഉദ്ഘോഷിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ എല്ലാം തന്നെ കാലാകാലങ്ങളില്‍ പുരുഷന്മാര്‍ അവര്‍ക്കനുയോജ്യമായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നു. അതിന്റെ പരിണിതഫലമാണ് മുസ്ലിം സ്ത്രീകള്‍ ഇന്നും ദുരിതമനുഭവിക്കുന്നത്. ശരീഅത്ത് നിയമങ്ങള്‍ കാലാനുസൃതമായി പുനരാവിഷ്‌ക്കരിക്കണമെന്ന് വാദിക്കുന്ന പണ്ഡിതരുണ്ടെങ്കിലും മതേതര റിപ്പബ്ലിക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലും അവരുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നു. ഇസ്ലാമില്‍ നിന്നുകൊണ്ട് പറയുന്നവര്‍ ഇസ്ലാം വിരുദ്ധരും, പുറത്തു നിന്നു പറഞ്ഞാല്‍ ഇസ്ലമിനെതിരായി മുസ്ലിംകളുടെ കാര്യത്തില്‍ കൈകടത്തുകയാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു.

ലോകത്തുളള പല മുസ്ലിം രാഷ്ട്രങ്ങളും വ്യക്തി നിയമം ഖുര്‍ആന്‍ അനുശാസിക്കുന്ന നീതിയുടെ നിഷേധവും സ്ത്രീയെ തരം താഴ്ത്തുന്നതുമാണെന്ന് കണ്ടെത്തി സ്ത്രീയുടെ പദവി ഉയരാന്‍ പാകത്തില്‍ പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട്. സിറിയ, ഇറാന്‍, ഇറാക്ക് എന്നീ രാജ്യങ്ങളില്‍ മലേഷ്യയിലെ പെര്‍ലീസ എന്ന രാജ്യത്തും രണ്ടാം വിവാഹത്തിന് കോടതിയുടെ മുന്‍കൂട്ടിയുളള അനുവാദം വേണം. പാക്കിസ്ഥാനിലെ 1961ലെ കുടുംബ ഓര്‍ഡിനന്‍സ് പ്രകാരം പ്രത്യേകമായി രൂപീകരി ച്ച ഒരു മദ്ധ്യസ്ഥ കൗണ്‍സിലിന്റെ സമ്മതം രണ്ടാം വിവാഹത്തിന് ആവശ്യമാണ്. ആ വിവാഹവും ന്യായവുമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ യുക്തമായ വ്യവസ്ഥകളില്‍ നിന്നുകൊണ്ട് അനുമതി കൊടുക്കുകയുളളൂ. ഈ ഓര്‍ഡിനന്‍സ് ബംഗ്ലാദേശിലും ബാധകമാക്കിയിട്ടുണ്ട്. ശ്രീലങ്കയിലും 1951ലെ മുസ്ലിം വിവാഹം, വിവാഹ മോചന നിയമമനുസരിച്ച് രണ്ടാം വിവാഹ ത്തിന് 30 ദിവസം മുമ്പ് നോട്ടീസ് നല്‍കണം.

ഇറാനില്‍ ഏകപക്ഷീയമായ വിവാഹമോചന നിയമം നിര്‍ത്തലാക്കുകയും വിവാഹ മോചനത്തിന് സ്ത്രീക്ക് തുല്യമായ സ്ഥാനം നല്‍കുകയും ചെയ്തു. തുര്‍ക്കിയില്‍ 1926ലെ സിവില്‍ കോഡ് ബഹുഭാര്യത്വം വ്യക്തമായി നിരോധിച്ചു. 1951 കുടുംബ വിവാഹ നിയമമനുസരിച്ച് കോടതിക്ക് രണ്ടാം വിവാഹം അസാധുവാക്കാം. ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നത് പോലെ നീതി പുലര്‍ത്താന്‍ ആധുനിക സാഹചര്യത്തില്‍ സാധ്യമല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 1957ല്‍ ടൂണീഷ്യ ബഹുഭാര്യത്വം നിരോധിച്ചു. ഇങ്ങനെ ഇരുപതോളം രാജ്യങ്ങളില്‍ നിയമം പുനരാവിഷ്‌ക്കരിച്ചതായി പഠനങ്ങള്‍ രേഖപ്പെടുത്തുന്നു. പ്രവാചകന്റ സന്തതസഹചാരിയായ ഹസ്രത്ത് ഉമര്‍ ഖുര്‍ആനിലെ വിധി പ്രസ്ഥാവങ്ങള്‍ മാറ്റിയിട്ടുണ്ടന്ന് ഈജിപ്ഷ്യന്‍ ഹാലിമായ അഹമ്മദ് അമില്‍ രേഖപ്പെടുത്തുന്നു. പട്ടിണിക്കാലത്ത് കട്ടവന്റ കൈ വെട്ടുന്നത് ശരിയല്ല എന്നും  മുസ്ലിം ആധിപത്യമുള്ളിടത്ത് സക്കാത്ത് പ്രധാനമല്ലെന്നും ഉമര്‍ വിശ്വസിച്ചു.

ബ്രീട്ടീഷുകാര്‍ ഇസ്ലാമിക നിയമങ്ങള്‍ ഒന്നിനുപുറകെ ഒന്നായി നിരോധിച്ചു. 1843ലെ ആക്ട് അടിമത്തം നിരോധിച്ചു. 1860ലെ മറ്റൊരു നിയമം ഇസ്ലാമിക ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരം ക്രമിനല്‍ പ്രൊസീജര്‍ കോഡ് സ്ഥാപിക്കപ്പെട്ടു. തെളിവുകള്‍ക്കുളള ഇസ്ലാമിക നിയമങ്ങള്‍ക്ക് പകരം ഇന്ത്യന്‍ എവിഡന്‍സ് നിയമം വന്നു. 1937ല്‍ ശരീഅത്ത് നിയമം നിലവില്‍ വന്നു. മുത്തലാക്ക് പുരുഷന്ന്  അനുവദനീയമാകുമ്പോള്‍ എല്ലാ സ്ത്രീകളുടെയും അന്തസ്സിനെയാണ് അത് വെല്ലുവിളിക്കുന്നത്. 1939ല്‍ ശരീഅത്ത് നിയമം ഭേദഗതി ചെയ്തു. വിവാഹ മോചന നിയമം ആവശ്യപ്പെടുന്ന ചില അടിസ്ഥാന വ്യവസ്ഥകള്‍ കൊണ്ടുവരിക മാത്രമാണ് ചെയ്തത്. അതേ സമയം പുരുഷന് ഏകപക്ഷീയമായും മൊഴി ചൊല്ലലിലൂടെയും മറ്റും വിവാഹ മോചനം സാദ്ധ്യമാകുന്നതിന് തടയിടുകയോ മഹര്‍ തിരിച്ചുകിട്ടാനുളള നടപടി ക്രമങ്ങള്‍ ഉണ്ടാവുകയോ വിവാഹ മോചിതരായ സ്തീകള്‍ക്ക് സംരക്ഷണ ചിലവ് ലഭ്യമാക്കാനുളള അവകാശം ഉണ്ടാവുകയോ മേല്‍പ്പറഞ്ഞ പരിഷ്കാരങ്ങളുടെ ലക്ഷ്യമായിരുന്നില്ല. വ്യക്തി നിയമം ഭാഗീകമായി ക്രോഡീകരിച്ചു എന്ന് മാത്രമെ പറയാന്‍ കഴിയൂ. ഇന്ത്യയില്‍ മാത്രം സ്ത്രീവിരുദ്ധ നിയമങ്ങള്‍ നിലനിര്‍ത്തണമെന്ന് വാദിക്കുന്നതിന്റെ യുക്തി എന്താണ്?

ഷാബാനു കേസിനെ തുടര്‍ന്നുണ്ടായ മുസ്ലിം വനിതാ സംരക്ഷണ നിയമം (1986) നിലനില്‍ക്കുന്നത് കൊണ്ടു തന്നെ 2001ല്‍ വിവാഹമോചനം ചെയ്യപ്പെടുന്ന സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടി സെക്ഷന്‍ 125  CRPC നിയമം ഭേദഗതി ചെയ്യുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിക്കുകയും മാസം തോറും മിനിമം 500 രൂപയില്‍ കൂടുതല്‍ എത്രയുമാവാം എന്ന ജീവനാംശം കൊടുക്കാനുളള തുക വര്‍ദ്ധിപ്പിച്ചു കൊണ്ട് ബില്ല് കൊണ്ടു വരികയും ചെയ്തു. ഇത് സംബന്ധിച്ചുളള നാല് വകുപ്പുകള്‍ ഭരണഘടനയിലുണ്ട്. ഈ വകുപ്പനുസരിച്ച് കേസ് ഫയല്‍ ചെയ്താല്‍ 60 ദിവസത്തിനുളളില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് നിയമം. എന്നാല്‍ ഈ വകുപ്പനുസരിച്ചുളള ആനുകൂല്യങ്ങളൊന്നും തന്നെ മുസ്ലിം സ്ത്രീകള്‍ക്ക് ലഭ്യമല്ല. ഇത് അമുസ്ലിമിങ്ങളുടെ നിയമമെന്നാണ് വാദം. മതാഹ് ലക്ഷക്കണക്കിന് വിധിക്കുന്നു എന്നൊരു വാദവുമുണ്ട് അതാര്‍ക്കാണ് ലഭിക്കുന്നത്? അപൂര്‍വ്വം ചില സമ്പന്ന വിഭാഗങ്ങള്‍ക്കുമാത്രം.

സ്ത്രീയുടെ നിലനില്പ്പിനു തന്നെ അവിഭാജ്യ ഘടകമായ സ്വത്ത് കൈകാര്യം ചെയ്യുന്നതിനും അര്‍ഹമായ ധനം നല്‍കുന്നതിനും ആധുനിക ഇസ്ലാം വക്താക്കള്‍പോലും എതിര്‍ നില്‍ക്കുന്നതായി കാണാം. ഒരു വ്യക്തി മരണപ്പെട്ടാല്‍ കുടുബ സ്വത്തില്‍ അവരുടെ മക്കള്‍ക്ക് ലഭിക്കുന്ന ഓഹരിയില്‍ പുരുഷന് രണ്ട് കിട്ടുമ്പോള്‍ സ്ത്രീക്ക് ഒരു ഓഹരിയാണ് കിട്ടുന്നത്. ഒരു പെണ്‍കുട്ടി മാത്രമാണ് ഉളളതെങ്കില്‍ 1/2 ഉം, ഒന്നില്‍ കൂടുതല്‍ പെണ്‍കുട്ടികളാണെങ്കില്‍ 2/3 ഉം ആണ് ലഭിക്കുന്നത്. ബാക്കി വരുന്ന ഓഹരി പെണ്‍കുട്ടികളേക്കാള്‍ അകന്ന ബന്ധുവിന് ലഭിക്കും. ഇന്നുവരെ കാണാത്ത ബന്ധുവായിരിക്കും പലപ്പോഴും. ഇനി ഒരു വ്യക്തി ജീവിച്ചിരിക്കെ അവരുടെ മകനോ മകളോ മരണപ്പെട്ടു പോയാല്‍ മരണപ്പെട്ട ആളുടെ മക്കള്‍ക്ക് ലഭിക്കേണ്ടുന്ന സ്വത്ത് അവര്‍ക്ക് (പേരക്കുട്ടികള്‍ക്ക് ) ലഭിക്കില്ല. മാതാവോ പിതാവോ മരണപ്പെട്ടു പോകുന്നത് കുട്ടികളുടെ കുറ്റം കൊണ്ടാണോ? ഇനി ജീവിച്ചിരിക്കെ മക്കളുടെ പേരില്‍ വില്‍പ്പത്രം എഴുതിവെച്ചാല്‍ വ്യക്തിയുടെ മരണശേഷം 1/3 ആണ് ലഭിക്കുന്നത്. ദത്ത് കുട്ടികള്‍ക്ക് സ്വത്തവകാശം ലഭിക്കുകയില്ല.

ഇസ്ലാം അനുവദിച്ച മനുഷ്യാവകാശവും ലിംഗനീതിയും മുസ്ലിം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടപ്പെട്ട ഒരു ഇരുണ്ട കാലഘട്ടത്തില്‍ സ്ത്രീയുടെ പദവി ഉയര്‍ത്താന്‍ ഇവള്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും അന്നത്തെ കാലഘട്ടത്തിനനുസൃതമായി സ്വത്തവകാശം നല്‍കി ലോകത്ത് തന്നെ ആദ്യമായി സ്ത്രീക്ക് സ്വത്തവകാശം നല്‍കി സ്ത്രീയുടെ പൗരത്വം അംഗീകരിച്ച പ്രവാചകന്റെ മതമാണ് ഇസ്ലാം. ഇസ്ലാം മതം പൗരോഹിത്യത്തിന്റെ കയ്യിലകപ്പെടുകയും മതത്തിനുമേല്‍ അവരുടെ ആധിപത്യം വരികയും ചെയ്തതോടെ സ്ത്രീകളുടെ ദുരവസ്ഥയും ആരംഭിക്കുകയായി.

ഇത്തരം കാര്യങ്ങള്‍ ഒന്നും പഠിക്കാതെയുളള നീക്കം അന്ധമായ രാഷ്ട്രീയമാണെന്ന് പറയാതെ വയ്യ. സ്ത്രീകളുടെ വോട്ട് വാങ്ങി ഉന്നതസ്ഥാനത്തിരിക്കുകയും അവരുടെ രോദനങ്ങള്‍ കേള്‍ക്കാതിരിക്കുകയും ചെയ്യുന്നത് അപമാനകരമാണ്.

ഇത്തരമൊരു സാഹചര്യത്തിലാണ്  ബഹു:സുപ്രീം കോടതിയുടെയും, നിയമ കമ്മീഷന്റെയും ഇടപെടല്‍ നമ്മള്‍ വിലയിരുത്തേണ്ടത്. മുസ്ലിം സ്ത്രീകള്‍ക്ക് മാത്രമല്ല മറ്റു മതവിഭാങ്ങള്‍ക്കും വ്യക്തിനിയമത്തിന്റെ ദുരിതങ്ങള്‍ നേരിടേണ്ടി വരുന്നു എന്നുളളതും നാം കാണാതെ പോകരുത്. ട്രാന്‍സ്ജന്റേഴ്‌സിനും നീതി ലഭിക്കേണ്ടതുണ്ട്. ഒരിക്കലും നടക്കാത്ത വ്യക്തിനിയമ ക്രോഡീകരണത്തിനു പിന്നാലെ പോവാതെ വളരെ വൈകിയെങ്കിലും നമുക്കു മുന്നില്‍ ആശാവഹമായ ഒരു വാതില്‍ തുന്നിട്ടിരിക്കയാണ്. പ്രബുദ്ധരായ പൊതുജനങ്ങളും ഉന്നതസ്ഥാനത്തിരിക്കുന്നവരും ഈ അവസരം ഉപയോഗിച്ചു കൊണ്ട് ആരോഗ്യ പരമായ ചര്‍ച്ചക്ക് തയ്യാറാവണമെന്നും, ഒരു ജന്‍ഡര്‍ ജസ്റ്റ് കോഡ് ഉണ്ടാക്കത്തക്ക വിധത്തിലുളള സംവിധാനത്തിന് വഴി ഒരുക്കണമെന്നും ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വേണ്ടി അപേക്ഷിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍