UPDATES

അഴിമുഖം ക്ലാസിക്സ്

മാര്‍ക്സിസ്റ്റുകളോടുള്ള ആര്‍.എസ്.എസ് ശത്രുതയ്ക്ക് പിന്നില്‍

ഇന്ത്യയില്‍ തങ്ങളുടെ മുഖ്യശത്രുക്കള്‍ മാര്‍ക്സിസ്റ്റുകളാണെന്ന് ഇത്തവണ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന ആദ്യ സമ്മേളനത്തില്‍ സംഘം വ്യക്തമാക്കിയിരുന്നു

ഇന്ത്യയില്‍ തങ്ങളുടെ മുഖ്യശത്രുക്കള്‍ മാര്‍ക്സിസ്റ്റുകളാണെന്ന് ഇത്തവണ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന ആദ്യ സമ്മേളനത്തില്‍ സംഘം വ്യക്തമാക്കിയിരുന്നു. കേരളത്തിലാണെങ്കില്‍ ദശാബ്ദങ്ങളായി ആര്‍.എസ്.എസ്-മാര്‍ക്സിസ്റ്റ് സംഘട്ടനം തുടര്‍കഥയുമാണ്. കണ്ണൂരിന്റെ സാമൂഹ്യ-സാസ്‌കാരിക പ്രത്യേകതയാണ് അതിനു കാരണമെന്ന് പലപ്പോഴും വ്യാഖ്യാനിക്കപ്പെടാറുണ്ട്. ദേശീയതലത്തിലാണെങ്കില്‍ മാര്‍ക്സിസ്റ്റ് സാഹിത്യങ്ങള്‍ പഠിച്ചുകൊണ്ട് ഇന്ത്യന്‍ ദേശീയ രാഷ്ടീയം വിലയിരുത്തി തങ്ങളുടെ നയമാക്കി സ്വീകരിക്കുന്ന പതിവും സംഘത്തിനുണ്ട്. 2009 ല്‍ ദേശീയ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൊച്ചിയിലെത്തിയ എല്‍.കെ അദ്വാനി പ്രസ്താവിച്ചത് ജാതി സംവരണമല്ല തങ്ങളുടെ നയം മറിച്ച് സാമ്പത്തിക സംവരണമാണെന്നായിരുന്നു.

ഇക്കുറി കേരളത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പു നടക്കാനിരിക്കെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രസ്താവിച്ചതും ശ്രദ്ധേയമാണ്. സി.പി.എം. രാജ്യത്തെ ഏറ്റവും വലിയ ഹിന്ദു പാര്‍ട്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇടതുപാര്‍ട്ടികളുടെ കൈക്കോല്‍ ഊരിയെടുത്ത് പുരോഗമന ഹിന്ദുക്കളെ തങ്ങളോടൊപ്പം നിര്‍ത്താനുളള തന്ത്രത്തിന്റെ ഭാഗമാണതെന്ന് ചിലര്‍ വിലയിരുത്തുകയുമുണ്ടായി.

എന്നാല്‍ ഈ പ്രതിഭാസം പൂര്‍ണ്ണമായും വിജയിക്കില്ലെന്നും അവര്‍ക്കറിയാം. കാരണം ഫ്യൂഡല്‍ വിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ രൂപം കൊണ്ട സംഘത്തില്‍ പുരോഗമനഹിന്ദുക്കള്‍ ചേക്കേറിയാല്‍ തന്നെ അധികകാലം നിലനില്‍ക്കാനാവില്ല. രണ്ടിന്റേയും ഉള്‍പ്രകൃതം രണ്ടാണ്. ഒന്ന് പരിസരമോ, സ്വത്തോ, ഇടമോ, സ്വഭാവമോ തങ്ങളുടെ ഉടമസ്ഥതിയിലേക്കു കൊണ്ടുവരാനുളള അധികാര പ്രവണതയാണെങ്കില്‍ മറ്റൊന്ന് അത്തരം സാധ്യതകള്‍ പൊതു ഉടമയില്‍ കൊണ്ടുവരണമെന്ന മാനവിക ചിന്തയാണ്. ഇവ രണ്ടും തമ്മില്‍ പ്രകൃതത്തില്‍ തന്നെ ചേരായ്മയുണ്ട്. വിരുദ്ധ ദിശയിലേക്കുളള സഞ്ചാരവുമാണിത്.

എന്നാല്‍ തിരഞ്ഞെടുപ്പു പോലുളള സന്ദര്‍ഭത്തില്‍ ജാതി-മത സ്വത്വത്തിന്റെ പേരില്‍ വോട്ടുകള്‍ നേടാന്‍ അതുവഴി സാധിക്കും. ഈ അടിസ്ഥാന വൈരുദ്ധ്യത്തിനു പുറമെ സൈദ്ധാന്തികമായി തന്നെ രണ്ടു പ്രസ്ഥാനങ്ങളും  തമ്മില്‍ വ്യത്യസ്തമാണ്. ആ വ്യത്യാസം മാര്‍ക്സിസ്റ്റിനെ സംബന്ധിച്ചിടത്തോളം സൈദ്ധാന്തിക-പുരോഗമന അടിത്തറയാണെങ്കില്‍ തീവ്രഹിന്ദുവിനെ അല്ലെങ്കില്‍ ഫ്യുഡല്‍ ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം വൈകാരികവുമാണ്. അതാണ് ഇരുകൂട്ടരും തമ്മിലുളള പകയുടെ അടിസ്ഥാനമെന്ന് കണ്ടെത്താനാവും. അത് സംഭവിക്കുന്നത് യഥാക്രമം 1830 ലും 1853 ലുമാണ്. ഇന്ത്യയെകുറിച്ച് ആദ്യം ഹെഗലും പിന്നീട് മാര്‍ക്‌സും നടത്തിയ നീരിക്ഷണത്തില്‍ നിന്നാണ് ആ കാഴ്ചപാട് രൂപപെട്ടത്. ഹെഗലിന്റെ ഇന്ത്യന്‍ നാഗരികത വ്യാഖ്യാനത്തില്‍ ഇത് കാണാം. ഇന്ത്യന്‍ നാഗരികതക്ക് വളര്‍ച്ചയില്ലെന്നായിരുന്നു ഹെഗലിന്റെ ആദ്യ കണ്ടെത്തല്‍. കാരണമായി അദ്ദേഹം ചുണ്ടിക്കാട്ടുന്നത് എല്ലാറ്റിനേയും ആരാധിക്കാനുളള ഇന്ത്യക്കാരുടെ പ്രവണതയാണ്. നിശ്ചലമായതിനെ വണങ്ങി അതിനടിമയാകുന്ന സംസ്കാരം ഇന്ത്യക്കാരെ അടിമകളാക്കിയെന്നും അദ്ദേഹം നീരീക്ഷിച്ചു. പശുവിനേയും കുരങ്ങിനേയും അതിന്റെ യഥാര്‍ത്ഥ സവിശേഷതയ്ക്കപ്പുറം പ്രധാനമായി കണ്ടിരുന്നതിനാല്‍ മനുഷ്യര്‍ എന്ന അവസ്ഥയില്‍ നിന്നും വല്ലാതെ താഴോട്ടേക്ക് അധഃപതിച്ചതായും അദ്ദേഹം എഴുതി. ജെ സിബ്രി ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്ത ഹെഗലിന്റെ ‘ചരിത്ര ദര്‍ശന’മെന്ന പുസ്തകത്തിലാണ് നിരീക്ഷണങ്ങള്‍. 1853ല്‍ കാള്‍ മാക്‌സും സമാനമായ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജാതിയിലധിഷ്ടിതമായ സാമൂഹ്യഘടന ഇന്ത്യക്ക് ഒരു പൊതുസംസ്കാരമോ പൊതുചരിത്രമോ ഉണ്ടാക്കാന്‍ സഹായിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടത്തല്‍. ഇന്ത്യക്ക് ചരിത്രമില്ലെന്ന് ഹെഗലും സംസ്‌കാരമില്ലെന്ന് മാര്‍ക്സും പറയുന്നത് ആ അര്‍ത്ഥത്തിലാണ്. ഇത് അതിവൈകാരികത പുലര്‍ത്തുന്ന സംഘത്തെ സ്വാഭാവികമായും പ്രകോപിതരാക്കുന്നു. മനുഷ്യന്റെ അന്തസ് പല തരത്തിലും അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ സാഹചര്യമാണ് ഇരുവരുടേയും കൃതികളില്‍ ഉണ്ടായിരുന്നത്. വളരെ അനുതാപപരമായിട്ടാണ് നീരീക്ഷണങ്ങളും.

ഇരുവരും ചരിത്രത്തിന്റേയും സംസ്കാരത്തിന്റേയും രേഖകള്‍ ഉയര്‍ത്തി സൈദ്ധാന്തിക അടിത്തറയുണ്ടാക്കുകയായിരുന്നുവെങ്കില്‍ ശ്രീരാമപരമഹംസരും സ്വാമി വിവേകാനന്ദനും രാജാറാം മോഹന്‍ റോയിയുമെല്ലാം ആത്മീയമായി ഭാരതിയനെ മുനുഷ്യനാക്കി ഉയര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ പ്രബുദ്ധ ചിന്തകളെ സംഘവും ബി.ജെ.പിയും എക്കാലത്തും ഭയപ്പെടുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്നെ തന്നെ ഭാരതത്തിലുണ്ടായിരുന്ന ജാതീയമായ അടിമത്വം ഇന്നും നിലനില്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതാണ് മാര്‍ക്സിസ്റ്റ് വിരോധത്തിന്റേയും കാതലായ കാര്യം. 

ഇതില്‍ വ്യത്യാസമുണ്ടാക്കുന്ന നയമാണ് മോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാര്‍ എന്നതും ശ്രദ്ധേയമാണ്. അതിന്റെ പ്രേരകം ഗുജറാത്തികളുടെ വാണിജ്യ മനോഭാവമാണ്. ഇത് ഗുജറാത്തി വണിക്കുകള്‍ നമ്മുടെ ഇന്ത്യന്‍ ദേശീയതയായി വികസിക്കുന്നതിന്റെ തുടക്കമാണ്. നേരത്തെ ബംഗാളി ദേശീയതയും മറാത്തി ദേശീയതയും പരീക്ഷിക്കപ്പെട്ടതുപോലെ ഇപ്പോള്‍ ഗുജറാത്തി ദേശീയത രൂപപെട്ടുവെന്നുമാത്രം. 

ഗാന്ധിജി ഗുജറാത്തിയായിരുന്നെങ്കിലും ഗാന്ധിക്കു പൊതുമനുഷ്യനാവാന്‍ ദീര്‍ഘകാലത്തെ സ്വാതന്ത്ര്യ സമര പോരാട്ടം വഴി സാധിച്ചു. അതില്‍ നിന്നും മോദി വ്യത്യസ്ഥാനാവുന്നത് എങ്ങനെയെന്ന് രേഖപ്പെടുത്തേണ്ടത് ഭാവിയുടെ ചരിത്രകാരന്‍മാരാണ്. രണ്ടു ധ്രുവങ്ങളില്‍ നിന്നും ഒരു ഐക്യപ്പെടല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സാധ്യമാണ്. മോദിയുടെ വളര്‍ച്ചാമനോഭാവവും പിണറായി വിജയന്റെ മാര്‍ക്സിസ്റ്റ് പുരോഗമനവാദവും. പക്ഷെ തീവ്രഹിന്ദുത്വവാദികള്‍ ഈ മുന്നേറ്റ ശ്രമങ്ങളെ എങ്ങനെ കാണുമെന്നത് മുഖ്യവിഷയമാണ്. ഒരു സമൂഹത്തിന്റെ അടിസ്ഥാന ചലനശേഷിയുടെ മൂലഘടകം സാമ്പത്തികമാണെന്ന ധാരണ മാര്‍ക്സിസ്റ്റുകള്‍ പോലും ഇപ്പോള്‍ മറന്നിരിക്കുന്ന പശ്ചാത്തലമാണെന്നത് മറ്റൊരു വൈരുദ്ധ്യവുമാണ്.

മാര്‍ക്സിയന്‍ ഭാവനയുടെ ഏറ്റവും മികച്ച പ്രയോഗമാണ് ഡോ. തോമസ് ഐസ്‌ക് സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ ബജറ്റില്‍ പറഞ്ഞ കൊളസ്‌ട്രോള്‍ ടാക്‌സ്. മാര്‍ക്സിസ്റ്റ് ഭാവനയില്‍ അത് മുതലാളിത്തത്തെ നിയന്ത്രിക്കുന്ന പൂട്ടാണ്. പക്ഷെ തൊഴുത്തില്‍ക്കുത്തു കാരണം അത് വേണ്ടെത്ര പ്രചാരം നേടിയില്ലെന്നു മാത്രം. ബിബിസിയടക്കുമുളള മാധ്യമങ്ങള്‍ക്ക് അതിന്റെ പ്രസക്തി മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. ഫ്യൂഡലിസവും മുതലാളിത്തവും അത്തരത്തിലുളള കൊളസ്‌ട്രേളാണെന്ന ഒരു മാര്‍ക്‌സിയന്‍ ഭാവന ധനമന്ത്രിയുടെ സംഭവനയാണ്. അതിനോടുളള നിശ്ചലപ്രതികരണവും സംഘത്തിന്റെ മാര്‍ക്സിസ്റ്റ് വിരോധവും സമാനമാണെന്നതില്‍ അദ്ഭുതമില്ല.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍