UPDATES

യാക്കോബ് തോമസ്

കാഴ്ചപ്പാട്

യാക്കോബ് തോമസ്

വായന/സംസ്കാരം

ആണ്‍ഭോഗങ്ങളുടെ ദേശങ്ങള്‍; റഫീക്ക് അഹമ്മദിന്റെ അഴുക്കില്ലം: ഒരു വായന

അഴുക്കില്ലം (നോവല്‍)
റഫീക്ക് അഹമ്മദ്
മാതൃഭൂമി ബുക്സ്
വില: 170 രൂപ

മലയാള നോവല്‍, ഉത്തരാധുനികതയുടെ ആഖ്യാന രാഷ്ട്രീയത്തിന്റെ വൈവിധ്യത്തെ ആവിഷ്‌കരിക്കുമ്പോഴും പരമ്പരാഗതമായ പുരുഷ കാഴ്ചപ്പാടുകളെ തൃപ്തിപ്പെടുത്തുന്ന ഭാവനകളായി അത് തുടരുകയാണെന്നാണ് പല നോവലുകളും വിളിച്ചു പറയുന്നത്. നാരായമംഗലം ദേശത്തെ പനിബാധിക്കുന്ന കഥയായ റഫീക്ക് അഹമ്മദിന്റെ അഴുക്കില്ലം എന്ന നോവല്‍ ഇത്തരത്തില്‍ ഒരു അരാഷ്ട്രീയമായ ഉല്പന്നമാണ്. ചെറുപ്പക്കാരും പ്രാദേശിക ബുദ്ധിജീവികളും ഒത്തുകൂടുന്ന വായനശാലയാണ് നോവലിന്റെ കേന്ദ്രം. ബുദ്ധിജീവിയും താത്വികനുമായ പി.എസ് മൂത്തേടത്തിന്റെ താത്വിക വിശകലനങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. എഴുത്തുകാരനായ ഞാനാണ് ആഖ്യാനത്തെ നിര്‍ണയിക്കുന്നത്. നാരായമംഗലത്തിന്റെ ചരിത്രത്തിലൂടെയും വര്‍ത്തമാനത്തിലൂടെയും സഞ്ചരിക്കുന്ന എഴുത്തുകാരന്റെ കഥകളാണിത്.

 

വായനശാലയുടെ ആഭിമുഖ്യത്തില്‍ സ്പാര്‍ട്ടക്ക്‌സ് നാടകത്തിന്റെ അവതരണം പ്രതീക്ഷിച്ചത്ര വിജയം നേടാത്ത നിരാശയിലാണ് നോവല്‍ തുടങ്ങുന്നത്. അതുവരെ നടത്തിയിരുന്ന നാടകങ്ങളൊക്കെ നാഗേഷുണ്ണിമാരുടെ കഥകളെ ഉപജീവിച്ചുള്ള ജനപ്രിയ നാടകങ്ങളാണ്. സ്പാര്‍ട്ടക്കസ് അത്ര ജനപ്രിയമായില്ലെന്നത് ജനപ്രിയ നാടകരീതികളെ പിന്തുടരുന്ന നാഗേഷുണ്ണിയെയും മറ്റും ആഹ്ലാദിപ്പിക്കുന്നു. ആ സമയത്തുതന്നെയാണ് അവിടെ പനി പടര്‍ന്നു പിടിക്കുന്നത്. പനി നാരായമംഗലത്തെ ഓരോരുത്തരെയായി കൊല്ലുന്നതിന്റെ ആഖ്യാനമാണ് നോവലെന്നും പറയാം.അറുപതുകള്‍ക്കു ശേഷമുള്ള നാരായമംഗലത്തിന്റെ പരിണാമത്തിലൂടെ, നാരായമംഗലം നഗരവല്കരണപ്രക്രിയയിക്കു വിധേയമായി അതിന്റെ ഗ്രാമീണത നഷ്ടമാകുന്നതോടെ നോവല്‍ അവസാനിക്കുന്നു.

വിപുലമായ ഒരു പ്രദേശമായിട്ടും കാര്യമായ വികസനമോ സ്ഥാപനങ്ങളോ ഇല്ലാത്ത കുഗ്രാമമായ നാരായമംഗലത്തെ പ്രധാന സംഭവമാണ് പപ്പുമതം. കേശവദേവിന്റെ ഓടയില്‍ നിന്ന് എന്ന നോവലിലെ പപ്പുവിനെ ദൈവമാക്കി രൂപീകരിച്ച ഈ മതം പപ്പുവിന്റെ പ്രിയപ്പെട്ട സ്ഥലമായ ഓടയെ ആദര്‍ശവല്‍ക്കരിക്കുകയും അദ്ദേഹം ഓടിച്ച റിക്ഷയെ ആരാധിക്കുകയും ചെയ്യുന്ന മതമാണ്. പപ്പുമതത്തിന്റെ വളര്‍ച്ചയും അത് സൃഷ്ടിക്കുന്ന ചില പ്രശ്‌നങ്ങളിലൂടെയുമാണ് നോവല്‍ മുന്നോട്ടു പോകുന്നത്. ജോബച്ചന്‍ തുടങ്ങിയ സ്‌കൂളിന്റെ തകര്‍ച്ച, ആത്മവിദ്യാലയത്തിലെ ചീട്ടുകളി സംഘം, ജീവനെന്ന ബാലന്‍ ജീവാനനന്ദനെന്ന ആള്‍ദൈവമാകുന്നത്, ഉലഹന്നാന്‍ എന്ന ബാര്‍ബറുടെ പരിഷ്‌കാരങ്ങള്‍, പപ്പുമതക്കാരുടെ ഓടയെ ശുചീകരിക്കുന്നതിനെതിരേയുള്ള സമരങ്ങള്‍, സാറാമ്മയുടെയും ഉക്രുവിന്റെയും ജീവിതം, മൂരിയുടെയും മാലിനിയുടെയും ജീവിതം, സ്വയംഭോഗത്തിലാനന്ദം കണ്ടെത്തിയിരുന്ന നാഗേഷുണ്ണിയുടെ ആത്മഹത്യകള്‍, ഫിറ്റര്‍ ബാപ്പു, സുമയ്യയുടെ ദുരന്തകഥ, ഒരു മിന്നലുപോലെ കടന്നുവരുന്ന ഡോ. ജാനകിയുടെ സമരോത്സുകകഥ, അറുമുഖനാശാരിയുടെ വ്യാകുല യന്ത്രങ്ങള്‍ തുടങ്ങി നിരവധി മനുഷ്യരുടെ സങ്കീര്‍ണമായ ജീവിതവ്യഥകളുടെ കൂട്ടിക്കെട്ടാണ് അഴുക്കില്ലം. ഈ ജീവിതങ്ങളെയെല്ലാം നോക്കിക്കാണുകയോ അടുത്തറിയുകയോ ചെയ്യുന്ന രണ്ടു പേരാണ് മൂത്തേടവും എഴുത്തുകാരനും. മൂത്തേടവും പോകുന്നതോടെ അതും അവസാനിക്കുന്നു. ആ അവസാനത്തിന്റെ ശോകച്ഛായ നല്‍കി നാരായമംഗലത്തിന്റെ നഗരവല്‍കരണവും കടന്നുവരുന്നു. നാരായമംഗലത്തിന്റെ സമീപപ്രദേശമായ പാറക്കുളം മുനിസിപ്പാലിറ്റിയാകുന്നതോടെ നാരായമംഗലം മരിച്ചുപോയ എംഎല്‍എയുടെ സ്മരണാര്‍ഥം ആര്‍. കെ നഗറാവുകയും ചെയ്യുന്നു. ചുരുക്കത്തില്‍ നാരായമംഗലം എന്ന ദേശത്തിലെ മനുഷ്യരില്‍ ഒരു വിഭാഗം ഇല്ലാതാകുന്നതോടെ ആ ദേശവും മാഞ്ഞു പോകുന്ന ചരിത്രമാണ് നോവല്‍.

വിളര്‍ച്ചബാധിച്ച സാമൂഹികത
പോസ്റ്റ് ഓഫീസും മൃഗാസ്പത്രിയും മാത്രമുള്ള, വില്ലേജാപ്പീസുപോലുമില്ലാത്ത ഗ്രാമമാണ് നാരായമംഗലം. നാരായമംഗംലം ടൗണെന്നത് ഒരു പലചരക്കുകടയും ബാര്‍ബര്‍ ഷോപ്പും ചായക്കടയും ഉള്ള ഒരിടമാണ്. ഇവിടുത്തെ ഈ കടകളുടെ സാന്നിധ്യം നാരായമംഗലത്തിന്റെ സാമ്പത്തിക ഘടനയെ വെളിപ്പെടുത്തുന്നു. ടൗണ്‍ ജനങ്ങളുടെ പലതരം കച്ചവട ക്രയവിക്രയങ്ങളുടെ ഇടമാണ്. അത്തരത്തില്‍ വിപുലമായ വിപണി അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മനസിലാക്കേണ്ടത്. ജനങ്ങള്‍ക്ക് കാര്യമായ സാമ്പത്തിക ശേഷിയുള്ളതായും സൂചനകളില്ല. എന്നാല്‍ മിക്കവരും കടുത്ത ദാരിദ്ര്യത്തിലായിരുന്നുവെന്നു സൂചനകളുണ്ട്. ഭേദപ്പെട്ട ആശുപത്രിയോ മറ്റോ അവിടെയില്ലായിരുന്നു. ജീവന്റെ പേരിലുള്ള ആശുപത്രി മിക്കപ്പോഴും അവിടുത്തുകാര്‍ക്ക് അപ്രാപ്യമായിരുന്നുവെന്ന് അബൂബക്കറിന്റെ കഥയില്‍ നിന്ന് മനസിലാക്കാം. എല്ലാരും പാറക്കുളം സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് പോയിക്കൊണ്ടിരുന്നത്. കടുത്ത വിഭവദൌര്‍ലഭ്യവും സാമ്പത്തിക ഞെരുക്കവും നാരായമംഗത്തിന്റെ സാമ്പത്തികഘടനയെയും ചെറുപ്പക്കാരെയും വരിഞ്ഞു മുറുക്കിയിരുന്നതിന്റെ സൂചനയാണ് മിക്ക ആഖ്യാനവും. ആത്മവിദ്യാലയത്തിലെ ചീട്ടുകളിസംഘം ഒരു സൂചനയാണ്. പണിയെടുക്കാന്‍ ഇല്ലാത്തവരുടെ താവളമായിട്ടാണത് പ്രവര്‍ത്തിച്ചിരുന്നത്. വായനശാലയും ഇത്തരത്തിലൊന്നായിരുന്നുവെന്ന് സൂചനകളുണ്ട്. കാര്യമായി പണിയെടുത്തവര്‍ വളരെക്കുറവാണ് നോവലില്‍. അഥവാ പണിയെടുത്താലും പ്രയോജനമില്ലാത്ത നിലയില്‍ പണിയെടുക്കുന്നവരാണ് പലരും, അറുമഖം ആശാരിയെപ്പോലെ. സാറാമ്മമാത്രമാണ് ഒരപവാദമെന്നു കാണാം. അവള്‍ തന്റെ ബസ് സര്‍വീസിന്റെ കണ്ടക്ടര്‍ വരെയായി മാറുന്നു.

 

തൊഴിലിന്റെ ലഭ്യതയില്ലായ്മ ഗുരുതരമാകുന്നതാണ് മദ്രാസിലേക്കുള്ള നാടുവിടല്‍ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാര്‍ മിക്കവരും നാടുവിട്ടു പോകുന്നത് നിരന്തരമാവര്‍ത്തിക്കുന്നു. ചിലര്‍ ഗള്‍ഫിലേക്കും. എന്നാല്‍ ഇവരാരും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിലേക്കു കഥകള്‍ പാകുന്നില്ലെന്നതും ശ്രദ്ധിക്കണം. മൂസയുടെ കഥ നാരായമംഗലത്തിന്റെ സാമ്പത്തിക വശത്തിന്റെ നല്ല ചിത്രമാണ്. മൂസയുടെ വീട്ടുകാര്‍ക്ക് സാമ്പത്തിക ശേഷിയുണ്ടായിരുന്നു. അവര്‍ മൂസക്ക് നാരായമംഗലത്ത് പീടികയിട്ടു കൊടുത്തു. എന്നാലത് ഒരാഴ്ചപോലും നീണ്ടുനിന്നില്ല. മൂസയുടെ സ്വഭാവം അതില്ലാതാക്കി. പിന്നീട് മൂസ ഗള്‍ഫിലേക്കു പോകുന്നു. തിരികെ ധനവാനായി വരുന്ന അയാള്‍ ചീട്ടുകളിക്കാരുടെ സംഘത്തിലൊരാളായി പനിപിടിച്ചു മരിക്കുന്നു. ഉല്‍പ്പാദനപരമായ, അതിന് വിത്തിടുന്ന സാംസ്‌കാരികതയുള്ള ഇടമല്ല നാരായമംഗലമെന്നാണ് ഇതൊക്ക പറയുന്നത്. നാരായന്റെ മകന്‍ രാജന്‍ മദ്രാസില്‍ പോയ കഥയും ഇത്തരത്തിലൊന്നാണ്. അവന്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ വരുന്നു. വലിയ പെട്ടിയുമായി വന്ന അവനാകെ കൊണ്ടുവന്നത് ഒരാല്‍ബം മാത്രമാണ്. ശിവാജി ഗണേശനും അമിതാബ് ബച്ചനുമൊത്ത് രാജന്‍ നില്‍ക്കുന്ന പടമുള്ള ആല്‍ബം. സാമ്പത്തിക പുരോഗതിയുണ്ടാകാനും അതിലൂടെ സാമൂഹിക മാറ്റം സാധ്യമാക്കാനുമുള്ള ആധുനിക ദര്‍ശനമല്ല നാരായമംഗത്തിന്റെ ദേശ കാഴ്ചപ്പാടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മറിച്ച് എങ്ങനെയെങ്കിലും ജീവിച്ചു പോവുകയെന്ന, ജീവിതം വിധിയാണെന്നും മാറ്റി മറിക്കാനാവില്ലെന്നുമുള്ള ഫ്യൂഡല്‍ ദര്‍ശനമാണെന്നു പറയാം.

 

 

ഏങ്കോണിച്ച ഈ സാമ്പത്തികദര്‍ശനമാണ് പനി പടര്‍ന്നുപിടിക്കുന്നതിന്റെ മൂലകാരണം. പനി കേവലമായി ഒരു രോഗമല്ല, മറിച്ച് സാമൂഹികതയുടെ വിളര്‍ച്ചയാണ്. കേരളീയ സമൂഹത്തില്‍ വേരോടിനില്‍ക്കുന്ന കാഴ്ചപ്പാടുതന്നെയാണിത്. ഈ കാഴ്ചപ്പാടിലാണ് നോവലിന്റെ ആഖ്യാനം പ്രവര്‍ത്തിക്കുന്നതെന്നും പറയാം. നോവലില്‍ കേന്ദ്രസ്ഥാനത്തു വരുന്ന ഓടയില്‍ നിന്നിന്റെയും ഖസാക്കിന്റെ ഇതിഹാസത്തിന്റെയും സാമൂഹിക പ്രവണതയും ഇതാണ് അടയാളപ്പെടുത്തുന്നത് എന്നത് ശ്രദ്ധിക്കണം. ഖസാക്ക് ഗ്രാമം സ്‌കളിനെ വളരാനനുവദിക്കാതെ സ്വയം കെട്ടിക്കിടക്കുന്നതും പപ്പു തൊഴിലാളിയുടെ ആധുനിക ജീവിതത്തില്‍ നിന്ന് മാറിനടക്കുന്നതും ഇവിടെ കൂട്ടിവായിക്കുക. രണ്ടു നോവലുകളും നോവലിന്റെ ആഖ്യാനത്തെ നിര്‍ണയിക്കുന്നത് സവിശേഷമായി നാരായമംഗലത്തിന്റെ സാമൂഹിക ജീവിതവുമായി ചേര്‍ന്നു പോകുന്നതിലൂടെയാണ്. പുരോഗമനം ഇല്ലാത്ത, പനി പിടിച്ച് ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ജീവിതമാണ് നാരായമംഗലത്തിന്റേത്. ഓടയില്‍ നിന്നും ഖസാക്കും സംവദിക്കുന്ന സാമൂഹികത ഇത്തരത്തിലൊന്നാണ്. കരുത്തനായ തൊഴിലാളിയാണെങ്കിലും വളരെ വലിയ ആദര്‍ശധീരനാണെങ്കിലും തന്റെ തൊഴിലിനെക്കുറിച്ചോ അതിന്റെ മൂല്യത്തെക്കുറിച്ചോ തികഞ്ഞ അജ്ഞനായ തൊഴിലാളി കൂടിയാണ് പപ്പു. തന്റെ മാത്രം പൗരുഷത്തിനപ്പുറത്ത് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാഞ്ഞ ഒരാളാണയാള്‍. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ കേരളീയമായ നവോത്ഥാന വ്യക്തിത്വമല്ല പപ്പുവിന്റേത്. ഇതിനു സമാനമായ ഒരു സാമൂഹികതയാണ് ഖസാക്കിലും. ഖസാക്കും ആധുനികതയ്ക്കു പുറന്തിരിഞ്ഞു നില്‍ക്കുകയാണ്. ഓടയില്‍ നിന്നില്‍ തുടങ്ങുകയും ഖസാക്കില്‍ അവസാനിക്കുകയും ചെയ്ത നോവല്‍ അതിനാല്‍ നാരായമംഗത്തിന്റെ വിളര്‍ച്ച ബാധിച്ച സാമൂഹികതയിയെ പ്രകാശിപ്പിക്കുകയാണെന്നു പറയാം.

 

ആധുനികത നഗരരൂപത്തില്‍ പാറക്കുളം വഴി വരുന്നതും നാരായമംഗലം ഇല്ലാതാകുന്നതുമായ കഥയിലെ ശ്രദ്ധ നാരായമംഗലത്തിന്റെ സാംസ്‌കാരിക താവളമായിരുന്ന വായനശാല നശിക്കുന്നതാണ്. വൈദ്യുതി ബില്ലടക്കാന്‍ പോലും പണമില്ലാതായി അത് പൊളിയുന്നു. അതിലൊക്കെ ദുഃഖിക്കുന്ന നായകനായ ഞാനിലാണ് നോവലവസാനിക്കുന്നത്. കേരളീയ നവോത്ഥാനത്തിന്റ പുരോഗമനത്തിന്റെ അടയാളമാണ് വായനശാലയും മറ്റും. അക്കാലത്തിനു വേണ്ട കാഴ്ചപ്പാടുകളും ഊര്‍ജവും പ്രദാനം ചെയ്തിരുന്നത് ഈ വായനശാലകളാണ്. അവിടെയാണ് നവോത്ഥാനത്തിന്റെ പൊതുമണ്ഡലങ്ങളുടെ വികസനം സാധ്യമാക്കിയത്. നാടകങ്ങളും സംവാദങ്ങളും ചര്‍ച്ചകളും ജാതി, അനാചാര വിമര്‍ശനവും വഴി ആധുനിക ആശയങ്ങളെ നടപ്പാക്കിയതില്‍ ഒരു പങ്ക് വായനശാലകള്‍ക്കുള്ളതാണ്. അത്തരത്തിലുള്ള വായനശാലയാണ് ഇവിടെ ഇല്ലതാകുന്നത്. ആധുനികതയുടെ മുന്നോട്ടു പോക്കില്‍ ദേശം പലരൂപത്തില്‍ പരിണാമവിധേയമാകുമ്പോള്‍ ആ മാറ്റത്തെ മനസിലാക്കാനോ ഒപ്പം സഞ്ചരിക്കാനോ സാധിക്കാത്ത മനസാണ് ഈ വായനശാലയുടെയും നാടിന്റെയും. അതാണ് പനിയായി, രോഗമായി ഈ സമൂഹശരീരത്തെ കൊന്നു തിന്നുകൊണ്ടിരിക്കുന്നത്.

 

നാരായമംഗലം എന്ന് ഇനി ഈ പ്രദേശത്തെ വിളിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? അങ്ങനെ ഒരു പ്രദേശത്തെ നിജപ്പെടുത്തിയ മനുഷ്യരില്‍, അടയാളങ്ങളില്‍ ഇനി എന്താണ് ബാക്കിയുള്ളത്? ഇപ്പോള്‍ നിലവില്ലാത്ത ദേശം എന്നുവിളിച്ചാല്‍ തെറ്റില്ലാത്ത അവസ്ഥയിലായിരിക്കുന്നു ഇത് (പു. 204). പനിക്കടിപ്പെടുന്നവരുടെ കഥള്‍ മാത്രമാണ് ഇവിടെ. അതിനെ അതിജീവിച്ചവരുടെ കഥകളില്ലെന്നും പറയാം. പുതിയ ആധുനികത നാടിനെ പല രൂപത്തില്‍ നശിപ്പിക്കുന്നു എന്നു വിലപിക്കുന്ന കാഴ്ചപ്പാടുകളാണ് ആ മാറ്റത്തെ അംഗീകരിക്കാതെ, പഴമയാണ് ശരിയെന്നു പ്രഖ്യാപിക്കുന്ന ഗാഥകളാണ് മലയാള സാഹിത്യത്തില്‍ നല്ലപങ്കും. അതിലേക്കു കണ്ണിചേരുകയാണ് നോവലും. നവോത്ഥാനത്തന്റെ നന്മകള്‍ നശിക്കുന്നതോടെ ജീവിതം അവസാനിക്കുന്നു എന്ന പ്രഖ്യാപനം ജീവിതത്തിന്റെയും സാമൂഹ്യതയുടെയും പരിവര്‍ത്തനത്തെ ഗൗരവമായി കാണാത്ത നിശ്ചലമായ കാഴ്ചയാണ്. നിരന്തരമായ പരിവര്‍ത്തനത്തെയും ഫ്യൂഡലിസത്തിന്റെ മാറ്റിമറിക്കലിനെയും ഉന്നംവച്ച ആധുനികതയാണ് ഇവിടെ വായനശാലകളും നവോത്ഥാനവും നല്‍കിയതെന്നിരിക്കെ ആ ആധുനികത പൂര്‍ണമാണെന്നും ഇനിയും പരിവര്‍ത്തിക്കേണ്ടതില്ലെന്നും ഇനിവരുന്ന മാറ്റങ്ങളൊക്കെ അപകടമാണെന്നും പറയുന്ന കാഴ്ചപ്പാടാണ് നോവലിന്റെ ഭാവം. അതുകൊണ്ടാണ് പുതിയ മാറ്റങ്ങളോടു സമരം ചെയ്യാനോ പ്രതികരിക്കാനോ നാരായമംഗലത്തുകാര്‍ക്ക് കഴിയാതെ പോകുന്നതും പഴയകാലത്തിന്റെ തിരുശേഷിപ്പുകളുമായി ജീവിക്കുന്ന മൂത്തേടം നോവലിന്റെ കേന്ദ്രമാകുന്നതും.

ആണുങ്ങളുടെ ദേശം
ദേശം വൈവിധ്യമാര്‍ന്ന വ്യവഹാരമാണ്. വിശേഷിച്ച് നവോത്ഥാനകാലകേരളത്തിന്റെ ദേശങ്ങള്‍. ജാതിപരമായിരുന്ന ഫ്യൂഡല്‍ സമൂഹത്തെ പൊളിച്ചെഴുതി ആധനിക ദേശങ്ങള്‍ സ്ഥാപിച്ചെടുത്തത് പുതിയ സമുദായ, വര്‍ഗരഹിത, ലിംഗവ്യവഹാരങ്ങളിലൂടെയാണ്. ഈ വ്യവഹാരങ്ങളുടെ ഒരിടമാണ് നാരായമംഗലത്തെ വായനശാല. അവിടെ ഒരുകാലത്ത് ആഴമുള്ള സംവാദങ്ങളും വായനകളും നടന്നിരുന്നുവെന്ന ഓര്‍മകളിലൂടെയാണ് നോവല്‍ കടന്നുപോകുന്നത്. വായനശാല കേന്ദ്രീകരിച്ചാണ് അവിടുത്തെ എല്ലാ സാംസ്‌കാരികമായ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ഈ വായനശാലയില്‍ പുരുഷന്മാര്‍ മാത്രമേ ഉള്ളൂതാനും. ഒരു സ്ത്രീപോലും വായനശാലയില്‍ ഏതെങ്കിലും രീതിയില്‍ പങ്കാളിയാകുന്നില്ല. വളരെ കൃത്യമായി നോവലിലെ സ്ഥലപരത ഇവിടെ വ്യക്തമാകുന്നു; ആണിന് പൊതുവിടങ്ങളും പെണ്ണിന് വീടും മറ്റും എന്ന വിഭജനം. മൂത്തേടം, നാഗേഷുണ്ണി, ആഖ്യാതാവ്, ഉണ്ണിക്കണ്ണന്‍ നായര്‍, പ്രതാപന്‍, പോലീസ് ചാക്കോച്ചന്‍, ജയാനന്ദന്‍, മിലിട്രി ബാലന്‍ തുടങ്ങിയവരാണ് വായനശാലയിലെ സ്ഥിരം അംഗങ്ങള്‍. അവരില്‍ മിക്കവരും പുസ്തകങ്ങള്‍ വായിക്കുന്നവരല്ല. മറിച്ച് വായനശാലയെ സ്വന്തം ഇടമാക്കിയവരാണ്. അതായത് വായനശാലപോലുള്ള സ്ഥലങ്ങള്‍ പൊതുവില്‍ കേരളത്തിലെ ആണുങ്ങളുടെ ഇടമാണ്. വായനയ്ക്കും സംവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും രാഷ്ട്രീയ, സാംസ്‌കാരിക പ്രചരണങ്ങള്‍ക്കും അവരുപയോഗിക്കുന്ന ഇടം. ഒന്നിനുമായില്ലെങ്കിലും വെറുതേ വര്‍ത്തമാനം പറഞ്ഞിരിക്കാനും വിശ്രമിക്കാനും ആണുങ്ങള്‍ക്കു പറ്റിയ ഇടം. ഈ സ്ഥലത്തിന്റെ ആദര്‍ശവല്കരണവും ആഘോഷവുമാണ് നോവലിന്റെ ആകെത്തുക. ഈ സ്ഥലം പുതിയ സാമൂഹിക മാറ്റങ്ങളാല്‍ ഇല്ലാതാകുന്നുവെന്ന ഭീതിയാണ് ഇതിലെ പ്രശ്‌നവും.

നോവല്‍ തുടങ്ങുന്നതുതന്നെ വായനശാലയിലെ നാടകത്തിന്റെ പരാജയത്തോടെയാണല്ലോ. പരാജയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള താത്വിക അവലോകനങ്ങളാണ് ആദ്യം. ഇവിടെ വായനശാലയില്‍ നടത്താറുള്ള നാടകത്തിന്റെ സ്വഭാവം കടന്നുവരുന്നുണ്ട്. എല്ലാം ആണുങ്ങള്‍തന്നെയാണ് ചെയ്യന്നത്. പെണ്‍വേഷവും പുരുഷനാണ് കെട്ടുന്നത്. ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക വിനിമയത്തിന്റെ അടയാളമായിരിക്കുമ്പോഴും എന്തുകൊണ്ടാണ് വായനശാലയുടെ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന നാടകത്തിനുപോലും ഒരു സ്ത്രീയെ കിട്ടത്തത്? വായനശാലയിലെ സംവാദങ്ങളിലും മറ്റും പെണ്‍സാന്നിധ്യം ഉണ്ടാകാതെ പോകുന്നത്? ഈ ചോദ്യങ്ങളിലൂടെ നോവലിനെ പരിശോധിക്കുമ്പോഴാണ് നാരായമംഗലത്തിന്റെ സാമൂഹിക ഘടനയുടെ രാഷ്ട്രീയം വ്യക്തമാകുന്നത്. വായനശാല മാത്രമല്ല, മറ്റൊരു സ്ഥാപനവും അധോലോകം പോലെ ഇവിടെയുണ്ട്. ആത്മവിദ്യാലയത്തിലെ ചീട്ടുകളിസംഘമാണത്. ചീട്ടുകളി സംഘത്തില്‍ പെണ്ണുങ്ങള്‍ അടുക്കാറുപോലുമില്ലെന്ന വസ്തുത ഇവിടെയും പ്രകടം. ചുരുക്കത്തില്‍ നാരായമംഗലത്തിന്റെ ഭൂപടമെന്നത് ആണ്‍ശരീരമാണ്. നോവലിന്റെ ആഖ്യാനം ഒരാണ്‍ ശരീരത്തിന്റെ നോട്ടമാണ്. ആ നോട്ടത്തില്‍ ബാക്കിയെല്ലാം അപ്രസക്തമാകുന്നു.

 

 

വായനശാലയിലെ പെണ്‍ അസാന്നിധ്യം നാരായമംഗലത്തിന്റെ തന്നെ പെണ്‍ ശൂന്യതയില്‍ നിന്നാണ് രൂപംകൊള്ളുന്നത്. കേരളത്തിന്റെ ആധുനിക പൊതുമണ്ഡലത്തിലെ സ്ഥലവിഭജനത്തിന്റെ യുക്തിയാണ് നാരായമംഗലത്തെയും രൂപ്പെടുത്തുന്നത്. ആഖ്യാനത്തിലുടന്നീളം പെണ്ണിനെ സ്ഥാനപ്പെടുത്തുന്നത് അത്തരത്തിലാണ്. ആണുങ്ങളുടെ നീണ്ട ആഖ്യാനങ്ങള്‍ക്കിടയില്‍ എത്ര സ്ത്രീകളുടെ കഥകളുണ്ടെന്നു പരിശോധിക്കുക, അവയുടെ സ്വഭാവം എന്തെന്നും നോക്കുമ്പോഴാണ് നാരായമംഗലത്തിന്റെ പുരുഷസ്വഭാവം വ്യക്തമാകുന്നത്. മൂത്തേടം, ആഖ്യാതാവായ ഞാന്‍, നാഗേഷുണ്ണി, ഉണ്ണിക്കണ്ണന്‍ നായര്‍, മുതലായവരാണ് ഉടനീളം നാരായമംഗലത്തിന്റെ കഥകളെ നിയന്ത്രിക്കുന്നത്. ഇവരാണ് മറ്റുള്ളവരുടെ ആഖ്യാനങ്ങളെത്തന്നെ സാധ്യമാക്കുന്നത്. കൂട്ടത്തില്‍ ജീവാനന്ദനും ഫിറ്റര്‍ ബാപ്പുവും ചീട്ടുകളിസംഘത്തിലെ ആണ്‍പടയും ഇത്തരം കഥകളെ സാധ്യമാക്കുന്നത്. ഇവരുടെ നിരന്തരമായ ജീവിതത്തെ പൊലിപ്പിക്കാനുള്ള ഉപകരണങ്ങളാണ് മറ്റുള്ളവരുടെ കഥകളെന്നുള്ളതാണ് വസ്തുത. ചീട്ടുകളി സംഘത്തിലേക്കു പോലീസ് വന്നപ്പോള്‍ കുട്ടാപ്പുവിന്റെ മുണ്ട് ഉരിഞ്ഞ വിവരണമുണ്ട്; അന്നേരം നാടകീയമായ ഒരു സംഭവമുണ്ടായി. ചുമരിനോടു ചേര്‍ന്നു കിടന്നിരുന്ന പഴയ മേശപ്പുറത്തേക്ക് കുട്ടാപ്പു ചാടിക്കയറി. ബധിരനും മൂകനുമായിരുന്നു അയാള്‍. കുട്ടാപ്പു താന്‍ ഉടുത്തിരുന്ന മുഷിഞ്ഞ ലുങ്കി അഴിച്ചിട്ടു. പോലീസും നാട്ടുകാരുമെല്ലാം ഒരു ഞെട്ടലോടെയാണ് അത് കണ്ടത്. ആദ്യം എല്ലാരും കരുതിയത് ഫണം വിരുത്തിയാടുന്ന ഏതോ സര്‍പ്പമായിരിക്കുമെന്നാണ്. എന്നാല്‍ അത് അയാളുടെ ഉദ്ധൃതമായ ലിംഗം തന്നെയായിരുന്നു. അസാധാരണമായ നിളത്തില്‍, വണ്ണത്തില്‍ ഉള്ള ഒന്ന്. കാടുപിടിച്ച ഗുഹ്യരോമങ്ങള്‍ക്കിടയില്‍ അത് ക്രൂദ്ധമായി നിന്നാടി. ആണ്‍ലിംഗത്തിന്റെ ഈ വര്‍ണന ഉദ്ധൃതമായ ആണ്‍ ശരീരത്തിന്റെ ആഘോഷമാണ്. ദേശത്തിന്റെ ആഖ്യാനങ്ങളെല്ലാം ആണിന്റെ, ആണ്‍ശരീരത്തിന്റെ അനിയന്ത്രിതമായ പ്രകടനപരതയായി മാറുന്നു. അതിന്റെ കേന്ദ്രസ്ഥാനം ഈ ലിംഗമാണ്. കുട്ടാപ്പുവിന്റെ ലിംഗം അയാളുടെ മരണകാലത്തും ഉണരുന്നുണ്ട്. അപ്പോള്‍ ഒരു സ്ത്രീ അതുവഴി വന്നുപോയതായി എഴുതുന്നുണ്ട്. അപ്പോള്‍ ഉദ്ധൃതമായ ലിംഗം ശാന്തമായി കുട്ടാപ്പു മരിച്ചെന്നും.

ആണ്‍ശരീരത്തെ ദേശമായി അടയാളപ്പെടത്തുന്ന നോവല്‍ പെണ്ണിനെ എവിടെയാണ് സ്ഥാനപ്പെടുത്തുന്നത് എന്നതാണ് സംഗതി. പുരുഷന്മാരുടെ നീണ്ട ആഖ്യാനങ്ങളായി നോവലാകെ നിറയുമ്പോള്‍ ആകെയുള്ളത് വളരെ കുറച്ച് സ്ത്രീകളുടെ കഥകള്‍ മാത്രം. സാറാമ്മ, പൗര്‍ണമി ടീച്ചര്‍, മാലിനി ചേച്ചി, ലില്ലി, സുമയ്യ പിന്നെ ഡോ. ജാനകി എന്നിവരാണ് നാരായമംഗലത്തു പ്രത്യക്ഷപ്പെടുന്ന സ്ത്രീകള്‍. പുരുഷന്മാര്‍ ഒരാള്‍ക്കൂട്ടമായി നോവലിലാകെ നിറയുമ്പാള്‍ സ്ത്രീകളാകട്ടെ ഒറ്റയ്ക്കും തെറ്റയ്ക്കും വന്നുപോകുന്ന മട്ടിലാണ് ആഖ്യാനം. എന്നല്ല ആണുങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു കര്‍തൃത്വവും അവര്‍ക്കില്ലതാനും. ഇതില്‍ പുറത്തുനിന്നു വന്നയാളായ ഡോ. ജാനകി മാത്രമാണ് പൊതുരംഗത്ത് ഇടപെടുന്നത്. അവര്‍ പപ്പുമതത്തിനെതിരേ സമരം ചെയ്യുകയും ഓടകള്‍ വൃത്തിയാക്കുകയും ചെയ്യാന്‍ ശ്രമിച്ച് പോലീസിന്റെ പിടിയിലാകുകയും ചെയ്യുന്നു. അതേസമയം മറ്റാരും തന്നെ ഇത്തരത്തില്‍ ഇടപെടുന്നില്ല. സ്ത്രീക്ക് പൊതുസമൂഹം ചരിത്രപരമായി അനുവദിച്ചിരിക്കുന്ന വീട്ടമ്മ, ഭാര്യ, അമ്മ തുടങ്ങിയ പദവികളിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്. എല്ലാവരെയും ആഖ്യാതാവായ ഞാന്‍ നോക്കികാണുന്ന രീതിയിലാണ്.

 

ആണ്‍ഭോഗങ്ങള്‍
സ്ത്രീകളുടെ ശരീരത്തിലാണ് ആഖ്യാതാവ് നിരന്തരം നോക്കുന്നത്. സ്ത്രീ-പുരുഷ ലൈംഗികതയുടെ കാഴ്ചപ്പാടില്‍ സ്ത്രീ ശരീരത്തെ കാണുന്ന മട്ടിലാണ് ആഖ്യാനം പ്രവര്‍ത്തിക്കുന്നത്. ദേശത്തെ മുഴുവന്‍ സൗന്ദര്യം/ശരീരംകൊണ്ട് വിഭ്രാന്തിയിലാക്കുന്ന ധര്‍മമാണ് സ്ത്രീകള്‍ക്കുള്ളത്. സാറാമ്മയെ ആഖ്യാതാവ് കാണുന്നതുതന്നെ നാരായമംഗലത്തെ കിടിലം കൊള്ളിച്ച ഭൂതകാലം ഉള്ളവളെന്ന നിലയിലാണ്. കാമമാണ് ഇവിടുത്തെ കിടിലംകൊള്ളിക്കല്‍. ഇങ്ങനെയാണ് ഓരോ സ്ത്രീയും നോവലില്‍ പ്രത്യക്ഷപ്പെടുന്നത്. മാലിനിച്ചേച്ചിയുടെ കഥ ഇതാണ് പറയുന്നത്. ആഖ്യാതാവ് അവരെ കാണുന്നത് ഇങ്ങനെയാണ്; കുട്ടിക്കുറാ പൗഡറിന്റെ മണത്തെ കവച്ചുവച്ചുകൊണ്ട് അവരുടെ വിയര്‍പ്പിന്റെ ഒരു വല്ലാത്ത മാദക ഗന്ധം ചുറ്റിലും പരക്കാറുണ്ടായിരുന്നു. കറുത്ത കരയുള്ള കോടിമുണ്ടും കറുത്ത ബ്ലൗസുമാണ് എപ്പോഴും വേഷം. ബ്ലൗസിന്റെ കഷഭാഗങ്ങള്‍ എപ്പോഴും നനഞ്ഞിരുന്നു. അത് വിയര്‍പ്പിന്റെയാണോ കുളിച്ചതിന്റെ ഈര്‍പ്പമാണോ എന്നു തിട്ടമുണ്ടായിരുന്നില്ല. അവരുടെ വയറിന്റെ ഇത്തിരിഭാഗം ഭംഗിയുള്ള ഞൊറികളോടെ പ്രത്യക്ഷപെട്ടിരുന്നു…. അതിമനോഹരമായിരുന്നു അവരുടെ പൊക്കിള്‍ച്ചുഴി… എന്നെങ്കിലും അവരുടെ പിന്‍കഴുത്തില്‍ ഉമ്മവെക്കണം എന്ന് അന്നൊക്കെ എത്ര തീക്ഷ്ണമായാണ് ആഗ്രഹിച്ചിരുന്നത് (പു. 88). മാലിനിയുടെ ശരീരത്തിന്റെ ലൈംഗിക സാധ്യതകളിലൂടെയാണ് ഈ കാഴ്ച പ്രവര്‍ത്തിക്കുന്നത്.

 

മലയാളിയുടെ പുരുഷ നോട്ടത്തിന്റെ ആകെത്തുക ഇതാണെന്നു പറയാം. പുരുഷ ഇച്ഛയില്‍ പ്രവര്‍ത്തനക്ഷമമാകുന്ന ലൈംഗികത മാത്രമുള്ളവളാണ് ഇവിടെ സ്ത്രീ. അത് മാലിനിയുടെ നഗ്‌നശരീരം കുളിക്കുമ്പോള്‍ കാണുമ്പോഴും വ്യക്തമാകും. പോക്കുവെയിലില്‍ അവരുടെ ശരീരം പൊന്നുപോലെ തിളങ്ങി. പൊക്കിള്‍ച്ചുഴിക്കു താഴെ നാഭിയിലെ മുടിച്ചുരുളുകള്‍ക്കു കടുംനീല നിറമായിരുന്നു. അവരുടെ മുലകള്‍ സ്വര്‍ണഗോളങ്ങള്‍ പോലെ ഉരുണ്ടുകളിച്ചു… (പു. 90). ആഖ്യാതാവായ പുരുഷന്‍ കാണുന്ന സ്ത്രീ ശരീരം പൊക്കിളും മുലയും വയറുമാണ്. കേരളീയ പുരുഷ സങ്കല്‍പത്തിലെ ലൈംഗികത കേന്ദ്രീകരിച്ച സ്ത്രീ ശരീരത്തിന്റെ ചിത്രം ഇതാണ്. ഉരുണ്ട മുലയും പൊക്കിളും നാഭിയും മാത്രമാണ് സ്ത്രീയുടെ ശരീരമായി കാണപ്പെടുക. മിക്കപ്പോഴും കുളിമുറിയില്‍ വച്ചാണ് ഇവിടെ പുരുഷന്മാര്‍ സ്ത്രീയെ കാണുന്നതുതന്നെ. മുഖംപോലും അവള്‍ക്ക് ഉണ്ടായിരിക്കുന്നതല്ല. ഇങ്ങനെയാണ് മിക്കപെണ്ണുങ്ങളും നോവലില്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടാണ് അവള്‍ക്ക് വീടിനപ്പുറത്ത് ഒരിടം ലഭ്യമാകാത്തത്. പൊതുവിടത്തില്‍ വന്നാല്‍ അവള്‍ കാണപ്പെടുക ഈ മുറിഞ്ഞ ശരീരമായിട്ടാണ്. അതിനാല്‍ വീടെന്ന സ്വകാര്യ ഇടത്തില്‍ മാത്രം അവള്‍ വരുന്നു. അതും ആണിന്റെ ലൈംഗികതാ കാഴ്ചയിലൂടെ മാത്രം. അതുകൊണ്ടാണ് വായനശാലയിലോ സംവാദങ്ങളിലോ ഒന്നും ഒരു സ്ത്രീയെയും കാണാത്തത്. കേരളീയ പൊതുമണ്ഡല നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്കാളിത്തത്തെ ഇത് അടയാളപ്പെടുത്തുന്നതായി കാണാം.

 

പൗര്‍ണമി ടീച്ചറുടെ കഥ ഇത്തരത്തിലാണ്. സ്‌കൂള്‍ അധ്യാപികയായ അവരെ ജോബച്ചന്‍ പ്രണയിക്കുന്നു. കത്തുകളെഴുതുന്നു. അതോടെ ഭര്‍ത്താവ് പ്രശ്‌നമുണ്ടാക്കുന്നു. സ്‌കൂള്‍ പൂട്ടുന്നു. പിന്നെ അവരെക്കുറിച്ച് ഒരുവിവരവും ഇല്ല. ടീച്ചറെ ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്; സുന്ദരിയായിരുന്നു പൗര്‍ണമി ടീച്ചര്‍. മൂക്കിനു താഴെ മോല്‍ച്ചുണ്ടിനു തൊട്ടുമീതേ ഒരു കൊച്ചു കാക്കപ്പുള്ളി. സ്ത്രീയുടെ വിയര്‍പ്പിനുള്ള സുഗന്ധം ലോകത്തെ ഒരു സുഗന്ധദ്രവ്യത്തിനുമില്ല എന്ന് താന്‍ പൗര്‍ണമി ടീച്ചര്‍ അടുത്തു വരുമ്പോഴാണ് അറിഞ്ഞതെന്ന് അച്ചനൊരിക്കല്‍ സ്വകാര്യമായി പി. എസ് മൂത്തേടത്തോട് പറഞ്ഞിട്ടുള്ളത് ഒരു ദര്‍ബല നിമിഷത്തില്‍ മൂത്തേടം മറ്റാരോടും പറയരുതെന്നു പറഞ്ഞുകൊണ്ട് ഞങ്ങളോടു വെളിപ്പെടുത്തുകയുണ്ടായിട്ടുണ്ട്  (പു. 34). സ്‌കൂള്‍ പൂട്ടുന്നതോടെ ടീച്ചറുടെ കഥ തീരുന്നു. പല സ്ത്രീകളുടെയും കഥ ഇങ്ങനെയാണ്. പെട്ടെന്നു അപ്രത്യക്ഷമാകല്‍.

 

ലില്ലിയുടെ കഥ ഇപ്രകാരമാണ്. പൈലോതിന്റെ മകളായ ലില്ലിയെ ആഖ്യാതാവ് പ്രണയിച്ചിരുന്നു. പക്ഷേ അച്ഛന്റെ മരണത്തിനു ശേഷം അവള്‍ മഠത്തില്‍ ചേര്‍ന്നതോടെ അവളും നാരായാമംഗലത്തുനിന്ന് അപ്രത്യക്ഷമായി. സുമയ്യയുടെയും കഥ ഇപ്രകാരമാണ്. ഒരു ദുഃഖകഥയാണ് അവളുടെ ജീവിതം. കുട്ടിക്കാലത്തേയുള്ള വിവാഹം, രണ്ടുകുട്ടികള്‍, മൊഴിചൊല്ലല്‍, പിന്നെ മരണം. അവളുടെ കഥയിലും ഏറെ വരുന്നത് അപ്പനായ അബൂബക്കറിന്റെ കഥയാണ്. അയാളുടെ ഒരിക്കലും അവസാനിക്കാത്ത വയറുവേദനയുടെ കഥയുടെ ഒരു കണ്ണി മാത്രമാണ് സുമയ്യയുടെ കഥ. പൂര്‍ണമായ പെണ്‍കഥകള്‍ ആഖ്യാനത്തിലില്ല എന്നതാണ് വസ്തുത. സ്ത്രീകള്‍ പെട്ടെന്നു അപ്രത്യക്ഷമാകുന്ന ആഖ്യാനങ്ങളാണ് എല്ലാമെങ്കിലും പുരുഷന്മാരുടെ കാര്യത്തില്‍ മറിച്ചാണ്. നാരായമംഗലത്തു നിന്ന് അപ്രത്യക്ഷരാകുന്ന ആണുങ്ങള്‍ മിക്കവരും ഇടയ്‌ക്കെല്ലാം പ്രത്യക്ഷരാകുന്നതുകാണാം. മൂസയും രാജനുമൊക്കെ ഇങ്ങനെ ഇടക്കിടയ്ക്ക് വന്നുപോകുന്നു. ചുരുക്കത്തില്‍ നാരായമംഗലം ആണിന്റെ ദേശമാണ്. പെണ്ണ് ദൃശ്യമാകാത്ത ഒരു ഭൂപടം.

 

 

സാറാമ്മയാണ് ഈ നോവലിലെ അല്‍പ്പമെങ്കിലും വ്യക്തതയുള്ള സ്ത്രീ കഥാപാത്രം. സാറാമ്മയും പ്രത്യക്ഷപ്പെടുന്നത് സൗന്ദര്യവതി എന്ന പരാമര്‍ശത്തോടെയാണ്. സാറാമ്മയെ അവതരിപ്പിക്കുന്നത് മൂത്തേടത്തിന് അവരുടെ മുലകളോടുള്ള ആരാധനയില്‍ നിന്നാണ്. സാറാമ്മയുടെ ശരീരം കാണാനുള്ള വ്യഗ്രതയില്‍ അവരുടെ കുളി ഇയാള്‍ ഒളിഞ്ഞു നോക്കുമായിരുന്നത്രേ. സാറാമ്മയുടെ ശക്തമായ പ്രതികരണത്തോടെ അതു നിന്നു. ഇറച്ചിക്കച്ചവടക്കാരനായ ഔസേപ്പിന്റെ മകളായ സാറാമ്മ പിന്നീട് പ്രത്യക്ഷപ്പെടുന്നത് ചീട്ടുകളി സംഘത്തിലെ ഉക്രുവിന്റെ മുമ്പിലാണ്. തനിക്ക് ഗര്‍ഭമുണ്ടെന്നും തന്നെ കെട്ടണമെന്നും അവള്‍ ശക്തമായി പറയുന്നു. അതോടെ ഉക്രുവും സാറാമ്മയും ഒന്നിച്ചു ജീവിക്കുന്നു. അവര്‍ക്ക് കുട്ടിയുണ്ടാകുന്നു. പിന്നീട് സാറാമ്മയെ കാണുന്നത് ബസ് സര്‍വീസ് സമരം വന്നപ്പോള്‍ തന്റെ ബസിന്റെ കണ്ടക്ടറാകുന്നതോടെയാണ്. പിന്നെ സാറാമ്മയുടെ മരണമാണ്. ഒരര്‍ഥത്തില്‍ സാറാമ്മയുടെ കഥ നാരായമംഗലത്തിലെ മറ്റു മനുഷ്യരുടെ കഥകളില്‍ നിന്നു വിഭിന്നമാണ്. ഉല്‍പ്പാദനപരമായ ജീവിതം അവിടെ നയിക്കുന്ന ഏക വ്യക്തി സാറാമ്മയാണെന്നു പറയാം. ഇറച്ചിക്കച്ചവടം കഴിഞ്ഞപ്പോള്‍ കോഴിക്കച്ചവടം തുടങ്ങുകയും സാമ്പത്തികമായി വളരുകയും ബസ് സര്‍വീസ് നടത്തുകയും ചെയ്തു. മാത്രവുമല്ല സാരി ധരിച്ചു കൊണ്ട് നാരായമംഗലത്തെ ഹരം പിടിപ്പിക്കുന്ന സൗന്ദര്യത്തിടമ്പായി മാറുകയും ചെയ്തുവത്രേ. ജീവിതത്തില്‍ സാമ്പത്തിക പുരോഗതി കൈവരിക്കുന്ന വ്യക്തിയാണ് സാറാമ്മയെങ്കിലും അതിനൊത്തെ തന്റേടവും ഉണ്ടെങ്കിലും അവരെയും നാരായമംഗലം കാണുന്നത് ശരീരത്തിന്റെ സൗന്ദര്യത്തിലൂടെ മാത്രമാണ്. പെണ്‍ശരീരത്തെ നോക്കി ഭോഗിക്കുന്ന ആഖ്യാനമാണ് ആണ്‍ശരീരങ്ങളുടെ ദേശമായി നാരായമംഗലത്തെ മാറ്റുന്നത്.

ഇവിടെ മറ്റൊരു കാര്യവും ശ്രദ്ധേയമാണ്, ആണ്‍കഥകളുടെ വാലോ ഭാഗമോ ആണ് സ്ത്രീയുടെ ജീവിതമെന്ന് ആഖ്യാനം നിരന്തരം പറയുന്നു എന്നതാണ്. അച്ഛന്റയോ ഭര്‍ത്താവിന്റെയോ കഥകളുടെ അനുബന്ധമായിട്ടാണ് സ്ത്രീകളുടെ കഥകള്‍ വരിക എന്നതാണ്. അഥവാ സ്വതന്ത്രമായ കഥയായി സ്ത്രീകളുടെ ജീവിതം ആഖ്യാനത്തിലില്ല. അങ്ങനെ അല്‍പ്പമെങ്കിലും തോന്നിപ്പിക്കുന്ന ആഖ്യാനം പാറക്കുളം ഗവ. ആശുപത്രിയില്‍ ജോലി ചെയ്യാനായി വരുന്ന ഡോ. ജാനകിയുടെ കഥയാണ്. പക്ഷേ ജാനകി നാരായമംഗലത്തുകാരിയല്ല. പുറത്തുനിന്നു വന്ന അവരാണ് നാരായമംഗലത്തെ ലൈബ്രറിയില്‍ വരുന്ന ഏക സ്ത്രീ. അവിടുത്തെ പൊതുരംഗത്തിടപെടുന്ന ഏക സ്ത്രീയും അവരാണ്. ഓട വൃത്തിയാക്കുന്ന പ്രവൃത്തിചെയ്ത് അറസ്റ്റു ചെയ്യപ്പെടുന്നതോടെ അവരും അപ്രത്യക്ഷയാകുന്നു. ആ ഭാഗത്ത് നോവലില്‍ ഇങ്ങനെ കാണാം; പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. ജാനകിയുടെ നേതൃത്വത്തിലുള്ള ഒരു ചെറുസംഘം എവിടെ നിന്നോ അവിടെയെത്തി. സ്ത്രീയായി ജാനകി മാത്രമേ അക്കൂട്ടത്തിലുണ്ടായിരുന്നുള്ളൂ (പു. 158). പൊതുരംഗത്തെ അവിടുത്തെ സ്ത്രീ ശൂന്യതയെ ഇത് കൃത്യമായി അടയാളപ്പെടുത്തുന്നു. പൊതുരംഗത്തെ ഈ ശൂന്യതയാണ് ആഖ്യാനത്തിലെ ഇല്ലായ്മ. അത്, സ്ത്രീ വീടിനകത്തെ പുരുഷന്റെ കാഴ്ചവസ്തുവാണെന്ന ചരിത്രപരമായ യുക്തിയില്‍ നിന്ന് രൂപംകൊണ്ടതാണ്. വെറും ലൈംഗിക ബിംബമാണെന്ന പുരുഷയുക്തിയുടെ ആഘോഷമാണത്. ദേശത്തിന്റെ ഭൂപടത്തില്‍ നിന്ന് പെണ്ണുടലിനെ മായ്ചുകളഞ്ഞുകൊണ്ട് നോവലെന്ന പുരുഷാഖ്യാനം ആണുടലുകളുടെ അര്‍മാദിക്കലായി മാറുന്നു.

നാഗേഷുണ്ണിയുടെ സ്വയംഭോഗ വിവരണങ്ങള്‍ ഇവിടെ ശ്രദ്ധേയമാകുന്നു. നാരായമംഗലത്തെ എല്ലാ പുരുഷന്മാരും പെണ്ണിനെ നോക്കിയും അല്ലാതെയും ഭോഗിക്കുന്നവരാണ്. കുട്ടാപ്പുവിന്റെ ലിംഗത്തിനു നല്‍കിയ സ്ഥാനം പോലെയാണ് നാഗേഷുണ്ണിയുടെ സ്വയംഭോഗാഖ്യാനങ്ങളും. നാട്ടിലെ കുട്ടികളെയെയല്ലാം ലൈംഗികത പഠിപ്പിക്കുന്ന ആളായ നാഗേഷുണ്ണി സ്ത്രീ സുഖം അറിഞ്ഞിട്ടില്ലാത്ത, സ്വയംഭോഗ വീരനായിരുന്നു. സ്ത്രീ സൗന്ദര്യം അയാളെ തളര്‍ത്തി. സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടാല്‍ അയാളെല്ലാം മറന്നു. സ്ത്രീ ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമൊക്കെയുള്ള വിഭ്രാമക സ്വപ്നങ്ങളില്‍ അയാള്‍ ജീവിച്ചു. കൊച്ചുപുസ്തകങ്ങളുടെ ഒരു ശേഖരം തന്നെയുണ്ടായിരുന്നു അയാളുടെ പക്കല്‍… സ്വയംഭോഗത്തിന്റെ ഒരു ചക്രവര്‍ത്തിയുമായിരുന്നു നാഗേഷുണ്ണി. വ്യത്യസ്തങ്ങളായ നിരവധി സ്വയംഭോഗരീതികള്‍ ഗവേഷണം ചെയ്ത് കണ്ടെത്തിയിരുന്നു അയാള്‍…(പു.114).

 

യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത വിഭ്രമാത്മകതകളിലൂടെയാണ്, അതിനെ ചുറ്റിപ്പറ്റിയുള്ള സുഖ സങ്കല്പങ്ങളിലൂടെയാണ് ആണ്‍ലൈംഗികതയുടെ ആക്രമോത്സുക പാഠങ്ങള്‍ സമൂഹത്തില്‍ ആണ്‍കോയ്മ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വ്യവഹാരങ്ങള്‍ക്കിടയില്‍ പെണ്‍ലൈംഗികതയുടെ പാഠങ്ങള്‍ പാടേ മാഞ്ഞുപോകുന്നു. പെണ്ണിന്റെ നോട്ടങ്ങളോ, ശരീരാനന്ദങ്ങളോ, സ്വയംഭോഗങ്ങളോ ഒന്നും ഇവിടെ ചെറിയതോതില്‍പോലും സൂചിതമാകുന്നില്ല. ഒരുഭാഗത്ത് ആണ്‍ലൈംഗികത പെണ്‍ശരീരത്തെ നോക്കി കാണുന്ന ആഖ്യാനങ്ങള്‍ സ്വാഭാവികമെന്ന മട്ടില്‍ കടന്നുവരുന്നു. മറ്റൊരു ഭാഗത്ത് പുല്ലിംഗത്തിന്റെ ഉണര്‍ച്ചയുടെ കാഴ്ചകള്‍. ഇവയുടെ ഇടയിലാണ് നാഗേഷുണ്ണിമാരുടെ സ്വയംഭോഗാനന്ദങ്ങളും. ചുരുക്കത്തില്‍ ആണ്‍ശരീരത്തിന്റെയും ലൈംഗികതയുടെയും എല്ലാ സാധ്യതകളും കടന്നുവരുന്ന ആഖ്യാനമാണ് അഴുക്കില്ലം. ആ സാധ്യതകളുടെ ആക്രമോത്സുകതയില്‍ പെണ്‍ശരീരങ്ങള്‍ ഓരത്തേക്ക് അമര്‍ത്തപ്പെടുന്നു. ഇത്തരം ആഖ്യാനങ്ങള്‍ മലയാള നോവല്‍ ഭാവനയെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ചോദിക്കേണ്ടിയിരിക്കുന്നു.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

യാക്കോബ് തോമസ്

യാക്കോബ് തോമസ്

പത്തനംതിട്ട സ്വദേശി, ഇപ്പോള്‍ കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജില്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍