UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ബി-29 വിമാനവും അര്‍മേനിയയുടെ പിറവിയും

Avatar

1942 സെപ്തംബര്‍ 21
ബി-29 സൂപ്പര്‍ഫോര്‍ട്രസ് ബോംബര്‍ വിമാനങ്ങളുടെ ആദ്യ പറക്കല്‍

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തിലാണ് ബി-29 സൂപ്പര്‍ഫോര്‍ട്രസ് എയര്‍ക്രാഫ്റ്റുകള്‍ രംഗത്തെത്തുന്നത്. ഏറെ വലിപ്പം ചെന്ന ഈ ബോയിംഗ് വിമാനം ആദ്യമായി ആകാശപോരാട്ടത്തിന് ഇറങ്ങുന്നത് 1942 സെപ്തംബര്‍ 21 നാണ്. കൊറിയന്‍ യുദ്ധകാലത്ത് ഇവയുടെ സേവനം വേണ്ടുവോളം ഉപയോഗിക്കപ്പെട്ടിരുന്നു. ആ സമയത്താണ് ഈ ബോംബര്‍ വിമാനങ്ങള്‍ ലോകശ്രദ്ധയില്‍ ഏറെ ആകര്‍ഷിക്കപ്പെടുന്നത്.

യുദ്ധവിമാനങ്ങളില്‍വച്ച് കൂടുതല്‍ വികാസം സിദ്ധിച്ച നിര്‍മ്മിതിയായിരുന്നു അക്കാലത്ത് ബി-29. കൂടുതല്‍ സൗകര്യങ്ങളുള്ള കാബിന്‍, ഇലക്‌ട്രോണിക് ഫയര്‍ കണ്‍ട്രോളര്‍ സിസ്റ്റം, റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന മെഷീന്‍ ഗണ്ണുകള്‍ എന്നിവയും ബോംബിഗ് സിസ്റ്റത്തിനു പുറമെ വിമാനത്തില്‍ സജ്ജമാക്കിയിരിക്കുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ് ഇടാന്‍ ഉപയോഗിച്ചതും ഇതേ വിമാനങ്ങളാണ്. ബി-29 വിമാനമാണ് കൂടുതല്‍ സൗകര്യങ്ങളുള്ള ബോംബര്‍ വിമാനങ്ങളുടെ നിര്‍മ്മാണത്തിലേക്ക് ശാസ്ത്രത്തെ നയിച്ചത്. ഇതിന്റെ ഉപോത്പന്നമായാണ് ആദ്യത്തെ നോണ്‍-സ്‌റ്റോപ്പര്‍ വിമാനമായി ലോകത്തെ ചുറ്റിയ ബി-50 ന്റെ പിറവി.

1991 സെപ്തംബര്‍ 21
അര്‍മേനിയ സ്വതന്ത്ര രാഷ്ട്രമാകുന്നു

75 വര്‍ഷം നീണ്ട സോവിയറ്റ് ഭരണത്തില്‍ നിന്ന് അര്‍മേനിയന്‍ ജനത സ്വാതന്ത്ര്യം നേടുന്നത് 1991 സെപ്തംബര്‍ 21 നായിരുന്നു. ഹിതപരിശോധനയില്‍ ഭൂരിപക്ഷവും വോട്ട് ചെയ്തത് സ്വതന്ത്രരാഷ്ട്രത്തിനായിരുന്നു. തൊണ്ണുറ്റിയൊമ്പത് ശതമാനം പേരും തങ്ങള്‍ക്ക് സ്വന്തമായ രാജ്യം വേണമെന്ന് ആവശ്യപ്പെടുന്നവരായിരുന്നു.

കാകസ് രാഷ്ട്രങ്ങളില്‍ പ്രധാനപ്പെട്ടൊരു രാഷ്ട്രമാണ് ഇന്ന് അര്‍മേനിയ. ഏറെ പുരാതനമായ ചരിത്രമുള്ള രാജ്യം. ആദ്യമായി രാഷ്ട്രത്തിന്‍റെ മതമായി ക്രിസ്ത്യന്‍ മതത്തെ പ്രഖ്യാപിക്കുന്ന രാജ്യംകൂടിയാണ് അര്‍മേനിയ. ചരിത്രത്തിലേക്ക് പോയാല്‍ അര്‍മേനിയയുടെ മണ്ണില്‍ പേര്‍ഷ്യന്‍ വംശത്തിന്റെയും ബൈസാന്റിയന്‍സിന്റെയും മംഗോളിയന്മാരുടെയും ഓട്ടോമന്‍ തുര്‍ക്കികളുടെയും ഇടപെടലുകള്‍ കാണാം.


75 വര്‍ഷത്തെ സോവിയറ്റ് ഭരണത്തില്‍ നിന്ന് മുക്തിനേടിയെങ്കിലും അര്‍മേനിയക്ക് അസര്‍ബൈജാനോട് നഗോര്‍ണോ-കാരാബാഗ് പ്രദേശങ്ങളുടെ പേരില്‍ യുദ്ധം ചെയ്യേണ്ടി വന്നു. ഇത് തുര്‍ക്കിയുടെയും അസര്‍ബൈജാന്റെയും സാമ്പത്തിക ഉപരോധം നേരിടേണ്ട ഗതിയിലേക്ക് അര്‍മേനിയയെ കൊണ്ടുചെന്നാക്കി. പക്ഷേ, എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കാന്‍ ആ രാജ്യത്തിന് കഴിയുകയും ചെയ്തു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തിയ്യതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍