UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബി. ഹൃദയകുമാരി അന്തരിച്ചു

Avatar

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണയും അദ്ധ്യാപികയുമായ പ്രൊഫ: ബി ഹൃദയകുമാരി അന്തരിച്ചു. 84 വയസായിരുന്നു. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ സമിതി അദ്ധ്യക്ഷയായി  പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ശങ്കരനാരായണന്‍ തമ്പി അവാര്‍ഡ്, പ്രൊഫ: ഗുപ്തന്‍ നായര്‍ സ്മാരക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

 

പ്രമുഖ കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ബോധേശ്വരന്റെയും പ്രൊഫ: വി കാര്‍ത്യായനിയുടേയും മകളായി 1930 ല്‍ ജനനം. വള്ളത്തോള്‍ കവിതകള്‍ ഇംഗ്ലീഷിലേക്കും ടാഗോര്‍ കവിതകള്‍ മലയാളത്തിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. പ്രശസ്ത കവയത്രി സുഗതകുമാരി, കോളേജ് അദ്ധ്യാപികയും കവയത്രിയുമായ സുജാത ദേവി എന്നിവര്‍ സഹോദരങ്ങളാണ്. അദ്ധ്യാപിക എന്ന നിലയില്‍ ഏറെ ശ്രദ്ധേയയായ ഹൃദയകുമാരി ടീച്ചര്‍ കേരളത്തിലെ പ്രമുഖ സര്‍ക്കാര്‍ കോളേജുകളിലായി 35 വര്‍ഷത്തോളം ഇംഗ്ലീഷ് അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണമറ്റ സാഹിത്യ വിദ്യാര്‍ത്ഥികളെ അവര്‍ അക്ഷരങ്ങളുടെ അത്ഭുതലോകത്തിലൂടെ പിടിച്ച് നടത്തി. തിരുവനന്തപുരം വിമന്‍സ് കോളേജ് പ്രിന്‍സിപ്പാളായാണ് ഔദ്യോഗിക വൃത്തിയില്‍ നിന്നും പടിയിറങ്ങിയത്. അതിന് ശേഷവും വിദ്യാഭ്യാസ സംബന്ധിയായി അവര്‍ എഴുതിയ നിരവധി ലേഖനങ്ങള്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തിന് വഴികാട്ടിയായി നിലകൊണ്ടു.

ഇന്ന് വൈകിട്ട് അഞ്ചിന് തൈക്കാട് സ്മശാനത്തില്‍ വച്ച് ഹൃദയകുമാരി ടീച്ചര്‍ക്ക് സാംസ്‌കാരിക കേരളം അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കും. ഏക മകള്‍ ശ്രീദേവി മലയാള മനോരമ ചാനലില്‍ പ്രവര്‍ത്തിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍