UPDATES

സിനിമാ വാര്‍ത്തകള്‍

കട്ടപ്പ ബാഹുബലിയെ കൊന്നതു കാരണം ഉറക്കം പോയത് രാജസ്ഥാന്‍ പൊലീസിന്

ബുധനാഴ്ച വൈകുന്നേരമാണ് അങ്ങനെയൊരു ഫോണ്‍കോള്‍ വരുന്നത്

ഓരോതരത്തിലും വാര്‍ത്തയായിക്കൊണ്ടിരിക്കുകയാണ് എസ് എസ് രാജമൗലിയുടെ ബാഹുബലി2. പക്ഷേ രാജസ്ഥാനില്‍ നിന്നും വരുന്ന ഈ വാര്‍ത്ത ഇതുവരെ വന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്.

കഥ ഇങ്ങനെയാണ്;

ബുധനാഴ്ച വൈകുന്നേരം ജയ്പൂരിലെ ഝോത്വാര പൊലീസ് സ്റ്റേഷനിലേക്ക് പരിഭ്രമം നിറഞ്ഞ ഒരു ഫോണ്‍ കോള്‍ വരുന്നു. ശക്തിനഗറില്‍ നിന്നും 8 നും 13 നും ഇടയില്‍ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ കാണാനില്ല. ഇവരില്‍ രണ്ടുപേര്‍ സഹോദരന്മാരും ഒരാള്‍ സുഹൃത്തുമാണ്. പൊലീസ് ഉടന്‍ തന്നെ കര്‍മനിരതരായി. കുട്ടികളെ കാണാനില്ലെന്ന പരാതി ഉന്നത പൊലീസുകാരുടെ ചെവിയിലും എത്തിയതോടെ അവിടെ നിന്നും സമ്മര്‍ദ്ദം. എത്രയും വേഗം കുട്ടികളെ കണ്ടെത്തണം. അതോടെ വാലില്‍ തീപിടിച്ചപോലെയായി പൊലീസ്. നഗരത്തിന്റെ ഓരോ മുക്കുംമൂലയും അരിച്ചു പെറുക്കാന്‍ നിര്‍ദേശം. വിവരം എല്ലായിടത്തേക്കും അയച്ചു. ശക്തമായ തിരിച്ചില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

ഒടുവില്‍ പൊലീസുകാരുടെ കഷ്ടപ്പാടിനു ഫലം ഉണ്ടായി. ഝോത്വാരയിലെ ഒരു ക്ഷേത്രത്തില്‍ നിന്നും കുട്ടികളെ കണ്ടെത്തി. പേടിച്ചരണ്ട കുട്ടികളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം കഴിഞ്ഞാണ് എന്താണ് അവര്‍ക്കു സംഭവിച്ചതെന്നു പൊലീസ് ചോദിച്ചത്. കുട്ടികള്‍ പറഞ്ഞ കാര്യം പൊലീസിനെ ഞെട്ടിച്ചു! ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്ത ഒരു കൊലപാതകത്തിന്റെ കാരണം അറിയാനായിരുന്നു ആ കുട്ടികള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. കട്ടപ്പ ബാഹുബലിയെ കൊന്നതിനു പിന്നിലെ രഹസ്യം!

സംഭവം ഇതാണ്, ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി2ല്‍ കട്ടപ്പ എന്തിനാണു ബാഹുബലിയെ കൊന്നതെന്നതിന്റെ കാരണം അറിയാനുള്ള ആകാക്ഷം അടക്കി നിര്‍ത്താനാവാതെ വീട്ടുകാര്‍ അറിയാതെ മൂവരും കൂടി ബാഹുബലി കാണാന്‍പോയി.

വീട്ടില്‍ നിന്നും ഏറെ അകലെയല്ലാത്ത ഒരു മാളിലാണു കുട്ടികള്‍ സിനിമ കാണാന്‍ പോയത്. നിര്‍ഭാഗ്യമെന്നു പറയട്ടെ സിനിമ കാണാന്‍ കഴിഞ്ഞില്ല, ടിക്കറ്റ് കിട്ടാതിരുന്നതു തന്നെ കാരണം. സിനിമ കാണാനും കഴിഞ്ഞില്ല, വീട്ടില്‍ നിന്നും പോന്നിട്ട് സമയവും കുറെയായി. തിരിച്ചു ചെല്ലുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും കയ്യില്‍ നിന്നും കിട്ടുന്ന വഴക്കും തല്ലും ഓര്‍ത്തപ്പോള്‍ മൂവരും ഭയന്നു. ഭയംകൂടി നടക്കുന്നതിനിടയില്‍ പോകേണ്ട വഴിയും മറന്നു. ഒടുവില്‍ എവിടെയൊക്കെയോ എത്തിച്ചേര്‍ന്നു. ഭാഗ്യം കൊണ്ട് ഝാത്വാര്‍ പൊലീസിന് അവരെ കണ്ടെത്താനും കഴിഞ്ഞു.

ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ഝോത്വാര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ ഗുര്‍ ഭൂപേന്ദ്ര സിംഗിനെ ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി കട്ടപ്പയും ബാഹുബലിയും കൂടി അവരെ എത്രത്തോളം ബുദ്ധിമുട്ടിച്ചെന്നു വ്യക്തമാക്കുന്നതായിരുന്നു; ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല, നിങ്ങള്‍ വിവരം കിട്ടാന്‍ സ്‌റ്റേഷനില്‍ വേറെയാരെയെങ്കിലും ബന്ധപ്പെടു’. ഉറക്കച്ചടവ് കലര്‍ന്ന വാക്കുകളോടെ സിംഗ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍