UPDATES

വായന/സംസ്കാരം

ബാലേയിൽ രാഷ്ട്രീയമുണ്ട്; അത് പെൺശരീരങ്ങളുടേതാണ് -ശ്രുതി നമ്പൂതിരി/അഭിമുഖം

തീർച്ചയായും സ്ത്രീകളെ പറ്റിയാണ് ബാലെ പറയുന്നത്. സ്ത്രീകൾക്ക് സമർപ്പിച്ച ഒന്നുമാണത്. പലരും പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും ഒക്കെ ചെയ്യുന്നത് ഞങ്ങൾ പാട്ടിലൂടെയും നൃത്തത്തിലൂടെയും ചെയ്യാൻ ശ്രമിച്ചു എന്ന് മാത്രം.

അപര്‍ണ്ണ

അപര്‍ണ്ണ

”How can we know the dancer from the dance” എന്ന് ചോദിച്ചത് യേറ്റ്സ് ആണ്. അത്രമേൽ തമ്മിലലിഞ്ഞ്, നേർത്ത വര പോലും ബാക്കി വെക്കാതെ, നർത്തകിമാരെയും നൃത്തത്തെയും കൂട്ട് പിടിച്ച്, പ്രിയപ്പെട്ട പെൺകുട്ടീ ഉയരം കാൺക, ഉയിരേ വാഴ്ക എന്നുറക്കെ പാടി വിളിക്കുകയാണ് ശ്രുതി നമ്പൂതിരി, ബാലെയിലൂടെ… ബാലെ – പെണ്മയുടെ ആഘോഷം എന്ന പേരും നൃത്തവുമെല്ലാം മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. മീനാക്ഷി ശ്രീനിവാസൻ, ആരുഷി മുദ്‌ഗൽ, കപില വേണു, നന്ദിത പ്രഭു, ഹരി പ്രിയ, റിമ കല്ലിങ്ങൽ തുടങ്ങി നൃത്തത്തിൽ അന്തർദേശീയ തലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും ഉയർന്നു വരുന്ന നർത്തകരും ആടുന്നു, കല്യാണി മേനോൻ മുതൽ ശ്രേയ ജയ്ദീപ് വരെയുള്ള തലമുറ പാടുന്നു… ഇവരിൽ സുജാതയും രഞ്ജിനി-ഗായത്രിയും ദീപ പാലനാടും ഒക്കെയുണ്ട്. സുദീപ് പാലനാട് ആണ് സംഗീത സംവിധാനവും ആൺശബ്ദവും… ബാലെയെ കുറിച്ച് സംവിധായിക ശ്രുതി നമ്പൂതിരി, അപർണയുമായി സംസാരിക്കുന്നു.

അപർണ: ഒരു ഇംഗ്ലീഷ് ഹ്രസ്വ സിനിമ സംവിധായികയായാണ് മുന്നേ കണ്ടത്

ശ്രുതി: വർഷങ്ങൾക്ക് മുൻപായിരുന്നു അത്. അന്നൊരു റഷ്യൻ ചെറുകഥയെ അനുബന്ധമാക്കി ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. പിന്നീട് പരസ്യങ്ങളും കോർപറേറ്റ് വിഡിയോകളും ചെയ്തു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഫിക്ഷൻ അല്ലെങ്കിൽ കഥാചിത്രങ്ങളേക്കാൾ ആത്മവിശ്വാസത്തോടെ എനിക്ക് ഡോക്യുമെന്ററികളും ബാലേ പോലെ ആർട്ടിസ്റ്റുകളെ ഉപയോഗിച്ചുള്ള പ്രൊഡക്ഷനുകളും ആണ് ചെയ്യാൻ സാധിക്കുക എന്ന്… ഒരു കൊളാഷ് പോലെ അബ്സ്ട്രാക്ട് ആയ അത്രയും തന്നെ തൃപ്തി തരുന്ന അനുഭവങ്ങളാണ് അത്…. ചെറുപ്രായത്തിൽ അത്ര പക്വത്വയില്ലാതെ അണിഞ്ഞ വേഷമാണ് ഷോർട്ട് ഫിലിം സംവിധായികയുടേത് എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.

റീമാ കല്ലിങ്ങൽ

അപർണ: ബാലേയുടെ ആദ്യ ചിന്ത വന്നത്?

ശ്രുതി: ഒരു സ്പാനിഷ് ഗിറ്റാറിന്റെ താളവും ഇതിന്റെ സംഗീത സംവിധായകൻ സുദീപ് അതിനു കൊടുത്ത ഈണവും ആണ് ഇതിന്റെ മൂലകാരണം എന്ന് പറയാം. നളിനകാന്തി രാഗത്തിലേക്കുള്ള ആ ഈണങ്ങളുടെ ചുവടുമാറ്റത്തിന് വല്ലാത്ത സൗന്ദര്യമുണ്ടായിരുന്നു. അതിനു വരികൾ എഴുതി പരീക്ഷിക്കാം എന്ന് തോന്നി. ഞാനും സുദീപും മറ്റു രണ്ടു പേരും ചേർന്ന് നടത്തുന്ന സംഘടനയായ വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ ഫൗണ്ടേഷന്റെ സിഗ്‌നേച്ചർ ഗാനമായി ഉപയോഗിക്കാം എന്നൊക്കെയുള്ള ചിന്തയെ ആദ്യമുണ്ടായുള്ളു. പിന്നീട് അത് കേട്ടപ്പോൾ കുറച്ചു കൂടി വിശാലമായ ക്യാൻവാസ് മനസ്സിൽ തെളിഞ്ഞു വന്നു. ഒരു ദൃശ്യഭാഷ്യത്തിനുള്ള സാധ്യതയായി നൃത്തത്തെ ഉപയോഗിക്കാം എന്ന തോന്നൽ ഒക്കെ ഉണ്ടായി. അതാണ് ബാലെയെ സംബന്ധിച്ച ആദ്യ ചിന്ത എന്ന് പറയാം.

അപർണ: നൃത്തവും സംഗീതവും കൊണ്ട് പെണ്മയെ കൊണ്ടാടുക എന്ന ആശയം പിന്നീട് വന്നതാണോ?

ശ്രുതി: സ്ത്രീത്വം എന്ന ആശയം എന്റെ ഇത്രയും കാലത്തെ പെൺജീവിതം കൊണ്ട് തന്നെ വന്നതാണെന്ന് ഒരു സംശയവും ഇല്ലാതെ പറയാം. എല്ലാ കലയിലും രാഷ്ട്രീയമുണ്ട് എന്ന് ഞാൻ ഉറച്ച വിശ്വസിക്കുന്നു. ചില കലകൾ പ്രത്യക്ഷമായും മറ്റു ചിലത് പരോക്ഷമായും അത് പറയുന്നു. ബാലെ പ്രത്യക്ഷമായി അത് പറയാൻ ശ്രമിക്കുന്നു. എല്ലാ സ്ത്രീശരീരങ്ങളും പൊളിറ്റിക്കൽ ആണ് എന്നത് എന്റെ മറ്റൊരു വിശ്വാസമാണ്. പാട്ടും നൃത്തവും ശരീരത്തെ ഉപയോഗിച്ച് ചെയ്യാവുന്ന ശക്തവും മനോഹരവും ആയ കാര്യങ്ങൾ ആണ്. ഇവയെ പെണ്മയുമായി കൂട്ടി യോജിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. സ്വന്തം കഴിവും പ്രയത്നവും കൊണ്ട് മാത്രം നിലനിൽക്കുന്ന കലാകാരികളെ അതിലേക്ക് കൊണ്ട് വന്നതും എന്റെ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്.

ശ്രുതി നമ്പൂതിരി, സുദീപ് പാലനാട്

അപർണ:സ്ത്രീ ശാക്തീകരണമാണോ ബാലേയുടെ അടിസ്ഥാന ലക്ഷ്യം? ആ രീതിയിലാണ് ആദ്യഘട്ടത്തിൽ വാർത്തകൾ കണ്ടത്.

ശ്രുതി: സ്ത്രീശാക്തീകരണം ഒരുപാട് ആഴമുള്ള, അതിനേക്കാൾ അർത്ഥതലങ്ങൾ ഉള്ള വാക്കാണ്. അത്രത്തോളം ആഴമുണ്ടോ ബാലേക്ക് എന്ന് പറയാൻ അറിഞ്ഞു കൂടാ… പക്ഷെ തീർച്ചയായും സ്ത്രീകളെ പറ്റിയാണ് ബാലെ പറയുന്നത്. സ്ത്രീകൾക്ക് സമർപ്പിച്ച ഒന്നുമാണത്. പലരും പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും ഒക്കെ ചെയ്യുന്നത് ഞങ്ങൾ പാട്ടിലൂടെയും നൃത്തത്തിലൂടെയും ചെയ്യാൻ ശ്രമിച്ചു എന്ന് മാത്രം. പ്രസംഗത്തോളവും എഴുത്തിനോളവും എല്ലാം തന്നെ ശക്തമാണ് ഇവ രണ്ടും എന്ന് തന്നെയാണ് ഉറച്ച വിശ്വാസം. അങ്ങനെ വ്യത്യസ്തമായ ഒരു ശ്രമം നടത്തി നോക്കി. ഞാൻ വ്യക്തിപരമായി അതിനെ സ്ത്രീത്വത്തിന്റെ ആഘോഷം എന്ന് വിളിക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്നു. ആ വാക്കിന്റെ പരിധികളും പരിമിതികളും അറിഞ്ഞു കൊണ്ട് തന്നെ അതിനെ ഞാൻ സ്നേഹിക്കുന്നു. അമ്മയോടും മകളോടും അവരവരോട് തന്നെയും സംസാരിക്കുന്ന സ്ത്രീകളാണിതിൽ ഉള്ളത്. അവർ മറ്റൊരർത്ഥത്തിൽ പൂർണരാണ്‌ എന്നാണു വിശ്വാസം.

അപർണ: അപ്പോൾ തീർച്ചയായും ഒരു സ്ത്രീയെന്ന രീതിയിൽ ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ടാവും

ശ്രുതി: തീർച്ചയായും. ആ ക്രൂവിൽ ഞാൻ മാത്രമായിരുന്നു സ്ത്രീ. പലപ്പോഴും സമയ സൗകര്യങ്ങൾ നോക്കാതെ ഓടിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള ഒരു സെറ്റിലേക്ക് വന്നു കയറുന്ന കലാകാരന്മാരെ പോലെ അല്ല ഒരു ഡയറക്ടർ. സംവിധായകന്/സംവിധായികയ്ക്ക് മറ്റുള്ളവരുടെ സൗകര്യങ്ങൾക്കനുസരിച്ച് സ്വയം ക്രമീകരിക്കണം. പലപ്പോഴും മറ്റുള്ളവർക്ക് സൗകര്യങ്ങൾ ഒരുക്കണം. ഇത് വിചാരിക്കുന്നത്ര എളുപ്പമല്ല. മറ്റൊന്ന് പെൺശരീരവുമായി ഓടി നടന്നാൽ ഉള്ള ബുദ്ധിമുട്ടുകളാണ്. അധികം വിശദീകരണങ്ങൾ ഇല്ലാതെ തന്നെ കാര്യം മനസിലായിട്ടുണ്ടാവുമല്ലോ. കുടുംബത്തിലെ മറ്റു പുരുഷന്മാരെ ആശ്രയിച്ച് ഇത്തരം കാര്യങ്ങൾ ക്രമീകരിക്കാൻ പറ്റില്ല. കൂടെ ഉള്ളവരുടെ സഹകരണം ഉണ്ടെങ്കിലും ചിലപ്പോഴൊക്കെ സമൂഹത്തിന്റെ വേർതിരിവുകൾ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്.

ഹരിപ്രിയ

അപർണ: ഒറ്റകേൾവിയിൽ ഇതിൽ കൂട്ടിയോജിപ്പിച്ച നൃത്തങ്ങളുടെ ഭാഷയും സങ്കേതങ്ങളും തമ്മിൽ ഒരുപാട് വ്യതാസങ്ങളുണ്ട്. ഒഡിസ്സിയും കൂടിയാട്ടവും കഥകളിയും ഒക്കെ സമന്വയിപ്പിച്ച് ആ മേഖലയിലെ അതുല്യ പ്രതിഭകളെ കൊണ്ട് അവതരിപ്പിച്ചത്.

ശ്രുതി: നമ്മുടെ നടപ്പുരീതികളെ മറികടക്കുക എന്നത് പെണ്മയുടെ ആഘോഷത്തോടൊപ്പം ബാലേയുടെ മറ്റൊരു രാഷ്ട്രീയമാണ്. ഒറ്റ നൃത്ത രൂപം കൊണ്ട് ഒരു ആശയം പറയാൻ വളരെ എളുപ്പമാണ്. പക്ഷെ അതിൽ പുതുമയില്ല. നമ്മൾ ഒരു സാമ്പ്രദായിക വഴിയിൽ തന്നെ ഒതുങ്ങി പോകും. എങ്ങനെ എന്ന് വലിയ തിരിച്ചറിവ് ആദ്യം ഉണ്ടായില്ലെങ്കിലും ഒരുപാട് നൃത്തരീതികളെ കൂട്ടിയിണക്കാൻ അങ്ങനെ തീരുമാനിക്കുകയായിരുന്നു. പലരും എതിർത്തിട്ടുണ്ട്. കാരണം ഇതിൽ ഉപയോഗിച്ച നൃത്തങ്ങളുടെ താളക്രമവും ഭാവവും ഒക്കെ വളരെ വ്യത്യസ്തമാണ്. കപിലയുടെ കണ്ണുകൾ കൂടിയാട്ടത്തിന്റെ താളത്തിൽ പറയുന്നതിന് നേരെ വിഭിന്നമായിരിക്കും റിമയുടെ ശരീരം കണ്ടംപററി നൃത്തത്തിലൂടെ സംസാരിക്കുക. കഥകളിയുടെയും ഭാരതനാട്യത്തിന്റെയും ചടുലത പലപ്പോഴും മോഹിനിയാട്ടത്തിന്റെയും ഒഡിസിയുടെയും ലാസ്യവുമായി കലഹിക്കും. ഇതിനെ കൂട്ടിയോജിപ്പിക്കാൻ എന്നെ സഹായിച്ചത് തീർച്ചയായും നർത്തകരാണ്. ഭാഷ അറിയാത്തവർ വരെ ഭാവമറിഞ്ഞു ചുവടു വെച്ചു.

അപർണ: ഇത്രയും പ്രശസ്തരായ നർത്തകർ ഒരേ ക്യാൻവാസിൽ വരുമ്പോൾ...

ബാലേയുടെ ആത്മാവ് തന്നെ ഇവരാണ്. പ്രതിഫലം പോലുമില്ലാതെയാണ്, ലോകം കാത്തിരിക്കുന്ന നർത്തകരായ ഇവർ ഞങ്ങളോട് സഹകരിച്ചത്. എല്ലാവരും അവരവരുടെ ഭാഗങ്ങൾ കൊറിയോഗ്രഫി ചെയ്തു. ഞങ്ങൾ ആഗ്രഹിച്ചത് അതിനേക്കാൾ മനോഹരമായി ദൃശ്യവത്ക്കരിച്ചത് അവരാണ്. പിന്നെ നർത്തകരുടെ കാര്യത്തിൽ വിട്ടുവീഴ്ചക്ക് ഒട്ടും തന്നെ ഞാൻ ഒരുക്കമല്ലായിരുന്നു. കൂടിയാട്ടം എന്ന് കേട്ടാൽ കപില എന്ന് ഓർമ വരുന്നില്ലേ, അത്രയും കലയിൽ തന്നെ ജീവിക്കുന്ന, കലയായി മാറുന്നവരെ തന്നെ വേണം എനിക്ക് എന്നത് നിർബന്ധമായിരുന്നു. മീനാക്ഷി ശ്രീനിവാസന് ഞങ്ങൾക്ക് വേണ്ടി തരാൻ ആകെ രണ്ടു മണിക്കൂർ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ ആ രണ്ടു മണിക്കൂർ കൊണ്ട് അവർ എന്ത് തന്നു എന്ന് കണ്ടില്ലേ… കലയിൽ സ്വന്തം ഇടത്തിൽ അത്രയും ഇടമുണ്ടാക്കിയവർ ഇല്ലാത്ത ഒരു ബാലെ ചിന്തിക്കാൻ ആവുമായിരുന്നില്ല.

കപില വേണു

അപർണ: ഇവരിൽ പലരും അന്തർദേശിയ വേദികളിൽ തിരക്കുള്ള നർത്തകരാണ്. കോഓർഡിനേഷൻ ബുദ്ധിമുട്ടായിരുന്നില്ലേ…

ശ്രുതി: കപിലയും ഹരിപ്രിയയുമായി മാത്രമേ മുൻപേ പരിചയം ഉണ്ടായിരുന്നുള്ളു. മറ്റുള്ളവരെ തേടി പിടിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷെ അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചക്കും ഒരുക്കവുമായിരുന്നില്ല. ദു:ഖകരമായ അനുഭവങ്ങളും ഉണ്ടായി. മീനാക്ഷിക്ക് പകരം രമാ വൈദ്യനാഥനെ ആയിരുന്നു ആദ്യം തീരുമാനിച്ചത്. ഇതിനായി അവരോടു സംസാരിക്കുകയും അവർ സമ്മതിക്കുകയും ചെയ്തു. ഷൂട്ട് തീരുമാനിച്ച സമയത്ത് അവർക്ക് ഒഴിവില്ല എന്ന് പറഞ്ഞിരുന്നു. അവരുടെ ഭാഗം മാത്രം ഷൂട്ട് ചെയ്യാതെ വെച്ചു. നിരന്തരം അവരുമായി സംസാരിക്കുകയും ഷൂട്ടിന്റെ ഭാഗങ്ങൾ അവർക്ക് അയച്ച് കൊടുക്കുകയും ചെയ്തു. ഒടുവിൽ മാർഗഴി ഫെസ്റ്റിവലിന്റെ സമയത്ത് ചെന്നൈയിൽ ഉണ്ടാവും അപ്പോൾ അവിടെ വന്നു ഷൂട്ട് ചെയ്യാം എന്നവർ പറഞ്ഞു. അതനുസരിച്ച് ഞങ്ങൾ യാത്രക്കുള്ള ടിക്കറ്റ് വരെ ബുക്ക് ചെയ്തു, കാത്തിരുന്നപ്പോൾ അവർ വന്നില്ല. ഒരിക്കൽ പോലും ഒരു സൂചന തരാത്ത, ഒട്ടും പ്രൊഫെഷണൽ അല്ലാത്ത ആ സമീപനം ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. പണനഷ്ടവും സമയനഷ്ടവും ഒരുപാടുണ്ടാക്കി. ഫണ്ട് വാങ്ങിയപ്പോൾ ഇവരുടെ പേര് പറഞ്ഞിരുന്നു. ഇവർക്ക് വേണ്ടി മാത്രം മാസങ്ങൾ കാത്തിരുന്നു. അതിനുമപ്പുറം ഇങ്ങനെ ഒരു കലാകാരിയിൽ നിന്നുണ്ടായ പെരുമാറ്റം കൊണ്ടുണ്ടായ ടെൻഷൻ വേറെയും. ഇതൊക്കെ മറികടക്കുക എളുപ്പമല്ലോ. അവർക്ക് പകരം വന്ന മീനാക്ഷിക്ക് ആ സമയം മുഴുവൻ മുൻകൂട്ടി ഏറ്റ പരിപാടികൾ ഉണ്ടായിരുന്നു. ഈ അവസ്ഥയിൽ രമാ വൈദ്യനാഥനോളം തന്നെ കഴിവുള്ള ഒരാളെ മാത്രമേ സങ്കൽപ്പിക്കാൻ ആകുമായിരുന്നുള്ളു. അങ്ങനെ കാര്യങ്ങൾ മുഴുവൻ മീനാക്ഷിയോട് പറഞ്ഞപ്പോൾ അവർ രണ്ടു മണിക്കൂർ കൊണ്ട് ചെയ്ത് തരാൻ സമ്മതിക്കുകയായിരുന്നു. ആ രണ്ടു മണിക്കൂർ അവർ എനിക്കായി തന്ന പരമാവധി സമയമായിരുന്നു. ഇപ്പോൾ വീഡിയോ കണ്ട് അവരുടെ ഭാഗത്തെ എല്ലാവരും പ്രത്യേകം എടുത്തു പറയുമ്പോൾ വല്ലാത്ത സന്തോഷം.

അപർണ: എല്ലായിടത്തു നിന്നും സ്വപ്നതുല്യമായ സ്വീകരണമാണ് ബാലേക്കു കിട്ടുന്നത്

ശ്രുതി: സന്തോഷത്തോടൊപ്പം അതെന്നെ കൂടുതൽ വിനയമുള്ളവളാക്കുന്നു. നിറഞ്ഞ വിനയത്തോടെയും കൂടുതൽ ഉത്തരവാദിത്വ ബോധത്തോടെയും ആണ് വിജയങ്ങൾ നോക്കി കാണേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. ടീസറുകൾ വലിയ ആഘോഷമാക്കിയപ്പോളും പ്രതീക്ഷകൾ പറഞ്ഞപ്പോളും എനിക്ക് നല്ല ഭയമുണ്ടായിരുന്നു. അവസാനം മൊത്തത്തിൽ കണ്ട് ആളുകൾക്ക് നിരാശ ഉണ്ടാകുമോ എന്ന്. ടീസറിനോപ്പം എത്തിയില്ല… ഓ ഇതിനായിരുന്നോ എന്നൊക്കെ ചോദിക്കുമോ എന്ന് പേടിച്ചിരുന്നു… പക്ഷെ നല്ല രീതിയിൽ ആൾക്കാർ അത് ഉൾക്കൊള്ളുന്നത് സന്തോഷം….

ആരുഷി മുദ്ഗൽ

അപർണ: ഇങ്ങനെയല്ല സ്ത്രീശാക്തീകരണം, ഇതല്ല നൃത്തം എന്ന മട്ടിൽ വിമർശനങ്ങൾ ആദ്യം മുതലേ വന്നിരുന്നു

ശ്രുതി: ഗുണമുണ്ടാക്കുന്ന, മാറ്റം ഉണ്ടാക്കുന്ന വിമർശനങ്ങളോട് ബഹുമാനമുണ്ട്. മറ്റൊരു പ്രൊഡക്ഷനിൽ പോകുമ്പോൾ നമുക്കു ശ്രദ്ധ വേണ്ടത് എന്തിലൊക്കെയാണ് എന്നത് പറഞ്ഞു തരുന്നു. പെണ്ണാണ് എന്ന രീതിയിൽ ഉള്ളതിനോടും ഈഗോ കൊണ്ട് പറയുന്നതിനോടും പ്രതികരിക്കാൻ പോകാറില്ല. എല്ലായിടത്തും ഇത്തരം അസഹിഷ്ണുതകൾ ഉണ്ടാകും എന്നറിയുന്നു. സ്ത്രീ പറയുന്ന പൊളിറ്റിക്സിനോട് ഇങ്ങനെ മാത്രം പ്രതികരിക്കുന്നവർ ഉണ്ട് എല്ലായിടത്തും. അത് കലയിലൂടെ ആയാലും മാറ്റം ഇല്ല.

അപർണ: പെൺശബ്ദങ്ങൾ പുറത്ത് വന്നിട്ടില്ല…

ശ്രുതി: അത് റിലീസ് ആവാൻ ഇരിക്കുന്നേ ഉള്ളു. ആദ്യ ഭാഗം വന്ന തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ വേണ്ട എന്നോർത്താണ്. അതിൽ സുദീപാണ് പാടിയിട്ടുള്ളത്. അപ്പോൾ സ്ത്രീകളുടെ ശബ്ദത്തിൽ കൂടി വേണമെന്ന് തോന്നി. പല ശ്രുതിയിലുള്ള, പല ശൈലിയിലുള്ള ആറു പേർ പാടുക എന്നത് സുദീപിന്റെ പരീക്ഷണമായിരുന്നു. എല്ലാ ശബ്ദങ്ങളോടും സ്നേഹവും ബഹുമാനവുമുണ്ട്. 75 ആം വയസിലും ശ്രുതി തെറ്റാത്ത കല്യാണി മേനോൻ, പ്രായത്തിലും വലിയ പ്രതിഭയുള്ള ശ്രേയ, കഥകളിയിലെ ഒറ്റപ്പെട്ട കരുത്തുറ്റ പെൺശബ്ദമായ ദീപ, പിന്നെ സുജാതയുടെയും രഞ്ജിനി ഗായത്രിയുടെയും പാട്ടും ഭവ്യയുടെ വയലിനും കൂടുതൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത കാര്യങ്ങൾ ആണല്ലോ. പെണ്മ ആഘോഷിക്കാൻ പെൺപാട്ടുകാരും വേണം. ഉടൻ തന്നെ ആ ശബ്ദം പ്രേക്ഷകരിൽ എത്തും. അതിൽ പക്ഷേ വീഡിയോ ഇതിന്റെ മേക്കിംഗിന്റേതാണ്. അതുപോലെ ഇൻസ്ട്രുമെൻറലും ചെയ്തിട്ടുണ്ട്. അതും ഉടൻ പുറത്തു വരും.

അപർണ: എന്താണ് ബാലേക്ക് ശേഷമുള്ള പദ്ധതികൾ, സ്വപ്‌നങ്ങൾ...

ശ്രുതി: മറ്റൊരു പുതിയ പ്രൊഡക്ഷനേക്കാൾ വലിയൊരു സ്വപ്നം ഞങ്ങളുടെ വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ ഫൗണ്ടേഷൻ നടത്താൻ പദ്ധതിയിട്ട വലിയ സംഗീത പരിപാടിയാണ്. ആ ഷോ ആണ് ഇനിയത്തെ വലിയ സ്വപ്‍നം. ഇപ്പോൾ ബാലേയുടെ തിരക്കുകളിൽ ആയതിനാൽ ആ സ്വപ്നം വല്ലാതെ മുന്നോട്ട് പോയിട്ടില്ല. പിന്നെ കുറച്ചു സ്വതന്ത്ര പ്രോജക്റ്റുകൾ തുടക്ക ഘട്ടത്തിൽ ഉണ്ട്.

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍