UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാംദേവ് എന്ന പ്രതിഭാസം

Avatar

ടീം അഴിമുഖം / ഫ്രൈഡേ റിവ്യൂ

 

ഇക്കഴിഞ്ഞ നവംബര്‍ 16 ന് അയാള്‍ ഒരു ചട്ടിയില്‍ നിന്നും പാകം ചെയ്ത നൂഡില്‍സ് മറ്റൊരു പാത്രത്തിലേക്ക് എടുത്തിട്ടു. പിന്നെ അതില്‍ നിന്നും കുറച്ചെടുത്ത് നീണ്ട താടിക്കും മീശയ്ക്കും ഇടയിലൂടെ തന്റെ വായിലേക്ക് തള്ളിക്കയറ്റി.

 

എന്നിട്ട് ഒരു പ്രഖ്യാപനം നടത്തി: “ഡിസംബര്‍ അവസാനത്തോടെ ഞങ്ങളുടെ നൂഡില്‍സ് പത്തു ലക്ഷം കടകളിലെത്തും. ഞങ്ങള്‍ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുകയാണ്.” തന്റെ ആട്ട നൂഡില്‍സ് വിപണിയിലെ മറ്റെല്ലാ നൂഡില്‍സിനേക്കാളും വില കുറഞ്ഞതായിരിക്കുമെന്നും ഇന്ത്യയിലെ FMCG (Fast Moving Consumer Goods) ല്‍ നിശബ്ദ വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. “25 രൂപയ്ക്കു വില്‍ക്കുന്ന മറ്റുള്ള നൂഡില്‍സിലുകളെക്കാള്‍ 10 രൂപ കുറവാണ് ഇതിന്.” തങ്ങളുടെ നൂഡില്‍സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് അരിയുടെ തവിടില്‍ നിന്നുള്ള എണ്ണയാണെന്നും മറ്റ് നിര്‍മാതാക്കള്‍ ഉപയോഗിക്കുന്ന പാമോയില്‍ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 

തന്റെ ഒതുങ്ങിയ ശരീരത്തില്‍ ഒരു കാവി മുണ്ടും പുതച്ച്, ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന FMCG കമ്പനിയുടെ മേധാവി, തങ്ങളുടെ ആട്ട നൂഡില്‍സ് ഡിസംബറില്‍ രാജ്യത്തെ 10 ലക്ഷം കടകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചു. ഈ സാമ്പത്തികവര്‍ഷം കമ്പനിയുടെ വിറ്റുവരവ് ഇരട്ടിപ്പിച്ച് 5000 കോടി രൂപയാക്കുമെന്നും. വിപണിയില്‍ വില്‍പ്പനക്കിറക്കാനുള്ള അനുമതി അദ്ദേഹത്തിന്റെ നൂഡില്‍സിന് ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മറ്റ് നിരവധി ഉത്പന്നങ്ങളെയും പ്രവര്‍ത്തനങ്ങളെയും പോലെ ഇതിനെയും മിക്കവരും സംശയത്തോടെയാണ് നോക്കിക്കണ്ടത്.

 

പക്ഷേ യോഗയും ആത്മീയതയും, രാഷ്ട്രീയവും കച്ചവടവുമായി കൂട്ടിക്കുഴച്ച ബാബാ രാംദേവിന് വിവാദങ്ങള്‍ എല്ലാക്കാലത്തും സന്തത സഹചാരിയാണ്. കയ്യൂക്കുള്ളവന്‍റെ മുന്നില്‍ പിറകിലേക്കൊതുങ്ങുന്ന നിയമവാഴ്ചയുള്ള ഇന്ത്യയുടെ സമകാലിക യാഥാര്‍ത്ഥ്യത്തിന്റെ ഒരു നേര്‍ക്കാഴ്ച്ച കൂടിയാണ് രാംദേവ്.

 

നൂഡില്‍ 
മാഗി വിപണിയില്‍ നിന്നും പിന്‍വലിഞ്ഞതിനു പിന്നാലെ മാസങ്ങള്‍ക്കുളില്‍ രാംദേവ് നൂഡില്‍സ് ഇറക്കിയത് അത്ര യാദൃശ്ചികമാണെന്ന് ആരും കരുതുന്നില്ല. പക്ഷേ ഇക്കാര്യത്തില്‍ കൂടുതല്‍ വസ്തുതകള്‍ പുറത്തുവന്നിട്ടില്ല എന്നു മാത്രം. എന്നാലും, ഭക്ഷ്യ സുരക്ഷാ നിയന്ത്രണ അതോറിറ്റി (FSSAI) തലവന്‍ ആശിഷ് ബഹുഗുണ, രാംദേവിന്റെ നൂഡില്‍സിന് നിയമാനുസൃതമായി വേണ്ട ഉത്പന്ന അനുമതി ഇല്ലെന്ന് വ്യക്തമാക്കുകയും അതിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു.

 

കഴിഞ്ഞ ജൂണില്‍, മാഗി നൂഡില്‍സില്‍ അമിതമായ അളവില്‍ ഈയവും monosodiyum glutamate-ഉം  (MSG) കണ്ടെത്തിയെന്ന് പറയുന്ന സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ ഭക്ഷ്യ കമ്പനികളുമായി ഉത്പന്ന അനുമതിയുടെ കാര്യത്തില്‍ നീണ്ട പോരാട്ടത്തിലാണ് FSSAI.

 

പാസ്ത വിഭാഗത്തില്‍ റീലേബല്‍ ചെയ്യുന്നതിനാണ് രാംദേവിന്റെ പതഞ്ജലിക്ക് FSSAI-യില്‍ നിന്നും അനുമതി ലഭിച്ചത്. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ നൂഡില്‍സ് നിര്‍മ്മാണത്തിന് ലൈസന്‍സുള്ള നിരവധി കമ്പനികളുമായി രാംദേവിന്റെ കമ്പനി കരാറിലേര്‍പ്പെട്ടു എന്നും പ്രസ്താവനയില്‍ പറയുന്നു.

 

കേന്ദ്രത്തിത്തില്‍ തനിക്ക് വേണ്ടപ്പെട്ടവര്‍ ഭരിക്കുന്നതുകൊണ്ട് രാംദേവിന് ഇതൊന്നും അത്ര പ്രയാസമുള്ള കാര്യമായിരിക്കില്ല. കാരണം രാജ്യത്ത് അഴിമതിവിരുദ്ധമുന്നേറ്റം സഷ്ടിച്ച് നരേന്ദ്ര മോദിക്ക് അധികാരത്തില്‍ വരാന്‍ സാഹചര്യം ഒരുക്കിയതില്‍ നിര്‍ണായക പങ്ക് രാംദേവിനുണ്ടായിരുന്നു. മറ്റ് പല സന്യാസിമാരുടെയും എതിര്‍പ്പുകളെ വകവെക്കാതെ രാംദേവ് പരസ്യമായി മോദിക്ക് വേണ്ടി പ്രചരണം നടത്തുകയും കോണ്‍ഗ്രസിനെ ആക്ഷേപിക്കുകയും ചെയ്തു.

 

സന്യാസിമാരില്‍ രാംദേവ് വ്യത്യസ്തനാണ്. പക്ഷേ ആധുനിക ഇന്ത്യയുടെ ഏറെ ആശങ്കയുളവാക്കുന്ന ഒരു ഘട്ടത്തെയാണ് അയാള്‍ പ്രതിനിധീകരിക്കുന്നത്.

 

എവിടെനിന്നുമല്ലാതെ ഒരാള്‍
ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിലെ ആലിപ്പൂര്‍ ഗ്രാമത്തിലാണ് രാംകൃഷ്ണ യാദവ് ജനിച്ചത്. ബാബ രാംദേവ് ആകുന്നതിന് മുമ്പ് വിവിധ ഗുരുകുലങ്ങളില്‍ നിന്നും പുരാണങ്ങളും യോഗയും സംസ്കൃതവും പഠിച്ചു. പിന്നെ ഹരിദ്വാറിലേക്ക് താമസം മാറ്റി. അവിടെയിപ്പോള്‍ യോഗയും മറ്റ് പല ഉത്പന്നങ്ങളുമുള്ള ഒരു വമ്പന്‍ സാമ്രാജ്യത്തിന്റെ അധിപനാണയാള്‍.

 

ഇക്കാലയളവില്‍ രാംദേവിനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ടായി. അവിശ്വസനീയമായ അവകാശവാദങ്ങള്‍ ഉയര്‍ത്തി. തികഞ്ഞ പിന്തിരിപ്പന്‍ കാഴ്ച്ചപ്പാടുകള്‍ പ്രകടിപ്പിച്ചു. രാഷ്ട്രീയ മോഹങ്ങള്‍ പരസ്യമാക്കി.

 

യോഗാഭ്യാസങ്ങളുടെയും രാഷ്ട്രീയ യോഗാഭ്യാസനത്തിന്റെയും പേരില്‍ പ്രസിദ്ധനായ രാംദേവ്, അന്ന് കേന്ദ്രത്തിലും ഉത്തരാഖണ്ഡിലുമുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തന്നെ അവമതിക്കാന്‍ ഗൂഡാലോചന നടത്തുകയാണെന്ന ആരോപണവുമായി അന്ന് രംഗത്തെത്തിയിരുന്നു. മോദിയുടെ ഭരണം വന്ന ശേഷം ആരെയും കുറ്റപ്പെടുത്തിയിട്ടുമില്ല.

 

രാംദേവിനെക്കുറിച്ച് സംശയകരമായ രണ്ടു വലിയ നിഗൂഡതകളുണ്ട്. ജൂലായ് 2007-ല്‍ രാംദേവിന്റെ ഗുരു സ്വാമി ശങ്കര്‍ സംശയകരമായ സാഹചര്യത്തില്‍ അപ്രത്യക്ഷനായി.  രാംദേവിന്റെ ആശ്രമത്തിലായിരുന്നു സ്വാമി ശങ്കറിന്റെ താമസം. ഒരു ദിവസം പ്രഭാതസവാരിക്കിറങ്ങിയ സ്വാമി പിന്നെ മടങ്ങിയെത്തിയില്ല. ഇപ്പോള്‍ രാംദേവിന്റെ കീഴിലുള്ള ദിവ്യ യോഗ മന്ദിര്‍ ട്രസ്റ്റിന്റെ സ്ഥാപകനായിരുന്നു സ്വാമി ശങ്കര്‍ ദേവ്.

 

രാംദേവിന്റെ ഏറ്റവും അടുത്ത സഹായി രാജീവ് ദീക്ഷിത്, ഹൃദയാഘാതം മൂലമാണെന്ന് പറയുന്നു, മരിച്ചപ്പോഴും രാംദേവിനെതിരെ സംശയത്തിന്റെ മുനകള്‍ നീണ്ടു. “അയാളുടെ മരണത്തിന്റെ പേരില്‍ എന്നെ കുരുക്കാന്‍ ഗൂഡാലോചന നടന്നു. എന്നെ കുറ്റപ്പെടുത്താന്‍ ആളുകള്‍ അത്രത്തോളം പോകുമെന്ന് ഞാന്‍ കരുതിയില്ല,” ദീക്ഷിതിന്റെ മരണത്തെക്കുറിച്ച് നവംബര്‍  2010-നു രാംദേവ് പറഞ്ഞു.

 

യു പി എ സര്‍ക്കാരിന്റെ കാലത്ത്, അഴിമതിവിരുദ്ധ പ്രക്ഷോഭം തുടങ്ങിയ രാംദേവിന്റെ നാടകങ്ങള്‍ നിരവധിയായിരുന്നു. 2011 ജൂണ്‍ നാലിന് രാംലീല മൈതാനത്ത് അനുയായികള്‍ ഡല്‍ഹി പൊലീസിന്റെ ലാത്തിയടി ഏല്‍ക്കുമ്പോള്‍, സല്‍വാര്‍ – കൂര്‍ത്ത ധരിച്ചു പെണ്‍വേഷത്തില്‍ യോഗ ഗുരു അവിടെനിന്നും കടന്നുകളഞ്ഞു. അന്നത്തെ ബഹളത്തില്‍ പരിക്കുപറ്റി ഒരു സ്ത്രീ മരിക്കുകയും ചെയ്തിരുന്നു.  

 

അയാളുടെ അടുത്ത സഹായി ബാലകൃഷ്ണ ധര്‍ണ സ്ഥലത്തുനിന്നും കാണാതായതോടെ അതിനു പിന്നില്‍ സര്‍ക്കാരാണെന്ന് രാംദേവ് അനുയായികള്‍ വിശ്വസിച്ചു. എന്നാല്‍ നാല് ദിവസം കഴിഞ്ഞപ്പോള്‍ ബാലകൃഷ്ണ പ്രത്യക്ഷപ്പെട്ടു. പ്രതിഷേധത്തില്‍ തന്റെ പങ്കിന്റെ പേരില്‍ പൊലീസ് നടപടി ഒഴിവാക്കാനാണ് ഒളിവില്‍ പോയതെന്നായിരുന്നു വിശദീകരണം. ബാലകൃഷ്ണയുടെ ചരിത്രവും അത്ര ശുദ്ധമല്ല. വ്യാജ പാസ്പോര്‍ട്ട് കേസില്‍ അയാള്‍ക്കെതിരെ ഒരു പ്രത്യേക സി ബി ഐ കോടതി കുറ്റപത്രം ചുമത്തിയിരുന്നു. പാസ്പോര്‍ട്ട് ലഭിക്കാനായി വ്യാജ രേഖകള്‍ ഹാജരാക്കിയതിന് 2012 ജൂലൈയില്‍ ബാലകൃഷ്ണയെ സി ബി ഐ പിടികൂടി. ഝാര്‍ഖണ്ട് ആസ്ഥാനമായ ഒരു കമ്പനിയില്‍ പങ്കാളിയായ ബാലകൃഷ്ണ വിദേശ വിനിമയ നിയമങ്ങള്‍ ലംഘിച്ചു എന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം നടത്തി. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് നികുതി വെട്ടിപ്പിന്റെ കേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്നവയടക്കം 25 രാജ്യങ്ങളിലേക്ക് ബാലകൃഷ്ണ യാത്ര ചെയ്തു എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു.

 

രാംദേവ് നിര്‍മ്മിക്കുന്ന ചില മരുന്നുകളില്‍ മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്ന് സി പി ഐ എം നേതാവ് ബൃന്ദ കാരാട്ട് 2006 ജനുവരിയില്‍ ആരോപണമുന്നയിച്ചിരുന്നു. ദിവ്യ യോഗ് മന്ദിര്‍ ട്രസ്റ്റിന്റെ കീഴിലുള്ള ദിവ്യ ഫാര്‍മസി, മരുന്നുകള്‍ ഉണ്ടാക്കാന്‍ മൃഗങ്ങളുടെയും മനുഷ്യരുടെയും എല്ലുകള്‍ ഉപയോഗിക്കുന്നു എന്നായിരുന്നു അവര്‍ ഉന്നയിച്ച ആരോപണം. മരുന്നുകളുടെ മാതൃകകള്‍ സര്‍ക്കാര്‍ പരീക്ഷണശാലകളില്‍ പരിശോധിക്കുകയും മൃഗശരീര ഭാഗങ്ങള്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ മരുന്നുകളുടെ സ്രോതസ് ഏതെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായി. അവ ബൃന്ദ കാരാട്ട് നല്കിയതായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായിരുന്നില്ല. ഇവയുടെ കുറിപ്പടിയും പണം കൊടുത്തു വാങ്ങിയതിന്റെ രസീതിയും ബൃന്ദ കാരാട്ട് ഹാജരാക്കി. എന്നാല്‍ ബൃന്ദക്കെതിരെ രംഗത്തിറങ്ങിയവര്‍ ചില്ലറക്കാരായിരുന്നില്ല. ശരദ് പവാര്‍, മുലായം സിങ് യാദവ്, എന്‍ ഡി തിവാരി എന്നിങ്ങനെ നീളുന്നു ആ നിര. തുടര്‍ന്ന് ഫരീദാബാദിലെ ഒരു ബി ജെ പി നേതാവ് അവര്‍ക്ക് വക്കീല്‍ നോട്ടീസ് വരെ അയച്ചു. ആ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

 

ബി ജെ പിയുടെ ഗുരു
രാംദേവ് തന്റെ രാഷ്ട്രീയാഭിമുഖ്യങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നില്ല. ബി ജെ പിക്കും നരേന്ദ്ര മോദിക്കും പരസ്യപിന്തുണ അറിയിച്ചുകൊണ്ട് 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ പ്രയത്നിക്കുമെന്ന് പ്രഖ്യാപിച്ചു. ഭരണകക്ഷിക്കനുകൂലമായി തെരഞ്ഞെടുപ്പു പ്രചരണത്തിന് വന്ന രാംദേവിന്റെ സന്ദര്‍ശനങ്ങള്‍ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ വകകൊള്ളിക്കണമെന്ന് ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക്പിന്നില്‍ യു പി എ സര്‍ക്കാരാണ് എന്നായിരുന്നു യോഗാ ഗുരുവിന്റെ കുറ്റപ്പെടുത്തല്‍. സി ബി ഐ, ഇ ഡി മുതലായ ഏജന്‍സികളെ തനിക്കെതിരെ കേസെടുക്കാന്‍ കോണ്‍ഗ്രസ് ദുരുപയോഗിക്കുകയാണെന്നും ആക്ഷേപമുന്നയിച്ചു.

 

എന്നാല്‍ യു പി എ പോയി എന്‍ ഡി എ വന്നപ്പോഴും വിവാദങ്ങള്‍ രാംദേവിനെ വിട്ടൊഴിഞ്ഞിട്ടില്ല. ഈ വര്‍ഷം മെയില്‍ രാംദേവിന്റെ ഹരിദ്വാര്‍ ഭക്ഷ്യപാര്‍ക്കില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, അരഡസന്‍ പേര്‍ക്കു പരിക്കേറ്റു. പിന്നീട്, സംഭവുമായി ബന്ധപ്പെട്ട് യോഗാഗുരുവിന്റെ സഹോദരന്‍ രാംഭരത്തിനെയും മറ്റ് രണ്ടു പേരെയും പൊലീസ് പിടികൂടി. ഇപ്പോഴിതാ നൂഡില്‍സ് വിവാദവും.

 

ബാബ രാംദേവ് മോദിയില്‍ ഒരു ശത്രുവിനെ കണ്ടെത്തുമോ അതോ അതിവേഗം വളരുന്ന തന്റെ വ്യാപാര സാമ്രാജ്യത്തിനായി തന്ത്രപൂര്‍വം ഒതുങ്ങിനീങ്ങുമോ എന്ന് കാത്തിരുന്നുകാണാം. എന്തായാലും രാംദേവിന്റെ ജീവിതത്തില്‍ ആത്മീയത ഒട്ടുമില്ല എന്നുതന്നെ തോന്നുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍