UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാബ രാംദേവ് ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യദാതാവ്

അഴിമുഖം പ്രതിനിധി

ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക് ലിമിറ്റഡ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരസ്യം നല്‍കുന്ന എഫ് എം സി ജി കമ്പനിയായി മാറി. കാഡ്ബറി, പാര്‍ലെ, പോണ്ട്‌സ് തുടങ്ങിയ വമ്പന്‍മാരെയാണ് പതഞ്ജലി മറി കടന്നത്.

ബ്രോഡ് കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബാര്‍ക്) ജനുവരി 29 വരെയുള്ള ഏഴ് ദിവസത്തെ ടിവി പരസ്യങ്ങളുടെ കണക്കനുസരിച്ചാണ് പതഞ്ജലി മുന്നിലെത്തിയത്. രാജ്യത്തെ 450 ഓളം ചാനലുകളെയാണ് ബാര്‍ക് നിയന്ത്രിക്കുന്നത്. ജനുവരി 23-നും 29-നും ഇടയില്‍ ടി വി ചാനലുകള്‍ 17,000 തവണയിലധികം പതഞ്ജലിയുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഈ കാലയളവില്‍ കാഡ്ബറിയുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത് 16,000 തവണയില്‍ താഴെയും. പ്രാദേശിക, ദേശീയ ചാനലുകളിലെ കണക്കുകളാണിത്.

കുറച്ചു കാലത്തേക്ക് പതഞ്ജലി ഒന്നാം സ്ഥാനത്ത് തുടരുമെന്നാണ് പരസ്യ വിപണി നിരീക്ഷിക്കുന്നവര്‍ പറയുന്നത്. ബാര്‍കിന്റെ പുതിയ കണക്ക് വരുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ ആറാം സ്ഥാനത്തായിരുന്നു പതഞ്ജലി. കുത്തനെയുള്ള കയറ്റമാണ് പതഞ്ജലി നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലാണ് ആദ്യ പത്തില്‍ രാംദേവിന്റെ ബ്രാന്‍ഡ് നാം എത്തിയത്.

അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ എഫ് എം സി ജി കമ്പനിയാകും തന്റേതെന്ന് 2015-ല്‍ രാംദേവ് പറഞ്ഞിരുന്നു. 30 ഓളം ഉല്‍പന്നങ്ങള്‍ രാംദേവിന്റെ കമ്പനി പുറത്തിറക്കുന്നുണ്ടെങ്കിലും ഏഴ് ഉല്‍പന്നങ്ങളുടെ പരസ്യമാണ് നല്‍കുന്നത്.

നെയ്യ്, ഷാംപു, ബിസ്‌കറ്റുകള്‍, നൂഡില്‍സ്, തേന്‍, ഡെന്റല്‍ ക്രീം, അലോ വെര ക്രീം എന്നിവയുടെ പരസ്യമാണ് നല്‍കുന്നത്.

300 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി കമ്പനി മാറ്റിവച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കമ്പനി നിരസിച്ചിട്ടുമില്ല. എന്നാല്‍ പതഞ്ജലിയുടെ പരസ്യങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ളതല്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍