UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭരണകൂടത്തണലില്‍ തഴയ്ക്കുന്ന ആള്‍ദൈവ ബിസിനസ്

Avatar

ടീം  അഴിമുഖം

ആള്‍ദൈവമായ രാംപാലിനെ ബുധനാഴ്ച അറസ്റ്റ് ചെയ്യാനായി പോലീസ് എത്തിയപ്പോഴുണ്ടായ അക്രമസംഭവങ്ങളില്‍ പരിക്കേറ്റ് ആശ്രമത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള മഹാരാജ് അഗ്രാസെന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന നിരവധി ഭക്തര്‍, ബാര്‍വാലയിലെ ദിവ്യപുരുഷന്റെ ഭ്രമാത്മകമായ ലീലാവിലാസങ്ങള്‍ പത്രക്കാരോട് വിശദീകരിക്കുകയുണ്ടായി.

രാംപാല്‍, പാലില്‍ കുളിക്കാറുണ്ടായിരുന്നെന്നും അതേ പാലാണ് പ്രസാദത്തിന് ഖീര്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നതെന്നും അവരില്‍ ചിലര്‍ വെളിപ്പെടുത്തി. അദ്ദേഹം ചെയ്തിരുന്ന ‘അത്ഭുതപ്രവര്‍ത്തികളില്‍’ പ്രധാനപ്പെട്ടതായിരുന്നു ഈ അനുഷ്ഠാനമെന്നും അവര്‍ പറയുന്നു.

‘അദ്ദേഹത്തിന്റെ ദേഹത്തൊഴിക്കുന്ന പാലില്‍ നിന്നാണ് ഖീര്‍ ഉണ്ടാക്കിയിരുന്നത്…ആ ഖീറാണ് പ്രസാദമായി ഞങ്ങള്‍ക്ക് തന്നിരുന്നത്’- ആശ്രമത്തില്‍ സംത്സംഗത്തിന് എത്തിയ ആരാധകനായ മനോജ് എന്ന 45 കാരന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ അനുയായികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം അഞ്ചു സ്ത്രീകൾക്കും ഒരു പിഞ്ചു കുഞ്ഞിനും ജീവൻ നഷ്ടപ്പെടുകയും  200 ലേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ 99 പേര്‍ ബാര്‍വാലയിലെ സത്‌ലോക് ആശ്രമത്തിന് ഏറ്റവും അടുത്തുള്ള ആശുപത്രിയായ MAMC യിലാണുള്ളത്. 

ഇന്ത്യയിലെ ഏത് ആള്‍ദൈവത്തെ സംബന്ധിച്ചിടത്തോളവും ഇത്തരം സമാനമായ കഥകള്‍ പറയാന്‍ ഉണ്ടാവും. ഇത്തരക്കാര്‍ക്ക് ഈ രാജ്യത്തില്‍ ഒരു പഞ്ഞവുമില്ല. എന്നാല്‍ ഹിസാറിലെ ബാര്‍വാലയില്‍ ദിവസങ്ങളോളം നീണ്ടുനിന്ന ഉപരോധത്തിന് കാരണമായ ഇപ്പോഴത്തെ രാംപാല്‍ സംഭവം പുതിയ ചില ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. വന്‍കോട്ട എന്ന് വിശേഷിപ്പിക്കാവുന്ന ആശ്രമത്തില്‍ സ്വയം പ്രഖ്യാപിതനായ മനുഷ്യദൈവമായ ഒരാള്‍ അപ്രത്യക്ഷനാവുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ മറയാക്കിക്കൊണ്ട്, ‘ബാബയുടെ കമാന്‍ഡോകള്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ സ്വകാര്യസേനയും അനുയായികളും ചേര്‍ന്ന് വെടിവെക്കുകയും പെട്രോള്‍ ബോംബുകളും ആസിഡ് ബള്‍ബുകളും കല്ലുകളും വലിച്ചെറിയുകയും ചെയ്യുന്നു. പോരാട്ടത്തിന്റെ മറുവശത്താകട്ടെ, ഏകദേശം നിസഹായരായ സംസ്ഥാന സര്‍ക്കാരും കുപിതരായ കോടതിയും. ഒരു കൊലപാതക കേസില്‍ ആരോപണവിധേയനായിരിക്കുന്ന രാംപാലിനെതിരെ കോടതി ജാമ്യമില്ലാത്ത വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

എങ്ങനെയാണ് ഒരു ഉപരോധത്തില്‍ പെട്ട് ജീവനുകള്‍ നഷ്ടപ്പെടുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ വഷളായത്? ഒരു ദിവ്യന് എങ്ങനെയാണ് നിയമവാഴ്ചയെ പരസ്യമായി അവഹേളിക്കാനും രാജ്യത്തെ ധിക്കരിക്കാനും സാധിക്കുക? കെട്ടുകാഴ്ചകള്‍ അവസാനിച്ച് ദീര്‍ഘകാലം കഴിഞ്ഞാലും, ഇത്തരം ചോദ്യങ്ങള്‍ ഹരിയാനയില്‍ പുതുതായി അധികാരമേറ്റെടുത്ത മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനെ വേട്ടയാടിക്കൊണ്ടിരിക്കും.

ബാര്‍വാലയില്‍ അരങ്ങേറിയ കോമാളിത്തരത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഖട്ടാര്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. അതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിയമസംവിധാനങ്ങള്‍ക്ക് ഉപരിയായി ‘ദേര’യുടെ സ്വാധീനവും സമ്മര്‍ദവും വളര്‍ന്നു വരുന്നത്. നിയമപരമായി ശിക്ഷിക്കപ്പെടില്ല എന്ന ബോധ്യത്തിന്റെയും സങ്കീര്‍ണതയുടെയും വിശാല സംസ്‌കാരമാണ് ഈ സ്വാധീനം വര്‍ദ്ധിക്കാനുള്ള കാരണം. നിരവധി ഘടകങ്ങളുടെ ഒരു മിശ്രണമാണ് ദേരയുടെ സ്വാധീനം വര്‍ദ്ധിക്കുന്നതിനുള്ള കാരണം. മുഖ്യധാര മതങ്ങളും ജാതികളും പ്രാന്തവല്‍ക്കരിക്കുകയും അശക്തരാക്കുകയും ചെയ്തു എന്ന പരാതിയുള്ള താഴ്ന്ന ജാതിക്കാരെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയുമാണ് ഇവര്‍ പ്രധാനമായും ആകര്‍ഷിക്കുന്നത്. സാമൂഹ്യപരിഷ്‌കരണം എന്ന ദേരയുടെ വാഗ്ദാനത്തില്‍ താഴ്ന്ന ജനവിഭാഗങ്ങള്‍ ആകൃഷ്ടരാകുന്നു എന്ന് മാത്രമല്ല, സൗജന്യ ആരോഗ്യ ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ അവര്‍ ചില സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നു.

നിരാശയുടെ ഒരു കാലഘട്ടത്തില്‍ ഉറപ്പുകള്‍ക്കും സഹായങ്ങള്‍ക്കുമായി കാത്തുനില്‍ക്കുന്ന ഒരു ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം, ഇത്തരം ബാബയുടെ അല്ലെങ്കില്‍ അവരെ നയിക്കുന്ന ദിവ്യന്റെ നിര്‍ദ്ദേശങ്ങളും ഔഷധങ്ങളും പ്രലോഭനങ്ങളായി മാറിയേക്കാം. എന്നാല്‍, മിക്കപ്പോഴും ഇത്തരം കഥകള്‍ ഇരുളടഞ്ഞതായി മാറുന്നു. ഒരിക്കല്‍ അനുയായികളുടെ പിന്തുണ ആര്‍ജ്ജിക്കുന്നതോടെ, ഇത്തരം വിഭാഗങ്ങള്‍ സ്വന്തം നിലയില്‍ അധികാര കേന്ദ്രങ്ങളായി മാറുന്ന കാഴ്ചയാണ് മിക്കപ്പോഴും കാണുന്നത്. ഇവരെ നയിക്കുന്ന പല മനുഷ്യ ദൈവങ്ങളും ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നിവ ഉള്‍പ്പെടെയുള്ള കേസുകള്‍ നേരിടുന്നവരും തിരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി വിലപേശുന്നവരുമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവരുടെ ജനപിന്തുണ കൈവശപ്പെടുത്തുമ്പോള്‍, രാജ്യത്തിന്റെ അംഗീകാരമാണ് ഇത്തരം വിഭാഗങ്ങള്‍ മറിച്ച് ആവശ്യപ്പെടുന്നത്.

ഇതിനുമുമ്പും ഇത്തരം ഉപരോധങ്ങള്‍ ഉണ്ടാവുകയും നിയമവാഴ്ച പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഉപരോധം നിലനിന്നിരുന്ന നിമിഷങ്ങളിലൊക്കെ തന്റെ സര്‍ക്കാരിന്റെയും രാജ്യത്തിന്റെയും അധികാരം വെല്ലുവിളിക്കപ്പെടുകയായിരുന്നു എന്ന് മുഖ്യമന്ത്രി ഖട്ടാര്‍ തിരിച്ചറിയണം. ഒരു സ്വയം പ്രഖ്യാപിത മനുഷ്യദൈവം നിയമത്തിന് മുകളില്‍ സ്വയം പ്രതിഷ്ഠിക്കുമ്പോള്‍ സംഭീതരായി നോക്കി നില്‍ക്കാന്‍ രാജ്യത്തിന് സാധിക്കില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍