UPDATES

ഓഫ് ബീറ്റ്

ചരിത്രത്തില്‍ ഇന്ന്: ബാബറി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്തു

1980ല്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ രാമജന്മഭൂമിയെന്ന പേരില്‍ പ്രചാരണം തുടങ്ങി.

1992 ഡിസംബര്‍ ആറ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്ന്. ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലുണ്ടായിരുന്ന, 16ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ബാബറി മസ്ജിദ് എന്ന മുസ്ലീം പള്ളി വിശ്വ ഹിന്ദു പരിഷത്ത്, ആര്‍ എസ് എസ് പ്രവര്‍ത്തകരായ കര്‍സേവകര്‍ ചേര്‍ന്ന് തകര്‍ത്തു. വിഎച്ച്പിയും ആര്‍എസ്എസും ബിജെപിയും സംഭവസ്ഥലത്തേയ്ക്ക് റാലി സംഘടിപ്പിച്ചിരുന്നു. ഒന്നര ലക്ഷത്തോളം കര്‍സേവകര്‍ പങ്കെടുത്തതായി പറയുന്ന റാലി അക്രമാസക്തമായി. പൊലീസിനേയും സുരക്ഷാസേനയേയും മറികടന്ന കര്‍സേവകര്‍ പള്ളി തകര്‍ത്തു. മുതിര്‍ന്ന ബിജെപി നേതാക്കളടക്കം 68 പേര്‍ സംഭവത്തിന് ഉത്തരവാദികളാണെന്ന് കണ്ടെത്തി. ബാബറി പള്ളി പൊളിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസങ്ങളോളം ഹിന്ദു – മുസ്ലീം  വര്‍ഗീയ ലഹളകളുണ്ടായി. ഈ വര്‍ഗീയ കലാപങ്ങളില്‍ 2000ത്തിലധികം പേര്‍ കൊല്ലപ്പെട്ടു.

ഹിന്ദുമത വിശ്വാസ പ്രകാരം അയോദ്ധ്യ ശ്രീരാമന്റെ ജന്മസ്ഥലമാണ്. ഇവിടെയുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് വാദിച്ച സംഘപരിവാര്‍ സംഘടനകള്‍ ഇത് പൊളിച്ച് ക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. 1980ല്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ രാമജന്മഭൂമിയെന്ന പേരില്‍ പ്രചാരണം തുടങ്ങി. ഇവരുടെ രാഷ്ട്രീയ മുഖവും മുഖംമൂടിയും ബിജെപിയായിരുന്നു. ഈ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ഭാഗമായി ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്രകള്‍ തുടങ്ങി.

1985 ഡിസംബറില്‍  ഹിന്ദുത്വ സംഘടനാ പ്രതിനിധികള്‍ അന്നത്തെ യുപി മുഖ്യമന്ത്രി വീര്‍ ബഹദൂര്‍ സിംഗിനെ ചെന്ന് കണ്ടിരുന്നു. ബാബറി മസ്ജിദ് നിലനില്‍ക്കുന്ന പ്രദേശം ക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുതരണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. 1986 മാര്‍ച്ച് വരെയാണ് ഇതിന് സമയം നല്‍കിയത്. ഇതിന് തയ്യാറായില്ലെങ്കില്‍ പള്ളി തകര്‍ക്കുമെന്നും പ്രതിനിധി സംഘം ഭീഷണി മുഴക്കി. 1986 ഫെബ്രുവരി 11ന് രാജീവ് ഗാന്ധി സര്‍ക്കാരിന്റെ ഇടപെടടലിനെ തുടര്‍ന്ന് തര്‍ക്കപ്രദേശത്ത് ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്‍കിയത് വിവാദമായി. എന്നാല്‍ 92ല്‍ ബാബറി മസ്ജിദ് പൊളിക്കുന്നത് വരെ കാര്യമായ സംഘര്‍ഷങ്ങള്‍ ഉണ്ടായില്ല.

1992 ഡിസംബര്‍ ആറിന് മസ്ജിദ് പള്ളി പൊളിക്കുന്നതിന് മുന്നോടിയായി സംഭവസ്ഥലത്തേയ്ക്ക് സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി തുടങ്ങിയവര്‍ സംസാരിച്ചു. പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ കര്‍സേവകര്‍ പള്ളിയുടെ മുകളില്‍ കയറിപ്പറ്റി കാവിക്കൊടി നാട്ടി. അക്രമാസക്തരായ ഇത്രയും വലിയ ജനക്കൂട്ടത്തെ നേരിടാനുള്ള സംവിധാനം പൊലീസിനെ സംബന്ധിച്ച് ഇല്ലായിരുന്നു എന്നൊക്കെയാണീ വിശദീകരണങ്ങള്‍. മണിക്കൂറുകള്‍ക്കുള്ളില്‍ ബാബറി മസ്ജിദ് നിലംപൊത്തി.ബിജെപി നേതാക്കളടക്കം സംഘപരിവാറുമായി ബന്ധപ്പെട്ടവര്‍ മാസങ്ങളോളം നടത്തിയ പ്രചാരണ പരിപാടിയുടെ പര്യവസാനം. പാര്‍ലെമ്ന്റില്‍ വെറും രണ്ട് എംപിമാര്‍ മാത്രമുണ്ടായിരുന്ന ബിജെപിയുടെ പ്രാതിനിധ്യം 85 ആയി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി ബിജെപി മാറി. 24 വര്‍ഷങ്ങള്‍ക്ക് ശേഷവും ബാബറി മസ്ജിദ് ഇന്ത്യയ്ക്ക് വലിയ മുറിവായി തുടരുന്നു.

വീഡിയോ: 
.

ദശകങ്ങള്‍ നീണ്ട രാമജന്മഭൂമി – ബാബറി മസ്ജിദ് തര്‍ക്കം: നാള്‍വഴികളിലൂടെ

ബാബറി മസ്ജിദ്: വികാരമോ മതവിശ്വാസമോ അല്ല, ഭരണഘടനയും നിയമവുമാണ് നടപ്പാകേണ്ടത്


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍