UPDATES

രാമക്ഷേത്രം; മോദിയും യോഗിയും ഇനിയും കാത്തിരിക്കേണ്ടി വരും

‘ഒരേ ഒരു നാമം, ഒരേ ഒരു അഭിമാനം, ജയ് ശ്രീറാം, ജയ് ശ്രീറാം’ എന്ന മുദ്രാവാക്യം കാവി തുവാലക്കാര്‍ വീണ്ടും മുഴക്കാന്‍ തുടങ്ങിയിട്ടുണ്ട്

നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാം ജന്മഭൂമി-ബാബറി മസ്ജിദ് വിവാദം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള സുപ്രീം കോടതി അഭിപ്രായം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ണ്ണങ്ങളില്‍ സംഗീതം പോലെ പതിച്ചിട്ടുണ്ടാവാം. വൈകാരികമായ വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാവും ആശാസ്യം എന്നാണ് കോടതി നിരീക്ഷിച്ചത്. തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിക്കുന്ന രണ്ടു കക്ഷികള്‍ക്കുമിടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കാമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് വാഗ്ദാനം നല്‍കുകയും ചെയ്തിട്ടുണ്ട്.

2017 ഫെബ്രുവരിയില്‍ അയോദ്ധ്യ വിവാദ് സംജോത സമിതിയുടെ പേരില്‍ ക്ഷേത്രനഗരത്തില്‍ താമസിക്കുന്ന 10,502 പേര്‍ ഒപ്പിട്ട ഒരു ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം അലഹബാദ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജി പുലക് ബസും സുപ്രീം കോടതിക്ക് അയച്ചു കൊടുത്തിരുന്നു. വിഗ്രഹങ്ങള്‍ ഇരിക്കുന്ന സ്ഥലത്ത് രാമക്ഷേത്രവും തര്‍ക്കഭൂമിയില്‍ നിന്നും മുന്നൂറ് മീറ്റര്‍ അകലെയും എന്നാല്‍ ഏറ്റെടുത്ത 67 ഏക്കര്‍ സ്ഥലത്തിനുള്ളില്‍ തന്നെ ബാബറി മസ്ജിദും നിര്‍മ്മിക്കുന്നതും അടക്കമുള്ള ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം കൊടുക്കാനുള്ള ശ്രമങ്ങള്‍ 2010-ലാണ് ആരംഭിച്ചത്.

രാമക്ഷേത്ര നിര്‍മ്മാണമാവും പുതിയ മുഖ്യമന്ത്രിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ‘ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെ തടയാന്‍ ശേഷിയുള്ള ഏതെങ്കിലും ശക്തികളുണ്ടോ? ബാബറി മസ്ജിദ് തകര്‍ത്തത് തടയാന്‍ കഴിയാത്ത അവര്‍ക്ക് എങ്ങനെയാണ് ഇത് തടയാന്‍ സാധിക്കുക?’ എന്ന് തന്റെ എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും അദ്ദേഹം ചോദിച്ചിരുന്നു.

മുഖ്യമന്ത്രിയെന്ന നിലയില്‍ ഈ വാചകങ്ങളെ അദ്ദേഹത്തിന് യാഥാര്‍ത്ഥ്യമാക്കേണ്ടി വരും. നിര്‍ഭാഗ്യവശാല്‍ തിരഞ്ഞെടുപ്പ് യുദ്ധരംഗത്ത് നല്‍കുന്ന എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ അത്ര എളുപ്പല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

രാമക്ഷേത്ര പ്രശ്‌നം ഒരു കോടതിക്കും പരിഹരിക്കാന്‍ സാധിക്കാത്ത വിശ്വാസത്തിന്റെ പ്രശ്‌നമാണെന്ന ഉത്തമബോധ്യമുള്ളപ്പോഴും മുഖ്യമന്ത്രിയെന്ന നിലയില്‍ കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീര്‍പ്പിന് ശ്രമിക്കുക എന്നതില്‍ കവിഞ്ഞ് ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കില്ല. വിവാദവിഷയം നിയമക്കുരുക്കുകളില്‍ പെട്ടതിനാല്‍ അത് പിന്നിലേക്ക് മാറ്റിവെക്കാന്‍ ബിജെപി നിര്‍ബന്ധിതമായി. അതുകൊണ്ടു തന്നെ പരമോന്നത നീതിപീഠം ഇപ്പോള്‍ നടത്തിയിരിക്കുന്ന നിരീക്ഷണങ്ങള്‍ അവര്‍ക്കൊരു ആശ്വാസമാണ്. ഏറ്റവും അനുകൂലമായ സാഹചര്യം എന്ന് തീവ്രവാദികള്‍ വിശേഷിപ്പിക്കുന്ന വിധത്തില്‍, ‘മോദി ഡല്‍ഹിയിലും യോഗി യുപിയിലും’ ഭൂരിപക്ഷ സര്‍ക്കാരുകളെ നയിക്കുമ്പോള്‍ ഇത് സംബന്ധിച്ച ഹിന്ദുത്വവാദികളുടെ പ്രതീക്ഷകള്‍ ഉയരുക സ്വാഭാവികമാണ്.

സമ്മര്‍ദ്ദം ഇതിനകം തന്നെ രൂപപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ‘ഒരേ ഒരു നാമം, ഒരേ ഒരു അഭിമാനം, ജയ് ശ്രീറാം, ജയ് ശ്രീറാം’ എന്ന മുദ്രാവാക്യം കാവി തൂവാലക്കാര്‍ വീണ്ടും മുഴക്കാന്‍ തുടങ്ങിയിട്ടുണ്ട്. 1992 ഡിസംബറില്‍ അയോദ്ധ്യയിലെ മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം രാജ്യത്തിലെ ഏറ്റവും വലിയ മതപ്രസ്ഥാനവുമായി ബന്ധപ്പെട്ട ഈ മുദ്രാവാക്യം ഏറെക്കുറെ നിശബ്ദമായിരുന്നു.

ബിജെപിയുടെ രാഷ്ട്രീയ ആഖ്യാനങ്ങളില്‍ നിന്നും ഇത് അപ്രത്യക്ഷവുമായിരുന്നു. പള്ളി പൊളിച്ചതോടെ പ്രചോദിത വിഷയത്തിന്റെ സാധ്യത നഷ്ടപ്പെട്ടതോടെ അത് അവരുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ അവസാന പേജിലേക്ക് തള്ളപ്പെട്ടു.

പക്ഷെ ജയ് ശ്രീറാം വിളികള്‍ വലിയ കോലാഹലത്തോടെ തിരിച്ചു വന്നിരിക്കുകയാണ്. സംസ്ഥാന ഗവര്‍ണര്‍ യോഗിക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നതിനിടയില്‍ ക്ഷേത്ര വിഷയത്തിലേക്ക് കാര്യങ്ങള്‍ ചുരുക്കിക്കൊണ്ട് അത് സംസ്ഥാനമൊട്ടാകെ അലയടിച്ചു.

എല്ലാ ജനകീയ സംവാദങ്ങളിലും രാഷ്ട്രീയ യോഗങ്ങളിലും ആധിപത്യം ചെലുത്തിക്കൊണ്ട് 1990കളിലെ കല്യാണ്‍ സിംഗ് കാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തുന്ന വിധത്തില്‍ ക്ഷേത്ര ‘രോഗത്തെ’ ഒരു വികാരമായി നിലനിറുത്താനെങ്കിലും യോഗി ആദിത്യനാഥിന് സാധിക്കും. എന്നാല്‍, 1992ല്‍ പള്ളി പൊളിച്ചതിന് ശേഷം മിക്ക തിരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെടുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 2014ലെ പൊതുതിരഞ്ഞെടുപ്പിലും 2017ല്‍ സംസ്ഥാന തിരഞ്ഞെടുപ്പിലും വിജയച്ചതിന് ശേഷം പാര്‍ട്ടിക്ക് ഏറ്റവും നല്ലത് ഹിന്ദുത്വവാദത്തിന്റെയും വികസനത്തിന്റെയും ഒരു മിശ്രണമാണെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് വേണം വിചാരിക്കാന്‍.

1990കളില്‍ കല്യാണ്‍ സിംഗ് നേരിട്ടതിനേക്കാള്‍ വലിയ പ്രതിരോധങ്ങളാണ് മുന്നിലുള്ളതെന്നതിനാല്‍ വാചകകസര്‍ത്തുകള്‍ പ്രാവര്‍ത്തികമാക്കുക എന്നത് ഒരു ഭാഗീരഥ പ്രയത്‌നമായിരിക്കും എന്നതാണ് ഇപ്പോള്‍ ബിജെപി നേരിടുന്ന വെല്ലുവിളി. തല്‍സ്ഥിതി തുടരട്ടെ എന്ന കോടതി ഉത്തരവിനെ തരണം ചെയ്യാന്‍ ഒരു ചുവട് മുന്നോട്ടും രണ്ട് ചുവട് പിന്നോട്ടും എന്ന അടവ് മാത്രമേ പുതിയ മുഖ്യമന്ത്രിയുടെ മുന്നില്‍ സാധ്യതയായി തെളിയുന്നുള്ളു.

പക്ഷെ, 1990കളുടെ പകുതിയില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും സന്ദര്‍ശകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനും എന്ന വ്യാജേന കല്യാണ്‍ സിംഗ് സര്‍ക്കാര്‍ 2.77 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് രഹസ്യ അജണ്ട നടപ്പിലാക്കിയപ്പോള്‍ ആരും പള്ളി പൊളിക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. ഏറ്റെടുത്ത ഭൂമി ഒരു രൂപ പാട്ടത്തിന് രാമജന്മഭൂമി ന്യാസിന് കൈമാറി. അതിന് ശേഷം വിവാദ ഭൂമിയില്‍ സര്‍ക്കാരിന്റെ കോടാലി വീണത് അവിടുത്തെ ക്ഷേത്രങ്ങളുടെ മുകളിലായിരുന്നു. ഇങ്ങനെ വൃത്തിയാക്കപ്പെട്ട സ്ഥലം രാമജന്മഭൂമി മോചിപ്പിക്കാന്‍ വന്ന കര്‍സേവകര്‍ക്കുള്ള കേളീരംഗമായി മാറി. 1992ല്‍ ഒരു അടിത്തറ നിര്‍മ്മിച്ചുകൊണ്ടാണ് കര്‍സേവകര്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചത്. ആറ് മാസത്തിന് ശേഷം പള്ളിപൊളിക്കുകയും കല്യാണ്‍ സിംഗ് പിരിച്ചുവിടപ്പെടുകയും ചെയ്തു.

പള്ളി പൊളിച്ചതിന് ശേഷം, 1993ല്‍ വിവാദഭൂമിക്ക് ചുറ്റുമുള്ള 67 ഏക്കര്‍ സ്ഥലം നരസിംഹറാവു സര്‍ക്കാര്‍ ഏറ്റെടുത്തു. 1994ല്‍ ഈ നീക്കത്തെ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍, അയോദ്ധ്യയില്‍ സര്‍ക്കാര്‍ 67 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതിനെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിന്യായമാണ് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചില്‍ നിന്നും വന്നത്. സമാന്തരമായി, ബാബറി മസ്ജിദ് നിലനിന്നിരുന്നതും 1949 ഡിസംബറില്‍ രാമവിഗ്രഹം കൊണ്ടുവച്ചതുമായ ഭൂമിയുടെ ഉടമസ്ഥതയെ കുറിച്ചുള്ള വിധി പറയേണ്ട അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചിന്റെ മുന്നിലുണ്ടായിരുന്ന കേസുകള്‍ പുനഃപരിശോധിക്കാന്‍ ഉള്‍പ്പെടെ, അയോധ്യവിഷയവുമായി ബന്ധപ്പെട്ട നിലവിലുള്ള വ്യവഹാരങ്ങളും നിയമനടപടികളും മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിലെ ബന്ധപ്പെട്ട വകുപ്പുകള്‍ മരവിപ്പിക്കാനും പരമോന്നത കോടതി ഉത്തരവിട്ടു.

ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയിലെ ഒരു ഭാഗം തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് അന്ന് മുതല്‍ വിഎച്ച്പി ആവശ്യപ്പെടാന്‍ തുടങ്ങി. ഒരു ഭാഗം സര്‍ക്കാര്‍ അവര്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു. എന്നാല്‍ തര്‍ക്കത്തിന് ശാശ്വതപരിഹാരം ഉണ്ടാവുന്നതിന് മുമ്പ് സര്‍ക്കാര്‍ ആര്‍ക്കും ഭൂമി വിട്ടുനല്‍കരുതെന്ന് കോടതി ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിരുന്നതാണ്. തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് പ്രശ്‌നത്തിന് സമാനമായി ക്ഷേത്രം എന്ന ആവശ്യത്തെ പരിഗണിക്കണം എന്ന ചിലരുടെ ആവശ്യത്തിനുള്ള ന്യായീകരണമായി ആ ഭൂമി കൈമാറ്റം മാറി. സുപ്രീം കോടതി വിധിയെ തന്നെ എതിരിടേണ്ടി വരുമെന്നതിനാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന ആത്മവിശ്വാസത്തിലാണ് സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി കേസ് മുന്നോട്ട് കൊണ്ടുപോകുന്ന സഫരിയാബ് ജിലാനിക്കുള്ളത്. സുപ്രീം കോടതിയിലെ അഞ്ച് ന്യായാധിപന്മാര്‍ ഉള്‍പ്പെട്ട ഭരണഘടന ബഞ്ചിന്റെ തീരുമാനത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ടാല്‍ പിന്നീട് ഏഴംഗ ബഞ്ച് രൂപീകരിക്കേണ്ടി വരും.

പിന്നെയുള്ളത് ചര്‍ച്ചകളുടെ വഴിയാണ്. കോടതി തന്നെ തര്‍ക്കത്തിന് പരിഹാരം കാണണമെന്ന് തങ്ങള്‍ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ അത്തരം ഒരു സാധ്യത ഇല്ലെന്നാണ് ജിലാനി പറയുന്നത്. ഇപ്പോള്‍ പരമോന്നത കോടതിയുടെ ഒരു നിര്‍ദ്ദേശം വന്നിട്ടുണ്ടെങ്കിലും കോടതിക്ക് വെളിയിലുള്ള ഒരു ഒത്തുതീര്‍പ്പിനും മുസ്ലീം സമൂഹം വഴങ്ങും എന്ന് കരുതാന്‍ വഴിയില്ല.

എന്തെങ്കിലും നിയമഭേദഗതിയാണ് ബിജെപി ഉദ്ദേശിക്കുന്നതെങ്കില്‍ രാജ്യസഭയില്‍ അവരുടെ പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിക്കുന്നതുവരെയും അവരുടെ സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ രാഷ്ട്രപതിയായി ജയിച്ചുവരികയും വേണം. 2019 പൊതുതിരഞ്ഞെടുപ്പിന് അത്ര ദൂരമില്ലാത്ത 2018 വരെ കാത്തിരിക്കാതെ ഡല്‍ഹിയിലെ മോദിയ്ക്കും യുപിയിലെ യോഗിക്കും മറ്റു മാര്‍ഗ്ഗങ്ങളില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍